കുട്ടനാടിന്‌റെ നന്മയുള്ള കുടുംബ ബ്ലോഗ്!
ഒരു മാസ് പടം പ്രതീക്ഷിച്ച് ആരും ടിക്കറ്റെടുക്കണ്ട. കുടുംബത്തോടെ കാണാന്‍ ധൈര്യമായി ടിക്കറ്റെടുക്കാം. കുടുംബ പ്രേക്ഷകര്‍ക്ക് ആസ്വദിച്ചു കാണാന്‍ സാധിക്കുന്ന ഒരു ചിത്രമാണ് ഒരു കുട്ടനാടന്‍ ബ്ലോഗ്.



ഒരു കുട്ടനാടന്‍ ബ്ലോഗ്, റിവ്യൂ

വിദേശമലയാളികള്‍ ഏറ്റവും കൂടുതല്‍ ആലോചിക്കുന്നത് അവരുടെ നാടിനെക്കുറിച്ചായിരിക്കും. ഏറ്റവുമധികം ചര്‍ച്ച ചെയ്യുന്നത് അവരുടെ നാട്ടുകാരെകുറിച്ചായിരിക്കും. ജന്മനാടിനോടുള്ള അകലമാണ് പ്രവാസിയുടെ ഏറ്റവും വലിയ വേദന. ഇത്തരമൊരു നൊസ്റ്റാള്‍ജിയയില്‍ നിന്നാണ് ഒരു കുട്ടനാടന്‍ ബ്ലോഗ് ആരംഭിക്കുന്നത്.

വിദേശമലയാളി വായിക്കുന്ന ഒരു ബ്ലോഗിലൂടെയാണ് കഥ ആരംഭിക്കുന്നതും പുരോഗമിക്കുന്നതും. ഇതിനപ്പുറം ചിത്രത്തിനു ബ്ലോഗുമായി കാര്യമായി ബന്ധമില്ല.

കൃഷ്ണപുരം എന്ന കുട്ടനാടന്‍ ഗ്രാമത്തിലെ യുവാക്കളുടെ റോള്‍ മോഡലാണ് ഹരിയേട്ടന്‍. യുവാക്കളുടെ ഏതാവശ്യത്തിനും മുന്നിട്ടിറങ്ങും ഹരിയേട്ടന്‍. കൂലിപ്പണി നടത്തി നട്ടംതിരിഞ്ഞ ഹരി നാടുവിട്ട് ദുബായിലെത്തി അവിടെ നിന്ന് ധാരാളം പണം സമ്പാദിച്ചാണ് തിരിച്ചെത്തുന്നത്. അതിനാല്‍തന്നെ നാട്ടില്‍ ശത്രുക്കളും കുറവല്ല.

കൃഷ്ണപുരം പഞ്ചായത്ത് പ്രസിഡന്‌റ് ആണ് പ്രധാന എതിരാളി. പക്ഷേ പ്രസിഡന്‌റിന്‌റെ വാലുകളായ കുറെ രാഷ്ട്രീയക്കാര്‍ പറയുന്ന ഏഷണിയാണ് പ്രസിഡന്‌റ് വേദവാക്യമായെടുക്കുന്നത്. ഇതുതന്നെ ഇവിടുത്തെയും പ്രശ്‌നം.

അസൂയ കൂട്ടാന്‍ മറ്റു പല കാരണങ്ങളുമുണ്ട്. അതിലൊന്നാണ് ഹരി സ്‌നേഹിക്കുന്ന ചില കുടുംബങ്ങളിലെ സ്ത്രീ കഥാപാത്രങ്ങള്‍. അങ്ങനെ പ്രശ്‌നങ്ങള്‍ക്കും പ്രണയത്തിനുമിടയില്‍ നട്ടംതിരിയുന്ന ഹരിയുടെ കഥ കുടുംബ പ്രേക്ഷകര്‍ക്ക് ആസ്വാദ്യകരം തന്നെ.


കുട്ടനാടിന്‌റെ ദൃശ്യഭംഗിയാണ് ചിത്രത്തിന്‌റെ മറ്റൊരു ഹൈലൈറ്റ്. കുട്ടനാടന്‍ പാടങ്ങളും വള്ളംകളിയും താറാവു വളര്‍ത്തലുമെല്ലാം ചാരുതയോടെ തന്‌റെ ക്യാമറയില്‍ പകര്‍ത്തിയ പ്രദീപ് നായര്‍ പ്രശംസയര്‍ഹിക്കുന്നു. ശ്രീനാഥ് ശിവശങ്കരത്തിന്‌റെ സംഗീതവും ബിജിബാലിന്‌റെ പശ്ചാത്തല സംഗീതവും ശ്രദ്ധയാകര്‍ഷിക്കുന്നുണ്ട്.

ഹരിയേട്ടനായി മമ്മൂട്ടി നിറഞ്ഞുനില്‍ക്കുമ്പോള്‍ പോലീസ് ഓഫീസറായി ഷംന കാസിം എത്തുന്നു. റായി ലക്ഷ്മി, അനു സിത്താര എന്നിവരാണ് മറ്റു പ്രധാന സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നെടുമുടി വേണു, ലാലു അലക്‌സ്, സണ്ണി വെയ്ന്‍, സംവിധായകന്‍ ജൂഡ് ആന്‌റണി, ആദില്‍ ഇബ്രാഹിം, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. 2007-ല്‍ പുറത്തിറങ്ങിയ ചോക്ലേറ്റിലൂടെ തിരക്കഥയെഴുതി തുടങ്ങിയ സച്ചു-സേതുവിലെ സേതു മല്ലൂ സിംഗ്, അച്ചായന്‍സ്, അനാര്‍ക്കലി, തുടങ്ങിയ ചിത്രങ്ങളിലൂടെ സ്വതന്ത്ര തിരക്കഥാകൃത്തായി പ്രവര്‍ത്തിച്ചതിനുശേഷമാണ് സംവിധാനത്തിലേക്കു കാലെടുത്തുവയ്ക്കുന്നത്. സംവിധായകനായുള്ള തന്‌റെ ആദ്യ സംവിധാനവും സേതു തെല്ലും മോശമാക്കിയിട്ടില്ല.

മെഗാസ്റ്റാര്‍ മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി തിരക്കഥാകൃത്ത് സേതു അണിയിച്ചൊരുക്കുന്ന ചിത്രമാണ് ഒരു കുട്ടനാടന്‍ ബ്ലോഗ്. സേതു തന്നെ തിരക്കഥയും കൈകാര്യം ചെയ്യുന്നു. അനന്ദ വിഷന്‍സ്-ന്‌റെ ബാനറില്‍ പി.കെ മുരളീധരനും ശാന്ത മുരളീധരനും ചേര്‍ന്നാണ് നിര്‍മാണം.

വാല്‍ക്കഷണം

റായി ലക്ഷ്മിയുടെ ചുറ്റിക്കളിയും പ്രണയവും ഒഴിവാക്കാമായിരുന്നു. ഒരു മാസ് പടം പ്രതീക്ഷിച്ച് ആരും ടിക്കറ്റെടുക്കണ്ട. കുടുംബത്തോടെ കാണാന്‍ ധൈര്യമായി ടിക്കറ്റെടുക്കാം. കുടുംബ പ്രേക്ഷകര്‍ക്ക് ആസ്വദിച്ചു കാണാന്‍ സാധിക്കുന്ന ഒരു ചിത്രമാണ് ഒരു കുട്ടനാടന്‍ ബ്ലോഗ്.

റേറ്റിങ്
ഹൃദയസ്പര്‍ശിയായ ഈ കുടുംബചിത്രത്തിനു ഞാന്‍ നല്‍കുന്ന റേറ്റിങ് 3.2 ആണ്.

മാക്‌സിന്‍ ഫ്രാന്‍സിസ്‌