ഡബ്ലിൻ: സീറോമലബാർ ചർച്ച് ബ്ലാഞ്ചട്സ്ടൗൺ നടത്തുന്ന ചാരിറ്റി ഫണ്ട് സമാഹരണത്തിന്റെ ഭാഗമായി ഡബ്ലിൻ തപസ്യയുടെ ഏറ്റവും പുതിയ നാടകം "ആർട്ടിസ്റ്റ്' നവംബർ 21ന് വൈകുന്നേരം ഏഴിന് ഡബ്ലിൻ സൈന്റോളജി കമ്യൂണിറ്റി സെന്ററിൽ അരങ്ങേറും.
മികച്ച അഭിനയമുഹൂർത്തങ്ങളും ഗാനരംഗങ്ങളും നൃത്തങ്ങളും കോർത്തിണക്കി പ്രേക്ഷകർക്ക് ഒരിക്കലും മറക്കാനാവാത്ത ദൃശ്യാനുഭവമാകും ആർട്ടിസ്റ്റ്. ഏറെ സാമൂഹിക പ്രാധാന്യമുള്ള വിഷയത്തെ ആസ്പദമാക്കി കുട്ടികൾക്കും യുവാക്കൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാനാകുന്ന ത്രില്ലർ ഗണത്തിൽപ്പെടുന്ന നാടകമാണ് ആർട്ടിസ്റ്റ്.
‘ഇസബെൽ’, ‘ലോസ്റ്റ് വില്ല’, ‘ഒരുദേശം നുണ പറയുന്നു’, ‘പ്രളയം’ തുടങ്ങി പ്രേക്ഷക പ്രശംസ നേടിയ നിരവധി നാടകങ്ങൾ ഒരുക്കിയ ഡബ്ലിൻ തപസ്യയുടെ ഈ കലാസൃഷ്ടിക്കായി അയർലൻഡിലെ നാടകാസ്വാദകർ വളരെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.
നാടകത്തിന്റെ ടിക്കറ്റ് പ്രകാശനം ഡബ്ലിൻ ആർച്ച്ബിഷപ് ഡെർമിറ്റ് പയസ് ഫാരൽ സെയിൽസ് കോഓർഡിനേറ്റർ ഷിജുമോൻ ചാക്കോയിൽ നിന്നും ടിക്കറ്റ് ഏറ്റുവാങ്ങി നിർവഹിച്ചു.

പ്രമുഖ അഭിനേതാക്കളായ തോമസ് അന്തോണി, പ്രിൻസ് ജോസഫ് അങ്കമാലി, സജി കൂവപ്പള്ളിൽ, സ്മിത അലക്സ്, രശ്മി രവീന്ദ്രനാഥ്, ജിസ്ന ബാസ്റ്റിൻ, വിനോദ് മാത്യു, ജോൺ മാത്യു, ജോസ് ജോൺ, റോളി ചാക്കോ, ബിന്നെറ്റ് ഷിൻസ്, മാർട്ടിൻ പുലിക്കുന്നേൽ, ലിൻസ് ഡെന്നി, ഐറിൻ ടോണി, ഇവാൻ ജിയോ, റിയാന ജിനേഷ് എന്നിവരാണ് പ്രധാന വേഷങ്ങളിൽ രംഗത്ത്.
സലിൻ ശ്രീനിവാസ് രചിച്ച ആർട്ടിസ്റ്റിന്റെ സംഗീതം സിംസൺ ജോൺ, ഗാനരചന ജെസി ജേക്കബ്, നൃത്തസംവിധാനം വിഷ്ണു ശങ്കർ എന്നിവരും ഈ നാടകത്തിന്റെ സംവിധാനം ബിനു ആന്റണിയും തോമസ് അന്തോണിയും ചേർന്നാണ് നിർവഹിച്ചിരിക്കുന്നത്.

ചാരിറ്റി ഫണ്ട് സമാഹരണത്തിന്റെ ഭാഗമായ ഈ പ്രദർശനം അയർലൻഡിലെ കലാസ്നേഹികളെ ഒരുമിപ്പിക്കുന്ന ഒരു സായാഹ്നമായി മാറും.
|