മണിരത്നം തിരുമ്പി വന്തിട്ടേന്ന് സൊല്ല്..!
ആയുധം താഴെവയ്ക്കാറായി എന്നു കരുതുന്നവരുടെ ഇടയിൽ പിടിച്ചു നിൽക്കാൻ മണിരത്നം പൊട്ടിച്ച ബോംബ് പ്രേക്ഷകരുടെ മനസിലേക്ക് ആഞ്ഞു പതിഞ്ഞിട്ടുണ്ട്. നായകനൊന്നും വേണ്ട, നടന്മാർ മാത്രം മതി തന്റെ സിനിമ മുന്നോട്ടു കൊണ്ടുപോകാനെന്ന് തെളിയിച്ചിരിക്കുകയാണ് ദക്ഷിണേന്ത്യയുടെ സൂപ്പർ സംവിധായകൻ.
വൻ താരനിരയുമായി എത്തിയ ചിത്രത്തിൽ പകയും വിദ്വേഷവും സ്വാർഥതയുമെല്ലാം നിറഞ്ഞു നിൽക്കുന്പോഴും തലപൊക്കി നിൽക്കുന്നത് ബുദ്ധിയാണ്. ബുദ്ധിയും ട്വിസ്റ്റുമെല്ലാം നേരാംവണ്ണം സംയോജിപ്പിക്കാൻ സംവിധായകന് കഴിഞ്ഞപ്പോൾ "ചെക്ക ചിവന്ത വാനം' പ്രതികാര കഥകളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് ഉയരുകയായിരുന്നു.
അരവിന്ദ് സ്വാമി, വിജയ് സേതുപതി, ചിന്പു, അരുണ് വിജയ് എന്നീ നടന്മാരെ മുൻനിർത്തി ഒരുക്കിയ കഥയിൽ ആരാണ് മികച്ച പ്രകടനം കാഴ്ചവച്ചത് എന്നു ചോദിച്ചാൽ കുഴങ്ങിപ്പോകും. എന്തെന്നാൽ എല്ലാവരും മത്സരിച്ച് അഭിനയിക്കുകയാണ്. പശ്ചാത്തലത്തിൽ മുഴങ്ങിക്കേൾക്കുന്ന സംഗീതവും സാഹചര്യങ്ങൾക്ക് അനുസരിച്ച് ഒഴുകിയെത്തുന്ന വരികളും കഥയുടെ നല്ലൊഴുക്കിനെ വേണ്ടുവോളം സഹായിച്ചു.
എ.ആർ. റഹ്മാന്റെ സംഗീതം കഥയ്ക്ക് ഗുണകരമായി പെയ്തിറങ്ങിയപ്പോൾ അത് ചിത്രത്തിലെ മറ്റൊരു കഥാപാത്രമായി മാത്രമേ പ്രേക്ഷകർക്ക് അനുഭവപ്പെട്ടുള്ളു. ഗാംഗ്സ്റ്റർ സിനിമകളുടെ കഥയെന്തായിരിക്കുമെന്ന് ഉൗഹിക്കാമല്ലോ. ആ ഉൗഹമൊന്നും തെറ്റിക്കാൻ മണിരത്നം ഇവിടെ തുനിഞ്ഞിട്ടില്ല. പതിവ് പോലെ പ്രതികാരത്തിന്റെ ട്രാക്കിലാണ് ചിത്രത്തിന്റെ പോക്ക്.
സേനാപതിയും (പ്രകാശ് രാജ്) മക്കളുമാണ് ചിത്രത്തെ മുന്നോട്ടു നയിക്കുന്നത്. സേനാപതിയെ കൊല്ലാൻ ആളയച്ചവരെ തേടിയുള്ള മക്കളുടെ ഓട്ടമാണ് ആദ്യപകുതിയിൽ ചിത്രീകരിച്ചിരിക്കുന്നത്. വരദൻ (അരവിന്ദ് സ്വാമി), ത്യാഗു (അരുണ് വിജയ്), എത്തി (ചിന്പു) ഇവർ മൂവരുമാണ് സേനാപതിയുടെ മക്കളായി ചിത്രത്തിലെത്തുന്നത്. ഇവർക്കൊപ്പം പോലീസ് ഓഫീസറായ റസൂലും (വിജയ് സേതുപതി) കൂടി ചേരുന്നതോടെ ഇടിയും വെടിയുമെല്ലാം കൃത്യമായ ഇടവേളകളിൽ കാണാൻ കഴിയും.
സേനാപതിയായി പ്രകാശ് രാജ് മിതത്വമാർന്ന പ്രകടനമാണ് പുറത്തെടുത്തിരിക്കുന്നത്. ഗാംഗ്സ്റ്റർ ചിത്രങ്ങളിൽ സ്ത്രീകൾക്ക് വലിയ പ്രാധാന്യം ഇല്ലെന്നൊന്നും കരുതണ്ട. ജ്യോതികയ്ക്കും അദിതി റാവുവിനും ജയസുധയ്ക്കും ഐശ്വര്യ രാജേഷിനും കഥയിൽ തുല്യപ്രാധാന്യം സംവിധായകൻ നൽകിയിട്ടുണ്ട്.
ആദ്യപകുതി തീരുന്പോൾ ഇതൊരു കുടുംബകഥയായി ഒതുങ്ങുമോ എന്നുള്ള സംശയം പ്രേക്ഷകന് തോന്നാം. എന്നാൽ രണ്ടാം പകുതിയിൽ സംഗതിയുടെ കിടപ്പ് ആകെ മാറുകയാണ്. സന്തോഷ് ശിവൻ മനസ് നിറയ്ക്കുന്ന ഫ്രെയിമുകൾ കൊണ്ട് സിനിമയെ സന്പന്നമാക്കിയിട്ടുണ്ട്. ആ ഫ്രെയിമുകളുടെ ഗുട്ടൻസ് കൃത്യമായി മനസിലാക്കണമെങ്കിൽ സിനിമയുടെ അവസാനം വരെ കണ്ണുംനട്ടിരിക്കണം.
കഥയുടെ ഗതിയെ മാറ്റിമറിക്കുന്ന ഒരു മരണം വന്നുകയറുന്നതോടെ ചിത്രത്തിന്റെ വേഗം ക്രമേണ കൂടിത്തുടങ്ങും. പിന്നെ തലങ്ങും വിലങ്ങും അടിയും ഇടിയും വെടിവയ്പ്പുമാണ്. ചിത്രത്തിൽ നെഗറ്റീവ് ടച്ചുള്ള കഥാപാത്രങ്ങളാണ് കൂടുതൽ. അതുകൊണ്ടുതന്നെ ആത്മാർഥതയെന്നു പറയുന്ന സംഗതിക്ക് സംവിധായകൻ സിനിമയിൽ സ്ഥാനം നൽകിയിട്ടില്ല.
തലവനാകാനുള്ള വ്യഗ്രത ഒരാളെ എവിടെ വരെ കൊണ്ടെത്തിക്കുമെന്ന് ചിത്രം കാട്ടിത്തരുന്നുണ്ട്. കുശാഗ്രബുദ്ധിയുള്ള കഥാപാത്രങ്ങളും ചിത്രത്തിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. ഗാംഗ്സ്റ്റർ സിനിമകളിലെ പതിവ് കാഴ്ചകൾക്ക് ഇടയിൽ ട്വിസ്റ്റുകൾ തുടക്കം മുതൽ ഒളിപ്പിച്ചുവയ്ക്കാൻ കഴിഞ്ഞിടത്താണ് സംവിധായകന്റെ വിജയം. ആ ട്വിസ്റ്റ് തന്നെയാണ് ചിത്രത്തിന്റെ നെടുംതൂണും.
മണിരത്നം സിനിമയിൽ അഭിനയിക്കാൻ അവസരം കിട്ടിയ ഓരോരുത്തരും അവരുടെ കഴിവിന്റെ പരമാവധി തങ്ങളുടെ കഥാപാത്രങ്ങളെ പകർന്നാടാൻ ശ്രമിച്ചിട്ടുണ്ട്. ആ പകർന്നാട്ടങ്ങൾ പ്രേക്ഷകർക്ക് തൃപ്തി നൽകി സ്ക്രീനിൽ നിന്ന് മറയുന്പോഴും അവസാനത്തെ ഫ്രെയിം ഒരിക്കലും മറക്കാൻ പറ്റില്ല. ചെക്ക ചിവന്ത വാനം ഏതുതരം പ്രേക്ഷകരേയും തൃപ്തിപ്പെടുത്തുന്നൊരു ചിത്രമാണ്. മണിരത്നത്തിന്റെ ഗംഭീര തിരിച്ചുവരവിനെ ഇരുകൈയും നീട്ടി സ്വീകരിക്കാം.
വി.ശ്രീകാന്ത്