മിന്നാമിനുങ്ങ് പോലൊരു ചങ്ങാതി..!
കലാഭവൻ മണി.. ആ പേര് കേൾക്കുന്പോൾ... ആ ചിരി കാണുന്പോൾ മലയാളികളുടെ ഉള്ളിൽ തിളച്ചു പൊങ്ങുന്ന സന്തോഷം, അത് ഇപ്പോഴും മാറിയിട്ടില്ലായെന്ന് തീയറ്ററിലെ ടിക്കറ്റ് കൗണ്ടറിന് മുന്നിലെ നീണ്ട ജനാവലി സാക്ഷ്യം പറഞ്ഞു. ഉള്ളിലോ, ആർപ്പുവിളികളും കൈകൊട്ടുമായി ആരാധകരുടെ ആവേശം. ഇതിനിടയിൽ പെട്ടുപോയ സാധാരണ പ്രേക്ഷകന്റെ മനസ് പറഞ്ഞുകാണും മണി മരിച്ചിട്ടില്ലായെന്ന്.
മണിയുടെ ഓർമകളെ നെഞ്ചിലേറ്റിയവരുടെ ഇടയിലേക്കാണ് ചാലക്കുടിക്കാരൻ ചങ്ങാതിയെന്ന ചിത്രവുമായി വിനയൻ വന്നുകയറിയത്. പകർന്നാട്ടം അസാധ്യമെങ്കിലും മണിയായി യുവതാരം രാജാമണി ചിത്രത്തിൽ ജീവിക്കുകയായിരുന്നു. ഒരു ബയോപിക് എന്നതിലുപരി മണിയുടെ ജീവിതത്തിലെ സുപ്രധാന നിമിഷങ്ങളെ കോർത്തിണക്കിയാണ് സംവിധായകൻ ചാലക്കുടിക്കാരൻ ചങ്ങാതിയെ അണിയിച്ചൊരുക്കിയിരിക്കുന്നത്. അതിലുപരി വിനയൻ എന്ന സംവിധായകന് അറിയാവുന്ന മണിയേയും ചിത്രത്തിൽ കാണാനാവും.
മണിയുടെ തെങ്ങുകയറ്റവും ഓട്ടോ ഓടിക്കലും പിന്നെ കലാഭവനിലേക്കുള്ള വരവുമെല്ലാം തൊട്ടുതലോടിയാണ് ചാലക്കുടിക്കാരൻ ചങ്ങാതി തുടങ്ങുന്നത്. കുട്ടിക്കാലത്തെ മണിയേയും മണിയുടെ മനസും സംവിധായകൻ ചിത്രത്തിൽ പകർത്തിവച്ചിട്ടുണ്ട്. ധർമജനും വിഷ്ണു ഗോവിന്ദനുമാണ് മണിയുടെ സുഹൃത്തുക്കളായി വേഷമിട്ടിരിക്കുന്നത്.
ധർമജൻ കോമഡിയുടെ ട്രാക്കിലൂടെ തന്റെ കഥാപാത്രത്തെ മുന്നോട്ട് നയിക്കുന്പോൾ വിഷ്ണു ആദ്യം ചിരിപ്പിച്ചും പിന്നീട് ചിന്തിപ്പിച്ചുമാണ് ചിത്രത്തിൽ നിറഞ്ഞുനിൽക്കുന്നത്. സുഹൃത്തുക്കൾ എന്നും മണിയുടെ വീക്ക്നസാണെന്നുള്ള കാര്യം എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. അത് ചിത്രത്തിൽ നേരാംവണ്ണം സംവിധായകൻ ഒപ്പിയെടുത്തിട്ടുണ്ട്.
മണിയെ തളർത്താൻ നോക്കിയവരും വളർത്താൻ നോക്കിയവരുമെല്ലാം ചിത്രത്തിൽ കയറിയിറങ്ങി പോകുന്പോൾ കൊട്ടേണ്ട ഇടത്ത് കൃത്യമായി കൊട്ടി, കൊള്ളിക്കേണ്ടയിടത്ത് കൃത്യമായി കൊള്ളിച്ചുമാണ് സംവിധായകൻ കഥയെ മുന്നോട്ടു നയിക്കുന്നത്. പാട്ടില്ലാതെ മണിയില്ല... അതുകൊണ്ടു തന്നെ ചിത്രം ഒരു പാട്ടുത്സവം തന്നെയാണെന്ന് പറയേണ്ടി വരും.
വന്ന വഴി മറക്കാത്ത മണി ചാലക്കുടിക്കാർക്ക് എത്രത്തോളം പ്രിയപ്പെട്ടവനായിരുന്നുവെന്ന കാര്യം അതിശോയക്തിയില്ലാതെ ചിത്രത്തിൽ കാണാം. മണിയുടെ അച്ഛനായി ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത് സലിം കുമാറാണ്. കുടിയനായി, മകന്റെ ഉയർച്ചയിൽ സന്തോഷിക്കുന്ന അച്ഛനായി സലിം കുമാർ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.
രാജാമണി, രാജാമണിയായിത്തന്നെ ചിത്രത്തിലെത്തി മണിയുടെ ഭാവചലനങ്ങളെ ആവുംവിധമെല്ലാം പകർന്നാടാൻ ശ്രമിച്ചിട്ടുണ്ട്. പലയിടങ്ങളിലും ഇത് ശരിക്കും മണിയല്ലേയെന്ന് തോന്നിപ്പിക്കാനും രാജാമണിക്കായി എന്നതാണ് വാസ്തവം. സംവിധായകൻ വിനയന്റെ വേഷം ചിത്രത്തിൽ കൈകാര്യം ചെയ്തിരിക്കുന്നത് സുധീർ കരമനയാണ്. കൈയടക്കത്തോടെ ആ വേഷം പകർന്നാടാൻ സുധീറിന് കഴിഞ്ഞു. മണ്മറഞ്ഞ തിലകനെ തിലോത്തമനായി ബിഗ്സ്ക്രീനിൽ കൊണ്ടുവന്ന് സിനിമയിലെ ചില വന്പന്മാരെ കണക്കിന് പ്രഹരിക്കാനും സംവിധായകൻ ശ്രമിച്ചിട്ടുണ്ട്.
ഉയർച്ചതാഴ്ചകൾക്കിടയിലെ മണിയുടെ ജീവിതം പറയുന്നതിനിടയിൽ തന്നോടൊപ്പം അഭിനയിക്കാൻ വിസമ്മതിച്ച നടിയെ മണി എങ്ങനെയാണ് സഹായിച്ചതെന്നും കൂടി ചിത്രം കാട്ടിത്തരുന്നുണ്ട്. പണം കൈകാര്യം ചെയ്യുന്നതിൽ മണി അല്പം പിന്നോട്ടായിരുന്നുവെന്ന കാര്യം സൂചിപ്പിക്കുന്നതിനൊപ്പം സുഹൃത്തുക്കളെ കണ്ണടച്ച് വിശ്വസിക്കുന്ന കൂട്ടത്തിലായിരുന്നുവെന്നും കൂടി സംവിധായകൻ ചിത്രത്തിൽ കാട്ടിത്തരുന്നുണ്ട്.
ആദ്യ പകുതി ചിരിയും മേളവുമെല്ലാമായി കടന്നുപോകുന്പോൾ രണ്ടാം പകുതി സിനിമ അല്പം സീരിയസ് ആകുന്നുണ്ട്. ഒടുവിൽ മണിയെ മരണം തേടിയെത്തിയതു കൂടി കാണിക്കുന്പോൾ കണ്ടിരിക്കുന്ന ഏതൊരാളുടെയും ഉള്ളൊന്ന് പിടയും.
(മണിയുടെ മനസറിഞ്ഞ സംവിധായകന്റെ നന്മനിറഞ്ഞ സിനിമയാണിത്.)
വി.ശ്രീകാന്ത്