സ്വാര്‍ഥ യുവത്വത്തെ പൊളിച്ചടുക്കി വള്ളിക്കുടിലിലെ വെള്ളക്കാരന്‍
ഓരോ വ്യക്തിയുടെയും വിജയത്തിന്‌റെ താക്കോല്‍ അവന്‌റെ കൈകളില്‍ തന്നെയാണ്. സ്വന്തം കഴിവുകള്‍ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ തുടങ്ങുന്നിടത്താണ് ഒരു വ്യക്തിയുടെ വിജയത്തിലേക്കുള്ള പ്രയാണം ആരംഭിക്കുന്നത്. ഇത്തരമൊരു സന്ദേശം നല്‍കുന്ന വള്ളിക്കുടിലിലെ വെള്ളക്കാരന്‍ എന്ന കൊച്ചു ചിത്രത്തിന്‌റെ വിശേഷങ്ങളിലേക്ക്.
സ്വാര്‍ഥതയാണോ ഇന്നത്തെ യുവജനത്തെ മുന്നോട്ടു നയിക്കുന്നത്? പ്രളയത്തിന്‌റെ കെടുതിയില്‍പ്പെട്ട കേരളത്തെ രക്ഷിക്കാന്‍ കൈയ്യും മെയ്യും മറന്നു മുന്നിട്ടിറങ്ങിയ യുവത്വത്തെ നാം കണ്ടതാണ്. എന്നാല്‍ ഡഗ്ലസ് ആല്‍ഫ്രഡ് സംവിധാനം ചെയ്ത് ഇന്നു തിയറ്ററിലെത്തിയ വള്ളിക്കുടിലിലെ വെള്ളക്കാരന്‍ എന്ന ചിത്രം കാട്ടിത്തരുന്നത് സ്വാര്‍ഥരായ രണ്ടു യുവാക്കളെയാണ്.
സാം, ടോം എന്ന ഈ സഹോദരങ്ങള്‍ രണ്ടുപേരുടെയും ലക്ഷ്യം ഒന്നുമാത്രം. എങ്ങനെയെങ്കിലും യൂറോപ്പിലെത്തണം. യുവാക്കളെ ഏറെ ആകര്‍ഷിക്കുന്ന യൂറോപ്പ് സ്വപ്‌നം കണ്ട് ജീവിക്കുന്ന ഇരുവരും പരസ്പര മല്‍സരത്തിലാണ്.
കാരണം ഇവരില്‍ ഒരാളെ മാത്രമേ വിദേശത്തേക്കു പോകാന്‍ അച്ഛന്‍ ജോസഫ് അനുവദിക്കൂ. സാം, ടോം എന്നിവരായി യഥാക്രമം ഗണപതിയും ബാലു വര്‍ഗീസും വേഷമിടുമ്പോള്‍ ഇവരുടെ അച്ഛന്‍ ജോസഫായി ലാല്‍ വേഷമിടുന്നു.
ജോസഫ് കൃഷിയെ ഏറെ സ്‌നേഹിക്കുന്നയാളാണ്. കൃഷിയോടുള്ള സ്‌നേഹം കൊണ്ടുമാത്രമാണ് ജോസഫ് വിദേശത്തെ ജോലി ഉപേക്ഷിച്ചു നാട്ടില്‍ സ്ഥിരതാമസമാക്കിയതും.
എന്നാല്‍ ജോസഫിന്‌റെ മക്കള്‍ രണ്ടുപേര്‍ക്കും കൃഷി വലിയ സംഭവമൊന്നുമല്ല. നേരത്തെ സൂചിപ്പിച്ചതു പോലെ ഇവരുടെ സ്വപ്‌നം വിദേശമണ്ണാണ്. ഇതിനായി പരസ്പരം പാരവെച്ചു മല്‍സരിക്കുന്ന ഇവരുടെ ജീവിതത്തില്‍ അപ്രതീക്ഷിതമായുണ്ടാകുന്ന ചില സംഭവവികാസങ്ങള്‍ ഇരുവരുടെയും ഭാവി മാറ്റിമറിക്കുന്നു.
ഇരുവരും തങ്ങളെ തിരിച്ചറിഞ്ഞ്, തങ്ങളുടെ അഭിരുചിക്കൊത്ത ജീവിതം തിരഞ്ഞെടുക്കുമ്പോള്‍ വിജയം നേടുന്നതുമാണ് സിനിമയുടെ പ്രമേയം. പ്രകൃതിയെ നാം എന്തുകൊണ്ട് സ്‌നേഹിക്കണമെന്നും എങ്ങനെ കാത്തുപരിപാലിക്കണമെന്നുമുള്ള നല്ലൊരു സന്ദേശം നല്‍കാനും ചിത്രത്തിലൂടെ സംവിധായകന്‍ ശ്രമം നടത്തുന്നു.
ഗണപതി, ബാലു വര്‍ഗീസ്, ലാല്‍ എന്നിവര്‍ക്കു പുറമെ ലാലിന്‌റെ ഭാര്യയായി മുത്തുമണി ഒരു പ്രധാന വേഷത്തിലെത്തുന്നു. തനുജ കാര്‍ത്തിക്, അല്‍ഫോന്‍സ എന്നിവരാണ് നായികമാര്‍.
പവി കെ പവന്‍ ചായാഗ്രഹണവും, ദീപക് ദേവ് സംഗീതവും കൈകാര്യം ചെയ്യുന്നു. വരികള്‍ ഹരി നാരായണന്‍. നൈഫല്‍ അബ്ദുള്ളയാണ് എഡിറ്റിങ്.
രണ്‍ജി പണിക്കര്‍, അജു വര്‍ഗീസ്, രാഹുല്‍ മാധവ്, സാജു നവോദയ, വിഷ്ണു ഗോവിന്ദന്‍ എന്നിവരും ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നു. നവിസ് സേവ്യര്‍, സിജു മാത്യു, ഡോ. സഞ്ജിത വിഎസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം.
ഏറെ മേന്മകളൊന്നും അവകാശപ്പെടാനില്ലാത്ത ഈ കൊച്ചു ചിത്രം ചിരിക്കാനുള്ള വക ഉള്‍ക്കൊള്ളിച്ചാണ് എത്തുന്നത്. സ്വന്തം സ്വപ്‌നങ്ങള്‍ നേടാന്‍ ബന്ധങ്ങള്‍ പോലും വിസ്മരിക്കുന്ന ആധുനിക യുവത്വത്തിന്‌റെ നേര്‍ക്കു പിടിച്ച കണ്ണാടിയാണ് ഈ ചിത്രം. ചിരിയോടൊപ്പം ചിന്തയും പങ്കുവയ്ക്കുന്ന ഈ ചിത്രത്തിന് 2.7 ആണ് ഞാന്‍ നല്‍കുന്ന റേറ്റിങ്.