|
Europe |
|
|
|
|
ഉമ്മൻ ചാണ്ടി അനുസ്മരണവും രണ്ടാം ചരമവാർഷികവും വെള്ളിയാഴ്ച
വാട്ഫോർഡ്: കേരള മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രണ്ടാം ചരമവാർഷികവും അനുസ്മരണ സമ്മേളനവും വാട്ഫോർഡിൽ നടത്തപ്പെടുന്നു.
വാട്ഫോർഡിലെ കോൺഗ്രസ് അനുഭാവികളും ഉമ്മൻ ചാണ്ടിയുടെ സുഹൃത്തുക്കളും നേതൃത്വം നൽകുന്ന അനുസ്മരണ ചടങ്ങിൽ ഏവരെയും സ്വാഗതം ചെയ്യുന്നതായി മുഖ്യ സംഘാടകരായ സുജു കെ. ഡാനിയേൽ, സിബി തോമസ്, ലിബിൻ കൈതമറ്റം, സണ്ണിമോൻ മത്തായി എന്നിവർ അറിയിച്ചു.
ഉമ്മൻ ചാണ്ടിയുടെ ചരമദിനമായ ജൂലൈ18ന് വൈകുന്നേരം എട്ട് മുതൽ10 വരെ ഹോളിവെൽ ഹാളിൽ വച്ചാവും അനുസ്മരണ ചടങ്ങുകൾ ഒരുക്കുന്നത്.
ഐഒസി ദേശീയ നേതാക്കളായ സുജു കെ. ഡാനിയേൽ, സുരാജ് കൃഷ്ണൻ വാട്ഫോർഡിലെ പ്രമുഖ എഴുത്തുകാരും സംസ്കാരിക നേതാക്കളുമായ കെ.പി. മനോജ് കുമാർ (പെയ്തൊഴിയാത്ത മഴ), പ്രശസ്ത പ്രവാസി കവയത്രി റാണി സുനിൽ, സിബി ജോൺ, കൊച്ചുമോൻ പീറ്റർ, ജെബിറ്റി, ബിജു മാത്യു, ഫെമിൻ, ജയിസൺ എന്നിവർ ഉമ്മൻ ചാണ്ടി അനുസ്മരണ സന്ദേശങ്ങൾ നൽകുന്നതാണ്.
ഉമ്മൻ ചാണ്ടിയുടെ ചരമവാർഷിക ദിനത്തിൽ ഒരുക്കുന്ന പ്രാർഥനാ യജ്ഞത്തിന് ബിജുമോൻ മണലേൽ (വിമുക്ത ഭടൻ), ജോൺ തോമസ് എന്നിവർ നേതൃത്വം നൽകുന്നതും തുടർന്ന് ഉമ്മൻ ചാണ്ടിയുടെ പാവനസ്മാരണയ്ക്കു മുമ്പാകെ പുഷ്പാർച്ചന നടത്തുന്നതുമായിരിക്കും.
ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളന വേദിയായ ഹോളിവേൽ ഹാളിലേക്ക് ഏവരേയും സസ്നേഹം സ്വാഗതം ചെയ്യുന്നു.
വിലാസം: Holywell Community Centre, Tropits Lane, Watford, WD18 9QD.
|
ഐഒസി യുകെ അക്റിംഗ്ട്ടൺ യൂണിറ്റ് ഔദ്യോഗികമായി ചുമതലയേറ്റു
അക്റിംഗ്ട്ടൺ: ഐഒസി യുകെ കേരള ചാപ്റ്റർ അക്റിംഗ്ട്ടൺ യൂണിറ്റ് ഔദ്യോഗികമായി ചുമതലയേറ്റു. യുകെയിലെ ഒഐസിസി ഐഒസി സംഘടനകളുടെ ലയന ശേഷം ചുമതലയേൽക്കുന്ന മൂന്നാമത്തെ യൂണിറ്റാണ് ഐഒസി അക്റിംഗ്ട്ടൺ.
ചുമതല ഏൽപ്പിച്ചുകൊണ്ടുള്ള ഔദ്യോഗിക പത്രം യൂണിറ്റ് ഭാരവാഹികൾക്ക് കൈമാറി. ഔദ്യോഗിക ചടങ്ങുകൾ ഐഒസി യുകെ കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് ഉദ്ഘാടനം ചെയ്തു.
കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ് പങ്കെടുത്തു. അക്റിംഗ്ട്ടൺ യൂണിറ്റ് പ്രസിഡന്റ് അരുൺ ഫിലിപ്പോസ് അധ്യക്ഷത വഹിച്ചു. യൂണിറ്റ് വൈസ് പ്രസിഡന്റ് ജിജി ജോസ്, ജനറൽ സെക്രട്ടറി അമൽ മാത്യു, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ കീർത്തന, ആശ ബോണി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി
ഞായറാഴ്ച നടന്ന ഔദ്യോഗിക പ്രഖ്യാപനത്തോടെ ഒഐസിസിയുടെ ബാനറിൽ പ്രവർത്തിച്ചിരുന്ന അക്റിംഗ്ട്ടൺ യൂണിറ്റ് ഐഒസി യൂണിറ്റായി മാറ്റപ്പെട്ടു. കേരള ചാപ്റ്റർ മിഡ്ലാൻഡ്സ് ഏരിയ നേതൃത്വത്തിന്റെ പരിധിയിലായിരിക്കും അക്റിംഗ്ട്ടൺ യൂണിറ്റിന്റെ പ്രവർത്തനങ്ങൾ.
സ്കോട്ട്ലൻഡ്, പീറ്റർബൊറോ യൂണിറ്റുകളാണ് നേരത്തെ ഔദ്യോഗികമായി ചുമതലയേറ്റെടുത്ത മറ്റു യൂണിറ്റുകൾ.
|
മാർപാപ്പയ്ക്കു ദിവസേന ലഭിക്കുന്നത് 100 കിലോ കത്തുകൾ
വത്തിക്കാൻ സിറ്റി: സമൂഹമാധ്യമങ്ങളുടെ കാലമാണെങ്കിലും ലെയോ പതിനാലാമൻ മാർപാപ്പയ്ക്കു ദിവസേന തപാൽമുഖേന ലഭിക്കുന്നത് 100 കിലോ വരുന്ന കത്തുകൾ.
എല്ലാ രാജ്യങ്ങളിൽനിന്നും കത്തുകൾ ലഭിക്കാറുണ്ടെന്നും ഏതു രാജ്യത്തുനിന്നാണ് കൂടുതൽ കത്തുകൾ ലഭിക്കുന്നതെന്നു പരിശോധിച്ചിട്ടില്ലെന്നും ഇറ്റാലിയൻ തപാൽ സർവീസിന്റെ റോമിലെ ഫ്യുമിചീനോ സോർട്ടിംഗ് സെന്റർ മേധാവി അന്റോണെല്ലോ ചിദിചിമോ പറഞ്ഞു.
മാർപാപ്പയ്ക്കുള്ള കത്തുകളും പോസ്റ്റ്കാർഡുകളും ഫ്യുമിചീനോ സോർട്ടിംഗ് സെന്ററിൽ സുരക്ഷാപരിശോധനയ്ക്കു വിധേയമാക്കുകയും കംപ്യൂട്ടർ നിയന്ത്രിത റെക്കോർഡിംഗ്, വെയിംഗ് മെഷീൻ ഉപയോഗിച്ച് പ്രോസസ് ചെയ്യുകയും ചെയ്യുന്നു.
തുടർന്ന് വത്തിക്കാനിലെ വിതരണ കേന്ദ്രത്തിൽ എത്തിച്ചു കൈമാറും. മാർപാപ്പ പൊതുവേദിയിൽ പ്രത്യക്ഷപ്പെടുമ്പോൾ കുട്ടികൾ കത്തുകളും കുറിപ്പുകളും ചിത്രങ്ങളും അദ്ദേഹത്തിന് കൈമാറാറുണ്ട്.
മാർപാപ്പ റോമിലെ ജെമെല്ലി ആശുപത്രിയിൽ ചികിത്സയിലായിരിക്കെ രോഗവിവരങ്ങൾ തേടി കുട്ടികളുടേതടക്കം ലോകത്തിന്റെ നാനാഭാഗങ്ങളിൽനിന്നുമായി ദിവസേന നൂറുകണക്കിന് കത്തുകളാണ് ലഭിച്ചിരുന്നത്.
|
റോമിൽ യുവജന ജൂബിലി ആഘോഷം 28 മുതൽ
വത്തിക്കാൻ സിറ്റി: 2025 ജൂബിലി വർഷത്തിന്റെ ഭാഗമായുള്ള യുവജന ജൂബിലിയാഘോഷം ഈമാസം 28 മുതൽ ഓഗസ്റ്റ് മൂന്നുവരെ റോമിൽ നടക്കും. ‘പ്രത്യാശയുടെ തീർഥാടകർ’ എന്ന പ്രമേയത്തിൽ നടക്കുന്ന ജൂബിലിയാഘോഷം 18നും 35നും ഇടയിൽ പ്രായമുള്ള ലോകമെങ്ങുംനിന്നുള്ള യുവജനങ്ങളുടെ സംഗമവേദികൂടിയായിരിക്കും.
ഈമാസം 29ന് വൈകുന്നേരം വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ അർപ്പിക്കപ്പെടുന്ന വിശുദ്ധ കുർബാനയോടെയാണ് ഔദ്യോഗികമായി ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുക. ഓഗസ്റ്റ് ഒന്നിന് റോമിലെ ചിർക്കോ മാസിമോ സ്റ്റേഡിയത്തിൽ അനുരഞ്ജന കൂദാശയുടെ ആഘോഷവും നടക്കും.
രണ്ടിന് തെക്കുകിഴക്കൻ റോമിലെ തോർ വെർഗാത്ത യൂണിവേഴ്സിറ്റി കാന്പസിൽ നടക്കുന്ന ജാഗരണ പ്രാർഥനയോടെയും പിറ്റേദിവസം രാവിലെ നടക്കുന്ന വിശുദ്ധ കുർബാനയോടെയും ജൂബിലി ആഘോഷങ്ങൾ സമാപിക്കും. ജാഗരണ പ്രാർഥനയിലും വിശുദ്ധ കുർബാനയിലും ലെയോ പതിനാലാമൻ മാർപാപ്പ പങ്കെടുക്കും.
ജൂബിലിയോടനുബന്ധിച്ച് വിവിധ സാംസ്കാരിക പരിപാടികൾ, പ്രാർഥനാസമ്മേളനങ്ങൾ, കൂട്ടായ്മകൾ, വിശുദ്ധ വാതിൽ പ്രവേശനം, അനുരഞ്ജനകൂദാശ സ്വീകരണം, ജാഗരണ പ്രാർഥനകൾ, ആരാധനകൾ എന്നിവ ഉണ്ടായിരിക്കും.
യുവജന തീർഥാടകർക്കായുള്ള മാർഗനിർദേശങ്ങളടങ്ങിയ ലഘുലേഖ വത്തിക്കാന്റെ സുവിശേഷവത്കരണത്തിനായുള്ള കാര്യാലയം പ്രസിദ്ധീകരിച്ചു. മാർഗരേഖയുടെ ഓൺലൈൻ പതിപ്പും ലഭ്യമാണ്.
ഇതോടൊപ്പം ജൂബിലിയെക്കുറിച്ചുള്ള വിശദവിവരങ്ങൾ അറിയുവാൻ Iubilaeum25 എന്നപേരിൽ മൊബൈൽ ആപ്ലിക്കേഷനും കാര്യാലയം പുറത്തിറക്കിയിട്ടുണ്ട്.
യുവജനങ്ങൾക്ക് വാഴ്ത്തപ്പെട്ട ഫ്രസാത്തിയുടെ ഭൗതികദേഹം വണങ്ങാൻ അവസരം
യുവജന ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി വാഴ്ത്തപ്പെട്ട പിയർ ജോർജിയോ ഫ്രസാത്തിയുടെ അഴുകാത്ത ശരീരം സൂക്ഷിച്ചിരിക്കുന്ന പേടകം ഈമാസം 26 മുതൽ ഓഗസ്റ്റ് നാലുവരെ റോമിൽ പൊതുവണക്കത്തിന് പ്രതിഷ്ഠിക്കും.
ടൂറിനിലെ സെന്റ് ജോൺ ദ ബാപ്റ്റിസ്റ്റ് കത്തീഡ്രലിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതികദേഹം റോമിലെ സാന്താ മരിയ സോപ്ര മിനർവ ബസിലിക്കയിലാണു പൊതുവണക്കത്തിന് എത്തിക്കുക.
ഫ്രസാത്തിയെ ഓഗസ്റ്റ് മൂന്നിന് യുവജന ജൂബിലി ആഘോഷവേളയിൽ വിശുദ്ധനായി പ്രഖ്യാപിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും സെപ്റ്റംബർ ഏഴിന് വാഴ്ത്തപ്പെട്ട കാർലോ അക്കുത്തിസിനൊപ്പം വിശുദ്ധനായി പ്രഖ്യാപിക്കാൻ ലെയോ പതിനാലാമൻ മാർപാപ്പ തീരുമാനിക്കുകയായിരുന്നു.
2008ൽ ഓസ്ട്രേലിയയിലെ സിഡ്നിയിൽ നടന്ന ലോക യുവജന ദിനാഘോഷത്തിൽ കർദിനാൾ ജോർജ് പെല്ലിന്റെ അഭ്യർഥനപ്രകാരം വാഴ്ത്തപ്പെട്ട ഫ്രസാത്തിയുടെ തിരുശേഷിപ്പുകൾ എത്തിച്ചിരുന്നു. 1901ൽ ടൂറിനിലെ ഒരു പ്രമുഖ കുടുംബത്തിലാണ് ഫ്രസാത്തി ജനിച്ചത്.
ആഴത്തിലുള്ള ദൈവവിശ്വാസത്തിനൊപ്പം പാവങ്ങളെ സഹായിക്കാനുള്ള പ്രത്യേക താത്പര്യം കുട്ടിക്കാലംമുതൽ അദ്ദേഹത്തെ വ്യത്യസ്തനാക്കി. 1925 ജൂലൈ നാലിന് പോളിയോ ബാധിച്ചായിരുന്നു മരണം. മരണത്തിന്റെ നൂറാം വാർഷികാചരണം നടന്നുവരികയാണ്.
നാമകരണ നടപടികളുടെ ഭാഗമായി 1981ൽ ഭൗതികദേഹപേടകം തുറന്നപ്പോൾ അഴുകാത്ത നിലയിൽ കണ്ടെത്തുകയായിരുന്നു.
|
പറന്നുയർന്നതിന് പിന്നാലെ തീപിടിത്തം; ബ്രിട്ടനിൽ വിമാനം തകർന്നുവീണു
സൗത്ത്ഹെൻഡ്: ലണ്ടനിലെ സൗത്ത്ഹെൻഡ് വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന ചെറുയാത്രാ വിമാനം തകർന്നുവീണു. പ്രാദേശിക സമയം ഞായറാഴ്ച വൈകുന്നേരം നാലിനാണ് അപകടമുണ്ടായത്.
12 മീറ്റർ നീളമുള്ള ചെറുയാത്രാ വിമാനമാണ് തകർന്നത്. വിമാനത്തിൽ എത്രപേരുണ്ടായിരുന്നുവെന്ന് വ്യക്തമല്ല. ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ വിമാനത്തിന് തീപിടിക്കുകയായിരുന്നു.
നെതർലൻഡ്സിലെ ലെലിസ്റ്റഡിലേക്ക് പോയ ബീച്ച് ബി200 മോഡൽ വിമാനമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തെ തുടർന്ന് വിമാനത്താവളം ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ അടച്ചെന്ന് അധികൃതർ അറിയിച്ചു.
|
ലിവർപൂളിൽ സെന്റ് പയസ് ടെൻത് മിഷന്റെ നവീകരിച്ച വൈദിക ഭവനത്തിന്റെ വെഞ്ചരിപ്പ് കർമങ്ങൾ വർണാഭമായി
ലിവർപൂൾ: സെന്റ് പയസ് ടെൻത് ക്നാനായ കാത്തലിക് മിഷന് ലിവർപൂൾ രൂപത നൽകിയ ദേവാലയവും വൈദിക ഭവനവും ലഭിച്ചതിന്റെ സന്തോഷത്തിലാണ് യുകെയിലെ ക്നാനായ കത്തോലിക്കാ സമൂഹം.
നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ വൈദിക ഭവനത്തിന്റെ വെഞ്ചിരിപ്പ് കർമമാണ് ദുക്റാന തിരുനാളിനോട് അനുബന്ധിച്ച് ഈ മാസം മൂന്നിന് ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ നിർവഹിച്ചത്.
യുകെയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള നിരവധി വൈദീകർ വെഞ്ചരിപ്പ് ചടങ്ങുകൾക്ക് സഹകാർമികരായി.
ഈ മാസം മൂന്നിന് ഔവർ ലേഡി ഒഫ് വാൽസിംഗ്ഹാം ദേവാലയത്തിൽ വൈകുന്നേരം ആറിന് ആരംഭിച്ച വിശുദ്ധ കുർബാനയെ തുടർന്നാണ് നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ വൈദിക ഭവനത്തിന്റെ (st Pius X Presbutery, Litherland) വെഞ്ചരിപ്പ് കർമം നടന്നത്.
യുകെയിലെ ക്നാനായ സമൂഹത്തിന്റെ പതിനഞ്ചു മിഷനുകൾക്കും സ്വന്തമായ ദേവാലയമെന്നതാണ് തന്റെ ആഗ്രഹമെന്നും അതിനു വേണ്ടിയുള പരിശ്രമങ്ങൾക്ക് തന്റെ പൂർണമായ പിന്തുണയും പ്രാർഥനയും ഉണ്ടാവുമെന്നും മാർ ജോസഫ് സ്രാമ്പിക്കൽ തന്റെ സന്ദേശത്തിൽ എടുത്തു പറഞ്ഞു.
ക്നാനായ മിഷൻ കോഓർഡിനേറ്റർ ഫാ. സുനി പടിഞ്ഞാറേക്കര സ്വാഗതവും കൈക്കാരന്മാരുടെ പ്രതിനിധി ജോയി പാവക്കുളം നന്ദിയും പറഞ്ഞു. നാനൂറിലേറെ പേർക്ക് ഒരേ സമയം തിരുകർമങ്ങളിൽ പങ്കെടുക്കാൻ കഴിയുന്ന ദേവാലയവും.
മൂന്നൂറിലേറെ പേരെ ഉൾക്കൊള്ളാൻ കഴിയുന്ന വലിയ ഹാളും വൈദിക ഭവനവും ഉൾപ്പെടുന്ന പ്രോപ്പെർട്ടിയാണ് ക്നാനായ സമൂഹത്തിനായി ലഭ്യമായിരിക്കുന്നത്. അറ്റകുറ്റപണികൾ പൂർത്തിയാക്കി സെപ്റ്റംബർ 20ന് ദേവാലയത്തിന്റെ വെഞ്ചരിപ്പു കർമങ്ങൾ വിപുലമായി നടത്തുന്നതിനുള്ള ശ്രമങ്ങൾ നടന്നു വരുന്നു.
ഗ്രേറ്റ് ബ്രിട്ടണ് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ അനുഗ്രഹാശിർവാദങ്ങളോടെ ലിവര്‍പ്പുള്‍ ആര്‍ച്ച്ബിഷപ് മാല്‍ക്കം മാക്മഹോനുമായി യുകെ ക്നാനായ കാത്തലിക് മിഷന്‍സ് കോഓര്‍ഡിനേറ്റര്‍ ഫാ. സുനി പടിഞ്ഞാറേക്കരയുടെ നേതൃത്വത്തില്‍ ഡീക്കന്‍ അനില്‍ ഒഴുകയിൽ,
കൈക്കാരന്മാരായ ഫിലിപ്പ് കുഴിപ്പറമ്പിൽ, ജോയി പാവക്കുളത്ത് എന്നിവര്‍ നാളുകളായി നടത്തിയ ചര്‍ച്ചകളുടെയും ആശയവിനിമയങ്ങളുടേയും ശ്രമഫലമായിട്ടാണ് മനോഹരമായ ദൈവാലയവും സൗകര്യപ്രദമായ ഹാളും വൈദിക മന്ദിരവും ലഭിച്ചിരിക്കുന്നത്.
വൈദിക ഭവന വെഞ്ചിരിപ്പിനു ശേഷം സ്നേഹവിരുന്നും ഉണ്ടായിരുന്നു. യുകെയുടെ വിവിധ ഭാഗങ്ങളിൽനിന്നുമായി നൂറുകണക്കിന് ക്നായായക്കാരാണ് വെഞ്ചരിപ്പ് കർമത്തിന് സാക്ഷികളാകാനെത്തിച്ചേർന്നത്.
|
ജര്‍മനിയില്‍ മുങ്ങി മരിച്ച മലയാളി വിദ്യാര്‍ഥിയുടെ സംസ്കാരം ശനിയാഴ്ച
ബര്‍ലിന്‍: ജര്‍മനിയില്‍ മുങ്ങി മരിച്ച മലയാളി വിദ്യാര്‍ഥി ആഷിന് ജിന്‍സണിന്റെ സംസ്കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് എറണാകുളം സെന്റ് മേരീസ് ബസലിക്ക കത്തീഡ്രലില്‍(സെമിത്തേരിമുക്ക്) നടക്കും.
ആഷിന്റെ മൃതദേഹം ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിൽ നിന്നും വ്യാഴാഴ്ച രാത്രി 9.15ന് എയര്‍ ഇന്ത്യ വിമാനത്തില്‍ ന്യൂഡല്ഹിവഴി വെള്ളിയാഴ്ച രാത്രി 7.30ന് കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിക്കും.
തുടര്‍ന്ന് മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി വടുതലയിലെ വീട്ടിലെത്തിക്കും. ശനിയാഴ്ച രാവിലെ ഏഴ് മുതല്‍ 10 വരെ സ്വവസതിയില്‍ പൊതുദര്‍ശനത്തിന് അവസരം ഉണ്ടായിരിക്കും.
അങ്കമാലി മഞ്ഞപ്ര കണ്ടമംഗലത്താന്‍ കെ. ടി. ജിന്‍സണിന്റെയും ക്രമീന ബ്രിജിത്തിന്റെയും മകനാണ് 21 വയസുകാരനായ ആഷിന്.
ബര്‍ലിനിലെ ഇന്റര്‍നാഷല്‍ യൂണിവേഴ്സിറ്റി ഓഫ് അപ്ലെെയിഡ് സയന്‍സില്‍ സൈബര്‍ സെക്യൂരിറ്റിയില്‍ മാസ്റ്റര്ബിരുദ വിദ്യാര്‍ഥിയായിരുന്ന ആഷിന് മാര്‍ച്ചിലാണ് പഠന വീസയില്‍ ജര്‍മനിയില്‍ എത്തിയത്.
കഴിഞ്ഞമാസം 23ന് വൈകുന്നേരം മലയാളി വിദ്യാര്‍ഥികള്‍ക്കൊപ്പം ബര്‍ലിനിലെ വൈസന്സീയില് നീന്തലിനിടെ കുഴഞ്ഞുപോയ ആഷിന് അപകടത്തിപ്പെടുകയായിരുന്നു.
ഉടന്‍തന്നെ കൂടെയുണ്ടായിരുന്ന കൂട്ടുകാർ ചേര്‍ന്ന് ജീവനോടെ കരയിലെത്തിച്ച് എയര്‍ ആംബുലന്‍സില്‍ ബര്‍ലിനിലെ ചാരിറ്റ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചെങ്കിലും 24ന് ഉച്ചയോടെ മരിക്കുകയായിരുന്നു. പോലീസ് അന്വേഷണത്തിനും പോസ്റ്റ്മോര്‍ട്ടത്തിനും ശേഷമാണ് ആഷിന്റെ മൃതദേഹം വിട്ടുനല്‍കിയത്.
ബര്‍ലിനിലെ ഇന്ത്യന്‍ എംബസിയും കേന്ദ്രന്യൂനപക്ഷകാര്യ സഹമന്ത്രി ജോര്‍ജ് കുര്യന്, കേരള വ്യവസായമന്ത്രി പി.രാജീവ്, നോര്‍ക്ക റൂട്ട്സ്, ലോകകേരള സഭാംഗം ജോസ് കുമ്പിളുവേലില്‍ തുടങ്ങിയവര്‍ സജീവമായി സംഭവത്തില്‍ ഇടപെട്ടാണ് ആഷിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ നടത്തിയത്.
|
ചെസ്റ്റർഫീൽഡ് സീറോമലബാർ മാസ് സെന്ററിൽ ദുക്റാന തിരുനാൾ അഘോഷിച്ചു
ലണ്ടൻ: ചെസ്റ്റർഫീൽഡ് സീറോമലബാർ മാസ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഞായറാഴ്ച വൈകുന്നേരം മൂന്നിന് മിഷൻ ഡയറക്ടർ റവ.ഫാ. ജോം മാത്യു കൊടിയുയർത്തി തിരുനാളിനു തുടക്കം കുറിച്ചു.
തുടർന്ന് റവ.ഫാ. ജിനോ അരിക്കാട്ടിന്റെ മുഖ്യകാർമികത്തിൽ തിരുനാൾ കുർബാനയും വചന സന്ദേശം നൽകുയുമുണ്ടായി. തിരുനാൾ കുർബാനക്കു ശേഷം നടന്ന പ്രദക്ഷിണം, കഴുന്ന് നേർച്ച, സ്നേഹവിരുന്ന് എന്നിവയിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു.
മിഷൻ ഡയറക്ടർ ഫാ. ജോ മാത്യുവിന്റെ നേതൃത്വത്തിൽ കൈക്കാരൻമാരായ പോൾസൺ, എഡ്വിവിൻ, ജിമി, വേദപാഠ അധ്യാപകർ, ഗായക സംഘം, പാരിഷ് കൌൺസിൽ അംഗങ്ങൾ തുടങ്ങിയവരുടെ കൂട്ടായ പരിശ്രമത്തൽ തിരുനാൾ ഭംഗിയായി നടത്താൻ സാധിച്ചതായി ഭാരവാഹികൾ അറിയിച്ചു.
|
ഫാ. ജോർജ് പനക്കൽ നയിക്കുന്ന ഏകദിന കൺവൻഷൻ ഞായറാഴ്ച റാംസ്ഗേറ്റിൽ
റാംസ്ഗേറ്റ്: വിൻസൻഷ്യൽ ധ്യാന കേന്ദ്രങ്ങളുടെ ഡയറക്ടറും തിരുവചന പ്രഘോഷകനുമായ ഫാ. ജോർജ് പനക്കൽ വിസി നയിക്കുന്ന ഏകദിന കൺവൻഷൻ ഞായറാഴ്ച കെന്റിലെ റാംസ്ഗേറ്റ് ഡിവൈൻ ധ്യാനകേന്ദ്രത്തിൽ നടക്കും.
രാവിലെ ഒമ്പത് മുതൽ വൈകുന്നരം നാലു വരെയാണ് മലയാളത്തിലുള്ള ഏകദിന കൺവെൻഷൻ. വിൻസൻഷ്യൻ ഡിവൈൻ റിട്രീറ്റ് സെന്ററുകളുടെ ഡയറക്ടർമാരും തിരുവചന പ്രഘോഷകരുമായ ഫാ. അഗസ്റ്റിൻ വല്ലൂരാൻ, ഫാ. ആന്റണി പറങ്കിമാലിൽ, ഫാ. പള്ളിച്ചംകുടിയിൽ പോൾ, റാംസ്ഗേറ്റ് ഡിവൈൻ റിട്രീറ്റ് സെന്റർ ഡയറക്ടർ ഫാ. ജോസഫ് അടാട്ട് എന്നിവർ ഏകദിന കൺവൻഷനിലും രോഗശാന്തിനവീകരണ ശുശ്രുഷകളിലും പങ്കെടുക്കും.
"ഞാൻ നിങ്ങളെ അനാഥരായി വിടുകയില്ല. ഞാൻ നിങ്ങളുടെ അടുത്തേക്ക് വരും' (യോഹന്നാൻ 14:18) എന്ന തിരുവചനം ആസ്പദമാക്കിയാണ് കൺവൻഷൻ നയിക്കപ്പെടുക. ഏകദിന കൺവെൻഷനിൽ പ്രവേശനം സൗജന്യമാണ്.
പങ്കെടുക്കുന്നവർക്ക് ഉച്ചഭക്ഷണം ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക്: +44 7474787870. ഇമെയിൽ [email protected].
|
കൊളോണില്‍ മാതാവിന്റെയും തോമാശ്ലീഹായുടെയും തിരുനാള്‍ ആഘോഷിച്ചു
കൊളോണ്‍: കൊളോണിലെ സീറോമലബാര്‍ കമ്യൂണിറ്റിയുടെ മധ്യസ്ഥയായ പരിശുദ്ധ ദൈവമാതാവിന്റെ തിരുനാളും വി. തോമാശ്ലീഹായുടെ തിരുനാളും ഭക്തിനിര്‍ഭരമായി ആഘോഷിച്ചു.
കഴിഞ്ഞമാസം 28ന് വൈകുന്നേരം നാലിന് നടന്ന കൊടിയേറ്റത്തോടെയാണ് തിരുനാളിന് തുടക്കം കുറിച്ചത്. കൊടിയേറ്റ് കര്‍മങ്ങള്‍ക്ക് ഇന്ത്യന്‍ കമ്യൂണിറ്റി ചാപ്ലെയിന്‍ ഫാ. ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ കാര്‍മികത്വം വഹിച്ചു.
ലദീഞ്ഞ്, നൊവേന തുടങ്ങിയ ശുശ്രൂഷകളെ തുടര്‍ന്നു നടപ്പുവര്‍ഷത്തെ പ്രസുദേന്തി പിന്റോ, ലീബ ചിറയത്ത് കൊടിയും വഹിച്ച് മുത്തുക്കുടയേന്തിയ മുന്‍ പ്രസുദേന്തിമാരുടെ അകമ്പടിയില്‍ ആഘോഷമായ പ്രദക്ഷിണത്തോടുകൂടി എത്തിയാണ് ഇഗ്നേഷ്യസ് അച്ചന് കൊടിയേറ്റിയത്.
29ന് ഞായറാഴ്ചയാണ് തിരുനാളിന്റെ മുഖ്യപരിപാടികള്‍ നടന്നത്. രാവിലെ 9.40 ന് ദേവാലയാങ്കണത്തിലെത്തിയ സീറോ ലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍, യൂറോപ്പിലെ അപ്പസ്തോലിക് വിസിറ്റേറ്റര്‍ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത്, യൂറോപ്പിലെ സീറോമലബാര്‍ കാത്തലിക് ഫെയ്ത്ത് യൂത്ത് അപ്പസ്തോലേറ്റ് ഡയറക്ടറും വികാരി ജനറാളുമായ റവ.ഡോ. ബിനോജ് മുളവരിക്കൽ, കൊളോണ്‍ അതിരൂപതയിലെ യൂണിവേഴ്സല്‍ ചര്‍ച്ചിന്റെ രൂപത കാര്യാലയ മേധാവി നാദിം അമ്മാൻ എന്നിവരെ വിശ്വാസി സമൂഹം സ്വീകരിച്ചു.
തൊലപ്പൊലിയുടെയും ചെണ്ടമേളത്തിന്റെയും പേപ്പല്‍ കുടകളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ ദേവാലയത്തിലേയ്ക്ക് ആനയിച്ചു. തുടര്‍ന്നു നടന്ന പ്രസുദേന്തി വാഴ്ചയില്‍ ഈ വര്‍ഷത്തെ പ്രസുദേന്തിയ്ക്കൊപ്പം അടുത്ത വര്‍ഷത്തെ(2026) പ്രസുദേന്തിയായ സാബു ചിറ്റിലപ്പിള്ളിയെ പുഷ്പമുടിയണിയിച്ച് കത്തിച്ച മെഴുകുതിരിയും നല്കി ആശീര്‍വദിച്ചു.
ആഘോഷമായ സമൂഹബലിയില്‍ മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. മാര്‍ സ്ററീഫന്‍ ചിറപ്പണത്തിനൊപ്പം നിരവധി വൈദികര്‍ സഹകാര്‍മികരായി. സീറോമലങ്കര റീത്തില്‍ നിന്നും റവ.ഡോ.ജോസഫ് ചേലമ്പറമ്പത്ത്(ബോണ്‍) സഹകാര്‍മികനായി. വി.കുര്‍ബാനമധ്യേ മാര്‍ തട്ടില്‍ വചന സന്ദേശം നല്കി. യൂത്ത് കൊയറിന്റെ ഗാനാലാപനം ദിവ്യബലിയെ ഭക്തിനിര്‍ഭരമാക്കി.
വിശുദ്ധ കുര്‍ബാനയെ തുടര്‍ന്ന് പ്രദക്ഷിണവും ഉച്ചഭക്ഷണവും ഉച്ചകഴിഞ്ഞ് രണ്ടിന് സാംസ്കാരിക പരിപാടികള്‍ മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം ചെയ്തു. കൊളോണ്‍ അതിരൂപത സഹായമെത്രാന്‍ ഡൊമിനിക്കൂസ് ഷ്വാഡര്‍ലാപ്പ് പങ്കെടുത്തു സംസാരിച്ചു.
കൊളോണ്‍ അതിരൂപതയിലെ അന്താരാഷ്ട്ര അജപാലന ശുശ്രൂഷവിഭാഗം ഡയറക്ടര്‍ ഇംഗബെര്ട്ട് മ്യൂഹെ പരിപാടിയില്‍ സംബന്ധിച്ചു സംസാരിച്ചു. നാലിന് ലോട്ടറിയുടെ നറുക്കെടുപ്പും നടന്നു. 10 സമ്മാനങ്ങള്‍ ഉള്‍പ്പെടുത്തിയ ലോട്ടറിയില്‍ ഒന്നാം സമ്മാനമായി ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചും യാത്രചെയ്യാവുന്ന ഇക്കണോമി ക്ലാസ് എയര്‍ ടിക്കറ്റ് നല്കി.
ജര്‍മനിയില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന വുപ്പര്ട്ടാലിലെ ലോട്ടസ് ട്രാവല്‍സ് (സണ്ണി തോമസ് കോട്ടക്കമണ്ണില്‍) ആണ് ടിക്കറ്റ് സ്പോണ്സര് ചെയ്തത്. കൊളോണ്‍ മ്യൂള്‍ഹൈമിലെ ലീബ് ഫ്രൗവന്‍ ദേവാലയത്തിലാണ് ആഘോഷ പരിപാടികള്‍ നടന്നത്.
43ാം തിരുനാള്‍ ആഘോഷിക്കുന്നത്. കൊളോണ്‍ കര്‍ദിനാള്‍ റൈനര്‍ മരിയ വോള്‍ക്കിയുടെ കീഴില്‍ ഇന്ത്യന്‍ കമൂണിറ്റി സ്ഥാപിതമായിട്ട് 55 വര്‍ഷമായി.
|
ജർമൻ പള്ളികളിൽ മതതീവ്രവാദികളുടെ അതിക്രമം
മ്യൂണിക്: ജർമനിയിൽ ദേവാലയ ശുശ്രൂഷിക്ക് കഴിഞ്ഞ ദിവസം മതതീവ്രവാദിയുടെ ആക്രമണത്തിൽ പരിക്കേറ്റു. മയിൻസ് രൂപതയിൽപ്പെട്ട റോസ്ഗാവ് പള്ളിയിലെ ശുശ്രൂഷിക്കുനേരേയാണ് ആക്രമണമുണ്ടായത് പള്ളിമുറ്റത്തുനിന്ന് അത്യുച്ചത്തിലുള്ള പാട്ടു കേട്ട് പുറത്തിറങ്ങിയ ശുശ്രൂഷിയെ സിറിയക്കാരനായ 33 വയസുള്ള അക്രമി മുഷ്ടി ചുരുട്ടി ഇടിക്കുകയായിരുന്നു.
തുടർന്നു ഭിത്തിയിൽ സ്ഥാപിച്ചിരുന്ന കുരിശുരൂപം ഇളക്കിയെടുത്ത് അത് ഒടിയുന്നതുവരെ ശുശ്രൂഷിയെ മർദിച്ചു. മതമുദ്രാവാക്യങ്ങൾ വിളിച്ചതിനൊപ്പം, “ഇയാളെ കൊല്ലാൻ എന്നെ സഹായിക്കൂ” എന്നും അക്രമി വിളിച്ചുകൂവി. ഓടിക്കൂടിയ ആളുകൾ അക്രമിയെ പോലീസിൽ ഏൽപ്പിച്ചു.
ഇതേദിവസംതന്നെ ബവേറിയ സംസ്ഥാനത്തെ ഗർമിഷ്പാർട്ടെൻകീർഹെനിലെ സെന്റ് മാർട്ടിൻ ഇടവകപ്പള്ളി തീവച്ചു നശിപ്പിക്കാനും ശ്രമമുണ്ടായി. അൾത്താരവിരിക്കു തീകൊളുത്തിയ അക്രമിയെ പള്ളിയിൽ പ്രാർഥിക്കാനെത്തിയ ഒരു അച്ഛനും മകനുമാണ് പിടിച്ചുനിർത്തിയത്.
പാഞ്ഞെത്തിയ അഗ്നിരക്ഷാസേനയും പോലീസും തീ പടരുന്നത് തടയുകയും അക്രമിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. 28കാരനായ അക്രമി രണ്ടു വനിതാപോലീസുകാരുൾപ്പെടെ മൂന്നുപേരെ മർദിച്ച് അവശരാക്കി. ഇവർ ചികിത്സയിലാണ്.
1730ൽ പണിതീർത്ത സെന്റ് മാർട്ടിൻ പള്ളിയിൽ വിഖ്യാതമായ ചുമർചിത്രങ്ങളും ശില്പങ്ങളുമുണ്ട്. പള്ളിയുടെ മച്ചിലെ ചിത്രങ്ങളും പള്ളിയിലെ പിയാനോയും അതിപ്രശസ്തമാണ്. അനേകം ടൂറിസ്റ്റുകൾ എത്തുന്ന ഈ പള്ളി തെക്കൻ ജർമനിയിലെ പ്രധാന ആകർഷണകേന്ദ്രമാണ്.
ബാഡൻവ്യുർട്ടംബർഗ് സംസ്ഥാനത്തെ ലാംഗെനാവ് പള്ളിയിൽ ആരാധനയ്ക്കെത്തുന്ന വിശ്വാസികൾ അനേകം മാസങ്ങളായി ചീത്തവിളികൾക്കും ശാരീരികാക്രമണങ്ങൾക്കും വിധേയമായിക്കൊണ്ടിരിക്കുകയാണ്.
സെന്റ് മാർട്ടിൻ പ്രൊട്ടസ്റ്റന്റ് പള്ളിയുടെ ഭിത്തികൾ മുഴുവൻ യഹൂദവിരുദ്ധ ഗ്രഫീത്തികൾകൊണ്ടു വികൃതമാക്കിയിരിക്കുന്നു. ഒക്ടോബർ ഏഴിലെ ഹമാസ് ഭീകരാക്രമണത്തെ പള്ളിപ്രസംഗത്തിൽ വികാരി റാൽഫ് സെഡ് ലാക്ക് അപലപിച്ചതാണു കാരണം.
പള്ളിയിൽ വന്ന ഒരു 84കാരനെ ഒരു അക്രമി തള്ളിയിട്ടു ചവിട്ടി പരിക്കേൽപ്പിക്കുകയുണ്ടായി. മറ്റനേകം പേർക്കും പരിക്കേറ്റു. മൂന്ന് അക്രമികളെ പോലീസ് അറസ്റ്റ് ചെയ്തു. അസഭ്യവർഷം കാരണം പള്ളിയിൽ വരുന്നവരുടെ എണ്ണം കുറഞ്ഞതായി വികാരി പറഞ്ഞു.
ഹമാസ് നടത്തിയ കൂട്ടക്കൊലയും മാനഭംഗങ്ങളും തട്ടിക്കൊണ്ടുപോകലുംപോലും ശരിവയ്ക്കുന്നവർ ജർമൻ ജനാധിപത്യമൂല്യങ്ങളുടെ ശത്രുക്കളാണെന്ന് ബിഷപ് ഏണസ്റ്റ് വില്യം ഗോൾ പ്രതികരിച്ചു.
|
ജന്മനാടിന്റെ ഓർമകൾ പുതുക്കി യുകെയിൽ ചങ്ങനാശേരി സംഗമം നടത്തി
കെറ്ററിംഗ്: ജന്മനാടിന്റെ സ്മരണകൾ പുതുക്കി യുകെയിലേക്ക് കുടിയേറിയ ചങ്ങനാശേരി നിവാസികളുടെ സംഗമം ബ്രിട്ടനിലെ കെറ്ററിംഗിൽ നടന്നു. ചങ്ങനാശേരി എംഎൽഎ അഡ്വ. ജോബ് മൈക്കിൾ സംഗമം ഉദ്ഘാടനം ചെയ്തു.
ജോലിക്കായും പഠനത്തിനായും ബ്രിട്ടനിലേക്ക് കുടിയേറിയ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ നൂറു കണക്കിന് ചങ്ങാശേരിക്കാർ പങ്കെടുത്ത സംഗമം ഗൃഹാതുരത്വ സ്മരണകൾ ഉണർത്തുന്നതായി.
ബാല്യ കൗമാര കാലഘട്ടങ്ങളിലും സ്കൂൾ കോളജ് കാലത്തും സമകാലീരായിരുന്ന സുഹൃത്തുക്കളെ വർഷങ്ങൾക്ക് ശേഷം കുടുംബ സമേതം ഒരുമിച്ചു കാണുവാനും സൗഹൃദം പങ്കുവയ്ക്കുന്നതിനും വേദിയായ സംഗമത്തിൽ വിവിധ കലാപരിപാടികളും അരങ്ങേറി.
ചങ്ങനാശേരിയുടെ വികസനത്തനും പുരോഗതിക്കും പ്രവാസികൾ നൽകുന്ന നിസ്തുലമായ പങ്കിന് പ്രത്യേകം നന്ദി അർപ്പിച്ചു സംസാരിച്ച ഉദ്ഘാടകനായ എംഎൽഎ, നാടും വീടും വിട്ടിട്ട് വർഷങ്ങളായിട്ടും ഇപ്പോഴും ചങ്ങനാശേരിയെക്കുറിച്ചുള്ള ഓർമകളും വികസനസ്വപ്നങ്ങളും പങ്കുവയ്ക്കുന്നതിനും പുതിയ നിർദേശങ്ങൾക്കും പ്രത്യേകം നന്ദി പറഞ്ഞു.
യുകെ ചങ്ങനാശേരി സംഗമം കോഓർഡിനേറ്റർ ജോമോൻ മാമ്മൂട്ടിൽ, മനോജ് തോമസ് ചക്കുവ, സെബിൻ ചെറിയാൻ എന്നിവരുടെ നേതൃത്വത്തിൽ നടന്ന സമ്മേളനത്തിൽ കൗൺസിലർ ബൈജു തിട്ടാല, അഡ്വ ഫ്രാൻസിസ് മാത്യു, ലോകകേരള സഭാംഗം ഷൈമോൻ തോട്ടുങ്കൽ, സുജു കെ. ഡാനിയേൽ, സോബിൻ ജോൺ, തോമസ് മാറാട്ടുകളം, സാജു നെടുമണ്ണി, ജിജോ ആന്റണി മാമ്മൂട്ടിൽ എന്നിവർ പ്രസംഗിച്ചു.
ബെഡ്ഫോർഡിൽ നിന്നുള്ള ആന്റോ ബാബു, പീറ്റർ ബറോയിൽ നിന്നുള്ള ഫെബി ഫിലിപ്പ്, കിംഗ്സ്ലിനിൽ നിന്നുള്ള പോൺസി ബിനിൽ, നോട്ടിംഗ്ഹാമിൽ നിന്നുള്ള ബഥനി സാവിയോ എന്നിവർ സംഗമത്തിൽ ആങ്കർമാരായി.
ജോമേഷ് തോമസ്, ജോബിൾ ജോസ് എന്നിവർ സാങ്കേതിക സഹായം നൽകി. വിവിധ പ്രദേശങ്ങളിൽ നിന്നെത്തിയ ചങ്ങനാശേരിക്കാരായ പ്രാവാസികൾ ഒറ്റയ്ക്കും കുടുംബ സമേതവും അവതരിപ്പിച്ച കലാപരിപാടികൾ സംഗമത്തിന് കൂടുതൽ മിഴിവേകി.
ജോബ് മൈക്കിളിന്റെ സാനിധ്യവും യുകെയുടെ വിവിധ പ്രദേശങ്ങളിൽ നിന്നെത്തിയ നാട്ടുകാരായ നൂറ് കണക്കിന് ചങ്ങനാശേരിക്കാരുടെ പ്രാധിനിധ്യവും കൊണ്ട് സമ്പന്നമായ ചങ്ങനാശേരി സംഗമം കൂടുതൽ ഊർജസ്വലതയോടെ നടത്താനുള്ള തയാറെടുപ്പിലാണ് സംഘാടകർ.
|
കേരള സമാജം ഫ്രാങ്ക്ഫര്‍ട്ട് 55ാം വാർഷികം ആഘോഷിച്ചു
ഫ്രാങ്ക്ഫര്‍ട്ട്: കേരള സമാജം ഫ്രാങ്ക്ഫര്‍ട്ട് 55ാം വാർഷികം ആഘോഷിച്ചു. സാൽബാവു ബോൺഹൈമിൽ നടന്ന പരിപാടിയിൽ ഒട്ടറെ ആളുകൾ പങ്കെടുത്തു. സമാജം സെക്രട്ടറി ഹരീഷ് പിള്ളയും വിദ്യാർഥികളായ രേഷ്മ ജോസഫ്, എൽദോസ് പോൾ ഡിപിൻ എന്നിവരും അവതാരകയായിരുന്നു.
ഇന്ത്യൻ കോൺസുൽ ജനറലിനെ പ്രതിനിധീകരിച്ച് മുഖ്യാതിഥിയായി കോൺസുൽ സത്യനാരായണൻ പാറക്കാട്ട് പങ്കെടുത്തു. കോൺസുൽ സത്യനാരായണൻ പാറക്കാട്ട്, കേരള സമാജം പ്രസിഡന്റ് ഡിപിൻ പോൾ, സെക്രട്ടറി ഹരീഷ് പിള്ള എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തിയാണ് ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചത്.
കേരള സമാജത്തിന്റെ എല്ലാ അംഗങ്ങളെയും മുൻകാല പ്രവർത്തകരെയും അഭ്യുദയകാംക്ഷികളെയും സ്പോൺസർമാരെയും പ്രസിഡന്റ് ഡിപിൻ പോൾ പ്രത്യേകം അഭിനന്ദിക്കുകയും സ്വാഗതം ആശംസിക്കുകയും ചെയ്തു.
1970 മുതൽ 2024 വരെ ഫ്രാങ്ക്ഫർട്ട് കേരള സമാജത്തെ നയിച്ച മുൻകാല പ്രസിഡന്റുമാരെ മലയാളം സ്കൂളിലെ കുട്ടികൾ ചേർന്ന് വേദിയിലേക്ക് ആനയിച്ചത് ശ്രദ്ധേയമായി. മുൻകാല പ്രസിഡന്റുമാർക്ക് മുഖ്യാതിഥി സത്യനാരായണൻ പാറക്കാട്ട് വേദിയിൽ സമാജത്തിന്റെ ആദരവ് അറിയിച്ചുകൊണ്ട് പ്രശംസാ ഫലകം നൽകി.
മുൻ പ്രസിഡന്റുമാരെ പ്രതിനിധീകരിച്ച് മനോഹരൻ ചങ്ങനാത്ത് സംസാരിച്ചു. ഫ്രാങ്ക്ഫർട്ടിലെ മലയാളികളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സ്പോർട്സ് സംഘടനയായ ഐഎസ്എഫ്വിയുടെ പ്രസിഡന്റ് അരുണ്‍കുമാര്‍ നായര്‍ ആശംസകള്‍ നേര്‍ന്നു പ്രസംഗിച്ചു.
തുടർന്ന് 13 വർഷത്തോളം ഫ്രാങ്ക്ഫർട്ട് കേരള സമാജം മലയാളം സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ശേഷം വിരമിക്കുന്ന അധ്യാപിക അബില മാങ്കുളത്തിന് വിദ്യാർഥികളും പൂർവ വിദ്യാർഥികളും ചേർന്ന് യാത്രയയപ്പ് നൽകി.
സ്കൂളിലെ മികച്ച പ്രവർത്തനത്തിന് അംഗീകാരമായി വിരമിക്കുന്ന അധ്യാപികയ്ക്ക് പ്രസിഡന്റും മലയാളം സ്കൂൾ ട്രഷററുമായ ഡിപിൻ പോൾ, സെക്രട്ടറിയും സ്കൂൾ രക്ഷാകർതൃ പ്രതിനിധിയുമായ ഹരീഷ് പിള്ള എന്നിവർ ചേർന്ന് ഫലകവും പ്രശംസാ പത്രവും നൽകി.
മലയാളം സ്കൂളിന്റെ കൂടുതൽ ചുമതലകൾ ഏറ്റെടുത്ത അധ്യാപകൻ ബിന്നി തോമസ് ചടങ്ങിൽ പങ്കെടുത്തു. ഔദ്യോഗിക ചടങ്ങുകൾക്ക് ശേഷം കേരളത്തിന്റെ തനത് നൃത്ത ശിൽപ്പവും ശാസ്ത്രീയ നൃത്തങ്ങളും അരങ്ങേറി.
തുടർന്ന് റൈൻ ബാൻഡിന്റെ ഗാനമേള വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ സദസിന് ആവേശം പകർന്നു. ദേശീയഗാനാലാപനത്തോടെ രാത്രി പത്തരയ്ക്ക് ആഘോഷങ്ങൾക്ക് തിരശീല വീണു.
പരിപാടികളുടെ വിജയത്തിനായി ഡിപിൻ പോൾ (പ്രസിഡന്റ്), ഹരീഷ് പിള്ള (സെക്രട്ടറി), രതീഷ് മേടമേൽ (ട്രഷറർ), കമ്മിറ്റിയംഗങ്ങളായ റെജീന ജയറാം, ബിന്നി തോമസ്, അജു സാം, ഷൈജു വർഗീസ് എന്നിവർ നേതൃത്വം നൽകി.
|
വാത്സിംഗ്ഹാം മരിയൻ തീർഥാടനവും തിരുനാളും 19ന്
വാത്സിംഗ്ഹാം: വാത്സിംഗ്ഹാം മരിയൻ പുണ്യകേന്ദ്രത്തിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ ഒൻപതാമത് മരിയൻ തീർഥാടനവും തിരുനാളും ഈ മാസം 19ന് നടക്കും. ഗ്രേറ്റ് ബ്രിട്ടൻ രൂപത അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ നേതൃത്വവും മുഖ്യ കാർമികത്വവും വഹിക്കും.
തീർഥാടന തിരുനാളിൽ യൂത്ത് ആൻഡ് മൈഗ്രന്റ് കമ്മിഷൻ ഡയറക്ടറും ലണ്ടൻ റീജണൽ ഇവാഞ്ചലൈസേഷൻ ഡയറക്ടറും ധ്യാനഗുരുവുമായ ഫാ. ജോസഫ് മുക്കാട്ട് മരിയൻ പ്രഭാഷണം നടത്തും.
സീറോമലബാർ രൂപത നേതൃത്വം നൽകുന്ന തീർഥാടനത്തിൽ ആതിഥേയത്വം വഹിക്കുന്നത് ഫാ. ജിനു മുണ്ടനാടക്കലിന്റെ അജപാലന നേതൃത്വത്തിൽ സീറോമലബാർ കേംബ്രിഡ്ജ് റീജണിലെ വിശ്വാസ സമൂഹമാണ്.
തീർഥാടനത്തിൽ പ്രസുദേന്തിമാരാകുവാൻ ആഗ്രഹിക്കുന്നവർക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. രാവിലെ വിവിധ മരിയൻ ശുശ്രുഷകൾ, പ്രസുദേന്തി വാഴ്ച, തുടർന്ന് മാതൃഭക്തി നിറവിൽ തീർഥാടന മരിയൻ പ്രഘോഷണ പ്രദക്ഷിണം എന്നിവ നടക്കും.
ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതാംഗങ്ങൾ ഏവരെയും ക്ഷണിക്കുന്നതായി അറിയിച്ചു.
രജിസ്ട്രേഷൻ ലിങ്ക്: https://forms.office.com/e/5CmTvcW6p7
വിലാസം: Catholic National Shrine of Our Lady Walshingham, Houghton St.Giles Norfolk,NR22 6AL.
|
ഗ്രേറ്റ് ബ്രിട്ടൻ രൂപത ബൈബിൾ അപ്പോസ്തലേറ്റ് കോഓർഡിനേറ്റർ ആന്റണി മാത്യു ലണ്ടനിൽ അന്തരിച്ചു
ലണ്ടൻ: യുകെ മലയാളികൾക്ക് ഏറെ സുപരിചിതനും യുകെയിലെ മത സാംസ്കാരിക രംഗങ്ങളിൽ നിറസാന്നിധ്യവുമായ ആന്റണി മാത്യു(61) ലണ്ടനിൽ അന്തരിച്ചു.
ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ ബൈബിൾ അപ്പോസ്തലേറ്റിന്റെയും ബൈബിൾ കലോത്സവത്തിന്റെയും കോഓർഡിനേറ്ററായി ദീർഘകാലമായി പ്രവർത്തിച്ചു വരികയായിരുന്നു.
എടത്വ പരേതരായ വെട്ടുതോട്ടുങ്കൽ ഈരേത്ര ചെറിയാൻ മാത്യുവിന്റെയും ഏലിയാമ്മ മാത്യുവിന്റെയും മകനാണ്.
സീറോമലബാർ സഭയുടെ വിവിധ സംഘടനകളിലും മത, സാമൂഹിക, കലാ, കായിക രംഗങ്ങളിലും സജീവമായി പ്രവർത്തിച്ചു വന്നിരുന്ന ആന്റണി മാത്യു, നാട്ടിൽ എടത്വ സെന്റ് ജോർജ് ഫൊറോന പള്ളി ഇടവകാംഗമായിരുന്നു.
സംസ്കാരം പിന്നീട് നടക്കും. നിലവിൽ അദ്ദേഹം സീറോമലബാർ സഭയുടെ ബൈബിൾ അപ്പോസ്തലേറ്റ് കോഓർഡിനേറ്ററും പാസ്റ്റർ കൗൺസിൽ മെമ്പറും ലണ്ടനിലെ സെന്റ് മോണിക്ക മിഷൻ കുടുംബാംഗവും ഗായകസംഘം കോഓർഡിനേറ്ററുമായി പ്രവർത്തിച്ച് വരികയായിരുന്നു.
വേൾഡ് മലയാളി ഫെഡറേഷൻ യുകെയുടെ ട്രഷററായും പ്രവർത്തിച്ചു വരികയായിരുന്നു. 2005 മുതൽ ലണ്ടനിലെ സീറോമലബാർ സഭയുടെ കോഓർഡിനേഷൻ കമ്മിറ്റി അംഗമായും സെക്രട്ടറിയായും പ്രവർത്തിച്ചു.
ഭാര്യ ഡെൻസി ആന്റണി വേഴപ്ര സ്രാമ്പിക്കൽ കുടുംബാംഗമാണ്. മക്കൾ ഡെറിക് ആന്റണി, ആൽവിൻ ആന്റണി. സഹോദരങ്ങൾ: റീസമ്മ ചെറിയാൻ, മറിയമ്മ ആന്റണി, പരേതരായ ജോർജ് മാത്യു, ജോസ് മാത്യു.
യുകെയിലെ ഏവർക്കും സുപരിചിതനായ അദ്ദേഹത്തിന്റെ ആകസ്മികമായ വേർപാടിന്റെ ഞെട്ടലിലാണ് അദ്ദേഹത്തിന്റെ ബന്ധുക്കളും സുഹൃത്തുക്കളും.
|
ചാലക്കുടി ചങ്ങാത്തം ഒരുക്കിയ "ആരവം 2025' സമാപിച്ചു
ലണ്ടന്‍: ചാലക്കുടി മേഖലയില്‍ നിന്നും യുകെയുടെ നാനാഭാഗങ്ങളില്‍ താമസിക്കുന്നവര്‍ സ്റ്റോക്ക് ഓണ്‍ ട്രെൻഡിലെ ചെസ്റ്റര്‍ട്ടൺ കമ്യൂണിറ്റി സെന്ററില്‍ ഒത്തുകൂടി.
ചാലക്കുടി ചങ്ങാത്തം പ്രസിഡന്റ് സോജന് കുര്യാക്കോസ്, സെക്രട്ടറി ആദര്‍ശ് ചന്ദ്രശേഖര്‍, ട്രഷറര്‍ ജോയ് ആന്റണി, കണ്‍വീനര്‍മാരായ ജേക്കബ് മാത്യു, ബാബു തോട്ടാപ്പിള്ളി തുടങ്ങിയ കമ്മിറ്റി അംഗങ്ങള്‍ ഭദ്രദീപം തെളിച്ചാണ് പരിപാടി ആരംഭിച്ചത്.
"വാദ്യ ലിവര്‍പൂള്‍' അവതരിപ്പിച്ച ചെണ്ടമേളയും ഡിജെ ആബ്സിന്റെ വര്ണപ്രഭയും മ്യൂസിക്കല്‍ നൈറ്റും ഉണ്ടായിരുന്നു. ചാലക്കുടി ചങ്ങാത്തം കുടുംബം അവതരിപ്പിച്ച കലാപരിപാടികള്‍ എവര്‍ക്കും ആസ്വാദ്യകരമായി.
ചാലക്കുടി ചങ്ങാത്തം സ്ഥാപക പ്രസിഡന്റ് സൈബിന് പാലാട്ടി ആശംസകള്‍ അര്‍പ്പിച്ചു. സ്റ്റോക് ഓണ്‍ ട്രൻഡിലെ "ലൈക്ക എവെന്റ്സ് ആന്‍ഡ് കാറ്ററേര്‍സ്' ഒരുക്കിയ വിഭവസമൃദ്ധമായ നാടന്‍ സദ്യ ഏവര്‍ക്കും ഗൃഹാതുരത്വം ഉണര്‍ത്തി.
അടുത്ത വര്‍ഷത്തെ പ്രസിഡന്റായി ദാസന് നെറ്റിക്കാടനെയും സെക്രട്ടറിയായി സുബിന് സന്തോഷിനെയും ട്രഷററായി ടാന്‍സി പാലാട്ടിയും പ്രോഗ്രാം കോകോഓര്ഡിനേറ്ററായി കീര്‍ത്തന ജിതിന് എന്നിവരും തെരഞ്ഞെടുത്തു.
|
ചങ്ങനാശേരി സ്വദേശി മാൾട്ടയിൽ കുഴഞ്ഞുവീണു മരിച്ചു
വാലറ്റ: ചങ്ങനാശേരി സ്വദേശി മാൾട്ടയിൽ മരിച്ചു. പായിപ്പാട് പള്ളിക്കച്ചിറ പുത്തൻവീട്ടിൽ എച്ച്. അരുൺകുമാറാണ് മരിച്ചത്.
മാൾട്ടയിൽ വിദ്യാർഥിയായിരുന്നു. കുഴഞ്ഞുവീണു മരിച്ചെന്നാണ് ബന്ധുക്കൾക്കു ലഭിച്ച വിവരം.
ഹരികുമാർ ഓമന ദമ്പതികളുടെ മകനാണ്. ഭാര്യ: ഹയ സനിൽ. മകൾ: ആത്മിക.
|
മെഡിക്കൽ കോളേജ് അപകടം: ഐഒസി യുകെ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു
പീറ്റർബൊറോ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി കെട്ടിടം തകർന്നുവീണ് ഒരാൾ മരിച്ചതിൽ അനാസ്ഥ ആരോപിച്ച് ഐഒസി യുകെ കേരള ചാപ്റ്റർ പീറ്റർബൊറോ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.
ദുരന്തത്തിൽ മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ കുടുംബസഹായാർഥം സ്വരൂപിക്കുന്ന സഹായനിധിയുടെ ഉദ്ഘാടനവും പരിപാടിയുടെ ഭാഗമായി നടന്നു. ബിന്ദുവിന് അനുശോചനം അറിയിച്ചുകൊണ്ട് ആരംഭിച്ച പരിപാടി കോട്ടയം ഡിസിസി അധ്യക്ഷൻ നാട്ടകം സുരേഷ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു.
ഐഒസി യുകെ കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ്, ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ്, പീറ്റർബൊറോ യൂണിറ്റ് പ്രസിഡന്റ് റോയ് ജോസഫ്, പരിപാടിയുടെ കോഓർഡിനേറ്ററും യൂണിറ്റ് ജനറൽ സെക്രട്ടറിയുമായ സൈമൺ ചെറിയാൻ, യൂണിറ്റ് ട്രഷറർ ജെനു എബ്രഹാം തുടങ്ങിയവർ സംസാരിച്ചു.
വൈസ് പ്രസിഡന്റ് ബേബിക്കുട്ടി ജോർജ്, സ്കോട്ട്ലൻഡ് യൂണിറ്റ് പ്രസിഡന്റ് മിഥുൻ തുടങ്ങിയവർ ഓൺലൈനായി സംസാരിച്ചു. പ്രതിഷേധ സൂചകമായി ദീപങ്ങൾ തെളിച്ച് സംസ്ഥാന സർക്കാരിനെതിരേയും ആരോഗ്യമന്ത്രി വീണാ ജോർജിനെതിരേയും മുദ്രാവാക്യങ്ങൾ മുഴക്കിയാണ് വനിതാ പ്രവർത്തകർ അടങ്ങുന്ന സംഘം പ്രതിഷേധ ജ്വാല സംഘടിപ്പിച്ചത്.
പരിപാടിയോടാനുബന്ധിച്ച് ഐഒസി യുകെ കേരള ചാപ്റ്റർ പീറ്റർബൊറോ യൂണിറ്റിന്റെ ഭാരവാഹികൾ ഔദ്യോഗികമായി ചുമതലയേറ്റു. നേരത്തെ ഒഐസിസിയുടെ ബാനറിൽ പ്രവർത്തിച്ചിരുന്ന പീറ്റർബൊറോ യൂണിറ്റ് കഴിഞ്ഞദിവസം നടന്ന ഔദ്യോഗിക പ്രഖ്യാപനത്തോടെ ഐഒസി യൂണിറ്റായി മാറ്റപ്പെട്ടു. യൂണിറ്റ് പ്രസിഡന്റ് റോയ് ജോസഫ് അധ്യക്ഷത വഹിച്ചു.
ചുമതല ഏൽപ്പിച്ചുകൊണ്ടുള്ള ഔദ്യോഗിക പത്രം കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് ഭാരവാഹികൾക്ക് കൈമാറി. കേരള ചാപ്റ്റർ മിഡ്ലാൻഡ്സ് ഏരിയ നേതൃത്വത്തിന്റെ പരിധിയിലായിരിക്കും പീറ്റർബൊറോ യൂണിറ്റിന്റെ പ്രവർത്തനങ്ങൾ.
യൂണിറ്റ് ജനറൽ സെക്രട്ടറി സൈമൺ ചെറിയൻ, വൈസ് പ്രസിഡന്റ് ജിജി ഡെന്നി, ട്രഷറർ ജെനു എബ്രഹാം, ജോയിന്റ് സെക്രട്ടറി സിബി അറക്കൽ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അനുജ് മാത്യു തോമസ്, സണ്ണി എബ്രഹാം, ജോബി മാത്യു, അംഗങ്ങളായ ഡെന്നി ജേക്കബ്, ആഷ്ലി സൂസൻ ഫിലിപ്പ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
|
ഫ്രഞ്ച് എയർ ട്രാഫിക് കൺട്രോളർമാരുടെ പണിമുടക്ക്: യൂറോപ്പിലെ വ്യോമഗതാഗതം താറുമാറായി
പാരീസ്: മികച്ച തൊഴിൽ സാഹചര്യങ്ങൾ ആവശ്യപ്പെട്ട് എയർ ട്രാഫിക് കൺട്രോളർമാർ പ്രഖ്യാപിച്ച രണ്ടു ദിവസത്തെ പണിമുടക്കിൽ വലഞ്ഞ് യാത്രക്കാർ. സമരത്തിന്റെ രണ്ടാം ദിനത്തിൽ യൂറോപ്പിലുടനീളം നൂറുകണക്കിന് വിമാനങ്ങൾ റദ്ദാക്കി.
വേനൽ അവധിക്കാലം ആരംഭിക്കുന്നതിനാൽ ഫ്രാൻസിലേക്കും പുറത്തേക്കുമുള്ള വിമാനങ്ങൾ മാത്രമല്ല, രാജ്യത്തിന് മുകളിലൂടെ പറക്കുന്ന നൂറുകണക്കിന് വിമാനങ്ങൾ റദ്ദാക്കാൻ ഫ്രഞ്ച് വ്യോമയാന അധികാരികൾ വിമാനക്കമ്പനികളോട് നിർദ്ദേശിച്ചു.
വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി യൂറോപ്പിൽ ഏകദേശം 1,500 വിമാനങ്ങൾ റദ്ദാക്കുകയും ഇത് 3,00,000 ത്തോളം യാത്രക്കാരെ ബാധിക്കുകയും ചെയ്തതായി യൂറോപ്യൻ എയർലൈൻസ് ഫോർ യൂറോപ്പ് അസോസിയേഷൻ അറിയിച്ചു.
യാത്രക്കാരുടെ എണ്ണത്തിൽ യൂറോപ്പിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ റയാനെയർ 400ലധികം വിമാനങ്ങൾ റദ്ദാക്കിയതായി അറിയിച്ചു. ഏറ്റവും കൂടുതൽ യാത്രാതടസം നേരിട്ടത് പാരീസ് വിമാനത്താവളത്തിലെ വിമാനങ്ങളായിരുന്നു.
വേനൽ അവധിക്കാലത്തിന് തൊട്ടുമുമ്പുള്ള ഫ്രാൻസിലെ സ്കൂളുകളുടെ അവസാന ദിവസമായ വെള്ളിയാഴ്ചയിലെ പണിമുടക്ക് കൂടുതൽ പ്രതിസന്ധി സൃഷ്ടിച്ചു. ഒട്ടറെ കുടുംബങ്ങൾ നേരത്തെയുള്ള യാത്രകൾക്കായി പദ്ധതിയിട്ടിരുന്നതും പണിമുടക്കിൽ താളം തെറ്റി.
|
ഫയർ അലറാം മുഴുങ്ങി; വിമാനത്തിൽ നിന്ന് പുറത്തേക്ക് ചാടി യാത്രക്കാർ, 18 പേർക്ക് പരിക്ക്
മാഡ്രിഡ്: റയാനെയർ വിമാനത്തിന്റെ ഫയർ അലറാം തീപിടിത്ത മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന് വിമാനത്തിൽ നിന്ന് പുറത്തേക്ക് ചാടിയ 18 യാത്രക്കാർക്ക് പരിക്കേറ്റു.
സ്പെയിനിലെ പാൽമ ഡി മല്ലോർക്ക വിമാനത്താവളത്തിലായിരുന്നു സംഭവം. വിമാനത്തിന് തീപിടിത്തമുണ്ടായിട്ടില്ലെന്ന് എയർലൈൻസ് അധികൃതർ അറിയിച്ചു.
സംഭവത്തെ തുടർന്ന് ഉടൻ തന്നെ അഗ്നിശമന സേനാംഗങ്ങളും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.
ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലേക്ക് പറന്നുയരാൻ തയാറെടുക്കുന്നതിനിടെയാണ് മുന്നറിയിപ്പുണ്ടായത്.
അതേസമയം, വിമാനത്തിൽ ചെറിയ തോതിൽ തീ ഉണ്ടായതായിചില റിപ്പോർട്ടുകളുണ്ട്.
|
രാജു കുന്നക്കാട്ടിന് സംസ്കാര സാഹിത്യവേദി പുരസ്കാരം
തിരുവനന്തപുരം: സംസ്കാര സാഹിത്യവേദിയുടെ ഈ വർഷത്തെ മികച്ച നാടകരചനക്കുള്ള പുരസ്കാരം രാജു കുന്നക്കാട്ടിന് ലഭിച്ചു. കോട്ടയം മാറ്റൊലിയുടെ ജനപ്രിയ നാടകമായ "ഒലിവ് മരങ്ങൾ സാക്ഷി' എന്ന നാടകത്തിനാണ് അവാർഡ്.
ഈ നാടകത്തിന് ലഭിക്കുന്ന ഏഴാമത്തെ പുരസ്കാരമാണിത്. നാടകത്തിന്റെ സംവിധായകനും നടനുമായ ബെന്നി ആനിക്കാടിനും നടനും കാർട്ടൂൺ അക്കാദമി മുൻ ചെയർമാനുമായ പ്രസന്നൻ ആനിക്കാടിനും നേരത്തെ ഈ നാടകത്തിന് പുരസ്കാരങ്ങൾ ലഭിച്ചിരുന്നു.
നാടകത്തിലെ ഗാനം രചിച്ചത് ജോസ് കുമ്പിളുവേലിയാണ്. ഈ മാസം 20ന് തിരുവനന്തപുരം അച്യുത മേനോൻ സെന്ററിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.
പ്രശസ്ത സാഹിത്യകാരന്മാരായ പള്ളിയറ ശ്രീധരൻ, പ്രഫ. ജി.എൻ. പണിക്കർ, ഡോ. സി. ഉദയകല, ശ്രീകുമാർ മുഖത്തല എന്നിവർ ചടങ്ങിൽ പങ്കെടുക്കും. 25,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
രാജൻ പി. ദേവ് അവാർഡ്, ശംഖുമുദ്ര പുരസ്കാരം, ആറന്മുള സത്യവ്രതൻ പുരസ്കാരം, വേദി ടു വേദി കലാരത്ന പുരസ്കാരം, വേൾഡ് മലയാളി കൗൺസിൽ പുരസ്കാരം, പള്ളിക്കത്തോട് പൗരാവലി പുരസ്കാരം, അയർലൻഡിലെ മൈൻഡ് ഐക്കോൺ അവാർഡ് എന്നിവ രാജു കുന്നക്കാട്ടിന് നേരത്തെ ലഭിച്ചിട്ടുണ്ട്.
വേൾഡ് മലയാളി കൗൺസിൽ കൾച്ചറൽ ഫോറം ഗ്ലോബൽ സെക്രട്ടറിയാണ് രാജു കുന്നക്കാട്ട്. അയർലൻഡിലെ മലയാളി സമൂഹത്തിൽ സജീവ സാന്നിധ്യമായ രാജു കുന്നക്കാട്ട് ഡബ്ലിനിലാണ് താമസിക്കുന്നത്.
കോട്ടയം പള്ളിക്കത്തോട് സ്വദേശിയാണ്. ഭാര്യ എൽസി നഴ്സാണ്. രണ്ടു മക്കളുണ്ട്.
|
പ്രവാസി കേരള കോൺഗ്രസ് എം യുകെ മധ്യമേഖല സമ്മേളനം: ജോബ് മൈക്കിൾ ഉദ്ഘാടനം ചെയ്തു
ബെഡ് ഫോർഡ്: പ്രവാസി കേരള കോൺഗ്രസ് എം യുകെ ഘടകത്തിന്റെ സൗത്ത് ഈസ്റ്റ്, സൗത്ത് വെസ്റ്റ്, മിഡ്ലാൻഡ് റീജിയണൽ ഭാരവാഹികളുടെ മധ്യമേഖല പ്രതിനിധി സമ്മേളനം ജോബ് മൈക്കിൾ എംഎൽഎ ഉദ്ഘാടനം ചെയ്തു.
ബെഡ് ഫോർഡിലെ മാർസ്റ്റോൺ മോർഡൻ ഹാളിൽ നടന്ന ചടങ്ങിന് പ്രവാസി കേരള കോൺഗ്രസ് എം യുകെ മുൻ ഘടകം പ്രസിഡന്റും ലോകകേരള സഭാംഗവുമായ ഷൈമോൻ തോട്ടുങ്കൽ അധ്യക്ഷത വഹിച്ചു.
പ്രവാസി കേരള കോൺഗ്രസ് എം യുകെ ഓഫീസ് ചാർജ് സെക്രട്ടറി ജിജോ അരയത്ത് സ്വാഗതം ആശംസിച്ചു. മിഡ്ലാൻഡ് റീജിയണൽ പ്രസിഡന്റ് റോബിൻ വർഗീസ് ചിറത്തലക്കൽ ജോബ് മൈക്കിളിനെ ബൊക്കെ നൽകി സ്വീകരിച്ചു. പ്രോഗ്രാം കോഓർഡിനേറ്റർ ജോമോൻ മാമൂട്ടിൽ ചടങ്ങിന് കൃതജ്ഞത രേഖപ്പെടുത്തി.
മാർസ്റ്റൺ കമ്യൂണിറ്റിയെ പ്രതിനിധീകരിച്ചു യൂജിൻ തോമസ്, യൂത്ത് ഫ്രണ്ട് എം മുൻ സംസ്ഥാന സെക്രട്ടറി ആൽബിൻ പേണ്ടാനം, പ്രവാസി കേരള കോൺഗ്രസ് എം യുകെ നാഷണൽ ഭാരവാഹികളും മുതിർന്ന നേതാക്കന്മാരുമായ തോമസ് വെട്ടിക്കാട്ട്, ജോസ് ചെങ്ങളം, ജോജി വർഗീസ്, ജോമോൻ കുന്നേൽ, ജിത്തു വിജി, മാത്യു പുല്ലന്താനി, ജീത്തു പൂഴിക്കുന്നേൽ, സോജി തോമസ്, മൈക്കിൾ ജോബ്, സാവിച്ചൻ തോപ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.
പ്രസ്തുത വേദിയിൽ വച്ച് ഫോറസ്റ്റ് ട്രസ്റ്റ് ഹോസ്പിറ്റൽസ് നോട്ടിംഗ്ഹാം മാൻസ്ഫീൽഡിന്റെ ഡെയ്സി അവാർഡിനർഹമായ പ്രവാസി കേരള കോൺഗ്രസ് എം യുകെ നാഷണൽ കമ്മിറ്റി അംഗം മാത്യു പുല്ലന്താനിയെ ആദരിക്കുകയുണ്ടായി. ദേശീയ ഗാനത്തോടെ പ്രതിനിധി സമ്മേളനം അവസാനിച്ചു.
|
കണ്ണൂർ സ്വദേശിനി അയർലൻഡിൽ പീസ് കമ്മീഷണർ
ഡബ്ലിൻ: അയർലൻഡിൽ മലയാളിയായ ടെൻസിയ സിബിയെ പീസ് കമ്മീഷണറായി നിയമിച്ചു. കണ്ണൂർ തേർത്തല്ലി എരുവാട്ടി സ്വദേശിനിയാണ്. ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റീസ് വകുപ്പാണ് പീസ് കമ്മീഷണർ സ്ഥാനം നൽകിയത്.
ആലക്കോട് മേരിഗിരി പഴയിടത്ത് ടോമി ത്രേസ്യാമ്മ ദമ്പതികളുടെ മകളും കണ്ണൂർ ചെമ്പേരി സ്വദേശി അഡ്വ. സിബി സെബാസ്റ്റ്യൻ പേഴുംകാട്ടിലിന്റെ ഭാര്യയുമാണ്.
ഡബ്ലിൻ ബ്ലാക്ക്റോക്ക് ഹോസ്പിറ്റലിൽ സീനിയർ നഴ്സായി ജോലി ചെയ്യുന്ന ടെൻസിയ, റോയൽ കോളജ് ഓഫ് സർജൻസ് ഇൻ അയർലൻഡിൽ നിന്ന് ഉന്നതബിരുദം നേടിയിട്ടുണ്ട്.
2005ലാണ് ഇവർ അയർലൻഡിൽ എത്തിയത്. സീറോമലബാർ സഭ ഡബ്ലിൻ ബ്ലാക്ക്റോക്ക് ഇടവകയിലെ മാതൃവേദി സെക്രട്ടറിയും വേദപാഠം അധ്യാപികയുമാണ്.
കൗണ്ടി ഡബ്ലിനും വിക്ലോ മീത്ത് തുടങ്ങിയ അനുബന്ധ കൗണ്ടികളിലും പ്രവർത്തനാധികാരമുള്ള ചുമതലയാണ് ടെൻസിയയ്ക്ക് നൽകിയിട്ടുള്ളത്.
എഡ്വിൻ, എറിക്, ഇവാനി മരിയ എന്നിവർ മക്കളാണ്.
|
ജോസഫ് കടുത്താനം ജർമനിയിൽ അന്തരിച്ചു
ബെർലിൻ: തൃക്കൊടിത്താനം വെട്ടികാട് കടുത്താനം പരേതനായ പോത്തൻ തോമസിന്റെ (മാമ്മച്ചൻ) മകൻ ജോസഫ് കടുത്താനം (78) ജർമനിയിൽ അന്തരിച്ചു. സംസ്കാരം ബുധനാഴ്ച ജർമനിയിൽ.
ഭാര്യ മേരി തലശേരി തുറക്കൽ കുടുംബാംഗം. മക്കൾ: ടിജോ, സാജോ, ലിജോ, അനുമോൾ. മരുമക്കൾ: സിനി, ജായൽ.
|
ബോണില്‍ ഇടവകദിനവും ഭക്തസംഘടനകുടെ വാര്‍ഷികവും ഞായറാഴ്ച
ബോണ്‍: ജര്‍മനിയിലെ സെന്റ് തോമസ് സീറോമലങ്കര കത്തോലിക്കാ ബോണ്‍/കൊളോണ്‍ ഇടവക തിരുനാളും എംസിവൈഎം, എംസിഎംഎഫ്, എംസിഎ തുടങ്ങിയ ഭക്തസംഘടനകളുടെ വാര്‍ഷികവും ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കും.
ബോണ്‍ വീനസ്ബെര്ഗിലെ ഹൈലിഗ് ഗൈസ്റ്റ് പള്ളിയിലാണ് പരിപാടികള്‍. സീറോമലങ്കര കാത്തലിക് എപ്പാര്‍ക്കിയുടെ കര്‍ണാടകയിലെ പുത്തൂര്‍ രൂപതാധ്യക്ഷന്‍ റവ.ഡോ. ഗീവറുഗീസ് മാര്‍ മക്കാറിയോസ് മുഖ്യകാര്‍മ്മികനായി വി.കുര്‍ബാനയും തുടര്‍ന്ന് വിവിധ പരിപാടികളും ഉണ്ടായിരിക്കും.
പരിപാടിയിലേക്ക് ഏവരേയും ക്ഷണിക്കുന്നതായും റവ.ഡോ. ജോസഫ് ചേലമ്പറമ്പത്ത് അറിയിച്ചു.
|
മാഞ്ചസ്റ്റർ സെന്റ് തോമസ് മിഷനിൽ സംയുക്ത തിരുനാൾ ഇന്ന്
മാഞ്ചസ്റ്റർ: യുകെയുടെ മലയാറ്റൂരായ മാഞ്ചസ്റ്ററിൽ 2006ൽ റവ.ഫാ. സജി മലയിൽ പുത്തൻപുരയിൽ ചുമതല വഹിച്ചിരുന്നപ്പോൾ ആരംഭിച്ച തിരുനാൾ ആഘോഷങ്ങൾ ഇന്ന് 20 വർഷം പൂർത്തിയാക്കുകയാണ്.
മാഞ്ചസ്റ്റിലേക്ക് കുടിയേറിയ മലയാളികൾക്ക് അവരുടെ കുട്ടികൾക്ക് ക്രൈസ്തവ വിശ്വാസവും മൂല്യവും പകർന്ന് ലഭിക്കാൻ മിഷന്റെ പ്രവർത്തനങ്ങൾ കാരണമായിട്ടുണ്ട്. കേരളത്തിലെ ഇടവകകളിൽ നടക്കുന്ന തിരുനാൾ ആഘോഷങ്ങൾക്ക് സമാനമായ ആഘോഷങ്ങളാണ് 20 വർഷവും മാഞ്ചസ്റ്റർ നിവാസികൾക്ക് മാത്രം അനുഭവിക്കാൻ കഴിഞ്ഞു വന്നിരുന്നത്.
സജിയച്ചനെ തുടർന്ന് റവ. ഫാ. ലോനപ്പൻ അരങ്ങാശ്ശേരിയും റവ. ഫാ. ജോസ് അഞ്ചാനിക്കലും മിഷനെ കൂടുതൽ ഉയരങ്ങളിലേക്ക് നയിച്ചു. റവ. ഫാ. ജോസ് കുന്നുംപുറമാണ് ഇപ്പോൾ മിഷനെ നയിച്ചു കൊണ്ടിരിക്കുന്നത്.
ഇക്കുറി തിരുനാളിന്റെ ഇരുപതാം വാർഷികം കൂടി ആയതോടെ തിരുന്നാൾ ആഘോഷങ്ങൾ കൂടുതൽ മികവുറ്റതാക്കുവാൻ വേണ്ടി വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങളാണ് നടന്നുവന്നിരുന്നത്.
ഭാരത അപ്പസ്തോലൻ മാർ തോമാസ്ലീഹായുടെയും ഭാരതത്തിന്റെ പ്രഥമ വിശുദ്ധ അൽഫോൻസാമ്മയുടെയും സംയുക്ത തിരുനാൾ ആഘോഷങ്ങളാണ് മാഞ്ചസ്റ്ററിൽ ഇന്ന് നടക്കുന്നത്. യുകെയിൽ ആദ്യമായി തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത് മാഞ്ചസ്റ്ററിൽ ആയിരുന്നു.
പിന്നീട് എല്ലാവർഷവും ജൂലൈ മാസത്തിലെ ആദ്യ ശനിയാഴ്ച മാഞ്ചസ്റ്റർ ദുക്റാന തിരുനാൾ ആയി ആഘോഷിച്ചുവരികയാണ്. മുത്തുക്കുടകളും പോൻ വെള്ളി കുരിശുകളുമെല്ലാം നാട്ടിൽനിന്നും എത്തിച്ചാണ് തിരുനാൾ ആഘോഷകൾക്ക് തുടക്കം കുറിച്ചത്.
മാഞ്ചെസ്റ്ററിനു തിലകക്കുറിയായി വിഥിൻഷോയിൽ തലഉയത്തിനിൽക്കുന്ന സെന്റ് ആന്റണീസ് ദേവാലയത്തിലാണ് തിരുനാൾ ആഘോഷങ്ങൾ നടക്കുക. മാഞ്ചസ്റ്റർ മലയാളികൾക്കൊപ്പം തദ്ദേശീയരായ ഇംഗ്ലീഷ് ജനതയ്ക്കും തിരുനാൾ ആഘോഷമാണ്.
കമനീയമായി അലങ്കരിച്ചു മോടിപിടിപ്പിക്കുന്ന സെന്റ് ആന്റണീസ് ദേവാലയവും മുത്തുക്കുടകളും ചെണ്ട, ബാൻഡ് മേളങ്ങൾ എല്ലാം കാണുവാൻ ഒട്ടേറെ തദ്ദേശീയരും വർഷാവർഷം എത്താറുണ്ട്. പ്രധാന തിരുനാൾ ദിനത്തിൽ പൗരാണികതയും പ്രൗഢിയും വിളിച്ചോതുന്ന തിരുനാൾ പ്രദക്ഷിണം ഏറെ അനുഗ്രഹപ്രദമാണ്.
പൊൻ വെള്ളി കുരിശുകളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ വിശുദ്ധരുടെ തിരുസ്വരൂപങ്ങളും വഹിച്ചു നടക്കുന്ന തിരുനാൾ പ്രദക്ഷിണം മറുനാട്ടിലെ വിശ്വാസ പ്രഘോഷണമാണ്. മാഞ്ചസ്റ്റർ തിരുനാൾ ആഘോഷങ്ങൾക്കായി അണിഞ്ഞൊരുങ്ങി നിൽക്കുകയാണ് സെന്റ് ആന്റണീസ് ദേവാലയവും പരിസരവും.
നാനാജാതി മതസ്ഥർ ആഘോഷങ്ങളുടെ ഭാഗമാകും. വിഥിൻഷോയുടെ തിരുമുറ്റത്ത് രാജകീയ പ്രൗഢിയോടെ നിൽക്കുന്ന സെന്റ് ആന്റണീസ് ദേവാലയം കൊടിതോരണങ്ങളാൽ അലങ്കരിച്ച് മോടിപിടിപ്പിച്ച് തിരുനാളിൽ പങ്കെടുക്കാൻ എത്തുന്നവരെ വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞു.
രാവിലെ കൃത്യം 9.30ന് തിരുനാൾ കുർബാനയുടെ തുടക്കമായി ആദ്യ പ്രദക്ഷിണം ഗിൽഡ് റൂമിൽനിന്നും ആരംഭിച്ച് സെന്റ് ആന്റണീസ് ദേവാലയത്തിന്റെ അൾത്താരയിലേക്ക് വൈദികരെ സ്വീകരിച്ച് ആനയിക്കുന്നതോടെ സീറോമലബാർ സഭയുടെ ഏറ്റവും ആഘോഷപൂർവമായ പാട്ടുകുർബാനയ്ക്ക് തുടക്കമാകും.
പ്രധാന തിരുനാൾ ദിനമായ ഇന്ന് രാവിലെ 9.30 മുതൽ അത്യാഘോഷപൂർവമായ തിരുനാൾ കുർബാനയ്ക്ക് തുടക്കമാകും. ആഷ്ഫോർഡ് മാർസ്ലീവാ മിഷൻ ഡയറക്ടർ ഫാ.ജോസ് അഞ്ചാനിക്കൽ തിരുനാൾ കുർബാനയിൽ മുഖ്യ കാർമികനാവുമ്പോൾ പ്രെസ്റ്റൺ സെന്റ് അൽഫോൺസാ കത്തീഡ്രൽ വികാരി റവ.ഡോ. വർഗീസ് തനമാവുങ്കൽ തിരുനാൾ സന്ദേശം നൽകും.
റവ. ഫാ. സെബാസ്റ്റ്യൻ ഊരക്കാടൻ, റവ ഫാ. ഫ്രാൻസീസ് കൊച്ചുപാലിയത്ത് എന്നിവരുൾപ്പെടെയുള്ള വൈദീകർ സഹകാർമികരാകും. തുടർന്ന് തിരുനാൾ പ്രദക്ഷിണവും സ്നേഹവിരുന്നും നടക്കും. ദിവ്യബലിയെ തുടർന്ന് ലദീഞ്ഞും പിന്നീട് തിരുനാൾ പ്രദക്ഷിണം ആരംഭിക്കും.
തിരുനാൾ പ്രദക്ഷിണം സെന്റ് ആന്റണീസ് ദേവാലയത്തിൽ നിന്നും ആരംഭിക്കുമ്പോൾ നൂറുകണക്കിന് വിശ്വാസികൾ മുത്തുക്കുടകളും കൊടികളും പൊൻ വെള്ളി കുരിശുകളും വാദ്യമേളങ്ങളുമായി പ്രദക്ഷിണത്തിൽ അകമ്പടിയാകും.
വിശുദ്ധ തോമാശ്ലീഹായുടെയും വിശുദ്ധ അൽഫോൻസാമ്മയുടെയും പരിശുദ്ധ കന്യാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുസ്വരൂപങ്ങൾ എഴുന്നെള്ളിച്ചുകൊണ്ടുള്ള പ്രദക്ഷിണം സെന്റ് ആന്റണീസ് ദേവാലയത്തെ വലം വച്ചുകൊണ്ട് വിഥിൻഷോയുടെ തെരുവീഥികളിലൂടെ നടക്കും.
വാറിംഗ്ടൺ ചെണ്ടമേളമാണ് ഇക്കുറിയും മാഞ്ചസ്റ്റർ തിരുനാളിൽ മേളപ്പെരുക്കം തീർക്കാൻ എത്തുന്നത്. കൂടാതെ മാഞ്ചസ്റ്ററിലെ ഫിയാന പാഡ്രിഗ് എന്ന ഐറിഷ് പൈപ്പ് ബാൻഡും തിരുനാൾ പ്രദക്ഷിണത്തിൽ അണിനിരക്കും.
മറുനാട്ടിലെ വിശ്വാസ പ്രഘോഷണമായ തിരുന്നാൾ പ്രദക്ഷിണം തിരികെ പള്ളിയിൽ പ്രവേശിച്ച ശേഷം വിശുദ്ധ കുർബാനയുടെ ആശീർവാദവും നടക്കും.
ഇടവകയിലെ ഭക്തസംഘടനകളായ മെൻസ് ഫോറം, വിമൻസ് ഫോറം, എസ്എംവൈഎം, സാവിയോ ഫ്രണ്ട്സ്, മിഷൻ ലീഗ്, അൾത്താര ബാലൻമാർ തുടങ്ങി വിവിധ സംഘടനകൾ തിരുനാളിന്റെ വിജയത്തിനായി പ്രവർത്തിച്ച് വരുന്നു.
എസ്എംവൈഎം ഒരുക്കുന്ന ഐസ്ക്രീം കടകൾ മുതൽ നാടൻ വിഭവങ്ങളുമായി വിവിധ സ്റ്റാളുകൾ പള്ളിപ്പറമ്പിൽ പ്രവർത്തിക്കും. ഇടവകയിലെ വിമൻസ് ഫോറമാണ് പഫ്സ്, പരിപ്പുവട, ബോണ്ട, പഴംപൊരി തുടങ്ങിയ സ്വാദൂറും നാടൻ വിഭവങ്ങളുമായി കടകൾ ഒരുക്കുന്നത്.
വീട്ടമ്മമാർ അവരുടെ വീടുകളിൽ തയാറാക്കുന്ന ഹോം മെയിഡ് വിഭവങ്ങളും ഭക്തസാധനങ്ങളും എല്ലാം തിരുനാൾ പറമ്പിൽ പ്രവർത്തിക്കുന്ന സ്റ്റാളുകളിൽ മിതമായ നിരക്കിൽ ലഭ്യമാണ്. തിരുനാളിൽ പങ്കെടുക്കാൻ എത്തുന്നവർക്കെല്ലാം സ്നേഹവിരുന്ന് ക്രമീകരിച്ചിട്ടുണ്ട്.
വിപുലമായ പാർക്കിംഗ് സൗകര്യം
തിരുനാൾ തിരുക്കർമങ്ങളിൽ പങ്കെടുക്കാൻ എത്തുന്നവർക്കായി വിപുലമായ പാർക്കിംഗ് സൗകര്യമാണ് തിരുനാൾ കമ്മറ്റി ഒരുക്കിയിരിക്കുന്നത്. പള്ളിയുടെ സമീപം പിൻഭാഗത്തായുള്ള സെന്റ് ആന്റണീസ് സ്കൂൾ ഗ്രൗണ്ടിലാണ് വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടത്.
താഴെ കൊടുത്തിരിക്കുന്ന അഡ്രസിലേക്ക് എത്തി വാഹനങ്ങൾ മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത വിധം പാർക്ക് ചെയ്തശേഷം വേണം ദേവാലയത്തിൽ എത്തിച്ചേരുവാൻ. ഇവിടെ ചുമതലയുള്ള വൊളണ്ടിയേഴ്സിന്റെ നിർദേശാനുസരണങ്ങൾ ഏവരും പാലിക്കണമെന്നും പ്രത്യേകം ഓർമിപ്പിക്കുന്നു.
ഞായറാഴ്ച വൈകുന്നേരം നാലിന് ദിവ്യബലിയെ തുടർന്ന് മിഷൻ ഡയറക്ടർ ഫാ.ജോസ് കുന്നുംപുറം കൊടിയിറക്കുന്നതോടെ ഒരാഴ്ച നീണ്ടുനിന്ന ഇരുപതാം വാർഷിക തിരുനാൾ ആഘോഷങ്ങൾക്ക് സമാപനം കുറിക്കും. തുടർന്ന് നേർച്ചവിതരണവും ഉണ്ടായിരിക്കും.
തിരുനാൾ ആഘോഷങ്ങളുടെ വിജയത്തിനായി മിഷൻ ഡയറക്ടർ ഫാ.ജോസ് കുന്നുംപുറം, ട്രസ്റ്റിമാരായ ടോണി കുര്യൻ, ജയൻ ജോൺ, ദീപു ജോസഫ് എന്നിവരുടെയും പരിഷ്കമ്മിറ്റിയുടെയും നേതൃത്വത്തിലുള്ള 101 അംഗ കമ്മറ്റിയാണ് 20ാമത് തിരുനാൾ ആഘോഷങ്ങൾ അവിസ്മരണീയമാക്കാൻ കഴിഞ്ഞ ഒരു മാസക്കാലമായി പ്രവർത്തിച്ച് വന്നിരുന്നത്.
തിരുനാൾ തിരുക്കർമങ്ങളിൽ പങ്കെടുത്ത് വിശുദ്ധരുടെ അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ ഏവരെയും മിഷൻ ഡയറക്ടർ ഫാ.ജോസ് കുന്നുംപുറം സ്വാഗതം ചെയ്തു.
ദേവാലയത്തിന്റെ വിലാസം: ST.ANTONY’S CHURCH, WYTHENSHAWE, DUNKERY ROAD, MANCHESTER, M22 0WR.
വാഹനങ്ങൾ പാർക്കുചെയ്യേണ്ട സ്ഥലത്തെ വിലാസം: St Anthonys R C Primary School, Dunkery Rd, Wythenshawe, Manchester, M22 0NT.
|
രാജ്യാന്തര റേഡിയോഗ്രാഫേഴ്സ് കോൺഫറൻസ് ബർമിംഗ്ഹാമിൽ
ബർമിംഗ്ഹാം: പ്രഫഷണൽ അലയൻസ് ഓഫ് ഇന്ത്യൻ റേഡിയോഗ്രാഫേഴ്സ് ശനിയാഴ്ച ബർമിംഗ്ഹാം ഹെൽത്ത് സയൻസസ് കാമ്പസിൽ രാജ്യാന്തര റേഡിയോഗ്രാഫേഴ്സ് കോൺഫറൻസ് സംഘടിപ്പിക്കുന്നു.
"Building Bridges in Radiology: Learn Network Thrive' എന്ന പ്രമേയത്തിലാണ് സമ്മേളനം നടക്കുന്നത്. ആഷ്ഫോർഡിലെ പാർലമെന്റ് അംഗം സോജൻ ജോസഫ് എംപി സമ്മേളനം ഉദ്ഘാടനം ചെയ്യും.
സൊസൈറ്റി ആൻഡ് കോളജ് ഓഫ് റേഡിയോഗ്രാഫേഴ്സിന്റെ സിഇഒ റിച്ചാർഡ് ഇവാൻസ്, ഇന്റർനാഷനൽ സൊസൈറ്റി ഓഫ് റേഡിയോഗ്രാഫേഴ്സ് ആൻഡ് റേഡിയേഷൻ ടെക്നോളജിസ്റ്റ് പ്രസിഡന്റ് ഡോ. നപപോംഗ് പോംഗ്നാപംഗ് എന്നിവരുടെ മുഖ്യപ്രഭാഷണങ്ങളും പരിപാടിയിൽ ഉൾപ്പെടുന്നു.
|
നിര്‍മ്മല ഫെര്‍ണാണ്ടസ് കൊളോണില്‍ അന്തരിച്ചു
കൊളോണ്‍: ജര്‍മനിയിലെ കൊളോണ്‍ സൂര്ത്തില് നിന്നുള്ള നിര്‍മ്മല ഫെര്‍ണാണ്ടസ്(72) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. കൊല്ലം തങ്കശേരി പുന്നത്തല സ്വദേശിനിയായ നിര്‍മ്മല ഹോം കെയര്‍ സര്‍വീസ് ഉടമയായിരുന്നു.
50 വര്‍ഷങ്ങള്‍ക്കു മുൻപ് ജര്‍മനിയിലെത്തി ഭാഷ പഠിച്ച് ആതുരസേവനരംഗത്തും സാമൂഹിക രംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് നിര്‍മ്മല. ഭര്‍ത്താവ് പരേതനായ ലീന്‍ ഫെര്‍ണാണ്ടസ്. രണ്ടു മക്കളുണ്ട്.
കൊളോണ്‍ പോര്‍സില്‍ താമസിക്കുന്ന ജോര്‍ജ് അട്ടിപ്പേറ്റിയുടെ ഭാര്യ ജാനെറ്റിന്റെ മൂത്തസഹോദരിയാണ് നിര്‍മ്മല.
|
ബോട്ട് കൊച്ചിയിൽ നിന്നെത്തും; സാഹസിക യാത്രയ്ക്കൊരുങ്ങി ഇംഗ്ലീഷ് ദമ്പതികൾ
ലണ്ടൻ: സമുദ്രയാത്ര ഇഷ്ടപ്പെടുന്ന ഇംഗ്ലണ്ടിൽനിന്നുള്ള ദന്പതികൾക്ക് ഇംഗ്ലീഷ് ചാനൽ കടക്കാൻ യാത്രാബോട്ട് ഇടക്കൊച്ചിയിൽ നിന്ന്. നിക്ക് എന്ന് വിളിപ്പേരുള്ള ജോൺ നിക്കോളാസ് ഫ്രാൻസനും ഭാര്യ ആനിനും യാത്ര ചെയ്യുന്നതിനുള്ള ബോട്ടാണ് ഇംഗ്ലണ്ടിലേക്ക് കപ്പൽ കയറിയത്.
ഇംഗ്ലണ്ടിൽ ബോട്ട് നിർമാണം വലിയ ചെലവേറിയതിനാലാണ് ഇവർ ഇന്ത്യയിലേക്ക് എത്തിയത്. ഇന്ത്യയിൽ പലയിടത്തും അന്വേഷണം നടത്തിയെങ്കിലും ഇവരുടെ മനസിന് ഇഷ്ടപ്പെട്ട നിർമാതാക്കളെ കണ്ടെത്താൻ സാധിച്ചില്ല. പിന്നീട് ജലയാനങ്ങൾ നിർമിക്കാൻ മിടുക്കരുള്ള കൊച്ചിയിലേക്ക് എത്തുകയായിരുന്നു.
കൊച്ചിയിൽ പല ബോട്ട് നിർമാണ കമ്പനികളുമായി ചർച്ച നടത്തിയ ശേഷം ഇടക്കൊച്ചിയിലെ ദരിയ മറൈൻ എൻജിനീയറിംഗ് സർവീസസ് എന്ന ബോട്ട് നിർമാണ സ്ഥാപനത്തിന് ബോട്ട് നിർമിക്കാൻ ചുമതല നൽകി.
സമുദ്രയാത്രാ പ്രിയനായ നിക്കിന്റെ മനസിലുള്ള ആശയങ്ങൾക്കനുസരിച്ച് ദരിയ മറൈൻ ആറു മാസം കൊണ്ട് ബോട്ടിന് രൂപം നൽകി. ഓരോ ദിവസത്തേയും ജോലികൾ നിക്കിന് വരച്ച് നൽകി ചിട്ടയായുള്ള നിർമാണമാണ് ദരിയ മറൈൻ നടത്തിയത്.
ഇംഗ്ലണ്ടിലേക്ക് മടങ്ങാതെ ആറ് മാസമായി ഇവിടെ തന്നെ തങ്ങിയായിരുന്നു നിക്കിന്റെ മേൽനോട്ടം. ഇതിനിടെ ഭാര്യ ആൻ നാട്ടിലേക്ക് മടങ്ങി.
ഇവിടെ നിന്ന് പഠിച്ച മലയാളത്തിലൂടെ, നിക്ക് നിർദേശങ്ങൾ നൽകിയിരുന്നതായി ദരിയ മറൈനിലെ ജോലിക്കാർ പറയുന്നു.
കമ്പനി തികഞ്ഞ ഉത്തരവാദിത്വത്തോടെ തന്റെ മനസിൽ ഉണ്ടായിരുന്ന ബോട്ട് നിർമിച്ചു നൽകിയെന്ന് നിക്ക് പറയുന്നു.
ശ്രീലങ്ക വഴി ഇംഗ്ലണ്ടിലേക്ക്
പണി പൂർത്തിയാക്കി, അവസാന വട്ട പരീക്ഷണവും നടത്തിയ ബോട്ട് കൊച്ചിയിൽ നിന്ന് ശ്രീലങ്ക വഴിയാണ് ഇംഗ്ലണ്ടിലെത്തിക്കുക. കൊച്ചിയിലെ പസഫി ഓഷ്യൻ ലോജിസ്റ്റിക്സ് ഇന്റർനാഷണൽ ലിമിറ്റഡ് എന്ന ഷിപ്പിംഗ് കമ്പനിയാണ് ബോട്ട് ഇംഗ്ലണ്ടിൽ എത്തിക്കാൻ ചുമതല ഏറ്റെടുത്തിട്ടുള്ളത്.
കഴിഞ്ഞ ദിവസം ബോട്ട് കപ്പൽ മാർഗം കൊച്ചിയിൽ നിന്ന് ഇംഗ്ലണ്ടിലേക്ക് കയറ്റിവിട്ടു. നിക്ക് കൊച്ചിയിൽ നിന്ന് വിമാനത്തിലും.
|
റവ. ഡോ. ആന്റോ പൂണോളിക്ക് ഓണററി പൗരത്വം
മൗറൻ: ലിച്ചെൻസ്റ്റൈൻ രാജ്യത്തെ മുൻസിപ്പൽ തെരഞ്ഞെടുപ്പിൽ റവ. ഡോ. ആന്റോ പൂണോളി മൗറൻ മുൻസിപ്പാലിറ്റിയുടെ ഓണറ്റി പൗരനായി തെരഞ്ഞെടുക്കപ്പെട്ടു.
മൗറനിലുള്ള വിശുദ്ധ പീറ്റർ ആൻഡ് പോൾ ഇടവകയിൽ കഴിഞ്ഞ 27 വർഷമായി സേവനമനുഷ്ഠിക്കുകയാണ് റവ. ഡോ. ആന്റോ പൂണോളി.
ചേരാനല്ലൂർ മങ്കുഴി തിരുക്കുടുംബ ഇടവകയിൽപെട്ട പൂണോളി റാഫേൽത്രേസ്യ ദമ്പതികളുടെ മകനും വിൻസെൻഷ്യൽ അങ്കമാലി മേരി മാതാ പ്രൊവിൻസ് അംഗവുമാണ്.
നാൽപ്പതിനായിരത്തിൽപ്പരം മാത്രം ജനസംഖ്യയുള്ള യൂറോപ്പിലെ ഒരു ചെറുരാഷ്ട്രമാണ് ലിച്ചെൻസ്റ്റൈൻ.
|
ഇറ്റലിയിൽ പെട്രോൾ പമ്പിൽ പൊട്ടിത്തെറി; 30 പേർക്ക് പരിക്ക്
റോം: ഇറ്റലിയുടെ തലസ്ഥാനമായ റോമിലെ പെട്രോൾ പമ്പിൽ പൊട്ടിത്തെറി. ഒന്‍പതു പോലീസുകാർക്കും ഒരു അഗ്നിശമന സേനാംഗത്തിനുമടക്കം 45 പേർക്ക് പരിക്കേറ്റു.
പരിക്കേറ്റവരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. തെക്കുകിഴക്കൻ റോമിൽ വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം.
ദ്രവീകൃത പ്രകൃതിവാതകം ചോർന്നതാണ് അപകടത്തിനു കാരണമെന്നു പറയുന്നു.
|
അയർലൻഡിൽ കിഴക്കേക്കര ജോണി ജോസഫ് അന്തരിച്ചു
ഡബ്ലിൻ: അയർലൻഡിൽ മലയാളിയായ കിഴക്കേക്കര ജോണി ജോസഫ് (50) അന്തരിച്ചു. സംസ്കാരം പിന്നീട്.
കണ്ണൂർ തളിപ്പറമ്പ് പടപ്പയങ്ങാട് സ്വദേശിയാണ്. ഡബ്ലിൻ ബ്ലാഞ്ചസ്ടൗൺ ഹോളിസ്ടൗണിൽ താമസിച്ചു വരികയായിരുന്നു.
ഇദ്ദേഹം രാവിലെ നടക്കാൻ ഇറങ്ങിയപ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭാര്യ ഷാന്റി ജോസഫ്. മക്കൾ: ജോസ്വിൻ, ജോഷ്വിൻ.
|
ജര്‍മനിയില്‍ മരിച്ച മലയാളി വിദ്യാര്‍ഥിയുടെ സംസ്കാരം വെള്ളിയാഴ്ച
ബര്‍ലിന്‍: ജര്‍മനിയില്‍ മരിച്ച മലയാളി വിദ്യാര്‍ഥി കാട്ടാത്തിയേല്‍ അമല്‍ റോയിയുടെ സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് ഏറ്റുമാനൂര്‍ ക്രിസ്തുരാജ് ദേവാലയത്തില്‍ നടക്കും.
മൃതദേഹം ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നും ബുധനാഴ്ച രാത്രി 9.15ന്റെ എയര്‍ ഇന്ത്യ വിമാനത്തിൽ ന്യൂഡല്‍ഹി വഴി വ്യാഴാഴ്ച രാത്രി കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിക്കും.
മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി വെള്ളിയാഴ്ച രാവിലെ ഒന്‍പതിന് സ്വഭവനത്തില്‍ കൊണ്ടുവന്ന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ അവസരമൊരുക്കും.
മൃതദേഹം നാട്ടിലെത്തിക്കാന്‍ മ്യൂണിക് ഇന്ത്യന്‍ കോണ്‍സുലേറ്റ്, കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്, കേരള സംസ്ഥാന മന്ത്രി വി.എന്‍. വാസവന്, കോട്ടയം എംപി അഡ്വ. ഫ്രാന്‍സിസ് ജോര്‍ജ്, രാജ്യസഭ എംപി ജോസ് കെ. മാണി,
നോര്‍ക്ക റൂട്ട്സ്, മ്യൂണിക്കിലെ ഹക്കിം ഗുരബ ഇന്റര്‍നാഷണല്‍ ഫ്യൂണറല്‍ സര്‍വീസ് എന്നിവരുമായി ഇടപെട്ട് നടപടികള്‍ക്ക് നേതൃത്വം നൽകിയത് ജര്‍മനിയില്‍ നിന്നുള്ള ലോകകേരള സഭാംഗവും മാധ്യമ പ്രവര്‍ത്തകനുമായ ജോസ് കുമ്പിളുവേലില്‍ ആണ്.
ബാഡൻ വ്യുർട്ടംബർഗ് സംസ്ഥാനത്തിലെ ഉൾമ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ നഴ്സിംഗ് ഒന്നാം വർഷ വിദ്യാർഥിയായിരുന്നു 22 വയസുകാരനായ അമല്‍ റോയി.
കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് അമൽ ജർമനിയിലെത്തിയത്. ജീവനൊടുക്കിയതാണെന്നാണ് ജര്‍മന്‍ പോലീസ് നല്കിയ വിവരം.
കോട്ടയം കാണക്കാരി റോയി ജോസഫിന്റെയും ബിന്ദു റോയിയുടെയും മകനാണ് അമല്‍. ഒരു സഹോദരിയുണ്ട്.
|
അങ്കമാലി ഫ്രണ്ട്സ് ഇറ്റലിക്ക് നവ സാരഥികൾ
റോം: 2018ൽ രൂപീകൃതമായ അങ്കമാലി ഫ്രണ്ട്സ് ഇറ്റലി എന്ന സംഘടനയുടെ ഈ വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. റോമിലെ വില്ല കാർ പാർക്കിൽ നടന്ന പൊതുയോഗത്തിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്.
വിപുലമായ ഓണാഘോഷങ്ങള്‍ നടത്താൻ തിരുമാനിച്ചു യോഗം അവസാനിച്ചു.
ഭാരവാഹികൾ: രക്ഷാധികാരി ജോയ് പോൾ ഇരുമ്പൻ, പ്രസിഡന്റ് വർക്കി കോളാട്ടുകുടി, വൈസ് പ്രസിഡന്റ് ജിസ്മോൻ തോമസ്, സെക്രട്ടറി ജിൻസി തോമസ്, ജോയിന്റ് സെക്രട്ടറി സനൽ മണവാളൻ, ട്രഷറർ ബിജു ചിറയത്ത്.
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ജിൻസൺ പാലാട്ടി, സെബി വിൻസെന്റ്, സ്റ്റാബി ജോസഫ്, ജോയ് പറമ്പി, റിജോ ഡൊമിനിക്ക്, ജിഞ്ചു ആന്റണി, മാർട്ടിൻ ചെറുമഠത്തിൽ, വിൽസൺ ഞാളിയത്ത്, ജാസ്മിൻ ജോസ്, ഫ്ലവർ ജോസ്.
|
ചെസ്റ്റർഫീൽഡ് സീറോമലബാർ സെന്ററിൽ ദുക്റാന തിരുനാൾ ഞായറാഴ്ച
ലണ്ടൻ: ചെസ്റ്റർഫീൽഡ് സീറോമലബാർ മിഷനിൽ ദുക്റാന തിരുനാൾ ഞായറാഴ്ച (ജൂൺ ആറ്) ആഘോഷിക്കും. വൈകുന്നേരം മൂന്നിന് കൊടിയേറ്റ് നടക്കും.
തുടർന്ന് പ്രസുദേന്തി വാഴ്ച, തിരുനാൾ കുർബാന, പ്രദക്ഷിണം, സ്നേഹവിരുന്ന്, കഴുന്ന് നേർച്ച എന്നിവ നടക്കും.
പള്ളിയുടെ വിലാസം: The HOLISPIRIT CHURCH, STONELOW ROAD, DRONFIELD, S18 2EP.
|
ജർമൻ വീസ അപ്പീലുകൾക്കുളള നടപടിക്രമം നിര്‍ത്തലാക്കി; അപേക്ഷകര്‍ക്ക് ഇരുട്ടടി
ബര്‍ലിന്‍: ജർമനിയിൽ തൊഴിൽ, പഠനം, അല്ലെങ്കിൽ സന്ദർശനം എന്നിവയ്ക്കായുള്ള വിസ അപേക്ഷകർക്ക് ഇനിമുതൽ വിസ നിരസിക്കപ്പെട്ടാൽ സൗജന്യ സർക്കാർ പുനരവലോകന പ്രക്രിയ ലഭ്യമല്ല.
ജൂലൈ മുതൽ പ്രാബല്യത്തിൽ വരുന്ന ഈ മാറ്റം, വീസ അപേക്ഷകരെ ഗണ്യമായി ബാധിക്കും. നിലവിലുണ്ടായിരുന്ന "റിമോൺസ്ട്രേഷൻ' എന്ന സൗജന്യ അപ്പീൽ പ്രക്രിയ നിർത്തലാക്കിയതോടെ, നിരസിക്കപ്പെട്ട അപേക്ഷകർക്ക് പുതിയ അപേക്ഷ സമർപ്പിക്കുകയോ അല്ലെങ്കിൽ കോടതിയിൽ നിയമപരമായി വെല്ലുവിളിക്കുകയോ ചെയ്യേണ്ടിവരും.
ഇതുവരെ, വീസ അപേക്ഷ നിരസിക്കപ്പെട്ടവർക്ക് എംബസിയിലോ കോൺസുലേറ്റിലോ ഒരു പുനരവലോകന കത്ത് സമർപ്പിക്കാൻ സാധിച്ചിരുന്നു. അപേക്ഷകർക്ക് അധിക രേഖകൾ സമർപ്പിക്കാനും, ആദ്യ അപേക്ഷയിൽ ശ്രദ്ധിക്കപ്പെടാതെ പോയേക്കാവുന്ന പ്രധാന വിശദീകരണങ്ങൾ രേഖപ്പെടുത്താനും ഈ പ്രക്രിയ സഹായകമായിരുന്നു.
വീസയ്ക്ക് അർഹരായവർക്ക് അധിക ചെലവോ, കോടതി ഇടപെടലോ ഇല്ലാതെ പുനർമൂല്യനിർണ്ണയം നടത്താനുള്ള അവസരമായിരുന്നു ഈ ’റിമോൺസ്ട്രേഷൻ’ പ്രക്രിയ.∙ പുതിയ മാറ്റങ്ങൾ അപേക്ഷകരെ എങ്ങനെ ബാധിക്കും?’റിമോൺസ്ട്രേഷൻ’ ഓപ്ഷൻ നീക്കം ചെയ്തതോടെ, വീസ അപേക്ഷ നിരസിക്കപ്പെട്ടവർക്ക് ജൂലൈ മുതൽ കൂടുതൽ സാമ്പത്തിക ബാധ്യതകളും കാത്തിരിപ്പ് സമയവും നേരിടേണ്ടി വരും.
ഒരു നിരസിക്കലിനെ ചോദ്യം ചെയ്യാനുള്ള ഏക മാർഗം ഇനി ജുഡീഷ്യൽ അപ്പീലാണ്. അതായത്, കോടതിയിൽ വീസ നിഷേധത്തെ ചോദ്യം ചെയ്യേണ്ടി വരും. അല്ലെങ്കിൽ വീണ്ടും ഒരു പുതിയ അപേക്ഷ സമർപ്പിക്കാം. ജർമൻ നിയമവ്യവസ്ഥ സങ്കീർണമായതിനാൽ, ജുഡീഷ്യൽ അപ്പീൽ വളരെ ചെലവേറിയതാണ്.
പല കേസുകളിലും അഭിഭാഷകന്റെ സഹായം ആവശ്യമായി വരും. സാധാരണയായി, കോടതി ഫീസ് ഏകദേശം 483 യൂറോ ആയിരിക്കും, എന്നാൽ നിയമപരമായ പ്രാതിനിധ്യത്തിന് 1,500 യൂറോ മുതൽ 2,500 യൂറോ വരെ ചെലവാകും. മാത്രമല്ല, കോടതിയിലെ അപ്പീലുകൾക്ക് ലളിതമായ പുനരവലോകന പ്രക്രിയയേക്കാൾ വളരെയധികം സമയമെടുത്തേക്കാം.
അതിനാൽ, ഹ്രസ്വകാല യാത്രക്കാർക്കും, ജർമൻ സർവകലാശാലകളിൽ ഉന്നത പഠനത്തിന് ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കും ഇത് പ്രായോഗികമായ ഒരു ഓപ്ഷനായിരിക്കില്ല.∙ എന്തുകൊണ്ട് ഈ മാറ്റം?ജർമൻ എംബസി വെബ്പേജിൽ പങ്കുവച്ച വിവരമനുസരിച്ച്, ഷെംഗൻ, ദേശീയ വീസകൾ ഉൾപ്പെടെയുള്ള നിരവധി തരം ’റിമോൺസ്ട്രേഷനുകൾ’ അവസാനിപ്പിക്കുന്നതിനെക്കുറിച്ചുള്ള ഒരു പൈലറ്റ് പ്രോജക്ടിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.
"റിമോൺസ്ട്രേഷൻ' പ്രക്രിയ നീക്കം ചെയ്യുന്നത് കൂടുതൽ വീസ അപേക്ഷകൾ വേഗത്തിൽ പ്രോസസ്സ് ചെയ്യുന്നതിന് ജീവനക്കാരെ സഹായിക്കുമെന്നും ജർമനിയുടെ വിദേശകാര്യ ഓഫിസ് പറയുന്നു.ഇക്കാരണത്താൽ, വീസ അപേക്ഷകർ അവരുടെ അപേക്ഷകൾ തയാറാക്കുമ്പോൾ കൂടുതൽ ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണ്.
ഈ വർഷം ആദ്യം മുതൽ വിദഗ്ധ തൊഴിലാളികൾക്കും, അപ്രന്റീസുകൾക്കും, വിദ്യാർഥികൾക്കും കുടുംബ പുനരേകീകരണ ആവശ്യങ്ങൾക്കും ദേശീയ വീസയ്ക്ക് കോൺസുലാർ സർവീസസ് പോർട്ടൽ വഴി ഓൺലൈനായി അപേക്ഷിക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ടെങ്കിലും, കാത്തിരിപ്പ് സമയം ഒഴിവാക്കാൻ കഴിയില്ല.
|
ലെസ്റ്റർ മദർ ഓഫ് ഗോഡ് ദേവാലയത്തിൽ തോമാശ്ലീഹായുടെയും അൽഫോൻസാമ്മയുടെയും തിരുനാൾ
ലെസ്റ്റർ: മദർ ഓഫ് ഗോഡ് ദേവാലയത്തിൽ വിശുദ്ധ തോമാശ്ലീഹായുടെയും വിശുദ്ധ അൽഫോൻസാമ്മയുടെയും സംയുക്ത തിരുനാൾ വ്യാഴാഴ്ച വൈകുന്നേരം 5.30ന് നടക്കും.
മദർ ഓഫ് ഗോഡ് പള്ളിവികാരിയും സെന്റ് അൽഫോൻസാ സീറോമലബാർ മിഷൻ ഡയറക്ടറുമായ ഫാ. ഹാൻസ് പുതിയകുളങ്ങര കൊടിമരം വെഞ്ചരിച്ചു കോടിയേറ്റും ദിവ്യബലിയും അർപ്പിക്കും.
വെള്ളിയാഴ്ച വൈകുന്നേരം 5.30ന് കുർബാനയും ശേഷം വാഹനങ്ങളുടെ വെഞ്ചിരിപ്പും നടക്കും. ശനിയാഴ്ച രാവിലെ 11.30ന് കുർബാനയും ഒന്നിന് സ്നേഹവിരുന്നും നടക്കും.
തുടർന്ന് കലാസാംസ്കാരിക പരിപാടികൾ ഉൾപ്പെടുത്തിയ ഇടവക ദിനാഘോഷങ്ങൾ നടക്കും. ഞായറാഴ്ച വൈകുന്നേരം മൂന്നിന് നടക്കുന്ന തിരുനാൾ കുർബാനയ്ക്ക് ഗ്രേറ്റ് ബ്രിട്ടൻ രൂപത ബിഷപ് മാർ ജോസഫ് സ്രാമ്പിക്കൽ നേതൃത്വം നൽകും.
തുടർന്ന് പ്രദിക്ഷണവും തുടർന്ന് ഉത്പന്നലേലവും നടക്കും. തിങ്കളാഴ്ച ലെസ്റ്റർ ഇടവക തിരുന്നാളിന് സമാപനം കുറിച്ചുകൊണ്ട് കുർബാനയും തുടർന്ന് കൊടിയിറക്കവും നടക്കും.
പള്ളിൽ നടക്കുന്ന ഇടവക തിരുനാളിന്റെ തിരുകർമങ്ങളിൽ പങ്കെടുക്കാൻ എല്ലാ വിശ്വാസികളെയും പള്ളി വികാരിയും ഇടവകസമൂഹ പ്രതിനിധികളും ഇടവക സമൂഹവും ക്ഷണിക്കുന്നതായി അറിയിച്ചു.
|
മേരി തെക്കിനേൻ അന്തരിച്ചു
ആലുവ: ചുണങ്ങംവേലി തെക്കിനേൻ മേരി പൗലോസ് (90) അന്തരിച്ചു. കറുകുറ്റി കിലുക്കൻ കുടുംബാംഗമാണ്. സംസ്കാരം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ചുണങ്ങംവേലി സെന്റ് ജോസഫ് പള്ളിയിൽ.
ഭർത്താവ്: പരേതനായ പൗലോസ് തെക്കിനേൻ. മക്കൾ: ആനി (വിയന്ന), വർഗീസ് (ചുണങ്ങംവേലി), കൊച്ചുത്രേസ്യ (മുരിങ്ങൂർ), കുഞ്ഞുമേരി (വടാട്ടുപാറ), റോസിലി (സ്വിറ്റ്സർലൻഡ്), ജോയി (സ്വിറ്റ്സർലൻഡ്), ജെസി (തൃശൂർ), ബാബു (വിയന്ന).
മരുമക്കൾ: ജോസ് തൈലയിൽ (വിയന്ന), റോസിലി കാച്ചപ്പിള്ളി (കൂനമ്മാവ്), മാത്യു നെല്ലിശേരി (മുരിങ്ങൂർ), ജോർജ് വെട്ടുകല്ലുംപുറത്ത് (വടാട്ടുപാറ), മാത്യു വാളിപ്ലാക്കൽ (സ്വിറ്റ്സർലൻഡ്), ആനി പീച്ചാട്ട് (സ്വിറ്റ്സർലൻഡ്), പരേതനായ പോൾ തൈക്കാട്ടിൽ (തൃശൂർ), ഫ്രെനി തെക്കിനിയത്ത് (വിയന്ന).
|
ദീനാമ്മ ജോസഫ് അന്തരിച്ചു
പത്തനംതിട്ട: മടുക്കക്കുഴി പരേതനായ ഔസേപ്പച്ചന്റെ ഭാര്യ ദീനാമ്മ ജോസഫ് (93) അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച 12.45ന് അഴൂര്‍ ജംഗ്ഷനിലുള്ള വസതിയില്‍ ആരംഭിച്ച് 2.30ന് റാന്നി പെരുനാട്, മാമ്പാറ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയില്‍.
പരേത പെരുനാട് കാലായില്‍ കുടുംബാംഗം. മക്കള്‍: റ്റെസമ്മ ജോസ് (പൂഞ്ഞാര്‍), മാത്യു ജോസഫ് (റെയ്ച്ചന്), ലിസമ്മ വര്‍ഗീസ് (ദോഹ), ജിജോ എം. ജോസഫ് (യുകെ).
മരുമക്കള്‍: പി.സി. ജോസ് പെരുമ്പള്ളിക്കുന്നേല്‍ (പൂഞ്ഞാര്‍), റോസമ്മ സെബാസ്റ്റ്യന്‍ ഞാവള്ളില്‍ തൂണുങ്കല്‍ (മംഗലംഡാം), റ്റി.സി. വര്‍ഗീസ് തോട്ടുങ്കര (കോന്നി), ജിറ്റി മാത്യൂസ് തടത്തില്‍ (ചുങ്കപ്പാറ).
പരേതനായ ഫാ. മാത്യു കാലായില്‍ സഹോദരനും ഫാ. ജീതു പെരുമ്പള്ളിക്കുന്നേല്‍ സിഎംഐ കൊച്ചുമകനുമാണ്. മൃതദേഹം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് പത്തനംതിട്ട അഴൂര്‍ ജംഗ്ഷനിലുള്ള ഭവനത്തില്‍ കൊണ്ടുവരും.
|
യുക്മ ദേശീയ കായികമേള സമാപിച്ചു
ബർമിംഗ്ഹാം: ബർമിംഗ്ഹാം സട്ടൻ കോൾഡ്ഫീൽഡ് വിൻഡ്ലെ ലെഷർ സെന്റർ സ്റ്റേഡിയത്തിൽ നടന്ന യുക്മ ദേശീയ കായികമേള സമാപിച്ചു. കായിക മത്സരങ്ങളിൽ 168 പോയിന്റുമായി മിഡ്ലാൻഡ്സ് റീജൻ തുടർച്ചയായ നാലാം തവണയും ഓവറോൾ ചാന്പ്യന്മാരായി. 128 പോയിന്റുമായി സൗത്ത് വെസ്റ്റ് റീജൻ റണ്ണറപ്പ് സ്ഥാനവും 79 പോയിന്റോടെ ഈസ്റ്റ് ആംഗ്ലിയ റീജൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
അസോസിയേഷൻ തലത്തിൽ 103 പോയിന്റുമായി വാർവിക്ക് ആന്റ് ലമിംഗ്ടൺ മലയാളി അസോസിയേഷൻ (WALMA) ചാന്പ്യൻ അസോസിയേഷൻ ആയപ്പോൾ 93 പോയിന്റുമായി സൊമർസെറ്റ് മലയാളി കൾച്ചറൽ അസോസിയേഷൻ റണ്ണറപ്പും 39 പോയിന്റുമായി ഹൾ ഇന്ത്യൻ മലയാളി അസോസിയേഷൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ചങ്ങനാശേരി എംഎൽഎ അഡ്വ. ജോബ് മൈക്കിളാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. ദേശീയ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ദേശീയ സെക്രട്ടറി ജയകുമാർ നായർ, വൈസ് പ്രസിഡന്റുമാരായ വർഗീസ് ഡാനിയേൽ, സ്മിത തോട്ടം, ജോയിന്റ് സെക്രട്ടറി റെയ്മോൾ നിഥിരി, സ്പോർട്സ് കോഓർഡിനേറ്റർ സെലീന സജീവ്, റീജനൽ പ്രസിഡന്റുമാരും , നാഷനൽ കമ്മറ്റി അംഗങ്ങളും സന്നിഹിതരായിരുന്നു.
നാഷനൽ സ്പോർട്സ് കോഓർഡിനേറ്ററും മുൻ ചാന്പ്യന്മാർ ചേർന്ന് ദീപശിഖ തെളിയിച്ചു കൊണ്ട് ആരംഭിച്ച വർണശബളമാ മാർച്ചു പാസ്റ്റിനുശേഷം ദീപശിഖ നാഷനൽ പ്രസിഡന്റ് ഏറ്റുവാങ്ങി.
യുക്മ ന്യൂസ് എഡിറ്റർ സുജു ജോസഫ്, ദേവലാൽ സഹദേവൻ, സൗത്ത് ഈസ്റ്റ് റീജണിന്റെ ട്രഷറർ തേജു മാത്യൂസ് എന്നിവർ ഓഫിസ് കാര്യങ്ങൾ നിർവഹിച്ചു. കിഡ്സ് ആൺകുട്ടികളുടെ വിഭാഗത്തിൽ സ്റ്റെഫിൻ ടിന്റു തമ്പി (SMCA സോമർസെറ്റ്), പെൺകുട്ടികളുടെ വിഭാഗത്തിൽ ഇവ്ലിൻ മേരി ജെയിംസ് (WALMA വാർവിക്ക്), സബ്ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ അഹ്സാൻ സജു (CMA കാർഡിഫ്), പെൺകുട്ടികളുടെ വിഭാഗത്തിൽ ചിന്മയി പ്രശാന്ത് (WALMA വാർവിക്ക്), ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ ചേതൻ ദേവരാജ് (CMA ക്രൂവ്), പെൺകുട്ടികളുടെ വിഭാഗത്തിൽ റിയാനാ ജോസഫ് (WALMA, വാർവിക്ക്), സീനിയർ പുരുഷവിഭാഗത്തിൽ ജോ പോൾ സച്ചിൽ (BMA ബാത്ത്), സാവിയോ സിജോ (സർഗ്ഗം സ്റ്റീവനേജ്), വനിതാ വിഭാഗത്തിൽ മീനാക്ഷി രാജേഷ് (LUKA ലൂട്ടൻ), അഡൽറ്റ് പുരുഷ വിഭാഗത്തിൽ സോബിൻ സണ്ണി (CMC ക്രോളി), വനിതാ വിഭാഗത്തിൽ ടിന്റു മെൽവിൻ (സർഗ്ഗം സ്റ്റീവനേജ്), സീനിയർ അഡൽറ്റ് പുരുഷവിഭാഗത്തിൽ അരുൺ തോമസ് (SMCA സോമർസെറ്റ്), വനിതാ വിഭാഗത്തിൽ വിദ്യ സുമേഷ് (WALMA വാർവിക്ക്), സൂപ്പർ സീനിയർ പുരുഷ വിഭാഗത്തിൽ അജിത് മഠത്തിൽ (BMA ബോൾട്ടൻ), വനിതാ വിഭാഗത്തിൽ ബിൻസി ലിനു (KCA റെഡ്ഡിച്ച്), സിന്ധു ജോസഫ് (LUKA ലൂട്ടൻ) എന്നിവർ വ്യക്തിഗത ചാന്പ്യന്മാരായി.
വിജയികൾക്ക് പ്രസിഡന്റ് എബി സെബാസ്റ്റ്യൻ, മുൻ ദേശീയ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറ, സെക്രട്ടറി ജയകുമാർ നായർ എന്നിവരുടെ നേതൃത്വത്തിൽ ട്രോഫികളും മെഡലുകളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
|
യുക്മ വെയിൽസ് റീജണൽ കായികമേളയിൽ കാർഡിഫ് മലയാളി അസോസിയേഷൻ ഓവറോൾ ചാന്പ്യന്മാർ
കാർഡിഫ്: യുക്മ വെയിൽസ് റീജണൽ കായികമേള കാർഡിഫിലെ സെന്റ് ഫിലിപ്പ് ഇവാൻസ് സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടന്നു. കാർഡിഫ് മലയാളി അസോസിയേഷൻ 174 പോയിന്റോടെ ഓവറോൾ ചാന്പ്യൻഷിപ് കരസ്ഥമാക്കി.
മലയാളി വെൽഫെയർ അസോസിയേഷൻ ബാരി 98 പോയിന്റുമായി രണ്ടാം സ്ഥാനവും ബ്രിഡ്ജ്ണ്ട് മലയാളി അസോസിയേഷൻ 96 പോയിന്റോടെ മൂന്നാം സ്ഥാനവും നേടി. ന്യൂപോർട് കേരള കമ്യൂണിറ്റി 22 പോയിന്റ് നേടി നാലാം സ്ഥാനത്തെത്തി.
മാർച്ചു ഫാസ്റ്റിന് ശേഷം നടന്ന യോഗത്തിൽ യുക്മയുടെ ദേശീയ ജോയിന്റ് ട്രഷററും ദേശീയ കായികമേള ജനറൽ കൺവീനറുമായ പീറ്റർ താണോലിൽ വെയിൽസ് റീജണൽ കായികമേള ഉദ്ഘാടനം ചെയ്തു.
യുക്മ വെയിൽസ് റീജണൽ പ്രസിഡന്റ് ജോഷി തോമസ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. യുക്മ ദേശീയ കമ്മിറ്റി അംഗം ബെന്നി അഗസ്റ്റിൻ കായികമേളക്ക് ആശംസകൾ അറിയിച്ചു. യുക്മ സാംസ്കാരികവേദി കൺവീനർ ബിനോ ആന്റണി യോഗത്തിൽ സന്നിഹിതനായിരുന്നു. ഗീവർഗീസ് മാത്യു സ്വാഗതം പറഞ്ഞു.
റീജണൽ സ്പോർട്സ് സെക്രട്ടറി സാജു സലിംകുട്ടി, ട്രഷറർ റ്റോമ്പിൽ കണ്ണത്ത്, വെയിൽസ് റീജണൽ കമ്മിറ്റി അംഗങ്ങളായ മാമൻ കടവിൽ, ബെർലി തുടങ്ങിയവർ കായികമേളയ്ക്ക് നേതൃത്വം നൽകി.
വ്യക്തിഗത ചാന്പ്യൻഷിപ്പിൽ കിഡ്സ് ആൺകുട്ടികളുടെ വിഭാഗത്തിൽ ഐഡൻ പോളി (ബ്രിഡ്ജ്ണ്ട്), അഹൻ പ്രിൻസ് (ബാരി) എന്നിവരും കിഡ്സ് പെൺകുട്ടികളുടെ വിഭാഗത്തിൽ ആഞ്ജലീന റോസ് ലാലിൻ (ബ്രിഡ്ജ്ണ്ട്) എന്നിവരും വിജയികളായി.
സബ് ജൂണിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ അഹ്സൻ സാജുവും (കാർഡിഫ്), സബ് ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ ഐറീൻ ബൈജുവും (ബ്രിഡ്ജ്ണ്ട്), ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ ജോഷ് ജോബിയും (കാർഡിഫ്), ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ ഫിയ പോളും (കാർഡിഫ്) ചാന്പ്യന്മാരായി.
സീനിയർ പുരുഷ വിഭാഗത്തിൽ ഡിലൻ ജോസഫും (ന്യൂപോർട്), സീനിയർ സ്ത്രീ വിഭാഗത്തിൽ ഇവാന പോളും (കാർഡിഫ്), അഡൽട്സ് പുരുഷ വിഭാഗത്തിൽ ജോബ് ജോണും (കാർഡിഫ്), അഡൽട്സ് സ്ത്രീ വിഭാഗത്തിൽ റിയയും (ബ്രിഡ്ജ്ണ്ട്), സീനിയർ അഡൽട്സ് പുരുഷ വിഭാഗത്തിൽ ഗീവർഗീസ് മാത്യുവും (ബാരി), സൂപ്പർ സീനിയർ പുരുഷ വിഭാഗത്തിൽ ബിജു പോളും (കാർഡിഫ്) വ്യക്തിഗത ചാന്പ്യഷിപ്പ് കരസ്ഥമാക്കി.
വെയിൽസ് റീജണൽ കായിക മേള വൻ വിജയമാക്കാൻ സഹകരിച്ച കാർഡിഫ് മലയാളി അസോസിയേഷൻ പ്രസിഡന്റ് ബിജു പോൾ, ബ്രിഡ്ജ്ണ്ട് മലയാളി അസോസിയേഷൻ പ്രസിഡന്റ് രതീഷ് രവി, ബാരി മലയാളി വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് ടോംബിൾ കണ്ണത്ത്, ന്യൂപോർട് കേരള കമ്യൂണിറ്റി പ്രസിഡന്റ് തോമസുകുട്ടി ജോസഫ്, മെർത്യർ മലയാളി അസോസിയേഷൻ പ്രസിഡന്റ് അലൻ പോൾ എന്നിവർക്കും കായികമേള ഉദ്ഘാടനം ചെയ്ത പീറ്റർ താണോലിലിനും എല്ലാവിധ സഹായങ്ങളും നൽകിയ കമ്മിറ്റി അംഗങ്ങൾക്കും കായികമേളയിൽ പങ്കെടുത്ത എല്ലാ കായികതാരങ്ങൾക്കും യുക്മ വെയിൽസ് റീജണൽ വൈസ് പ്രസിഡന്റ് പോളി പുതുശേരി നന്ദി അറിയിച്ചു.
|
മാഞ്ചസ്റ്റർ തിരുനാൾ: ഫാ. സുനി പടിഞ്ഞാറേക്കര നൊവേന അർപ്പിക്കും
മാഞ്ചസ്റ്റർ: യുകെയിലെ മലയാറ്റൂർ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന മാഞ്ചസ്റ്റർ സെന്റ് തോമസ് ദ അപ്പോസ്തൽ മിഷനിൽ മാർ തോമാശ്ലീഹായുടേയും വിശുദ്ധ അൽഫോൻസാമ്മയുടേയും സംയുക്ത തിരുനാളാഘോഷങ്ങളുടെ മൂന്നാം ദിവസമായ ചൊവ്വാഴ്ച വൈകുന്നേരം 5.30ന് റവ. ഫാ. സുനി പടിഞ്ഞാറേക്കര (ഡയറക്ടർ സെന്റ് മേരീസ് ക്നാനായ മിഷൻ, മാഞ്ചസ്റ്റർ) ദിവ്യബലിയും നൊവേനയും അർപ്പിക്കും.
ഇന്നത്തെ ദിവ്യബലിയിലെയും നൊവേനയിലെയും പ്രാർഥനകളിലെ പ്രത്യേക നിയോഗം കാറ്റിക്കിസം, എസ്എംവെെഎം, സിഎംഎൽ & സാവിയോ ഫ്രണ്ട്സ്, സെന്റ് ഫ്രാൻസീസ് അസീസി യൂണിറ്റ്, സെന്റ് ജോസഫ് & സെന്റ് ഹ്യൂഗ്സ് യൂണിറ്റ് എന്നീ സംഘടനകളിലെ പ്രവർത്തകർക്കും കുടുംബ കൂട്ടായ്മകളിലെ കുടുംബങ്ങൾക്കും വേണ്ടിയാണ്.
തിങ്കളാഴ്ച വൈകുന്നേരം നടന്ന ദിവ്യബലിക്കും നൊവേനയ്ക്കും മാഞ്ചസ്റ്റർ ഹോളി ഫാമിലി മിഷൻ ഡയറക്ടർ റവ.ഫാ. വിൻസെന്റ് ചിറ്റിലപ്പിള്ളി മുഖ്യകാർമികനായിരുന്നു.
ബുധനാഴ്ച സാൽഫോർഡ് സെന്റ് എവുപ്രാസ്യാ മിഷൻ ഡയറക്ടർ ഫാ. സാന്റോ വാഴേപറമ്പിൽ മുഖ്യ കാർമികനാവും. വ്യാഴാഴ്ച ഷ്രൂഷ്ബറി രൂപത വികാരി ജനറൽ ഫാ. മൈക്കിൾ ഗാനൻ കാർമികനാവുമ്പോൾ വെള്ളിയാഴ്ച നോട്ടിംഗ്ഹാം സെന്റ് ജോൺ മിഷൻ ഡയറക്ടർ ഫാ.ജോബി ജോൺ ഇടവഴിക്കലായിരിക്കും ദിവ്യബലി അർപ്പിക്കുക
പ്രധാന തിരുന്നാൾ ദിനമായ ശനിയാഴ്ച രാവിലെ 9.30 മുതൽ അത്യാഘോഷപൂർവ്വമായ തിരുനാൾ കുർബാനയ്ക്ക് തുടക്കമാകും. ആഷ്ഫോർഡ് മാർ സ്ലീവാ മിഷൻ ഡയറക്ടർ ഫാ. ജോസ് അഞ്ചാനിക്കൽ തിരുന്നാൾ കുർബാനയിൽ മുഖ്യ കാർമികനാവുമ്പോൾ ഒട്ടേറെ വൈദീകർ സഹകാർമികരാകും.
തുടർന്ന് തിരുനാൾ പ്രദക്ഷിണവും സ്നേഹവിരുന്നും നടക്കും. ഞായറാഴ്ച വൈകുന്നേരം നാലിന് ദിവ്യബലിയെ തുടർന്ന് മിഷൻ ഡയറക്ടർ റവ. ഫാ. ജോസ് കുന്നുംപുറം കൊടിയിറക്കുന്നതോടെ ഒരാഴ്ച നീണ്ടുനിന്ന തിരുനാൾ ആഘോഷങ്ങൾക്ക് സമാപനമാകും.
തുടർന്ന് നേർച്ചവിതരണവും ഉണ്ടായിരിക്കും. തിരുനാൾ ആഘോഷങ്ങളുടെ വിജയത്തിനായി മിഷൻ ഡയറക്റ്റർ ഫാ. ജോസ് കുന്നുംപുറം, ട്രസ്റ്റിമാരായ ടോണി കുര്യൻ, ജയൻ ജോൺ, ദീപു ജോസഫ് എന്നിവരുടെയും പാരീഷ് കമ്മിറ്റിയുടെയും നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ച് വരുന്നു.
മാഞ്ചസ്റ്റർ തിരുന്നാളിൽ സംബന്ധിച്ച് വിശുദ്ധരുടെ അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ എല്ലാവരേയും ക്ഷണിക്കുന്നതായി മിഷൻ ഡയറക്ടർ റവ.ഫാ. ജോസ് കുന്നുംപുറം അറിയിച്ചു.
|
ലെസ്റ്ററിൽ ക്നാനായ സംഗമം സമാപിച്ചു
ലെസ്റ്റർ: യൂറോപ്പിലെ ക്നാനായ മക്കളുടെ ഒത്തുചേരലിന് ആവേശോജ്വല കൊടിയിറക്കം. ലെസ്റ്റർ നഗരത്തിലെ മെഹർ സെന്റർ കഴിഞ്ഞദിവസം സാക്ഷ്യം വഹിച്ചത് മഹാ കൂട്ടായ്മയ്ക്ക്.
ക്നാനായ സഭയുടെ വലിയ മെത്രാപ്പൊലീത്ത കുര്യാക്കോസ് മാർ സേവേറിയോസിന്റെ മുഖ്യ കാർമികത്വത്തിൽ നടന്ന കുർബാനയിൽ ഫാ. സജി എബ്രഹാം, കോച്ചേത്ത്, ഫാ. ബിനോയ് തട്ടാൻ കുന്നേൽ, ഫാ. ജോമോൻ പുന്നൂസ് എന്നിവർ സഹകാർമികത്വം വഹിച്ചു.
തുടർന്ന് സന്നിഹിതരായ വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തിൽ പൊതുസമ്മേളനവും കലാപരിപാടികളും വേദിയിൽ അരങ്ങേറി.
|
തിരുനാളിനൊരുങ്ങി മാള്‍ട്ട സെന്റ് തോമസ് സീറോമലബാര്‍ ഇടവക
മാള്‍ട്ട: യൂറോപ്യന്‍ രാജ്യമായ മാള്‍ട്ടയില്‍ തിരുനാളിനൊരുങ്ങി സെന്റ് തോമസ് സീറോമലബാര്‍ ഇടവക. ഇടവക മധ്യസ്ഥനായ തോമാശ്ലീഹായുടെ തിരുനാളിന് ദുക്റാന തിരുനാള്‍ ദിനമായ വ്യാഴാഴ്ച (ജൂലൈ മൂന്ന്) ഇടവക വികാരി ഫാ. മാത്യു വാരുവേലില്‍ കൊടിയേറ്റുന്നതോടുകൂടി തുടക്കമാകും.
വെള്ളിയാഴ്ച ഫാ. വര്‍ഗീസ് പുത്തന്‍പുരയ്ക്കലിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന വി. കുര്ബാനയോടനുബന്ധിച്ച് പ്രസുദേന്തി വാഴ്ച നടക്കും. ശനിയാഴ്ച വൈകുന്നേരം നാലിന് നടക്കുന്ന ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്ക് ഫാ. സെബാസ്റ്റ്യന്‍ കൈപ്പന്‍പ്ലാക്കല്‍ മുഖ്യ കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് വാര്‍ഷികസമ്മേളനവും സ്നേഹവിരുന്നും നടക്കും.
പ്രധാനതിരുനാള് ദിനമായ ഞായറാഴ്ച വൈകുന്നേരം അഞ്ചിന് ആഘോഷമായ തിരുനാള്‍ പ്രദിക്ഷിണം നടക്കും. തുടര്‍ന്ന് 6.30ന് ചരിത്ര പ്രസിദ്ധമായ വല്ലേറ്റ സെന്റ് ജോണ്‍സ് കോ കത്തീഡ്രലില്‍ ചരിത്രത്തിലാദ്യമായി മലയാളം റാസ കുര്‍ബാന അര്‍പ്പിക്കും.
മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് മുഖ്യ കാര്‍മികത്വം വഹിക്കുന്ന കുര്‍ബാനയില്‍ ഇടവകയിലെ കുട്ടികളുടെ ആദ്യകുര്‍ബാന സ്വീകരണവും നടക്കും.
|
യുക്മ യോർക്ഷയർ ആൻഡ് ഹംബർ റിജിയൺ കായിക മത്സരങ്ങൾക്ക് ഉജ്വല പരിസമാപ്തി
ബാൺസ്ലി: ബാൺസ്ലി കേരള കൾചറൽ അസോസിയേഷന്റെ ആതിഥേയത്വത്തിൽ ബാൺസ്ലിയിലെ ഗൊറോത്തി ഹയ്മെൻ സ്റ്റേഡിയത്തിൽ നടന്ന 2025 യുക്മ യോർക്ഷയർ ആൻഡ് ഹംബർ റീജിയൺ കായിക മത്സരങ്ങളിൽ ഹൾ ഇന്ത്യൻ മലയാളി അസോസിയേഷൻ(ഹിമ) 143 പോയിന്റുമായി ഓവർ ഓൾ ചാമ്പ്യന്മാരായി.
90 പോയിന്റുമായി ഷെഫീൽഡ് കേരള കൾച്ചറൽ അസോസിയേഷൻ രണ്ടാം സ്ഥാനം നേടിയപ്പോൾ 78 പോയിന്റുമായി ഗ്രിംസ്ബി കേരളൈറ്റ്സ് അസോസിയേഷനും 57 പോയിന്റുമായി കീത്ലി മലയാളി അസോസിയേഷനും യഥാക്രമം മൂന്നും നാലും സ്ഥാനങ്ങൾ കരസ്ഥമാക്കി.
രാവിലെ എട്ട് മുതൽ രജിസ്റ്റർ ചെയ്തവർക്ക് ചെസ്റ്റ് നമ്പറുകൾ വിതരണം ചെയ്തു. 8.45നു യുക്മ നാഷണൽ ജനറൽ സെക്രട്ടറി ജയകുമാർ നായർ യുക്മ പതാക ഉയർത്തിക്കൊണ്ടു തുടങ്ങിയ കായിക മാമാങ്കം രാത്രി 8.30 വരെ നീണ്ടുനിന്നു.
യുക്മ യോർക്ഷയർ ആൻഡ് ഹംബർ റീജിയൺ പ്രസിഡന്റ് അമ്പിളി എസ്. മാത്യൂസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബാൺസ്ലി മേയർ കൗൺസിലർ ഡേവിഡ് ലീച്ച് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ മേയറസ് ആലിസൺ ലീച്ച് കൗൺസിലേഴ്സ് ഹെയ് വാർഡ്, ചെറിഹോം, റേയ്ചൽ പേയ്ലിംഗ് ഹെഡ് ഓഫ് സ്ട്രോംഗർ കമ്യൂണിറ്റീസ് പബ്ലിക് ഹെൽത്ത് ആൻഡ് കമ്യൂണിറ്റീസ് ഫ്രം ബാർൺസ്സി, നാഷണൽ വൈസ് പ്രസിഡന്റ് വർഗീസ് ഡാനിയേൽ,
നാഷണൽ എക്സിക്യൂട്ടീവ് അംഗം ജോസ് വർഗീസ്, റീജിയൺ സെക്രട്ടറി അജു തോമസ്, ട്രഷർ ഡോ. ശീതൾ മാർക്ക്, വൈസ് പ്രസിഡന്റുമാരായ ഡോ. അഞ്ജു ഡാനിയൽ, ജിജോ ചുമ്മാർ, ജോയിന്റ് സെക്രട്ടറിമാരായ വിമൽ ജോയ്, ബിജിമോൾ രാജു, ജോയിന്റ് ട്രഷറർ അരുൺ ഡൊമിനിക്,
സ്പോർട്സ് കോഓർഡിനേറ്റർ സുജീഷ് പിള്ള, ആർട്സ് കോഓർഡിനേറ്റർ ആതിര മജ്നു, പിആർഒ ജേക്കബ് കളപ്പുരക്കൽ, വള്ളംകളി കോഓർഡിനേറ്റർ എൽദോ എബ്രഹാം, യുക്മ ന്യൂസ് കോഓർഡിനേറ്റർ ബാബു സെബാസ്റ്റ്യൻ, യുക്മ ചാരിറ്റി കോർഡിനേറ്റർ റൂബിച്ചൻ എന്നിവരും സന്നിഹിതരായിരുന്നു.
നാഷണൽ കൗൺസിൽ അംഗം ജോസ് വർഗീസ് ഫ്ലാഗ് ഓഫ് ചെയ്ത് ആരംഭിച്ച വർണശബളമായ മാർച്ചു പാസ്റ്റിന്റെ സല്യൂട്ട് മേയറും റീജിയണൽ പ്രസിഡന്റും ഏറ്റുവാങ്ങി. 13 അസോസിയേഷനുകളിൽ നിന്നും മുന്നൂറിൽപരം കായിക താരങ്ങൾ പങ്കെടുത്ത കായികമത്സരങ്ങളിൽ റീജിയണിൽ നിന്നുള്ള അനേകം കായിക പ്രേമികളുടെ പങ്കാളിത്തം എടുത്ത് പറയേണ്ടതാണ്.
വോളന്റിയേഴ്സിന്റെ ആത്മാർഥമായ സഹകരണം കൊണ്ട് ഒരേ സമയം ട്രാക്കിലും ഫീൽഡിലുമായി വിവിധ ഇനങ്ങൾ നടത്തികൊണ്ട് മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ മുൻ നാഷണൽ ജോയിന്റ് സെക്രട്ടറി സാജൻ സത്യൻ ഓഫീസ് കാര്യങ്ങൾ നിർവഹിച്ചു.
പുരുഷ വിഭാഗത്തിൽ വ്യക്തിഗത ചാമ്പ്യനായി വിനീഷ് പി. വിജയനും വനിതാ വിഭാഗത്തിൽ നിരഞ്ജന വിനീഷും ഗാബിൻ ഗ്രൈജോയും ചാമ്പ്യന്മാരായി. സ്പോർട്സ് ഡേയോട് അനുബന്ധിച്ച് നടത്തിയ ഫുട്ബോൾ ടൂർണമെന്റിൽ സ്കൻതോർപ് മലയാളി അസോസിയഷൻ(എസ്എംഎ) ചാമ്പ്യന്മാരായപ്പോൾ ലീഡ്സ്(ലിമ) രണ്ടാം സ്ഥാനം നേടി.
13 ടീമുകൾ പങ്കെടുത്ത ശക്തമായ മത്സരങ്ങൾക്കൊടുവിൽ സമയം അതിക്രമിച്ചതിനാൽ നറുക്കെടുപ്പിലൂടെയാണ് ഫുട്ബോൾ ചാമ്പ്യനെ തെരഞ്ഞെടുത്തത്. കാണികളിൽ ആവേശം ഉണർത്തിയ വടംവലി മത്സരവും നടന്നു.
ഏഴ് ടീമുകൾ പങ്കെടുത്ത കനത്ത മത്സരത്തിനൊടുവിൽ ഷെഫീൽഡ് ജേതാക്കളും ചെസ്റ്റർഫീൽഡ് റണ്ണർ അപ്പുമായി. വിജയികൾക്ക് റീജിയണൽ പ്രസിഡന്റിന്റെ നേതൃത്വത്തിൽ ട്രോഫികളും മെഡലുകളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
റീജിയണിൽ വ്യക്തിഗത ഇനങ്ങളിലും ഗ്രൂപ്പ് ഇനങ്ങളിലും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയ വർക്കായിരിക്കും ജൂൺ 28നു ബർമിംഗ്ഹാമിൽ നാഷണൽ സ്പോർട്സിൽ മത്സരിക്കുവാൻ അവസരമുള്ളത്.
ഈ കായിക മാമാങ്കം ഒരു അത്യുജ്വല വിജയമാക്കി തന്ന എല്ലാവരെയും കമ്മിറ്റി അംഗങ്ങൾ നന്ദി അറിയിച്ചു. കമ്മിറ്റി അംഗങ്ങൾ ഒരേ യൂണിഫോമിലുള്ള സ്പോർട്സ് ഗിയറിൽ വന്നതും ഒരുമയുടെയും ഐക്യത്തിന്റെയും സന്തോഷത്തിന്റെയും പ്രതീകങ്ങളായി. റീജിയണിലുള്ളവർക്ക് പരസ്പരം കാണുവാനും സംസാരിക്കുവാനും സൗഹൃദം പുതുക്കുവാനും കഴിഞ്ഞു.
റീജിയണൽ കായിക മത്സരങ്ങളിൽ അന്റോണിയോ ഗ്രോസറീസ്, സെനിത്ത് സോളിസിറ്റേഴ്സ്, ജിയ ട്രാവൽസ്, ജെഎംപി സോഫ്റ്റ്വെയർ, തക്കോലം റസ്റ്റോറന്റ് ഷെഫീൽഡ് എന്നിവർ സ്പോൺസേഴ്സായിരുന്നു.
യുക്മ യോർക് ഷെയർ & ഹംമ്പർ റീജിയൺ കായികമേള മികച്ച വിജയമാക്കാൻ സഹകരിച്ച എല്ലാവർക്കും റീജിയൺ കമ്മിറ്റിക്കു വേണ്ടി ദേശീയ സമിതിയംഗം, ദേശീയ സമിതിയംഗം ജോസ് വർഗീസ്, പ്രസിഡന്റ് അമ്പിളി മാത്യൂസ്, സെക്രട്ടറി അജു തോമസ് എന്നിവർ നന്ദി അറിയിച്ചു.
|
ചൂടിൽ വെന്ത് യൂറോപ്പ്; സ്പെയിനിൽ രേഖപ്പെടുത്തിയത് 46 ഡിഗ്രി സെൽഷസ്
മാഡ്രിഡ്: ഉഷ്ണതരംഗം ശക്തമായതോടെ യൂറോപ്യൻ രാജ്യങ്ങൾ വെന്തുരുകുന്നു. ശനിയാഴ്ച സ്പെയിനിലെ സെവിയ്യ മേഖലയിൽ 40 ഡിഗ്രി സെൽഷസിനു മുകളിൽ ചൂടാണ് അനുഭവപ്പെട്ടത്. എൽ ഗ്രനഡോ പട്ടണത്തിൽ 46 ഡിഗ്രി ചൂട് രേഖപ്പെടുത്തി.
പോർച്ചുഗൽ, ഇറ്റലി, ക്രൊയേഷ്യ, ഫ്രാൻസ്, ഓസ്ട്രിയ, ബെൽജിയം, ബോസ്നിയ ആൻഡ് ഹെർസിഗോവിന, ഹംഗറി, സെർബിയ, സ്ലൊവേനിയ, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങൾ ഉഷ്ണതരംഗത്തിനെതിരേ ജാഗ്രത പുലർത്തണമെന്ന് ജനങ്ങളോടു നിർദേശിച്ചിരിക്കുകയാണ്.
സ്പെയിനിലെ ബാഴ്സലോണ നഗരത്തിൽ നിരത്തുകൾ തൂത്തു വൃത്തിയാക്കുന്ന ഒരു വനിതാ തൊഴിലാളി മരിച്ചത് ഉഷ്ണതരംഗം മൂലമാണോ എന്ന് സ്ഥിരീകരിക്കാൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇറ്റലിയിൽ ഒട്ടേറെപ്പേർക്കു സൂര്യാഘാതം ഏറ്റെന്നും ഇതിൽ ഭൂരിഭാഗവും വയോധികർ, കാൻസർ രോഗികൾ, ഭവനരഹിതർ എന്നിവരാണെന്നും അധികൃതർ പറഞ്ഞു. പോർച്ചുഗൽ തലസ്ഥാനമായ ലിസ്ബണിലും ജനങ്ങൾക്കു സൂര്യാഘാതം ഏറ്റുവെന്നാണു റിപ്പോർട്ട്.
സാധാരണ തണുപ്പുനിറഞ്ഞ കാലാവസ്ഥയുള്ള ബാൾക്കൻ രാജ്യങ്ങളിലടക്കം 40 ഡിഗ്രി സെൽഷസിനടുത്തേക്കു താപനില ഉർന്നിട്ടുണ്ട്. ഗ്രീസിന്റെ അയൽരാജ്യമായ നോർത്ത് മാസിഡോണിയയിൽ വെള്ളിയാഴ്ച 42 ഡിഗ്രി ചൂട് രേഖപ്പെടുത്തി.
ലണ്ടനിൽ ഈയാഴ്ച 35 ഡിഗ്രിയിലേക്കു ചൂട് ഉയരുമെന്നാണു മുന്നറിയിപ്പ്.
|
യുകെയുടെ മലയാറ്റൂർ തിരുനാളിന് ഭക്തിനിർഭരമായ തുടക്കം; പ്രധാന തിരുനാൾ ശനിയാഴ്ച
മാഞ്ചസ്റ്റർ: യുകെയുടെ മലയാറ്റൂർ എന്ന് ഖ്യാതി കേട്ട മാഞ്ചസ്റ്റർ ദുക്റാന തിരുനാളിന് ഭക്തിനിർഭരമായ തുടക്കം. പ്രാർഥനാ മന്ത്രങ്ങളാൽ മുഖരിതമായി പരിശുദ്ധമായ അന്തരീക്ഷത്തിൽ ഇടവക വികാരി ഫാ. ജോസ് കുന്നുംപുറം കൊടിയേറ്റിയതോടെ ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കമായി.
തിരുനാളിനോട് അനുബന്ധിച്ചു വിഥിൻഷോ ഫോറം സെന്ററിൽ നടന്ന ഇടവകദിനം "ഗ്രെഷ്യസ് 2025' ജനപങ്കാളിത്വം കൊണ്ടും പരിപാടികളുടെ മികവിനാലും ശ്രദ്ദേയമായി. ഇടവകയിലെ വിവിധ കുടുംബകൂട്ടായ്മകൾ വിവിധങ്ങളായ പരിപാടികളുമായി വേദിയിൽ നിറഞ്ഞതോടെ ഏവർക്കും ഓർത്തിരിക്കാൻ സാധിക്കുന്ന നല്ലൊരു സായാഹ്നത്തിനാണ് മാഞ്ചസ്റ്റർ സാക്ഷ്യം വഹിച്ചത്.
ഇതിനൊപ്പം വില്യം ഐസക്കും ഡെൽസി നൈനാനും ചേർന്ന് അവതരിപ്പിച്ച മ്യൂസിക്കൽ ഷോ ഏവർക്കും വിസ്മയ വിരുന്നായി മാറുകയായിരുന്നു. ഞായറാഴ്ച വൈകുന്നേരം മൂന്നോടെ തിരുനാൾ പ്രസുദേന്തിമാരും ഇടവക ജനവും പ്രദക്ഷിണമായി കൊടിമരച്ചുവട്ടിൽ എത്തിയതോടെ നടന്ന പ്രാർഥനകളെ തുടർന്ന് വികാരി ഫാ. ജോസ് കുന്നുംപുറം കൊടിയേറ്റ് നിർവഹിച്ചു.
തുടർന്ന് പ്രദക്ഷിണമായി ഏവരും പള്ളിയിൽ പ്രവേശിച്ചതോടെ പ്രസുദേന്തി വാഴ്ചയും ലദീഞ്ഞും വിശുദ്ധ കുർബാനയും നടന്നു. ഇതേതുടർന്ന് കുടുംബയൂണിറ്റുകൾ വഴിയുള്ള കഴുന്ന് പ്രദക്ഷിണങ്ങൾക്ക് തുടക്കമായി.
ദിവ്യബലിയേ തുടർന്ന് 25ാം വിവാഹ വാർഷികം ആഘോഷിക്കുന്ന അലക്സ് വർഗീസ്, സാജുകാവുങ്ങ, ഡോ.ബെൻഡൻ എന്നീ കുടുംബങ്ങളെ പ്രത്യേക ഉപഹാരം നൽകി ആദരിച്ചു.
ദിവ്യബലിയെത്തുടർന്ന് നടന്ന ഉത്പന്ന ലേലത്തിൽ ഏവരും സജീവ പങ്കാളിത്തം വഹിച്ചു. ഇന്നുമുതൽ അടുത്ത വെള്ളിയാഴ്ചവരെ ദിവസവും വൈകുന്നേരം 5.30ന് ദിവ്യബലിയും നൊവേനയും നടക്കും.
തിരുനാളിനോട് അനുബന്ധിച്ചു ഫോറം സെന്ററിൽ നടന്ന കലാസന്ധ്യ ഒത്തൊരുമയുടെയും കൂട്ടായ്മയുടെയും മികച്ച ഉദാഹരണമായി. ഫാ. ജോസ് കുന്നുംപുറം പരിപാടികൾ ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ 20 വർഷകാലം ഇടവകയിൽ സേവനം ചെയ്ത കൈക്കാരൻമാരെയും സുത്യർഹ സേവനം കാഴ്ചവച്ചവരേയും ചടങ്ങിൽ ആദരിച്ചു. കലാസന്ധ്യയെ തുടർന്ന് വിഭവ സമൃദ്ധമായ ഡിന്നറോടെയാണ് പരിപാടികൾ സമാപിച്ചത്.
വിവിധ സന്നദ്ധ സംഘടനകളുടെ സ്റ്റാളുകൾ ഫോറം സെന്ററിൽ പ്രവർത്തിച്ചിരുന്നു. ഇക്കുറി തിരുനാളിന്റെ ഇരുപതാം വാർഷികം കൂടി എത്തിയതോടെ തിരുന്നാൾ ആഘോഷങ്ങൾ കൂടുതൽ മികവുറ്റതാക്കുവാൻ വേണ്ട ഒരുക്കങ്ങളാണ് നടന്നുവരുന്നത്.
ഭാരത അപ്പസ്തോലൻ മാർ തോമാസ്ലീഹായുടെയും ഭാരതത്തിന്റെ പ്രഥമ വിശുദ്ധ അൽഫോൻസാമ്മയുടെയും സംയുക്ത തിരുനാൾ ആഘോഷങ്ങളാണ് മാഞ്ചസ്റ്ററിൽ നടക്കുക. പ്രധാന തിരുനാൾ ജൂലൈ അഞ്ചിന് നടക്കും.
ഇന്നുമുതൽ വെള്ളിയാഴ്ച വരെ ദിവസവും വൈകുന്നേരം 5.30ന് വിശുദ്ധ കുർബാനയും നൊവേനയും നടക്കും. ഈ ദിവസങ്ങളിൽ ഇടവകയിലെ വിവിധ ഫാമിലി യൂണിറ്റുകൾ, സന്നദ്ധ സംഘടനകൾ എന്നിവക്കുള്ള നിയോഗങ്ങൾ സമർപ്പിച്ചാവും തിരുക്കർമങ്ങൾ നടക്കുക.
ഇന്ന് മാഞ്ചസ്റ്റർ ഹോളിഫാമിലി മിഷൻ ഡയറക്ടർ ഫാ.വിൻസെന്റ് ചിറ്റിലപ്പള്ളി മുഖ്യ കാർമികനാവുമ്പോൾ ചൊവ്വാഴ്ച മാഞ്ചസ്റ്റർ ക്നാനായ മിഷൻ ഡയറക്ടർ ഫാ.സുനി പടിഞ്ഞാറേക്കരയും ബുധനാഴ്ച സാൽഫോർഡ് സെന്റ് എവുപ്രാസ്യാമിഷൻ ഡയറക്ടർ ഫാ.സാന്റോ വാഴേപറമ്പിലും മുഖ്യ കാർമികനാവും.
വ്യാഴാഴ്ച ഷ്രൂഷ്ബറി രൂപതാ വികാരി ജനറൽ ഫാ.മൈക്കിൾ ഗാനൻ കാർമികനാവുമ്പോൾ വെള്ളിയാഴ്ച നോട്ടിംഗ്ഹാം സെന്റ് ജോൺ മിഷൻ ഡയറക്ടർ ഫാ. ജോബി ജോൺ ഇടവഴിക്കലും കാർമികരാവും.
പ്രധാന തിരുന്നാൾ ദിനമായ ജൂലൈ അഞ്ചിന് രാവിലെ 9.30 മുതൽ അത്യാഘോഷപൂർവമായ തിരുനാൾ കുർബാനയ്ക്ക് തുടക്കമാകും. ആഷ്ഫോർഡ് മാർസ്ലീവാ മിഷൻ ഡയറക്ടർ ഫാ. ജോസ് അഞ്ചാനിക്കൽ തിരുനാൾ കുർബാനയിൽ മുഖ്യ കാർമികനാവുമ്പോൾ ഒട്ടേറെ വൈദീകർ സഹകാർമികരാകും. തുടർന്ന് തിരുനാൾ പ്രദക്ഷിണവും സ്നേഹവിരുന്നും നടക്കും.
ജൂലൈ ആറിന് വൈകുന്നേരം നാലിന് ദിവ്യബലിയെ തുടർന്ന് മിഷൻ ഡയറക്ടർ ഫാ.ജോസ് കുന്നുംപുറം കൊടിയിറക്കുന്നതോടെ ഒരാഴ്ച നീണ്ടുനിന്ന തിരുനാൾ ആഘോഷങ്ങൾക്ക് സമാപനമാകും. തുടർന്ന് നേർച്ചവിതരണവും ഉണ്ടായിരിക്കും.
യുകെയിൽ ആദ്യമായി തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത് മാഞ്ചസ്റ്ററിൽ ആയിരുന്നു. പിന്നീട് എല്ലാവർഷവും ജൂലൈ മാസത്തിലെ ആദ്യ ശനിയാഴ്ച മാഞ്ചസ്റ്റർ ദുക്റാന തിരുനാളായി ആഘോഷിച്ചുവരികയാണ്.
ഒരു പ്രവാസിയായി എത്തിയപ്പോൾ നഷ്ടപ്പെട്ടു എന്ന് കരുതിയിരുന്ന നാട്ടിലെ പള്ളിപ്പെരുന്നാൽ ആഘോഷങ്ങൾ എല്ലാം പിന്നീട് മാഞ്ചസ്റ്ററിൽ എത്തുന്ന കാഴ്ചയാണ് മലയാളി സമൂഹം കണ്ടത്.
മുത്തുക്കുടകളും പോൻവെള്ളി കുരിശുകളുമെല്ലാം നാട്ടിൽനിന്നും എത്തിച്ചാണ് തിരുനാൾ ആഘോഷകൾക്ക് തുടക്കം കുറിക്കുകയും പിന്നീട്ട് കേമമായി തിരുനാൾ ആഘോഷങ്ങൾ നടക്കുന്നത് മാഞ്ചസ്റ്ററിലാണെന്ന് പഴമക്കാർ പറയുന്നു.
മാഞ്ചസ്റ്ററിനു തിലകക്കുറിയായി വിഥിൻഷോയിൽ ഉയർന്നുനിൽക്കുന്ന സെന്റ് ആന്റണീസ് ദേവാലയത്തിലാണ് തിരുനാൾ ആഘോഷങ്ങൾ നടക്കുക. മാഞ്ചസ്റ്റർ മലയാളികൾക്കൊപ്പം തദ്ദേശീയരായ ഇംഗ്ലീഷ് ജനതയ്ക്കും തിരുനാൾ ആഘോഷമാണ്.
കമനീയമായി അലങ്കരിച്ചു മോടിപിടിപ്പിക്കുന്ന സെന്റ് ആന്റണീസ് ദേവാലയവും മുത്തുക്കുടകളും ബാൻഡ് മേളവും എല്ലാം കാണുവാൻ ഒട്ടേറെ തദ്ദേശീയരും എത്താറുണ്ട്. പ്രധാന തിരുനാൾ ദിനത്തിൽ പൗരാണികതയും പ്രൗഢിയും വിളിച്ചോതുന്ന തിരുനാൾ പ്രദക്ഷിണം ഏറെ അനുഗ്രഹപ്രദമാണ്.
പൊൻവെള്ളി കുരിശുകളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ വിശുദ്ധരുടെ തിരുസ്വരൂപങ്ങളും വഹിച്ചു നടക്കുന്ന തിരുനാൾ പ്രദക്ഷിണം മറുനാട്ടിലെ വിശ്വാസ പ്രഘോഷണമാണ്.
തിരുനാൾ ആഘോഷങ്ങളുടെ വിജയത്തിനായി മിഷൻ ഡയറക്ചർ ഫാ. ജോസ് കുന്നുംപുറം, ട്രസ്റ്റിമാരായ ടോണി കുര്യൻ, ജയൻ ജോൺ, ദീപു ജോസഫ് എന്നിവരുടെയും പാരീഷ്കമ്മിറ്റിയുടെയും നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു.
|
ജര്‍മനിയിലെ കുടിയേറ്റക്കാരുടെ വിദ്യാഭ്യാസ നിലവാരം പുതിയ ഉയരത്തിലെത്തി
ബര്‍ലിന്‍: ജർമനിയിലേക്കും യൂറോപ്യൻ യൂണിയനിലേക്കും കുടിയേറുന്നവരിൽ ഉന്നതവിദ്യാഭ്യാസ യോഗ്യതയുള്ളവരുടെ എണ്ണം റിക്കാർഡ് തലത്തിലെത്തിയതായി പുതിയ പഠനം.
റോക്ക്വൂൾ ഫൗണ്ടേഷൻ ബെർലിൻ പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച് 2024ൽ യൂറോപ്യന്‍ യൂണിയന് ഇതര രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരിൽ 32.1 ശതമാനം പേർക്ക് യൂണിവേഴ്സിറ്റി ബിരുദമോ തത്തുല്യ യോഗ്യതയോ ഉണ്ടായിരുന്നു.
2023ൽ ഇത് 30.9 ശതമാനം ആയിരുന്നു. കഴിഞ്ഞ ദശകത്തിലെ തുടർച്ചയായ വർധനയുടെ ഭാഗമായാണ് ഈ റിക്കാർഡ് എന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ജർമനിയിൽ, ഇതേ കാലയളവിൽ ഉന്നതവിദ്യാഭ്യാസമുള്ള യൂറോപ്യൻ യൂണിയൻ ഇതര കുടിയേറ്റക്കാരുടെ എണ്ണം 29.4 ശതമാനത്തിൽ നിന്ന് 31.1 ശതമാനമായി ഉയർന്നു.
മറ്റ് യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരിൽ, ഉന്നത വിദ്യാഭ്യാസ യോഗ്യത കൈവശമുള്ളവരുടെ ശതമാനം യൂറോപ്യൻ യൂണിയനിലുടനീളം 33.8 ശതമാനത്തിൽ നിന്ന് 35.2 ശതമാനമായും ജർമനിയിൽ 28.6 ശതമാനത്തിൽ നിന്ന് 30.1 ശതമാനമായും വർധിച്ചു.
വിദ്യാഭ്യാസ നിലവാരത്തിലെ ഈ തുടർച്ചയായ വർധനവ്, കുടിയേറ്റക്കാർ യൂറോപ്യൻ യൂണിയൻ തൊഴിൽ വിപണികളിലേക്ക് കൊണ്ടുവരുന്ന സാധ്യതകളെ എടുത്തു കാണിക്കുന്നതായി
ആർഎഫ് ബർലിനിലെ സെന്റർ ഫോർ റിസർച്ച് ആൻഡ് അനാലിസിസ് ഓഫ് മൈഗ്രേഷന്റെ സഹഡയറക്ടറും മിലാൻ സർവകലാശാലയിലെ പ്രഫസറുമായ ടോമാസോ ഫ്രാറ്റിനി അഭിപ്രായപ്പെട്ടു.
കുടിയേറ്റക്കാരുടെ കഴിവുകൾ പൂർണമായി ഉപയോഗപ്പെടുത്തിയാൽ അവർക്ക് യൂറോപ്യൻ യൂണിയനിലുടനീളമുള്ള സാമ്പത്തിക വളർച്ചയുടെ ഒരു പ്രധാന ചാലകമാവാൻ കഴിയും എന്ന് അദ്ദേഹം പറഞ്ഞു.
കൂടുതൽ കുടിയേറ്റക്കാർ ജോലിക്കായി ജർമനിയിലേക്ക് വരുന്നതും ശ്രദ്ധേയമാണ്. 2024ൽ, വിദേശ ജീവനക്കാരുടെ അനുപാതം 16 ശതമാനത്തിൽ കൂടുതലായിരുന്നു. 2010 മുതൽ ഇത് ഇരട്ടിയിലധികമാണ്.
മെഡിക്കൽ പ്രഫഷനുകളിലെ തൊഴിൽ അനുപാതം ഉയർന്ന നിലയിലാണ്. അതായത്, ആറ് ഡോക്ടർമാരിൽ ഒരാൾ വിദേശ പൗരനാണ്.
നൈപുണ്യ കുടിയേറ്റത്തിലെ വെല്ലുവിളികളും ആശങ്കകളും
അതേസമയം, ജർമനിയിലേക്കുള്ള നൈപുണ്യ കുടിയേറ്റം ചില വെല്ലുവിളികളും നേരിടുന്നുണ്ട്. ജർമൻ ഭാഷാ പരിജ്ഞാനം പല കുടിയേറ്റക്കാർക്കും ഒരു കടമ്പയാണ്. ഇത് കാരണം, നിരവധി നൈപുണ്യ തൊഴിലാളികൾ ജർമനി വിട്ടുപോകുന്ന പ്രവണതയും കാണുന്നുണ്ട്.
കഴിഞ്ഞയാഴ്ച ഫെഡറൽ എംപ്ലോയ്മെന്റ് ഏജൻസിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എംപ്ലോയ്മെന്റ് റിസർച്ച് (ഐഎബി) നടത്തിയ പഠനം ആശങ്കാജനകമായ ചില വിവരങ്ങൾ പുറത്തുവിട്ടിരുന്നു.
മറ്റ് രാജ്യങ്ങൾ സാമ്പത്തികമായി വിജയിച്ച വിദേശികൾക്ക് കൂടുതൽ ആകർഷകമാണെന്നും, നാലിൽ ഒരാൾ ജർമനി വിടുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും ഈ പഠനം പറയുന്നു.
ജർമനിയിൽ ഏകദേശം 16.8 ദശലക്ഷം വിദേശികള്‍ താമസിക്കുന്നുണ്ട്. ഇവരെ ഒന്നാം തലമുറ കുടിയേറ്റക്കാരായി കണക്കാക്കുന്നു, ഇത് രാജ്യത്തെ മൊത്തം ജനസംഖ്യയുടെ ഏകദേശം 20 ശതമാനം ആണ്.
ജർമനിയിൽ 2023ൽ 1,933,000 പേർ കുടിയേറുകയും 12,70,000 പേർ തിരികെ പോകുകയും ചെയ്തതിലൂടെ 663,000 പേരുടെ മൊത്തം കുടിയേറ്റമുണ്ടായി. ജോലി, കുടുംബ പുനരേകീകരണം, പലായനം എന്നിവയാണ് കുടിയേറ്റത്തിനുള്ള പ്രധാന കാരണങ്ങൾ.
എന്നിരുന്നാലും, മുൻ വർഷങ്ങളെ അപേക്ഷിച്ച് ജർമനിയിലേക്കുള്ള മൊത്തം കുടിയേറ്റം കുത്തനെ കുറഞ്ഞു. 2022ൽ ഇത് 9,81,552 ആയിരുന്നു, എന്നാൽ 2024ൽ 36,954 ആളുകളുടെ കുറവുണ്ടായി.
|
കൊളോണില്‍ മാതാവിന്റെയും തോമാശ്ലീഹായുടെയും തിരുനാളിന് കൊടിയേറി
കൊളോണ്‍: കൊളോണിലെ സീറോമലബാര്‍ കമ്യൂണിറ്റിയുടെ മധ്യസ്ഥയായ പരിശുദ്ധ ദൈവമാതാവിന്റെ തിരുനാളിനും വി. തോമാശ്ലീഹായുടെ തിരുനാളിനും ശനിയാഴ്ച വൈകുന്നേരം നാലിന് നടന്ന കൊടിയേറ്റത്തോടെ തുടക്കം കുറിച്ചു.
ദേവാലയത്തിലെ കര്‍മങ്ങള്‍ക്ക് ഇന്ത്യന്‍ കമ്യൂണിറ്റി ചാപ്ലെയിന്‍ ഫാ. ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ കാര്‍മികത്വം വഹിച്ചു.
ലദീഞ്ഞ്, നൊവേന തുടങ്ങിയ ശുശ്രൂഷകളെ തുടര്‍ന്നു നടപ്പുവര്‍ഷത്തെ പ്രസുദേന്തി പിന്റോ, ലീബ ചിറയത്ത് കൊടിയും വഹിച്ച് മുത്തുക്കുടയേന്തിയ മുന്‍ പ്രസുദേന്തിമാരുടെ അകമ്പടിയില്‍ ആഘോഷമായ പ്രദക്ഷിണത്തോടുകൂടി എത്തിയാണ് ഫാ. ഇഗ്നേഷ്യസ് കൊടിയേറ്റിയത്.
യൂത്ത് കൊയറിന്റെ ഗാനാലാപനം ഭക്തിനിര്‍ഭരമായി. കൊളോണ്‍ മ്യൂള്‍ഹൈമിലെ ലീബ് ഫ്രൗവന്‍ ദേവാലയത്തിലാണ് ആഘോഷ പരിപാടികള്‍ നടന്നത്.
|
ഐഒസി യുകെ സ്കോട്ട്ലൻഡ് യൂണിറ്റ് ഔദ്യോഗികമായി ചുമതലയേറ്റു
എഡിൻബോറോ: ഐഒസി യുകെ ഒഐസിസി യുകെ സംഘടനകളുടെ ലയന ശേഷം നടന്ന ആദ്യ ഔദ്യോഗിക യൂണിറ്റ് പ്രഖ്യാപനം സ്കോട്ട്ലൻഡിലെ എഡിൻബോറോയിൽ നടന്നു. നേരത്തെ ഒഐസിസിയുടെ ബാനറിൽ പ്രവർത്തിച്ചിരുന്ന സ്കോട്ട്ലൻഡ് യൂണിറ്റ് ഔദ്യോഗിക പ്രഖ്യാപനത്തോടെ ഐഒസി യൂണിറ്റായി മാറ്റപ്പെട്ടു.
കേരള ചാപ്റ്റർ മിഡ്ലൻഡ്സ് ഏരിയ നേതൃത്വത്തിന്റെ പരിധിയിലായിരിക്കും സ്കോട്ട്ലൻഡ് യൂണിറ്റിന്റെ പ്രവർത്തനങ്ങൾ. എഡിൻബോറോയിലെ സെന്റ് കാതറിൻ ചർച്ച് ഹാളിൽ വിപുലമായി സംഘടിപ്പിക്കപ്പെട്ട ചടങ്ങ് ഐഒസി യുകെ കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് ഉദ്ഘാടനം ചെയ്തു.
കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഷോബിൻ സാം തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു. സ്കോട്ട്ലൻഡ് യൂണിറ്റ് പ്രസിഡന്റ് മിഥുൻ അധ്യക്ഷത വഹിച്ചു. യൂണിറ്റ് ജനറൽ സെക്രട്ടറി സുനിൽ കെ. ബേബി, ഭാരവാഹികളായ ഡയാന പോളി, ഡോ. ഡാനി തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ഐഒസി യൂണിറ്റായി മാറ്റിക്കൊണ്ടുള്ള പ്രഖ്യാപനം അറിയിച്ചുകൊണ്ടും ഭാരവാഹികൾക്ക് ചുമതല ഏൽപ്പിച്ചുകൊണ്ടുമുള്ള ഔദ്യോഗിക കത്ത് ഷൈനു ക്ലെയർ മാത്യൂസ് യൂണിറ്റ് ഭാരവാഹികൾക്ക് കൈമാറി.
ചടങ്ങിനോടനുബന്ധിച്ചു "ഇന്ത്യ' എന്ന ആശയത്തെ ആസ്പദമാക്കി കുട്ടികൾക്കായി സംഘടിപ്പിച്ച ചിത്രരചനാ മത്സരം രചനകളുടെ വൈവിധ്യം കൊണ്ടും മത്സരാർഥികളുടെ വലിയ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
23 കുട്ടികൾ മാറ്റുരച്ച മത്സരത്തിൽ വിജയികളായ ആദ്യ മൂന്ന് സ്ഥാനക്കാർക്കുള്ള സമ്മാനദാനം ഷൈനു ക്ലെയർ മാത്യൂസ്, റോമി കുര്യാക്കോസ്, മിഥുൻ എന്നിവർ ചേർന്ന് നിർവഹിച്ചു. പങ്കെടുത്ത എല്ലാവർക്കുമുള്ള സ്പെഷ്യൽ അപ്രീസിയേഷൻ സർട്ടിഫിക്കറ്റുകളും മെഡലുകളും ചടങ്ങിൽ നല്കപ്പെട്ടു.
ഇന്ത്യയുടെ സംസ്കാരവും വൈവിദ്യങ്ങളിലെ ഏകത്വം പോലുള്ള ആശയങ്ങളുടെ മഹത്വങ്ങൾ കുട്ടികളെ ബോധ്യപ്പെടുത്തുക എന്ന ഉദേശത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
ചടങ്ങിനൊപ്പം നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്ത് നേടിയ വിജയം കേക്ക് മുറിച്ചും മധുരം വിതരണം ചെയ്തും പ്രവർത്തകർ ആഘോഷിച്ചു.
അദ്ദേഹത്തിന്റെ വിജയത്തിനായി പ്രചരണ രംഗത്ത് ഐഒസി യുകെ കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ ബൂത്ത് മണ്ഡല തലത്തിൽ നടത്തിയ പ്രവർത്തനങ്ങളും അതിന് ചുക്കാൻ പിടിച്ച ഷൈനു ക്ലെയർ മാത്യൂസ്, റോമി കുര്യാക്കോസ്, ഷിജോ മാത്യു എന്നിവരെ പ്രവർത്തകർ അഭിനന്ദിച്ചു.
സംഘത്തിന്റെ നേതൃത്വത്തിൽ വിവിധ മണ്ഡലങ്ങളിൽ നടത്തിയ പ്രവർത്തനങ്ങളും അതിന് നന്ദി അറിയിച്ചുകൊണ്ട് ആര്യാടൻ ഷൗക്കത്ത് നൽകിയ അഭിനന്ദന സന്ദേശം എന്നിവ കൂട്ടിച്ചേർത്തു കൊണ്ട് സ്കോട്ട്ലൻഡ് യൂണിറ്റ് തയാറാക്കിയ ഹ്രസ്വ വിഡിയോ സദസിന് മുൻപാകെ പ്രദർശിപ്പിച്ചു.
സ്കോട്ട്ലൻഡ് യൂണിറ്റ് പ്രസിഡന്റ് മിഥുൻ, ജനറൽ സെക്രട്ടറി സുനിൽ കെ ബേബി, ഭാരവാഹികളായ ഡയാന പോളി, ഡോ. ഡാനി, നാഷണൽ കമ്മിറ്റി അംഗംഷോബിൻ സാം തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
|
ഫ്രാൻസിൽ പൊതുസ്ഥലങ്ങളിൽ പുകവലിക്കുന്നതിന് വിലക്ക്
പാരീസ്: ഫ്രാൻസിൽ പൊതുസ്ഥലങ്ങളിൽ പുക വലിക്കുന്നതിന് വിലക്ക്. സിഗരറ്റ് പുകയിൽ നിന്നും കുട്ടികളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നിയമം നടപ്പിലാക്കുന്നത്.
ഇനി മുതൽ ഫ്രാൻസിലെ ബീച്ചുകൾ, പൊതു പാർക്കുകൾ, ബസ് സ്റ്റോപ്പുകൾ, ലൈബ്രറികൾ, നീന്തൽ കുളങ്ങൾ, സ്കൂൾ പരിസരങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ പുകവലിക്കുന്നത് ശിക്ഷാർഹമാണ്. നിയമം ലംഘിക്കുന്നവർ 700 യൂറോ പിഴയൊടുക്കണം.
സിഗരറ്റ് പുകയിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുക എന്ന വ്യക്തമായ ലക്ഷ്യത്തോടെയാണ് ഫ്രാൻസിൽ സ്കൂൾ അവധിക്കാലം ആരംഭിക്കുന്നതിന് ഒരു ആഴ്ച മുമ്പ് ഈ നിയമം ഏർപ്പെടുത്തുന്നത്.
എന്നിരുന്നാലും ബാറുകളുടെയും റസ്റ്റോറന്റുകളുടെയും ടെറസുകളിലും മറ്റും പുകവലിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടില്ല.
|
വൈദികർ സമാധാനത്തിന്റെയും ഐക്യത്തിന്റെയും വക്താക്കളാകണം: മാർപാപ്പ
വത്തിക്കാൻ സിറ്റി: വൈദികർ സമാധാനത്തിന്റെയും ഐക്യത്തിന്റെയും വക്താക്കളാകണമെന്നും സാഹോദര്യത്തിലുറച്ച സമൂഹങ്ങൾ കെട്ടിപ്പടുക്കുന്നതിനായി ശ്രമിക്കണമെന്നും ഇവയൊക്കെയാണ് യഥാർഥ അജപാലകരുടെ ലക്ഷണങ്ങളെന്നും ലെയോ പതിനാലാമൻ മാർപാപ്പ.
യേശുവിന്റെ തിരുഹൃദയ തിരുനാളിനോടും പൗരോഹിത്യ വിശുദ്ധീകരണ ദിനത്തോടുമനുബന്ധിച്ച് ഇന്നലെ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടന്ന വിശുദ്ധ കുർബാനമധ്യേ ലോകമെമ്പാടുമുള്ള വൈദികരെ അഭിസംബോധന ചെയ്ത് അവർക്കു പ്രാർഥനകളും ആശംസകളും നേർന്നു പ്രസംഗിക്കുകയായിരുന്നു മാർപാപ്പ.
ഈ ജൂബിലിവർഷത്തിൽ പ്രത്യാശയുടെ തീർഥാടകരാകുവാനും പ്രാർഥനയിലും ക്ഷമയിലും പാവങ്ങളോടും കുടുംബങ്ങളോടുള്ള സാമീപ്യത്തിലും സത്യമന്വേഷിക്കുന്ന യുവജനങ്ങളോടുള്ള അടുപ്പത്തിലും ആയിരിക്കുവാൻ വൈദികർക്കു സാധിക്കട്ടെയെന്ന് ആശംസിച്ച മാർപാപ്പ, വിശുദ്ധനായ ഒരു വൈദികൻ തനിക്കുചുറ്റുമുള്ളവയെയെല്ലാം വിശുദ്ധമാക്കുന്നുവെന്നും കൂട്ടിച്ചേർത്തു.
സ്നേഹത്താൽ മുറിയപ്പെട്ട യേശുവിന്റെ ഹൃദയത്തിലാണ് പൗരോഹിത്യത്തിന്റെ ഏകത മനസിലാക്കുവാൻ സാധിക്കുകയെന്നു പറഞ്ഞ മാർപാപ്പ, നല്ല ഇടയന്റെ മാതൃകയിലേക്ക് നമ്മെ പരിവർത്തനം ചെയ്യുന്നതും കാരുണ്യത്താൽ ജ്വലിക്കുന്ന യേശുവിന്റെ ഹൃദയം തന്നെയാണെന്നും കൂട്ടിച്ചേർത്തു.
നൈമിഷികമായ വികാരങ്ങൾക്കപ്പുറം യാഥാർഥ്യങ്ങളെ ഉൾക്കൊള്ളാൻ വൈദികർക്കാകണം. “വിശാലവും അടിത്തട്ടില്ലാത്തതുമായ ഒരു വിശുദ്ധമന്ദിരത്തിൽ പ്രവേശിക്കുന്നതുപോലെയാണ് പൗരോഹിത്യമെന്ന കൃപയുടെ സ്വീകരണത്തെ അനുസ്മരിക്കേണ്ടത്” എന്ന വിശുദ്ധ അഗസ്റ്റിന്റെ വാക്കുകളും മാർപാപ്പ പ്രത്യേകം അനുസ്മരിച്ചു.
വൈദികർ വിശ്വാസം സൃഷ്ടിക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്ന ഇടയനിർദേശങ്ങൾ നൽകണം. കർത്താവ് നമുക്കു നൽകിയ ഈ കൃപയെ എപ്പോഴും ഓർക്കണം. അപ്രകാരം മാത്രമേ ക്രിസ്തുവിന്റെ ഹൃദയത്തിലും ക്രിസ്തുവിന്റെ ജീവിതത്തിലും നമ്മുടെ ഹൃദയങ്ങളെ ഏകീകരിക്കുവാൻ സാധിക്കുകയുള്ളൂ. കുടുംബങ്ങളിലും സഭാസമൂഹങ്ങളിലും പോലും പിരിമുറുക്കങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ അനുരഞ്ജനം പ്രോത്സാഹിപ്പിക്കുന്നതിനും കൂട്ടായ്മ സൃഷ്ടിക്കുന്നതിനും വൈദികർക്ക് വലിയ കടമയുണ്ട്.
പൗരോഹിത്യ സാഹോദര്യം പുരോഹിതന്മാരുടെ പൊതുവായ യാത്രയുടെ സവിശേഷതയാകുമ്പോൾ അത് ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിന്റെ സാന്നിധ്യത്തിന്റെ അടയാളമാണ്. അതിനാൽ കർത്താവ് തേടുന്നത് എല്ലാം തികഞ്ഞ പുരോഹിതരെയല്ല; മറിച്ച്, പരിവർത്തനത്തിനായി തുറവിയുള്ളതും നമ്മെ സ്നേഹിച്ചതുപോലെ സ്നേഹിക്കാൻ തയാറുള്ളതുമായ താഴ്മയുള്ള ഹൃദയങ്ങളെയാണെന്നും മാർപാപ്പ പറഞ്ഞു.
സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടന്ന ചടങ്ങിൽ 32 ഡീക്കന്മാരുടെ പൗരോഹിത്യസ്വീകരണത്തിലും മാർപാപ്പ മുഖ്യകാർമികത്വം വഹിച്ചു. ദൈവത്തോട് അനുദിനം കൂടുതൽ അടുക്കണമെന്നും ദൈവസ്നേഹത്താൽ രൂപാന്തരപ്പെടണമെന്നും നവവൈദികരെ മാർപാപ്പ ഓർമിപ്പിച്ചു.
|
സലീന സജീവ് യുക്മ നാഷണൽ സ്പോർട്സ് കോഓർഡിനേറ്റർ
ലണ്ടൻ: യുക്മ ദേശീയ കായികമേള കോഓർഡിനേറ്ററായി സലീന സജീവിനെ യുക്മ ദേശീയ അധ്യക്ഷൻ എബി സെബാസ്റ്റ്യൻ നിയോഗിച്ചതായി ജനറൽ സെക്രട്ടറി ജയകുമാർ നായർ അറിയിച്ചു.
2022 2025 കാലയളവിൽ ദേശീയ കായികമേള കോഓർഡിനേറ്ററുടെ ചുമതല വഹിച്ചിരുന്ന സലീന തന്റെ ഉത്തരവാദിത്വം വളരെ ഭംഗിയായി നിർവഹിച്ചതിനുള്ള അംഗീകാരം കൂടിയാണ് ഈ തുടർനിയമനം.
സാമൂഹിക, സാംസ്കാരിക, കലാകായിക രംഗങ്ങളിലെ തന്റെ ശ്രദ്ധേയമായ ഇടപെടലുകളിലൂടെ യുകെ മലയാളികൾക്ക് സുപരിചിതയാണ് സലീന. മനോജ് കുമാർ പിള്ള പ്രസിഡന്റായിരുന്ന 2019 2022 കാലയളവിൽ യുക്മ ദേശീയ ജോയിന്റ് സെക്രട്ടറിയായിരുന്ന സലീന ഒരു കായികതാരമെന്ന നിലയിലും ഏറെ പ്രശസ്തയാണ്.
യുക്മ കായികമേള ആരംഭിച്ച കാലം മുതൽ റീജിയണൽ, ദേശീയ തലങ്ങളിൽ വനിത വിഭാഗത്തിലെ സ്ഥിരം ചാമ്പ്യൻ കൂടിയാണ് സലീന. സ്കൂൾ, കോളജ് പഠനകാലത്ത് ഒരു മികച്ച കായികതാരമെന്ന് പേരെടുത്ത സലീന വോളിബോൾ, ബാസ്കറ്റ്ബോൾ, ക്രിക്കറ്റ് എന്നിവയിലും തന്റെ മികവ് തെളിയിച്ചിട്ടുണ്ട്.
യുക്മയെ ഒരു കുടുംബം പോലെ കാണുന്ന സലീന യുക്മ പ്രോഗ്രാമുകളിലെ ഒരു നിറ സാന്നിദ്ധ്യമാണ്. യുകെ കെസിഎയുടെ വനിത വിഭാഗമായ യുകെകെസിഡബ്ല്യുഎഫ് പ്രസിഡന്റ് കൂടിയാണ് സലീന.
ലണ്ടനിലെ എഡ്മണ്ടൺ മലയാളി അസോസിയേഷനിലെ സജീവാംഗമാണ് സലീന. നോർത്ത് മിഡിൽസെക്സ് എൻഎച്ച്എസ് ട്രസ്റ്റ് ഹോസ്പിറ്റൽ ക്രിട്ടിക്കൽ കെയർ യൂണിറ്റിൽ സീനിയർ നഴ്സായി ജോലി ചെയ്യുകയാണ് സലീന.
ഭർത്താവ് സജീവ് തോമസ്, വിദ്യാർഥികളായ മക്കൾ ശ്രേയ, ടോണി എന്നിവരുടെ ഉറച്ച പിന്തുണയും സഹായവും സലീനയുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജമേകുമെന്ന് യുക്മ ദേശീയ സമിതി വിലയിരുത്തി.
|
ബിജു പെരിങ്ങത്തറ യുക്മ യൂത്ത് എംപവർമെന്റ് ആൻഡ് ഡെവലപ്പ്മെന്റ് ഡയറക്ടർ
ലണ്ടൻ: യുക്മ യൂത്ത് എംപവർമെന്റ് ആൻഡ് ഡെവലപ്പ്മെന്റ് ഡയറക്ടറായി യുക്മ മുൻ ദേശീയ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറയെ പ്രസിഡന്റ് എബി സെബാസ്റ്റ്യൻ നിയമിച്ചതായി ജനറൽ സെക്രട്ടറി ജയകുമാർ നായർ അറിയിച്ചു.
2019 മുതൽ യുക്മ യൂത്തിന്റെ ഭാഗമായുള്ള ട്രെയിനിംഗ് സെഷനുകൾ, വർക്ക് ഷോപ്പുകൾ, വിദ്യാഭ്യാസ അവബോധ സെമിനാറുകൾ എന്നിവയ്ക്ക് നേതൃത്വം നൽകി വരുന്ന ബിജുവിന്റെ പരിചയ സമ്പത്തും സംഘാടക മികവും പുതിയ ചുമതലയിൽ കൂടുതൽ മികവുറ്റ പ്രവർത്തനം കാഴ്ചവയ്ക്കുവാൻ അദ്ദേഹത്തിനെ പ്രാപ്തനാക്കുമെന്ന് യുക്മ ദേശീയ സമിതി വിലയിരുത്തി.
2022 2025 കാലയളവിൽ യുക്മ ദേശീയ പ്രസിഡന്റായി തിളക്കമാർന്ന പ്രകടനം കാഴ്ചവച്ച ഡോ. ബിജു യുക്മയെ യുകെ മലയാളികൾക്കിടയിൽ കൂടുതൽ സ്വീകാര്യതയുള്ള ഒരു സംഘടനയാക്കി മാറ്റി. യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ പ്രസിഡന്റ്, റീജിയണിൽ നിന്നുള്ള ദേശീയ സമിതിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള ബിജു യുക്മയുടെ തുടക്കം മുതൽ സന്തതസഹചാരിയാണ്.
ഗ്ലോസ്റ്റർഷയർ മലയാളി അസോസിയേഷനിലെ (ജിഎംഎ) സജീവാംഗമായ ബിജു അസോസിയേഷൻ പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബർമിംഗ്ഹാം എൻഎച്ച്എസിൽ കൺസട്ടന്റ് അനസ്ത്തിറ്റിസ്റ്റ് ആൻഡ് ഡയറക്ടർ ഓഫ് ക്രിട്ടിക്കൽ കെയറായി വളരെ തിരക്കേറിയ ഔദ്യോഗിക ജീവിതം നയിക്കുന്ന ഡോ. ബിജു, സാമൂഹിക സേവന രംഗത്ത് ചെയ്യുന്ന പ്രവർത്തനങ്ങൾ നിസ്തുലമാണ്.
2022ൽ ലണ്ടനിൽ നടന്ന ലോക കേരളസഭ യൂറോപ്പ് റീജിയണൽ സമ്മേളനത്തിന്റെ സംഘാടക സമിതി ചെയർമാനായി കേരള ഗവൺമെന്റ് അദ്ദേഹത്തെ നിയമിച്ചു. 2024 ജൂണിൽ തിരുവനന്തപുരത്ത് നടന്ന നാലാമത് ലോക കേരളസഭയിൽ പങ്കെടുക്കുവാൻ കേരള ഗവൺമെന്റ് അദ്ദേഹത്തെ തെരഞ്ഞെടുത്തു.
യുക്മ ചാരിറ്റി ഫൌണ്ടേഷൻ ട്രസ്റ്റിയായി പ്രവർത്തിക്കുന്ന ഡോ. ബിജു, യുകെയിലും കേരളത്തിലുമായി നിരവധി ചാരിറ്റി പ്രോജക്ടുകളിൽ നേതൃത്വം വഹിക്കുകയും സജീവമായി പങ്കെടുക്കുകയും ചെയ്യുന്നു.
2018 ലെ പ്രളയ ദുരന്തത്തിന് ഇരയായി വീട് നഷ്ടപ്പെട്ടവർക്ക് യുക്മ ജിഎംഎയുടെ സഹകരണത്തോടെ നിർമിച്ച് നൽകിയ വീടുകളുടെ നിർമ്മാണത്തിന് നേതൃത്വം നൽകിയതുൾപ്പടെ നിരവധി ചാരിറ്റി പ്രവർത്തനങ്ങളിൽ അദ്ദേഹം പങ്കാളിയായിട്ടുണ്ട്.
ശ്രീനാരായണ ധർമ പരിപാലന സംഘത്തിന്റെ ആശയങ്ങൾക്ക് അനുസൃതമായി രൂപം കൊണ്ട ‘സേവനം യുകെ’ യുടെ സ്ഥാപകാംഗങ്ങളിൽ ഒരാളായ ഡോ. ബിജു, സംഘടനയുടെ ചെയർമാനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ശ്രീനാരായണ ഗുരുദേവന്റെ ആശയങ്ങളുടെ പ്രചരണാർഥം വൂൾവർഹാംപ്റ്റണിൽ ആരംഭിച്ച ശിവഗിരി ആശ്രമം സ്ഥാപിക്കുന്നതിന് നേതൃപരമായ പങ്ക് ഡോ. ബിജു വഹിച്ചിട്ടുണ്ട്.
സൗത്ത് വെസ്റ്റിലെ ഗ്ളോസ്റ്റർഷയറിൽ താമസിക്കുന്ന ഡോ. ബിജുവിന്റെ ഭാര്യ ഡോ. മായ, മക്കൾ ഡോ. അപർണ, മെഡിക്കൽ വിദ്യാർഥികളായ ലക്ഷ്മി, ഹൃഷികേശ് എന്നിവർ അദ്ദേഹത്തിന്റെ പൊതുപ്രവർത്തനങ്ങൾക്ക് പൂർണപിന്തുണ നൽകി അദ്ദേഹത്തോടൊപ്പമുണ്ട്.
|
ചങ്ങനാശേരി സംഗമം ശനിയാഴ്ച കെറ്ററിംഗിൽ; ജോബ് മൈക്കിൾ ഉദ്ഘാടകൻ
ലണ്ടൻ: പിറന്ന നാടിന്റെ ഓർമകളുമായി യുകെയിലേക്ക് കുടിയേറിയ ചങ്ങനാശേരി നിവാസികൾ ശനിയാഴ്ച കെറ്ററിംഗിൽ ഒത്തുചേരുന്നു. ചങ്ങനാശേരി എംഎൽഎ അഡ്വ. ജോബ് മൈക്കിൾ പരിപാടി ഉദ്ഘാടനം ചെയ്യും.
ഹാതുരത്വം ഉണർത്തുന്ന നിരവധി പരിപാടികൾ ആണ് ഒരുക്കിയിരിക്കുന്നത്. ചങ്ങനാശേരിയുമായി ബന്ധമുള്ള രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ വ്യക്തി മുദ്ര പതിപ്പിച്ചിരിക്കുന്ന വിശിഷ്ട വ്യക്തിത്വങ്ങൾ പങ്കെടുക്കും.
മിതമായ നിരക്കിൽ ഭക്ഷണങ്ങൾ ലഭിക്കുന്ന നാടൻ തനിമയാർന്ന കേരള വിഭവങ്ങളടങ്ങിയ "Pappaya Restaurant Kettering' കേരള ഫുഡ് സ്റ്റാൾ ഇവന്റിൽ തുറന്ന് പ്രവർത്തിക്കും.
ഈ സ്നേഹ സംഗമത്തിൽ ഇനിയും പങ്കെടുക്കാനാഗ്രഹിക്കുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.
രജിസ്ട്രേഷൻ ഫോം: https://forms.gle/3yWxGhtEBaEcYmCt7
|
മാര്‍ റാഫേല്‍ തട്ടില്‍ ജര്‍മനിയില്‍
കൊളോൺ: സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ ജർമനിയിലെത്തി. ഡ്യൂസൽഡോർഫ് വിമാനത്താവളത്തിൽ എത്തിയ മാർ റാഫേൽ തട്ടിലിനെ കൊളോണിലെ സീറോമലബാർ റീത്ത് കമ്യൂണിറ്റി വികാരി ഫാ. ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ ബൊക്കെ നൽകി സ്വീകരിച്ചു.
മാർ റാഫേൽ തട്ടിലിനൊപ്പം സെക്രട്ടറി ഫാ. മാത്യു തുരുത്തിപ്പള്ളിയും ഉണ്ടായിരുന്നു. കൊളോണിലെ സീറോമലബാർ സമൂഹത്തിന്റെ മധ്യസ്ഥയായ ദൈവമാതാവിന്റെയും തോമാ ശ്ലീഹായുടെയും തിരുനാളിന് മുഖ്യകാർമികത്വം വഹിക്കാനാണ് അദ്ദേഹമെത്തിയത്. 28, 29 തീയതികളിൽ കൊളോൺ മ്യൂൾഹൈമിലെ ലീബ് ഫ്രൗവൻ ദേവാലയത്തിലാണ് തിരുനാൾ നടക്കുന്നത്.
ഇത്തവണത്തെ തിരുനാൾ പ്രസുദേന്തി പിന്റോ ചിറയത്ത്, കോഓർഡിനേഷൻ കമ്മിറ്റി കൺവീനർ ആന്റു സഖറിയ, കമ്മിറ്റി സെക്രട്ടറി ഹാനോ തോമസ് മൂർ എന്നിവരും മാർ റാഫേൽ തട്ടിലിനെ സ്വീകരിക്കാൻ എത്തിയിരുന്നു.
|
കൊളോണില്‍ മാതാവിന്റെയും തോമാശ്ലീഹായുടെയും തിരുനാളിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
കൊളോണ്‍: കൊളോണിലെ സീറോമലബാര്‍ റീത്ത് കമ്യൂണിറ്റിയുടെ മധ്യസ്ഥയായ പരിശുദ്ധ ദൈവമാതാവിന്റെ നാല്‍പ്പത്തിമൂന്നാമത്തെ തിരുനാളിനും വിശുദ്ധ തോമാശ്ലീഹായുടെ തിരുനാളിനുമുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
55 വര്‍ഷം പിന്നിടുന്ന കമ്യൂണിറ്റിയുടെ ഇത്തവണത്തെ തിരുനാള്‍ ആഘോഷ പരിപാടികള്‍ ശനി, ഞായർ ദിവസങ്ങളിൽ (ജൂണ്‍ 28, 29) കൊളോണ്‍ മ്യൂള്‍ഹൈമിലെ ലീബ് ഫ്രൗവന്‍ ദേവാലയത്തിൽ നടക്കും.
തിരുനാളിന്റെ നടത്തിപ്പിനുവേണ്ടിയുള്ള വിവിധ കമ്മിറ്റി കണ്‍വീനര്‍മാരുടെ യോഗം 22ന് കമ്യൂണിറ്റി ചാപ്ളെയിന്‍ ഫാ. ഇഗ്നേഷ്യസ് ചാലിശേരി സിഎംഐയുടെ അധ്യക്ഷതയില്‍കൂടി കമ്മിറ്റികളുടെ ഇതുവരെയുള്ള പ്രവര്‍ത്തനം വിലയിരുത്തുകയും തിരുനാള്‍ ദിനങ്ങളില്‍ കൈക്കൊള്ളേണ്ട നടപടികളെക്കുറിച്ച് തീരുമാനിച്ചു.
ശനിയാഴ്ച വൈകുന്നേരം നാലിന് തിരുനാളിന് കൊടിയേറും. ഞായറാഴ്ച രാവിലെ 10ന് നടക്കുന്ന ദിവ്യബലിയില്‍ സീറോമലബാര്‍ സഭ മേജര്‍ ആര്ച്ച്ബഷപ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മികത്വം വഹിക്കും.
യൂറോപ്പിലെ അപ്പസ്തോലിക് വിസിറ്റേറ്റര്‍ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്തത്ത് സഹകാര്മികനാവും. തിരുനാളില്‍ കൊളോണ്‍ അതിരൂപത സഹായമെത്രാന്‍ ഡൊമിനിക്കൂസ് ഷ്വാഡര്‍ലാപ്പ് പങ്കെടുക്കും. കുര്‍ബാനയെ തുടര്‍ന്ന് പ്രദക്ഷിണവും ഉച്ചഭക്ഷണവും സാംസ്കാരിക പരിപാടികളും ലോട്ടറിയുടെ നറുക്കെടുപ്പും നടക്കും.
കൊളോണ്‍ ലെവര്‍കുസനില്‍ താമസിക്കുന്ന തൃശൂര്‍ സ്വദേശി പിന്റോ, ലീബ ചിറയത്ത് കുടുംബമാണ് ഇത്തവണത്തെ പ്രസുദേന്തി. തിരുനാളില്‍ പങ്കെടുക്കാന്‍ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടിലും സെക്രട്ടറി ഫാ. മാത്യു തുരുത്തിപ്പള്ളിലും വ്യാഴാഴ്ച ജര്‍മനിയില്‍ എത്തി.
ജര്‍മനിയിലെ കൊളോണ്‍ അതിരൂപതയിലെയും എസന്, ആഹന്‍, എന്നീ രൂപതകളിലെയും ഇന്ത്യക്കാരുടെ കൂട്ടായ്മയാണ് കൊളോണിലെ മലയാളി സമൂഹം.
കൊളോണ്‍ കര്‍ദിനാള്‍ റൈനര്‍ മരിയ വോള്‍ക്കിയുടെ കീഴിലുള്ള സീറോമലബാര്‍ സമൂഹത്തിന്റെ ചാപ്ളെയിനായി ഫാ. ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ കഴിഞ്ഞ 24 വര്‍ഷമായി സേവനം അനുഷ്ഠിക്കുന്നു.
|
യുക്മ ദേശീയ കായികമേള ശനിയാഴ്ച; ജോബ് മൈക്കിൾ ഉദ്ഘാടകൻ
ബർമിംഗ്ഹാം: യുക്മ ദേശീയ കായികമേള ശനിയാഴ്ച രാവിലെ ബർമിംഗ്ഹാമിലെ സട്ടൻ കോൾഡ്ഫീൽഡ് വിൻഡ്ലെ ലെഷർ സെന്ററിൽ ദീപശിഖ തെളിയും. ചങ്ങനാശേരി എംഎൽഎ അഡ്വ. ജോബ് മൈക്കിൾ യുക്മ ദേശീയ കായികമേള ഉദ്ഘാടനം ചെയ്യും.
യുക്മ ദേശീയ അധ്യക്ഷൻ അഡ്വ. എബി സെബാസ്റ്റ്യൻ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ജയകുമാർ നായർ സ്വാഗതം ആശംസിക്കും. യുക്മ ദേശീയ ഭാരവാഹികളായ ഷീജോ വർഗീസ്, വർഗീസ് ഡാനിയൽ, സ്മിത തോട്ടം, സണ്ണിമോൻ മത്തായി, റെയ്മോൾ നിധീരി, പീറ്റർ താണോലിൽ, ഡോ. ബിജു പെരിങ്ങത്തറ,
സ്പോർട്സ് കോഓർഡിനേറ്റർ സലീന സജീവ്, യുക്മ ദേശീയ സമിതി അംഗങ്ങളായ ബിജു പീറ്റർ, ജോസ് വർഗീസ്, ജോർജ് തോമസ്, രാജേഷ് രാജ്, സുരേന്ദ്രൻ ആരക്കോട്ട്, ജയ്സൺ ചാക്കോച്ചൻ, ബെന്നി അഗസ്റ്റിൻ റീജിയണൽ പ്രസിസന്റുമാരായ ഷാജി വരാക്കുടി, അമ്പിളി സെബാസ്റ്റ്യൻ, അഡ്വ. ജോബി പുതുക്കുളങ്ങര, സുനിൽ ജോർജ്, ജിപ്സൺ തോമസ്, ജോബിൻ ജോർജ്ജ്, ജോഷി തോമസ് എന്നിവരും മറ്റ് റീജിയണൽ ഭാരവാഹികളും പങ്കെടുക്കും.
യുക്മ നേതാക്കളായ മനോജ് കുമാർ പിള്ള, അലക്സ് വർഗ്ഗീസ്, ടിറ്റോ തോമസ്, ഡിക്സ് ജോർജ്, സാജൻ സത്യൻ, സുജു ജോസഫ്, അബ്രാഹം പൊന്നുംപുരയിടം, ലീനുമോൾ ചാക്കോ, ലിറ്റി ജിജോ തുടങ്ങിയവർ ദേശീയ കായികമേളയ്ക്ക് നേതൃത്വം നൽകും.
റീജിയണൽ കായികമേളകളിൽ വിജയികളായ മുഴുവൻ കായികതാരങ്ങളും ദേശീയ കായികമേളയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സംഘാടകർ അറിയിച്ചു. യുകെയിലെ മുഴുവൻ മലയാളി കായിക പ്രേമികളെയും കായികമേളയിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി യുക്മ ദേശീയ സമിതി അറിയിച്ചു.
കായികമേള വേദിയുടെ വിലാസം: Windley Leisure Centre Clifton Road Sutton Coldfield Birmingham. B73 6EB.
|
രഞ്ജിത നായരെ അനുസ്മരിച്ച് യുക്മ
പോർട്സ്മൗത്ത്: അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച പോർട്സ്മൗത്ത് ക്യൂൻ അലക്സാണ്ട്ര ആശുപത്രിയിൽ നഴ്സും പോർട്സ്മൗത്ത് മലയാളി കമ്യൂണിറ്റി അംഗവുമായിരുന്ന രഞ്ജിത നായരെ യുക്മ അനുസ്മരിച്ചു.
യുക്മ സൗത്ത് ഈസ്റ്റ് റീജിയൻ കായികമേളയോടനുബന്ധിച്ച് പോർട്സ്മൗത്ത് മൗണ്ട്ബാറ്റൺ സെന്ററിൽ നടന്ന അനുസ്മരണ യോഗത്തിൽ യുക്മ ദേശീയ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ, ദേശീയ വൈസ് പ്രസിഡന്റ് സ്മിത തോട്ടം, ദേശീയ സമിതി അംഗം സുരേന്ദ്രൻ ആരക്കോട്ട്, സ്ഥാപക പ്രസിഡന്റ് വർഗീസ് ജോൺ,
റീജിയണൽ പ്രസിഡന്റ് ജിപ്സൺ തോമസ്, സെക്രട്ടറി സാംസൺ പോൾ, ട്രഷറർ തേജു മാത്യൂസ്, വൈസ് പ്രസിഡന്റ് സനോജ് ജോസ്, ശാരിക അമ്പിളി, ജോയിന്റ് സെക്രട്ടറി ഡാഫ്നി എൽദോസ്, പിആർഒ എറിക്സൺ ജോസഫ്,
കോഓർഡിനേറ്റർമാരായ ലിറ്റോ കോരുത്, റെനോൾഡ് മാനുവൽ, അലൻ അക്കര, ബെർവിൻ ബാബു, മുൻ ദേശീയ ജോയിന്റ് ട്രെഷറർ എബ്രഹാം പൊന്നുംപുരയിടം, മുൻ റീജിയണൽ പ്രസിഡന്റ് ആന്റണി എബ്രഹാം തുടങ്ങിയവരും പോർട്സ്മൗത്ത് മലയാളീ അസോസിയേഷൻ ഭാരവാഹികളായ ഡെനീസ് വറീദ്, ജി. ആനന്ദവിലാസ്, എൽദോസ് മാത്യു, മധു മാമ്മൻ, റിച്ചാർഡ് തുടങ്ങിയവരും നേതൃത്വം നൽകി.
യുക്മ ദേശീയ സമിതിക്കുവേണ്ടി ദേശീയ വൈസ് പ്രസിഡന്റ് സ്മിത തോട്ടം അനുശോചനപ്രമേയം വായിച്ചു. ചുരുങ്ങിയ കാലങ്ങൾക്കൊണ്ട് പോര്ടസ്മൗത്ത് മലയാളി സമൂഹത്തിൽ വളരെയേറെ ഹൃദയബന്ധങ്ങൾ സമ്പാദിച്ച രഞ്ജിതയുടെ അപ്രതീക്ഷിത വേർപാട് പോര്ടസ്മൗത്ത് മലയാളി സമൂഹത്തിനു തീരാനഷ്ടമാണെന്ന് അനുസ്മരിച്ചു.
|
സൗത്ത് ഈസ്റ്റ് റീജണൽ കായികമേള: മലയാളി അസോസിയേഷൻ ഓഫ് പോർട്സ്മൗത്ത് ചാമ്പ്യന്മാർ
പോർട്സ്മൗത്ത്: പോർട്സ്മൗത്ത് മൗണ്ട് ബാറ്റൻ സെന്ററിൽ നടന്ന യുക്മ സൗത്ത് ഈസ്റ്റ് റീജണൽ സ്പോർട്സ് മീറ്റിൽ ആതിഥേയരായ മാപ്പ് പോർട്സ്മൗത്ത് 287 പോയിന്റ് നേടി ചാമ്പ്യൻപട്ടം കരസ്ഥമാക്കിയപ്പോൾ 106 പോയിന്റോടുകൂടി ക്രോളി മലയാളി കമ്യൂണിറ്റി റണേഴ്സ് അപ് ട്രോഫിയും സ്വന്തമാക്കി.
54 പോയിന്റ് നേടിയ ഹേവാർഡ്സ് ഹീത് യുണൈറ്റഡ് കൾച്ചറൽ മലയാളി അസോസിയേഷൻ മൂന്നാം സ്ഥാനത്ത് എത്തി. രാവിലെ ഒന്‍പതിന് രജിസ്ട്രേഷനോടുകൂടി കായിക മാമാങ്കം ആരംഭിക്കുകയും തുടർന്ന് കായിക താരങ്ങളുടെ മാർച്ച്പാസ്റ്റ് യുക്മ ദേശീയ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ ഫ്ലാഗ് ഓഫ് ചെയ്യുകയും ചെയ്തു.
സൗത്ത് ഈസ്റ്റ് റീജണൽ പ്രസിഡന്റ് ജിപ്സൺ തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുയോഗം ദേശീയ പ്രസിഡന്റ് അഡ്വക്കേറ്റ് എബി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തപ്പോൾ ദേശീയ വൈസ് പ്രസിഡന്റ് സ്മിത തോട്ടം മുഖ്യാതിഥിയായി. ആതിഥേയ അസോസിയേഷനായ മാപ്പ് അണിയിച്ചൊരുക്കിയ ഫ്ലാഷ് മോബ് കായികമേളയുടെ ശ്രദ്ധ കേന്ദ്രമായി മാറുകയുണ്ടായി.
റീജിയണിലെ അംഗ അസോസിയേഷനുകളിൽ നിന്നായി 200ൽപരം കായിക താരങ്ങൾ വിവിധ മത്സരങ്ങളിൽ മാറ്റുരച്ചപ്പോൾ കിഡ്സ് വിഭാഗത്തിൽ അലോണ ജോസഫ്, പ്രാണിത് പ്രശാന്ത് എന്നിവർ വ്യക്തിഗത ചാമ്പ്യൻമാരായപ്പോൾ സബ്ജൂനിയർ വിഭാഗത്തിൽ സാറ പുന്നൂസ്, ഓസ്റ്റിൻ മാർട്ടിൻ എന്നിവരും ജൂനിയർ വിഭാഗത്തിൽ പാർവതി ആർ നായർ, ഷോൺ സെജേൽ എന്നിവരും ചാമ്പ്യന്മാരായി.
വാശിയേറിയ മത്സരങ്ങൾക്കൊടുവിൽ സീനിയർ വിഭാഗത്തിൽ സാന്ദ്ര ഡെന്നിസും നോയൽ സജീയും അഡൽസിൽ സുമിമോൾ മാത്യു, സംഗീത് സജി എന്നിവരുംചാമ്പ്യൻഷിപ്പ് ട്രോഫി സ്വന്തമാക്കി. പ്രായം എന്നത് വെറും അക്കങ്ങൾ മാത്രമാണെന്ന് തെളിയിക്കുന്ന രീതിയിലായിരുന്നു സീനിയർ അഡൽറ്റ് വിഭാഗത്തിൽ മേൽ ബൈജുവും റോബിൻ സെബാസ്റ്റിനും സൂപ്പർ സീനിയർ വിഭാഗത്തിൽ മിനി സിബിയും സജി തോമസും ചാമ്പ്യൻസ് ട്രോഫി സ്വന്തമാക്കിയത്
വൈകിട്ട് നടന്ന സമ്മാനദാന ചടങ്ങിൽ യുക്മ ദേശീയ പ്രസിഡന്റ് അഡ്വക്കേറ്റ് എബി സെബാസ്റ്റ്യൻ ചാമ്പ്യൻഷിപ്പ് ട്രോഫിയും റീജിയണൽ പ്രസിഡൻറ് ജിപ്സൺ തോമസ് റണേഴ്സ് അപ് ട്രോഫിയും സമ്മാനിച്ചപ്പോൾ ദേശീയ സമിതി അംഗം സുരേന്ദ്രൻ ആരക്കോട്ട് റീജണൽ സെക്രട്ടറി സാംസൺ പോൾ, ട്രഷറർ തേജു മാത്യൂസ്, വൈസ് പ്രസിഡന്റ് സനോജ് ജോസ്, ജോയിൻ സെക്രട്ടറി ഡാഫ്നി എൽദോസ്, സ്പോർട്സ് കോഡിനേറ്റർ ബെർവിൻ ബാബു തുടങ്ങിയവരും വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു
ദേശീയ സമിതി അംഗം സുരേന്ദ്രൻ ആരക്കോട്ട്, റീജിയണൽ പ്രസിഡന്റ് ജിപ്സൺ തോമസ്, റീജിണൽ സെക്രട്ടറി സാംസൺ പോൾ, ട്രഷറർ തേജു മാത്യൂസ്, വൈസ് പ്രസിഡന്റുമാരായ സനോജ് ജോസ്, ശാരിക അമ്പിളി ജോയിൻ സെക്രട്ടറി ഡാഫ്നി എൽദോസ്, സ്പോർട്സ് കോഓർഡിനേറ്റർ ബെർവിൻ ബാബു റീജിയണൽ കോഓർഡിനേറ്റർമാരായ ലിറ്റോ കോരുത്, റെനോൾഡ് മാനുവൽ, അലൻ അക്കര പിആർഒ എറിക്സൺ ജോസഫ് തുടങ്ങിയവരും വിവിധ അസോസിയേഷൻ ഭാരവാഹികളായ ഡെനീസ് വറീദ്, ജി. ആനന്ദവിലാസ്, എൽദോസ് മാത്യു, മധു മാമ്മൻ, റിച്ചാർഡ്, മാൽകം പുന്നൂസ്, ലീന റോണി, ശൈലജ സെബാസ്റ്റ്യൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്ന കായികമേള എല്ലാ അർഥത്തിലും മികവുറ്റതായിരുന്നു.
യുക്മ സൗത്ത് ഈസ്റ്റ് റീജിയൺ കായിക വൻപിച്ച വിജയമാക്കിത്തീർത്ത കായിക താരങ്ങൾക്കും മറ്റെല്ലാവർക്കു റീജിയൺ കമ്മിറ്റിക്കു വേണ്ടി ദേശീയ സമിതിയംഗം സുരേന്ദ്രൻ ആരക്കോട്ട്, പ്രസിഡന്റ് ജിപ്സൻ തോമസ്, സെക്രട്ടറി സാംസൺ പോൾ എന്നിവർ നന്ദി അറിയിച്ചു.
|
പ്രവാസി കേരള കോൺഗ്രസ് എം യുകെ പ്രതിനിധി സമ്മേളനം ഇന്ന്
ലണ്ടൻ: പ്രവാസി കേരള കോൺഗ്രസ് എം യുകെ ഭാരവാഹികളുടെ പ്രതിനിധി സമ്മേളനം വെള്ളിയാഴ്ച രാത്രി ഏഴ് മുതൽ ബെഡ്ഫോർഡിലെ മാർസ്റ്റോൺ മോർഡൻ ഹാളിൽ നടക്കും. പ്രവാസി കേരള കോൺഗ്രസ് എം യുകെ ഓഫീസ് ചാർജ് സെക്രട്ടറി ജിജോ അരയത്ത് സ്വാഗതം ആശംസിക്കും.
യുകെ ഘടകം പ്രസിഡന്റ് മാനുവൽ മാത്യു അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പ്രതിനിധി സമ്മേളനം ജോബ് മൈക്കിൾ എംഎൽഎ ഉദ്ഘാടനം ചെയ്യും.
യുകെ മുൻ ഘടകം പ്രസിഡന്റും ലോക കേരള സഭാംഗവുമായ ഷൈമോൻ തോട്ടുങ്കൽ, മുൻ ഓഫീസ് ചാർജ് സെക്രട്ടറി ടോമിച്ചൻ കൊഴുവനാൽ, സീനിയർ സെക്രട്ടറിയും ലോക കേരള സഭാംഗവുമായ സി.എ. ജോസഫ് തുടങ്ങിയവർ ചടങ്ങിൽ മുഖ്യാതിഥികളാവും.
യൂത്ത് ഫ്രണ്ട് എം മുൻ സംസ്ഥാന സെക്രട്ടറി ആൽബിൻ പേണ്ടാനം, പ്രവാസി കേരള കോൺഗ്രസ് എം യുകെ നാഷനൽ ഭാരവാഹികളും സീനിയർ നേതാക്കന്മാരുമായ തോമസ് വെട്ടിക്കാട്ട്, ജോസ് ചെങ്ങളം, ജോജി വർഗീസ്, ഡാന്റോ പോൾ, അനീഷ് ജോർജ്, റീജണൽ പ്രസിഡന്റുമാരും നാഷണൽ ഭാരവാഹികളുമായ റോബിൻ വർഗീസ് ചിറത്തലക്കൽ, ജോഷി സിറിയക്, ജോമോൻ ചക്കുംകുഴിയിൽ,
നാഷണൽ ഭാരവാഹികളായ പി. കെ. രാജുമോൻ പാല കുഴുപ്പിൽ, ജോമോൻ കുന്നേൽ, മാത്യു പുല്ലന്താനി, സോണി ചങ്ങൻക്കേരി, ജിസിൻ വർഗീസ്, ആകാശ് ഫിലിപ്പ് കൈതാരം, അജോ സിബി ഒറ്റലാങ്കൽ, ഷിന്റോജ് ചേലത്തടം ടോണി സെബാസ്റ്റ്യൻ, ജീത്തു പൂഴികുന്നേൽ, എബി കുന്നത്ത്, സോജി തോമസ്, മൈക്കിൾ ജോബ് തുടങ്ങിയവർ പ്രസംഗിക്കും.
പ്രോഗ്രാം കോഓർഡിനേറ്റർ ജോമോൻ മാമ്മൂട്ടിൽ കൃതജ്ഞത രേഖപ്പെടുത്തും. ദേശീയ ഗാനത്തോടെ പ്രതിനിധി സമ്മേളനം അവസാനിക്കും.
നേരത്തെ, യുകെയിലെ ചങ്ങനാശേരി സംഗമത്തിൽ പങ്കെടുക്കുവാൻ ലണ്ടനിൽ എത്തിയ ജോബ് മൈക്കിളിന് യുകെയിലെ ചങ്ങനാശേരി സംഗമം കോഓർഡിനേറ്റഴ്സും പ്രവാസി കേരള കോൺഗ്രസ് എം പ്രതിനിധികളും ചേർന്ന് ഹീത്രൂ വിമാനത്താവളത്തിൽ സ്വീകരണം നൽകി.
|
അയർലൻഡിൽ സീറോമലബാർ സഭ ക്രോഗ് പാട്രിക് തീർഥാടനം ജൂലൈ 26ന്
ഡബ്ലിൻ: സീറോമലബാർ സഭ അയർലൻഡ് നാഷണൽ പിതൃവേദിയുടെ നേതൃത്വത്തിൽ ഈ വർഷത്തെ ക്രോഗ് പാട്രിക് തീർഥാടനം ജൂലൈ 26ന് നടക്കും. അയർലൻഡിന്റെ സ്വർഗീയ മധ്യസ്ഥനായ സെന്റ് പാട്രിക്കിന്റെ പാദസ്പർശമേറ്റ ക്രോഗ് പാട്രിക് മലമുകളിലേക്ക് അയർലൻഡിലെ എല്ലാ കൗണ്ടികളിൽ നിന്നും ബെൽഫാസ്റ്റിൽ നിന്നുമുള്ള വിശ്വാസികൾ ഒത്തുചേരുന്ന തീർഥാടനം ജൂലൈ 26ന് രാവിലെ ഒന്‍പതിന് അടിവാരത്ത് ആരംഭിക്കും.
അയർലൻഡ് സീറോമലബാർ സഭ നാഷണൽ കോഓർഡിനേറ്റർ ഫാ .ജോസഫ് മാത്യു ഒലിയക്കാട്ടിന്റെ മുഖ്യകാർമികത്വത്തിൽ അടിവാരത്തിൽ നടക്കുന്ന കുർബാനയ്ക്ക് ശേഷമാണ് മലകയറ്റം ആരംഭിക്കുന്നത്.
പിതൃവേദി നാഷണൽ ഡയറക്ടർ ഫാ. അനീഷ് വഞ്ചിപ്പാറയിൽ, ഡബ്ലിൻ റീജണൽ പിതൃവേദി ഡയറക്ടർ ഫാ. സിജോ ജോൺ വെങ്കിട്ടക്കൽ, കോർക്ക് റീജണൽ പിതൃവേദി ഡയറക്ടർ ഫാ. സന്തോഷ് തോമസ്, ഗോൽവേ റീജണൽ പിതൃവേദി ഡയറക്ടർ ഫാ. റജി കുര്യൻ, അയർലൻഡ് സീറോമലബാർ സഭയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ബഹുമാനപ്പെട്ട മറ്റ് വൈദികരും കുർബാനയ്ക്കും തിരുകർമങ്ങൾക്കും സഹകാർമികരായിരിക്കും.
ക്രോഗ് പാട്രിക് തീർഥാടനത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർക്ക് ഓരോ റീജിയണിലും ബസ് സൗകര്യങ്ങൾ ഒരുക്കുന്നതാണ്. തീർഥാടനത്തിൽ പങ്കെടുക്കാനും വാഹന ക്രമീകരണങ്ങൾ അറിയുന്നതിനും ബുക്ക് ചെയ്യുന്നതിനും അതാത് റീജണില്‍ കമ്മിറ്റി നേതൃത്വത്തെ ബന്ധപ്പെടേണ്ടതാണ്.
ഡോ. സനൽ ജോർജ് +447425066511 ( ബെൽഫാസ്റ്റ് റീജണൽ കമ്മിറ്റി), റോണി ജോർജ് 0894090600 (ഗോൾവെ റീജിണൽ കമ്മിറ്റി ), പുന്നമട ജോർജുകുട്ടി 0870566531 (കോർക്ക് റീജണൽ കമ്മിറ്റി), സിബി സെബാസ്റ്റ്യൻ +353894433676 (ഡബ്ലിൻ റീജണൽ കമ്മിറ്റി) എന്നിവരെയോ പാരീഷ്/പിതൃവേദി/സെൻട്രൽ/സഭായോഗം കമ്മിറ്റി നേതൃത്വത്തെയോ തീർഥാടനത്തിന്റെ വിവരങ്ങൾ അറിയുവാൻ ബന്ധപ്പെടാവുന്നതാണ്.
എരിയുന്ന തീക്ഷ്ണതയോടെ ദൈവവിശ്വാസം പ്രചരിപ്പിച്ച് അനേകായിരങ്ങളെ മാനസാന്തരപ്പെടുത്തി ക്രിസ്തുവിലേക്ക് അടുപ്പിച്ച വിശുദ്ധ പാട്രിക് 40 ദിവസം ഉപവസിക്കുകയും പ്രാർഥിക്കുകയും ചെയ്ത ക്രോഗ് പാട്രിക്ക് മലമുകളിലേക്കുള്ള ത്യാഗപൂർണവും ഭക്തിനിർഭരവുമായ തീർഥാടനത്തിൽ പങ്കെടുത്തു കൊണ്ട് പുണ്യവാളന്റെ പ്രത്യേക അനുഗ്രഹം തേടുവാനായി എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി സഭാനേതൃത്വം അറിയിച്ചു.
|
അയർലൻഡിൽ "മലയാള’ത്തിന് മേയർ അവാർഡ്
ഡബ്ലിൻ: സൗത്ത് ഡബ്ലിൻ കൗണ്ടി കൗൺസിൽ ആദ്യമായി ഏർപ്പെടുത്തിയ മേയർ അവാർഡിന് അയർലൻഡിലെ പ്രമുഖ സാംസ്കാരിക സംഘടനയായ "മലയാളം’ അർഹമായി.
കൗൺസിലിന്റെ കീഴിലുള്ള സംഘടനകളിൽ കഴിഞ്ഞ ഒരു വർഷത്തെ മികച്ച പ്രവർത്തനത്തിനുള്ള അംഗീകാരമായാണ് ഈ അവാർഡ് കരസ്ഥമാക്കിയത്.
കൗൺസിൽ ഹാളിൽ ചേർന്ന യോഗത്തിൽ മലയാളിയായ മേയർ ബേബി പേരെപ്പാടനിൽ നിന്നും സംഘടനാ ഭാരവാഹികൾ അവാർഡ് സ്വീകരിച്ചു.
മലയാളത്തിന്റെ കഴിഞ്ഞ കാല പ്രവർത്തനങ്ങളിൽ ഒപ്പം ചേർന്ന എല്ലാവർക്കുമായി ഈ അവാർഡ് സമർപ്പിക്കുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു.
വ്യക്തിഗത വിഭാഗത്തിൽ മലയാളത്തിന്റെ ഭാരവാഹി കൂടിയായ അജിത്ത് കേശവൻ അവാർഡ് കരസ്ഥമാക്കി.
|
യുക്മ ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്ലാൻഡ്സ് കായിക മത്സരം: വാൽമ ചാമ്പ്യൻമാർ
റെഡിച്ച്: യുക്മ ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്ലാൻഡ്സ് റീജയണിന്റെ മത്സരം റെഡിച്ചിൽ സംഘടിപ്പിച്ചു. രാവിലെ നടന്ന കായിക മേളയുടെ ഫ്ലാഗ് ഓഫ് റെഡിച്ച് മേയർ ജോആൻ കെയ്നും യുക്മ നാഷണൽ വൈസ് പ്രസിഡന്റ് സ്മിത തോട്ടവും ചേർന്ന് നിർവഹിച്ചു.
കായിക മേളയുടെ ഔപചാരികമായ ഉദ്ഘാടനം യുക്മ ദേശീയ അധ്യക്ഷൻ അഡ്വ. എബി സെബാസ്റ്റ്യൻ നിർവഹിച്ചു. യോഗത്തിൽ റീജയണൽ പ്രസിഡന്റ് അഡ്വ. ജോബി പുതുകുളങ്ങര അധ്യക്ഷനായിരുന്നു.
നാഷണൽ ജനറൽ സെക്രട്ടറി ജയകുമാർ നായർ, വൈസ് പ്രസിഡന്റ് സ്മിത തോട്ടം, വള്ളം കളി കോഓർഡിനേറ്റർ ഡിക്സ് ജോർജ്, മിഡ്ലാൻഡ്സിൽ നിന്നുള്ള നാഷണൽ കമ്മിറ്റിയംഗം ജോർജ് തോമസ്, സ്പോർട്സ് കോഓർഡിനേറ്റർ സജീവ് സെബാസ്റ്റ്യൻ എന്നിവർ കായിക താരങ്ങൾക്ക് വിജയാശംസകൾ നേർന്നു.
റീജിയണൽ സെക്രട്ടറി ലൂയിസ് മേനാച്ചേരി സ്വാഗതവും ട്രഷറർ പോൾ ജോസഫ് നന്ദിയും പറഞ്ഞു. ഭാരവാഹികളായ രാജപ്പൻ വർഗീസ്, അരുൺ ജോർജ്, രേവതി അഭിഷേക്, രാജീവ് ജോൺ, സനൽ ജോസ്, ബെറ്റ്സ്, അരുൺ സെബാസ്റ്റ്യൻ തുടങ്ങിയവർ നേതൃത്വം നൽകി.
രാവിലത്തെ സെഷൻ കഴിഞ്ഞപ്പോൾ വാൽമ വാർവിക്ക് കെസിഎ റെഡിച്ചിനേക്കാൾ പോയിന്റ് നിലയിൽ പിന്നിലായിരുന്നു. എന്നാൽ റിലേ ഫലങ്ങൾ വന്നപ്പോൾ വാൽമ വാർവിക് പോയിന്റ് നിലയിൽ മുന്നിലെത്തുകയായിരുന്നു.
ഒടുവിൽ അവസാന ഇനമായ ലോംഗ് ജംപിൽ വാൽമയുടെ സെക്രട്ടറി ജോസ് പാറയ്ക്കൽ നടത്തിയ മിന്നും പ്രകടനമായിരുന്നു വാൽമയ്ക്ക് ഒന്നാം സ്ഥാനം ഉറപ്പിക്കാനുള്ള നിർണായക നിമിഷത്തിലേക്ക് നയിച്ചത്.
വാർവിക് & ലെമിംഗ്ടൺ അസോസിയേഷൻ(വാൽമ) വാർവിക് 211 പോയിന്റോടെ ഒന്നാം സ്ഥാനവും കേരള കൾച്ചറൽ അസോസിയേഷൻ (കെസിഎ) റെഡിച്ച് 193 പോയിന്റോടെ രണ്ടാം സ്ഥാനവും അമ്മ മലയാളം മാൻസ് ഫീൽഡ് 80 പോയിന്റോടെ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
കായികമേളയിൽ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയ വാൽമ വാർവിക് കെസിഎ റെഡിച്ച് അമ്മ മലയാളം മാൻസ് ഫീൽഡ് എന്നിവർക്കുള്ള ട്രോഫിയും മത്സര വിജയികൾക്കുള്ള സമ്മാനദാനവും യുക്മ ദേശീയ ജനറൽ സെക്രട്ടറി ജയകുമാർ നായർ നിർവഹിച്ചു.
കായിക മേള വിജയമാക്കിയതിന് എല്ലാവർക്കും ദേശീയ സമിതിയംഗം ജോർജ് തോമസ്, പ്രസിഡന്റ് ജോബി പുതുകുളങ്ങര, സെക്രട്ടറി ലൂയിസ് മേനാച്ചേരി എന്നിവർ നന്ദി അറിയിച്ചു.
|
യുകെയിൽ മലയാളി ബാലൻ പനി ബാധിച്ച് മരിച്ചു
കവന്‍ട്രി: യുകെയിൽ മലയാളി ബാലൻ റൂഫസ് കുര്യന് പനി ബാധിച്ച് മരിച്ചു. ചൊവ്വാഴ്ച സ്കൂളില്‍ പോയി മടങ്ങി വന്ന റൂഫസ് പനിയെ തുടർന്ന് മരുന്ന് കഴിച്ചിരുന്നു.
തുടർന്ന് ശരീരത്തില്‍ തടിപ്പും അസ്വസ്ഥതയും തോന്നിയതോടെ പുലര്‍ച്ചെ 2.30ന് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പത്ത് മിനിറ്റിനകം മരണം സംഭവിക്കുകയായിരുന്നു.
ആലപ്പുഴ സ്വദേശികളായ കുര്യന് വര്‍ഗീസും സിസ്റ്റർ ഷിജി തോമസുമാണ് മാതാപിതാക്കൾ. ഏക സഹോദരന് സെക്കൻഡറി സ്കൂള്‍ വിദ്യാര്‍ഥിയാണ്.
ഗള്‍ഫില്‍ നിന്നും ഒന്നര വര്‍ഷം മുന്‍പാണ് കുര്യനും കുടുംബവും യുകെയിൽ എത്തിയത്. കവന്‍ട്രി വര്‍ഷിപ്പ് സെന്ററിലെ അംഗങ്ങളും ബന്ധുക്കളും ഉടനെത്തും. സംസ്കാരം പിന്നീട്.
|
ജർമനിയിൽ മരിച്ച മലയാളി വിദ്യാർഥിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു
ബർലിൻ: ജർമനിയിൽ മരിച്ച മലയാളി നഴ്സിംഗ് വിദ്യാർഥിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. ഏറ്റുമാനൂർ കാണക്കാരി കാട്ടാത്തിയേൽ റോയിയുടെ മകൻ അമൽ റോയിയുടെ (ജോപ്പൻ 22) മൃതദേഹം നാട്ടിലെത്തിക്കുന്നതിന് മ്യൂണിക് ഇന്ത്യൻ കോൺസുലേറ്റ്, കേന്ദ്ര കേന്ദ്ര ന്യൂനപക്ഷ കാര്യ സഹമന്ത്രി ജോർജ് കുര്യൻ,
കേരള സഹകരണമന്ത്രി വി.എൻ. വാസവൻ, കോട്ടയം എംപി അഡ്വ. ഫ്രാൻസിസ് ജോർജ്, രാജ്യസഭ എംപി ജോസ് കെ.മാണി, നോർക്ക റൂട്ട്സ്, ജർമനിയിൽ നിന്നുള്ള ലോക കേരള സഭാംഗം ജോസ് കുമ്പിളുവേലിൽ എന്നിവരുടെ ഇടപ്പെടൽ സംഭവത്തിൽ ഉണ്ടായിട്ടുണ്ട്.
ബാഡൻ വ്യുർട്ടംബർഗ് സംസ്ഥാനത്തിലെ ഉൾമ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ നഴ്സിംഗ് ഒന്നാം വർഷ വിദ്യാർഥിയായിരുന്നു അമൽ റോയി. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് അമൽ ജർമനിയിലെത്തിയത്.
മരണ കാരണം പോലീസ് വ്യക്തമാക്കിയിട്ടില്ല. ജീവനൊടുക്കിയതാണെന്നാണ് സൂചന. മാതാവ് ബിന്ദു റോയി. ഒരു സഹോദരിയുണ്ട്.
|
ബർലിനിൽ മലയാളി വിദ്യാർഥി മുങ്ങിമരിച്ചു
ബര്‍ലിന്‍: മലയാളി വിദ്യാർഥി ബർലിനിൽ മുങ്ങിമരിച്ചു. ആഷിന് ജിന്സണ്(21) ആണ് മരിച്ചത്. എറണാകുളം അങ്കമാലി മഞ്ഞപ്ര കാടമംഗലം സ്വദേശിയായ കെ.ടി. ജിൻസണിന്റെയും ക്രമീന ബ്രിജിത്തിന്റെയും മകനാണ്.
ബര്‍ലിനിലെ ഇന്റര്‍നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് അപ്ലൈയിഡ് സയൻസിൽ സൈബർ സെക്യൂരിറ്റിയിൽ ബിരുദാനന്തര ബിരുദ വിദ്യാർഥിയായിരുന്നു. കഴിഞ്ഞ മാർച്ചിലാണ് ആഷിന് ജർമനിയിലേക്കുള്ള പഠനവിസ ലഭിച്ചത്.
തിങ്കളാഴ്ച വൈകുന്നേരം 6.30ന് മലയാളി വിദ്യാർഥികളുടെ സംഘത്തോടൊപ്പം ബർലിനിലെ വൈസൻസീയിൽ കുളിക്കാൻ ഇറങ്ങിയ ആഷിൻ നീന്തുന്നതിനിടെ കുഴഞ്ഞുപോയി വെള്ളത്തിൽ മുങ്ങിപോവുകയായിരുന്നു.
ഉടൻതന്നെ കൂടെയുണ്ടായിരുന്ന ജർമൻകാരും മലയാളികളും കരയ്ക്കെത്തിച്ചെങ്കിലും അബോധാവസ്ഥയിലായിരുന്നു. തുടർന്ന് രക്ഷാപ്രവർത്തകരെത്തി പ്രഥമശുശ്രൂഷയും സിപിആറും നൽകി. ഗുരുതരാവസ്ഥയിലായിരുന്ന ആഷിനെ എയർ ആംബുലൻസിൽ ബർലിനിലെ ചാരിറ്റ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
തുടർന്ന് ചൊവ്വാഴ്ച ഉച്ചയോടെ ആഷിൻ മരണത്തിന് കീഴടങ്ങി. ഒരു സഹോദരിയുണ്ട്. ബർലിനിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് ആഷിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
കേന്ദ്ര ന്യൂനപക്ഷ കാര്യ സഹമന്ത്രി ജോർജ് കുര്യൻ, കേരള വ്യവസായ മന്ത്രി പി. രാജീവ്, നോർക്ക റൂട്ട്സ്, ലോക കേരള സഭാംഗം ജോസ് കുമ്പിളുവേലിൽ തുടങ്ങിയവർ സംഭവത്തിൽ ഇടപ്പെട്ടു.
|
മലയാളി വിദ്യാർഥി ജർമനിയിൽ മരിച്ചനിലയിൽ
കോട്ടയം: മലയാളി വിദ്യാർഥിയെ ജർമനിയിൽ മരിച്ചനിലയിൽ കണ്ടെത്തി. ഏറ്റുമാനൂർ കാണക്കാരി കാട്ടാത്തിയേൽ റോയിയുടെ മകൻ അമൽ റോയിയാണ് (ജോപ്പൻ 22) മരിച്ചത്.
തിങ്കളാഴ്ച അർധരാത്രിയാണ് അമൽ മരിച്ചെന്ന് വിവരം ഏജൻസി അധികൃതർ വീട്ടുകാരെ അറിയിച്ചത്. വീട്ടുകാർ കോളജ് അധികൃതരെയും ഏജൻസിയെയും ബന്ധപ്പെട്ടെങ്കിലും കൂടുതൽ വിവരങ്ങളൊന്നും ലഭിച്ചില്ല.
തുടർന്ന് വീട്ടുകാർ ഏറ്റുമാനൂർ പോലീസിനെ സമീപിച്ചു. ഇവർ ജർമൻ പോലീസിനെ ബന്ധപ്പെട്ടപ്പോൾ അമൽ ജീവനൊടുക്കിയതായിയാണ് പ്രാഥമിക നിഗമനമെന്നും തുടർനടപടികൾ സ്വീകരിച്ചു വരികയാണെന്നുമാണ് അറിയാൻ സാധിച്ചത്.
|
അന്താരാഷ്ട്ര നൃത്തമത്സത്തിൽ വിസ്മയമായി ചെക്ക് റിപ്പബ്ലിക്കിൽ നിന്നുള്ള ആൻഡ്രിയ അബി
പാരീസ്: ഫ്രാൻസിലെ 83600 ഫ്രെജസിലെ തീയറ്റർ ലെ ഫോറത്തിൽ, 83 ബിഡി ഡി ലാ മെറിൽ, 83 ബിഡി ഡി ലാ മെറിൽ നടന്ന അന്താരാഷ്ട്ര നൃത്തമത്സത്തിൽ വിസ്മയമായി ചെക്ക് റിപ്പബ്ലിക്കിൽ നിന്നുള്ള ആൻഡ്രിയ അബി.
"ഡാൻസ മുണ്ടിയൽ ഇന്റർനാഷണൽ ഡാൻസ് കോമ്പറ്റീഷൻ' എന്ന് ഔദ്യോഗികമായി പേരിട്ടിരിക്കുന്ന അഭിമാനകരമായ പരിപാടിയിലാണ് ആൻഡ്രിയ അബി അത്ഭുത ബാലികയായി മാറിയത്. ലോകമെമ്പാടുമുള്ള യുവനർത്തകരെ ഒരുമിച്ചുകൂട്ടി പ്രകടനത്തിലും കലാപരമായും മികവ് ആഘോഷിക്കുന്ന മത്സരമാണിത്.
2017 മാർച്ച് 27ന് ജനിച്ച് ചെക്ക് റിപ്പബ്ലിക്കിലെ ഒലോമൗക്കിൽ താമസിക്കുന്ന ആൻഡ്രിയ അബി 79 വയസ് പ്രായമുള്ള വിഭാഗത്തിൽ "ഐലൻഡ്', "കുംഗ് ഫു പ്രാക്ടീസ്' എന്നീ രണ്ട് ബാലെ അധിഷ്ഠിത ഗ്രൂപ്പ് നൃത്തങ്ങളിൽ തന്റെ ഗ്രൂപ്പിലെ മറ്റ് ഒമ്പത്കുട്ടികൾക്കൊപ്പമാണ് ആൻഡ്രിയ അബി എല്ലാവരുടെയും പ്രശംസ നേടിയെടുത്തത്.
2025 മാർച്ച് ഏഴിന് ജർമനിയിലെ സെൽബിലെ റോസെന്താൽ തിയറ്ററിൽ നടന്ന അന്താരാഷ്ട്ര നൃത്ത മത്സരത്തിൽ മത്സരിച്ചതിനും ചെക്ക് റിപ്പബ്ലിക്കിലുടനീളം നിരവധി മത്സരങ്ങളിൽ വിജയിച്ചതിനും ശേഷമാണ് അവർ ഈ അന്താരാഷ്ട്ര വേദിയിലേക്ക് യോഗ്യത നേടിയത്.
3.5 വയസുമുതൽ ആൻഡ്രിയ ബാലെ പഠിക്കുന്നുണ്ട്. ഇപ്പോൾ zuszerotin എന്ന സ്ഥാപനത്തിന്റെ കീഴിൽ എസ്കെ ഡാൻസിൽ പരിശീലനം നടത്തുന്നു. ഒലോമൗക്കിൽ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന കേരളത്തിൽ നിന്നുള്ള ഡോ. എബി ചെറുവത്തൂർ പൗലോസിന്റെയും ഗിഫ്റ്റി ജേക്കബിന്റെയും മകളാണ് അവർ.
|
ക്നാനായ കുടുംബ നവീകരണ ധ്യാനം സമാപിച്ചു
ലണ്ടൻ: ക്നാനായ കാത്തലിക് മിഷൻസ് യുകെയുടെ നേതൃത്വത്തിൽ ക്നാഫയഫിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട ധ്യാനത്തിന് തിരുവനന്തപുരം മൗണ്ട് കാർമൽ റിട്രീറ്റ് സെന്റർ ഡയറക്ടർ ഫാ. ഡാനിയേൽ പൂവണത്തിൽ നേതൃത്വം നൽകി.
നാല് ദിവസങ്ങളിലായി താമസിച്ചു നടത്തപ്പെട്ട ധ്യാനത്തിൽ 450 ക്നാനായ കത്തോലിക്ക വിശ്വാസികൾ പങ്കെടുത്തു. ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ തിരിതെളിയിച്ച് ധ്യാനം ഉദ്ഘാടനം ചെയ്തു.
എല്ലാ ദിവസവും നടത്തപ്പെട്ട ആരാധനയിൽ ക്നാനായ കത്തോലിക്കാ വൈദികർ നേതൃത്വം നൽകുകയും കുട്ടികൾക്കായി പ്രത്യേക ശുശ്രൂഷയും നടത്തപ്പെട്ടു.
|
യുകെയിലെ മുട്ടുചിറ നിവാസികളുടെ സംഗമം 27 മുതൽ ഡെവണിൽ
ലണ്ടൻ: യുകെയിലെ മുട്ടുചിറ നിവാസികളുടെ പതിനാറാമത് സംഗമം ഈ മാസം 27, 28, 29 (വെള്ളി മുതൽ ഞായർ വരെ) തീയതികളിൽ ഇംഗ്ലണ്ടിലെ ഡെവണിലുള്ള ഹീറ്റ് ട്രീ ആക്ടിവിറ്റി സെന്ററിൽ നടക്കും.
ഈ സംഗമത്തിൽ യുകെയുടെ വിവിധ ഭാഗങ്ങളിലുള്ള നൂറ്റമ്പതിലധികം കുടുംബങ്ങൾ ഒത്തുചേരും. എല്ലാ കുടുംബാംഗങ്ങളും സംഗമത്തിൽ പങ്കെടുക്കണമെന്ന് സംഘാടകർ അഭ്യർഥിച്ചു.
സ്വിറ്റ്സർലൻഡിലെ ഇടവക വികാരിയും മുട്ടുചിറ വാലച്ചിറ നടയ്ക്കൽ കുടുംബാംഗവുമായ റവ. ഫാ. വർഗീസ് നടക്കലാണ് ഈ സംഗമത്തിന്റെ രക്ഷാധികാരി. എല്ലാ വർഷത്തിലെയും പോലെ ഇത്തവണയും അദ്ദേഹമർപ്പിക്കുന്ന കുർബാനയോടെ പരിപാടികൾക്ക് തുടക്കമാകും.
ജോണി കണിവേലിൽ കൺവീനറായും വിൻസെന്റ് പാണകുഴി, ജോബി മാളിയേക്കൽ, സേവ്യർ കുഴിവേലിൽ, ഷാജു പാലയിൽ, ബേബി കക്കാട്ടിൽ, ഷെറിൻ പന്തല്ലൂർ, ജോമി കുരിശിങ്കൽ എന്നിവർ നേതൃത്വം നൽകുന്ന സംഘാടക സമിതിയാണ് ഈ വർഷത്തെ സംഗമത്തിന് ചുക്കാൻ പിടിക്കുന്നത്.
ജൂൺ 27ന് ഉച്ചയ്ക്ക് നാല് മണിക്ക് ആരംഭിക്കുന്ന സംഗമം 29ന് രണ്ട് മണിയോടെ അവസാനിക്കും.സംഗമത്തിൽ വിവിധ തരത്തിലുള്ള കലാകായിക പരിപാടികളും മത്സരങ്ങളും അരങ്ങേറും. നാട്ടിൽ നിന്നെത്തുന്ന മാതാപിതാക്കളെ ആദരിക്കും.
മുഴുവൻ ദിവസവും പങ്കെടുക്കാൻ സാധിക്കാത്തവർക്കായി, പ്രധാന ദിവസമായ ജൂൺ 28ന് മാത്രം എത്തിച്ചേർന്ന് പഴയകാല ഓർമകൾ പങ്കുവയ്ക്കാനും സംഘാടകർ അവസരമൊരുക്കിയിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക്: ജോണി കണിവേലിൽ 07889 800292, വിൻസെന്റ് പാണക്കുഴി 07885612487, ജോബി മാളിയേക്കൽ 07710984045, സേവിയർ കുഴിവേലിൽ 07886495600, ഷാജു പാലയിൽ 07932083622, ബേബി കക്കാട്ടിൽ 07737404280, ഷെറിൻ പന്തല്ലൂർ 07776361415, ജോമി കുരിശിങ്കൽ 07365686464
|
മനോഭാവങ്ങളിൽ മാറ്റം ഉണ്ടാകണം: മാർ ജോസഫ് സ്രാമ്പിക്കൽ .
ബർമിംഗ്ഹാം: നഷ്ടപ്പെട്ട ആടിനെ അന്വേഷിച്ചു കണ്ടെത്തിയ ഇടയന്റെയും നഷ്ടപ്പെട്ട നാണയം അന്വേഷിച്ച സ്ത്രീയുടെയും നഷ്ടപ്പെട്ട മകന്റെ തിരിച്ചു വരവിനായി കാത്തിരുന്ന പിതാവിന്റെയും മനോഭാവം നമുക്കുണ്ടാവണമെന്ന് ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ.
ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത കുടുംബ കൂട്ടായ്മ വാർഷിക പ്രതിനിധി സമ്മേളനത്തോടനുബന്ധിച്ച് നടന്ന വിശുദ്ധ കുർബാന മധ്യേ നൽകിയ വചന സന്ദേശത്തിൽനൽകിയ വചന സന്ദേശത്തിൽ അദ്ദേഹം വിശ്വാസികളെ ഉത്ബോധിപ്പിച്ചു.
കുടുംബ കൂട്ടായ്മ ലീഡേഴ്സ് എന്ന നിലയിൽ നാം അംഗമായിരുന്ന കൂട്ടായ്മയെക്കുറിച്ച് നമുക്ക് ചിന്ത ഉണ്ടായിരിക്കണം അതുപോലെ ഈശോ മിശിഹായുടെ തിരുനാമത്തിൽ മാത്രമേ നമുക്ക് ഒരുമിച്ച് കൂടാൻ സാധിക്കൂ, നാം അർപ്പിക്കുന്നത് കൂട്ടായ്മയുടെ ബലിയാണ് നമ്മെ ഏല്പിച്ചിരിക്കുന്ന ഏരിയയിൽ ഉള്ള മുഴുവൻ വിശ്വാസികളെയും ഈശോയിലിലേക്ക് പ്രവേശിപ്പിക്കുക എന്ന വലിയ ഉത്തരവാദിത്വവും നമുക്കുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
12 റീജിയണുകളിലെ 101ൽപരം ഇടവക മിഷൻ പ്രൊപ്പോസ്ഡ് മിഷനിൽപ്പെട്ട 350തോളം പ്രതിനിധികൾ പങ്കെടുത്ത രൂപത തല കുടുംബ കൂട്ടായ്മ പ്രതിനിധികളുടെ വാർഷിക സമ്മേളനം ബിർമിംഗ്ഹാം മേരിവെയിലെ രൂപതാ പാസ്റ്ററൽ സെന്ററും അതിന്റെ സമീപത്തുള്ള ഔർ ലേഡി ഓഫ് അസപ്ഷൻ ദേവാലയത്തിലും ആണ് നടന്നത്.
രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ആറ് വർഷത്തോളമായി പ്രവർത്തിച്ചു വന്ന രൂപതാ കുടുംബക്കൂട്ടായ്മ കമ്മീഷന്റെ അവസാന കൂട്ടായ്മയും പുതിയതായി തെരഞ്ഞെടുക്കപ്പെട്ട 202527 കാലയളവിലെ രൂപത കുടുംബക്കൂട്ടായ്മ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ഔദ്യോഗിക ഉദ്ഘാടനത്തിനും സമ്മേളനം സാക്ഷ്യം വഹിച്ചു.
രാവിലെ ഒൻപതരയ്ക്ക് പ്രെയിസ് ആൻഡ് വർഷിപ്പോടെആരംഭിച്ച സമ്മേളനത്തിൽ തുടർന്ന് ഖുത്താ പ്രാർഥനയും പത്തിന് അഭിവന്ദ്യ പിതാവിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പണവും നടന്നു.
ചാൻസിലർ റവ. ഡോ. മാത്യു പിണക്കാട്ട് , രൂപത ഫിനാൻസ് ഓഫീസർ റവ. ഫാ. ജോ മൂലശേരി വിസി, കുടുംബ കൂട്ടായ്മ കമ്മീഷൻ ചെയർമാൻ റവ. ഫാ. ജിബിൻ വാമറ്റത്തിൽ, മറ്റു വൈദികർ എന്നിവർ സഹകാർമികത്വം വഹിച്ചു. വിശുദ്ധ കുർബാനയ്ക്ക് ശേഷം ഫാ. ജിബിൻ വമാറ്റത്തിൽകുടുംബ കൂട്ടായ്മയുടെ കടമകളും കർത്തവ്യങ്ങളും സംബന്ധിച്ച ക്ലാസ്സ് നയിച്ചു.
കഴിഞ്ഞ ആറ് വർഷക്കാലം കുടുംബ കൂട്ടായ്മ കമ്മീഷന് നേതൃത്വം നൽകിയ കുടുംബ കൂട്ടായ്മ കമ്മീഷൻ കോഓjർഡിനേറ്റർ ഷാജി തോമസ്, സെക്രട്ടറി റെനി സിജു, പിആർഒ വിനോദ് തോമസ്, പുതിയ ഭാരവാഹികളായ ഡോ. മനോ തോമസ്, ജെയ്നി ചാക്കോച്ചൻ, ജിനു പോൾ, ഷീബ ബാബു, സീനു തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള പുതുതായി തെരഞ്ഞെടുക്കപ്പെട്ട കമ്മീഷൻ അംഗങ്ങളും പരിപാടികൾക്ക് നേതൃത്വം നൽകി.
|
ജർമനിയിൽ വിശുദ്ധ കുർബാനയുടെ തിരുനാൾ ആഘോഷിച്ചു
ബർലിൻ: ജർമനിയിൽ വിശുദ്ധ കുർബാനയുടെ തിരുനാൾ ആഘോഷിച്ചു. ജർമനിയിലെ ആറ് സംസ്ഥാനങ്ങളിലാണ് പ്രധാനമായും ആഘോഷം നടന്നത്. കൊളോൺ ഡോമിൽ (കത്തീഡ്രലിൽ) രാവിലെ 10ന് അതിരൂപതാധ്യക്ഷൻ റൈനർ മരിയ വോൾക്കിയുടെ മുഖ്യകാർമികത്വത്തിൽ ഡോമിന്റെ പുറത്ത് റോൺകാലപ്ലാറ്റ്സിലാണ് തിരുക്കർമങ്ങൾ നടന്നത്.
ഈ തിരുക്കർമങ്ങളിൽ അതിരൂപത സഹായമെത്രാന്മാരും അതിരൂപതയിൽ ജോലി ചെയ്യുന്ന തദ്ദേശീയരും വിദേശികളുമായ വൈദികരും ഉൾപ്പെടെ വലിയൊരു സംഘം സഹകാർമികരായി പങ്കെടുത്തു. മലയാളിയായ സീറോമലങ്കര റീത്തിലെ ബോൺ മിഷനിൽ ചുമതലയുള്ള റവ.ഡോ. ജോസഫ് ചേലംപറമ്പത്ത് സഹകാർമികനായി.
തിരുക്കർമങ്ങളിൽ നാലു ഭാഷകളിൽ ബൈബിൾ വായിച്ചു. മലയാളത്തിലുള്ള കാറോസൂസ പ്രാർഥന ചൊല്ലിയത് കൊളോണിൽ താമസിക്കുന്ന മലങ്കര റീത്തിലെ ജെനീഫർ കർണാശേരിൽ ആണ്. കുർബാനയ്ക്ക് ശേഷം നഗരംചുറ്റിയുള്ള ദിവ്യകാരുണ്യ പ്രദക്ഷിണവും നടത്തി.
കൊളോൺ മ്യൂൾഹൈമിലെ ലീബ്ഫ്രൗവൻ കിർഷെ ഗെമെയിൻഡേയുടെ ആഭിമുഖ്യത്തിൽ നടന്ന ആഘോഷങ്ങളിൽ ഇന്ത്യൻ കമ്യൂണിറ്റി ഉൾപ്പെടെ ഒട്ടറെ കമ്യൂണിറ്റികളിലെ അംഗങ്ങൾ പങ്കെടുത്തു.
രാവിലെ ഒന്‍പതിന് ദിവ്യബലിയിലും തുടർന്ന് നടന്ന നഗരം ചുറ്റിയുള്ള പ്രദക്ഷിണത്തിലും റൈൻ നദിയിലൂടെയുള്ള കപ്പൽ ഘോഷയാത്രയിലും വിശ്വാസികൾ പങ്കെടുത്താണ് കുർബാനയുടെ തിരുനാൾ ആഘോഷിച്ചത്.
ജൂൺ 19നാണ് കുർബാനയുടെ തിരുനാൾ ആചരണം. കോർപ്പസ് ക്രിസ്റ്റി ഫെസ്റ്റ് (ജർമൻ ഭാഷയിൽ ഫ്രോൺലൈഷ്നാം) ദിവസം ജർമനിയിലെ ആറ് സംസ്ഥാനങ്ങളിൽ പൊതുഅവധിയാണ്. ഈസ്റ്റർ ഞായറാഴ്ച കഴിഞ്ഞ് 60 ദിവസങ്ങൾക്ക് ശേഷമുള്ള വ്യാഴാഴ്ചയാണ് ഈ ദിനം ആഘോഷിക്കുന്നത്.
ബാഡൻവുർട്ടംബർഗ്, ബവേറിയ, ഹെസ്സെൻ, നോർത്ത് റൈൻവെസ്റ്റ്ഫാലിയ, റൈൻലാൻഡ്പാലറ്റിനേറ്റ്, സാർലാൻഡ് എന്നീ സംസ്ഥാനങ്ങളിലാണ് ഈ ദിവസം പൊതു അവധിയുള്ളത്. കൂടാതെ, സാക്സോണിയിലെയും തുരിംഗിയയിലെയും ചില ഭാഗങ്ങളിലും ഇത് ഒരു അവധി ദിവസമായി ആചരിക്കുന്നു.
|
മിഡിൽ ഈസ്റ്റിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ജർമനി
ബെർലിൻ: ഇസ്രയേൽ ഇറാൻ സംഘർഷം പരിഗണിച്ച് യുഎഇ, ജോർദാൻ, സൗദി അറേബ്യ, ഒമാൻ, കുവൈറ്റ്, ഖത്തർ, ബഹറിൻ എന്നിവിടങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ജർമൻ വിദേശകാര്യമന്ത്രാലയം.
വ്യോമമേഖല എപ്പോൾ വേണമെങ്കിലും അടച്ചുപൂട്ടാനോ മേഖലയിലേക്കുള്ള വിമാനഗതാഗതം തടസ്സപ്പെടാനോ സാധ്യതയുണ്ട്. നിരവധി വിമാനക്കമ്പനികൾ ഈ മേഖലയിലേക്കുള്ള വിമാന സർവീസുകൾ താത്കലികമായി നിർത്തിവച്ചിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
നിലവിൽ യുഎഇയിൽ ഉള്ളവർ ജർമൻ ഫെഡറൽ ഫോറിൻ ഓഫീസിന്റെ പ്രതിസന്ധി തയാറെടുപ്പ് പട്ടികയിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. ഫെഡറൽ ഫോറിൻ ഓഫീസ് നിലവിൽ ഇസ്രയേൽ യാത്രയ്ക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
|
ഫാ. ജോസഫ് പുത്തൻപുര നയിക്കുന്ന ധ്യാനം വിയന്നയിൽ
വിയന്ന: സെന്റ് ജോസഫ് സീറോമലബാർ ഇടവകയുടെ ആഭിമുഖ്യത്തിൽ ഫാ. ജോസഫ് പുത്തൻപുര നയിക്കുന്ന വാർഷിക ധ്യാനം ഈ മാസം 27, 28, 29 ദിവസങ്ങളിലായി വിയന്നയിൽ സംഘടിപ്പിക്കുന്നു.
പങ്കെടുക്കാൻ താത്പര്യമുള്ളവർ പേരുകൾ ഉടൻ തന്നെ രജിസ്റ്റർ ചെയ്യണമെന്ന് ഭാരവാഹികൾ അറിയിച്ചു. രജിസ്ട്രേഷൻ ഫീസ് ഉണ്ടായിരിക്കില്ല.
അതേസമയം ഉച്ചഭക്ഷണവും മറ്റും ക്രമീകരിക്കുന്നതിനായി ചെറിയ ഫീസ് ഉണ്ടാകുന്നതാണ്.
വിശദവിവരങ്ങൾക്ക്: നെൽസൺ (+43 699 11006244).
|
ഫ്രാൻസിൽ ലോക സംഗീതദിന പരിപാടിക്കിടെ സിറിഞ്ച് ആക്രമണം: 145 പേർക്കു പരിക്ക്
പാരീസ്: ഫ്രാൻസിൽ സംഗീതപരിപാടിക്കിടെ വ്യാപകമായി സിറിഞ്ച് ആക്രമണം. പാരീസ് അടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ പാതയോരങ്ങളിൽ ശനിയാഴ്ച രാത്രിയിൽ നടന്ന പ്രസിദ്ധമായ ലോക സംഗീതദിന (ഫെത് ദെ ലാ മ്യൂസിക്ക്) പരിപാടിക്കിടെയായിരുന്നു ആക്രമണം.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കൗമാരക്കാരായ പെൺകുട്ടികളുൾപ്പെടെ 145 പേർക്കുനേരേയാണ് അക്രമികൾ സിറിഞ്ചുകൊണ്ട് കുത്തിവച്ചത്. കുത്തിവച്ചത് മയക്കുമരുന്നാണോ അതോ ഭയപ്പെടുത്താൻ ആക്രമണം നടത്തിയതാണോ എന്നതിൽ വ്യക്തത വന്നിട്ടില്ല.
സംഭവത്തിൽ 12 പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. കുത്തേറ്റവരിൽ പലരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ 13 പേർക്ക് കാര്യമായ അസ്വസ്ഥതയുണ്ടെന്ന് ആശുപത്രിവൃത്തങ്ങൾ അറിയിച്ചു.
പാരീസിൽ നടന്ന സംഗീതപരിപാടിക്കിടെ 13 പേർക്കുനേരേ സിറിഞ്ച് ആക്രമണം ഉണ്ടായതായി പോലീസ് അറിയിച്ചു. അക്രമികളെത്തി കൈകളിൽ സിറിഞ്ചുകൊണ്ട് കുത്തി രക്ഷപ്പെടുകയായിരുന്നു.
|
ഐഎസ്എഫ്വി ഫ്രാങ്ക്ഫര്‍ട്ടില്‍ ബാഡ്മിന്റൺ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു
ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യന്‍ സ്പോര്‍ട്സ് ആന്‍ഡ് ഫാമിലി ഫെറെയ്ന്‍ (ഐഎസ്എഫ്വി) സംഘടിപ്പിച്ച ബാഡ്മിന്റൺ ടൂര്‍ണമെന്റ് ഫ്രാങ്ക്ഫര്‍ട്ടിലെ ഏണ്സ്ററ് റോയിറ്റര്‍ സ്കൂളിന്റെ സ്പോര്‍ട്സ് ഹാളില്‍ വിജയകരമായി നടത്തി.
സീനിയര്‍ വിഭാഗത്തില്‍ എ, ബി, മിക്സഡ് മത്സരങ്ങളിലായി വിവിധ മത്സരങ്ങള്‍ നടന്നപ്പോള്‍, ജൂണിയര്‍ വിഭാഗത്തില്‍ വ്യക്തിഗതവും ഡബിള്സുമായും അരങ്ങേറി. ഓരോ മത്സരങ്ങളും കടുത്തതും മികച്ച പ്രകടനങ്ങളും കൊണ്ട് ശ്രദ്ധേയമായി.
ടൂര്‍ണമെന്റിന്റെ ഭാഗമായി, കാര്‍ഡ്സ് ടൂര്‍ണമെന്റിന് സാല്‍ബൗ ടൈറ്റസ് ഫോറം വേദിയായി. റമ്മി, ഇരുപത്തിയെട്ട് എന്നീ വിഭാഗങ്ങളിലായി നിരവധി ടീമുകള്‍ പങ്കെടുത്തു.
ബാഡ്മിന്റൺ എ ടീം ഡോപ്പൽ വിജയികൾ: ഒന്നാം സമ്മാനം ജിമ്മി തോമസ് & മനോജ് തോമസ്, രണ്ടാം സമ്മാനം നെബു ജോൺ & അരുൺകുമാർ എ. നായർ.
ബി ടീം ഐൻസെൽ വിജയികൾ: ഒന്നാം സമ്മാനം ആകർഷ്, രണ്ടാം സമ്മാനം ദിൽജീത് ഷൈൻ. ബി ടീം ഡോപ്പൽ വിജയികൾ: ഒന്നാം സമ്മാനം ടോം തോമസ് & അകർഷ്, രണ്ടാം സമ്മാനം ബോണി മാത്യു & ഹാപ്പി പോൾ.
ബി ടീം മിക്സഡ് വിജയികൾ: ഒന്നാം സമ്മാനം അന്ന ജോൺസൺ & മെൽവിൻ വാതല്ലൂർ, രണ്ടാം സമ്മാനം ദേവനന്ദിനി സലിൽ & ദിൽജീത് ഷൈൻ. ജൂനിയർ ഐൻസെൽ വിജയികൾ: ഒന്നാം സമ്മാനം റോബിൻ ജോസഫ്, രണ്ടാം സമ്മാനം റയാൻ ആന്റണി.
ജൂണിയർ ഡോപ്പൽ വിജയികൾ: ഒന്നാം സമ്മാനം റയാൻ ആന്റണി & റോബിൻ ജോസഫ്, രണ്ടാം സമ്മാനം ജോയൽ പാലക്കാട്ട് & ജെറോം പാലക്കാട്ട്
കാർഡ്സ് റമ്മി വിജയികൾ: ഒന്നാം സമ്മാനം ഭരണിരാജ കന്ദസാമി, രണ്ടാം സമ്മാനം അരുൺകുമാർ എ. നായർ. ട്വന്റി എയ്റ്റ് വിജയികൾ: ഒന്നാം സമ്മാനം തോമസ് നീരക്കൽ & ഡെന്നിസ്, രണ്ടാം സമ്മാനം അനൂപ് നീലിയാര & ബെന്നി ജോസഫ്.
വാര്‍ഷിക ടൂര്‍ണമെന്റിലെ വിജയികള്‍ക്ക് ഐഎസ്എഫ്വി സീനിയര്‍ അംഗങ്ങള്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. പ്രധാന ജൂറിയായി ആന്‍ഡ്രൂസ് ഓടത്തുപറമ്പില്‍ പ്രവര്‍ത്തിച്ചു.
മത്സരങ്ങള്‍ക്ക് ശേഷം നടന്ന ബാര്‍ബിക്യൂവിന് ജോസഫ് ഫിലിപ്പോസ്, പ്രദീപ് തുണ്ടിയില്‍, നിഖില്‍ സാംബശിവന്, ജോണി ദേവസ്യ എന്നിവര്‍ നേതൃത്വം നല്കി.
നിലവില്‍ ക്ലബിന്റെ നേതൃത്വം അരുണ്‍കുമാര്‍ എ. നായര്‍, ജോര്‍ജ് ജോസഫ് ചൂരപ്പൊയ്കയില്‍, സേവ്യര്‍ പള്ളിവാതുക്കല്‍ എന്നിവരോടൊപ്പം പുതുതലമുറയെ പ്രതിനിധീകരിച്ച് സന്തോഷ് കോറോത്ത്, അനൂപ് നീലിയറ, ബോണി ബാബു എന്നിവരും പങ്കുവഹിക്കുന്നു.
മത്സരങ്ങളില്‍ പങ്കെടുത്തവര്‍ക്കും അതിഥികള്‍ക്കും ഭക്ഷണം ഒരുക്കിയവര്‍ക്കും ഫെറെയ്ന്‍ ഭാരവാഹികള്‍ നന്ദി അറിയിച്ചു.
|
യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കായികമേള: ലിമ കിരീടം നേടി
ലിവർപൂൾ: യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കായികമേളയിൽ ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ) തിളക്കമാർന്ന വിജയം നേടി ചാമ്പ്യൻപട്ടം കരസ്ഥമാക്കി. ആവേശകരമായ പ്രകടനങ്ങളിലൂടെ എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് ലിമ ഉജ്വല നേട്ടം കൈവരിച്ചത്.
ലിമയുടെ ആഭിമുഖ്യത്തിൽ ലിവർപൂളിലെ ലിതർലാൻഡ് സ്പോർട്സ് പാർക്ക് സ്റ്റേഡിയത്തിൽ നടന്ന ഈ കായികമാമാങ്കം അവിസ്മരണീയമായ മുഹൂർത്തങ്ങൾ സമ്മാനിച്ച് വൻ വിജയമായി മാറി.
രാവിലെ പത്തു മുതൽ രാത്രി എട്ട് വരെ നടന്ന കായികമേളയിൽ യുകെയിലെ നോർത്ത് വെസ്റ്റ് റീജിയണിലെ വിവിധ മലയാളി അസോസിയേഷനുകളിൽ നിന്നായി നൂറുകണക്കിന് കായികതാരങ്ങളും കാണികളും പങ്കെടുത്തു.
രാവിലെ 9.30ന് ലിമയുടെ നേതൃത്വത്തിൽ നടന്ന മാർച്ച് പാസ്റ്റോടെയാണ് മത്സരങ്ങൾക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചത്. യുക്മ നാഷണൽ പ്രസിഡന്റ് എബി സെബാസ്റ്റ്യൻ ഉദ്ഘാടന വേളയിൽ സന്നിഹിതനായിരുന്നു.
ട്രാക്കിലും ഫീൽഡിലുമായി ഒരേ സമയം ഇടവേളകളില്ലാതെ നടന്ന മത്സരങ്ങൾ കായികപ്രേമികളെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ചു.
റീജിയണൽ ഓവറോൾ ചാമ്പ്യൻ പട്ടം ആതിഥേയ അസോസിയേഷനായ ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ) കരസ്ഥമാക്കിയപ്പോൾ വിഗൻ മലയാളി അസോസിഷേൻ രണ്ടാം സ്ഥാനവും ബേർൻലി മലയാളി അസോസിഷേൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഓരോ മത്സരവും നിറഞ്ഞ കൈയടികളോടെയാണ് കാണികൾ സ്വീകരിച്ചത്. താരങ്ങൾ കാഴ്ചവെച്ച മികച്ച പ്രകടനങ്ങൾ കായികമേളയ്ക്ക് മാറ്റുകൂട്ടി. ലിമയുടെ സംഘാടനമികവ് പരിപാടിയുടെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചു.
സമയബന്ധിതമായ മത്സരക്രമീകരണങ്ങളും മികച്ച സൗകര്യങ്ങളും പങ്കെടുത്തവരുടെയെല്ലാം പ്രശംസ പിടിച്ചുപറ്റി. ഇത് ഒരു കായികമേള എന്നതിലുപരി മലയാളി സമൂഹത്തിന്റെ ഒത്തുചേരലിന്റെയും സൗഹൃദത്തിന്റെയും വേദിയായി മാറി.
കായികമേളയുടെ ഹൈലൈറ്റുകളിലൊന്നായ ആവേശകരമായ വടംവലി മത്സരത്തിൽ വിജയികളായ ടീമിന് "ലൗ റ്റു കെയർ' സ്പോൺസർ ചെയ്ത ഉജ്വലമായ കാഷ് അവാർഡും യുക്മ എവർ റോളിംഗ് ട്രോഫിയും സമ്മാനിച്ചു.
കായിക മത്സരങ്ങൾക്ക് പുറമെ ഒരു ദിവസത്തെ ദിനചര്യകളിൽ നിന്ന് മാറിനിൽക്കാനും പ്രിയപ്പെട്ടവരുമായി ഒത്തുചേർന്ന് ആഘോഷിക്കാനുമുള്ള അവസരം ലഭിച്ചതിൽ പങ്കെടുത്തവരെല്ലാം നിറഞ്ഞ സംതൃപ്തി രേഖപ്പെടുത്തി.
യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കായികമേള വൻ വിജയമാക്കിത്തീർത്തതിന് പങ്കെടുത്ത കായികതാരങ്ങൾക്കും കാണികൾക്കും നിസ്വാർഥമായി പ്രവർത്തിച്ച യുക്മ സംഘാടകർക്കും എല്ലാ പിന്തുണയും നൽകിയ സ്പോൺസർമാർക്കും ലിമ ഭാരവാഹികൾ ഹൃദയപൂർവം നന്ദി രേഖപ്പെടുത്തി.
|
ഐഒസി യുകെ കേരള ചാപ്റ്റർ ഭാരവാഹികളെ പ്രഖ്യാപിച്ചു
ലണ്ടൻ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുകെയുടെ കേരള ചാപ്റ്റർ ഭാരവാഹികളെ പ്രഖ്യാപിച്ചു. ഐഎസിസി പോഷക സംഘടനായ ഐഒസിയിൽ (ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്) കെപിസിസി പോഷക സംഘടനായ ഒഐസിസി (ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്) ലയിച്ച ശേഷം നടക്കുന്ന ആദ്യ പുന:സംഘടനയാണ്.
ലയനത്തിന് മുൻപ് ഇരു സംഘടനകളുടെയും പ്രസിഡന്റുമാരായിരുന്ന സുജു കെ. ഡാനിയേൽ (ഐഒസി), ഷൈനു മാത്യൂസ് (ഒഐസിസി) എന്നിവരെ യഥാക്രമം ലണ്ടൻ റീജിയൺ, മിഡ്ലാൻഡ്സ് റീജിയൺ എന്നിവയുടെ ചുമതലകലുള്ള ഐഒസി പ്രസിഡന്റുമാരായി ഐഒസിയുടെ ഗ്ലോബൽ ചെയർമാൻ സാം പിട്രോഡ പ്രഖ്യാപിച്ചിരുന്നു.
തുടർന്ന് കഴിഞ്ഞ ദിവസമാണ് കേരള ചാപ്റ്റർ ഭാരവാഹികളെ നാഷണൽ കമ്മിറ്റി പ്രസിഡന്റ് കമൽ ദലിവാൾ പ്രഖ്യാപിച്ചത്. നാഷണൽ കമ്മിറ്റിയിൽ നിന്നും കേരള ചാപ്റ്ററിന്റെ ഇൻ ചാർജ് ചുമതല ജനറൽ സെക്രട്ടറി വിക്രം ദുഹാനും സഹചുമതല യൂത്ത് വിംഗ് പ്രസിഡന്റ് ഇമാം ഹക്കിനുമാണ്.
ഐഒസി യുകെ കേരള ചാപ്റ്ററിന്റെ യൂറോപ്പ് കോഓർഡിനേറ്ററായി ഡോ. ജോഷി ജോസ്, ഇന്ത്യ കോഓർഡിനേറ്ററായി അഷീർ റഹ്മാൻ എന്നിവരെയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇൻസൺ ജോസ്, അശ്വതി നായർ, ബേബിക്കുട്ടി ജോർജ്, അപ്പാ ഗഫൂർ എന്നിവരാണ് വൈസ് പ്രസിഡന്റുമാർ.
അഷ്റഫ് അബ്ദുള്ള, സുരാജ് കൃഷ്ണൻ, അജിത് വെൺമണി, ബിനോ ഫിലിപ്പ്, റോമി കുര്യാക്കോസ് എന്നിവരാണ് ജനറൽ സെക്രെട്ടറിമാർ. ബോബിൻ ഫിലിപ്പ്, സന്തോഷ് ബെഞ്ചമിൻ, വിഷ്ണു പ്രതാപ്, ബിജു കുളങ്ങര (മീഡിയ ഇൻചാർജ്), മെബിൻ ബേബി എന്നിവരാണ് സെക്രട്ടറിമാർ.
സുനിൽ രവീന്ദ്രൻ, അരുൺ പൗലോസ്, റോണി ജേക്കബ്, ഷോബിൻ സാം, ലിജോ കെ. ജോഷ്വ എന്നിവരാണ് നിർവഹക സമിതി അംഗങ്ങൾ. ബിജു ജോർജ് ആണ് ട്രഷറർ. മണികണ്ഠൻ ഐക്കാട് ആണ് ജോയിന്റ് ട്രഷറർ.
ജെന്നിഫർ ജോയി വിമൻസ് വിംഗ് കോഓർഡിനേറ്ററായും അജി ജോർജ് പിആർഒയായും പ്രഖ്യാപിക്കപ്പെട്ടു. യൂത്ത് വിംഗ് കോഓർഡിനേറ്റർ എഫ്രേം സാം മറ്റപ്പള്ളിൽ ആണ്. അജിത് മുതയിൽ, ബൈജു തിട്ടാല എന്നിവരാണ് പ്രത്യേക ക്ഷണിതാക്കൾ.
ഗൾഫ് ഒഴികെയുള്ള രാജ്യങ്ങളിൽ ഒഐസിസി പ്രവർത്തനങ്ങൾ നിർത്തി വയ്ക്കണമെന്ന എഐസിസി നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് യുകെ ഉൾപ്പടെയുള്ള യൂറോപ്യൻ രാജ്യങ്ങളിലും യുഎസ് ഉൾപ്പടെയുള്ള പശ്ചാത്യ രാജ്യങ്ങളിലും ഒഐസിസി ഘടകങ്ങൾ ഐഒസിയിൽ ലയിച്ചത്.
പ്രവാസികളായ കോൺഗ്രസ് അനുഭാവികൾക്കിടയിൽ ഒരൊറ്റ സംഘടന എന്ന ലക്ഷ്യം പൂർത്തീകരിക്കാനാണ് ഇത്തരമൊരു നീക്കം. ഗൾഫ് രാജ്യങ്ങളിൽ കെപിസിസിയുടെ മേൽനോട്ടത്തിലാണ് ഒഐസിസി യൂണിറ്റുകൾ മലയാളികൾക്കിടയിൽ വ്യാപകമായുള്ളത്.
എന്നാൽ യുഎസ്, യുകെ, ജർമനി, അയർലൻഡ് ഉൾപ്പടെയുള്ള പാശ്ചാത്യ രാജ്യങ്ങളിൽ ഐഒസിക്കാണ് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളുടെ പേരിൽ ചാപ്റ്റർ യൂണിറ്റുകൾ ഉള്ളത്. രാഹുൽ ഗാന്ധി ഉൾപ്പടെയുള്ള ദേശീയ നേതാക്കൾ ഇവിടങ്ങളിൽ സന്ദർശനത്തിന് എത്തുന്നതും ഐഒസിയുടെ ക്ഷണം സ്വീകരിച്ചാണ്.
എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ അനുമതിയോടെ ഐഒസിയുടെ ഗ്ലോബൽ ചെയർമാൻ സാം പിട്രോഡ, ഐഒസിയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറി ആരതി കൃഷ്ണൻ എന്നിവരുടെ സാന്നിധ്യത്തിലാണ് ലയന പ്രവർത്തനങ്ങൾ പുരോഗമിച്ചത്.
ഏകോപന സമിതി അംഗങ്ങളായ ജോർജ് എബ്രഹാം, മഹാദേവൻ വാഴശേരിൽ, ജോയി കൊച്ചാട്ട് എന്നിവർ ലയനപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
|
മാനവരാശി സമാധാനത്തിനായി കേഴുന്നു: മാർപാപ്പ
വത്തിക്കാൻ സിറ്റി: യുദ്ധത്തിന്റെ ദുരന്തം പരിഹരിക്കാനാകാത്ത വിപത്തായി മാറുന്നതിനുമുന്പ് അത് അവസാനിപ്പിക്കാൻ രാജ്യാന്തരസമൂഹത്തോട് അഭ്യർഥിച്ച് ലെയോ പതിനാലാമൻ മാർപാപ്പ.
ഇന്ന് എക്കാലത്തേക്കാളും കൂടുതലായി മാനവരാശി സമാധാനത്തിനായി കേഴുകയും യാചിക്കുകയും ചെയ്യുന്നുവെന്നും ത്രികാലജപ പ്രാർഥനയ്ക്കുശേഷം വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ തടിച്ചുകൂടിയ വിശ്വാസികളെ അഭിസംബോധന ചെയ്തു മാർപാപ്പ പറഞ്ഞു.
ആയുധങ്ങളുടെ ഗർജനത്താലോ സംഘർഷത്തിനു പ്രേരിപ്പിക്കുന്ന പ്രസ്താവനകളാലോ ഈ ആഹ്വാനത്തെ മുക്കിക്കളയരുതെന്ന് അഭ്യർഥിച്ച മാർപാപ്പ, ഇറാനിലെ ആണവകേന്ദ്രങ്ങൾക്കു നേരേ അമേരിക്ക നടത്തിയ ആക്രമണം ആശങ്കപ്പെടുത്തുന്നതാണെന്നും പറഞ്ഞു.
യുദ്ധം പ്രശ്നങ്ങൾക്കു പരിഹാരമല്ല. ഒരു സായുധ വിജയത്തിനും ഒരു അമ്മയുടെ ദുഃഖത്തെയോ ഒരു കുട്ടിയുടെ ഭയത്തെയോ അല്ലെങ്കിൽ തകർക്കപ്പെട്ട ഭാവിയെയോ നികത്താൻ കഴിയില്ല.
നയതന്ത്രം ആയുധങ്ങളെ നിശബ്ദമാക്കട്ടെ. രാഷ്ട്രങ്ങൾ അവരുടെ ഭാവി രൂപപ്പെടുത്തുന്നത് അക്രമത്തിലൂടെയും രക്തരൂഷിത സംഘർഷങ്ങളിലൂടെയുമാകാതെ സമാധാന പ്രവർത്തനങ്ങളിലൂടെയാകട്ടെ മാർപാപ്പ പറഞ്ഞു.
|
മഴവിൽ സംഗീതം അവിസ്മരണീയമായി
ലണ്ടൻ: യുകെ മലയാളികളെ ആനന്ദ സാഗരത്തിൽ ആറാടിച്ച സംഗീതനൃത്ത കലകളുടെ മാന്ത്രിക സ്പർശം കാണികളെ വിസ്മയിപ്പിച്ച മഴവിൽ സംഗീതത്തിന്റെ പന്ത്രണ്ടാം വാർഷികാഘോഷം പ്രൗഢഗംഭീരമായി.
ബോൺമൗത്തിലെ ബാറിംഗ്ടൺ തിയറ്ററിൽ തിങ്ങിനിറഞ്ഞ കലാസ്വാദകർക്ക് സംഗീത നൃത്ത ദൃശ്യ ആവിഷ്കാരത്തിന്റെ അപൂർവ നിമിഷങ്ങളും,അനുഭവവുമാണ് സമ്മാനിച്ചത്.
എട്ടുമണിക്കൂറിലധികം നീണ്ടുനിന്ന പരിപാടികളും കണ്ണഞ്ചിപ്പിക്കുന്ന നൃത്ത വിസ്മയങ്ങളും പ്രൗഡോജ്വലമായ വേദിയിൽ സമന്വയിച്ചപ്പോൾ ഓരോ പരിപാടികളും നിറകൈയടിയോടെയാണ് കാണികൾ വരവേറ്റത്.
യുകെയിലെ വിവിധ സ്ഥലങ്ങളിൽ നിന്നുമായി ബാറിംഗ്ടൺ തീയേറ്റർ ഹാളിലേക്ക് ആളുകൾ ഒഴുകിയെത്തി. കഴിഞ്ഞ 11 വർഷവും മികച്ച സംഗീതനൃത്ത കലാപരിപാടികളുടെ ഉത്സവച്ഛായ തീർത്ത മഴവിൽ സംഗീത നിശയിൽ ഇത്തവണ ആകർഷകമായ ബോളിവുഡ്, ഇന്ത്യൻ സെമിക്ലാസിക്കൽ ഡാൻസും ഉൾപ്പെടുത്തിയിരുന്നു.
ലൈവ് ഓർക്കസ്ട്രയുടെ അകമ്പടിയോടെ പ്രശസ്തരായ ഗായകരും വാദ്യ കലാകാരന്മാരും നർത്തകരുമായ കലാപ്രതിഭകൾ വേദിയിൽ ചേർന്ന് ഏറ്റവും വർണാഭമായ കലാവിരുന്നാണ് ഒരുക്കിയത്.
മഴവിൽ സംഗീതത്തിന്റെ പന്ത്രണ്ടാം വാർഷിക ആ ഘോഷത്തോട് അനുബന്ധിച്ച് നടന്ന ഉദ്ഘാടന ചടങ്ങിൽ വിശിഷ്ടാതിഥികളായി എത്തിയവർക്ക് അനീഷ് ജോർജ് സ്വാഗതം ആശംസിച്ചു.
ലോക കേരളസഭാംഗവും മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റുമായ സി.എ. ജോസഫ് ഭദ്രദീപം തെളിച്ച് വാർഷികാഘോഷത്തിന്റെ ഔപചാരികമായ ഉദ്ഘാടനം നിർവഹിച്ചു.
അഹമ്മദാബാദ് ദുരന്തത്തിൽ ജീവൻ പൊലിഞ്ഞ പോർട്സ്മൗത്ത് ഹോസ്പിറ്റലിൽ നേഴ്സായി ജോലി ചെയ്തിരുന്ന രഞ്ജിത നായർ ഉൾപ്പെടെയുള്ള മുഴുവൻ ആളുകൾക്കും ഹൃദയത്തിൽ ചാലിച്ച ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടാണ് മഴവിൽ സംഗീതത്തിന്റെ യവനിക ഉയർന്നത്.
യുക്മ നാഷണൽ ജോയിന്റ് സെക്രട്ടറി സണ്ണിമോൻ മത്തായി, രാജ കൃഷ്ണൻ (ജോസ്കോ), ബിജേഷ് കുടിലിൽ ഫിലിപ്പ് (ലൈഫ് ലൈൻ) എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
വിശിഷ്ടാതിഥികൾക്ക് മഴവിൽ സംഗീതത്തിന്റെ മുഖ്യ സംഘാടകനായ അനീഷ് ജോർജ് ഉപഹാരങ്ങൾ നൽകിയും പൊന്നാടയണിയിച്ചും ആദരിച്ചു. 12 വർഷമായി മഴവിൽ സംഗീതത്തിന്റെ വളർച്ചയ്ക്ക് സുത്യർഹമായ പങ്കുവഹിച്ച സില്‍വി ജോസ്, ജിജി ജോൺസൻ, നിമിഷ മോഹൻ എന്നിവർക്ക് മഴവിൽ സംഗീതത്തിന്റെ ഉപഹാരം നൽകി ആദരിച്ചു.
സന്തോഷ് കുമാർ നയിക്കുന്ന യുകെയിലെ പ്രശസ്തമായ വോക്സ് അഞ്ചേല മ്യൂസിക് ബാൻഡിന്റെ നേതൃത്വത്തിലുള്ള ലൈവ് ഓർക്കസ്ട്രയുടെ അകമ്പടിയോടും എൽഇഡി സ്ക്രീനിന്റെ മികവിൽ അനുഗ്രഹീതരായ ഗായകാരുടെ ആലാപനം സംഗീതാസ്വാദകർക്ക് നവ്യാനുഭവം പകർന്നു.
മഴവിൽ സംഗീതത്തിന്റെ അമരക്കാരും യുകെയിലെ അറിയപ്പെടുന്ന ഗായകരുമായ അനീഷ് ജോർജിനോടും ടെസ ജോർജിനോടുമൊപ്പം ചേർന്ന് നിന്ന ഷിനു സിറിയക്, സിജു ജോസഫ്, സുനിൽ രവീന്ദ്രൻ, റോബിൻസ് തോമസ്, സാവൻ കുമാർ, ആൻസൺ ഡേവിസ്, റോബിൻ പീറ്റർ, പത്മരാജ്, ജിജി ജോൺസൻ, സിൽവി ജോസ്, നിമിഷ മോഹൻ തുടങ്ങിയ സംഘാടകർ മാസങ്ങളായി നടത്തിയ കഠിനാധ്വാനത്തിന്റെ ഫലമായിരുന്നു മഴവിൽ സംഗീതത്തിന്റെ വിജയം.
സ്റ്റേജ് നിയന്ത്രണത്തിന് പുതിയ മാനങ്ങൾ നൽകി അവതാരകരായി എത്തിയ അനുശ്രീ, പത്മരാജ്, ബ്രൈറ്റ്, സിൽവി ജോസ്, ആൻസൺ ഡേവിസ് എന്നിവർ വേദി കീഴടക്കി. യുകെയിലെ നിരവധി അതുല്യരായ നൃത്ത സംഗീത പ്രതിഭകൾക്ക് വളരുവാനുള്ള അവസരം ഒരുക്കിയിട്ടുള്ള മഴവിൽ സംഗീതത്തിന് തുടക്കം കുറിച്ചത് 2012ലാണ്.
അനുഗ്രഹീത കലാപ്രതിഭകളും ഗായകരുമായ അനീഷ് ജോർജും പത്നി ടെസ ജോർജുമാണ് മഴവിൽ സംഗീതത്തിന്റെ ആശയത്തിനും ആവിഷ്കാരത്തിനും പിന്നിൽ പ്രവർത്തിച്ചുവരുന്നത്. ഇക്കഴിഞ്ഞ 11 വർഷങ്ങളിൽ നടത്തിയ മികവാർന്ന പരിപാടികൾ കൊണ്ട് മലയാളി സമൂഹത്തിന്റെ സംഗീത വഴികളിലെ ജീവതാളമായി മഴവിൽ സംഗീതം മാറിക്കഴിഞ്ഞു.
ബിനു നോർത്താംപ്ടൻ (ബീറ്റ്സ് ഡിജിറ്റൽ) ശബ്ദവും വെളിച്ചവും നൽകി. സന്തോഷ് ബെഞ്ചമിൻ (ഫോട്ടോ ഗ്രാഫിയും) ജിസ്മോൻ പോൾ വീഡിയോയും ജെയിൻ ജോസഫ്, ഡെസിഗ്നേജ്, റോബിൻസ് ആർട്ടിസ്റ്ററി ഗ്രാഫിക്സും മികവാർന്ന രീതിയിൽ കൈകാര്യം ചെയ്തു പരിപാടിയെ സമ്പന്നമാക്കി.
മഴവിൽ സംഗീതത്തിന്റെ അനീഷ് ജോർജ്, ടെസ ജോർജ് എന്നിവരോടൊപ്പം യുകെയിലെ ഏറ്റവും മികച്ച ഗായകരും നർത്തകരും ചേർന്ന് സംഗീതവും നൃത്തവും സമന്വയിപ്പിച്ച അതുല്യ കലാവൈഭവങ്ങൾ സൃഷ്ടിച്ച മാസ്മരിക സായാഹ്നമായിരുന്നു പന്ത്രണ്ടാം വാർഷീകാഘോഷം യുകെ മലയാളികൾക്ക് സമ്മാനിച്ചത്.
|
പ്രോസി എക്സോട്ടിക്ക് ഫെസ്റ്റിവലിന് സമാപനം
വിയന്ന: വിവിധ സംസ്കാരങ്ങളുടെ സമ്മേളനവേദിയായി മാറിയ പ്രോസി എക്സോട്ടിക്ക് ഫെസ്റ്റിവലിന് ഉജ്വല സമാപനം. എല്ലാ വര്‍ഷവും രണ്ടു ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന ഫെസ്റ്റിവലിന്റെ 25ാമത്തെ വാര്‍ഷികം കൂടിയായിരുന്നു ഈ വര്‍ഷത്തെ സംഗമം.
നിരവധി രാജ്യങ്ങളില്‍ നിന്നുമായി മൂന്നുറിലധികം കലാകാരന്മാരുടെ പ്രകടനങ്ങളും ലൈവ് സംഗീതവുമായി സമാപിച്ച ഫെസ്റ്റിവല്‍ ബഹുസ്വരതയുടെ പ്രകടമായ സമ്മേളന വേദിയായി മാറിയപ്പോള്‍ ഏകദേശം പതിയാരത്തോളം പേര് രണ്ടു ദിവസങ്ങളിലായി ഫെസ്റ്റിവലില്‍ പങ്കെടുത്തു. കഴിഞ്ഞ 25 വര്‍ഷമായി വിയന്നയുടെ വീഥിയില്‍ നടന്നുവരുന്ന ആദ്യത്തെ എക്സോട്ടിക്ക് ഫെസ്റ്റിവല്‍ കൂടിയാണിത്.
വിയന്നയുടെ ഹൃദയഭാഗത്തായി തെരുവില്‍ നടന്ന ഫെസ്റ്റിവലില്‍ ആഫ്രിക്കന്‍ കലാകാരന്മാരുടെ പ്രകടനങ്ങള്‍, ഇന്ത്യന്‍ ക്ലാസിക്കല്‍ ബോളിവുഡ് നൃത്തനൃത്യങ്ങള്‍, ഈജിപ്ത്, പെറു, കൊളംബിയ, ടിബറ്റ്, സെനഗല്‍ തുടങ്ങിയ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പരമ്പരാഗത നൃത്തനൃത്യങ്ങള്‍, ബംഗാളി ഡാന്‍സ്, ചൈനീസ് ഡാന്‍സ്, ബെല്ലി ഡാന്‍സ്, പഞ്ചാബികളുടെ ബങ്കാര ഡാന്‍സ് തുടങ്ങിയ കലാപ്രകടനങ്ങള്‍ ഫെസ്റ്റിവല്‍ വേദിയെ പ്രകമ്പനം കൊള്ളിച്ചു.
പ്രോസി വിഗ് ഫാഷന്‍ ഷോ, ആഫ്രോ ലാറ്റിനോ മ്യൂസിക്, ഇന്ത്യന്‍ മ്യൂസിക് തുടങ്ങിയ ഇനങ്ങള്‍ വേദിയെ വിസ്മയിപ്പിച്ചു. അതേസമയം തെക്കേ അമേരിക്കന്‍ ബാന്‍ഡായ ഹാരോള്‍ഡ് ടെയ്ലറിന്റെയും അയര്‍ലൻഡില്‍ നിന്നുള്ള സോള്ബീസ് ലൈവ് സംഗീത ഷോയും ഏറെ ശ്രദ്ധേയമായി.
സമ്മേളനത്തിന്റെ സമാപന ദിവസം നടന്ന പൊതുസമ്മേളനം ഘാന അംബാസിഡർ മെറ്റിൽഡ ആകു അലോമറ്റുവും ശ്രീലങ്കൻ അംബാസിഡർ എം.ആർ.കെ. ലെനാഗാലാലും ഭദ്രദീപം തെളിയിച്ചു ഉദ്ഘാടനം ചെയ്തു.
വലേരി റുജുനെ (ഡെപ്യൂട്ടി ഹെഡ് ഓഫ് മിഷന്, കെനിയ എംബസി), തന്തിദാ ഹെല്‍ബര്‍ട്ട് (കൗണ്‍സിലര്‍, തായ് എംബസി), സോയിലോ വെലാസ്കോ (ഡെപ്യൂട്ടി ഹെഡ് ഓഫ് മിഷന് ആന്‍ഡ് കോണ്‍സുലാര്‍ ജനറല്‍ ഫിലിപ്പൈന്‍സ് എംബസി), സീജിഫ്രിഡ് ഷനൈഡര്‍ (കൊമേര്‍ഷ്യല്‍ മാനേജര്‍ എയര്‍ അറേബ്യ, ഡോ. തോമസ് താണ്ടപ്പിള്ളി (ചാപ്ലയിന്‍ സെന്റ് തോമസ് എസ്എംസി വിയന്ന), നോര്‍ബെര്‍ട് സൗണര് (വൈസ് പ്രസിഡന്റ്, എസ്ഡബ്ല്യുവി വിയന്ന) തുടങ്ങിയ വിശിഷ്ട അതിഥികളും സമ്മേളനത്തില്‍ പങ്കെടുത്തു.
തനതായ മേഖലയില്‍ മികവു പുലര്‍ത്തുന്നവരെ ആദരിക്കാന്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന പ്രോസി എക്സലന്‍സ് അവാര്‍ഡ് പ്രമുഖ പിയാനിസ്റ്റും എഡ്യൂക്കേറ്ററും കള്‍ച്ചറല്‍ അംബാസിഡറുമായ ഡോ. മരിയാലെന ഫെര്‍ണാണ്ടസ് കരസ്ഥമാക്കി.
ഓസ്ട്രയയില്‍ നിന്നും ഭാരതിയ സമ്മാന്‍ പുരസ്കാരം നേടുന്ന ഏക വനിതയുമാണ് മരിയാലെന. പ്രോസി എംപ്ലോയീ അച്ചീവ്മെന്റ് അവാര്‍ഡ് രണ്ടു പതിറ്റാണ്ടിലേറെയായി ജോലിചെയ്യുന്ന ഇമ്രാന് ഹൊസൈനു സമ്മാനിച്ചു. ഇന്ത്യന്‍ ഭക്ഷണ ശാലകള്‍ക്ക് പുറമെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഭക്ഷണ പാനീയങ്ങളും ഫെസ്റ്റിവലിന്റെ വേദിയെ ജനപ്രിയമാക്കി.
കാഴ്ചയുടെ പൂരം ഒരുക്കി അരങ്ങേറിയ മേളയിൽ ഓരോ രാജ്യക്കാര്‍ക്കും അവരവരുടെ കഴിവുകള്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരൊടൊപ്പം പ്രകടിപ്പിക്കാൻ ലഭിക്കുന്ന അസുലഭ വേദിയായി എക്സോട്ടിക്ക് ഫെസ്റ്റിവല്‍ മാറിയെന്നതിൽ അഭിമാനമുണ്ടെന്നു അഭിപ്രായപ്പെട്ട പ്രോസി ഗ്രൂപ്പ് സ്ഥാനപങ്ങളുടെ ചെയര്മാന് പ്രിന്‍സ് പള്ളിക്കുന്നേല്‍, ഓരോ വര്‍ഷം കഴിയുംതോറും പ്രോസി ഫെസ്റ്റിവല്‍ സ്വദേശിയരും വിദേശിയരുമായി കൂടുതല്‍ ആളുകളെ ആകര്ഷിച്ചുവരുന്നതായി പറഞ്ഞു.
പ്രോസി ഡയറക്ടര്‍മാറായ സിജി, സിറോഷ് ജോര്‍ജ്, ഷാജി കിഴക്കേടത്ത്, ഗ്രേഷ്മ തുടങ്ങിയവര്‍ ഫെസ്റ്റിന് മേല്‍നോട്ടം വഹിച്ചു.
|
മാഞ്ചസ്റ്ററിൽ തിരുനാൾ ആഘോഷ ഒരുക്കങ്ങൾ പുരോഗമിക്കുന്നു
മാഞ്ചസ്റ്റർ: യുകെയിലെ മാഞ്ചസ്റ്റർ വീണ്ടും തിരുനാൾ ലഹരിയിലേക്ക്. ഇക്കുറി തിരുന്നാളിന്റെ 20ാം വാർഷികം കൂടി എത്തിയതോടെ തിരുനാൾ ആഘോഷങ്ങൾ കൂടുതൽ മികവുറ്റതാക്കുവാൻ വേണ്ട ഒരുക്കങ്ങൾ അണിയറയിൽ പുരോഗമിക്കുകയാണ്.
തോമാശ്ലീഹായുടെയും അൽഫോൻസാമ്മയുടെയും സംയുക്ത തിരുനാൾ ആഘോഷങ്ങളാണ് മാഞ്ചസ്റ്ററിൽ നടക്കുക. ഈ മാസം 29ന് കൊടിയേറി ജൂലൈ ആറ് വരെയാണ് തിരുന്നാൾ ആഘോഷങ്ങൾ. പ്രധാന തിരുനാൾ ജൂലൈ അഞ്ചിന് നടക്കും.
28ന് വിഥിൻഷോ ഫോറം സെന്ററിൽ "ഗ്രെഷ്യസ് 2025' എന്ന പേരിൽ വില്യം ഐസ്ക്കും ഡെൽസി നൈനാനും ചേർന്ന് അവതരിപ്പിക്കുന്ന മ്യൂസിക്കൽ ഷോയും പാരിഷ് ഡേ ആഘോഷങ്ങളും നടക്കും. അന്നേദിവസം ഇടവകയിലെ വിവിധ ഫാമിലി യൂണിറ്റുകളുടെ കലാപരിപാടികളും നടക്കും.
എല്ലാവർഷവും ജൂലൈ മാസത്തിലെ ആദ്യ ശനിയാഴ്ച മാഞ്ചസ്റ്റർ ദുക്റാന തിരുനാൾ ആയി ആഘോഷിച്ചുവരികയാണ്. വിഥിൻഷോയിലെ സെന്റ് ആന്റണീസ് ദേവാലയത്തിലാണ് തിരുനാൾ ആഘോഷങ്ങൾ നടക്കുക. മാഞ്ചസ്റ്റർ മലയാളികൾക്കൊപ്പം തദ്ദേശീയരായ ഇംഗ്ലിഷ് ജനതയ്ക്കും തിരുനാൾ ആഘോഷമാണ്.
29ന് വൈകുന്നേരം മൂന്നിന് മിഷൻ ഡയറക്ടർ ഫാ. ജോസ് കുന്നുംപുറം കൊടിയേറ്റുന്നതോടെ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കമാകും. തുടർന്ന് പ്രസുദേന്തി വാഴ്ചയും ലദീഞ്ഞും കുർബാനയും നടക്കും.
ഇതേ തുടർന്ന് വീടുകളിലേക്കുള്ള അമ്പ് എഴുന്നള്ളിക്കലും ഉത്പന്ന ലേലവും നടക്കും. തിങ്കളാഴ്ചമുതൽ വെള്ളിയാഴ്ച വരെ ദിവസവും വൈകുന്നേരം 5.30 ന് കുർബാനയും നൊവേനയും നടക്കും.
ഈ ദിവസങ്ങളിൽ ഇടവകയിലെ വിവിധ ഫാമിലി യൂണിറ്റുകൾ, സന്നദ്ധ സംഘടനകൾ എന്നിവക്കുള്ള നിയോഗങ്ങൾ സമർപ്പിച്ചാവും തിരുക്കർമങ്ങൾ നടക്കുക.
തിങ്കളാഴ്ച മാഞ്ചസ്റ്റർ ഹോളിഫാമിലി മിഷൻ ഡയറക്ടർ ഫാ.വിൻസെന്റ് ചിറ്റിലപ്പള്ളി മുഖ്യ കാർമ്മികവുമ്പോൾ ചൊവ്വാഴ്ച മാഞ്ചസ്റ്റർ ക്നാനായ മിഷൻ ഡയറക്ടർ ഫാ.സുനി പടിഞ്ഞാറേക്കരയും ബുധനാഴ്ച സാൽഫോർഡ് സെന്റ് എവുപ്രാസ്യാമിഷൻ ഡയറക്ടർ ഫാ.സാന്റോ വാഴേപറമ്പിലും മുഖ്യ കാർമികനാവും.
വ്യാഴാഴ്ച ഷ്രൂഷ്ബറി രൂപതാ വികാരി ജനറൽ ഫാ.മൈക്കിൾ ഗാനൻ കാർമ്മികനാവുമ്പോൾ വെള്ളിയാഴ്ച നോട്ടിംഗ്ഹാം സെന്റ് ജോൺ മിഷൻ ഡയറക്ടർ ഫാ.ജോബി ജോൺ ഇടവഴിക്കലും കാർമികരാവും.
പ്രധാന തിരുനാൾ ദിനമായ ജൂലൈ അഞ്ചിന് രാവിലെ 9.30 മുതൽ തിരുനാൾ കുർബാനയ്ക്ക് തുടക്കമാകും. ആഷ്ഫോർഡ് മാർസ്ലീവാ മിഷൻ ഡയറക്ടർ ഫാ. ജോസ് അഞ്ചാനിക്കൽ തിരുന്നാൾ കുർബാനയിൽ മുഖ്യ കാർമികനാവുമ്പോൾ ഒട്ടേറെ വൈദീകർ സഹകാർമികരാകും. തുടർന്ന് തിരുന്നാൾ പ്രദക്ഷിണവും, സ്നേഹവിരുന്നും നടക്കും.
ജൂലൈ ആറിന് വൈകുന്നേരം നാലിന് ദിവ്യബലിയെ തുടർന്ന് മിഷൻ ഡയറക്ടർ ഫാ.ജോസ് കുന്നുംപുറം കൊടിയിറക്കുന്നതോടെ ഒരാഴ്ച നീണ്ടുനിന്ന തിരുനാൾ ആഘോഷങ്ങൾക്ക് സമാപനമാകും.
തുടർന്ന് നേർച്ചവിതരണവും ഉണ്ടായിരിക്കും. തിരുനാൾ ആഘോഷങ്ങളുടെ വിജയത്തിനായി മിഷൻ ഡയറക്ടർ ഫാ. ജോസ് കുന്നുംപുറം, ട്രസ്റ്റിമാരായ ടോണി കുര്യൻ, ജയൻ ജോൺ, ദീപു ജോസഫ് എന്നിവരുടെയും പരിഷ്കമ്മിറ്റിയുടെയും നേതൃത്വത്തിൽ 101 അംഗ കമ്മിറ്റികൾ പ്രവർത്തനം ആരംഭിച്ചു.
|
മീറ്റ് & ഗ്രോ ഇന്ന് ബ്രിസ്റ്റോളിൽ
ബ്രിസ്റ്റോൾ: കോസ്മോപോളിറ്റൻ ക്ലബിന്റെ ആഭിമുഖ്യത്തിൽ ശനിയാഴ്ച നടക്കുന്ന മീറ്റ് & ഗ്രോ പരിപാടിയിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ആമ്പിൾ മോർട്ടഗേജ് കമ്പനിയും പങ്കെടുക്കുന്നു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എൻആർഐ, യുകെ ബാങ്ക് അക്കൗണ്ടുകൾ, ഫിക്സഡ് ഡെപ്പോസിറ്റുകൾ, ഐഎസ്എ അക്കൗണ്ടുകൾ, ബെെ ടു ലെറ്റ് കൊമേർഷ്യൽ ലോണുകൾ എന്നിവ ആരംഭിക്കാൻ ഒരു അവസരം ലഭിക്കും.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രതിനിധികൾ ബ്രിസ്റ്റോൾ ഗ്രീൻവേ സെന്ററിൽ രാവിലെ 10 മുതൽ മൂന്നു വരെ ഉണ്ടാകും. ഉപഭോക്താക്കൾ പാസ്പോർട്ട്, ബിആർപി കാർഡ്, ഒസിഐ, പാൻ, ഡ്രൈവിംഗ് ലൈസൻസ്, നാഷണൽ ഇൻഷുറൻസ് നമ്പർ, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അക്കൗണ്ട് തുടങ്ങാൻ കൊണ്ടുവരേണ്ടതാണ്.
മോർട്ടഗേജ്/റീ മോർട്ടഗേജ് ആവശ്യങ്ങൾക്കായി യുകെയിലെ പ്രമുഖ മോർട്ടഗേജ് കമ്പനി യായ ആമ്പിൾ മോർട്ടഗേജിന്റെ പവലിയനും ഉണ്ടായിരിക്കുന്നതാണ്. പ്രവേശനം സൗജന്യമാണ്.
വിലാസം: Cabot Room, Greenway Centre Doncaster Road ,Southmead Bristol BS 10 5PY.
കൂടുതൽ വിവരങ്ങൾക്ക്: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 074327 32986, ആമ്പിൾ മോർട്ടഗേജ് 079 36 831 339, കോസ്മോപോളിറ്റൻ ക്ലബ് 07754 724 879.
|
ചേർത്തല സംഗമം ഇന്ന് സ്റ്റോക് ഓൺ ട്രെന്റിൽ
സ്റ്റോക് ഓൺ ട്രെന്റ്: ചേർത്തല സ്വദേശികളുടെ സംഗമം ഇന്ന് സ്റ്റോക്ക് ഓൺ ട്രെന്റിൽ നടക്കും. സ്കൂൾ കോളേജ് കാലഘട്ടങ്ങളിലെ ഓർമകളും നാട്ടു വിശേഷങ്ങളും പങ്കുവച്ച് ആട്ടവും പാട്ടുമായി ചേർത്തലക്കാർ ഒരു ദിവസം മനസ് തുറന്നു ആഘോഷിക്കുവാൻ ഒത്തു കൂടുന്നത് സ്റ്റോക്കിലെ ചെസ്സ്ടെർട്ടൻ കമ്യൂണിറ്റി സെന്ററിലാണ് .
ചേർത്തല സംഗമം രൂപീകൃതമായതിനു ശേഷം എല്ലാ സംഗമ വേളകളിലും പ്രത്യേകിച്ചു പ്രളയകാലത്തും, കൂടാതെ കഴിഞ്ഞ വർഷം വയനാട് ദുരന്തത്തിനായും പണം സമാഹരിക്കുകയുണ്ടായി. കഴിഞ്ഞ ഏഴു വർഷക്കാലമായി നിരവധി ചാരിറ്റി പ്രവർത്തനങ്ങളാണ് സംഗമം നടത്തിയിട്ടുള്ളത്.
കലാപരിപാടികളും വേദിയിൽ അരങ്ങേറും. മിസ്റ്റർ ആൻഡ് മിസിസ് ചേർത്തല യു കെ മത്സരവും ക്വിസ് മത്സരവും ഒപ്പം ഗാനമേളയും നൃത്തവുമൊക്കെ പരിപാടിയിലെ മുഖ്യ ആകർഷണങ്ങളാണ്.
|
ദയാവധം നിയമവിധേയമാക്കുന്ന ബില്ല് പാസാക്കി യുകെ പാർലമെന്റ്
ലണ്ടൻ: ഗർഭഛിദ്രത്തിൽ കിരാത വ്യവസ്ഥകൾ ഉൾപ്പെടുത്തിയുള്ള ബില്ല് പാസാക്കിയതിനു പിന്നാലെ ദയാവധം നിയമവിധേയമാക്കുന്ന ബില്ലും പാസാക്കി യുകെ പാർലമെന്റിന്റെ അധോസഭയായ ഹൗസ് ഓഫ് കോമൺസ്. ദയാവധം നിയമവിധേയമാക്കുന്ന ബില്ല് 291നെതിരേ 314 വോട്ടുകൾക്കാണ് ഇന്നലെ പാർലമെന്റ് പാസാക്കിയത്.
‘ടെർമിനലി ഇൽ അഡൾട്ട്സ് നിയമ’പ്രകാരം മാനസിക വെല്ലുവിളി നേരിടുന്നവർക്കും, ആറു മാസമോ അതിൽ കുറവോ മാത്രം ആയുസ് പ്രവചിക്കപ്പെട്ടിട്ടുള്ള ഗുരുതര രോഗം ബാധിച്ചവരായ മുതിർന്നവർക്കും വൈദ്യസഹായം ഉപയോഗിച്ച് ജീവിതം അവസാനിപ്പിക്കാൻ അവകാശം നൽകുന്നു.
പാർലമെന്റിന്റെ ഉപരിസഭയായ ഹൗസ് ഓഫ് ലോർഡ്സിലെത്തുന്ന ബിൽ മാസങ്ങൾ നീളുന്ന വിശകലനത്തിനും ചർച്ചകൾക്കും വിധേയമാകും. കൂടുതൽ ഭേദഗതികളും ഉണ്ടായേക്കാം. എന്നിരുന്നാലും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സഭയായ ഹൗസ് ഓഫ് കോമൺസ് പാസാക്കുന്ന ബില്ലുകൾ സാധാരണഗതിയിൽ നാമനിർദേശം ചെയ്യപ്പെട്ട അംഗങ്ങളുടെ സഭയായ ഹൗസ് ഓഫ് ലോർഡ്സ് തള്ളിക്കളയാറില്ല.
അതിനാൽത്തന്നെ ഇതു നിയമമാകുമെന്നാണ് കരുതപ്പെടുന്നത്. ഓസ്ട്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങളും അമേരിക്കയിലെ ചില സംസ്ഥാനങ്ങളും നിബന്ധനകളോടെ ദയാവധത്തിന് അനുമതി നൽകിയിട്ടുണ്ട്.
ദുരിതമനുഭവിക്കുന്ന ആളുകളോട് അനുകന്പ കാട്ടുന്നതും അവരുടെ അന്തസ് ഉയർത്തിപ്പിടിക്കുന്നതുമാണു ബില്ലെന്ന് ബില്ലിനെ പിന്തുണയ്ക്കുന്നവർ പറയുന്പോൾ ദുർബലരായ ആളുകൾ ജീവിതം അവസാനിപ്പിക്കാൻ നിർബന്ധിതരാക്കപ്പെടുന്നതാണു ബില്ലെന്നാണ് എതിർക്കുന്നവർ ആശങ്കപ്പെടുന്നത്.
ഏതു സാഹചര്യത്തിലും സ്ത്രീകൾക്ക് ഗർഭം അലസിപ്പിക്കാവുന്ന തരത്തിലുള്ള ഭേദഗതി 137നെതിരേ 379 വോട്ടുകളോടെയാണ് കഴിഞ്ഞ ദിവസം പ്രാരംഭ അംഗീകാരം നേടിയത്. 24 ആഴ്ചകൾ വരെ ഗർഭച്ഛിദ്രം നടത്താമെന്നതായിരുന്നു കഴിഞ്ഞ 60 വർഷങ്ങളായി ഇംഗ്ലണ്ടിലെയും വെയിൽസിലെയും നിയമം.
ഇതിന് രണ്ട് ഡോക്ടർമാരുടെ അനുമതിയും ആവശ്യമായിരുന്നു. 24 ആഴ്ചകൾക്കുശേഷം ഗർഭച്ഛിദ്രം നടത്തുന്നത് ജീവപര്യന്തം വരെ ലഭിക്കാവുന്ന കുറ്റകൃത്യമായാണു കണക്കാക്കിയിരുന്നത്. ഈ വ്യവസ്ഥകൾ എടുത്തുകളഞ്ഞാണ് ഏതു സാഹചര്യത്തിലും ഗർഭഛിദ്രം നടത്താൻ അനുമതി നൽകുന്ന ബില്ല് പാസായിരിക്കുന്നത്.
|
നിലമ്പൂർ തെരഞ്ഞെടുപ്പ്: പ്രവർത്തകർക്ക് ആവേശമായി ഐഒസി
നിലമ്പൂർ: ഉപതെരഞ്ഞെടുപ്പിൽ പ്രചാരണ രംഗത്ത് ശക്തമായ പ്രവർത്തനങ്ങൾ നടത്തി ശ്രദ്ധ നേടുകയാണ് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുകെ കേരള ചാപ്റ്റർ.
ഇംഗ്ലണ്ടിൽ നിന്നെത്തിയ അഷീർ റഹ്മാൻ, അബ്ദുൽ റഹ്മാൻ, അർഷാദ് ഇഫ്തിക്കറുദീൻ, അസ്ദാഫ്, അജ്ജാസ് തുടങ്ങിയവർ നേതൃത്വം നൽകിയ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ചുക്കാൻ പിടിച്ചത് ഐഒസി യുകെ കേരള ചാപ്റ്ററിന്റെ ദേശീയ അധ്യക്ഷൻ സുജു കെ.ഡാനിയലാണ്.
മാസ് കാമ്പയിനിംഗിന്റെ ഭാഗമായി മണ്ഡലത്തിൽ വിതരണം ചെയ്ത സ്ഥാനാർഥിയുടെയും ഐഒസിയുടെ ലോഗോയും ആലേഖനം ചെയ്ത ടി ഷർട്ടിന്റെ വിതരണോദ്ഘാടനം കെപിസിസി വർക്കിംഗ് പ്രസിഡന്റ് എ.പി. അനിൽകുമാർ നിർവഹിച്ചു.
തുടർന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്ത കാമ്പയിനിംഗ് വഴിക്കടവ് കേന്ദ്രീകരിച്ച് അഞ്ച് യൂണിറ്റുകളായി തിരിഞ്ഞ് 34 അംഗ സംഘം പ്രവർത്തനം തുടങ്ങി.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ നിർദേശ പ്രകാരം ചിട്ടയായ പ്രവർത്തനമാണ് വഴിക്കടവ് പഞ്ചായത്തിൽ കാഴ്ചവച്ചത്. മണ്ഡലത്തിൽ ഫ്ലക്സ് ബോഡുകളും ബാനറുകളും സ്ഥാപിച്ചു നടത്തിയ പ്രചാരണ പ്രവർത്തനങ്ങൾ പ്രവർത്തകർക്ക് വലിയ ആവേശമാണ് നൽകിയത്.
നേതാക്കളായ രമേശ് ചെന്നിത്തല, മാത്യു കുഴൽനാടൻ, സന്ദീപ് വാര്യർ, ജ്യോതികുമാർ ചാമക്കാല തുടങ്ങിയ നേതാക്കൾ ആശംസ നേർന്നു.
ഐഒസി നേതാക്കളായ ഇൻസൺ ജോസ്, അശ്വതി നായർ, സൂരജ് കൃഷ്ണൻ, ബോബിൻ ഫിലിപ്പ്, അരുൺ പൗലോസ്, എഫ്രേം സാം, ബിജു കുളങ്ങര, ജെന്നിഫർ ജോയ്, അജി ജോർജ് തുടങ്ങിയവർ യുകെയിൽ നിന്നും വിവിധ യൂണിറ്റുകളെ ഏകോപിച്ചിച്ചു പ്രചരണ സംഘത്തിന് വേണ്ട നിർദേശങ്ങൾ നൽകി കൊണ്ടിരുന്നു.
|
റോമിൽ കോട്ടപ്പുറം രൂപത പ്രവാസി കൂട്ടായ്മ വാർഷിക സംഗമം നടത്തി
റോം: കോട്ടപ്പുറം രൂപത പ്രവാസി കൂട്ടായ്മ റോം ഇറ്റലി വാർഷിക സംഗമം നടത്തി. പുനലൂർ രൂപത ബിഷപ് റൈറ്റ് റവ.ഡോ. സെൽവസ്റ്റർ പൊന്നുമുത്തൻ ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ റവ.ഫാ. ജംലാൽ സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.
സിൻഡ്രല്ല മിൽട്ടൻ ഈശ്വര പ്രാർഥന നടത്തി. ജോബ് സ്രാബിക്കൽ എല്ലാവരെയും സ്വാഗതം ചെയ്തു. റവ.ഫാ. സണ്ണി പോൾ അനുഗ്രഹ പ്രഭാഷണം നടത്തി. റവ.ഫാ.ഡോ. പ്രവീൺ കുരിശിങ്കൽ, റവ.ഫാ. നീൽ ചടയമുറി, റവ.സി. ടെസി വഴക്കൂട്ടത്തിൽ എന്നിവരെ യോഗത്തിൽ ആദരിച്ചു.
റവ.ഫാ. ബെനഡിക്ട്, ആന്റണി ബ്രൗൺ എന്നിവർ ആശംസകൾ അറിയിച്ചു. സസ്മി കോണത്ത് കൂട്ടായ്മയുടെ റിപ്പോർട്ട് അവതരിപ്പിച്ചു. രൂപ മൈക്കിൽ എല്ലാവർക്കും നന്ദി അറിയിച്ചു.
എല്ലാവർക്കും കേരളീയ രീതിയിലുള്ള ഉച്ചഭക്ഷണം നൽകി. കൂട്ടായ്മയുടെ കലാപരിപാടികൾ, ലൈവ് ഗാനമേള എന്നിവ അവതരിപ്പിക്കുകയും ചെയ്തു.
|
ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ചു
വത്തിക്കാൻ സിറ്റി: ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ ലെയോ പതിനാലാമന്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ച് സ്നേഹോപഹാരങ്ങള്‍ സമര്‍പ്പിച്ചു. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്ടും സന്നിഹിതനായിരുന്നു.
ചങ്ങനാശേരി അതിരൂപതാ വൈദികനായ ഫാ. ജേക്കബ് കൂരോത്ത് വരച്ച മാര്‍ത്തോമ്മാ ശ്ലീഹായുടെ ഐക്കണും പ്രശസ്ത ശില്പിയായ കോട്ടയം വയലാ സ്വദേശി തോമസ് വെള്ളാരത്തുങ്കല്‍ രൂപകല്പന ചെയ്ത ശില്പവുമാണ് കൈമാറിയത്.
വിശുദ്ധരുടെ ചിത്രം ആലേഖനം ചെയ്ത ദാരുശില്പമാണ് തോമസ് വെള്ളാരത്തുങ്കല്‍ തയാറാക്കിയത്. നാളുകളുടെ അധ്വാനത്തില്‍ പൂര്‍ണമായും കരവിരുതില്‍ കൊത്തിയെടുത്ത ശില്പത്തില് മിശിഹായുടെ ശരീരരക്തങ്ങളുടെ പ്രതീകമായ ഗോതമ്പുകതിരും മുന്തിരിവള്ളിയും പശ്ചാത്തലമാക്കി പ്രാര്‍ഥനയുടെ അടയാളമായ യാചനാകരങ്ങളുടെ നടുവില്‍ ഗോളവും ഗോളത്തില്‍ ഇന്ത്യയുടെ ചിത്രവും ആലേഖനം ചെയ്തിരിക്കുന്നു.
ഗോളത്തിനു മുകളില്‍ സ്ഥാപിച്ച കേരളത്തിന്റെ മാതൃകയില്‍ സുറിയാനി കത്തോലിക്കാ സഭയില്‍നിന്ന് ആദ്യമായി വിശുദ്ധ പദവി ലഭിച്ച അല്‍ഫോന്‍സാമ്മയുടെ ചിത്രം കൊത്തിയിരിക്കുന്നു.
മുന്തിരിക്കുലകളോടു ചേര്‍ന്നിരിക്കുന്ന നാലിലകളിലായി രണ്ടുവശത്തും വിശുദ്ധരായ ഏലിയാസച്ചന്, എവുപ്രാസ്യാമ്മ, മറിയം ത്രേസ്യ, ദേവസഹായം പിള്ള എന്നിവരുടെയും ചിത്രങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
|
ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ കുടുംബ കൂട്ടായ്മ പ്രതിനിധി സമ്മേളനം ശനിയാഴ്ച
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത കുടുംബ കൂട്ടായ്മ വാർഷിക പ്രതിനിധി സമ്മേളനം ശനിയാഴ്ച ബർമിംഗ്ഹാമിൽ നടക്കും. 12 റീജിയണുകളിലെ 101ൽപരം ഇടവക മിഷൻ പ്രൊപ്പോസ്ഡ് മിഷനിൽപ്പെട്ട 350തോളം പ്രതിനിധികൾ പങ്കെടുക്കും.
ബർമിംഗ്ഹാം മേരിവെയിലെ രൂപത പാസ്റ്ററൽ സെന്ററും അതിന്റെ സമീപത്തുള്ള ഔർ ലേഡി ഓഫ് അസപ്ഷൻ ദേവാലയവും ആണ് പരിപാടിക്ക് വേദിയാവുന്നത്.
രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ആറ് വർഷമായി പ്രവർത്തിച്ചു വന്ന രൂപതാ കുടുംബക്കൂട്ടായ്മ കമ്മീഷന്റെ അവസാന കൂട്ടായ്മയും പുതിയതായി തെരഞ്ഞെടുക്കപ്പെട്ട 202527 കാലയളവിലെ രൂപതാ കുടുംബക്കൂട്ടായ്മ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ഔദ്യോഗിക ഉത്ഘാടനത്തിനും വേദി സാക്ഷ്യം വഹിക്കും.
രാവിലെ 9.30ന് പ്രെയിസ് ആൻഡ് വർഷിപ്പോടെയാണ് സമ്മേളനം ആരംഭിക്കുന്നത്. തുടർന്ന് ഖുത്താ പ്രാർഥനയും തുടർന്ന് പത്തിന് പിതാവിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പണവും നടക്കും.
പ്രോട്ടോ സിഞ്ചെല്ലൂസ് റവ.ഡോ. ആന്റണി ചുണ്ടെലിക്കാട്ട്, ചാൻസിലർ റവ. ഡോ. മാത്യു പിണക്കാട്ട്, കുടുംബ കൂട്ടായ്മ കമ്മീഷൻ ചെയർമാൻ റവ. ഫാ. ജിബിൻ വാമറ്റത്തിൽ, മറ്റു വൈദികർ എന്നിവർ സഹ കാർമ്മികരാവും.
വിശുദ്ധ കുർബാനയ്ക്ക് ശേഷം ഫാ. ജിബിൻ വമാറ്റത്തിൽ നയിക്കുന്ന ക്ലാസ്, ചർച്ച എന്നിവയും നടക്കും. കുടുംബ കൂട്ടായ്മ കമ്മീഷൻ കോഓർഡിനേറ്റർ ഷാജി തോമസ്, സെക്രട്ടറി റെനി ഷിജു എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മീഷൻ അംഗങ്ങൾ പരിപാടികൾക്ക് നേതൃത്വം നൽകി.
|
ഐറീഷ് മലയാളി വിദ്യാർഥികൾക്ക് നാസയുടെ സ്പേസ് ഡിസൈൻ മത്സരത്തിൽ നേട്ടം
ഡബ്ലിൻ: നാസയും അമേരിക്കയിലെ നാഷണൽ സ്പേസ് സൊസൈറ്റിയും സംഘടിപ്പിച്ച അന്താരാഷ്ട്ര സ്പേസ് സെറ്റിൽമെന്റ് ഡിസൈൻ മത്സരത്തിൽ ഐറീഷ് വിദ്യാർഥികൾക്ക് ഒന്നാം സ്ഥാനം.
ആയിരക്കണക്കിന് ആഗോള മത്സരാർഥികളെ പിന്തള്ളി ഡബ്ലിനിലെ സെന്റ് ഡോമിനിക്സ് കോളജ് കാബറയിലെയും ക്ലെയറിലെ സെന്റ് ഫ്ലാനൻസ് കോളജ് എന്നിസ്ലെയും സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ ഈ പുരസ്കാരം സ്വന്തമാക്കി.
ഈ വിജയം മലയാളികൾക്കും അഭിമാനകരമാണ്. വിജയിച്ച സെന്റ് ഡോമിനിക്സ് കോളജ് കാബറ ടീമിൽ വിദ്യാർഥികളായ ശ്രേയ മരിയ സാജുവും നിയ നെജുവും മലയാളികളാണ്.
ഭ്രമണപഥത്തിൽ ജീവൻ നിലനില്പിന് ആവശ്യമായ ഭക്ഷണം, ജലം, ഓക്സിജൻ എന്നിവയുടെ പുനരുപയോഗം നടത്തുന്ന ക്ളോസ്ഡ്ലൂപ്പ് സിസ്റ്റം ആണ് ഈ വിദ്യാർത്ഥികൾ രൂപകൽപ്പന ചെയ്തത്.
"Inis Beatha' അഥവാ "Island of Life' എന്നാണ് വിദ്യാർത്ഥികൾ അവരുടെ ഡിസൈന്‍ പേരിട്ടിരിക്കുന്നത്. ഭൂമിയുടെ ആകർഷണം ഇല്ലാത്ത അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന ഈ സ്പേസ് ഹാബിറ്റാറ്റ്, മറ്റ് ഗ്രഹങ്ങളും ആസ്ട്രോയിഡുകളും പരിവേഷണം ചെയ്യുന്നതിന് ഉപയോഗിക്കാമെന്നാണ് വിദ്യാർഥികൾ വിശദീകരിച്ചത്.
വിജയിച്ച വിദ്യാർഥികൾ ഈ മാസം ഫ്ലോറിഡയിലെ ഓർലാൻഡോയിൽ നടക്കുന്ന ഇന്റർനാഷണൽ സ്പേസ് ഡെവലപ്പ്മെന്റ് കോൺഫറൻസിൽ സ്പേസ് ഇൻഡസ്ട്രിയിലെ പ്രമുഖർ, ശാസ്ത്രജ്ഞർ, ബഹിരാകാശ പ്രേമികൾ തുടങ്ങിയവർ പങ്കെടുക്കുന്ന ഈ സമ്മേളനത്തിൽ അവർ തങ്ങളുടെ ഡിസൈൻ അവതരിപ്പിക്കും.
|
ഓൾഫ് സീറോമലബാര്‍ ഇടവകയിൽ ഫാദേഴ്സ് ഡേ ആഘോഷിച്ചു
സ്റ്റോക്ക് ഓണ്‍ ട്രെൻഡ്: ഓൾഫ് സീറോമലബാര്‍ ഇടവകയിൽ മെൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ അതിവിപുലമായ പരിപാടികളോടെ ഫാദേഴ്സ് ഡേ ആഘോഷിച്ചു.
ഇടവകയിലെ എല്ലാ പിതാക്കന്മാരും പ്രത്യേകം തയാറാക്കിയ നിത്യസഹായമാതാവിന്റെ ലോഗോയുടെ കൂടിയുള്ള വെള്ള ഷർട്ട് ധരിച്ചാണ് വിശുദ്ധ കുർബാനയിൽ പങ്കുകൊണ്ടത്.
ഇടവകയിലെ വിമൻസ് ഫോറം അംഗങ്ങൾ പിതാക്കന്മാർക്ക് വേണ്ടി പ്രത്യേകം പാട്ടുകളും തയാറാക്കിയ അവതരിപ്പിച്ചു.
കുർബാനയ്ക്കിടെ റവ.ഫാ. ജോര്‍ജ് എട്ടുപറയിൽ ഓരോ വ്യക്തിയുടേയും ജീവിതം പൂർണമാകുന്നതിൽ പിതാക്കന്മാർ വഹിക്കുന്ന പ്രാധാന്യം, പിതാക്കന്മാരുടെ സ്നേഹവും ത്യാഗവും അധ്വാനവുമാണ് മക്കള്‍ക്ക് നല്ല ജീവിതം സമ്മാനിക്കുന്നത് എന്നും ഓർമിപ്പിച്ച് ഫാദേഴ്സ് ഡേ ആശംസകൾ നേർന്നു.
വിശുദ്ധ കുർബാനയ്ക്കുശേഷം നാവിന് രുചിയേറുന്ന വിവിധ തരത്തിലുള്ള വിഭവങ്ങളുമായി ഫുഡ് കൗണ്ടറുകളും മനസിനു ഉല്ലാസമേകുന്ന വിവിധങ്ങളായ ഗെയിമുകളും ഫ്രീ റാഫിൾ ടിക്കറ്റ്സും മെൻസ് ഫോറം ഒരുക്കിയിരിക്കുന്നു.
പരിപാടികൾക്ക് മെൻസ് ഫോറം പ്രസിഡന്റ് ജിജോമോൻ ജോർജ്, സെക്രട്ടറി ബെന്നി പാലാട്ടി, ട്രഷറർ ജിജോ ജോസഫ് എന്നിവർ നേതൃത്വം നൽകി.
|
ജര്‍മനിയില്‍ മരിച്ച മലയാളി യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു
പത്തനംതിട്ട: ജര്‍മനിയില്‍ അന്തരിച്ച റാന്നി പെരുനാട് സ്വദേശി ദേവപ്രസാദിന്റെ(23) മൃതദേഹം നാട്ടിലെത്തിച്ചു. ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നും ഡല്‍ഹിയിലെത്തിച്ച മൃതദേഹം വ്യാഴാഴ്ച രാത്രി ഏഴിനാണ് എയര്‍ഇന്ത്യ വിമാനത്തില്‍ തിരുവനന്തപുരത്തെത്തിച്ചത്.
മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി നാട്ടിലേക്ക് കൊണ്ടുപോയി. നോര്‍ക്ക റൂട്ട്സ് ജനറല്‍ മാനേജര്‍ ടി. രശ്മി വിമാനത്താവളത്തിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു. ദേവപ്രസാദിന്റെ സംസ്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പില്‍ നടക്കും.
കോയിക്കമണ്ണില്‍ പുത്തന്‍വീട് (ദേവരാഗം) കെ.പി. പ്രസാദിന്റെയും പരേതയായ ലേഖപ്രസാദിന്റെയും (നഴ്സ്) ഏകമകനാണ്. ഈ മാസം ഒന്‍പതിനാണ് ബോഹും റൂര് യൂണിവേഴ്സിറ്റിയില്‍ ജിയോളജി മാസ്റ്റേഴ്സ് ബിരുദ വിദ്യാര്‍ഥിയായ ദേവപ്രസാദ് മരിച്ചത്. 2024 മാര്‍ച്ചില്‍ ഉപരിപഠനത്തിനായാണ് ദേവപ്രസാദ് ജര്‍മനിയിലേക്ക് പോയത്.
കേന്ദ്രവിദേശകാര്യ മന്ത്രാലയവും ഫ്രാങ്ക്ഫര്‍ട്ടിലെ ഇന്ത്യന്‍ കോണ്‍സുലേറ്റും മുഖേന നോര്‍ക്ക റൂട്ട്സ്, ലോകകേരള സഭ, ജര്‍മനിയില്‍ നിന്നുള്ള ലോകകേരള സഭാംഗം ജോസ് കുമ്പിളുവേലിൽ എന്നിവര്‍ നടത്തിയ ഇടപെടലുകളാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദ്ദേഹം നാട്ടിലെത്തിക്കാന്‍ സഹായകരമായത്.
|
ഓൾ അയർലൻഡ് വടംവലി മത്സരം: നാവൻ റോയൽസിന് കിരീടം
ഡബ്ലിൻ: നീനാ ചിയേഴ്സ് നീന ഒളിമ്പിക്സ് അത്ലറ്റിക് ക്ലബിൽ സംഘടിപ്പിച്ച ഓൾ അയർലൻഡ് വടംവലി മത്സരത്തിൽ നാവൻ റോയൽസ് ഒന്നാമതെത്തി. പാപ്പൻസ് ഫിസ്ബറോ, ചീയേഴ്സ് നീനാ, ഡിഫന്റേഴ്സ് ഡൻഗാർവൻ എന്നീ ടീമുകൾ മത്സരത്തിൽ യഥാക്രമം രണ്ടും മൂന്നും നാലും സ്ഥാനങ്ങൾ കരസ്ഥമാക്കി.
ററിമ്മ്സ് ( Tug of war IrelandIndia Malayali Segment)ന്റെ ഗൈഡ്ലൈൻസും മാർഗനിർദേശങ്ങളും അനുസരിച്ചായിരുന്നു മത്സരങ്ങൾ.
ഫാ. റെക്സൻ ചുള്ളിക്കൽ മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. Irish Tug of War Association Secretary നോയൽ സമ്മാന ദാനം നിർവഹിച്ചു. അയർലൻഡിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി ടീമുകൾ മത്സരത്തിൽ പങ്കെടുത്തു.
|
ഓക്സ്ഫോർഡ് റീജണൽ ബൈബിൾ കൺവൻഷൻ നോർത്താംപ്ടണിൽ ജൂലൈ അഞ്ചിന്
നോർത്താംപ്ടൺ: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ എപ്പാർക്കി ഇവാഞ്ചലൈസേഷൻ കമ്മീഷന്റെ നേതൃത്വത്തിൽ ജൂലൈ അഞ്ചിന് നോർത്താംപ്ടണിൽ വച്ച് ഓക്സ്ഫോർഡ് മേഖലാ ബൈബിൾ കൺവൻഷൻ സംഘടിപ്പിക്കുന്നു. ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ വിശുദ്ധ ബലി അർപ്പിച്ചു, സന്ദേശം നൽകും.
കോഴിക്കോട് മേരിമാതാ പ്രോവിൻന്റെ വികാർ പ്രൊവിൻഷ്യലും, അഭിഷിക്ത ധ്യാന ഗുരുവുമായ സിസ്റ്റർ എൽസീസ് മാത്യു (MSMI) നോർത്താംപ്ടണിൽ നടക്കുന്ന ഏകദിന ബൈബിൾ കൺവെൻഷൻ നയിക്കുന്നതാണ്. നോർത്താംപ്ടൺ സീറോമലബാർ ഇടവകയുടെ പ്രീസ്റ്റും, റീജണൽ ഇവാഞ്ചലൈസേഷൻ കമ്മീഷൻ ഡയറക്ടറും, പ്രശസ്ത ധ്യാന ഗുരുവുമായ ഫാ. സെബാസ്റ്റ്യൻ പൊട്ടനാനിയിൽ സഹകാർമികത്വം വഹിച്ചു, ശുശ്രുഷകൾ നയിക്കും.
ആഗോള കത്തോലിക്കാ സഭ തിരുരക്ത വണക്കമാസമായി ആചരിക്കുന്ന ജൂലൈയിൽ നടത്തപ്പെടുന്ന വിശേഷാൽ തിരുവചന ശുശ്രുഷ മാനസാന്തരത്തിനും, വിശുദ്ധീകരണത്തിനും, നവീകരണത്തിനും ഏറെ അനുഗ്രഹദായകമാവും.
നോർത്താംപ്ടണിലെ സെ ഗ്രിഗറി ദി ഗ്രെയ്റ്റ് റോമൻ കത്തോലിക്കാ ദേവാലയത്തിൽ രാവിലെ പത്തുമണിയോടെ ആരംഭിക്കുന്ന കൺവൻഷൻ വൈകുന്നേരം നാലുമണിയോടെ സമാപിക്കും. കുമ്പസാരത്തിനും, സ്പിരിച്യുൽ ഷെയറിംഗിനും സൗകര്യം ഉണ്ടായിരിക്കും.
തിരുക്കർമങ്ങളിലും, തിരുവചന ശുശ്രുഷയിലും പങ്കുചേർന്ന് ദൈവീക കൃപകളും, അനുഗ്രഹങ്ങളും പ്രാപിക്കുന്നതിന് ഏവരെയും സ്നേഹപൂര്‍വം കൺവൻഷനിലേക്ക് ക്ഷണിച്ചു കൊള്ളുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: Fr. Sebastian Pottananiyil 07918266277
Venue: St.Gregory the Great Church, 22 Park Avenue, Northampton, NN3 2HS
|
ജര്‍മനിയില്‍ സീറോമലങ്കര കത്തോലിക്കാ സഭാസംഗമം വെള്ളിയാഴ്ച മുതല്‍
ബോണ്‍: ജര്‍മനിയിലെ സീറോ മലങ്കര കത്തോലിക്കാസമൂഹത്തിന്റെ ആഭിമുഖ്യത്തില്‍ സഭാസംഗമം നടത്തുന്നു. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ (ജൂണ്‍ 20, 21,22) ബോണില്‍ വച്ചാണ് സംഗമം സംഘടിപ്പിക്കുന്നത്.
സഭാസംഗമത്തില്‍ മുഖ്യാതിഥിയായി സീറോ മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ മോറന് മോര് ബസേലിയോസ് കര്‍ദിനാള്‍ ക്ലീമീസ് കാതോലിക്കാ ബാവ പങ്കെടുക്കും.
വെള്ളിയാഴ്ച വൈകുന്നേരം നാലിന് ആരംഭിയ്ക്കുന്ന സംഗമത്തില്‍ യൂത്ത് സെമിനാര്‍ (20/21, Haus Annberg,Annaberg Strasse 400 Bonn) ഞായറാഴ്ച രാവിലെ 9.30 മുതല്‍ 12.30 വരെ പൊതുസെമിനാറും Hl.Geist Kirche, Venusberg, Bonn) ഉച്ചകഴിഞ്ഞ് രണ്ടുമണിയ്ക്ക് വി. കുര്‍ബാനയോടുകൂടി സംഗമത്തിന് തിരശീല വീഴും.
ശനിയാഴ്ച വൈകിട്ട് ഏഴര മുതല്‍ സാംസ്കാരിക പരിപാടിയും ഉണ്ടായിരിക്കും.
|
വേൾഡ് മലയാളി കൗൺസിലിന്റെ ഇന്റർനാഷണൽ ഹെൽത്ത് ആൻഡ് മെഡിക്കൽ ഫോറം ആരോഗ്യ സെമിനാർ 22ന്
ലണ്ടൻ: വേൾഡ് മലയാളി കൗൺസിലിന്റെ ഇന്റർനാഷനൽ ഹെൽത്ത് ആൻഡ് മെഡിക്കൽ ഫോറംഓൺലൈനിലൂടെ ആരോഗ്യ സെമിനാർ സംഘടിപ്പിക്കുന്നു. ജൂൺ 22ന് ഇന്ത്യൻ സമയം വൈകുന്നേരം ഏഴിന് നടക്കുന്ന സൂം മീറ്റിങ്ങിൽ പുനരധിവാസ വൈദ്യശാസ്ത്രം, നഷ്ടപ്പെട്ട പല്ലുകൾ, ആരോഗ്യത്തിന് ഹാനികരമായ മറഞ്ഞിരിക്കുന്ന പക്ഷപാതങ്ങൾ എന്നീ വിഷയങ്ങളിൽ വിദഗ്ധർ സംസാരിക്കും.
പുഷ്പഗിരി മെഡിക്കൽ കോളജിലെ ഡോ.ജിമി ജോസ് ന്ധപുനരധിവാസ വൈദ്യശാസ്ത്രം: ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷനിലേക്കുള്ള ഒരു ആമുഖം എന്ന വിഷയത്തിൽ ക്ലാസെടുക്കും. കോട്ടയത്തെ പ്രീമിയർ ഡെന്റൽ സ്പെഷാലിറ്റീസിലെ ഡോ. മിലൻ മറിയം രാജീവ് ന്ധനഷ്ടപ്പെട്ട പല്ല് എത്രയും വേഗം മാറ്റിസ്ഥാപിക്കുന്നുവോ അത്രയും നല്ലത്ന്ധ എന്നതിനെക്കുറിച്ച് സംസാരിക്കും.
ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ഹോസ്പിറ്റലിലെ സൈക്കോളജിസ്റ്റ് ദിയ തെരേസ് ജോസ് ന്ധനിങ്ങളുടെ ആരോഗ്യത്തിന് ഹാനികരമായ മറഞ്ഞിരിക്കുന്ന പക്ഷപാതങ്ങൾന്ധ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും.
സൂം മീറ്റിംഗ് ഐഡി: 803 423 5854, പാസ്കോഡ്: 2ഖഴസേ9. കൂടുതൽ വിവരങ്ങൾക്കായി ഫോറത്തിന്റെ പ്രസിഡന്റ് ഡോ. ജിമ്മി ലോനപ്പൻ മൊയലനെ (യുകെ) വാട്ട്സ്ആപ്പിൽ ബന്ധപ്പെടാവുന്നതാണ്: 00447470605755.
|
ഇംഗ്ലണ്ടിലെ "നസ്രേത്ത്’ മരിയൻ പുണ്യ കേന്ദ്രമൊരുങ്ങി; വാൽസിംഗ്ഹാം തീർഥാടനം ജൂലൈ 19ന്
കേംബ്രിഡ്ജ്: ആഗോള കത്തോലിക്കാ സഭ ജൂബിലി വർഷമായി ആചരിക്കുമ്പോൾ, പ്രത്യാശയുടെ തീർഥാടനത്തിൽ മരിയ ഭക്തരായ ആയിരങ്ങളെ വരവേൽക്കുവാൻ വാൽസിംഗ്ഹാം ഒരുങ്ങി. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ ആഘോഷമായി നടത്തപ്പെടുന്ന വാൽസിംഗ്ഹാം മരിയൻ തീർഥാടനവും തിരുനാളും ജൂലൈ 19ന് ഭക്തിനിർഭരമായി കൊണ്ടാടും.
തീർഥാടന ശുശ്രുഷകളുടെയും തിരുക്കർമ്മങ്ങളുടെയും സമയക്രമം പ്രഖ്യാപിച്ചു. ജൂലൈ 19 ന് ശനിയാഴ്ച്ച രാവിലെ ഒമ്പതരയ്ക്ക് സപ്രാ യാമപ്രാർത്ഥനയോടെ തിരുന്നാൾ തിരുക്കർമ്മങ്ങൾ ആരംഭിക്കും. വൈകുന്നേരം നാലരയോടെ തീർഥാടന തിരുക്കർമ്മങ്ങൾ സമാപിക്കുന്നതാണ്.
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ ഇത് ഒമ്പതാം തവണയാണ് തീർഥാടനം നടക്കുന്നത്. യുറോപ്പിലെമ്പാടുമുള്ള സീറോ മലബാർ വിശ്വാസികളുടെ ഏറ്റവും വലിയ മരിയൻ സംഗമവേദിയായാണ് വാൽസിംഗ്ഹാം തീർഥാടനം ശ്രദ്ധിക്കപ്പെടുന്നത്.
ഇംഗ്ലണ്ടിലെ സീറോ മലബാർ തനയരായ ഭക്തജനങ്ങളുടെ ബാഹുല്യം കൊണ്ടും, മരിയ ഭക്തിയുടെ പ്രഘോഷണപ്പൊലിമ കൊണ്ടും അത്യാഘോഷപൂർവം നടത്തപ്പെടുന്ന ഈ മഹാ മരിയൻ സംഗമം സഭയുടെ പാശ്ചാത്യ നാടുകളിലെ വളർച്ചയുടെ ചരിത്രവഴിയിലെ വലിയ നാഴികക്കല്ലായി വിലയിരുത്തപ്പെടുന്നു.
തീർത്ഥാടനത്തിന്റെ സമയക്രമം താഴെപ്പറയുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.
9:30 ആരാധന
10:15 മരിയൻ പ്രഘോഷണം
11:00 കൊടിയേറ്റ്
11:30 ഉച്ചഭക്ഷണം ,അടിമവക്കൽ .
12:15 പ്രസുദേന്തി വാഴിയ്ക്കൽ .
12:30 ആഘോഷമായ പ്രദക്ഷിണം .
13:45 SMYM മ്യൂസിക് മിനിസ്ട്രി ഒരുക്കുന്ന ’സമയം ബാൻഡ്’
14:15 മാർ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാർമ്മികത്വത്തിൽ ആഘോഷമായ തിരുന്നാൾ സമൂഹബലി
16:30 നന്ദി പ്രകാശനം, തീർഥാടന സമാപനം .
തീർഥാടന കേന്ദ്രത്തിന്റെ വിലാസം:
Catholic National Shrine of Our Lady
Walshingham, Houghton St. Giles
Norfolk,NR22 6AL
|
ഷെംഗൻ ഉടമ്പടിക്ക് 40 വയസ് പിന്നിട്ടു
ബ്രസൽസ്: യൂറോപ്പിന്റെ അതിർത്തി രഹിത മേഖലയായ ഷെംഗൻ ഉടമ്പടിക്ക് 40 വയസ് പിന്നിട്ടു. അതിർത്തികളില്ലാത്ത ഈ പ്രദേശം ദശലക്ഷക്കണക്കിന് യൂറോപ്യൻ യൂണിയൻ പൗരന്മാർക്കും താമസക്കാർക്കും സന്ദർശകർക്കും സ്വതന്ത്രമായ സഞ്ചാരം ഉറപ്പാക്കുന്നു
1985 ജൂൺ 14 ന് ലക്സംബർഗിലെ ഷെംഗൻ എന്ന ചെറിയ പട്ടണത്തിൽ വച്ച് അഞ്ച് യൂറോപ്യൻ രാജ്യങ്ങൾ (ബെൽജിയം, ഫ്രാൻസ്, ജർമനി, ലക്സംബർഗ്, നെതർലാൻഡ്സ്) തങ്ങളുടെ ആഭ്യന്തര അതിർത്തി പരിശോധനകൾ ഘട്ടം ഘട്ടമായി നിർത്തലാക്കാനും പൗരന്മാർക്ക് സ്വതന്ത്രമായി സഞ്ചരിക്കാനുമുള്ള ഒരു ഉടമ്പടിയിൽ ഒപ്പുവച്ചു.
യൂറോപ്പിലെ ആദ്യത്തെ സൗജന്യ യാത്രാ ക്രമീകരണമായിരുന്നില്ല ഷെംഗൻ. ബെനെലക്സ് രാജ്യങ്ങളും നോർഡിക് രാജ്യങ്ങളും ഇതിനകം സമാനമായ യാത്രാ മേഖലകൾ സ്ഥാപിച്ചിരുന്നു.1990ൽ, ഷെംഗൻ കൺവൻഷൻ ആഭ്യന്തര അതിർത്തി നിയന്ത്രണങ്ങളില്ലാത്ത ഒരു പ്രദേശം സ്ഥാപിക്കുന്നതിനുള്ള വിശദാംശങ്ങൾ നൽകുന്ന ഒരു കരാറിലൂടെ പൂർത്തീകരിക്കപ്പെട്ടു.
1997ൽ ഒപ്പുവച്ച ആംസ്റ്റർഡാം ഉടമ്പടി 1999ൽ യൂറോപ്യൻ യൂണിയൻ നിയമ ചട്ടക്കൂടിലേക്ക് ഷെംഗനെ ഉൾപ്പെടുത്തി. ഇന്ന്, ഷെംഗൻ മേഖലയിൽ 27 യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളിൽ 25 ഉം യൂറോപ്യൻ ഫ്രീ ട്രേഡ് അസോസിയേഷനിലെ നാല് രാജ്യങ്ങളും (ഐസ്ലൻഡ്, ലിക്റ്റൻസ്റ്റൈൻ, നോർവേ, സ്വിറ്റ്സർലൻഡ്) ഉൾപ്പെടുന്നു.
2025 ജനുവരി ഒന്നിന് റൊമാനിയയും ബൾഗേറിയയും ഈ കൂട്ടായ്മയിൽ ഏറ്റവും ഒടുവിൽ ചേർന്ന രാജ്യങ്ങളാണ്. 2026 മുതൽ സൈപ്രസും ഷെംഗൻ പ്രദേശത്തിന്റെ ഭാഗമാകുമെന്ന് പ്രതീക്ഷിക്കുന്നു.യൂറോപ്യൻ കൗൺസിൽ വെബ്സൈറ്റ് അനുസരിച്ച്, ഷെംഗൻ പ്രദേശം 4.5 ദശലക്ഷം ചതുരശ്ര കിലോമീറ്ററിലധികം വ്യാപിച്ചു കിടക്കുന്നു, ഇതിലെ മൊത്തം ജനസംഖ്യ ഏകദേശം 450 ദശലക്ഷമാണ്. ഓരോ ദിവസവും ഏകദേശം 3.5 ദശലക്ഷം ആളുകൾ ജോലി, പഠനം അല്ലെങ്കിൽ സന്ദർശനം എന്നിങ്ങനെയുള്ള ആവശ്യങ്ങൾക്കായി ഷെംഗൻ അതിർത്തികൾ കടക്കുന്നു.
വിനോദത്തിനായി യൂറോപ്യൻ യൂണിയൻ സന്ദർശിക്കാൻ വീസ ആവശ്യമുള്ള ഇയു ഇതര പൗരന്മാർക്ക് ഷെംഗൻ വീസയ്ക്ക് അപേക്ഷിക്കാം. ഇത് 180 ദിവസത്തെ കാലയളവിൽ 90 ദിവസം വരെ അതിർത്തി രഹിത മേഖലയിൽ താമസിക്കാനും യാത്ര ചെയ്യാനും അവരെ അനുവദിക്കുന്നു.
യൂറോപ്യൻ സംയോജനത്തിന്റെ പ്രധാന നേട്ടങ്ങളിൽ ഒന്നാണ് ആഭ്യന്തര അതിർത്തി പരിശോധനകൾ ഇല്ലാതാക്കിയത്. അതേസമയം, ബാഹ്യ അതിർത്തി നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തുന്നതിനും പൊലീസ് സഹകരണം വർധിപ്പിക്കുന്നതിനും ഈ കരാർ ലക്ഷ്യമിടുന്നു.
ഷെംഗൻ ഇൻഫർമേഷൻ സിസ്റ്റം (SIS), യൂറോപ്യൻ ബോർഡർ ആൻഡ് കോസ്റ്റ് ഗാർഡ് ഏജൻസി (Frontex), യൂറോപ്യൻ യൂണിയൻ ഏജൻസി ഫോർ ലോ എൻഫോഴ്സ്മെൻ്റ് കോഓപ്പറേഷൻ (Europol) എന്നിവ ഇതിനായി പ്രവർത്തിക്കുന്നു.
എന്നിരുന്നാലും, ഷെംഗൻ ബോർഡേഴ്സ് കോഡ് അനുസരിച്ച്, പൊതുനയത്തിനോ ആഭ്യന്തര സുരക്ഷയ്ക്കോ ഭീഷണിയുണ്ടെങ്കിൽ, അംഗരാജ്യങ്ങൾക്ക് താൽക്കാലികമായി ആഭ്യന്തര അതിർത്തി പരിശോധനകൾ പുനഃസ്ഥാപിക്കാൻ കഴിയും. ജർമനിയും ഓസ്ട്രിയയും അനധികൃത കുടിയേറ്റം തടയുന്നതിനായി അതിർത്തി പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്.
ഷെംഗൻ പ്രദേശത്തിന്റെ അടുത്ത ഘട്ടം ഡിജിറ്റലൈസേഷനാണ്. യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ അടുത്തിടെ വീസയ്ക്ക് ഓൺലൈനായി അപേക്ഷിക്കാനും ഡിജിറ്റൽ വീസ നൽകാനും സമ്മതിച്ചു. കൂടാതെ, ഷെംഗൻ പ്രദേശത്ത് പ്രവേശിക്കുമ്പോഴും പുറത്തുകടക്കുമ്പോഴും യൂറോപ്യൻ യൂണിയൻ ഇതര പൗരന്മാരെ റജിസ്റ്റർ ചെയ്യുന്ന എൻട്രി/എക്സിറ്റ് സിസ്റ്റം (EES) ഈ വർഷം ഒക്ടോബറിൽ നിലവിൽ വരും. ഇതിനുശേഷം, വീസയിൽ നിന്ന് ഒഴിവാക്കപ്പെട്ട ഇയു ഇതര പൗരന്മാർ യാത്രയ്ക്ക് മുമ്പ് യൂറോപ്യൻ ട്രാവൽ ഇൻഫർമേഷൻ ആൻഡ് ഓതറൈസേഷൻ സിസ്റ്റം (ETIAS) വഴി യാത്രാ അനുമതിക്കായി അപേക്ഷിക്കേണ്ടതുണ്ട്.
|
വൈസ്മെൻ ഇന്റർനാഷണൽ ക്ലബ് റോമിൽ പ്രവർത്തനം ആരംഭിച്ചു
റോം: അന്തരാഷ്ട്ര സംഘടനയായ വൈസ്മെൻ ഇന്റർനാഷണൽ ക്ലബ് ഇറ്റലിയിൽ ആദ്യമായി തലസ്ഥാനമായ റോമിൽ ആരംഭിച്ചു. അതിന് മുന്നോടിയായി സംഘടനയുടെ ഇന്റർനാഷണൽ പ്രസിഡന്റ് അഡ്വ. എ.ഷാനവാസ് ഖാൻ, സെക്രട്ടറി ജനറൽ ജോസ് വർഗീസ്, സൗത്ത് വെസ്റ്റ് ഇന്ത്യ ഡയറക്ടർ ഷാജി എം. മാത്യു, സൗത്ത് വെസ്റ്റ് ഇന്ത്യ ഡയറക്ടർ ഇലക്ട് ഡോ.തോമസ് ജോർജ് എന്നിവർ ലെയോ പതിനാലാമൻ മാർപാപ്പയെ സന്ദർശിച്ച് അനുഗ്രഹം തേടി.
കർദിനാൾ ജോർജ് കൂവക്കാട്ടിനേയും വത്തിക്കാനിലെത്തി സംഘം സന്ദർശിച്ചു.അദ്ദേഹവും സംഘടനയുടെ പ്രവർത്തനങ്ങൾ ചോദിച്ചറിയുകയും പ്രാർഥനാശംസകളും അനുഗ്രഹവും നൽകുകയും ചെയ്തു.
റോമിലെ മോന്തേ അർസീചിയോ ഹാളിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ ബെറ്റ്സി ജോർജ് വൈസ്മെൻപ്രാർഥന ചൊല്ലി ചടങ്ങുകൾ ആരംഭിച്ചു. മാസ്റ്റർ ഓഫ് സെറിമണി ആയിരുന്ന സെജി ജേക്കബ് ചടങ്ങുകളെപ്പറ്റി വിശദീകരിക്കുകയും ഒരുരുത്തരെ ക്ഷണിക്കുകയും ചെയ്തു. റീജിയണൽ ഡയറക്ടർ ഷാജി എം. മാത്യു അധ്യക്ഷത വഹിച്ചു.
ട്രെഷറർ ഇന്റർനാഷണൽ പ്രസിഡന്റിനെ പരിചയപ്പെടുത്തി സംസാരിച്ചു. ഉദ്ഘാടനം ഇന്റർനാഷണൽ പ്രസിഡന്റ് അഡ്വ. എ.ഷാനവാസ് ഖാൻ നിർവഹിച്ചു. അദ്ദേഹം സംഘടനയുടെ എല്ലാ പ്രൊജക്റ്റുകളെയും പറ്റിയും പ്രവർത്തന രീതികളെപ്പറ്റിയും വിശദീകരിച്ചു.
ലോകമാനമുള്ള സംഘടനാ പ്രവർത്തനങ്ങളെപ്പറ്റി സെക്രട്ടറി ജനറൽ ജോസ് വർഗീസ് വിശദീകരണം നൽകുകയും തുടർന്ന് അംഗങ്ങൾക്ക് മെമ്പർഷിപ് സർട്ടിഫിക്കറ്റ്, ചെസ്റ്റ് പിൻ എന്നിവ നൽകുകയും ചെയ്തു.
പിന്നീട് പ്രസിഡന്റ് ജോസ്മോൻ കമ്മട്ടിൽ, സെക്രട്ടറി ഷൈൻ റോബർട്ട് ലോപ്പസ്, ട്രെഷറർ ജോർജ് റപ്പായി എന്നിവരെ സ്ഥാനമേൽപ്പിക്കുന്ന ചടങ്ങ് നടന്നു. അതിനുശേഷം പ്രസിഡന്റ് സ്ഥാനം സ്വീകരിക്കൽ കർമം നടന്നു.
ചാർട്ടർ അവതരണം നിർവഹിച്ചത് സൗത്ത് വെസ്റ്റ് ഇന്ത്യ റീജിയണൽ ഡയറക്ടർ ഇലക്ട് ഡോ. തോമസ് ജോർജ് ആണ്. സംഘടന വിയന്ന ചാർട്ടർ പ്രസിഡന്റ് സണ്ണി വെളിയത്ത്, അലിക് ഇറ്റലി സെക്ക്രട്ടറി തോമസ് ഇരിമ്പൻ എന്നിവർ ആശംസകൾ നേർന്നു.
സെക്രട്ടറി ഷൈൻ റോബർട്ട് ലോപ്പസ് നന്ദിപറഞ്ഞു. മീറ്റിംഗ് തീർന്നതായും ഭക്ഷണത്തിനായി എല്ലാവരെയും ക്ഷണിക്കുന്നതായി പ്രസിഡന്റ് ജോസ്മോൻ കമ്മട്ടിൽ പറഞ്ഞു. പിന്നീട് ഫെല്ലോഷിപ്പും ഡിന്നറും നടന്നു.
|
നിലമ്പൂർ തെരഞ്ഞെടുപ്പ്: യുഡിഎഫ് പ്രചാരണത്തിന് കരുത്തേകി ഐഒസി യുകെ
നിലമ്പൂർ: ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിനായി പ്രചാരണ രംഗത്ത് സജീവമായി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുകെ കേരള ഘടകം. എഐസിസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഐഒസി യുകെ ചിട്ടയോടെയാണ് നിലമ്പൂരിൽ പ്രചാരണം നടത്തുന്നത്.
ഐഒസി യുകെ കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസും നേതാവ് റോമി കുര്യാക്കോസുമാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. 32 പേരടങ്ങുന്ന ഐഒസി കർമസേനയ്ക്ക് രൂപം നൽകുകയും പ്രചാരണ പരിപാടികളുടെ രൂപരേഖ തയാറാക്കുകയും എന്നതായിരുന്നു ആദ്യപടി.
ഐഒസി യുകെ പ്രവർത്തകനും നിലമ്പൂർ നിവാസിയുമായ ഷിജോ മാത്യുവാണ് മണ്ഡലതല പ്രവർത്തനങ്ങൾക്ക് ഏകോപനം നൽകുന്നത്. മുൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ സാന്നിധ്യത്തിൽ ഐഒസി കർമസേന പ്രചരണ പ്രവർത്തനങ്ങക്ക് തുടക്കം കുറിച്ചു.
നിയോജക മണ്ഡലത്തിലെ നിലമ്പൂർ മുനിസിപ്പാലിറ്റി, ഇടക്കര, മൂത്തേടം, അമരമ്പലം എന്നീ പഞ്ചായത്തുകൾ മുഖ്യകേന്ദ്രമാക്കി ശക്തമായ പ്രചരണ പ്രവർത്തനങ്ങൾ സംഘടന നടത്തി.
ചാണ്ടി ഉമ്മൻ എംഎൽഎയ്ക്കൊപ്പം എടക്കരയിലെ സ്ഥാപനങ്ങളിലും ഇൻകാസ് പ്രവർത്തകർക്കൊപ്പം ചുരുളായിലെ സ്ഥാപനങ്ങളിലും പ്രാദേശിക പ്രവർത്തകർക്കൊപ്പം മൂത്തേടത്ത് ഭവനസന്ദർശനത്തിലും ഐഒസി യുകെ സജീവ പങ്കാളികളായി.
അമരമംഗലം പൂക്കോട്ടുംപാടത്ത് സംഘടിപ്പിച്ച കുടുംബ സംഗമത്തിലും മരുതയിൽ സംഘടിപ്പിച്ച സ്ഥാനാർഥി പര്യടന സ്വീകരണ യോഗത്തിലും ഐഒസി നേതാക്കൾ മുഖ്യാതിഥികളായി പങ്കെടുത്തു.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ സംഘടിപ്പിച്ച കോൺഗ്രസ് അനുകൂല പ്രവാസി സംഘടന നേതാക്കളുടെ തെരഞ്ഞെടുപ്പ് അവലോകന മീറ്റിംഗിലും ഐഒസി നേതാക്കൾ സജീവ സാന്നിധ്യമായി.
പ്രതിപക്ഷനേതാവ് അഡ്വ. വി.ഡി. സതീശൻ, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, വർക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പിൽ, വക്താവ് സന്ദീപ് വാര്യർ, യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കുട്ടത്തിൽ അടക്കമുള്ളവരുടെ പ്രശംസ ഏറ്റുവാങ്ങിയ പ്രവർത്തനങ്ങളാണ് സംഘടന നടത്തിയത്.
|
അർണോർ മാത്യുവിന്റെ ആദ്യ നോവൽ പ്രസിദ്ധീകരിച്ചു
ലണ്ടൻ: ലിവർപൂൾ യൂണിവേഴ്സിറ്റി വിദ്യാർഥിയും മാഞ്ചസ്റ്റർ നിവാസിയുമായ അർണോൾ മാത്യുവിന്റെ(21) ആദ്യ നോവൽ "ടെയിൽ ഡ്രിഫ്ടർ: അൺവെയിലിംഗ് ട്രൂത്ത്സ്' പ്രസിദ്ധീകരിച്ചു.
16ാം നൂറ്റാണ്ടിന്റെ ചരിത്ര പശ്ചാത്തലത്തിൽ അധിഷ്ഠിതമായ അത്ഭുതങ്ങളും മായാജാലവും ചേരുന്ന ഒരു കഥയാണ് നോവൽ പറയുന്നത്. പുസ്തകം ആമസോണിൽ ഇബുക്ക് രൂപത്തിലും പേപ്പർബാക്ക് പതിപ്പിലും ലഭ്യമാണ്.
കോട്ടയം ചങ്ങനാശേരി സ്വദേശിയും ടെസ്കോയിൽ ടീം ലീഡറുമായ മോനച്ചൻ ആന്റണിയുടേയും വിഥിൻഷോ ആശുപത്രിയിലെ വാർഡ് മനേജരായ ജെൻസി മാത്യുവിന്റെയും മൂത്ത മകനാണ്. സഹോദരൻ ആരോൺ മാത്യു.
|
ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജൻസിക്ക് വനിതാ മേധാവി
ലണ്ടൻ: നൂറ്റാണ്ടിലേറെ പഴക്കമുള്ള ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജൻസിക്ക് വനിതാ മേധാവി. സീക്രട്ട് ഇന്റന്ജന്സ് സര്‍വീസ് അഥവാ എംഐ 6ന്റെ (മിലിട്ടറി ഇന്റലിജന്‍സ് സെക്ഷൻ 6) മേധാവിയായി നാല്‍പ്പത്തിയേഴുകാരിയായ ബ്ലെയ്സ് മെട്രെവെലിയെയാണ് നിയമിച്ചിരിക്കുന്നത്
എംഐ 6ന്റെ 116 വർഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് വനിതാ മേധാവിയുണ്ടാകുന്നത്. റിച്ചാര്‍ഡ് മൂറിന്റെ പിന്‍ഗാമിയായ ബ്ലെയ്സ് സാമൂഹിക നരവംശ ശാസ്ത്രത്തില്‍ ബിരുദധാരിയാണ്. സി എന്ന കോഡിലാണ് എംഐ 6ന്റെ മേധാവി അറിയപ്പെടുന്നത്.
|
ജർമൻ ചാൻസലറുമായി കൂടിക്കാഴ്ച നടത്തി നരേന്ദ്ര മോദി
കനനാസ്കിസ്: ജർമൻ ചാൻസലർ ഫ്രെഡറിക് മെർസുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യാപാരം, നിക്ഷേപം, പ്രതിരോധം, സുരക്ഷ, ഹരിത ഊർജ്ജം, സാങ്കേതികവിദ്യ തുടങ്ങിയ പ്രധാന മേഖലകളിൽ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾ ഇരുനേതാക്കളും ചർച്ച ചെയ്തു.
ജി 7 ഉച്ചകോടിക്കിടെ കൂടിക്കാഴ്ച നടത്തിയ ഇരു നേതാക്കളും പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങളെക്കുറിച്ചും അഭിപ്രായങ്ങൾ കൈമാറിയതായി വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.
ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ ജർമനിയുടെ ശക്തമായ ഐക്യദാർഢ്യത്തിനും ഇന്ത്യയ്ക്ക് നൽകിയ പിന്തുണയ്ക്കും മോദി ചാൻസലർ മെർസിന് നന്ദി പറഞ്ഞതായി രൺധീർ ജയ്സ്വാൾ വ്യക്തമാക്കി.
|
റോമിൽ തിരുവാതിര സംഘടിപ്പിച്ച് മലയാളികൾ
റോം: റോമിലെ ഐക്യരാഷ്ട്രസഭ ഭക്ഷ്യ കാർഷിക സംഘടനയുടെ ആസ്ഥാനത്ത് തിരുവാതിരക്കളി സംഘടിപ്പിച്ച് മലയാളികൾ. ജി77ന് ചൈന കൾച്ചറൽ ഈവനിന്റെ ഭാഗമായിയാണ് ഇന്ത്യൻ എംബസി അറിയിച്ചതിനെ തുടർന്ന് തിരുവാതിര അവതരിപ്പിച്ചത്.
മലയാളികളായ ലിജി ബെന്നി വെട്ടിയാടൻ, ജിനി ജോൺ, ഷീജ ഷാജു, ജെയിൻ ജോസഫ്, ഷീന ഷൈഫി, സോളി ബേബി എന്നിവർ നാടൻ പാട്ട്, ഡാന്‍സ് തുടങ്ങിയ കലാപരിപാടികളും അവതരിപ്പിച്ചു.
|
അയർലൻഡിൽ "ക്രോഗ് പാട്രിക്' തീർഥാടനം ജൂലൈ 26ന്
ഡബ്ലിൻ: സീറോമലബാർ സഭ അയർലൻഡ് നാഷണൽ പിതൃവേദിയുടെ നേതൃത്വത്തിൽ ഈ വർഷത്തെ "ക്രോഗ് പാട്രിക്' തീർഥാടനം ജൂലൈ 26ന് നടക്കും. അയർലൻഡിന്റെ സ്വർഗീയ മധ്യസ്ഥനായ സെന്റ് പാട്രിക്ക് പുണ്യവാളന്റെ പാദ സ്പർശമേറ്റ ഇടമാണ് ക്രോഗ് പാട്രിക് മല. തീർഥാടനം രാവിലെ ഒന്‍പതിന് അടിവാരത്തിൽ ആരംഭിക്കും.
സീറോമലബാർ സഭ നാഷണൽ കോഓർഡിനേറ്റർ ഫാ. ജോസഫ് മാത്യു ഓലിയക്കാട്ടിൽ, നാഷണൽ പിതൃവേദി ഡയറക്ടർ ഫാ. അനീഷ് വഞ്ചിപ്പാറയിൽ, റീജണൽ പിതൃവേദി ഡയറക്ടർ ഫാ. സിജോ ജോൺ വെങ്കിട്ടക്കൽ, മറ്റു വൈദികർ തുടങ്ങിയവരുടെ കാർമികത്വത്തിൽ നടക്കുന്ന വിശുദ്ധ കുർബാനയ്ക്ക് ശേഷമാണ് അടിവാരത്തിൽ നിന്നും മലകയറ്റം ആരംഭിക്കുന്നത്.
ത്യാഗപൂർണവും ഭക്തിനിർഭരവുമായ തീർഥാടനത്തിൽ പങ്കെടുത്തു കൊണ്ട് പുണ്യവാളന്റെ പ്രത്യേക അനുഗ്രഹം തേടുവാനായി എല്ലാ വിശ്വാസികളെയും ക്രോഗ് പാട്രിക്ക് മലനിരകളിലേക്ക് സ്വാഗതം ചെയ്യുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.
ഡബ്ലിനിൽ നിന്നും ബസ് സൗകര്യം ഉണ്ടായിരിക്കും. ബസ് സീറ്റ് ബുക്ക് ചെയ്ത് തീർഥാടനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ യൂണിറ്റ് പിതൃവേദി നേതൃത്വത്തെയോ/ട്രസ്റ്റിമാർ/പാരിഷ് കമ്മിറ്റി എന്നിവരെയോ ബന്ധപ്പെടണം.
കൂടുതൽ വിവരങ്ങൾക്ക്: സിബി സെബാസ്റ്റ്യൻ 08944 88895, ജിത്തു മാത്യു 08706 19820.
|
ബീച്ചിൽ പതിനെട്ടുകാരിയെ കാണാതായതിൽ ദുരൂഹത
യോർക്ക്ഷെയർ: ഇംഗ്ലണ്ടിലെ നോർത്ത് യോർക്ക്ഷെയറിൽ ബീച്ചിൽനിന്നു 18 വയസുകാരിയെ കാണാതായ സംഭവത്തിൽ ദുരൂഹത. സെറെൻ ബെന്നറ്റിനെയാണ് കാണാതായത്. ഞായറാഴ്ച വൈകുന്നേരം ഏഴോടെ ഗുയിസ്ബറോയിലെ ചർച്ച് ലെയ്ൻ ഏരിയയിലേക്ക് പെൺകുട്ടി ഒറ്റയ്ക്ക് നടന്നുപോകുന്നത് കണ്ടവരുണ്ട്.
പിന്നീട് രാത്രി ഒന്‍പതോടെ റെഡ്കാർ ബീച്ചിലേക്ക് തനിച്ചു നടന്നുപോകുന്നതും സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. അന്വേഷണത്തിൽ യുവതിയുടെ വസ്ത്രങ്ങൾ കണ്ടെത്തിയതായി പോലീസ് അറിയിച്ചു.
ബീച്ചിന്റെ പരിസരത്തുതന്നെ സെറെൻ ഉണ്ടായിരുന്നിരിക്കാമെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം. ബീച്ചിൽനിന്ന് കണ്ടെത്തിയ വസ്ത്രങ്ങൾ സെറെന്റേതാണെന്ന് കുടുംബാംഗങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. അന്വേഷണം ബീച്ചിൽ കേന്ദ്രീകരിച്ചിരിക്കുകയാണെന്നു സൂപ്രണ്ട് എമിലി ഹാരിസൺ പറഞ്ഞു.
|
സൂസമ്മ ജോസഫിന്റെ നിര്യാണത്തില്‍ ജര്‍മനിയിലെ മലങ്കര സമൂഹം അനുശോചിച്ചു
ഫ്രാങ്ക്ഫര്‍ട്ട്: മലങ്കര കത്തോലിക്ക സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവയുടെ സഹോദരിയും കൊണ്ടോടി കുന്നത്ത് പരേതനായ കെ.ടി. ജോസഫിന്റെ(എക്സ്സര്‍വീസ്) ഭാര്യയുമായ സൂസമ്മ ജോസഫിന്റെ(80) നിര്യാണത്തില്‍ ജര്‍മനിയിലെ മലങ്കര സമൂഹം അനുശോചനം രേഖപ്പെടുത്തി.
ജര്‍മനിയിലെ മലങ്കര സഭാ കോഓര്‍ഡിനേറ്റര്‍ ഫാ. സന്തോഷ് തോമസ് കോയിക്കല്‍ (ഫ്രാങ്ക്ഫര്‍ട്ട്), റവ.ഡോ. ജോസഫ് ചേലമ്പറമ്പത്ത് (ബോണ്‍), ജര്‍മനിയിലെ മലങ്കര സമൂഹം പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങള്‍, വിവിധ മിഷന് യൂണിറ്റ് ഭാരവാഹികള്‍ തുടങ്ങിയവർ അനുശോചനം അറിയിച്ചു.
സംസ്കാരം വ്യാഴാഴ്ച രണ്ടിനു തോട്ടയ്ക്കാട് സെന്റ് ജോർജ് കത്തോലിക്ക പള്ളിയിൽ. പരേത മുക്കൂര്‍ തോട്ടുങ്കല്‍ കുടുംബാംഗം. മക്കള്‍: ടോം ജോസ് (കുവൈറ്റ്), ടോമിന ജോസ് (ഒമാന്‍). മരുമക്കള്‍: ടിന്‍സി വെള്ളാക്കല്‍ വയലാ, ജോബി കുരിശുംമൂട്ടില്‍ ഏന്തയാര്‍.
മറ്റുസഹോദങ്ങൾ: മാത്തുക്കുട്ടി, സിസിലിക്കുട്ടി, തന്പിച്ചൻ, ജോളി, പരേതയായ സിസ്റ്റർ ജോയ്സ് എസ്ഐസി.
|
ലണ്ടനിൽ വൈസ് മെൻ ക്ലബ് ഉദ്ഘാടനം ചെയ്തു
റോംഫോർഡ്: വൈസ് മെൻ ക്ലബ് ഓഫ് ലണ്ടൻ സെൻട്രലിന്റെ ഉദ്ഘാടനം റോംഫോർഡിലെ വൈഎംസിഎ ഹാളിൽ നടന്നു. ക്ലബിന്റെ പുതിയ ഭാരവാഹികളായ പ്രസിഡന്റ് ഷീൻ ജോൺ വാഴയിൽ, ട്രഷറർ ബിന്ദു ഷിജു, സെക്രട്ടറി പ്രകാശ് ഉമ്മൻ എന്നിവർ ചുമതലയേറ്റു.
വൈസ് മെൻ ഇന്റർനാഷണലിന്റെ പ്രസിഡന്റ് അഡ്വ. ഷാനവാസ് ഖാൻ മുഖ്യാതിഥിയായിരുന്നു. വൈസ് മെൻ ഇന്റർനാഷനലിന്റെ ജനറൽ സെക്രട്ടറി ജോസ് വർഗീസ്, റീജിയൺ ഡയറക്ടർ ഷാജി എം. മാത്യു, യുക്മ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ, വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൺ ചെയർമാൻ നജിം ആർക്കേഡിയ,
ഇമ്മീഡിയറ്റ് പാസ്റ്റ് റീജിയൺ ഡയറക്ടർ അലൻ വാളിംഗ്ടൺ, വൈഎംസിഎ ലണ്ടൻ തെംസ് ഗേറ്റേവേ ഗ്രൂപ്പ് സിഇഒ മാറ്റ് ജോൺസ്, ഇന്ത്യ വൈഎംസിഎ സിഇഒ ലിയോൺ സാലിൻസ്, ഈസ്റ്റ്ലണ്ടൻ മലയാളി അസോസിയേഷൻ പ്രസിഡന്റ് സുധിൻ ഭാസ്ക്കർ, സെക്രട്ടറി കെവിൻ സി. കോണിക്കൽ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
സ്ട്രിംഗ് ഓർക്കസ്ട്രയുടെയും റിജോ മാത്യു, സുമ മാത്യു എന്നിവരുടെയും ഗാനാലാപനവും ചടങ്ങിന് കൂടുതൽ മനോഹാരിത നൽകി. ക്ലബ് സെക്രട്ടറി പ്രകാശ് ഉമ്മൻ എല്ലാവർക്കും നന്ദി പറഞ്ഞു.
|
ജര്‍മനിയില്‍ മാതാവിന്റെയും തോമാശ്ലീഹായുടെയും സംയുക്ത തിരുനാള്‍ 28 മുതൽ
കൊളോണ്‍: കൊളോണിൽ ദൈവമാതാവിന്റെ തിരുനാളും തോമാശ്ലീഹായുടെ തിരുനാളും സംയുക്തമായി ഈ മാസം 28, 29 ദിവസങ്ങളില്‍ നടക്കും.
55 വര്‍ഷം പിന്നിടുന്ന കൊളോണിലെ സീറോമലബാര്‍ റീത്ത് കമ്യൂണിറ്റിയുടെ തിരുനാള്‍ ആഘോഷ പരിപാടികള്‍ കൊളോണ്‍ മ്യൂള്‍ഹൈമിലെ ലീബ് ഫ്രൗവന്‍ ദേവാലയത്തിലാണ് നടക്കുന്നത്.
ഈ മാസം 28ന് വൈകുന്നേരം നാലിന് തിരുനാളിന് കൊടിയേറും. 29ന് രാവിലെ 10ന് നടക്കുന്ന കുർബാനയിൽ സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മികത്വം വഹിക്കും.
യൂറോപ്പിലെ അപ്പോസ്തോലിക് വിസിറ്റേറ്റര്‍ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്തത്ത് സഹകാര്മികനാവും. തിരുനാളില്‍ കൊളോണ്‍ അതിരൂപത സഹായമെത്രാന്‍ ഡൊമിനിക്കൂസ് ഷ്വാഡര്‍ലാപ്പ് പങ്കെടുക്കും.
കുര്‍ബാനയെ തുടര്‍ന്ന് പ്രദക്ഷിണവും ഉച്ചഭക്ഷണവും സാംസ്കാരിക പരിപാടികളും ലോട്ടറിയുടെ നറുക്കെടുപ്പും നടക്കും. കൊളോണ്‍, ലെവര്‍കുസനില്‍ താമസിക്കുന്ന തൃശൂര്‍ സ്വദേശി പിന്റോ, ലീബ ചിറയത്ത് കുടുംബമാണ് ഇത്തവണത്തെ പ്രസുദേന്തി.
ജര്‍മനിയിലെ കൊളോണ്‍ അതിരൂപതയിലെയും എസന്, ആഹന്‍ എന്നീ രൂപതകളിലെയും ഇന്ത്യക്കാരുടെ കൂട്ടായ്മയാണ് കൊളോണിലെ ഇന്ത്യന്‍ സമൂഹം.
കൊളോണ്‍ കര്‍ദിനാള്‍ റൈനര്‍ മരിയ വോള്‍ക്കിയുടെ കീഴിലുള്ള ഇന്ത്യന്‍ സമൂഹത്തിന്റെ ചാപ്ലെയിനായി ഫാ. ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ കഴിഞ്ഞ 24 വര്‍ഷമായി സേവനം അനുഷ്ഠിക്കുന്നു.
|
ഐനെസ് രാജകുമാരിയുടെ മാമോദീസ ആഘോഷമാക്കി സ്വീഡൻ
സ്റ്റോക്ക്ഹോം: സ്വീഡനിലെ കാൾ ഫിലിപ്പ് രാജകുമാരന്റെയും സോഫിയ രാജകുമാരിയുടെയും ഇളയ മകളായ ഐനെസ് രാജകുമാരിയുടെ മാമോദീസ ആഘോഷമാക്കി രാജ്യം.
മാതാപിതാക്കളുടെ പത്താം വിവാഹ വാര്‍ഷിക ദിനത്തിൽ ഡ്രോട്ടിംഗ്ഹോം കൊട്ടാരത്തിന്റെ ചാപലിൽ വച്ചാണ് ഐനെസ് മാമോദീസ സ്വീകരിച്ചത്. നാല് മാസം മാത്രം പ്രായമുള്ള ഐനെസിന് ബിഷപ് ജോഹാൻ ഡാൽമാനാണ് മാമോദീസ നൽകിയത്.
ബിഷപ് ജോഹാൻ ഡാൽമാനും കോർട്ട് ചാപ്ലിൻ മൈക്കിൾ ബിജെർഖാഗനും നേതൃത്വം നൽകിയ ചടങ്ങ് രാജകീയ പാരമ്പര്യത്തിൽ അധിഷ്ഠിതമായിരുന്നു. രാജകുടുംബാംഗങ്ങൾ എല്ലാവരും പള്ളിയിൽ ഒത്തുകൂടിയിരുന്നു.
ഫെബ്രുവരി ഏഴിനാണ് ഐനെസ് ജനിച്ചത്. ഐനെസ് തന്റെ സഹോദരങ്ങളായ അലക്സാണ്ടർ (8), ഗബ്രിയേൽ (7), ജൂലിയൻ (3) എന്നിവർ ധരിച്ച അതേ ക്രിസ്റ്റനിംഗ് ഗൗൺ (മാമോദീസ വസ്ത്രം) ആണ് ധരിച്ചിരുന്നത്.
|
യുക്രെയ്നിൽ വീണ്ടും ദുരിതാശ്വാസ സഹായമെത്തിച്ച് വത്തിക്കാൻ
വത്തിക്കാന്‍ സിറ്റി: മൂന്നു വർഷമായി തുടരുന്ന യുദ്ധത്തിൽ ഏറെ ദുരിതമനുഭവിക്കുന്ന യുക്രെയ്നിലെ സാധാരണക്കാരായ ജനതയെ വീണ്ടും ചേര്‍ത്തുപിടിച്ച് വത്തിക്കാന്‍.
മെത്തകൾ, ഭക്ഷണം, പലചരക്കു സാധനങ്ങൾ, കുട്ടികൾക്കുള്ള പോഷകാഹാരം, കളിപ്പാട്ടങ്ങൾ തുടങ്ങിയവയുമായി മാര്‍പാപ്പയുടെ ഉപവിപ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിക്കുന്ന കർദിനാൾ കോൺറാഡ് ക്രജേവ്സ്കിയുടെ നേതൃത്വത്തില്‍ ട്രക്ക് വത്തിക്കാനിൽനിന്ന് യുക്രെയ്നിലെ ഖാർഖിവിൽ എത്തി.
ഫ്രാൻസിസ് മാർപാപ്പയുടെ കാലത്തും യുക്രെയ്നിലെ വിവിധ മേഖലകളിൽ വത്തിക്കാൻ സഹായങ്ങൾ എത്തിച്ചിരുന്നുവെന്നും ആ ദൗത്യം ഇപ്പോഴും തുടരുകയാണെന്നും കർദിനാൾ ക്രജേവ്സ്കി പറഞ്ഞു.
ഫ്രാൻസിസ് മാർപാപ്പയുടെ ജീവിതമാതൃക പിന്തുടർന്ന് ലെയോ പതിനാലാമൻ മാർപാപ്പയും ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏറെ ഊർജസ്വലതയോടെ തുടരുന്നുണ്ടെന്നും പീഡിതരായ യുക്രെയ്ൻ ജനതയെ അദ്ദേഹവും തന്റെ ഹൃദയത്തോടു ചേർത്തുപിടിക്കുകയാണെന്നും കർദിനാൾ കൂട്ടിച്ചേർത്തു.
ഏതാനും ആഴ്ചകളായി തുടരുന്ന റഷ്യൻ ബോംബാക്രമണങ്ങളാൽ തകർന്ന യുക്രേനിയൻ നഗരമായ ഖാർഖിവിലെ ജനത കടുത്ത ദുരിതത്തിലാണ്. ഈ പശ്ചാത്തലത്തിലാണ് വത്തിക്കാന്‍ സഹായം എത്തിക്കുന്നത്.
റോമിലെ യുക്രേനിയൻ പള്ളിയായ സാന്താ സോഫിയ ബസിലിക്കയിൽനിന്നുമാണ് സഹായങ്ങൾ നിറച്ച ട്രക്ക് യുക്രെയ്നിലേക്കു യാത്ര തിരിച്ചത്. കർദിനാൾ ക്രാജേവ്സ്കിയും വാഹനത്തിൽ ഉണ്ടായിരുന്നു.
യുദ്ധത്തിൽ ദുരിതമനുഭവിക്കുന്ന ഗാസയിലേക്കും വത്തിക്കാൻ ദുരിതാശ്വാസസഹായം എത്തിച്ചിരുന്നു. ഏറ്റവുമൊടുവിൽ ഫ്രാൻസിസ് മാർപാപ്പ ഉപയോഗിച്ചിരുന്ന പോപ് മൊബീൽ പ്രത്യേക ക്ലിനിക്കാക്കി രൂപാന്തരം ചെയ്ത് ഗാസയിലേക്ക് അയച്ചിരുന്നു.
|
മാഫ ഫൈനലിൽ എത്തി എഡെക്സ് കിംഗ്സ് എഫ്സി ഇന്ത്യൻ ടീം
മാൾട്ട: മാൾട്ട അമച്വർ ഫുട്ബോൾ അസോസിയേഷൻ (മാഫ) ലീഗിന്റെ ഫൈനലിൽ എത്തുന്ന യൂറോപ്പിലെ ആദ്യ ഇന്ത്യൻ ടീമായി അറ്റാർഡ് എഡെക്സ് കിംഗ്സ് എഫ്സി മാൾട്ടീസ്.
കേരള സ്റ്റേറ്റ് ഫുട്സൽ ചാന്പ്യൻഷിപ്പിലും കേരള പ്രീമിയർ ലീഗ് ഫസ്റ്റ് ഡിവിഷനിലും ഇതിനകം തന്നെ വ്യക്തിമുദ്ര പതിപ്പിച്ച ഇന്ത്യൻ ടീം എഡെക്സ് റിയൽ മലബാർ ടീമിന് പിന്നിലെ സംഘടനയായ എഡെക്സ് സ്പോർട്സ് കൗൺസിലാണ് അറ്റാർഡ് എഡെക്സ് കിംഗ്സ് എഫ്സിയെ പിന്തുണയ്ക്കുന്നത്.
15 ഇന്ത്യൻ കളിക്കാരിൽ 14 പേർ കേരളത്തിൽ നിന്നുള്ളവരാണ്. എഡെക്സ് സ്പോർട്സ് കൗൺസിൽ നടത്തിയ ട്രയൽസിലൂടെയാണ് ടീമിലെ എട്ട് കളിക്കാരെ കണ്ടെത്തിയത്.
കഴിഞ്ഞ വർഷം എഡെക്സ് സ്പോർട്സ് കൗൺസിൽ നടത്തിയ ട്രയൽസിലൂടെ എട്ട് മലയാളി കളിക്കാരെ ഷെറിൻ സ്റ്റീഫൻ, ഫ്രിന്റോ പാലയൂർ, അഭിഷേക് പറമ്പിൽ, ഫാരിസ് കരുവന്തവല, മുഹമ്മദ് ഫൈസ്, ആദർശ് മീത്തിലപ്പുരയിൽ, പ്രജിൽ കുമാർ, മുഹമ്മദ് റമീസ് തെരഞ്ഞെടുത്തു.
ഇവരെ കൂടാതെ ആൽവിൻ വർഗീസ്, കിരൺ ദാസ്, ഷെർജോ ജോസ്, ആന്റണി ടി.പി, ഷറഫലി സി.ജെ, അനന്തൻ കാവുങ്കൽ മണി, ഹനോക്ക് എം.ടി എന്നീ മലയാളികൾ കൂടെ ടീമിന്ഫെ വിജയപാതയിൽ നിർണായക പങ്കു വഹിക്കുന്നു.
യൂറോപ്പിലെ മാഫ ലീഗ് നോക്കോട്ട് ചാംപ്യൻഷിപ് ഫൈനലിൽ അറ്റാർഡ് എഡെക്സ് കിംഗ്സ് എഫ്സി മാർസ സെന്റ് മൈക്കിൾസ് എഫ്സിയെയാണ് ഫൈനലിൽ നേരിടുന്നത്. മാഫ ലീഗിലെ ഫസ്റ്റ് ഡിവിഷൻ ക്ലബുകളെ ടൂർണമെന്റിൽ പരാജയപ്പെടുത്തിയാണ് ഈ ഇന്ത്യൻ ക്ലബ് ചരിത്ര നേട്ടം കുറിച്ചിരിക്കുന്നത്.
അർജന്റീന, ബ്രസീൽ, കോളംബിയ, സ്വീഡൻ, അയർലൻഡ്, സ്കോട്ലൻഡ്, ഘാന, കാനഡ, നൈജീരിയ, മൊറോക്കോ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള താരങ്ങളോടൊപ്പം ഉള്ള പരിശീലനവും മത്സര പരിചയവും മലയാളി കളിക്കാർക്ക് മികവ് നൽകി.
ലോക വേദിയിൽ നമ്മളുടെ കളിക്കാർക്ക് മത്സരിക്കാൻ കഴിയുമെന്ന് വിശ്വസിച്ച ഓരോ ഇന്ത്യക്കാരന്റെയും വിജയമാണിത്. ഇതുവരെ ഞങ്ങൾ നേടിയത് അവിശ്വസനീയമാണ്. ഇപ്പോൾ ഞങ്ങൾ അതിലും വലുതായ ഒരു യൂറോപ്യൻ കിരീടത്തിന്റെ വക്കിലാണ് സെമി ഫൈനൽ വിജയത്തിനുശേഷം ടീം പ്രസിഡന്റ് വിബിൻ സേവ്യർ പറഞ്ഞു.
ഈ കളിക്കാർ ഇപ്പോൾ ഒരു ചരിത്രം സൃഷ്ടിച്ചിരിക്കുന്നു എന്ന് മാൾട്ടിസ് സ്വദേശിയും ടീം കോച്ചുമായ എലിയട്ട് നവാരോ കൂട്ടിച്ചേർത്തു. ടീമിന്റെ മാനേജ്മെന്റിൽ ടോംസൺ മാളിയേക്കൽ, ഷിനാസ് ചെഗു, സെബിൻ തോമസ്, അരുൺ അജയൻ, അനൂപ് ജിനു, അജിൽ മാത്യു, അരുൺ രവി, സിയാദ് സയിദ് എന്നിവർ പ്രധാന പങ്കുവഹിച്ചു.
|
നോട്ടിംഗ്ഹാമിൽ മദേഴ്സ് ഫുഡ്സ് ലിമിറ്റഡ് എന്ന പേരിൽ മലയാളി സംരംഭം ആരംഭിച്ചു
നോട്ടിംഗ്ഹാം: മലയാളികളുടെ പുതിയ സംരഭത്തിന് കഴിഞ്ഞ ദിവസം നോട്ടിംഗ്ഹാമിൽ തുടക്കമായി. മദേഴ്സ് ഫുഡ്സ് ലിമിറ്റഡ് എന്ന പേരിൽ ആരംഭിച്ച സംരംഭത്തിന്റെ ആശീർവാദ കർമം രാവിലെ 10ന് ഫാ. ജോബി ജോൺ നിർവഹിച്ചു.
തുടർന്ന് ക്രേംബ്രിഡ്ജ് മുൻ മേയർ ബൈജു തിട്ടാല സ്ഥാപനം ഉദ്ഘാടനം ചെയ്തു. ചപ്പാത്തിയും പൊറോട്ടയും ഉൾപ്പെടെയുള്ള ഭക്ഷണങ്ങൾ നോട്ടിംഗ്ഹാമിൽ തന്നെ ഉത്പാദനം ചെയ്ത് യുകെയിലെ എല്ലാ സ്ഥലങ്ങളിലും എത്തിക്കുക എന്നതാണ് സംരംഭത്തിന്റെ ലക്ഷ്യം.
കമ്പനി ബോർഡ് ഡയറക്ടർമാരായ വിജേഷ്, രാജു, രാജേഷ്, പ്രിൻസ്, ജോണി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. യുക്മയുടെ ഈസ്റ്റ് വെസ്റ്റ് & മിഡ്ലാൻഡ്സ് പ്രസിഡന്റ് അഡ്വ. ജോബി പുതുകുളങ്ങര, നോട്ടിംഗ്ഹാം മലയാളി അസോസിയേഷൻ പ്രസിഡന്റ് ബെന്നി ജോസഫ്, മുദ്ര ആർട്സ് നോട്ടിംഗ്ഹാം പ്രസിഡന്റ് നെവിൻ സി. ജോസ് എന്നിവർ ആശംസകൾ അർപ്പിച്ചു.
|
ഇന്ത്യ ഫ്രാൻസ് സംയുക്ത സൈനികാഭ്യാസം 18 മുതൽ
ന്യൂഡൽഹി: ഇന്ത്യ ഫ്രാൻസ് സംയുക്ത സൈനികാഭ്യാസം 18 മുതൽ ഫ്രാൻസിൽ നടത്തുമെന്ന് ഇന്ത്യൻ സൈന്യം അറിയിച്ചു. "ശക്തി 2025' എന്ന പേരിൽ ഫ്രാൻസിലെ ലാ കാവലേറിയിലാണ് അഭ്യാസപ്രകടനം.
അഭ്യാസപ്രകടനത്തിന്റെ എട്ടാം പതിപ്പാണിത്. ജൂലൈ ഒന്നുവരെ നീളുന്ന സംയുക്ത അഭ്യാസം ഇരുരാജ്യങ്ങളുടെയും സൈനിക ശേഷി വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണു നടത്തുന്നത്.
ഇരു രാജ്യങ്ങളുടെയും സൈന്യങ്ങൾക്കിടയിലെ പരസ്പര സഹകരണം, സൗഹൃദം, സൈനികശേഷി വികസനം എന്നിവ ലക്ഷ്യമിടുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.
കഴിഞ്ഞ വർഷം മേയ് 13 മുതൽ 26 വരെയായിരുന്നു "ശക്തി 2024' ഏഴാം പതിപ്പ് നടന്നത്. മേഘാലയയിലെ ഉംറോയി ആയിരുന്നു വേദി.
|
കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്ട് റോമിലെ സ്ഥാനിക ദേവാലയത്തിന്റെ ശുശ്രൂഷ ഏറ്റെടുത്തു
വത്തിക്കാന്‍ സിറ്റി: കർദിനാൾ മാര്‍ ജോര്‍ജ് കൂവക്കാട്ട് റോമിലെ ചിര്ക്കോണ്വല്ലാസീയോനെ ആപ്പിയയിൽ, പാദുവായിലെ വിശുദ്ധ അന്തോനീസിന്റെ നാമത്തിലുള്ള ഇടവക പള്ളിയുടെ സ്ഥാനിക ശുശ്രൂഷ ഏറ്റെടുത്തു.
എല്ലാ കര്‍ദിനാൾമാര്‍ക്കും റോമില്‍ത്തന്നെ ഒരു സ്ഥാനിക ഇടവക ലഭിക്കുന്ന പാരമ്പര്യത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന് റോമാ രൂപതയിലെ ഈ ദേവാലയം ലഭിച്ചത്. ഇടവകമധ്യസ്ഥനായ വിശുദ്ധ അന്തോനീസിന്റെ തിരുനാള്‍ദിനമായ വെള്ളിയാഴ്ചയാണ് അദ്ദേഹം സ്ഥാനം ഏറ്റെടുത്തത്.
1988ല്‍ ഇടവകയായ ഈ പള്ളിയില്‍ റോഗേഷനിസ്റ്റ് സന്യാസസമൂഹത്തിലെ വൈദികരാണ് ശുശ്രൂഷ നിര്‍വഹിക്കുന്നത്. 2012ല്‍ കര്‍ദിനാള്‍ ഡീക്കന്മാരുടെ സ്ഥാനിക ദേവാലയമായി തെരഞ്ഞെടുക്കപ്പെട്ട ഈ ഇടവക ഇതിനുമുമ്പ് മറ്റു രണ്ടു കര്‍ദിനാൾമാരുടെ സ്ഥാനിക ദേവാലയമായിരുന്നു. ഫാ. അന്റോണിയോയാണ് ഇപ്പോള്‍ ഈ ഇടവകയിലെ വികാരി.
ഇന്ത്യന്‍ സമയം വെള്ളിയാഴ്ച രാത്രി പത്തിന് വിശുദ്ധ കുര്‍ബാനയര്‍പ്പണത്തോടെ നടന്ന സ്ഥാനമേറ്റെടുക്കല്‍ ശുശ്രൂഷയില്‍ അദ്ദേഹത്തോടൊപ്പം മറ്റു കര്‍ദിനാൾമാരും മതാന്തര സംവാദത്തിനായുള്ള കാര്യാലയത്തിലെയും വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടേറിയറ്റിന്റെയും പ്രതിനിധികളും ഉണ്ടായിരുന്നു.
മാര്‍ കൂവക്കാട്ടിന്റെ മാതാപിതാക്കളും കുടുംബാംഗങ്ങളും ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിച്ചു. ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയിലും ചടങ്ങില്‍ സന്നിഹിതനായിരുന്നു.
|
കാര്‍ലോ അക്കുത്തിസിനെയും പിയെർ ഫ്രസാത്തിയെയും സെപ്റ്റംബർ ഏഴിന് വിശുദ്ധരായി പ്രഖ്യാപിക്കും
വത്തിക്കാന്‍ സിറ്റി: തിരുസഭാ ചരിത്രത്തിൽ വിശുദ്ധ പദവിയിലേക്ക് പ്രവേശിക്കുന്ന ആദ്യ കംപ്യൂട്ടർ പ്രതിഭ, ആദ്യ മില്ലേനിയൽ വിശുദ്ധൻ എന്നീ ഖ്യാതികളോടെ വാഴ്ത്തപ്പെട്ട കാര്‍ലോ അക്കുത്തിസിനെ ഈ വർഷം സെപ്റ്റംബർ ഏഴിന് വിശുദ്ധനായി നാമകരണം ചെയ്യും.
ഇതേ ദിവസംതന്നെ, പാവപ്പെട്ടവരെ സഹായിക്കുന്നതിനിടെ 24ാം വയസിൽ പോളിയോ ബാധിച്ചു മരിച്ച ഇറ്റാലിയൻ യുവാവ് പിയെർ ജോർജോ ഫ്രസാത്തിയെയും വിശുദ്ധനായി പ്രഖ്യാപിക്കും. വിശുദ്ധരുടെ നാമകരണം സംബന്ധിച്ച തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനായി ലെയോ പതിനാലാമൻ മാർപാപ്പ വിളിച്ചുചേര്‍ത്ത കർദിനാൾമാരുടെ സമ്മേളനത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.
2025 ജൂബിലി വര്‍ഷത്തില്‍ ഏപ്രിൽ 25 27 ദിവസങ്ങളിലായി ക്രമീകരിച്ചിരുന്ന കൗമാരക്കാരുടെ ജൂബിലിയോടനുബന്ധിച്ച് കാര്‍ലോയെ വിശുദ്ധനായി പ്രഖ്യാപിക്കുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. എന്നാൽ ഫ്രാൻസിസ് മാർപാപ്പ ദിവംഗതനായതിനാൽ വിശുദ്ധ പദവി പ്രഖ്യാപനം നീട്ടിവയ്ക്കുകയായിരുന്നു.
1991 മേയ് മൂന്നിന് ലണ്ടനിലായിരുന്നു കാര്‍ലോയുടെ ജനനം. സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അതീവ തത്പരനായിരുന്നു കാര്‍ലോ. ലോകത്തിലെ ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ ബൃഹത്തായ ഓൺലൈൻ ശേഖരംതന്നെ നന്നേ ചെറിയ പ്രായത്തിനുള്ളിൽ കാർലോ സജ്ജീകരിച്ചിരുന്നു.
11ാംവയസിൽ ആരംഭിച്ച ഈ ഉദ്യമം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടിയിരുന്നു.അനേകരെ ദിവ്യകാരുണ്യത്തിലേക്ക് കൂട്ടിക്കൊണ്ടുവന്നതിനുശേഷമാണ് 2006 ഒക്ടോബര്‍ 12ന് തന്റെ 15ാം വയസിൽ മരിച്ചത്. 2020 ഒക്ടോബർ പത്തിന് കാര്‍ലോ അക്കുത്തിസ് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ടു.
കാര്‍ലോയുടെ മാതാപിതാക്കളും സഹോദരങ്ങളും വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തില്‍ നേരിട്ടു സാക്ഷ്യം വഹിച്ചിരുന്നു. ഇരുവരെയും കൂടാതെ ഏഴു വാഴ്ത്തപ്പെട്ടവരെ ഈവർഷം ഒക്ടോബർ 19ന് വിശുദ്ധരായി നാമകരണം ചെയ്യാനും ലെയോ പതിനാലാമൻ മാർപാപ്പയുടെ അധ്യക്ഷതയിൽ നടന്ന കർദിനാൾമാരുടെ സമ്മേളനം തീരുമാനിച്ചു.
മാർഡിനിലെ അർമേനിയൻ ആർച്ച്ബിഷപ്പും രക്തസാക്ഷിയുമായ ഇഗ്നാസിയോ ചൗക്രുല്ല മാലോയാൻ, പാപ്പുവ ന്യൂഗിനിയയിൽനിന്നുള്ള അല്മായനും മതാധ്യാപകനും രക്തസാക്ഷിയുമായ പീറ്റർ ട്ടോ റോട്ട്, വെറോണയിലെ ജീവകാരുണ്യ സന്യാസിനീ സമൂഹം സ്ഥാപക വിൻചെൻസ മരിയ പൊളോണി,
യേശുദാസി സന്യാസിനീ സമൂഹം സ്ഥാപക മരിയ ദെൽ മോന്തേ കാർമേലോ റെൻഡിലെസ് മാർട്ടിനെസ്, ക്രിസ്ത്യാനികളുടെ സഹായമായ മറിയത്തിന്റെ പുത്രിമാരുടെ സഭാംഗം മരിയ ത്രോൺകാത്തി, അല്മായരായ ഹോസെ ഗ്രിഗോറിയോ ഹെർണാണ്ടസ് ചിസ്നെറോസ്, ബാർത്തൊളോ ലോൻഗോ എന്നിവരെയാണ് വിശുദ്ധരായി പ്രഖ്യാപിക്കുക.
|
ഫയര്‍ ഓഫ് ദ ഹോളി സ്പിരിറ്റ് ഇംഗ്ലീഷ് ധ്യാനം ജൂലൈ ഏഴ് മുതൽ
ഡബ്ലിന്‍: അനോയ്റ്റിംഗ് ഫയർ കത്തോലിക്ക് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ഇംഗ്ലീഷ് ഭാഷയിലുള്ള കത്തോലിക്ക കരിസ്മാറ്റിക് റസിഡന്‍ഷ്യല്‍ ധ്യാനം "ഫയര്‍ ഓഫ് ദ ഹോളി സ്പിരിറ്റ്’ എന്ന പേരില്‍ സംഘടിപ്പിക്കുന്നു. ധ്യാനം ജൂലൈ ഏഴ്, എട്ട്, ഒന്‍പത് തീയതികളിലാണ് നടത്തപ്പെടുന്നത്.
ഡി ലാ സാലെ പാസ്റ്ററൽ സെന്റർ, എൽഡർഫീൽഡ്, കാസിൽടൗൺ കോ ലാവോയിസിൽ എന്ന വിലാസത്തില്‍ വച്ചാണ് താമസിച്ചുള്ള ഈ ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. പ്രശസ്ത വചന പ്രഘോഷകനും എഎഫ്സിഎം യുകെ ടീം അംഗവുമായ ഫാ. ഷൈജു നടുവത്താനിയില്‍ ആയിരിക്കും ധ്യാനം നയിക്കുക.
ജപമാല, സ്തുതി ആരാധന, വചന പ്രഘോഷണം, ദിവ്യകാരുണ്യ ആരാധന, രോഗശാന്തി ശുശ്രൂഷ, വിശുദ്ധ കുര്‍ബാന, കുമ്പസാരം, വ്യക്തിപരമായ പ്രാര്‍ഥന എന്നിവ ധ്യാനത്തിന്റെ ഭാഗമായിരിക്കും.
ദൈവാനുഭവത്തിന്റെ അഗ്നിയഭിഷേകം വചനത്തിലൂടെ പകര്‍ത്തപ്പെടുന്ന ഈ ധ്യാനദിവസങ്ങളിലേക്ക് അയര്‍ലൻഡിലെ എല്ലാ വിശ്വാസികളേയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.
കൂടുതൽ വിവരങ്ങള്‍ക്ക്: ഡിന്റോ: +353 89 277 7229, അലക്സ്: +353 87 952 0150.
|
യുകെയിലെ ചങ്ങനാശേരിക്കാർ കെറ്ററിംഗിൽ ഒത്തുചേരുന്നു
ലണ്ടൻ: ജന്മനാടിന്റെ ഓർമകളുമായി യുകെയിലേക്ക് കുടിയേറിയ ചങ്ങനാശേരി നിവാസികൾ ഒത്തുചേരുന്നു. ഈ മാസം 28ന് യുകെയിലെ കെറ്ററിംഗിലാണ് ചങ്ങനാശേരിയിലും പരിസരപ്രദേശങ്ങളിലും നിന്നും യുകെയിലേക്ക് കുടിയേറിയ മലയാളികളുടെ സംഗമം നടക്കുക.
സുഹൃത്തുക്കളെ കണ്ടുമുട്ടുവാനും സൗഹൃദം പങ്കുവയ്ക്കുന്നതിനുമായി സംഘടിപ്പിച്ചിരിക്കുന്ന ഈ സംഗമത്തിൽ ഗൃഹാതുരത്വം ഉണർത്തുന്ന നിരവധി പരിപാടികൾ ഒരുക്കിയിട്ടുണ്ട്.
ചങ്ങനാശേരിയുമായി ബന്ധപ്പെട്ട രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചിരിക്കുന്ന പ്രമുഖ വ്യക്തിത്വങ്ങൾ പരിപാടിയിൽ പങ്കെടുക്കും. മിതമായ നിരക്കിൽ ഭക്ഷണങ്ങൾ ലഭിക്കുന്ന കേരള ഫുഡ് സ്റ്റാൾ ഇവന്റിൽ തുറന്ന് പ്രവർത്തിക്കും.
സംഗമത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഉടൻ തന്നെ രജിസ്റ്റർ ചെയ്യണമെന്നും പരിപാടി അവതരിപ്പിക്കുവാൻ താത്പര്യമുള്ളവർ അറിയിക്കണമെന്നും ഭാരവാഹികൾ അറിയിച്ചു.
രജിസ്ട്രേഷൻ ഫോം ലിങ്ക്: https://forms.gle/3yWxGhtEBaEcYmCt7
|
വിമല പടയാട്ടില്‍ അന്തരിച്ചു
അങ്കമാലി: പടയാട്ടില്‍ ആന്റുവിന്റെ ഭാര്യ പടയാട്ടില്‍ വിമല(62) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് അങ്കമാലി സെന്റ് ജോര്‍ജ് ബസിലിക്കയില്‍ നടത്തി. ചേരാനല്ലൂര്‍ കൈതാരന്‍ കുടുംബാംഗമാണ്.
മക്കള്‍: സൗമ്യ (ഇറ്റലി), സനു (യുകെ), സരിന് (ബിസിനസ്), ജോസഫ് (ഇന്‍ഫോ പാര്‍ക്, കൊരട്ടി). മരുമക്കള്‍: കുഴിപ്പിള്ളി പുതുവ ജിയോ (ഇറ്റലി), അഞ്ജു (യുകെ), മരിയ (മുപ്ളിയം).
ജര്‍മനിയിലെ കൊളോണില്‍ താമസിക്കുന്ന ലോക കേരളസഭാംഗം ജോളി എം. പടയാട്ടിലിന്റെയും ജെമ്മ ഗോപുരത്തിങ്കലിന്റെയും സഹോദര ഭാര്യയാണ് വിമല.
|
അഭിഷേകാഗ്നി ബൈബിൾ കൺവൻഷൻ ശനിയാഴ്ച ബർമിംഗ്ഹാമിൽ
ബർമിംഗ്ഹാം: അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച മലയാളം ബൈബിൾ കൺവൻഷൻ ശനിയാഴ്ച(ജൂൺ 14) ബർമിംഗ്ഹാം ബെഥേൽ സെന്ററിൽ നടക്കും. ഷംഷാബാദ് സീറോമലബാർ രൂപത ബിഷപ് മാർ പ്രിൻസ് പാണേങ്ങാടൻ മുഖ്യ കാർമികത്വം വഹിക്കും.
അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി യുകെയുടെ നേതൃത്വം ഫാ.ഷൈജു നടുവത്താനിയിൽ കൺവൻഷൻ നയിക്കും. 2009ൽ ഫാ. സോജി ഓലിക്കൽ തുടക്കമിട്ട സെഹിയോൻ യുകെ രണ്ടാം ശനിയാഴ്ച കൺവൻഷൻ 2023 മുതൽ റവ.ഫാ സേവ്യർ ഖാൻ വട്ടായിലിന്റെ നേതൃത്വത്തിൽ അഭിഷേകാഗ്നി എന്ന പേരിൽ എല്ലാ രണ്ടാം ശനിയാഴ്ചകളിലും നടത്തപ്പെടുന്നത്.
അഞ്ച് വയസുമുതലുള്ള കുട്ടികൾക്ക് ക്ലാസ് അടിസ്ഥാനത്തിൽ പ്രത്യേക ശുശ്രൂഷ, മലയാളത്തിലോ ഇംഗ്ലിഷിലോ കുമ്പസാരത്തിനും സ്പിരിച്വൽ ഷെയറിംഗിനും സൗകര്യം എന്നിവയും ഒരുക്കിയിട്ടുണ്ട്. ശുശ്രൂഷകൾ രാവിലെ എട്ടിന് ആരംഭിച്ച് വൈകുന്നേരം നാലിന് സമാപിക്കും.
കൺവൻഷനിൽ കുട്ടികൾക്കും കൗമരാക്കാർക്കും എഎഫ്സിഎം മിനിസ്ട്രിയുടെ കിഡ്സ് ഫോർ കിംഗ്ഡം, ടീൻസ് ഫോർ കിംഗ്ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷയും ക്ലാസുകളും ഉണ്ടായിരിക്കും.
ഇംഗ്ലീഷ്, മലയാളം ബൈബിൾ, മറ്റ് പ്രാർഥന പുസ്തകങ്ങൾ എന്നിവ ലഭ്യമാകുന്ന എല്‍ഷദായ് ബുക്ക് മിനിസ്ട്രി കൺവൻഷനിൽ പ്രവർത്തിക്കും.
ജപമാല, കുർബാന, വചന പ്രഘോഷണം, ആരാധന, ദിവ്യ കാരുണ്യ പ്രദക്ഷിണം എന്നിവ ഉൾപ്പെടുന്ന അഭിഷേകാഗ്നി കൺവെൻഷനിലേക്ക് അഭിഷേകാഗ്നി യുകെ മിനിസ്ട്രിയുടെ നേതൃത്വം ഫാ. ഷൈജു നടുവത്താനിയിലും എഎഫ്സിഎം യുകെ കുടുംബവും എല്ലാവരെയും സ്വാഗതം ചെയ്തു.
കൂടുതൽ വിവരങ്ങൾക്ക്: ഷാജി ജോർജ് 07878 149670, ജോൺസൺ +44 7506 810177, അനീഷ് 07760 254700, ബിജുമോൻ മാത്യു 07515 368239.
കൺവൻഷനിലേക്ക് ഏർപ്പെടുത്തിയിട്ടുള്ള യാത്രാ സൗകര്യത്തെപ്പറ്റി അറിയാൻ: ജോസ് കുര്യാക്കോസ് 07414 747573, ബിജുമോൻ മാത്യു 07515 368239.
|
ബേസിംഗ്സ്റ്റോക്ക് സെന്റ് അഗസ്റ്റിൻസ് നിർദിഷ്ട മിഷനിലെ തിരുനാൾ ശനിയാഴ്ച; ഒരുക്കങ്ങൾ പൂർത്തിയായി
ബേസിംഗ്സ്റ്റോക്ക്: ഇംഗ്ലണ്ടിലെ ബേസിംഗ്സ്റ്റോക്ക് സെന്റ് അഗസ്റ്റിൻസ് സീറോമലബാർ നിർദിഷ്ട മിഷനിൽ എല്ലാ വർഷവും നടത്തിവരുന്ന മർത്ത് മറിയത്തിന്റെയും ഈശോയുടെ ശിഷ്യനും മാർത്തോമ്മാ നസ്രാണികളുടെ വിശ്വാസതാതനുമായ മാർ തോമാശ്ലീഹായുടെയും നിർദിഷ്ട ഇടവകയുടെ മധ്യസ്ഥനുമായ വിശുദ്ധ അഗസ്തീനോസിന്റെയും മർത്ത് അൽഫോൻസാമ്മയുടെയും സംയുക്ത തിരുനാൾ ശനിയാഴ്ച ആഘോഷിക്കുന്നു.
തിരുനാൾ ദിവസം ഉച്ചകഴിഞ്ഞ് 2.30ന് കൊടിയേറ്റുന്നതോടുകൂടി തിരുനാൾക്കർമങ്ങൾക്ക് തുടക്കം കുറിക്കും. തുടർന്ന് രൂപം ആശിർവദിക്കൽ, വാഹന വെഞ്ചരിപ്പ് എന്നിവക്കുശേഷം മൂന്നിന് റവ. ഫാ. ജയിൻ പുളിക്കൽ സിഎസ്ടിയുടെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ തിരുനാൾ കുർബാന ആരംഭിക്കും.
റവ.ഫാ. എബിൻ കൊച്ചുപുരക്കൽ എംഎസ്ടി സഹകാർമികനായി തിരുവചന സന്ദേശം നൽകും. പരിശുദ്ധ കുർബാനയ്ക്കുശേഷം നേർച്ച വെഞ്ചരിപ്പും നടത്തും. തിരുനാളിനോട് അനുബന്ധിച്ചുള്ള ഉണ്ണിയപ്പം നേർച്ച ഇവിടുത്തെ പ്രത്യേകതയാണ്.
തുടർന്ന് നടക്കുന്ന ലദീഞ്ഞിന് ശേഷം തിരുനാൾ കൊടികളും സംവഹിച്ച് വാദ്യമേളങ്ങളുടെയും വർണ്ണ മുത്തുക്കുടകളുടെയും അകമ്പടിയോടെ വിശുദ്ധരുടെ തിരുസ്വരൂപങ്ങളും വഹിച്ചുകൊണ്ട് വിശ്വാസികൾ അണിചേരുന്ന ഭക്തിസാന്ദ്രമായ തിരുനാൾ പ്രദക്ഷിണം ബേസിംഗ്സ്റ്റോക്ക് സീറോമലബാർ സമൂഹത്തിന്റെ വിശ്വാസ പ്രഘോഷണത്തിന്റെ പ്രതിഫലനമായി മാറും.
പ്രദക്ഷിണം തിരികെ ദൈവാലയത്തിൽ പ്രവേശിച്ചതിനുശേഷം സമാപന ആശീർവാദം നൽകും. നിർദിഷ്ട മിഷൻ ഡയറക്ടർ റവ. ഡോ. ബിനോയ് കുര്യൻ കൊടിയിറക്കുന്നതോടുകൂടി തിരുക്കർമങ്ങൾ അവസാനിക്കും.
തിരുനാൾ കർമങ്ങളിൽ പങ്കെടുക്കുവാൻ എത്തുന്നവർക്ക് സ്നേഹവിരുന്നും ക്രമീകരിച്ചിട്ടുണ്ട്. തിരുനാൾ ആഘോഷങ്ങളുടെ ഭാഗമായി കണ്ണിനും കാതിനും ആസ്വാദകരമായ വർണവിസ്മയങ്ങൾ തീർക്കുന്ന കരിമരുന്ന് കലാപ്രകടനങ്ങളും ഉണ്ടായിരിക്കും.
കൂടാതെ പ്രശസ്ത മാന്ത്രികനും ബലൂൺ ആർട്ടിസ്റ്റുമായ മിസ്റ്റർ ട്വിസ്റ്റർ നേതൃത്വം നൽകുന്ന ബലൂൺ ട്വിസ്റ്റിംഗ് പ്രോഗ്രാമും കുട്ടികൾക്കും മുതിർന്നവർക്കും വിനോദം പകരുന്നതിനുവേണ്ടി നടത്തുന്നതുമാണ്.
തിരുനാൾ ആഘോഷങ്ങളുടെ വിജയത്തിനായി മെൻസ് ഫോറംവുമൻസ് ഫോറം കമ്മിറ്റി അംഗങ്ങൾ, സൺഡേ സ്കൂൾ അധ്യാപകർ, കുടുംബകൂട്ടായ്മ ഭാരവാഹികൾ, പ്രതിനിധിയോഗാംഗങ്ങൾ എന്നിവരെ ഉൾപ്പെടുത്തിയുള്ള വിവിധ കമ്മിറ്റികളുടെ തീഷ്ണതയാർന്ന പ്രവർത്തനങ്ങളും നടന്നുവരുന്നു. തിരുനാൾ ദിവസം നേർച്ച കാഴ്ചകൾ സമർപ്പിക്കുന്നതിനും അടിമ വയ്ക്കുന്നതിനും അവസരവും ഉണ്ടായിരിക്കുന്നതാണ്.
പരിശുദ്ധ അമ്മയുടെയും വിശുദ്ധരായ തോമാശ്ലീഹായുടെയും അഗസ്തീനോസിന്റെയും അൽഫോൻസാമ്മയുടെയും മധ്യസ്ഥം തേടുവാനും ഈ പുണ്യചരിതരുടെ മഹനീയ മാതൃകയിൽ മിശിഹാനുനുഭവം സ്വന്തമാക്കുവാനും ജീവിതം രക്ഷാകരമാക്കുവാനും തിരുനാൾ ആചരണത്തിൽ പങ്കുചേർന്ന് ദൈവകൃപയിൽ പൂരിതരാകുവാൻ എല്ലാവരെയും ക്ഷണിക്കുന്നതായി നിർദിഷ്ട മിഷൻ ഡയറക്ടർ റവ. ഡോ. ബിനോയ് കുര്യൻ, കൈക്കാരൻമാരായ രാജു തോമസ് അമ്പാട്ട്, റോബിൻ ജോസഫ് മുണ്ടുചിറ എന്നിവർ അറിയിച്ചു.
തിരുനാൾ തിരുക്കർമങ്ങൾ നടക്കുന്ന ദേവാലയത്തിന്റെ വിലാസം: St. Bede’s Catholic Church, Popley Way, Basingstoke, RG24 9DX.
|
ഓൾ അയർലൻഡ് വടംവലി മത്സരം ശനിയാഴ്ച
ഡബ്ലിൻ: നീനാ ചിയേഴ്സ് സംഘടിപ്പിക്കുന്ന "നീനാ ഫെസ്റ്റ് 2025' ശനിയാഴ്ച നീന ഒളിമ്പിക്സ് അത് ലെറ്റിക് ക്ലബിൽ രാവിലെ 10ന് ആരംഭിക്കും. ഇതോട് അനുബന്ധിച്ച് ആവേശകരമായ "ഓൾ അയർലൻഡ് വടംവലി മത്സരം' നടക്കും.
മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുന്ന ടീമുകൾക്ക് യഥാക്രമം 1,111 യൂറോയും ട്രോഫിയും 777 യൂറോയും ട്രോഫിയും ലഭിക്കും. മൂന്നും നാലും സ്ഥാനങ്ങൾ കരസ്ഥമാക്കുന്ന ടീമുകൾക്ക് 555 യൂറോ, 222 യൂറോ എന്നിങ്ങനെയും അഞ്ച് മുതൽ എട്ട് വരെ സ്ഥാനങ്ങൾ നേടുന്ന ടീമുകൾക്ക് 150 യൂറോ വീതവും സമ്മാനത്തുക നൽകും.
തഗ് ഓഫ് വാർ അയർലൻഡ് ഇന്ത്യ മലയാളി സെഗ്മെന്റിന്റെ(TIIMS) നിർദേശങ്ങൾ അനുസരിച്ചായിരിക്കും മത്സരങ്ങൾ നടക്കുക. പങ്കെടുക്കുന്ന ഓരോ ടീമിനും 100 യൂറോ രജിസ്ട്രേഷൻ ഫീസ് ഉണ്ടായിരിക്കുന്നതാണ്.
അത്യന്തം വാശിയേറിയ പോരാട്ടങ്ങളിൽ അയർലൻഡിന്റെ എല്ലാ ഭാഗത്തുനിന്നുമുള്ള മത്സരാർഥികൾ പങ്കെടുക്കും.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും: ഷിന്റോ ജോസ് 0892281338, രാജേഷ് എബ്രഹാം 0877636467, ശ്രീനിവാസ് 0871470590.
|
അഹമ്മദാബാദ് വിമാനാപകടം: ദുഃഖം പ്രകടിപ്പിച്ച് മാർപാപ്പ
വത്തിക്കാൻ സിറ്റി: അഹമ്മദാബാദ് വിമാനദുരന്തത്തിൽ ലെയോ പതിനാലാമൻ മാർപാപ്പ അനുശോചിച്ചു. ദുരന്തത്തിൽ താൻ അതീവ ദുഃഖിതനാണെന്നും മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനമറിയിക്കുന്നതിനൊപ്പം പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കുന്നതിനായി പ്രാർഥിക്കുന്നുവെന്നും മാർപാപ്പയുടെ സന്ദേശത്തിൽ പറയുന്നു.
|
അഹമ്മദാബാദ് വിമാനാപകടം: ബ്രിട്ടീഷ് പ്രധാനമന്ത്രി അനുശോചിച്ചു
ലണ്ടൻ: അഹമ്മദാബാദ് വിമാനദുരന്തത്തിൽ കടുത്ത ദുഃഖം പ്രകടിപ്പിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി കീയർ സ്റ്റാർമർ. ലണ്ടനിലേക്കു പുറപ്പെട്ട വിമാനത്തിൽ 53 ബ്രിട്ടീഷുകാരുണ്ടായിരുന്നു. സംഭവം ഹൃദയഭേദകമാണ്. വിവരങ്ങൾ അപ്പപ്പോൾ തന്നെ ലഭിക്കുന്നുണ്ടെന്ന് സ്റ്റാർമർ അറിയിച്ചു.
വസ്തുതാവിവരങ്ങൾ ലഭിക്കാനും സഹായം ലഭ്യമാക്കാനും ഇന്ത്യയിലെ പ്രാദേശിക അധികൃതരുമായി ബ്രിട്ടീഷ് സർക്കാർ ബന്ധപ്പെടുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി ഡേവിഡ് ലാമി അറിയിച്ചു.
ദുരന്തത്തിൽ അനുശോചനം അറിയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺസുലേറ്റ് സേവനങ്ങൾക്കായി 020 7008 5000 എന്ന നന്പരിൽ ബന്ധപ്പെടുക.
|
വടക്കൻ അയർലൻഡിൽ കുടിയേറ്റവിരുദ്ധ കലാപം
ലണ്ടൻ: ബ്രിട്ടന്റെ ഭാഗമായ നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ കുടിയേറ്റവിരുദ്ധ കലാപം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡനത്തിനിരയായ കേസില്‍ 14 വയസു പ്രായമുള്ള രണ്ട് ആണ്‍കുട്ടികള്‍ അറസ്റ്റിലായതിനു പിന്നാലെ തിങ്കളാഴ്ചയാണ് കലാപം ആരംഭിച്ചത്.
പ്രതികള്‍ റുമേനിയന്‍ വംശജരാണെന്നു സൂചനയുണ്ട്. കേസിനാസ്പദമായ സംഭവം നടന്ന ആന്‍ട്രിം കൗണ്ടിയിലെ ബാലിമെനയിലാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. തിങ്കളാഴ്ച ഇരയുടെ കുടുംബത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രദേശവാസികള്‍ നടത്തിയ റാലി അക്രമപരന്പരയുടെ തുടക്കമായി.
മുഖംമൂടി ധരിച്ച നൂറുകണക്കിന് അക്രമികൾ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ പോലീസിനെ ആക്രമിക്കുകയും വാഹനങ്ങൾക്കും വീടുകൾക്കും തീയിടുകയുമുണ്ടായി. ബുധനാഴ്ച രാത്രി കുടിയേറ്റക്കാരെ പാര്‍പ്പിച്ചിരുന്ന ഒരു കേന്ദ്രം അക്രമികള്‍ തീവച്ചുനശിപ്പിച്ചു. സംഘര്‍ഷങ്ങളില്‍ പോലീസുകാരടക്കം ഒട്ടേറെപ്പേര്‍ക്കു പരിക്കുണ്ട്.
|
മഴവിൽ സംഗീതത്തിന്റെ വാർഷികാഘോഷം ശനിയാഴ്ച ബോൺമൗത്തിൽ
ലണ്ടൻ: ബോൺമൗത്തിൽ മഴവിൽ സംഗീതത്തിന്റെ 12ാം വാർഷികാഘോഷം ശനിയാഴ്ച ബാറിംഗ്ടൺ തിയറ്ററിൽ നടക്കും. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 40ൽ അധികം കലാകാരന്മാർ അവതരിപ്പിക്കുന്ന എട്ട് മണിക്കൂർ നീളുന്ന കലാപരിപാടികൾ ഉണ്ടായിരിക്കും.
യുകെയിലെ പ്രശസ്ത സംഗീതജ്ഞനായ സന്തോഷ് നമ്പ്യാരുടെ നേതൃത്വത്തിലുള്ള ലൈവ് ഓർക്കസ്ട്രയുടെ അകമ്പടിയോടെ ഗായകർ ഗാനങ്ങൾ ആലപിക്കും. എൽഇഡി സ്ക്രീനിന്റെ വിസ്മയവും പരിപാടിയുടെ മുഖ്യ ആകർഷണമാണ്. അനീഷ് ജോർജും ടെസ്മോൾ ജോർജുമാണ് പരിപാടിയുടെ പിന്നണിയിൽ പ്രവർത്തിക്കുന്നത്.
ഇന്ത്യൻ സിനിമയിലെ സംഗീത ഇതിഹാസങ്ങൾക്ക് ആദരവ് അർപ്പിക്കുന്ന ഗാനങ്ങൾ, നൃത്ത പ്രകടനങ്ങൾ, ഹാസ്യ രംഗങ്ങൾ എന്നിവ ഉൾപ്പെടുന്ന ഈ സംഗീത സായാഹ്നത്തിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നുവെന്ന് സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: അനീഷ് ജോർജ്: 07915 061105, ഷിനു സിറിയക്: 07888659644.
|
വേക്ഫീൽഡിൽ റീജിയണിന്റെ നഴ്സസ് ദിനാഘോഷം വർണാഭമായി
വേക്ഫീൽഡ്: വേക്ഫീൽഡിലെ ഹോർബറി വർക്കിംഗ് മെംബേർസ് ക്ലബിൽ നടത്തപ്പെട്ട റീജിയണിന്റെ ആദ്യത്തെ നഴ്സസ് ദിനാഘോഷങ്ങൾ വർണാഭമായി. യുക്മ യോർക്ഷയർ ആൻഡ് ഹംബർ റീജണൽ കമ്മിറ്റിയുടെ നേതൃത്വത്തിലും വെസ്റ്റ് യോർക്ഷയർ മലയാളി അസോസിയേഷന്റെ ആതിഥേയത്വത്തിലും നടത്തപ്പെട്ട പരിപാടിയിൽ റീജിയണിലെ വിവിധ അസോസിയേഷനുകളിൽ നിന്നും നിരവധിയാളുകൾ പങ്കെടുത്തു.
റീജിയണൽ പ്രഡിഡന്റ് അമ്പിളി എസ് മാത്യുസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ യുക്മ നാഷണൽ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ നഴ്സസ് ദിനാഘോഷം ഉദ്ഘാടനം ചെയ്തു. യുകെയുടെ എല്ലാ ഭാഗങ്ങളിലുള്ള നഴ്സുമാർക്ക് തൊഴിൽ മേഖലയിലെ വിവിധങ്ങളായ സഹായങ്ങൾ നൽകാൻ യുഎൻഎഫ് സംഘടനയ്ക്ക് മാത്രമേ കഴിയൂവെന്ന് എബി സെബാസ്റ്റ്യൻ ഉദ്ഘാടനപ്രഭാഷണത്തിൽ പറഞ്ഞു.
ആധുനിക വൈദ്യ ശാസ്ത്രം ഒട്ടേറെ മുന്നേറുന്ന ഈ കാലഘട്ടത്തിൽ വ്യക്തികളെ മാത്രമല്ല സമൂഹത്തെയും ശാക്തീകരിക്കുവാൻ ആതുര സേവന രംഗത്തെ നമ്മുടെ സഹോദരങ്ങൾക്ക് തങ്ങളുടെ സേവനം കൊണ്ട് സാധിക്കുമെന്ന് റീജിയണൽ പ്രസിഡന്റ് അമ്പിളി എസ്. മാത്യൂസ് അധ്യക്ഷത പ്രസംഗത്തിൽ ഉദ്ബോധിപ്പിച്ചു.
നാഷണൽ വൈസ് പ്രസിഡന്റ് വർഗീസ് ഡാനിയേൽ, നാഷണൽ നഴ്സസ് ഫോറം കോഓർഡിനേറ്റർ സോണിയ ലുബി, ഈസ്റ്റ് ആംഗ്ലിയ റീജിയണൽ പ്രസിഡന്റ് ജോബിൻ ജോർജ്, റീജിയണൽ ട്രഷറർ ഡോ. ശീതൾ മാർക്ക് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
യോർക്ഷയർ & ഹംബർ റീജണൽ സെക്രട്ടറി അജു തോമസ് സ്വാഗതം ആശംസിച്ചു. നഴ്സുമാർക്കായി ബിജി മോൾ രാജു ഫ്ലോറൻസ് നൈറ്റിംഗേൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വൈസ് പ്രസിഡന്റ് ജിജോ ചുമ്മാർ നന്ദി പ്രകാശിപ്പിച്ചു.
പരിചയസമ്പന്നരായ വിദഗ്ദർ നയിച്ച വിജ്ഞാനപ്രദമായ സെഷനുകളുടെ ഒരു പരമ്പരതന്നെ പരിപാടിയിൽ ഉൾപ്പെടുത്തിയിരുന്നു. നഴ്സസ് കോഓർഡിനേറ്റർമാരായ ഹരി കൃഷ്ണൻ, അലീന എം. അലക്സ് എന്നിവർ ക്ലാസുകൾ കോഓർഡിനേറ്റ് ചെയ്തു.
വിനീത എബി (അഡ്വാൻസ്ഡ് ക്ലിനിക്കൽ പ്രക്റ്റിഷനർ) എംപവറിംഗ് ദി ഫ്യൂച്ചർ ഓഫ് നഴ്സിംഗ്, അഷിത സേവ്യർ (ലീഡ് പ്രൊഫഷണൽ ഫോർ പോസ്റ്റ് രെജിസ്ട്രേഷൻ എഡ്യൂക്കേഷൻ & ഡെവലപ്മന്റ്) ഇന്റർവ്യൂ & ക്യാരീർ പത്വയ്സ്, പാൻസി ജോസ് (ക്ലിനിക്കൽ ഓപ്പറേഷൻ സൈറ്റ് മാനേജർ) ത്രിവിംഗ് ഇൻ നഴ്സിംഗ്, അജി ഭായ് (ബിഎംഇ ചാമ്പ്യൻ ലീഡ്) ഗ്ലോബൽ ഹെൽത്ത് ചലഞ്ചേസ്, ഡോ. ദീപ ജേക്കബ് സെല്‍ഫ് കെയർ & റേസിലിൻസ് എന്നിവർ ക്ലാസുകൾ നടത്തി .
ആഘോഷത്തെ ആകർഷകമാക്കുവാൻ കലാപരിപാടികളും ഉൾപ്പെടുത്തിയിരുന്നു. യോർക്ഷയർ ആൻഡ് ഹംബർ റീജിയണൽ കമ്മിറ്റി അംഗങ്ങളായ വിമൽ ജോയ്, ആതിര മജനു, സുജേഷ് പിള്ള, എൽദോ എബ്രഹാം, എന്നിവർ നേതൃത്വം വഹിച്ചു.
ബ്രാഡ്ഫോർഡ് മലയാളി അസോസിയേഷൻ പ്രസിഡന്റ് ടോം സെബാസ്റ്റ്യൻ, വേക്ഫീൽഡ് മലയാളി അസോസിയേഷൻ സെക്രട്ടറി സജീഷ്, ബാൻസലി മലയാളി അസോസിയേഷൻ സെക്രട്ടറി രഘു റാം എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
|
യുക്മ വെയിൽസ് റീജണൽ കായികമേള ഞായറാഴ്ച കാർഡിഫിൽ
കാർഡിഫ്: യുക്മ ദേശീയ കായികമേളയുടെ മുന്നോടിയായി വിവിധ റീജിയണുകളിൽ കായികമേള നടക്കുന്ന വേളയിൽ വെയിൽസ് റീജിയണിലെ കായികമേള ഞായറാഴ്ച കാർഡിഫിലെ സെന്റ് ഫിലിപ്പ് ഇവാൻസ് സ്കൂൾ ഗ്രൗണ്ട്സിൽ വച്ച് നടക്കും.
വെയിൽസ് റീജിയണിലെ പ്രമുഖ അസോസിയേഷനുകളിൽ ഒന്നായ കാർഡിഫ് മലയാളി അസോസിയേഷനാണ് കായികമേളക്ക് ആതിഥേയത്വം വഹിക്കുന്നത്.
രാവിലെ 9.30ന് ആരംഭിക്കുന്ന രജിസ്ട്രേഷന് ശേഷം മാർച്ച് പാസ്റ്റോടെയായിരിക്കും കായികമേളക്ക് തുടക്കം കുറിക്കുക. പിന്നീട് പൊതുയോഗത്തിൽ യുക്മ വെയിൽസ് റീജിയണൽ പ്രസിഡന്റ് ജോഷി തോമസ് കായികമേളക്ക് അധ്യക്ഷം വഹിക്കും.
തുടർന്ന് യുക്മ ദേശീയ കായികമേള ജനറൽ കൺവീനറും ദേശീയ ജോയിന്റ് ട്രഷററും ആയ പീറ്റർ താണോലിൽ വെയിൽസ് റീജിയണൽ കായികമേള ഉദ്ഘാടനം ചെയ്യും. യുക്മ ദേശീയ കമ്മിറ്റി അംഗം ബെന്നി അഗസ്റ്റിൻ, യുക്മ സാംസ്കാരിക വേദി ജനറൽ കൺവീനർ ബിനോ ആന്റണി എന്നിവർ പ്രത്യേക അതിഥികളായിരിക്കും.
കായികമേള സംബന്ധിച്ച വിവരങ്ങൾ അടങ്ങിയ മാനുവൽ ഇതിനകം എല്ലാ അസോസിയേഷനുകൾക്കും അയച്ചുനല്കിയിട്ടുണ്ടെന്ന് റീജിയണൽ സ്പോർട്സ് സെക്രട്ടറി സാജു സലിംകുട്ടി അറിയിച്ചു.
സെന്റ് ഫിലിപ്പ് ഇവാൻസ് സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന കായികമേളയിൽ പങ്കെടുക്കുന്ന കായികതാരങ്ങൾക്കും കാണികൾക്കുമായി ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുമെന്ന് ട്രഷറർ റ്റോമ്പിൽ കണ്ണത്ത്, വൈസ് പ്രസിഡന്റ് പോളി പുതുശേരി, ജോയിന്റ് സെക്രട്ടറി ഗീവർഗീസ് മാത്യു, ജോയിന്റ് ട്രഷറർ സുമേഷ് ആന്റണി, ആർട്സ് സെക്രട്ടറി ജോബി മാത്യു, പിആർഒ റിയോ ജോണി, കാർഡിഫ് മലയാളി അസോസിയേഷൻ പ്രസിഡന്റ് ബിജു പോൾ തുടങ്ങിയവർ അറിയിച്ചു.
കഴിഞ്ഞ കുറെ വർഷങ്ങൾക്ക് ശേഷം സംഘടിപ്പിക്കുന്ന വെയിൽസ് റീജിയണൽ കായികമേളയ്ക്ക് റീജിയണിലെ മുഴുവൻ അസോസിയേഷനുകളിൽനിന്നുള്ള കായിക താരങ്ങളെ സ്വാഗതം ചെയ്യുന്നതായി വെയിൽസ് റീജിയണൽ സെക്രട്ടറി ഷൈലി ബിജോയ് തോമസ് അറിയിച്ചു.
റീജിയണൽ കായികമേളയുടെ പ്രധാന സ്പോൺസർ കൈരളി സ്പൈസസ് & ലിറ്റിൽ കൊച്ചി ആണ്. കൂടാതെ കായികമേള സ്പോൺസർ ചെയ്തിരിക്കുന്നത് ജിയ ട്രാവെൽസ്, സൽക്കാര റസ്റ്റോറന്റ് കാർഡിഫ്, മല്ലു ഷോപ് കാർഡിഫ്, ബെല്ലവിസ്ത ഗ്രൂപ്പ് ഓഫ് നഴ്സിംഗ് ഹോംസ്, മംസ് ഡെയിലി റെസ്റ്റോറന്റ് കാർഡിഫ് എന്നിവരാണ്.
വേദിയുടെ വിലാസം: St. Philip Evan's Primary School, Llanedeyrn, Cardiff, CF23 9NX.
|
നിലമ്പൂർ തെരഞ്ഞെടുപ്പ്: പ്രചാരണം കളറാക്കാൻ ഐഒസി യുകെയും
ലണ്ടൻ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന്റെ പ്രചാരണത്തിനായി ഐഒസി യുകെ കേരള ചാപ്റ്റർ നേതാക്കൾ എത്തുന്നു. ഐഒസി കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസും റോമി കുര്യാക്കോസുമാണ് നിലമ്പൂരിൽ പ്രചാരണത്തിനിറങ്ങുന്നത്.
യുഡിഎഫ് അനുകൂല പ്രവാസികളുടെ വോട്ടുകൾ ഏകോപിപ്പിക്കൽ, സോഷ്യൽ മീഡിയ പ്രചാരണം, ഗൃഹസന്ദർശനം, വാഹന പ്രചാരണം, കുടുംബ കൂട്ടായ്മകൾ, പോസ്റ്റർ പ്രചാരണം എന്നിങ്ങനെ വിപുലമായ പരിപാടികളാണ് പ്രവാസി കോൺഗ്രസ് പ്രസ്ഥാനം ആസൂത്രണം ചെയ്തിരിക്കുന്നത്.
നിലമ്പൂരിൽ പ്രവാസി കോൺഗ്രസ് പ്രവർത്തകരുടെ സംയുക്ത പ്രവർത്തനത്തിനായി തെരഞ്ഞെടുപ്പ് ഓഫീസ് തുറക്കുമെന്നും ഷൈനു അറിയിച്ചു. വെള്ളിയാഴ്ച മുതൽ ഇരുവരും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമാകും.
യുകെയിൽ നിന്നും ഇപ്പോൾ നാട്ടിലെത്തിയവരോ, പ്രചാരണത്തിന് നാട്ടിലെത്താൻ സാധിക്കുന്നവരോ അറിയിക്കണമെന്ന് ഷൈനു ക്ലെയർ മാത്യൂസും (+447872514619) റോമി കുര്യാക്കോസും (+447776646163) അറിയിച്ചു.
തൃക്കാക്കര, പുതുപ്പള്ളി, വയനാട് ഉപതെരഞ്ഞെടുപ്പുകളിൽ പ്രവാസികളുടെ ശക്തമായ സാന്നിധ്യവും കരുത്തുറ്റ തെരഞ്ഞെടുപ്പ് പ്രവർത്തനവുമായി ശ്രദ്ധേയരായ നേതാക്കളാണ് ഇരുവരും.
|
യുക്മ നോർത്ത് വെസ്റ്റ് റീജിയൺ സ്പോർട്സ് 21ന് ലിവർപൂളിൽ
ലിവർപൂൾ: യുക്മ നോർത്ത് വെസ്റ്റ് റീജിയൺ സംഘടിപ്പിക്കുന്ന കായികമേള ഈ മാസം 21ന് ലിവർപൂളിൽ നടക്കും. രജിസ്ട്രേഷൻ വെള്ളിയാഴ്ച അവസാനിക്കുമെന്ന് സംഘാടകർ അറിയിച്ചു.
ലിവർപൂൾ മലയാളി അസോസിയേഷൻ(ലിമ) ആതിഥേയത്വം വഹിക്കുന്ന കായികമേള ലിതർലാൻഡ് സ്പോർട്സ് പാർക്കിലാണ് (Litherland Sports Park, Boundary Rd, Litherland, Liverpool L21 7LA) നടക്കുന്നത്.
കായികമേളയിൽ മത്സരിക്കാൻ താത്പര്യമുള്ളവർ എത്രയും വേഗം നോർത്ത് വെസ്റ്റ് റീജിയണുകളിലുള്ള യുക്മയിൽ അംഗങ്ങളായിട്ടുള്ള അസോസിയേഷൻ ഭാരവാഹികളുമായി ബന്ധപ്പെട്ട് രജിസ്ട്രേഷൻ നടത്തണം.
യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ ജോയിന്റ് സെക്രട്ടറി സനോജ് വർഗീസ്, പ്രസിഡന്റ് ഷാജി തോമസ് വാരകുടി, സ്പോർട്സ് കോഓർഡിനേറ്റർ ബിനോയ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കായികമേളയുടെ ഒരുക്കങ്ങൾ നടക്കുന്നത്.
കുട്ടികൾ മുതൽ മുതിർന്നവർവരെ ഉള്ളവർക്ക് മത്സരിക്കുവാനുള്ള അവസരമുണ്ട്. 50, 100, 200, 400 മീറ്റർ ട്രാക്ക് മത്സരങ്ങൾ, ഷോട്ട് പുട്ട്, ലോംഗ് ജമ്പ്, സ്റ്റാന്റിംഗ് ലോംഗ് ജംബ് തുടങ്ങിയ വിവിധ ഇനങ്ങളിൽ ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും വെവ്വേറെ മത്സരങ്ങൾ നടത്തും.
കായികമേളയുടെ നിയമാവലി അംഗ അസോസിയേഷനുകളിൽനിന്നും ലഭിക്കും. യുക്മയുടെ സന്തത സഹചാരിയും മുൻ ഭാരവാഹിയുമായ ലൈജു മാനുവൽ സ്പോൺസർ ചെയ്ത എവറോളിംഗ് ട്രോഫിയാണ് വിജയിക്കുന്ന ടീമിനെ കാത്തിരിക്കുന്നത്.
കൂടാതെ വിജയികൾക്ക് സർട്ടിഫിക്കറ്റും മെഡലും ലഭിക്കും. വിജയികൾക്ക് 28ന് യുക്മ ദേശീയകായികമേളയിൽ പങ്കെടുക്കുവാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്.
കായികമേള സ്പോൺസർ ചെയ്തിരിക്കുന്ന സ്ഥാപനങ്ങൾ: ബോബ് കെയർ നേഴ്സിംഗ് ഏജൻസി, പോൾ ജോൺ & കോ സോളിസിറ്റേഴ്സ്, ലൈഫ് ലൈൻ മോർട്ടഗേജ് ആൻഡ് ഇൻഷുറൻസ് സർവീസ്, ജിയ ട്രാവൽ ആൻഡ് ഹോളിഡേസ്,
സേവ്യേഴ്സ് ചാർട്ടേഡ് സർട്ടിഫൈഡ് അക്കൗണ്ടന്റ്സ്, ഏലൂർ കൺസൾട്ടൻസി, ഡോ. സൈമൺസ് അക്കാദമി ഓഫ് സയൻസ്, എനോറ ഡിസൈനർ ബൊട്ടീക്, ജെഎംപി സോഫ്റ്റ്വെയർ, ക്ലിക്ക്2ബ്രിംഗ് ഗ്രോസറീസ്.
കൂടുതൽ വിവരങ്ങൾക്ക്: ഷാജി തോമസ് വരാക്കുടി 07727604242, സനോജ് വർഗീസ് 07411300076, ഷാരോൺ ജോസഫ് 07901603309, ബിനോയ് മാത്യു 07533094770.
വേദി: Litherland Sports Park, Boundary Rd, Litherland, Liverpool L21 7LA
|
നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റ്: വെയിൽസിൽ സ്പെഷാലിറ്റി ഡോക്ടർമാർക്ക് അവസരം
തിരുവനന്തപുരം: യുകെ വെയിൽസ് എൻഎച്ച്എസിലേക്കു വിവിധ സ്പെഷാലിറ്റികളിൽ ഡോക്ടർമാർക്ക് അവസരങ്ങളുമായി നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു.
ഇഎൻടി, പീഡിയാട്രിക്സ് വിഭാഗങ്ങളിൽ സ്പെഷാലിറ്റി ഡോക്ടർമാർക്കും ഇന്റർനാഷണൽ സീനിയർ പോർട്ട്ഫോളിയോ പാത്ത് വേ തസ്തികയിൽ ക്ലിനിക്കൽ ഹെമറ്റോളജി, സൈക്യാട്രി (ജനറൽ അഡൾട്, ഓൾഡ് ഏജ്), ഓങ്കോളജി വിഭാഗത്തിലുമാണ് ഒഴിവുകൾ.
സ്പെഷാലിറ്റി ഡോക്ടർ (£ 59,727 £ 95,400) തസ്തികയിലേക്ക് കുറഞ്ഞതു നാലു വർഷത്തെ അനുഭവപരിചയവും ബന്ധപ്പെട്ട സ്പെഷാലിറ്റിയിൽ കുറഞ്ഞതു രണ്ടു വർഷത്തെ പരിചയവും വേണം.
ഇന്റർനാഷണൽ സീനിയർ പോർട്ട്ഫോളിയോ പാത്ത് വേ ഡോക്ടർ (£ 96,990 £ 107,155) തസ്തികയിലേക്കു മെഡിക്കൽ പഠനത്തിനുശേഷം 12 വർഷത്തെ അനുഭവപരിചയവും ബന്ധപ്പെട്ട സ്പെഷാലിറ്റിയിൽ കുറഞ്ഞത് ആറു വർഷത്തെ പരിചയവും ഉളളവരാകണം.
പിഎൽഎബി ആവശ്യമില്ല. ഉദ്യോഗാർഥികൾ വിശദമായ സിവി യോഗ്യതാ സർട്ടിഫിക്കറ്റുകൾ, പാസ്പോർട്ടിന്റെ പകർപ്പ് എന്നിവ സഹിതം വെബ്സൈറ്റ് സന്ദർശിച്ച് ഈ മാസം 30 നകം അപേക്ഷ നൽകണം.
|
ഓസ്ട്രിയയിൽ സ്കൂളിലെ വെടിവയ്പ്: പ്രതിയെ ക്രൂരകൃത്യത്തിനു പ്രേരിപ്പിച്ചത് സ്കൂളിൽ നേരിട്ട പരിഹാസങ്ങൾ
വിയന്ന: ഓസ്ട്രിയയിലെ സ്കൂളിൽ 21 വയസുകാരൻ 10 പേരെ വെടിവച്ചു കൊന്നത് സ്കൂളിൽ നേരിട്ട പരിഹാസങ്ങളിൽ പ്രകോപിതനായെന്നു റിപ്പോർട്ട്. കുറ്റകൃത്യം നടത്തുന്നതിന് മുൻപ് അമ്മയോടു യുവാവ് മാപ്പ് ചോദിച്ചതായുള്ള റിപ്പോർട്ടുകളും പുറത്തുവന്നു.
സ്കൂളിൽനിന്ന് പാതിവഴിയിൽ പഠനം നിർത്തിയ പോയ ആർതർ എന്ന മുൻ വിദ്യാർഥിയാണ് സ്കൂളിലെത്തി വിദ്യാർഥികളെ കൂട്ടക്കൊല ചെയ്തത്. തുടർന്നു വെടിവച്ചു സ്വയം ജീവനൊടുക്കുകയും ചെയ്തു. ആക്രമണത്തിൽ ഗുരുതരമായ പരിക്കേറ്റ വിദ്യാർഥികൾ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്.
ഷോട്ട് ഗണും പിസ്റ്റളുമാണ് പ്രതി കൃത്യം നടത്താൻ ഉപയോഗിച്ചത്. രണ്ട് ആയുധങ്ങൾക്കും ആർതറിന് ലൈസൻസിനുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. കൃത്യം നടത്തുന്ന നിമിഷങ്ങൾക്ക് മുൻപ് ആർതർ അമ്മയ്ക്ക് അയച്ച വീഡിയോ സന്ദേശത്തിലാണ് മാപ്പപേക്ഷ നടത്തിയത്.
‘ഞാൻ ചെയ്യാൻ പോകുന്നതിന് എന്നോട് ക്ഷമിക്കൂ’ എന്നായിരുന്നു സന്ദേശം. സന്ദേശം ലഭിച്ച് 24 മിനിറ്റിനുശേഷമാണ് അമ്മ അത് കാണുന്നത്. ഉടൻ തന്നെ അമ്മ വിവരം പോലീസിനെ അറിയിച്ചെങ്കിലും ഇതിനകം ആർതർ ആക്രമണം നടത്തിക്കഴിഞ്ഞിരുന്നു.
സ്കൂളിൽ വച്ച് നേരിട്ട പരിഹാസങ്ങളാണ് ആർതറിനെ കൃത്യം നടത്താൻ പ്രേരിപ്പിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. തന്റെ പൂച്ചയെ നോക്കണമെന്നും ആർതർ എഴുതിവച്ചിരുന്നത് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
|
യുകെയിൽനിന്നു നാടുകടത്തുന്നതിനിടെ വിമാനത്താവളത്തിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച ഇന്ത്യൻ യുവാവ് പിടിയിൽ
ലണ്ടൻ: യുകെയിൽനിന്നു നാടുകടത്തുന്നതിനിടെ വിമാനത്താവളത്തിലെ റൺവേയിൽനിന്നു രക്ഷപ്പെടാൻ ശ്രമിച്ച ഇന്ത്യക്കാരനായ യുവാവ് പിടിയിൽ. ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തിലായിരുന്നു സംഭവം.
ഇന്ത്യയിലേക്ക് പുറപ്പെടേണ്ടിയിരുന്ന ഒരു വാണിജ്യ വിമാനത്തിൽ കയറുന്നതിന് മുമ്പ് യുവാവ് റൺവേയിലൂടെ ഓടിരക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നുവെന്നാണു റിപ്പോർട്ട്. സംഭവത്തിന്റെ വീഡിയോ ഇന്റർനെറ്റിൽ പ്രചരിച്ചു.
യുവാവ് ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നതും വിമാനത്താവള ജീവനക്കാർ പിന്തുടർന്നു പിടികൂടുന്നതും ദൃശ്യങ്ങളിലുണ്ട്. യുവാവിനെ പിന്നീട് വിമാനത്തിൽ തിരികെ കയറ്റി. പ്രശ്നം വേഗത്തിൽ പരിഹരിച്ചതായി വിമാനത്താവള വക്താവ് പറഞ്ഞു.
|
ബാഗ് പരിശോധനയ്ക്കിടെ വിദ്യാർഥിയുടെ കുത്തേറ്റു സ്കൂൾ അസിസ്റ്റന്റ് കൊല്ലപ്പെട്ടു
പാരീസ്: വടക്കുകിഴക്കൻ ഫ്രാൻസിലെ നോജന്റിലെ സ്കൂളിൽ 15 വയസുള്ള വിദ്യാർഥിയുടെ കുത്തേറ്റ് 31 വയസുള്ള സ്കൂൾ അസിസ്റ്റന്റ് കൊല്ലപ്പെട്ടു. വിദ്യാർഥിയുടെ ബാഗ് പരിശോധനയ്ക്കിടെയായിരുന്നു സംഭവം.
അധ്യാപക സഹായിയായ 31 വയസുകാരനെ വിദ്യാർഥി പല തവണയാണ് കുത്തിയത്. അക്രമിയെ ഉടൻ തന്നെ അധികൃതർ പിടികൂടി. പ്രതിയായ വിദ്യാർഥി നിലവിൽ പോലീസ് കസ്റ്റഡിയിലാണ്.
ഫ്രാൻസിൽ ഇത്തരത്തിലുള്ള മാരകമായ സ്കൂൾ ആക്രമണങ്ങൾ അപൂർവമാണെങ്കിലും അക്രമ സംഭവങ്ങളെക്കുറിച്ചുള്ള വർധിച്ചുവരുന്ന ആശങ്കകളെ തുടർന്ന് ഈ വർഷം ചില സ്കൂളുകളിൽ ബാഗ് പരിശോധന നടത്താൻ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചിരുന്നു.
ഈ വസന്തകാലത്ത് നടത്തിയ പരിശോധനകളിൽ നിന്ന് 186 കത്തികൾ കണ്ടെടുക്കുകയും 32 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
|
യുക്മ ഈസ്റ്റ്, വെസ്റ്റ് മിഡ്ലാൻഡ്സ് റീജിയൺ സ്പോർട്സ് ഡേ 21ന് റെഡിച്ചിൽ
റെഡിച്ച്: യുക്മ ഈസ്റ്റ് & വെസ്റ്റ് മിഡ്ലാൻഡ്സ് റീജിയൺ സംഘടിപ്പിക്കുന്ന വാർഷിക സ്പോർട്സ് ഡേ ഈ മാസം 21ന് റെഡിച്ചിലെ എബി സ്റ്റേഡിയത്തിൽ നടത്തപ്പെടും. കഴിഞ്ഞ ദിവസം കൂടിയ റീജിയൺ ഭാരവാഹികളും യോഗത്തിൽ റീജിയണൽ പ്രസിഡന്റ് ജോബി പുതുകുളങ്ങര അധ്യക്ഷനായിരുന്നു സെക്രട്ടറി ലൂയിസ് മേനാച്ചേരി, ട്രഷറർ പോൾ ജോസഫ്, സ്പോർട്സ് കോഓർഡിനേറ്റർ സജീവ് സെബാസ്റ്റ്യൻ എന്നിവർ ഒരുക്കങ്ങളെ കുറിച്ച് വിശദീകരിച്ചു.
മത്സരങ്ങൾ രാവിലെ 10നാണ് ആരംഭിക്കുക. ഇതിനായുള്ള രജിസ്ട്രേഷൻ നടപടികൾക്ക് മികച്ച തുടക്കമാണ് ലഭിച്ചിരിക്കുന്നത്. റീജണിൽ പെട്ട ഭൂരിഭാഗം അംഗ അസോസിയേഷനുകളും ഇതിനകം തന്നെ ടീമുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇനിയും രജിസ്റ്റർ ചെയ്യാൻ ബാക്കിയുള്ളവർ എത്രയും പെട്ടെന്ന് രജിസ്റ്റർ ചെയ്യണമെന്ന് താല്പര്യപ്പെടുന്നു.
സ്പോർട്സ് ദിനം വൻവിജയമാക്കുന്നതിന് വേണ്ടിയുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാകുന്നതായി ഭാരവാഹികൾ അറിയിച്ചു. മത്സരങ്ങൾ സുഗമമായി നടത്തപ്പെടുന്നതിനായി എല്ലാവരും ഹൃദയപൂർവ്വമായ സാന്നിധ്യവും സഹകരണവും നൽകണമെന്ന് കമ്മിറ്റി അഭ്യർഥിച്ചു.
യുക്മ നാഷണൽ ജനറൽ സെക്രട്ടറി ജയകുമാർ നായർ, വൈസ് പ്രസിഡന്റ് സ്മിത തോട്ടം, മിഡ്ലാൻഡ്സിൽ നിന്നുമുള്ള നാഷണൽ കമ്മിറ്റി അംഗം ജോർജ്ജ് തോമസ് എന്നിവർ സ്പോർട്സ് ഡേ വൻ വിജയം ആശംസിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: സ്പോർട്സ് കോർഡിനേറ്റർ: സജീവ് സെബാസ്റ്റ്യൻ 07886 319132, റീജിയണൽ സെക്രട്ടറി: ലൂയിസ് മേനാച്ചേരി 07533 734616.
മത്സരവേദി: Abbey Stadium, Birmingham Road, Redditch, B97 6EJ.
|
ഓസ്ട്രിയയിലെ സ്കൂളിൽ വെടിവയ്പ്; 10 മരണം
വിയന്ന: ഓസ്ട്രിയയിലെ സ്കൂളിലുണ്ടായ വെടിവയ്പ്പിൽ 10 പേർ കൊല്ലപ്പെട്ടു. ഗ്രാസിലെ സ്കൂളിലുണ്ടായ സംഭവത്തിൽ വിദ്യാർഥികളും അധ്യാപകരും ഉൾപ്പെടെ ഒട്ടേറെപ്പേർക്ക് പരിക്കേറ്റു.
ചൊവ്വാഴ്ച രാവിലെ പത്തിനാണ് വെടിവയ്പ്പുണ്ടായത്. അക്രമി സ്വയം വെടിയുതിർത്ത് ജീവനൊടുക്കിയെന്ന് അധികൃതർ പറഞ്ഞു. ഇയാള്‍ ഇതേ സ്കൂളിലെ പൂര്‍വവിദ്യാര്‍ഥിയായിരുന്നുവെന്നും വിവരങ്ങളുണ്ട്.
മരണസംഖ്യ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പ്രദേശത്ത് തെരച്ചിൽ തുടരുകയാണെന്നും ജാഗ്രതപാലിക്കണമെന്നും പോലീസ് നിർദേശം നൽകി. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് പോലീസ് അറിയിച്ചു.
|
കേരള സമാജം ഫ്രാങ്ക്ഫർട്ട് വാർഷികാഘോഷം 21ന്
ഫ്രാങ്ക്ഫര്‍ട്ട്: കേരള സമാജം ഫ്രാങ്ക്ഫർട്ടിന്റെ 55ാം വാർഷികാഘോഷം ഫ്രാങ്ക്ഫർട്ടിലെ സാൽബൗ ബോൺഹൈമിൽ ഈ മാസം 21ന് വൈകുന്നേരം 3.30ന് നടക്കും.
ലളിതമായ ചടങ്ങുകളോടെ ആരംഭിക്കുന്ന പരിപാടിയിൽ കേരള സംസ്കാരം വിളിച്ചോതുന്ന നൃത്തശിൽപവും തുടർന്ന് ശാസ്ത്രീയ നൃത്തങ്ങളും വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ റൈൻ ബാൻഡിന്റെ ലൈവ് ഗാനമേളയും ഉണ്ടായിരിക്കും.
കേരള സമാജത്തിന്റെ അംഗങ്ങളെയും പൂർവകാല പ്രവർത്തകരെയും അഭ്യുദയകാംക്ഷികളെയും സ്പോൺസർമാരെയും കുടുംബസമേതം ഈ ആഘോഷത്തിലേക്ക് സമാജം എക്സിക്യൂട്ടീവ് കമ്മിറ്റി ക്ഷണിച്ചു.
പ്രവേശനം ടിക്കറ്റ് മൂലം നിയന്ത്രിക്കും. ജൂബിലി ആഘോഷം എന്ന പ്രത്യേകത കണക്കിലെടുത്ത് വളരെ മിതമായ നിരക്കിലാണ് ടിക്കറ്റുകൾ ക്രമീകരിച്ചിരിക്കുന്നത്.
18 വയസിൽ താഴെയുള്ള കുട്ടികൾക്കും മറ്റു വിദ്യാർഥികൾക്കും പ്രവേശനം സൗജന്യമാണ്. എങ്കിലും ഓൺലൈൻ സൗജന്യ ടിക്കറ്റ് എടുക്കണം. മിതമായ നിരക്കിൽ നാടൻ ഭക്ഷണവും ക്രമീകരിച്ചിട്ടുണ്ട്.
വിലാസം: SAALBAU Bornheim, Arnsburger Str. 24, 60385 Frankfurt am Main.
വിവരങ്ങള്‍ക്ക്: സെക്രട്ടറി ഹരീഷ് പിള്ള: 017634920293, പ്രസിഡന്റ് ദിപിൻ പോൾ: 017655416756, മെയിൽ: [email protected].
|
ഇറ്റാലിയൻ പാർലമെന്റിൽ ദേശീയഗാനം ആലപിച്ച് മലയാളി വിദ്യാർഥിനി
റോം: ഇറ്റാലിയൻ പാർലമെന്റിൽ ഇറ്റാലിയൻ ദേശീയഗാനമാലപിച്ച സംഘത്തിൽ ഇരിട്ടി എടൂർ സ്വദേശിനിയായ വിദ്യാർഥിനിയും. ഇറ്റലിയിലെ താമസക്കാരനും ലോക കേരള സഭാംഗവുമായ എബിൻ ഏബ്രഹാം പാരിക്കാപള്ളി ജാൻസി ദമ്പതികളുടെ മകളായ എലന എബിൻ പാരിക്കാപ്പള്ളിയാണ് നാൽപതംഗ സംഘത്തോടൊപ്പം ദേശീയഗാനം ആലപിച്ചത്.
ഇറ്റലിയുടെ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായിയാണ് പാർലമെന്റ് മന്ദിരമായ മദാമ്മ പാലസിൽ പരിപാടി സംഘടിപ്പിച്ചത്. ദേശീയ ഗാനാലാപനത്തിന് പുറമെ എലന എബിൻ ഉൾപ്പെടുന്ന സംഘം മറ്റൊരുഗാനവും ആലപിച്ചു.
ഇറ്റലിയിലെ വിവിധ സ്കൂളുകളിലെ കൊയറുകളിൽ നിന്നാണ് 40 പേരെ ദേശീയതലത്തിലേക്ക് ഗാനാലാപനത്തിനായി തെരഞ്ഞെടുത്തത്. ഈ വർഷം റിപ്പബ്ലിക്ദിനത്തിൽ പരിപാടി അവതരിപ്പിക്കാൻ അവസരം ലഭിച്ച 40 അംഗ വിദ്യാർഥി സംഘത്തിലെ ഏക മലയാളിയാണ് എലന.
എലന റോമിലെ പ്ലിനിയോ സിനിയർ സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ്. കരോളിന, ഫാബിയോ എന്നിവരാണ് സഹോദരങ്ങളാണ്.
|
പന്തക്കുസ്താഞായറിൽ ഇവാ മരിയയ്ക്ക് ലെയോ മാർപാപ്പയുടെ അനുഗ്രഹം
വത്തിക്കാൻ സിറ്റി: പന്തക്കുസ്താ ഞായറിൽ ഇവാ മരിയയ്ക്കു മാർപാപ്പയുടെ അനുഗ്രഹം. തൃശൂർ ഒല്ലൂക്കര നന്പ്യാപറന്പിൽ അരവിന്ദ് ജയിംസിന്റെയും ഡോ. രേഷ്മയുടെയും രണ്ടുവയസുകാരി മകൾ ഇവാ മരിയയ്ക്കാണ് അപൂർവഭാഗ്യം ലഭിച്ചത്.
പെന്തക്കുസ്താഞായർ ചടങ്ങുകളുടെ ഭാഗമായി ലെയോ പതിനാലാമൻ മാർപാപ്പ വിശ്വാസികളെ ആശീർവദിച്ചുകൊണ്ട് സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ നീങ്ങുന്നതിനിടെയാണ് ഈ ഭാഗ്യം ലഭിച്ചത്. മാർപാപ്പയുടെ അംഗരക്ഷകർ ഇവാ മരിയയെ പാപ്പയുടെ അടുത്തേക്ക് എടുത്തുയർത്തി.
മാർപാപ്പ കുഞ്ഞിന്റെ തലയിൽതൊട്ട് അനുഗ്രഹിച്ചു. ഇറ്റലിയിലെ ജനോവ സർവകലാശാലയിൽ ഗവേഷകയായ ഡോ. രേഷ്മയും ഡിസൈൻ എൻജിനിയറായ അരവിന്ദും ജനോവയിലാണു താമസം.
എറണാകുളം അയിരൂർ തച്ചിൽ ബാബുവിന്റെയും ജിജിയുടെയും മകളായ രേഷ്മ വത്തിക്കാനിലെ പന്തക്കുസ്താദിന വിശുദ്ധകർമങ്ങളിൽ പങ്കെടുക്കാനാണ് മാതാപിതാക്കൾക്കും സഹോദരങ്ങളായ രോഹനും റെയ്ച്ചലിനും ഒപ്പം വത്തിക്കാനിൽ എത്തിയത്.
ഒല്ലൂക്കര നന്പ്യാപറന്പിൽ ഡോ. ഷാജി ജെയിംസിന്റെയും കാർഷിക സർവകലാശാലാ പ്രഫസർ ഡോ. മേരി റജീനയുടെയും മകനാണ് അരവിന്ദ്.
|
തെന്നല ബാലകൃഷ്ണപിള്ളയുടെ നിര്യാണത്തിൽ ഐഒസി അയർലൻഡ് അനുശോചിച്ചു
ഡബ്ലിൻ: മുതിർന്ന കോണ്‍ഗ്രസ് നേതാവും കെപിസിസി മുൻ പ്രസിഡന്റുമായ തെന്നല ബാലകൃഷ്ണപിള്ളയുടെ നിര്യാണത്തിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അയർലൻഡ് അനുശോചനം രേഖപ്പെടുത്തി.
"അടിമുടി കോൺഗ്രസ്'... തെന്നല ബാലകൃഷ്ണപിള്ളയെന്ന പേരിനോട് ചേർത്തുവയ്ക്കാൻ ഇതിൽപരമൊന്നുമില്ല. കേരള രാഷ്ട്രീയത്തിലെ മാന്യതയുടെ, ആദർശധീരതയുടെ, വിശുദ്ധിയുടെ മുഖമാണ് അദ്ദേഹം.
പൊതുപ്രവർത്തകർക്ക് എന്നും മാതൃകയാക്കാവുന്ന വ്യക്തിത്വമാണ് തെന്നല ബാലകൃഷ്ണപിള്ളയെന്നും ഐഒസി അയർലൻഡ് അനുസ്മരിച്ചു.
|
അയർലൻഡിൽ പിതൃവേദി ഫുട്ബോൾ ടൂർണമെന്റ്: ബ്രേ ടീം ജേതാക്കൾ
ഡബ്ലിൻ: അയർലൻഡ് സീറോമലബാർ സഭയുടെ ഡബ്ലിൻ റീജിണൽ പിതൃവേദിയുടെ നേതൃത്വത്തിൽ നടന്ന അഞ്ചാമത് ഫുട്ബോൾ ടൂർണമെന്റിൽ ബ്രേ ടീം ജേതാക്കളായി. താല, നാവൻ ടീമുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
മികച്ച സ്ട്രൈക്കറായി താല ടീമിലെ നിബിൻ ആന്റണിയെയും ഗോൾ കീപ്പറായി ബ്രേ ടീമിലെ ഉല്ലാസ് തോമസിനെയും തെരഞ്ഞെടുത്തു. "ഡാഡ്സ് ഗോൾ 25' എന്ന പേരിൽ ഡബ്ലിൻ ഫിനിക്സ് പാർക്ക് ഫുട്ബോൾ പിച്ചിലായിരുന്നു മത്സരം.
ഈ വർഷം മുതൽ ആദ്യമായി യുവാക്കൾക്കായി ജൂണിയർ ഫുട്ബോൾ ടൂർണമെന്റും നടത്തി. യൂത്ത് ഫുട്ബോൾ വിഭാഗത്തിൽ ബ്രാഞ്ചാട്സ് ടൗൺ ടീം ജേതാക്കളായി. ഫിസ്ബറോ ടീം രണ്ടാം സ്ഥാനവും ഇഞ്ചിക്കോർ ടീം മൂന്നാം സ്ഥാനവും നേടി.
യൂത്ത് വിഭാഗത്തിൽ മികച്ച സ്ട്രൈക്കറായി ഹിസ്ബറോ ടീമിലെ കിരൺ ജോസിനെയും ഗോൾ കീപ്പറായി ബ്രാഞ്ചാട്സ്ടൌൺ ടീമിലെ ഗാവിൻ സീസറിനെയും തെരഞ്ഞെടുത്തു.
ഫാ ബൈജു ഡേവിസ് കണ്ണമ്പിള്ളി സമ്മാനവിതരണം നടത്തി. ഡബ്ലിനിലെ സീറോമലബാർ കുർബാന സെന്ററുകളിൽനിന്നള്ള ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്.
ഒന്നാം സ്ഥാനം നേടുന്ന ടീമിന് 501 യൂറോയും ട്രോഫിയും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 301 യൂറോ, 201 യൂറോ വീതവും ട്രോഫിയും സമ്മാനമായി നൽകി. മികച്ച ഗോൾകീപ്പർക്കും സ്ട്രൈക്കർക്കും പ്രത്യേകം അവാർഡ് നൽകി.
യൂത്ത് ഫുട്ബോൾ മത്സരവിജയികൾക്ക് യഥാക്രമം 301, 201, 101 യൂറോയും ട്രോഫിയും വിതരണം ചെയ്തു.
പിതൃവേദി റീജിയണൽ ഡയറക്ടർ ഫാ. സിജോ വെട്ടിക്കൽ, റീജിയണൽ പ്രസിഡന്റ് സിബി സെബാസ്റ്റ്യൻ, സെക്രട്ടറി ജിതു മാത്യു തുടങ്ങിയവർ നേതൃത്വം നൽകി.
|
ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തി ഫ്രീഡ്റിഷ് മേർട്സ്
വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തി ജർമൻ ചാൻസലർ ഫ്രീഡ്റിഷ് മേർട്സ്. ട്രംപിന്റെ ഓവല്‍ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. 45 മിനിറ്റ് നീണ്ട കൂടിക്കാഴ്ചയിൽ ഇരുവരും നിരവധി വിഷയങ്ങൾ സംസാരിച്ചു.
മേർട്സ് നല്ല മനുഷ്യനാണെന്നും ജര്‍മനിക്ക് ലഭിച്ച വളരെ നല്ല ഒരു പ്രതിനിധിയാണെന്നും ട്രംപ് പറഞ്ഞു. മേർട്സിന്റെ ഇംഗ്ലീഷ് പരിജ്ഞാനത്തെയും ട്രംപ് പ്രശംസിച്ചു.
അതേസമയം, ട്രംപിന്റെ മുത്തച്ഛന്റെ ജനന സര്‍ട്ടിഫിക്കറ്റ് സമാനമായി നല്കി മേര്സ് ട്രംപിനെ ഞെട്ടിച്ചു. 1860കളിൽ ജർമനിയിലെ ബ്രാന്‍ഡന്‍ബര്‍ഗിലാണ് ട്രംപിന്റെ മുത്തച്ഛൻ ജനിച്ചത്.
|
നോക്ക് തീർഥാടന കേന്ദ്രത്തിൽ ശനിയാഴ്ച വിശുദ്ധ കുർബാന
ഡബ്ലിൻ: സീറോമലബാർ കാത്തലിക് ചർച്ചിന്റെ ആഭിമുഖ്യത്തിൽ നോക്ക് അന്താരാഷ്ട്ര തീർഥാടന കേന്ദ്രത്തിൽ ശനിയാഴ്ച വിശുദ്ധ കുർബാന നടക്കും.
ശനിയാഴ്ച(ജൂൺ 14) ഉച്ചയ്ക്ക് ഒന്നിനാണ് വിശുദ്ധ കുർബാന. രാവിലെ 10.30ന് കുമ്പസാരം, 12ന് ആരാധന, ജപമാല തുടങ്ങിയവ നടക്കും. കോർക്ക് റീജിയന്റെ ആഭിമുഖ്യത്തിലാണ് പരിപാടി.
|
യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പലിശനിരക്ക് കുറച്ചു
ഫ്രാങ്ക്ഫര്‍ട്ട്: യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് കഴിഞ്ഞ വര്‍ഷത്തിനിടെ എട്ടാം തവണയും വായ്പയെടുക്കുന്നതിനുള്ള ചെലവ് കുറച്ചു. പ്രധാന പലിശ നിരക്ക് രണ്ടുശതമാനമായിട്ടാണ് കുറച്ചത്. ഇസിബിയുടെ പ്രധാന നിക്ഷേപ നിരക്ക് കാല് പോയിന്റ് കുറച്ചാണ് രണ്ട് ശതമാനമാക്കിയത്.
വളര്‍ച്ച മന്ദഗതിയിലായതും യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള ഉത്പന്നങ്ങളുടെ തീരുവ 50 ശതമാനമായി ഉയര്‍ത്തുമെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഏറ്റവും പുതിയ ഭീഷണിയെത്തുടര്‍ന്ന് കൂടുതല്‍ ആശങ്കാകുലമായതുമാണ് ഈ കുറവ്.
വ്യാപാര നയങ്ങളെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വം ബിസിനസ് നിക്ഷേപത്തെയും കയറ്റുമതിയെയും ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഇസിബി പറഞ്ഞു. അതേസമയം, പ്രതിരോധത്തിലും അടിസ്ഥാന സൗകര്യങ്ങളിലുമുള്ള സര്‍ക്കാര്‍ നിക്ഷേപം വര്‍ധിക്കുന്നത് ഇടത്തരം വളര്‍ച്ചയെ കൂടുതല്‍ പിന്തുണയ്ക്കുമെന്നും കൂട്ടിച്ചേര്‍ത്തു.
|
ടി.സി. ജേക്കബ് ജര്‍മനിയില്‍ അന്തരിച്ചു
കോട്ടയം: മണര്‍കാട് തെങ്ങുംതുരുത്തേല്‍ ടി.സി. ജേക്കബ് (മോന് 82) ജര്‍മനിയില്‍ അന്തരിച്ചു. മൂവാറ്റുപുഴ മുന്‍ രൂപതാധ്യക്ഷന്‍ ഏബ്രഹാം മാര്‍ യൂലിയോസ് മെത്രാപ്പോലിത്തായുടെ സഹോദരി ഭര്‍ത്താവാണ്.
സംസ്കാരം പിന്നീട് ജര്‍മനിയില്‍. ഭാര്യ: വത്സമ്മ, മക്കള്‍: ജെസി, ജെയ്സി. മരുമക്കള്‍: സാറ, സെബാസ്റ്റ്യന്‍.
|
ടീം ബെല്‍ഫാസ്റ്റ് അച്ചായന്‍സ് ഒരുക്കുന്ന ഗാനമേള വെള്ളിയാഴ്ച
ബെല്‍ഫാസ്റ്റ്: ടീം ബെല്‍ഫാസ്റ്റ് അച്ചായന്‍സ് ഒരുക്കുന്ന "ഗന്ധര്‍വ്വ സന്ധ്യ' പഴമയിലെ പുതുമ തേടുന്ന മലയാളി സാംസ്കാരിക പരിപാടി വെള്ളിയാഴ്ച വൈകുന്നേരം ആറിന് ബെല്‍ഫാസ്റ്റില്‍ അരങ്ങേറും.
ഹൃദയത്തിന്റെ ചെപ്പുകളില്‍ ഒളിമങ്ങാതെ സൂക്ഷിക്കുന്ന പാട്ടുകള്‍ കോര്‍ത്തിണക്കി ആസ്വാദകരുടെ മനസില്‍ സന്തോഷത്തിന്റെ മയൂര നര്‍ത്തനം ഉറപ്പിക്കുന്ന ഗാനമേളയവും പരിപാടിയുടെ ഹൈലൈറ്റ്.
നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ മികച്ച ഗായകരെ കണ്ടെത്തി പരിശീലനം നല്കി വേദിയില്‍ എത്തിക്കുന്നത് ബെല്‍ഫാസ്റ്റ് ബ്ളൂ ഡയമണ്ട് മ്യൂസിക് ഗ്രൂപ്പാണ്. ആസ്വാദകര്ക്കൊരുക്കുന്ന ഭക്ഷണത്തിലും പുതുമകള്‍ സമ്മാനിക്കുന്ന ബെല്‍ഫാസ്റ്റ് അച്ചായന്‍സ് ആണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
യുകെയിലെ കുടിയേറ്റ മലയാളികള്‍ എന്നും നാടിന്റെ സംസ്കാരം നിലനിര്‍ത്തുന്നതിന്റെ തെളിവാണ് സഹൃദയരായ ഒരുപറ്റം ആളുകളുടെ കൂട്ടായ്മയാണ് ടീം ബെല്‍ഫാസ്റ്റ് അച്ചായന്‍സ് എന്ന സംഘടന.
കൂടാതെ നര്‍മം വിളമ്പി സണ്ണി കട്ടപ്പന അവതരിപ്പിക്കുന്ന കോമഡി ടോക്ക് ഷോയും പരിപാടിയുടെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിലവിലെ സാഹചര്യം പരിഗണിച്ച് ഭാരതത്തിന് പിന്തുണ അര്‍പ്പിച്ച് ദേശഭക്തി ഗാനത്തോടെ പരിപാടികള്‍ അവസാനിക്കും.
ഗന്ധര്‍വ്വ സന്ധ്യയുടെ ടിക്കറ്റ് വില്‍പ്പനയുടെ ഉല്‍ഘാടനം മോന്‍സ് മാത്യുവില്‍ നിന്നും ആന്റോ ജേക്കബ് ഏറ്റുവാങ്ങി നിര്‍വഹിച്ചു. ചടങ്ങില്‍ ഷാജി വര്‍ഗീസ്, ആനന്ദ് ജോസഫ്, ബിജു, ബിനു കിലുക്കന്‍, പോള്‍ ചിറപ്പറമ്പില്‍ എന്നിവര്‍ പങ്കെടുത്തു.
വെള്ളിയാഴ്ച വൈകുന്നേരം ആറിന് ഫിനാഗി സെന്റ് ആൻസ് ഹാൾ ബെൽഫാസ്റ്റില്‍ നടത്തുന്ന പരിപാടിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
|
യുക്മ നോർത്ത് വെസ്റ്റ് റീജിയൺ കായികമേള ജൂൺ 21ന്
ലിവർപൂൾ: ജൂൺ21ന് നടക്കുന്ന യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കായികമേളയുടെ രജിസ്ട്രേഷൻ ആരംഭിച്ചതായി ഭാരവാഹികൾ അറിയിച്ചു. നോർത്ത് വെസ്റ്റ് റീജിയണിലെ പ്രമുഖ മലയാളി അസോസിയേഷനായ ലിവർപൂൾ മലയാളി അസോസിയേഷനാണ്(ലിമ) കായികമേളയ്ക്ക് ആതിഥേയത്വതം വഹിക്കുന്നത്.
ജൂൺ 21ന് ലിവർപൂളിലെ ലിതർലാൻഡ് സ്പോർട്സ് പാർക്കിൽ രാവിലെ ഒന്‍പത് മുതൽ വൈകുന്നേരം അഞ്ച് വരെ വ്യത്യസ്ത പ്രായപരിധികളിലായി വിവിധ ഇനങ്ങളിൽ കായികമേള നടക്കും.
അതിവിശാലമായ സ്റ്റേഡിയത്തിൽ ഒരേസമയം വിവിധ വിഭാഗങ്ങളിലായി മത്സരങ്ങൾ നടക്കുന്ന രീതിയിൽ ആണ് ക്രമീകരണങ്ങൾ നടക്കുന്നത്. രാവിലെ 8.30ന് രജിസ്ട്രേഷൻ, ചെസ്റ്റ് നമ്പർ വിതരണം ആരംഭിക്കും.
യുക്മ നോർത്ത് വെസ്റ്റ് റീജിയൺ ദേശീയ സമിതിയംഗം ബിജു പീറ്റർ, പ്രസിഡന്റ് ഷാജി തോമസ് വരാകുടി, ജനറൽ സെക്രട്ടറി സനോജ് വർഗീസ്, ട്രഷറർ ഷാരോൺ ജോസഫ്, സ്പോർട്സ് കോഓർഡിനേറ്റർ ബിനോയ് മാത്യു തുടങ്ങിയവരുടെ നേതൃത്വത്തിൽ ആണ് കായികമേളയുടെ ഒരുക്കങ്ങൾ നടക്കുന്നത്.
യുക്മ നാഷണൽ വൈസ് പ്രസിഡന്റ് ഷീജോ വർഗീസ്, നാഷണൽ പിആർഒ കുര്യൻ ജോർജ്, യുക്മ ചാരിറ്റി ഫൗണ്ടേഷൻ വൈസ് ചെയർമാൻ അലക്സ് വർഗീസ് തുടങ്ങിയവർ റീജിയൺ കമ്മിറ്റിക്ക് കായിക മേളയുടെ വിജയത്തിനായി എല്ലാവിധ പിന്തുണയുമായി രംഗത്തുണ്ട്.
റീജിയണൽ കായികമേളയുടെ നിയമാവലി അംഗ അസോസിയേഷനുകളിൽനിന്നും ലഭിക്കുന്നതാണ്. യുക്മയിൽ അംഗങ്ങളായിട്ടുള്ള അസോസിയേഷനുകളിൽ മെമ്പർഷിപ്പ് ഉള്ളവർക്കാണ് മത്സരങ്ങളിൽ പങ്കെടുക്കാവാൻ അവസരം ഉള്ളത്.
മത്സരിക്കാൻ താത്പര്യമുള്ളവർ എത്രയും പെട്ടന്ന് നിങ്ങളുടെ അസോസിയേഷൻ ഭാരവാഹികളുമായി ബന്ധപ്പെട്ടു രജിസ്ട്രേഷൻ നടത്തേണ്ടതാണ്.
നോർത്ത് വെസ്റ്റ് റീജിയണൽ മത്സരങ്ങളിലെ വിജയികൾക്ക് ജൂൺ 28ന് ബർമിംഗ്ഹാമിൽ നടക്കുന്ന യുക്മ ദേശീയകായികമേളയിൽ പങ്കെടുക്കുവാനുള്ള അവസരം ലഭിക്കുന്നതാണ്.
പൂർണമായും ഓൺലൈനായി നടക്കുന്ന രജിസ്ട്രേഷൻ ജൂൺ 14ന് മുൻപായി നിങ്ങളുടെ അംഗ അസോസിയേഷൻ വഴി ചെയ്യേണ്ടതാണ്. യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കായികമേളയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ സ്പോർട്സ് സ്പോൺസർ ചെയ്തിരിക്കുന്ന സ്ഥാപനങ്ങൾ: ബോബ് കെയർ നഴ്സിംഗ് ഏജൻസി, പോൾ ജോൺ & കോ സോളിസിറ്റേഴ്സ്,
ലൈഫ് ലൈൻ മോർട്ടഗേജ് ആൻഡ് ഇൻഷുറൻസ് സർവീസ്, ഗിയ ട്രാവൽ ആൻഡ് ഹോളിഡേസ്, സേവ്യേഴ്സ് ചാർട്ടേഡ് സർട്ടിഫൈഡ് അക്കൗണ്ടന്റ്സ് ഏലൂർ കൺസൾട്ടൻസി,
ഡോ. സൈമൺസ് അക്കാദമി ഓഫ് സയൻസ്, എനോറ ഡിസൈനർ ബൊട്ടീക്, ജെഎംപി സോഫ്റ്റ്വെയർ, ക്ലിക്ക് 2 ബ്രിംഗ് ഗ്രോസറീസ്, മാഞ്ചസ്റ്റർ.
കൂടുതൽ വിവരങ്ങൾക്ക്: ബിജോയ് മാത്യു 07533094770, സനോജ് വർഗീസ് 07411300076, ഷാജി വരാക്കുടി 0747727604242.
യുക്മ നോർത്ത് വെസ്റ്റ് സ്പോർട്സ് നടക്കുന്ന സ്റ്റേഡിയത്തിന്റെ വിലാസം: Litherland Sports Park, Boundary Road, Litherland, Liverpool, L21 7LA.
|
ജര്‍മനിയില്‍ ഷ്ലോസ്ഗ്രാബെന് ഫെസ്റ്റിവലില്‍ ചരിത്രം സൃഷ്ടിക്കാനൊരുങ്ങി അനന്തു മോഹന്‍
ബര്‍ലിന്‍: ജര്‍മനിയിലെ ഇന്ത്യന്‍ പ്രവാസികളുടെ ശബ്ദമായി മാറിയ ദ വോയ്സ് കിഡ്സ് 2025ലെ അനന്തു മോഹന്‍ ജര്‍മനിയിലെ ഷ്ലോസ്ഗ്രാബെന് ഫെസ്റ്റിവലില്‍ ചരിത്രം സൃഷ്ടിക്കാനൊരുങ്ങുന്നു.
ഹെസന് സംസ്ഥാനത്തിലെ ഫ്രാങ്ക്ഫര്‍ട്ടിനടുത്തുള്ള ഡാംസ്റ്റാട്ടില് വര്‍ഷം തോറും നടക്കുന്ന പ്രശസ്തമായ ഷ്ലോസ്ഗ്രാബെന് ഫെസ്റ്റിവൽ ശനി, ഞായർ ദിവസങ്ങളിലാണ് (ജൂണ്‍ ഏഴ്, എട്ട്) അരങ്ങേറുന്നത്.
1,00,000ത്തിലധികം സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന ജര്‍മനിയിലെ ഏറ്റവും വലിയ ഓപ്പണ്‍എയര്‍ സംഗീത പരിപാടികളില്‍ ഒന്നായ ഷ്ലോസ്ഗ്രാബെന് ഫെസ്റ്റിവലില്‍ പരിപാടി അവതരിപ്പിക്കാന്‍ 15 വയസുകാരനായ അനന്തുവിന് ക്ഷണം ലഭിച്ചിരിക്കുകയാണ്.
ദ വോയ്സ് കിഡ്സ് 2025ലെ തന്റെ മികച്ച പ്രകടനത്തില്‍ ഏറെ ശ്രദ്ധ നേടിയ അനന്തുവിന്റെ ഡ്രംസ് വായനയ്ക്കൊപ്പം അതിശയിപ്പിക്കുന്ന ഗാനാലാപനവും ഏവരേയും സംഗീതത്തിന്റെ താളലയങ്ങളില്‍ അലിയിക്കും.
മെനെസ്കിന്റെ "ബെഗിന്' എന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ രണ്ട് ദശലക്ഷത്തിലധികം കാഴ്ചക്കാര്‍ ആസ്വദിക്കുകയും യുവകലാകാരന്റെ കഴിവിന് അംഗീകാരവും പ്രശംസയും ലഭിച്ചത് അപൂര്‍വ ഭാഗ്യമായി.
ഷ്ലോസ്ഗ്രാബെന് വേദിയില്‍ ശനിയാഴ്ച ബെഗിന്റെ കവര്‍ പതിപ്പും അനന്തു സ്വയം രചിച്ച് ഈണമിട്ട ഒറിജിനല്‍ ട്രാക്കായ ജസ്റ്റ് ഹൗ ഇറ്റ് ഈസിന്റെ പ്രീമിയര്‍ സോളോ അരങ്ങേറ്റവും ഞായറാഴ്ച അനന്തുവിന്റെ ഗ്രൂപ്പായ ദ ഗോള്‍ഡന്‍ ബീറ്റ്സിനൊപ്പം ഫുള്ബാന്ഡ് പ്രകടനവും ഉണ്ടാവും.
ജസ്റ്റ് ഹൗ ഇറ്റ് ഈസിന്റെ പ്രീമിയര്‍ ഷോ അനന്തുവിന്റെ സംഗീത യാത്രയിലെ ഒരു പുതിയ അധ്യായം എഴുതിച്ചേര്‍ക്കുമ്പോള്‍, ഒരു ഗായകന്, ഡ്രമ്മര്‍ എന്നതിലുപരി ഗാനരചയിതാവ്, സംഗീത സംവിധായകന്, ഗിറ്റാറിസ്റ്റ് എന്നീ നിലകളിലും സര്‍ഗവാസന കൂടുതല്‍ പ്രകടമാകും.
ദ വോയ്സ് കിഡ്സില്‍ നിന്ന്, പുതിയ തലങ്ങളിലേക്ക് എത്തുന്നത് പ്രശസ്തിയിലേക്കുള്ള വഴി തുറക്കപ്പെടുകയാണ്. അതുമാത്രമല്ല ഒരുകൊച്ചു സെലിബ്രിറ്റിയായി ഓട്ടോഗ്രാഫുകള്‍ നല്‍കാനും ജര്‍മനിയിലും വിദേശത്തും വളര്‍ന്നുവരുന്ന ആരാധകവൃന്ദത്തെ സൃഷ്ടിക്കാനും കഴിഞ്ഞു.
അനന്തുവിന്റെ വിജയം ജര്‍മനിയിലെ ഇന്ത്യന്‍ സമൂഹത്തിന് ഏറെ അഭിമാനിക്കാന്‍ വകയായി. ജര്‍മനിയിലെ ഡാംസ്റ്റാഡിന് സമീപം താമസിക്കുന്ന സോഫ്റ്റ്വെയര് എൻജിനിയര്‍മാരായ കാഞ്ഞിരപ്പള്ളി സ്വദേശി പ്രഭയും തിരുവനന്തപുരം സ്വദേശി ദീപയുമാണ് അനന്തുവിന്റെ മാതാപിതാക്കള്‍. ഏഴ് വയസുകാരി അമ്മു ഏക സഹോദരിയാണ്.
|
സൗജന്യ താമസസൗകര്യം വാഗ്ദാനവുമായി ഒരു ജര്‍മന്‍ ടൗണ്‍
ബെര്‍ലിന്‍: താമസക്കാരെ ആകര്‍ഷിക്കുന്നതിനായി ജര്‍മന്‍ ടൗണ്‍ സൗജന്യ താമസ സൗകര്യം വാഗ്ദാനം ചെയ്യുന്നു. പോളിഷ് അതിര്‍ത്തിയിലുള്ള ബ്രാന്ഡന്ബുര്ഗിലെ ഐസന്ഹൂറ്റന്സ്റ്റാഡിലാണ് ഈ ആകർഷണ ഓഫർ.
പട്ടണത്തിലെ ജീവിതം പരീക്ഷിക്കാന്‍ താത്പര്യമുള്ള അപേക്ഷകര്‍ക്ക് സെപ്റ്റംബറില്‍ രണ്ടാഴ്ചത്തേക്ക് സൗജന്യ ഫര്‍ണിഷ് ചെയ്ത ഫ്ലാറ്റ് ലഭിക്കും. ജനസംഖ്യ കുറയ്ക്കലിനെതിരേ പോരാടുന്നതിനായിട്ടാണ് ഐസന്ഹൂറ്റന്സ്റ്റാഡ് രണ്ടാഴ്ചത്തേക്ക് സൗജന്യ താമസ സൗകര്യം വാഗ്ദാനം ചെയ്യുന്നത്.
വിദഗ്ധ തൊഴിലാളികളെയും മുന്‍ താമസക്കാരെയും തൊഴിലാളികളെയും ആകര്‍ഷിക്കുക എന്നതാണ് ഈ പദ്ധതി ലക്ഷ്യമിടുന്നതെന്ന് ടൗണ്‍ അധികാരികള്‍ പറഞ്ഞു. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പട്ടണത്തെക്കുറിച്ച് യഥാര്‍ത്ഥമായ ഒരു രൂപം നല്‍കുന്നതിനായി നഗര ടൂറുകള്‍ ലഭിക്കും.
കൂടാതെ പ്രാദേശിക തൊഴില്‍ സാധ്യതകളെയും ഇന്റേണ്ഷിപ്പുകളെയും പരിചയപ്പെടുത്തുകയും ചെയ്യും. ഇവിടെ താമസമാക്കുന്നവര്‍ തിരികെ പോകുന്നതിനുമുമ്പ്, അവരുടെ താമസത്തെക്കുറിച്ചുള്ള അവരുടെ മതിപ്പുകള്‍ പങ്കിടുന്ന ഐസന്ഹൂറ്റന്സ്റ്റാഡിന് ഒരു പ്രണയലേഖനം എഴുതി നല്‍കുകയും വേണം.
താത്പര്യമുള്ളവര്‍ക്ക് ജൂലൈ ആദ്യം വരെ അപേക്ഷിക്കാം. 1990ല്‍ ജര്‍മന്‍ പുനരേകീകരണത്തിനുശേഷം ഐസന്ഹൂറ്റന്സ്റ്റാഡിലെ ജനസംഖ്യ പകുതിയിലധികം കുറഞ്ഞു. കിഴക്കന്‍ ജര്‍മനിയിലെ പല പ്രദേശങ്ങളെയും പോലെ തൊഴിലവസരങ്ങളുടെയും സാധ്യതകളുടെയും അഭാവം കാരണം യുവാക്കള്‍ താമസം മാറുന്നതിനാല്‍ ഇത് ജനസംഖ്യാ കുറവ് അനുഭവിച്ചു.
രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനത്തിനുശേഷം, പട്ടണത്തിലെ ഏറ്റവും വലിയ വ്യവസായമായ ഒരു വലിയ സ്റ്റീല്‍ മില്ലിനോടൊപ്പം ഒരു സോഷ്യലിസ്റ്റ് മാതൃകാ നഗരമായിട്ടാണ് കിഴക്കന്‍ ജര്‍മന്‍ അധികാരികള്‍ ആധുനിക പട്ടണം സ്ഥാപിച്ചത്. 1953നും 1961 നും ഇടയില്‍ ഇത് സ്റ്റാലിന്സ്റ്റാഡ് എന്നറിയപ്പെട്ടിരുന്നു.
ജര്‍മനിയിലെ സോഷ്യലിസ്റ്റ് വാസ്തുവിദ്യയുടെ പ്രമുഖ ഉദാഹരണങ്ങളിലൊന്നായി ഈ നഗരം കണക്കാക്കപ്പെടുന്നു. സ്റ്റാലിന് കാലഘട്ടത്തിലെ നിയോക്ലാസിക്കസവും കൂടുതല്‍ ആധുനിക പ്ളാറ്റന്ബോ ഫ്ലാറ്റ് ബ്ളോക്കുകളും ഇതിന്റെ നഗരം സംയോജിപ്പിക്കുന്നു.
പുനഃസംയോജനത്തിനുശേഷം, സ്റ്റീല്‍ മില്‍ സ്വകാര്യവത്കരിക്കപ്പെട്ടു, ഇത് ആയിരക്കണക്കിന് ജീവനക്കാര്‍ക്ക് ജോലി നഷ്ടപ്പെട്ടു. ഇന്ന്, സ്റ്റീല്‍ വര്‍ക്കുകളുടെ നവീകരണം പൂര്‍ത്തിയായി, ഏകദേശം 2,500 പേര്‍ക്ക് ജോലി നല്കുന്നു.
ഇവിടെയുള്ള ആകെ വിദേശികളുടെ എണ്ണം 1,661 ആണ്. ഇതില്‍ പുരുഷന്മാര് 844, സ്ത്രീകള്‍ 817 ആണ്. അതേസമയം രാജ്യവ്യാപകമായി, വിദേശികളുടെ അനുപാതം ഏറ്റവും കുറവ് കിഴക്കന്‍ ജര്‍മനിയിലാണ്.
ഹില്ഡ്ബുര്ഗൗസെന്, എല്ബെഎല്സ്റ്റര് ജില്ലകളിലാണ് ഇത് ഏറ്റവും കുറവ്, 1.9 ശതമാനം. പടിഞ്ഞാറന്‍ ജര്‍മനിയില്‍ വിദേശികളുടെ ഏറ്റവും ചെറിയ അനുപാതം ബെയ്റൂത്ത് ജില്ലയിലാണ്, അവിടെ ഇത് 3.2 ശതമാനമാണ്.
എന്നാല്‍ തൊഴില്‍ മേഖലയില്‍ ഹ്രസ്വകാല തൊഴില്‍ ആനുകൂല്യങ്ങള്‍ക്കായുള്ള പുതിയ അപേക്ഷകള്‍ സമര്‍പ്പിക്കുന്നത് വളരെ കുറവാണ്. ഫെഡറല്‍ എംപ്ളോയ്മെന്റ് ഏജന്‍സിയുടെ ഐസന്ഹുറ്റന്സ്റ്റാഡ് ബ്രാഞ്ചിലെ തൊഴിലില്ലായ്മ നിരക്ക് മുന്‍ മാസത്തെ അപേക്ഷിച്ച് 0.2 ശതമാനം മാത്രം ഉയര്‍ന്ന് 6.8 ശതമാനമായി.
|
മഹാത്മാ ഗാന്ധിയുടെ എണ്ണച്ചായ ചിത്രം ലേലത്തിന്
ലണ്ടൻ: ഗാന്ധിജിയുടെ അത്യപൂർവ എണ്ണച്ചായ ചിത്രം ലേലത്തിനെത്തുന്നു. ക്ലെയർ ലെയ്റ്റൺ എന്ന ബ്രിട്ടീഷ് ചിത്രകാരി വരച്ച ചിത്രമാണിത്. ബ്രിട്ടനിലെ ബോൺഹാംസ് കന്പനിയാണ് അടുത്ത മാസം ലേലത്തിനു വയ്ക്കുന്നത്.
ഗാന്ധിജിയുടെ ഏക പോർട്രെയിറ്റ് ഓയിൽ പെയിന്റിംഗാണിത്. 1931ൽ രണ്ടാം വട്ടമേശ സമ്മേളനത്തിൽ പങ്കെടുക്കാൻ ലണ്ടനിൽ എത്തിയപ്പോഴാണു ചിത്രം പൂർത്തിയാക്കിയത്.
സ്വാതന്ത്ര്യസമരത്തെ പിന്തുണച്ചിരുന്ന ബ്രിട്ടീഷ് പത്രപ്രവർത്തകൻ ഹെന്റി നോയൽ ബ്രെയ്ൽസ്ഫോർഡ് ആണ് ക്ലെയർ ലെയ്റ്റണെ ഗാന്ധിജിക്കു പരിചയപ്പെടുത്തിയത്.
അതേ വർഷംതന്നെ ലണ്ടനിലെ ആൽബനി ഗാലറിയിൽ ഈ ചിത്രം ക്ലെയർ പ്രദർശിപ്പിച്ചിരുന്നു. ഗാന്ധിജി കണാനെത്തിയില്ലെങ്കിലും സരോജിനി നായിഡു അടക്കമുള്ള സ്വാതന്ത്ര്യസമര നേതാക്കൾ വന്നിരുന്നു.
1989 ൽ മരിക്കുന്നതുവരെ ക്ലെയർ സൂക്ഷിച്ച ചിത്രം തുടർന്ന് കുടുംബത്തിനു ലഭിച്ചു. എഴുപതുകളിൽ അമേരിക്കയിൽ പ്രദർശനത്തിനു വച്ച ചിത്രം ഒരു ഹിന്ദു തീവ്രവാദി കത്തിയുപയോഗിച്ചു കുത്തിക്കീറാൻ ശ്രമിച്ചതായി റിപ്പോർട്ടുണ്ട്.
|
ലെയോ പതിനാലാമൻ മാർപാപ്പ പുടിനുമായി ഫോണിൽ സംസാരിച്ചു
വത്തിക്കാന്‍ സിറ്റി: റഷ്യ യുക്രെയ്ൻ സംഘർഷം കൂടുതൽ രൂക്ഷമായിരിക്കെ ലെയോ പതിനാലാമൻ മാർപാപ്പ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി ഫോണിൽ സംസാരിച്ചു. ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് ഫോണ്‍ സംഭാഷണം നടന്നതെന്ന് വത്തിക്കാന്‍ അറിയിച്ചു.
റഷ്യയുക്രെയ്ൻ രാജ്യങ്ങൾക്കിടയിൽ നല്ല ബന്ധങ്ങൾ സൃഷ്ടിക്കുന്നതിനും സംഘർഷത്തിന് പരിഹാരം തേടുന്നതിനും സംഭാഷണത്തിന്റെ പ്രാധാന്യം മാർപാപ്പ ഊന്നിപ്പറഞ്ഞുവെന്ന് വത്തിക്കാൻ പ്രസ് ഓഫീസ് ഡയറക്ടർ മാത്തെയോ ബ്രൂണി അറിയിച്ചു.
യുക്രെയ്നിലെ മാനുഷിക സാഹചര്യത്തെക്കുറിച്ച് മാർപാപ്പ റഷ്യൻ നേതാവിനെ അറിയിച്ചതായും ദുരിതബാധിത പ്രദേശങ്ങളിലേക്ക് സഹായം എത്തിക്കുന്നതിന് സഹായം തേടിയതായും ബ്രൂണി കൂട്ടിച്ചേർത്തു.
ഫോണ്‍ സംഭാഷണത്തിനിടെ, യുദ്ധത്തടവുകാരുടെ കൈമാറ്റം സുഗമമാക്കുന്നതിനുള്ള ബൊളോഞ്ഞ ആർച്ച്ബിഷപ് കർദിനാൾ മാത്തെയോ മരിയ സുപ്പിയുടെ ശ്രമങ്ങളെക്കുറിച്ചും ഇരുനേതാക്കളും ചര്‍ച്ച ചെയ്തു.
റഷ്യൻ ഓർത്തഡോക്സ് സഭയുടെ പാത്രിയാർക്കീസ് കിറിൽ നൽകിയ ആശംസയ്ക്കും അഭിനന്ദനങ്ങൾക്കും നന്ദി പറഞ്ഞുകൊണ്ടാണ് ലെയോ മാർപാപ്പ സംഭാഷണം ആരംഭിച്ചത്.
ക്രിസ്തീയ മൂല്യങ്ങൾ വഴി സമാധാനം തേടാനും ജീവന് സംരക്ഷിക്കാനും യഥാർഥമതസ്വാതന്ത്ര്യം പിന്തുടരാനും സഹായിക്കുന്ന ഒരു വെളിച്ചമായി എങ്ങനെ മാറുമെന്ന് അടിവരയിടുന്നതായിരുന്നു സംഭാഷണമെന്ന് വത്തിക്കാന്‍ വക്താവ് പറഞ്ഞു.
അതേസമയം, പ്രതിസന്ധി പരിഹരിക്കാൻ സഹായിക്കാനുള്ള സന്നദ്ധതയ്ക്കും പ്രത്യേകിച്ച്, മാനുഷിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വത്തിക്കാന്റെ പങ്കാളിത്തത്തിന് നന്ദി പറയുന്നതായി ഫോൺ സംഭാഷണത്തിനു പിന്നാലെ ക്രെംലിൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
കീവ് ഭരണകൂടം സംഘർഷം വർധിപ്പിക്കാനാണു ശ്രമിക്കുന്നതെന്നും റഷ്യൻ പ്രദേശത്തെ സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്കെതിരേ അട്ടിമറി നടത്തുന്നുണ്ടെന്നും മാർപാപ്പയെ ധരിപ്പിച്ചതായും ക്രെംലിൻ അറിയിച്ചു.
|
വിമാനം കുലുങ്ങി യാത്രക്കാർക്കു പരിക്ക്
ബെർലിൻ: ഇടിമിന്നലേറ്റ് വിമാനത്തിനുണ്ടായ ഉലച്ചിലിൽ ഒന്‍പതു യാത്രക്കാർക്കു പരിക്ക്. അയർലൻഡിലെ റൈനെയർ എയർലൈൻസിന്റെ വിമാനം ബുധനാഴ്ച ജർമനിയിലെ ബെർലിനിൽനിന്ന് ഇറ്റലിയിലെ മിലാനിലേക്കു പറക്കുന്പോഴായിരുന്നു സംഭവം.
ഇതേത്തുടർന്ന് വിമാനം അടിയന്തരമായി ജർമനിയിലെ മെമ്മി ങ്ങൻ വിമാനത്താവളത്തിലിറക്കേണ്ടിവന്നു.
|
യുകെയിലെ പുതിയ കുടിയേറ്റ നയം: ആശങ്കകൾ ചർച്ച ചെയ്തു കൈരളി യുകെ
ലണ്ടൻ: യുകെയിലെ പുതിയ കുടിയേറ്റ നയത്തിന്റെ ആശങ്കകൾ ചർച്ച ചെയ്തു കൈരളി യുകെ. യുകെ പ്രധാനമന്ത്രി കിയർ സ്റ്റാർമെർ ഈയിടെ അവതരിപ്പിച്ച ലേബർ പാർട്ടി സർക്കാരിന്റെ പുതിയ കുടിയേറ്റ നയം സമൂഹത്തിൽ വലിയ ആശങ്കകൾക്ക് വഴിവച്ചിരിക്കുകയാണ്.
രാജ്യം ഒരു അപരിചതരുടെ ദ്വീപ് ആയി മാറുന്നു എന്ന ആപത്കരമായ പ്രയോഗത്തിലൂടെ വലതുപക്ഷ പാർട്ടികൾ മുന്നോട്ട് വയ്ക്കുന്ന കുടിയേറ്റം നിയന്ത്രിക്കണം എന്ന ആശയം ആണ് പ്രധാനമന്ത്രിയുടെ പുതിയ നയത്തിന്റെ കാതൽ.
ഇത് ഈ രാജ്യത്തു കുടിയേറിപ്പാർത്ത ഒട്ടനവധി പ്രവാസി ജോലിക്കാരുടെ ഭാവി ആണ് അനിശ്ചിതത്വത്തിലാക്കിയിട്ടുള്ളത്. പുതിയ നിയമങ്ങൾ വിദ്യാർഥികളെയും പ്രതികൂലമായി ബാധിക്കും.
യുകെയിലെ പ്രമുഖ സാമൂഹ്യ സാംസ്കാരിക സംഘടനയായ "കൈരളി യുകെ' പ്രവാസി സമൂഹത്തിന്റെ വളർന്നു വരുന്ന ആശങ്കകൾ ചർച്ചചെയ്യാനും ഈ ആശങ്കകൾ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തി നിയമത്തിൽ കഴിയാവുന്ന ഭേദഗതികൾ വരുത്തുന്നതിന് സർക്കാരിന്റെമേൽ സമ്മർദ്ദം ചെലുത്താനുമായി ഓൺലൈൻ യോഗം സംഘടിപ്പിച്ചു
ബ്രിട്ടീഷ് മുൻ എംപിയും സ്കോട്ടിഷ് നാഷണൽ പാർട്ടി നേതാവുമായ മാർട്ടിൻ ഡേ, പ്രമുഖ അഭിഭാഷകൻ സന്ദീപ് പണിക്കർ എന്നിവർ സർക്കാർ നടപ്പാക്കാനുദ്ദേശിക്കുന്ന നിയമത്തെക്കുറിച്ചും ഇത് സൃഷ്ടിക്കുന്ന പ്രശ്നങ്ങളും വിശദീകരിച്ചു.
പുതിയ നിയമങ്ങൾ തങ്ങളുടെ തൊഴിൽ സാധ്യതകളെയും കുടുംബ ജീവിതത്തെയും സാരമായി ബാധിക്കുമെന്ന ഭയമാണ് പലർക്കുമുള്ളത്. ഈ മാറ്റങ്ങൾ യുകെയുടെ സമ്പദ്വ്യവസ്ഥയിലും ആരോഗ്യ സംരക്ഷണ മേഖലയിലും ഉണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. കുടിയേറ്റ സമൂഹത്തിന്റെ ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വം തുടരുകയാണ്.
കുടിയേറ്റ സമൂഹത്തിനിടയിൽ വർധിച്ചു വരുന്ന ഭയവും അനിശ്ചിതത്വവും ഒഴിവാക്കുന്നതിനു സർക്കാർ തലത്തിൽ അടിയന്തര ഇടപെടലുകൾ ഉണ്ടാകണമെന്നും നയത്തിൽ ആവശ്യമായ ഭേദഗതികൾ വരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. വരും ദിവസങ്ങളിൽ ഈ വിഷയത്തിൽ കൂടുതൽ ചർച്ചകളും പ്രതിഷേധങ്ങളും സംഘടിപ്പിക്കാനും യോഗത്തിൽ ധാരണയായി.
യോഗത്തിൽ കൈരളി യുകെ പ്രസിഡന്റ് രാജേഷ് ചെറിയാൻ അധ്യക്ഷത വഹിച്ചു. കൈരളി യുകെ സെക്രട്ടറി നവീൻ ഹരി സ്വാഗതം പറഞ്ഞു. ലോക കേരളസഭാ അംഗം കുര്യൻ ജേക്കബ് സംസാരിച്ചു.
ചർച്ചയുടെ പൂർണരൂപം:
|
നസ്രാണി കളിക്കളം കായിക ദിനം ആഘോഷിച്ചു
സ്റ്റോക്ക് ഓൺ ട്രെൻഡ്: സ്റ്റോക്ക് ഓൺ ട്രെൻഡ് ഇടവകയിൽ നസ്രാണി കളിക്കളം കായിക ദിനം ആഘോഷിച്ചു. ക്ലേട്ടൺ അക്കാദമി ഗ്രൗണ്ടിൽ മഞ്ഞ, പച്ച, ചുവപ്പ്, നീല എന്നീ നിറങ്ങൾ അണിനിരന്ന 500ൽ അധികം ഇടവകാംഗങ്ങളുടെ പങ്കാളിത്തം ശ്രദ്ധേയമായി.
കുടുംബ കൂട്ടായ്മകളെ നാല് സ്പോർട്സ് ഹൗസുകളായി തിരിച്ചായിരുന്നു മത്സരങ്ങൾ. ഓരോ ഹൗസിനും കാപ്റ്റൻമാരെയും നിയമിച്ചിരുന്നു. മാർച്ച് പാസ്റ്റിലും ക്ലോസിംഗ് സെറിമണിയിലും ഏറ്റവും കൂടുതൽ ആളുകളെ പങ്കെടുപ്പിച്ച് ഒന്നാം സ്ഥാനം നേടിയത് റെഡ് ഹൗസ് ആണ്.
ഫിനിഷ് വിൽസണിന്റെ നേതൃത്വത്തിൽ 267 പോയിന്റുകൾ നേടി റെഡ് ഹൗസ് ഓവറോൾ കിരീടം ചൂടി. തൊട്ടുപിന്നാലെ 265 പോയിന്റുകളുമായി ഗ്രീൻ ഹൗസ് അനൂപ് ജേക്കബിന്റെ നേതൃത്വത്തിൽ രണ്ടാം സ്ഥാനത്തും 184 പോയിന്റുകളോടെ ജിജോ മോൻ ജോർജിന്റെ നേതൃത്വത്തിൽ യെല്ലോ ഹൗസ് മൂന്നാം സ്ഥാനത്തും എത്തി.
സോണി ജോണിന്റെ നേതൃത്വത്തിലുള്ള ബ്ലൂ ഹൗസ് 143 പോയിന്റുകളോടെ നാലാം സ്ഥാനം കരസ്ഥമാക്കി. സിബി ജോസ്, ജോഷി വർഗീസ്, സുദീപ് എബ്രഹാം, ക്രിസ്റ്റി സെബാസ്റ്റ്യൻ, ഡേവിസ് പാപ്പു എന്നിവരായിരുന്നു നസ്രാണി കളിക്കളത്തിന്റെ പ്രധാന സംഘാടകർ.
ട്രസ്റ്റിമാരെയും കോഓർഡിനേറ്റർമാരെയും സ്പോർട്സ് കോഓർഡിനേറ്റർമാരെയും ഫാ. ജോർജ് എട്ടുപറയിൽ അഭിനന്ദിച്ചു. ഇടവക കൂട്ടായ്മയുടെ ഭാഗമായി പ്രവർത്തിച്ച സിസ്റ്റർ ലിൻസിയും സിസ്റ്റർ ഷേർലിയും പരിപാടിയുടെ ആദ്യവസാനം ഇടവകാംഗങ്ങളോടൊപ്പം സജീവമായി പങ്കെടുത്തു.
|
സർഗം സ്മാഷേഴ്സ് ബാഡ്മിന്റൺ ടൂർണമെന്റ് ആവേശോജ്വലമായി
സ്റ്റീവനേജ്: ഹർട്ട്ഫോർഡ്ഷയറിലെ മലയാളി അസോസിയേഷനായ സർഗം സ്റ്റീവനേജും പ്രാദേശിക ബാഡ്മിന്റൺ ക്ലബായ സ്റ്റീവനേജ് സ്മാഷേഴ്സും സംയുക്തമായി സംഘടിപ്പിച്ച ഓൾ യുകെ ഓപ്പൺ മെൻസ് ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ് ആവേശോജ്വലമായി.
അഡ്വാൻസ്ഡ് ഇന്റർമീഡിയേറ്റ് വിഭാഗങ്ങളിലായി ഡബിൾസ് ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ് നടത്തി. സർഗം സ്മാഷേഴ്സ് മെൻസ് ഡബിൾസ് ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റിന് സ്റ്റീവനേജ് മാരിയോട്ട്സ് ജിംനാസ്റ്റിക്സ് ക്ലബ് ഇൻഡോർ സ്റ്റേഡിയം വേദിയായി.
മത്സരത്തിൽ അഡ്വാൻസ്ഡ് മെൻസ് വിഭാഗത്തിൽ സന്തോഷ് പ്രിജിത് ജോഡി ചാന്പ്യൻ പട്ടവും ലെവിൻ സുദീപ് ടീം രണ്ടാം സ്ഥാനവും ജെഫ് അനി ജെറോമി ജോഡി മൂന്നാം സ്ഥാനവും നേടി.
ഇന്റർമീഡിയറ്റ് കാറ്റഗറിയിൽ നിതിൻ അക്ഷയ് ജോഡി ജേതാക്കളായി. സിബിൻ അമീൻ ജോഡി രണ്ടാം സ്ഥാനവും പ്രവീൺ ഗ്ലാഡ്സൺ ടീം മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് കാഷ് പ്രൈസും ട്രോഫിയും ജഴ്സിയും സമ്മാനിച്ചു.
ബംഗ്ലദേശിന്റെയും നേപ്പാളിന്റെയും മുൻ ദേശീയ താരങ്ങളും കേരളത്തിനും തമിഴ്നാടിനും മഹാരാഷ്ട്രയ്ക്കു വേണ്ടി കളിച്ചിട്ടുള്ള കളിക്കാരും അഡ്വാൻസ്ഡ് ലൈനപ്പിൽ നിരന്നു. യുകെയിലെ താരനിര ഇന്റർമീഡിയേറ്റിൽ മാറ്റുരച്ചു.
അഡ്വാൻസ്ഡ് കാറ്റഗറിയിൽ മൂന്നാം സ്ഥാനത്തെത്തിയത് സ്കൂൾ വിദ്യാർഥികളായ ജെഫ് അനി, ജെറോമി കൂട്ടുകെട്ടായിരുന്നു. സ്റ്റീവനേജിൽ നിന്നുള്ള ജെഫ് അനി ജോസഫ് അണ്ടർ 17 വിഭാഗത്തിൽ ഇംഗ്ലണ്ടിനെ പ്രതിനിധീകരിക്കുന്ന താരമാണ്.
മനോജ് ജോൺ, സാബു ഡാനിയേൽ, ജോർജ് റപ്പായി, അനൂപ് മഠത്തിപ്പറമ്പിൽ എന്നിവരുടെ നേതൃത്വത്തിൽ സർഗം ഭാരവാഹികളും വിജോ മാർട്ടിൻ, ടോം ആന്റണി, അനൂബ് അന്തോണി, ക്ലിൻസ് എന്നിവരുടെ നേതൃത്വത്തിൽ സ്മാഷേഴ്സും ഓൾ യുകെ ഓപ്പൺ മെൻസ് ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റിനായി കൈകോർക്കുകയായിരുന്നു. ടെസി ജെയിംസ് മത്സരങ്ങൾ കോഓർഡിനേറ്റ് ചെയ്തു.
|
ജർമൻ ചാൻസലർ ഫ്രീഡ്റിഷ് മേർട്സ് യുഎസിലേക്ക്
ബർലിൻ: ജർമൻ ചാൻസലർ ഫ്രീഡ്റിഷ് മേർട്സ് യുഎസിലേക്ക്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി മേർട്സ് കൂടിക്കാഴ്ച നടത്തും. ഇരുവരും അധികാരമേറ്റെടുത്ത ശേഷം ആദ്യമായിട്ടാണ് നേരിൽ കാണുന്നത്.
റഷ്യ യുക്രെയ്ൻ വിഷയത്തിൽ സമാധാനത്തിനുള്ള സാധ്യതകളും ട്രംപിന്റെ താരിഫ് പദ്ധതികളും ഇരുവരും ചർച്ച ചെയ്തേക്കും.
|
രണ്ടാം ലോകമഹായുദ്ധകാലത്തെ ബോംബുകൾ കണ്ടെത്തി; കൊളോണിൽ ജനങ്ങളെ ഒഴിപ്പിച്ചു
കൊളോണ്‍: രണ്ടാം ലോകമഹായുദ്ധകാലത്തെ ബോംബുകൾ കണ്ടെത്തിയതിനെ തുടർന്ന് ജർമനിയിലെ കൊളോണിൽ നിന്ന് 20,500 പേരെ ഒഴിപ്പിച്ചു. കെട്ടിട നിർമാണത്തിനിടെ കണ്ടെത്തിയ മൂന്ന് അമേരിക്കൻ നിർമിത ബോംബുകളാണ് നിർവീര്യമാക്കുന്നത്.
ഇതിൽ രണ്ടെണ്ണം 20 ടൺ ബോംബുകളും ഒരെണ്ണം 10 ടൺ ബോംബുമാണ്. ബുധനാഴ്ച രാവിലെ എട്ടിന് റൈൻ നദിയുടെ ഇരുവശങ്ങളിലുമായി ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം അടച്ചുപൂട്ടി ആളുകളെ ഒഴിപ്പിച്ചു.
ഈ ഒഴിപ്പിക്കൽ നഗരത്തിലെ നിരവധി അടിസ്ഥാന സൗകര്യങ്ങളെയും സ്ഥാപനങ്ങളെയും ബാധിച്ചു. ആർടിഎൽ ടിവി സ്റ്റേഷന്റെ ലൈവ് സംപ്രേഷണം നിർത്തിവയ്ക്കേണ്ടി വന്നു.
പ്രദേശത്തെ ഒരു ആശുപത്രി, രണ്ട് റിട്ടയർമെന്റ് സെന്ററുകൾ, റെയിൽവേ സ്റ്റേഷൻ, സ്കൂളുകൾ, പള്ളികൾ, മ്യൂസിയങ്ങൾ, രണ്ട് സാംസ്കാരികകേന്ദ്രങ്ങൾ എന്നിവ ഒഴിപ്പിക്കുകയും ചെയ്തു. കൊളോൺ മെയിൻ റെയിൽവേ സ്റ്റേഷനിലും തടസങ്ങളുണ്ടായി.
സ്വകാര്യ താമസ സൗകര്യം ലഭിക്കാത്തവർക്കായി രണ്ട് കോൺടാക്ട് പോയിന്റുകൾ സ്ഥാപിച്ചിട്ടുണ്ട്. ബുധനാഴ്ച വൈകുന്നേരത്തോടെ നിർവീര്യമാക്കൽ പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജനങ്ങൾ സഹകരിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു. ജർമനിയിൽ രണ്ടാം ലോകമഹായുദ്ധ കാലത്തെ ഏകദേശം 20,000ത്തോളം പൊട്ടാത്ത ബോംബുകൾ ഇപ്പോഴുമുണ്ടെന്നാണ് വിദഗ്ധരുടെ കണക്ക്.
കൊളോൺ പ്രദേശത്ത് നിന്ന് ഇതിനകം നൂറോളം ബോംബുകൾ കണ്ടെത്തി നിർവീര്യമാക്കിയിട്ടുണ്ട്.
|
നിഖ്യാ: റോമിൽ അന്താരാഷ്ട്ര സിന്പോസിയം
റോം: നിഖ്യാ സൂനഹദോസിന്റെ 17ാം ശതാബ്ദി പ്രമാണിച്ച് വിവിധ ക്രൈസ്തവസഭകളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നാലു ദിവസത്തെ അന്താരാഷ്ട്ര സിന്പോസിയം റോമിലെ അഞ്ചേലിക്കും യൂണിവേഴ്സിറ്റിയിൽ ഇന്നലെ ആരംഭിച്ചു.
വിവിധ സഭകളിൽപ്പെട്ട നൂറിലേറെ മെത്രാന്മാരും ഇരുനൂറിലേറെ ദൈവശാസ്ത്ര പണ്ഡിതന്മാരും സംബന്ധിക്കുന്ന സമ്മേളനത്തെ ശനിയാഴ്ച ലെയോ പതിനാലാമൻ മാർപാപ്പ അഭിസംബോധന ചെയ്യും. ‘നിഖ്യാ സൂനഹദോസും മൂന്നാം സഹസ്രാബ്ദത്തിലെ സഭയും’ എന്നതാണു സിന്പോസിയത്തിന്റെ മുഖ്യ പ്രമേയം.
എക്യുമെനിസത്തിനുവേണ്ടിയുള്ള വത്തിക്കാൻ കാര്യാലയത്തിന്റെ ആഭിമുഖ്യത്തിൽ, അഞ്ചേലിക്കും യൂണിവേഴ്സിറ്റിയിലെ എക്യുമെനിക്കൽ വിഭാഗവും അന്തർദേശീയ ഓർത്തഡോക്സ് ദൈവശാസ്ത്ര സമിതിയുമാണ് സിന്പോസിയം സംഘടിപ്പിക്കുന്നത്. കത്തോലിക്ക, ഓർത്തഡോക്സ്, ഓറിയന്റൽ ഓർത്തഡോക്സ്, ആംഗ്ലിക്കൻ സഭകളാണ് സിന്പോസിയത്തിൽ പ്രതിനിധികളെ അയയ്ക്കുന്നത്.
പ്രാർഥനാശുശ്രൂഷയ്ക്ക് സഭൈക്യ കാര്യാലയത്തിന്റെ അധ്യക്ഷൻ കർദിനാൾ കുർട്ട് കോഹ്, പിസീദിയായിലെ ഓർത്തഡോക്സ് മെത്രാൻ ഇയ്യോബ്, കോപ്റ്റിക് ഓർത്തഡോക്സ് സഭയിലെ ലോസ് ആഞ്ചലസ് മെത്രാൻ അൻബാ കിറില്ലോസ്, മുൻ ആംഗ്ലിക്കൻ സഭാധ്യക്ഷൻ ഡോ. റൊവാൻ വില്യംസ് എന്നിവർ കാർമികത്വം വഹിച്ചു.
ഓർത്തഡോക്സ് ദൈവശാസ്ത്ര സമിതി അധ്യക്ഷൻ പ്രഫ. പോൾ ഗാവ്റിലുക്ക് ഉദ്ഘാടനപ്രസംഗം നടത്തി. 30 സെഷനുകളിലായി നൂറിലേറെ പ്രബന്ധങ്ങൾ അവതരിപ്പിക്കപ്പെടും.
നിഖ്യാ സൂനഹദോസ് നിർവചിച്ച വിശ്വാസസത്യങ്ങളെ ക്രൈസ്തവസഭകൾ ഇപ്പോഴും ഉയർത്തിപ്പിടിക്കുന്നത്, ഇടക്കാലത്തുണ്ടായ അഭിപ്രായവ്യത്യാസങ്ങളെ മറികടക്കാൻ സഹയകമാണെന്നും വർധിച്ച കൂട്ടായ്മയോടെ വിശ്വാസപ്രഘോഷണം നടത്തുവാൻ സഭകളെ പ്രോത്സാഹിപ്പിക്കാൻ സിന്പോസിയം ഉപകരിക്കുമെന്നും സംഘടകർ അറിയിച്ചു.
|
മത്തായി മൈലപ്പറമ്പിൽ അന്തരിച്ചു
മിൽട്ടൺ: കെയിൻസിൽ താമസിക്കുന്ന കൂടല്ലൂർ മൈലപ്പറമ്പിൽ ബേബിയുടെ പിതാവ് മൈലപറമ്പിൽ മത്തായി(85) അന്തരിച്ചു. സംസ്കാര ശുശ്രൂഷ വ്യാഴാഴ്ച മിൽട്ടൺ കെയിൻസ് സെന്റ് എഡ്വേർഡ് കാത്തലിക് ദേവാലയത്തിൽ രാവിലെ 11ന് ആരംഭിക്കും.
സംസ്കാരം സെൽബോൺ അവന്യൂവിൽ നടക്കും. ഭാര്യ പരേതയായ മറിയം ഏറ്റുമാനൂർ ഐക്കര തുണ്ടത്തിൽ കുടുംബാംഗം. മക്കൾ: ബേബി, മിനി. മരുമക്കൾ: അനുമോൾ പിള്ളവീട്ടിൽ, ഡോ. സോന ഡൽഹി.
https://www.youtube.com/live/z2GYk5ziyEE?si=6PHOUSoreFZUfjjy
|
വിന്‍സിയുടെ മക്കളെ ചേര്‍ത്തുപിടിച്ച് ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി സമൂഹം
ഗ്ലോസ്റ്റര്‍: അമ്മയുടെ വിയോഗത്തിൽ പതറിപ്പോയ മക്കളെ ചേര്‍ത്തുപിടിച്ച് ഗ്ലോസ്റ്റര്‍ മലയാളി സമൂഹം. കാൻസർ ബാധിച്ച് മരണമടഞ്ഞ ബിന്‍സിയുടെ മൂന്നു മക്കളെ സഹായിക്കാൻ നിരവധി സുമനസുകളാണ് മുന്നിട്ടിറങ്ങിയത്.
ജസ്റ്റ് ഗിവിംഗ് അപ്പീലിലൂടെ 22,556 പൗണ്ട് ഇതുവരെ സഹായമായി നല്കി കഴിഞ്ഞു. സഹായിച്ച എല്ലാവർക്കും യുണൈറ്റഡ് ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി കമ്യൂണിറ്റിയിലെ ഭാരവാഹികൾ അറിയിച്ചു.
കുടുംബത്തെ സഹായിക്കാന്‍ സെന്റ് മേരീസ് സീറോമലബാര്‍ കാത്തലിക് ചര്‍ച്ച്, ഗ്ലോസ്റ്റര്‍ഷയര്‍ മലയാളി അസോസിയേഷന്, കേരള കള്‍ച്ചറല്‍ അസോസിയേഷന്, ഗ്ലോസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്, കേരളീയം, മലയാളി അസോസിയേഷന് ഓഫ് ചെല്‍ട്ടൺഹാം എന്നിവയുടെ ഭാരവാഹികള്‍ ചേര്‍ന്ന് യുണൈറ്റഡ് ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി കൂട്ടായ്മയായി സഹായ ഫണ്ട് സ്വരൂപിക്കുകയായിരുന്നു.
ആദ്യ നാലു ദിവസം കൊണ്ടുതന്നെ സഹായം 18,000 പൗണ്ടോളം എത്തിയിരുന്നു. 30,000 പൗണ്ട് സ്വരൂപിക്കാനാണ് പദ്ധതി. ഏവരുടേയും സഹകരണത്തിന് ഫാ. ജിബിന്‍ പോള്‍ വാമറ്റത്തിലും യുണൈറ്റഡ് ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി കൂട്ടായ്മയും നന്ദി അറിയിച്ചു.
കുടുംബത്തെ സഹായിക്കാൻ ശനിയാഴ്ച വരെ സമയമുണ്ടെന്നും താത്പര്യമുള്ളവർ ഈ ലിങ്ക് ഉപയോഗിക്കണെമെന്നും ഭാരവാഹികൾ അറിയിച്ചു.
https://www.justgiving.com/crowdfunding/gloucestershiremalayaleecommunityunitedvincyrijo?utm_medium=FA&utm_source=CL#mce_temp_url#.
|
സീറോമലബാർ വാത്സിംഗ്ഹാം തീർഥാടനം ജൂലൈ 19ന്
വാത്സിംഗ്ഹാം: ഇംഗ്ലണ്ടിലെ നസ്രേത്ത് എന്നറിയപ്പെടുന്ന വാത്സിങ്ങാം മരിയന്‍ പുണ്യകേന്ദ്രത്തിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാര്‍ സഭ നയിക്കുന്ന തീര്‍ഥാടനം ജൂലൈ 19നു നടക്കും.
ഗ്രേറ്റ് ബ്രിട്ടന് സീറോമലബാര്‍ രൂപതയുടെ അധ്യക്ഷൻ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യകാർമികത്വം വഹിക്കുന്ന തീര്‍ഥാടനത്തിന് ഫാ. ജിനു മുണ്ടുനാടക്കലിന്റെ അജപാലന നേതൃത്വത്തിൽ, കേംബ്രിജ് റീജണിലെ സീറോ മലബാര്‍ വിശ്വാസ സമൂഹം ആതിഥേയത്വം വഹിക്കും.
ജൂലൈ 19ന് രാവിലെ ഒന്‍പതിന് ആരംഭിക്കുന്ന വാത്സിങ്ങാം തീർഥാടന തിരുനാൾ ശുശ്രൂഷകളില്‍, ജപമാല, കൊടിയേറ്റ്, മരിയന്‍ പ്രഭാഷണം, ആരാധന, പ്രദക്ഷിണം എന്നിവയും ഉള്‍പ്പെടും. മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാർമികത്വത്തിൽ അർപ്പിക്കുന്ന ആഘോഷമായ തിരുനാൾ സമൂഹ ദിവ്യബലിക്ക് ശേഷം തീർഥാടന തിരുനാൾ സമാപിക്കും.
ഗ്രേറ്റ് ബ്രിട്ടന് സീറോമലബാര്‍ രൂപതയുടെ ആഭിമുഖ്യത്തില്‍ ഇത് ഒൻപതാം തവണയാണ് തീര്‍ഥാടനം നടക്കുക. റോപ്പിലെമ്പാടുമുള്ള സീറോമലബാര്‍ വിശ്വാസികളുടെ ഏറ്റവും വലിയ സംഗമവേദികൂടിയാണ് വാത്സിംഗ്ഹാം മരിയൻ തീര്‍ഥാടനം.
|
കുഞ്ഞു മിഷനറിമാരുടെ വിശ്വാസ പ്രഖ്യാപന വേദിയായി "സൗറൂത്ത 2025'
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത ചെറുപുഷ്പ മിഷൻ ലീഗിന്റെ ഈ വർഷത്തെ രൂപത വാർഷിക കൂട്ടായ്മ "സൗറൂത്ത 2025' ബർമിംഗ്ഹാമിലെ വാഷ് വുഡ് ഹീത്ത് അക്കാദമിയിൽ നടന്നു.
രൂപതയുടെ വിവിധ ഇടവക, മിഷൻ പ്രൊപ്പോസഡ് മിഷൻ എന്നിവിടങ്ങളിൽ നിന്നുമായി നൂറുകണക്കിന് കുഞ്ഞു മിഷനറിമാർ പങ്കെടുത്ത സമ്മേളനം കുഞ്ഞു മിഷനറിമാരുടെ വിശ്വാസ പ്രഘോഷണ വേദിയായി മാറി.
രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ പിതാവിന്റെ കാർമികത്വത്തിൽ അർപ്പിച്ച വിശുദ്ധ കുർബാന, വിശ്വാസ പ്രഘോഷണ റാലി, പ്രയ്സ് ആൻഡ് വർഷിപ്, രൂപത എസ്എംവൈഎം ബാൻഡ് അവതരിപ്പിച്ച മ്യൂസിക് ബാൻഡ് എന്നിവയായിരുന്നു പ്രധാന പരിപാടികൾ.
തുടർന്ന് പിതാവുമായി കുഞ്ഞു മിഷനറിമാർ നടത്തിയ വിവിധ വിഷയങ്ങൾ സംബന്ധിച്ച് ചോദ്യങ്ങൾ ഉന്നയിക്കുകയും ആശയവിനിമയം നടത്തുകയും ചെയ്തു.
മിഷൻലീഗിന്റെ പതാകയുമേന്തി സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും സേവനത്തിന്റെയും സഹനത്തിന്റെയും പുത്തൻ മുദ്രാവാക്യങ്ങളുമായി നടന്ന വർണശബളമായ വിശ്വാസ പ്രഘോഷണ റാലിയും ഏറെ ശ്രദ്ധേയമായി.
മിഷൻ ലീഗ് കമ്മീഷൻ ചെയർമാൻ റവ.ഫാ. മാത്യു പാലരക്കരോട്ട് സിആർഎം സ്വാഗതം ആശംസിച്ച സമ്മേളനത്തിൽ രൂപത ചാൻസിലർ റവ.ഡോ. മാത്യു പിണക്കാട്ട്, പ്രൊക്കുറേറ്റർ റവ.ഫാ. ജോ മൂലശേരി വിസി എന്നിവർ ആശംസകൾ അർപ്പിച്ചു.
വൈദികനാകാനുള്ള എന്റെ സ്വപ്നം എന്ന വിഷയം ആസ്പദമാക്കി മെൽവിൻ ജെയ്മോൻ നടത്തിയ പ്രസംഗവും ഏറെ ശ്രദ്ധയാകർഷിച്ചു. വൈകുന്നേരം മിഷൻ ലീഗ് ആന്തത്തോടെ അവസാനിച്ച പരിപാടികൾക്ക് കമ്മീഷൻ പ്രസിഡന്റ് ജെൻറ്റിൻ ജെയിംസ് നന്ദി അർപ്പിച്ചു.
രൂപത ചെറുപുഷ്പ മിഷൻ ലീഗ് കമ്മീഷൻ സെക്രട്ടറി ജോജിൻ പോൾ, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ റവ.സി. ലീനാ മരിയ, റവ.സി. കരുണ സിഎംസി, ജിൻസി പോൾ, ടിറ്റോ തോമസ്, സജി വർഗീസ്, ജിബിൻ മാത്യു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
|
വേള്‍ഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയണിന്റെ കലാ സംസ്കാരിക വേദി ശ്രദ്ധേയമായി
ലണ്ടൻ: ആഗോളതലത്തിലുള്ള പ്രവാസി മലയാളികള്‍ക്കായി വേള്‍ഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൺ നടത്തുന്ന കലാസാംസ്കാരിക വേദിയുടെ 21ാമത് സമ്മേളനം ആഗോള പ്രവാസി ശബ്ദമായി മാറി.
വെര്‍ച്വൽ പ്ലാറ്റ്ഫോമിലൂടെ ഒരുക്കിയ കലാ സാംസ്കാരികവേദി വേള്‍ഡ് മലയാളി കൗൺസിൽ ഗുഡ്വിൽ അംബാസിഡറും കേരള ഹൈക്കോടതി അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂട്ടറും സംസ്ഥാന പബ്ലിക് പ്രോസിക്യൂട്ടറുമായ അഡ്വ. ഗ്രേഷ്യസ് കുറിയാക്കോസ് ഉദ്ഘാടനം ചെയ്തു.
അമേരിക്കന്‍ റീജിയണിലെ പ്രശസ്ത ഗായികയും വേള്‍ഡ് മലയാളി കൗൺസിൽ നോര്‍ത്ത് ടെക്സസ് പ്രൊവിൻസ് പ്രസിഡന്റുമായ ആന്‍സി ജോണ്സന് തലശല്ലൂരിന്റെ ഈശ്വര പ്രാര്‍ഥനയോടെയാണ് കലാസാംസ്കാരിക വേദി ആരംഭിച്ചത്.
അഡ്വ. ഗ്രേഷ്യസ് കുറിയാക്കോസിന് പുറമെ അഡ്വ. ജോര്‍ജ് വി. തോമസ്, അഡ്വ. വില്സന് ഉറുമീസ് അരീക്കല്‍ എന്നിവരും മുഖ്യാതിഥികളായിരുന്നു. പ്രവാസികളുടെ സ്വത്ത് സംരക്ഷണം, ഒസിഐ, പിഐഒ. കാര്‍ഡ്, പൗരത്വ നിയമം, പവര്‍ ഓഫ് അറ്റോണി തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് വിശദമായ ചർച്ച നടത്തി.
അഡ്വ. ജോര്‍ജ് വി. തോമസ് സ്വത്തവകാശത്തെക്കുറിച്ചും വ്യക്തിഗത നിയമങ്ങളെക്കുറിച്ചും അഡ്വ. വില്സന് ഉറുമീസ് പ്രവാസികളുടെ സ്വത്തു സംരക്ഷണത്തെക്കുറിച്ചും പ്രവാസികള്‍ നാട്ടിലുള്ള ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും പവര്‍ ഓഫ് അറ്റോണി നൽകുന്നതിലൂടെ ചതിക്കുഴികളിൽപ്പെടുന്നതിനെക്കുറിച്ചും വിശദമാക്കി.
വേള്‍ഡ് മലയാളി കൗൺസിൽ ഗ്ലോബൽ പ്രസിഡന്റ് ജോണ്‍ മത്തായി, ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി ക്രിസ്റ്റഫര്‍ വര്‍ഗീസ്, യൂറോപ്പ് റീജിയൺ ചെയര്മാന് ജോളി തടത്തില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വേള്‍ഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൺ പ്രസിഡന്റ് ജോളി എം.പടയാട്ടില്‍ സ്വാഗതം പറഞ്ഞു.
ഡബ്ല്യുഎംസി ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി ക്രിസ്റ്റഫര്‍ വര്‍ഗീസ്, ഗ്ലോബല്‍ വൈസ് ചെയര്മാന് ഗ്രിഗറി മേടയില്‍, വൈസ് പ്രസിഡന്റ് തോമസ് അറമ്പന്‍കുടി, അമേരിക്കന്‍ റീജിയൺ പ്രസിഡന്റ് ജോണ്സന് തലശല്ലൂര്‍, ഗ്ലോബല്‍ ഹെല്‍ത്ത് ഫോറം പ്രസിഡന്റ് ഡോ. ജിമ്മി ലോനപ്പന്, അഡ്വ. സിസിലി കുറിയാക്കോസ്,
സാഹിത്യകാരനായ കാരൂര്‍ സോമന്, ഗ്ലോബല്‍ വിമന്‍സ് ഫോറം പ്രസിഡന്റ് പ്രഫ. ഡോ. ലളിത മാത്യു, ജര്‍മന്‍ പ്രൊവിൻസ് ചെയര്മാന് ബാബു ചെമ്പകത്തിനാല്‍, സ്രെകട്ടറി ചിനു പടയാട്ടില്‍, വൈസ് പ്രസിഡന്റ് ജെയിംസ് പാത്തിക്കന്‍, യൂറോപ്പ് റീജിയൺ ജനറല്‍ സെക്ര ട്ടറി ബാബു തോട്ടപ്പിള്ളി, ട്രഷറര്‍ ഷൈബു ജോസഫ്, വൈസ് പ്രസിഡന്റ് രാജു കുന്നക്കാട്ട്,
യുകെ പ്രൊവിൻസ് പ്രസിഡന്റ് സൈബിന് പാലാട്ടി, യുകെ നോര്‍ത്ത് വെസ്റ്റ് പ്രൊവിൻസ് ചെയര്മാന് ലിതീഷ് രാജ് പി.തോമസ്, അജ്മന് പ്രൊവിൻസ് പ്രസിഡന്റ് ഡയിസ് ഇടിക്കുള, ദുബായി പ്രൊവിൻസ് ചെയര്മാന് കെ.എ. പോള്സന്,
സൈക്കോളജിസ്റ്റും എഴുത്തുകാരനും ദുബായി മുന്‍ പ്രൊവിൻസ് ചെയര്‍മാനുമായ ഡോ. ജോര്‍ജ് കാളിയാടന്‍, പ്രഫ.അന്നക്കുട്ടി ഫിന്‍ഡെ വലിയമംഗലം, ബെല്‍ഫാസ്റ്റ് പ്രൊവിൻസ് പ്രസിഡന്റ് പ്രദീബ്, വ്യവസായി സണ്ണി വെളിയത്ത്, ജോസ്കുട്ടി കളത്തിപറമ്പില്‍ എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.
അയര്‍ലൻഡ് വിമന്‍സ് ഫോറം അവതരിപ്പിച്ച സംഘനൃത്തവും യൂറോപ്പിലെ അറിയപ്പെടുന്ന ഗായകനും സംഗീത അധ്യാപകനുമായ ജോസ് കവലചിറ, ജര്‍മന്‍ പ്രൊവിൻസ് വൈസ് പ്രസിഡന്റും ഗായകനുമായ ജെയിംസ് പാത്തിക്കൻ, അമേരിക്കന്‍ റീജിയണിലെ ഗായികയും നോര്‍ത്ത് ടെക്സസ് പ്രൊവിൻസ് വൈസ് പ്രസിഡന്റുമായ ആന്‍സി തലശല്ലൂര്‍ എന്നിവര്‍ ആലപിച്ച ഗാനങ്ങളും ശ്രദ്ധേയമായി.
ഡബ്ല്യുഎംസി ഗ്ലോബല്‍ വൈസ് ചെയര്‍മാനും കലാ സാംസ്കാരികരംഗത്ത് സജീവവുമായ ഗ്രിഗറി മേടയിൽ, കംപ്യൂട്ടര്‍ എന്‍ജിനിയറായ നിതീഷ് ഡേവീസ് എന്നിവരുടെ പിന്തുണ പരിപാടി മനോഹരമാക്കി. യുകെയിലെ ഡബ്ല്യുഎംസി നോര്‍ത്ത് വെസ്റ്റ് പ്രൊവിൻസ് പ്രസിഡന്റ് സെബാസ്റ്റ്യൻ ജോസഫ് നന്ദി പറഞ്ഞു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളികള്‍ക്കായി എല്ലാ മാസത്തിലേയും അവസാനത്തെ ശനിയാഴ്ച ഡബ്ല്യുഎംസി യൂറോപ്പ് റീജിയൺ ഒരുക്കുന്ന കലാസാംസ്കാരികവേദിയുടെ അടുത്ത സമ്മേളനം ജൂലൈ 26ന് യുകെ സമയം ഉച്ചകഴിഞ്ഞ് മൂന്നിന് വെര്‍ച്വൽ പ്ളാറ്റ്ഫോമിലൂടെ നടക്കും. യൂറോപ്പില്‍ അവധിക്കാലം തുടങ്ങുന്നതിനാല്‍ ജൂണിൽ കലാസാംസ്കാരിക വേദി ഉണ്ടായിരിക്കുന്നതല്ലെന്ന് സംഘാടകർ വ്യക്തമാക്കി.
കലാസാംസ്കാരിക വേദിയില്‍ എല്ലാ പ്രവാസി മലയാളികള്‍ക്കും പങ്കെടുക്കുവാനും കലാസൃഷ്ടികള്‍ അവതരിപ്പിക്കാനും കവിതകള്‍, ഗാനങ്ങള്‍ തുടങ്ങിയവ ആലപിക്കാനുമുള്ള അവസരം ഉണ്ടായിരിക്കും.
പ്രവാസികള്‍ അഭിമുഖികരിക്കുന്ന സമകാലിക വിഷയങ്ങളെക്കുറിച്ച് സംവദിക്കാൻ അവസരം ലഭിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.
|
ഹാംബുര്‍ഗിൽ ആശുപത്രിക്ക് രോഗി തീയിട്ടു; മൂന്ന് പേർക്ക് ദാരുണാന്ത്യം
ഹാംബുര്‍ഗ്: ജർമനിയലെ ഹാംബുര്‍ഗ് മരിയന്‍ ആശുപത്രിയിലുണ്ടായ തീപിടിത്തില്‍ മൂന്ന് മരണം. ഞായറാഴ്ച രാത്രിയുണ്ടായ തീപിടിത്തത്തില്‍ 84, 85, 87 വയസ് പ്രായമുള്ള മൂന്നു പുരുഷന്മാരാണ് മരിച്ചത്.
സംഭവത്തിൽ 34 പേർക്ക് പരിക്കേറ്റു. ഇതിൽ 18 പേരുടെ നില ഗുരുതരമാണ്. രോഗി മനഃപൂര്‍വം തീയിട്ടതാണ് എന്നാണ് വിവരം. ഇയാൾ പിടിയിലായിട്ടുണ്ട്. പ്രതി മാനസിക പ്രശ്നമുള്ള വ്യക്തിയാണോ എന്ന കാര്യം വ്യക്തമല്ല.
വയോജന വാര്‍ഡിലെ താഴത്തെ നിലയിലാണ് തീപിടിത്തമുണ്ടായത്. തീ അതിവേഗം ഒന്നാം നിലയിലേക്ക് പടര്‍ന്നു, കെട്ടിടത്തിന്റെ നാല് നിലകളിലും പുക നിറഞ്ഞു. രോഗികളെ സുരക്ഷിത സ്ഥാനത്തേക്ക് എത്തിക്കാന്‍ ഏകദേശം 220 അഗ്നിശമന സേനാംഗങ്ങളെ വിന്യസിപ്പിച്ചിരുന്നു.
|
മഞ്ഞുമലയിടിഞ്ഞു; വെള്ളപ്പൊക്ക ഭീഷണയിൽ ഗ്രാമങ്ങൾ; ഒഴിപ്പിക്കൽ നടപടികൾ പുരോഗമിക്കുന്നു
ബ്ലാറ്റന്: സ്വിസ് പർവതനിരകളിലെ മഞ്ഞുമലയിടിച്ചിലിനെ തുടർന്ന് വെള്ളപ്പൊക്ക സാധ്യത കണക്കിലെടുത്ത് ഗ്രാമങ്ങളിൽ ഒഴിപ്പിക്കൽ നടപടികൾ പുരോഗമിക്കുന്നു. മഞ്ഞിന്റെ 2.5 കിലോമീറ്റർ നീളമുള്ള അവശിഷ്ടം ലോൻസ നദിയിൽ വീണു.
ഇതുമൂലം രൂപംകൊണ്ട തടാകം നിറഞ്ഞുകവിയുന്നത് കൂടുതൽ ഭീഷണിയായിട്ടുണ്ട്. സ്ഥിതി ശാന്തമാണെങ്കിലും ലോറ്റ്ഷെന്റൽ താഴ്വരയുടെ മുന്നിലുള്ള ഗാംപെൽ, സ്റ്റെറെഗ് ഗ്രാമങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കേണ്ടതുണ്ടെന്ന് അധികൃതർ അറിയിച്ചു.
സൈറൺ മുഴങ്ങിയാൽ ജനങ്ങൾക്ക് അവശ്യസാധനങ്ങളുമായി രണ്ടു മണിക്കൂറിനുള്ളിൽ വീടുകൾ വിട്ടുപോകണമെന്ന് അധികൃതർ അറിയിച്ചു. ചെളിയും അവശിഷ്ടങ്ങളും എപ്പോൾ വേണമെങ്കിലും താഴ്വരയിലേക്ക് പതിച്ചേക്കാം എന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
കൂറ്റൻ മഞ്ഞുപാളി ബ്ലാറ്റൻ ഗ്രാമത്തെ പൂർണമായും വിഴുങ്ങിയിട്ടുണ്ട്. സ്ഥലത്തെ ഹോട്ടൽ എഡൽവീസ് നിമിഷങ്ങൾക്കകം നശിച്ചു. ലോറ്റ്ഷെന്റൽ താഴ്വരയിലെ ഗ്രാമമായ ബ്ലാറ്റനിൽ നിന്ന് താമസക്കാരെ മുൻകൂട്ടി ഒഴിപ്പിച്ചിരുന്നതിനാൽ ആളപായം സംഭവിച്ചില്ല.
ലോറ്റ്ഷെന്റലിലെ ആകെ 365 ആളുകൾക്ക് വെള്ളിയാഴ്ച രാവിലെ വീടുകൾ വിട്ടുപോകേണ്ടിവന്നു. പലർക്കും വീടുകൾ നഷ്ടപ്പെട്ടു.
|
ജർമനിയിൽ 265 ഗ്രാം മാത്രം ഭാരമുള്ള പെൺകുഞ്ഞ് ജനിച്ചു
ബര്‍ലിന്‍: ജർമനിയിലെ ബവേറിയയിലെ പാസൗവിൽ 265 ഗ്രാം മാത്രം ഭാരമുള്ള ഒരു പെൺകുഞ്ഞ് ജനിച്ചു. തേർഡ് ഓർഡർ ചിൽഡ്രൻസ് ഹോസ്പിറ്റലിൽ ഗർഭാവസ്ഥയുടെ 26ാം ആഴ്ചയിൽ സിസേറിയൻ വഴിയാണ് കുഞ്ഞിനെ പുറത്തെടുത്തത്.
പാസൗ ജില്ലയിൽ നിന്നുള്ള മേരി എന്ന പെൺകുട്ടിയാണ് ഈ അത്ഭുതശിശു. ലോകമെമ്പാടുമുള്ള മാസംതികയാതെ ജനിച്ച ഏറ്റവും ചെറിയ ശിശുക്കളുടെ പട്ടികയിൽ ഈ കുട്ടി 14ാം സ്ഥാനത്താണ്.
സാധാരണയായി കുഞ്ഞുങ്ങൾ മൂന്ന് അല്ലെങ്കിൽ നാല് കിലോഗ്രാം ഭാരത്തോടെയാണ് ജനിക്കുന്നത്. മേരി ഒരു അത്ഭുതമാണ്. കാരണം കുട്ടി കൃതമായി പ്രതികരിക്കുന്നുണ്ടെന്ന് ചീഫ് ഫിസിഷ്യൻ മത്തിയാസ് കെല്ലർ പറഞ്ഞു.
കുട്ടിയുടെ ഭാരം ഇപ്പോൾ നാലിരട്ടിയിലധികം വർധിച്ചുവെന്നും ഇപ്പോഴും ചികിത്സയിലാണെന്നും കെല്ലർ കൂട്ടിച്ചേർത്തു.
|
അയർലൻഡിൽ പിതൃവേദി ഫുട്ബോൾ ടൂർണമെന്റ് ശനിയാഴ്ച
ഡബ്ലിൻ: അയർലൻഡ് സീറോമലബാർ സഭയുടെ ഡബ്ലിൻ റീജിണൽ പിതൃവേദിയുടെ നേതൃത്വത്തിൽ അഞ്ചാമത് ഫുട്ബോൾ ടൂർണമെന്റ് "ഡാഡ്സ് ഗോൾ 25' ശനിയാഴ്ച (ജൂൺ 7) നടക്കും.
ഡബ്ലിൻ ഫിനിക്സ് പാർക്ക് ഫുട്ബോൾ പിച്ചിൽ രാവിലെ ഒന്‍പത് മുതലാണ് മത്സരം. ഈ വർഷം മുതൽ ആദ്യമായി യുവാക്കൾക്കായി ജൂണിയർ ഫുട്ബോൾ ടൂർണമെന്റും (വയസ് 1625) ഇതേദിവസം നടക്കും.
ഡബ്ലിനിലെ സീറോമലബാർ കുർബാന സെന്ററുകളിൽനിന്നും ഓരോ ടീമുകൾ പങ്കെടുക്കുന്ന മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്ന ടീമിന് 501 യൂറോയും ട്രോഫിയും ലഭിക്കും. രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 301 യൂറോ, 201 യൂറോ വീതവും ട്രോഫിയും സമ്മാനമായി ലഭിക്കും. മികച്ച ഗോൾകീപ്പർക്കും സ്ട്രൈക്കർക്കും അവാർഡ് നൽകും.
യൂത്ത് ഫുട്ബോൾ മത്സരവിജയികൾക്ക് യഥാക്രമം 301, 201, 101 യൂറോയും ട്രോഫിയും ലഭിക്കും. ഈ സെവെൻസ് ടൂർണമെന്റിന്റെ രജിസ്ട്രേഷൻ ഫീസ് 100 യൂറോയും യുവജനങ്ങൾക്ക് 50 യൂറോയുമാണ്.
ഏവരേയും ഫുട്ബോൾ മത്സരത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി പിതൃവേദി റീജിയണൽ ഡയറക്ടർ ഫാ. സിജോ വെട്ടിക്കലും റീജിയണൽ പ്രസിഡന്റ് സിബി സെബാസ്റ്റ്യനും സെക്രട്ടറി ജിതു മാത്യുവും അറിയിച്ചു.
|
യുകെയിൽ മലയാളി നഴ്സ് പോലീസ് കസ്റ്റഡിയിൽ മരിച്ചു
ബെയിംഗ് സ്റ്റോക്ക്: മലയാളി നഴ്സ് യുകെയിൽ ദുരൂഹസാഹചര്യത്തിൽ പോലീസ് കസ്റ്റഡിയിൽ മരിച്ചു. പിറവം മണീട് കുന്നത്തുകളപ്പുരയിൽ ജോണിന്റെയും മോളിയുടെയും മകൻ എൽദോസാണ്(34) മരിച്ചത്.
ഇംഗ്ലണ്ടിലെ ബെയിംഗ് സ്റ്റോക്കിലാണ് സംഭവം. കുടുംബ പ്രശ്നങ്ങളെ തുടർന്ന് എൽദോസ് നാളുകളായി പോലീസ് കസ്റ്റഡിയിലായിരുന്നു. നഴ്സായ ഭാര്യയുടെ പരാതിയെ തുടർന്നാണ് എൽദോസിനെ കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞമാസം 27നു വെെകുന്നേരം നാട്ടിലെ ഫോണിൽ വിളിച്ചു എൽദോസ് മരിച്ചുവെന്ന് അറിയിക്കുകയായിരുന്നു. നേരത്തെ യുകെയിലുള്ള മാതൃസഹോദര ഭാര്യ സ്മിതയും മകനും സ്റ്റേഷനിലെത്തി എൽദോസിനെ കണ്ടിരുന്നു. ഫോണും എടിഎം കാർഡും എൽദോസ് ഇവർക്കു കൈമാറിയിരുന്നു.
നാട്ടിൽ നഴ്സിംഗ് പഠനം പൂർത്തിയാക്കിയതിനു ശേഷമാണു എൽദോസ് യുകെയിൽ എത്തിയത്. വ്യാഴാഴ്ച ഓക്സ്ഫഡിൽ പോസ്റ്റ്മോർട്ടം നടക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനു ശ്രമം ആരംഭിച്ചിട്ടുണ്ട്. നാലു വയസുള്ള മകളുണ്ട്.
|
ജര്‍മനിയും യുക്രെയ്നും സംയുക്തമായി ദീര്‍ഘദൂര ആയുധങ്ങള്‍ നിര്‍മിക്കുമെന്ന് മേർട്സ്
ബർലിൻ: ജർമനിയിലെത്തിയ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയും ജർമൻ ചാൻസലർ ഫ്രെഡറിക് മേർട്സും തമ്മിൽ കൂടിക്കാഴ്ച നടത്തി. ഇരുനേതാക്കളും ബർലിനിലെ ചാൻസലറിയിൽ സംയുക്ത പത്രസമ്മേളനവും നടത്തി.
റഷ്യൻ പ്രദേശത്തിനുള്ളിലെ ലക്ഷ്യങ്ങളെ കൃത്യമായി ആക്രമിക്കാൻ ശേഷിയുള്ള പുതിയ ദീർഘദൂര ആയുധങ്ങൾ വികസിപ്പിക്കാൻ യുക്രെയ്നെ സഹായിക്കുമെന്ന് മേർട്സ് പ്രഖ്യാപിച്ചു. തുടർന്ന് ഇരുരാജ്യങ്ങളുടെയും പ്രതിരോധ മന്ത്രിമാർ ദീർഘദൂര ആയുധ സംവിധാനങ്ങളുടെ നിർമാണത്തിനുള്ള ധാരണാപത്രത്തിൽ ഒപ്പുവച്ചു.
എന്നാൽ ആയുധങ്ങളുടെ സാങ്കേതിക വിശദാംശങ്ങളോ നിർമാതാക്കളുടെ പേരോ വെളിപ്പെടുത്തിയിട്ടില്ല. റഷ്യ യുക്രെയ്നിനെതിരേ ഏറ്റവും ശക്തമായ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തി ദിവസങ്ങൾക്ക് ശേഷമാണ് സെലൻസ്കിയുടെ ബർലിൻ സന്ദർശനം.
റഷ്യ സമാധാന ചർച്ചകൾക്ക് തടസം സൃഷ്ടിക്കുകയാണെന്ന് യുക്രെയ്ൻ പ്രസിഡന്റ് ആരോപിച്ചു. ഈ മാസം ആദ്യം അധികാരമേറ്റ മേർട്സ്, യുക്രെയ്നിനെ ശക്തമായി പിന്തുണയ്ക്കുന്നത് തുടരുമെന്ന് അറിയിച്ചു.
|
അതിവേഗ പൗരത്വ നടപടി റദ്ദാക്കി ജര്‍മനി: കുടുംബ പുനരേകീകരണത്തിനുള്ള നിയന്ത്രണങ്ങളും കര്‍ശനമാക്കി
ബര്‍ലിന്‍: വിദേശികളുടെ കുടുംബ പുനരേകീകരണവും പൗരത്വത്തിനുള്ള മാനദണ്ഡങ്ങളും ഉൾപ്പെടെ രാജ്യത്തിന്റെ കുടിയേറ്റ നയങ്ങൾ കാര്യക്ഷമമാക്കാൻ ലക്ഷ്യമിട്ടുള്ള രണ്ട് ബില്ലുകൾ ജര്‍മനിയുടെ ഫെഡറൽ കാബിനറ്റ് പാസാക്കി. ആഭ്യന്തര മന്ത്രി അലക്സാണ്ടർ ഡോബ്രിൻഡ് ഈ ബില്ലുകൾ അവതരിപ്പിച്ചത്.
അതിവേഗ പൗരത്വ നടപടി റദ്ദാക്കി
മന്ത്രിസഭ അംഗീകരിച്ച പ്രധാന മാറ്റങ്ങളിലൊന്ന്, ജര്‍മന്‍ പൗരത്വത്തിനായുള്ള മൂന്ന് വർഷത്തെ അതിവേഗ പൗരത്വ നടപടി റദ്ദാക്കിയതാണ്. "ടർബോ നാച്ചുറലൈസേഷൻ' എന്ന് വിശേഷിപ്പിക്കപ്പെട്ട ഈ അതിവേഗ പാത, ഉയർന്ന സംയോജനമുള്ള വിദേശികൾക്ക് അഞ്ച് വർഷത്തെ സാധാരണ കാലയളവിന് പകരം മൂന്ന് വർഷത്തിനുള്ളിൽ ജർമൻ പൗരത്വത്തിന് അപേക്ഷിക്കാൻ അവസരം നൽകിയിരുന്നു.
പുതിയ ബിൽ പ്രകാരം, പൗരത്വം നേടുന്നതിനുള്ള കുറഞ്ഞത് അഞ്ച് വർഷത്തെ താമസാനുഭവം ഇനി നിർബന്ധമാകും.യാഥാസ്ഥിതിക ക്രിസ്ത്യൻ യൂണിയൻ പാർട്ടികളും (സിഡിയു/സിഎസ്യു) മധ്യഇടതുപക്ഷ സോഷ്യൽ ഡെമോക്രാറ്റുകളും (എസ്പിഡി) അടങ്ങുന്ന ഭരണസഖ്യം ഈ പരിഷ്കരണം നേരത്തെ അംഗീകരിച്ചിരുന്നു.
നാച്ചുറലൈസേഷനിലേക്കുള്ള ഫാസ്റ്റ് ട്രാക്ക് പിൻവലിക്കുന്നത് യുക്തിസഹമായ നീക്കമാണെന്ന് എക്സ്പെർട്ട് കൗൺസിൽ ഓൺ ഇന്റഗ്രേഷൻ ആൻഡ് മൈഗ്രേഷന്റെ (എസ്വിആർ) ചെയർമാൻ വിൻഫ്രഡ് ക്ലൂത്ത് പറഞ്ഞു.
ഇത് ജർമൻ പൗരത്വം വളരെ എളുപ്പത്തിൽ ലഭിക്കുമെന്ന ധാരണ തിരുത്തുമെന്നും അവർ കൂട്ടിച്ചേർത്തു. മൂന്ന് വർഷത്തെ പാത നിലവിൽ വന്നതോടെ ചില ആളുകൾ സ്ഥിരതാമസത്തിന് യോഗ്യത നേടുന്നതിന് മുൻപുതന്നെ പൗരത്വത്തിന് യോഗ്യത നേടിയിട്ടുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.
കുടുംബ പുനരേകീകരണത്തിനുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി
മന്ത്രിസഭായോഗത്തിലെ രണ്ടാമത്തെ പ്രധാന തീരുമാനം വിദേശികളുടെ കുടുംബ പുനരേകീകരണത്തിനുള്ള നിയന്ത്രണങ്ങൾക്ക് അംഗീകാരം നൽകിയതാണ്. ജർമനിയിലേക്ക് ബന്ധുക്കളെ കൊണ്ടുവരാനുള്ള കുടിയേറ്റക്കാരുടെ അവകാശങ്ങൾ നിയന്ത്രിക്കുന്ന ആഭ്യന്തര മന്ത്രി ഡോബ്രിൻഡിന്റെ നിർദേശത്തിന് ജർമൻ മന്ത്രിസഭ അംഗീകാരം നൽകി.
അഭയാർഥികളുടെ കുടുംബ പുനരേകീകരണം നിയന്ത്രിക്കുന്ന ബില്ലിനാണ് മന്ത്രിസഭ അംഗീകാരം നൽകിയത്. ഇത് അഭയാർഥി ഗ്രൂപ്പുകൾക്ക് അവരുടെ കുടുംബങ്ങളെ ജർമനിയിലേക്ക് കൊണ്ടുവരാനുള്ള സാധ്യതകൾക്ക് തടസ്സമാകും.
കുടുംബ പുനരേകീകരണത്തിനുള്ള ഈ നിയന്ത്രണങ്ങൾ ജർമനിയിലെ "സബ്സിഡിയറി പ്രൊട്ടക്ഷൻ സ്റ്റാറ്റസ്' എന്നറിയപ്പെടുന്ന കുടിയേറ്റക്കാരെയാണ് പ്രധാനമായും ബാധിക്കുക. ഈ വിഭാഗത്തിൽ ഏകദേശം 3,50,000 വിദേശികൾ ജർമനിയിലുണ്ട്.
പൂർണമായ അഭയാർഥി പദവിയില്ലാത്തവരും എന്നാൽ അവരുടെ മാതൃരാജ്യങ്ങളിലെ രാഷ്ട്രീയ പീഡന ഭീഷണി കാരണം രാജ്യത്ത് തുടരാൻ അനുവദിക്കപ്പെട്ടവരുമായ ആളുകളാണിവർ. കുടുംബ പുനഃസമാഗമം താത്കാലികമായി നിർത്തിവയ്ക്കാനുള്ള പദ്ധതിയും ഇതിൽ ഉൾപ്പെടുന്നു.
അഭയാർഥികൾക്ക് അവരുടെ കുടുംബങ്ങളെ ജർമനിയിലേക്ക് കൊണ്ടുവരാൻ അനുവദിക്കുന്ന നിയമങ്ങൾ താത്കാലികമായി നിർത്തിവച്ചതിനെ ചില മനുഷ്യാവകാശ ഗ്രൂപ്പുകൾ വിമർശിക്കുന്നു. ആഭ്യന്തര മന്ത്രി അലക്സാണ്ടർ ഡോബ്രിൻഡ് ബുധനാഴ്ച മന്ത്രിസഭയിൽ അവതരിപ്പിച്ച ബിൽ പ്രകാരം, പരിമിതമായ സംരക്ഷണ പദവിയുള്ള അഭയാർഥികളുടെ കാര്യത്തിൽ ഈ സാധ്യത രണ്ട് വർഷത്തേക്ക് നിർത്തിവയ്ക്കും.
ജർമനിയിൽ അഭയമോ പൂർണ്ണ സംരക്ഷണമോ ലഭിച്ചിട്ടില്ലാത്ത അഭയാർഥികളെ പുതിയ നിയമങ്ങൾ ബാധിക്കും. സർക്കാർ കണക്കുകൾ പ്രകാരം, മാർച്ച് അവസാനം വരെ മൊത്തം 388,074 അഭയാർഥികൾ ജർമനിയിൽ താമസിച്ചിരുന്നു, അവരിൽ മുക്കാൽ ഭാഗവും സിറിയയിൽ നിന്നുള്ളവരാണ്.
അടിയന്തിര സാഹചര്യങ്ങളിൽ കരട് ബിൽ ഇളവുകൾ നൽകുന്നുണ്ട്. ഇതുവരെ, പ്രതിമാസം 1,000 പേർക്ക് അവരുടെ കുടുംബങ്ങളെ ജർമനിയിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞിരുന്നു, എന്നാൽ ഈ സാധ്യതയും ഇപ്പോൾ അവസാനിച്ചു.
|
പിഎസ്ജി വിജയം; പാരീസിൽ ആഘോഷങ്ങൾക്കിടെ ഉണ്ടായ അക്രമങ്ങളിൽ രണ്ട് മരണം
പാരീസ്: ചാന്പ്യൻസ് ലീഗ് ഫൈനലിൽ പിഎസ്ജി വിജയിച്ചതിനു പിന്നാലെ ആരാധകർ നടത്തിയ ആഘോഷം ദുരന്തത്തിൽ കലാശിച്ചു. രണ്ട് പേരുടെ ജീവനാണ് ആഘോഷങ്ങൾക്കിടെയുണ്ടായ അക്രമങ്ങളിൽ നഷ്ടപ്പെട്ടത്. പോലീസുമായുണ്ടായ ഏറ്റുമുട്ടലിലാണ് രണ്ട് പേർക്ക് ജീവൻ നഷ്ടമായത്.
പിഎസ്ജിയുടെ വിജയത്തിനു പിന്നാലെ ചാംപ്സ്എലിസീസ് അവന്യൂവിനും പിഎസ്ജിയുടെ പാർക്ക് ഡെസ് പ്രിൻസസ് സ്റ്റേഡിയത്തിനും സമീപം അക്രമം പൊട്ടിപ്പുറപ്പെടുകയായിരുന്നു. വിജയാഘോഷത്തിനിടെ ഫുട്ബോൾ ആരാധകർ പടക്കം പൊട്ടിക്കുകയും ബസ് ഷെൽട്ടറുകൾ തകർക്കുകയും കാറുകൾ നശിപ്പിക്കുകയും ചെയ്തു.
സംഭവത്തിൽ തലസ്ഥാനത്ത് 491 പേരെ അറസ്റ്റ് ചെയ്തതായും ഫ്രാൻസിലുടനീളം ആകെ 559 പേരെ അറസ്റ്റ് ചെയ്തതായും ഫ്രാൻസിന്റെ ആഭ്യന്തര മന്ത്രാലയം ഞായറാഴ്ച അറിയിച്ചു.
|
കുടുംബങ്ങൾ മനുഷ്യകുലത്തിന്റെ ഭാവി: ലെയോ മാർപാപ്പ
വത്തിക്കാൻ സിറ്റി: കൂട്ടായ്മയുടെയും വിശ്വാസത്തിന്റെയും സ്രോതസും മനുഷ്യകുലത്തിന്റെ ഭാവിയും കുടുംബങ്ങളാണെന്ന് ലെയോ പതിനാലാമൻ മാർപാപ്പ. ഐക്യത്തിനുവേണ്ടിയുള്ള യേശുവിന്റെ പ്രാർഥന ഉൾക്കൊള്ളുന്ന സുവിശേഷഭാഗം ഉദ്ധരിച്ചുകൊണ്ട്, ജീവന്റെ സ്രഷ്ടാവായ ദൈവത്തിന്റെ സ്നേഹത്തിൽനിന്നാണ് ഐക്യവും രക്ഷയും സംജാതമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
യേശു നല്കുന്ന ഈ ഐക്യം ഒന്നാമതായി ഒരു ദാനമാണെന്ന് മാർപാപ്പ ചൂണ്ടിക്കാട്ടി. ജൂബിലിവർഷത്തോടനുബന്ധിച്ച് കുടുംബം, കുട്ടികൾ, മുത്തശ്ശീമുത്തച്ഛന്മാർ, വയോജനങ്ങൾ എന്നിവരുടെ ജൂബിലി യാഘോഷ സമാപനത്തിന്റെ ഭാഗമായി സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ അർപ്പിച്ച വിശുദ്ധ കുർബാനയ്ക്കിടെ വചനപ്രഘോഷണം നടത്തുകയായിരുന്നു മാർപാപ്പ. ചത്വരം നിറഞ്ഞുകവിഞ്ഞ വിശ്വാസീസമൂഹം ആഹ്ലാദാരവത്തോടെയാണ് മാർപാപ്പയുടെ വാക്കുകൾ ശ്രവിച്ചത്.
നാം ജനിച്ചത് നമ്മുടെ നിശ്ചയപ്രകാരമല്ലെന്നും നാമെല്ലാവരും ഉടപ്പിറന്നവരാണെന്നുമുള്ള ഫ്രാൻസിസ് മാർപാപ്പയുടെ വാക്കുകൾ ലെയോ മാർപാപ്പ അനുസ്മരിച്ചു. ജനനനിമിഷം മുതൽ മനുഷ്യശിശു മറ്റുള്ളവരെ ആശ്രയിച്ചാണു വളരുന്നത്. ഇത്തരം ബന്ധങ്ങളുടെ ഫലമായാണ് നാം ജീവിച്ചിരിക്കുന്നത്.
അനുകന്പയും പരസ്പരമുള്ള കരുതലും കൈമാറുന്ന മനുഷ്യബന്ധങ്ങൾ സ്വതന്ത്രവും സ്വതന്ത്രമാക്കുന്നതുമാണ്. സംഘർഷവും അഭിപ്രായഭിന്നതയും നിറഞ്ഞ ലോകത്തിൽ ഓരോരുത്തരും തങ്ങളുടെ സ്നേഹം ക്രിസ്തുവിൽ ഉറപ്പിച്ചു നിർത്തണം. അങ്ങനെ ലോകത്തിലും സമൂഹത്തിലും നാം ഏവർക്കും സമാധാനത്തിന്റെ അടയാളമാകണം.
അടുത്തകാലത്തായി വിശുദ്ധ കുടുംബങ്ങളുടെ മാതൃകകൾ വർധിച്ചുവരുന്നുണ്ട്. വിശുദ്ധരായി നാമകരണം ചെയ്യപ്പെട്ട വിശുദ്ധ ചെറുപുഷ്പത്തിന്റെ മാതാപിതാക്കളെയും പോളണ്ടിൽനിന്നുള്ള ഉൽമ കുടുംബത്തെയും മാർപാപ്പ പരാമർശിച്ചു.
വിവാഹ ഉടന്പടി ലോകത്തെ മാറ്റിമറിക്കാൻ പോന്ന ഐക്യത്തിന്റെയും അനുരഞ്ജനത്തിന്റെയും ശക്തിയാണ്. സന്പൂർണവും വിശ്വസ്തവും ഫലദായകവുമായ സ്ത്രീപുരുഷ സ്നേഹമാണ് വിവാഹം. അതൊരു ഏട്ടിലെ പശുവല്ല, യാഥാർഥ്യമാണ്.
കുട്ടികൾ അനുകരിക്കേണ്ട സമഗ്രതയുടെ മാതൃകയാണത്. കുട്ടികൾ മാതാപിതാക്കളെ ബഹുമാനിക്കണമെന്നും അനുദിനം ജീവനുവേണ്ടി നന്ദി പറയണമെന്നും മാർപാപ്പ ഓർമിപ്പിച്ചു. മുത്തശ്ശീമുത്തച്ഛന്മാർ കുടുംബാംഗങ്ങളെ സ്നേഹപൂർവം ശുശ്രൂഷിക്കണം. ഭക്ഷണമേശയിലെ ആഹാരവും ഹൃദയങ്ങളിലെ സ്നേഹവും പോലെ തലമുറകളിലേക്കു വിശ്വാസം പകരുന്ന വേദിയാണു കുടുംബമെന്ന് മാർപാപ്പ കൂട്ടിച്ചേർത്തു.
|
ഫാ. ജെനി ആന്‍ഡ്രൂസ് കശീശയ്ക്ക് യാത്രയയപ്പ് നല്കി
ലിമെറിക്: അയർലൻഡിലെ ലിമെറിക് സെന്റ് സ്റ്റീഫന്‍സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളി വികാരി ഫാ. ജെനി ആന്‍ഡ്രൂസ് കശീശയ്ക്ക് ഇടവകാംഗങ്ങളുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്കി.
വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം പള്ളിയങ്കണത്തിൽ സംഘടിപ്പിച്ച ചടങ്ങില്‍ സെക്രട്ടറി ബിപിന്‍ അറയ്ക്കക്കുടി അധ്യക്ഷത വഹിച്ചു.
ഭദ്രാസന കൗണ്‍സില്‍ അംഗം സാന്‍ജോ മാടശേരില്‍ ആശംസകള്‍ അര്‍പ്പിച്ചു. ഫാ. ജെനി ആന്‍ഡ്രൂസ് മറുപടി പ്രസംഗം നടത്തി. സ്ഥലം മാറി പോകുന്ന ഫാ. ജെനിക്ക് ഇടവകയുടെ ഉപഹാരം പള്ളി ഭാരവാഹികള്‍ ചേര്‍ന്ന് സമ്മാനിച്ചു.
|
സീന മെമ്മോറിയൽ ക്രിക്കറ്റ് ടൂർണമെന്റ്; തുടർച്ചയായി നാലാം തവണയും എൽജിആർ
സാലിസ്ബറി: സാലിസ്ബറി മലയാളി അസോസിയേഷൻ സംഘടിപ്പിച്ച അഞ്ചാമത് സീന മെമ്മോറിയൽ ടി10 ക്രിക്കറ്റ് ടൂർണമെന്റിന് ആവേശകരമായ പരിസമാപ്തി. റോംസി ഹണ്ട്സ് ഫാം പ്ലെയിംഗ് ഫീൽഡിൽ സംഘടിപ്പിച്ച ടൂർണമെന്റിൽ യുകെയിലെ കരുത്തരായ എട്ട് ടീമുകളാണ് രണ്ട് ഗ്രൂപ്പുകളിലായി നടന്ന മത്സരങ്ങളിൽ ഏറ്റുമുട്ടിയത്.
ഞായറാഴ്ച രാവിലെ 9.30ന് ആരംഭിച്ച ടൂർണമെന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം യുക്മ ദേശീയ സെക്രട്ടറി ജയകുമാർ നായർ നിർവഹിച്ചു. പ്രസിഡന്റ് എം.പി. പത്മരാജിന്റെ അധ്യക്ഷതയിൽ ആരംഭിച്ച യോഗത്തിൽ സെക്രട്ടറി ജിനോയ്സ് തോമസ് സ്വാഗതം ആശംസിച്ചു.
ട്രഷറർ ഷാൽമോൻ പങ്കേത്ത്, സ്പോർട്സ് കോഓർഡിനേറ്റർമാരായ നിശാന്ത് സോമൻ, റിയാ ജോസഫ്, രക്ഷാധികാരി ഷിബു ജോൺ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ഫോക്കസ് ഫിൻഷുവർ ലിമിറ്റഡ്, കഫേ ദീവാലി, നാച്ചുറൽ ഫുഡ്സ് തുടങ്ങിയ പ്രമുഖരാണ് ടൂർണമെന്റിന്റെ സ്പോൺസർമാർ.
ആദ്യമത്സരത്തിൽ ഗ്രൂപ്പ് എയിൽ എസ്എം 24 ഫോക്സ് ഇലവൻ ബ്രഹ്മർ ദ്രവീഡിയൻസ് സാലിസ്ബെറിയെ പരാജയപ്പെടുത്തിയപ്പോൾ ഗ്രൂപ്പ് ബിയിൽ രണ്ടാമത്തെ പിച്ചിൽ നടന്ന മത്സരത്തിൽ ഗള്ളി ഓക്സ്ഫോർഡ് സ്വിണ്ടൻ സിസിയെ പരാജയപ്പെടുത്തി.
ഫൈനലിൽ കേരള രഞ്ജി താരം രാഹുൽ പൊന്നന്റെ മികവിൽ 110 എന്ന കൂറ്റന്‍ സ്കോറിലേക്ക് നീങ്ങിയ എസ്എം 24 ഫോക്സ് ഇലവൻ ഒരു ഘട്ടത്തിൽ വിജയം ഉറപ്പിച്ചിരുന്നതാണ്. എന്നാൽ രണ്ടാം ഇന്നിംഗ്സിൽ ആറ് ഓവറിനു ശേഷം ഇടിമിന്നലായി മാറിയ ബാബു വീട്ടിലിന്റെ മികവിൽ അത്യന്തം ആവേശകരമായി അവസാന ഓവറിൽ എൽജിആർ വിജയം തട്ടിയെടുക്കുകയായിരുന്നു.
വൈകുന്നേരം നടന്ന സമാപന ചടങ്ങിൽ സെമിഫൈനലിൽ പ്ലെയർ ഓഫ് ദ മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ട എസ്എം 24 ഫോക്സ് ഇലവന്റെ ആദിത്യ ചന്ദ്രന് സാലിസ്ബറി മലയാളി അസോസിയേഷൻ എക്സിക്യൂട്ടീവ് അംഗം സാബു ജോസഫും രണ്ടാം സെമിഫൈനലിൽ പ്ലെയർ ഓഫ് ദ മാച്ച് ആയ എൽജിആറിന്റെ പ്രെയിസൻ ഏലിയാസിന് എസ്എംഎ വൈസ് പ്രസിഡന്റ് ലിനി നിനോയും ട്രോഫികൾ സമ്മാനിച്ചു.
പ്ലെയർ ഓഫ് ദ ഫൈനലായി തെരഞ്ഞെടുക്കപ്പെട്ട ബാബു വീട്ടിലിന് എസ്.എം.എ എക്സിക്യൂട്ടീവ് അംഗം അരുൺ കൃഷ്ണൻ, ബെസ്റ്റ് ബാറ്റ്സ്മാൻ (പ്രെയിസൻ ഏലിയാസ് 108 റൺസ്), മികച്ച ബൗളർ ( ബാബു വീട്ടിൽ ആറ് വിക്കറ്റ്) എന്നിവർക്ക് എസ്എംഎ ജോയിന്റ് സെക്രട്ടറി ആൻമേരി സന്ദീപ്, പിആർഒ ഡിനു ഡൊമിനിക് എന്നിവർ ട്രോഫികൾ കൈമാറി.
മികച്ച അമ്പയർമാർക്കുള്ള പുരസ്കാരങ്ങൾ എക്സിക്യൂട്ടീവ് അംഗങ്ങളായ റോഷ്ണി വൈശാഖ്, ബിബിൻ എന്നിവരും കൈമാറി. ടൂർണമെന്റിന്റെ ജേതാക്കളായ എൽജി ആറിന് മുഖ്യ സ്പോൺസർമാരായ ഫോക്കസ് ഫിൻഷുവറിന് വേണ്ടി ജിനോയിസ് തോമസ് ട്രോഫിയും സമ്മാനത്തുകയായ ആയിരം പൗണ്ടും സമ്മാനിച്ചു.
എൽജിആർ നായകൻ കിജി സീന മെമ്മോറിയൽ എവർറോളിംഗ് ട്രോഫി രക്ഷാധികാരി ഷിബു ജോണിന്റെ കെെയിൽ നിന്നും ഏറ്റുവാങ്ങി. ടൂർണമെന്റ് റണ്ണേഴ്സ് അപ്പായ എസ്എം 24 ഫോക്സ് ഇലവന് പ്രശസ്ത ഇൻസ്റ്റഗ്രാം ഇൻഫ്ലുവെൻസർ അൻവിൻ ജോസ് ട്രോഫി സമ്മാനിച്ചപ്പോൾ കോസ്പോൺസർമാരായ കഫെ ദീവാലി (റഷീദ്) നാച്ചുറൽ ഫുഡ്സ് (സ്റ്റെഫിൻ) എന്നിവർ സമ്മാനത്തുകയായ 500 പൗണ്ടും താരങ്ങൾക്കുള്ള മെഡലുകളും കൈമാറി.
ടൂർണമെന്റിന്റെ നെടുംതൂണായി ഏവരെയും ഏകോപിപ്പിച്ച നിഷാന്ത് സോമൻ, മിതമായ നിരക്കിൽ ഭക്ഷണം നൽകിയ ടെർമറിക് കിച്ചൻ, കളിക്കാർ, കാണികൾ തുടങ്ങിയവർക്ക് എസ്എംഎ എക്സിക്യൂട്ടീവ് ബിജു ഏലിയാസ് നന്ദി അർപ്പിച്ചു.
എസ്എംഎയ്ക്ക് വേണ്ടി ബിടിഎം ഫോട്ടോഗ്രാഫി (ബിജു മൂന്നാനപ്പിള്ളിൽ), മീഡിയ ടീം അംഗങ്ങളായ പ്രശാന്ത്, അഖിൽ ജോസഫ് തുടങ്ങിയവർ പകർത്തിയ ചിത്രങ്ങൾ കാണുവാൻ സാലിസ്ബറി മലയാളി അസോസിയേഷന്റെ ഫേയ്സ്ബുക്ക് പേജ് സന്ദർശിക്കുക.
ലിങ്ക് ചുവടെ: https://www.facebook.com/share/1Ap81QKL6K/
|
ഡോ. മാത്യൂസ് മാര്‍ പോളികാര്‍പ്പോസിന് പ്രാർഥനാംശംസകള് നേര്‍ന്നു
ബെര്‍ലിന്‍: മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ മാവേലിക്കര ഭദ്രാസനത്തിന്റെ നിയുക്ത മെത്രാനായി നിയോഗിക്കപ്പെട്ട ഡോ. മാത്യൂസ് മാര്‍ പോളികാര്‍പ്പോസിന് പ്രാര്ഥനാംശംസകള് നേര്‍ന്ന് ജര്‍മനിയിലെ മലങ്കര സമൂഹം.
പുതിയ മെത്രാനായി സ്ഥാനമേല്‍ക്കുന്ന ഡോ.മാത്യൂസ് മാര്‍ പോളികാര്‍പ്പോസിന് ജര്‍മനിയിലെ മലങ്കര സഭാ കോഓര്‍ഡിനേറ്റര്‍ ഫാ.സന്തോഷ് തോമസ് കോയിക്കല്‍, റവ.ഡോ.ജോസഫ് ചേലമ്പറമ്പത്ത് (ബോണ്‍), ജര്‍മനിയിലെ മലങ്കര സമൂഹം പാസ്റ്റല്‍ കൗണ്‍സില്‍ അംഗങ്ങള്‍, വിവിധ മിഷന് യൂണിറ്റ് ഭാരവാഹികള്‍ തുടങ്ങിയവരാണ് ആശംസകളും പ്രാര്‍ഥനകളും നേര്‍ന്നത്.
നിലവിലെ മെത്രാന് ജോഷ്വ മാര്‍ ഇഗ്നേഷ്യസ് തല്‍സ്ഥാനത്തുനിന്നും വിരമിയ്ക്കുന്ന ഒഴിവിലേക്കാണ് പുതിയ നിമനം. നിലവില്‍ തിരുവനന്തപുരം അതിരൂപതയുടെ സഹായമെത്രാനാണ് ഡോ. മാത്യൂസ് മാര്‍ പോളികാര്‍പ്പോസ്.
|
യുബിഎംഎയ്ക്ക് നവ നേതൃത്വം
ബ്രിസ്റ്റോള്‍: 13ാം വര്‍ഷത്തിലേക്ക് കടന്നിരിക്കുന്ന യുണൈറ്റഡ് ബ്രിസ്റ്റോള്‍ മലയാളി അസോസിയേഷന് നവ നേതൃത്വം. ബ്രിസ്റ്റോളിലെ സാമൂഹിക സേവന രംഗത്ത് സജീവമായ യുബിഎംഎ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ആനുവല്‍ ജനറല്‍ ബോഡി മീറ്റിംഗില്‍ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളില്‍ നിന്ന് സെന്റ് ഗ്രിഗറി ചര്‍ച്ച് ഹാളില്‍ വച്ച് നടന്ന മീറ്റിംഗില്‍ നവ നേതൃത്വത്തെ തീരുമാനിക്കുകയായിരുന്നു.
യുബിഎംഎ പ്രസിഡന്റായി ജോബിച്ചന് ജോര്‍ജിനെ തെഞ്ഞെടുത്തു. സെക്രട്ടറിയായി ജാക്സണ് ജോസഫിനേയും ട്രഷററായി ഷിജു ജോര്‍ജിനേയും തെരഞ്ഞെടുത്തു.
വൈസ് പ്രസിഡന്റായി ബിനു പി. ജോണിനേയും ജോയിന്റ് സെക്രട്ടറിയായി സെബിയാച്ചന്‍ പൗലോയേയും ജോയിന്റ് ട്രഷററായി റെജി തോമസിനേയും പിആര്‍ഒയായി ജെഗി ജോസഫിനേയും തെരഞ്ഞെടുത്തു.
മറ്റ് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍: ആര്‍ട്ട്സ് ആന്‍ഡ് സ്പോര്‍ട്സ് കോഓര്‍ഡിനേറ്റര്‍മാര്‍: ഷിബു കുമാര്‍, സബിന്‍ ഇമാനുവല്‍, പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍മാര്‍: സോണിയ റെജി, ജിബി സബിന്‍, റെജി തോമസ്.
ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി ഓഫീസര്‍: ജെയ് ചെറിയാന്, ഫുഡ് കോഓര്‍ഡിനേറ്റേഴ്സ്: ബിജു പപ്പാരില്‍, ജോമോന് മാമച്ചന്, സോണി ജെയിംസ്. വുമണ്‍ കോഓര്‍ഡിനേറ്റേഴ്സ്: സോണിയ സോണി. യുക്മ റെപ്രസെന്റേറ്റീവ്സ്: റെജി തോമസ്, ഷിജു ജോര്‍ജ്, ബ്രിസ്ക റപ്രസെന്റേറ്റീവ്സ്: ജോബിച്ചന് ജോര്‍ജ്, മെജോ ചെന്നേലില്‍.
ജൂണ്‍ 21ന് എല്ലാവര്‍ഷവും നടത്താറുള്ളതുപോലെ തന്നെ യുബിഎംഎയുടെ ബാര്‍ബിക്യൂ നടത്തും. എല്ലാവര്‍ഷത്തേയും പോലെ ഇക്കുറിയും സെപ്റ്റംബര്‍ ആറിന് ഓണാഘോഷവും നടക്കും.
എല്ലാവര്‍ഷവും മൂന്നു വ്യത്യസ്ത ചാരിറ്റികള്‍ നടത്താറുള്ള യുബിഎംഎ ഈ വര്‍ഷവും ഇതിനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകും.
|
കാണികൾ വിധികർത്താകളാകുന്ന കൈരളി നികേതന്റെ നൃത്ത മത്സരം വിയന്നയില്‍
വിയന്ന: കൈരളി നികേതന്‍ വിയന്നയുടെ ആഭിമുഖ്യത്തില്‍ ശനിയാഴ്ച സംഘടിപ്പിക്കുന്ന ഇന്ത്യൻ ഗ്രൂപ്പ് ഡാന്‍സ് മത്സരങ്ങളില്‍ ചെക്ക് റിപ്പബ്ലിക്കിൽ നിന്നുള്ള ടീം ഉൾപ്പെടെ നിരവധി ടീമുകള്‍ പങ്കെടുക്കും.
കാണികളുടെ വോട്ടിലൂടെയാണ് വിജയികളെ തെരഞ്ഞെടുക്കുന്നത്. മൊബൈൽ ഉപയോഗിച്ച് സ്കാൻ ചെയ്യുന്ന ക്യുആർ കോഡിന്റെ സഹായത്തോടെയാണ് കാണികൾ വിജയികളെ തീരുമാനിക്കുന്നത്. പ്രത്യേക ജൂറി ഇല്ലാത്ത മത്സരത്തിൽ കാണികൾ തന്നെ വിധികർത്താകളാകുന്നുവെന്നതാണ് ഈ മത്സരത്തെ വേറിട്ടതാക്കുന്നത്.
വിജയിക്കുന്നവര്‍ക്ക് ട്രോഫിയോടൊപ്പം കാഷ് അവാര്‍ഡും ലഭിക്കുന്നതായിരിക്കും. ഒന്നാം സമ്മാനം 500 യൂറോയും രണ്ടാം സമ്മാനം 300 യൂറോയും മൂന്നാം സമ്മാനം 200 യൂറോയും മികച്ച ജനപ്രിയ ടീമിന് ട്രോഫിയും 200 യൂറോയും ലഭിക്കും.
സ്ഥലം: വിഎച്ച്എസ് ഫ്ലോറിഡ്സ്ഡോർഫ്, സമയം: വൈകുന്നേരം നാല് മുതൽ, തീയതി: 31 മേയ്.
ക്ലീമാപ്രൊ, ജോയൽ ജോർജ് കുഴിയിൽ, എയർ അറേബ്യ, പ്രോസി, കറി വൈബ്സ്, ഫ്ലോറിഡ്സ്ഡോർഫ് ജില്ലാധികാരികൾ, ഡീൽ 24 തുടങ്ങിയ കമ്പനികൾ സ്പോണ്‍സർമാരാകുന്ന മത്സരത്തിൽ മികച്ച സമ്മാനങ്ങളുമായി തമ്പോല മത്സരവും ഉണ്ടായിരിക്കും.
പ്രവേശനം സൗജന്യമായ മത്സര മാമാങ്കത്തിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.
|
എയ്ൽസ്ഫോർഡ് ഒരുങ്ങി; മരിയൻ തീർഥാടനം ശനിയാഴ്ച
എയ്ൽസ്ഫോർഡ്: പരിശുദ്ധ ദൈവമാതാവ് വിശുദ്ധ സൈമൺ സ്റ്റോക്കിന് പ്രത്യക്ഷപ്പെട്ട് ഉത്തരീയം (വെന്തിങ്ങ) സമ്മാനിച്ചതിലൂടെ വിഖ്യാതമായ എയിൽസ്ഫോർഡിലേക്ക് ഗ്രേറ്റ് ബ്രിട്ടൻ രൂപത ക്രമീകരിക്കുന്ന മരിയൻ തീർഥാടനം ശനിയാഴ്ച നടക്കും.
കർമല നാഥയുടെ സന്നിധിയിലേക്ക് ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ നേതൃത്വം നൽകുന്ന തീർഥാടനത്തിൽ ആയിരക്കണക്കിന് വിശ്വാസികൾ അണിചേരും. ഇത് എട്ടാം തവണയാണ് രൂപതയുടെ ആഭിമുഖ്യത്തിൽ എയിൽസ്ഫോർഡിലേക്ക് തീർഥാടനം നടക്കുന്നത്.
രൂപതയുടെ ലണ്ടൻ, കാന്റർബറി റീജിയണുകളും എയ്ൽസ്ഫോർഡ് ഔർ ലേഡി ഓഫ് മൗണ്ട് കാർമൽ മിഷനുമാണ് തീർഥാടനത്തിന്റെ ചുമതല വഹിക്കുന്നത്. ശനിയാഴ്ച രാവിലെ 11ന് കൊടിയേറ്റ്, നേർച്ച സ്വീകരണം, 11.15ന് ജപമാല പ്രദക്ഷിണം, 1.15ന് പ്രസുദേന്തി വാഴ്ച എന്നിവ നടക്കും.
1.30 നാണ് ആഘോഷമായ വിശുദ്ധകുർബാന. തുടർന്ന് 3.30ന് ലദീഞ്ഞ്, ആഘോഷമായ തിരുനാൾ പ്രദക്ഷിണം. 4.30ന് സമാപനാശീർവാദം, ഫ്ളോസ് കാർമലി പ്രദക്ഷിണം, അഞ്ചിന് സ്നേഹവിരുന്ന്.
തീർഥാടനത്തോടനുബന്ധിച്ചു തിരുനാൾ പ്രസുദേന്തിയാകുന്നതിനും നേർച്ചകാഴ്ചകൾ സമർപ്പിക്കുന്നതിനും കഴുന്ന്, മുടി എന്നിവ എഴുന്നള്ളിക്കുന്നതിനും അടിമ വയ്ക്കുന്നതിനും കുമ്പസാരത്തിനും പ്രത്യേക സൗകര്യം ഉണ്ടായിരിക്കും.
തീർഥാടകർക്കായി കാറുകളും കോച്ചുകളും പാർക്ക് ചെയ്യുന്നതിന് വിശാലമായ പാർക്കിംഗ് സൗകര്യം ഉണ്ടായിരിക്കും. വിമൻസ് ഫോറത്തിന്റെയും എസ്എംവെെഎമ്മിന്റെയും നേതൃത്വത്തിൽ മിതമായ നിരക്കിൽ സ്നാക്ക്, ടീ, കോഫീ കൗണ്ടറുകളും ക്രമീകരിച്ചിട്ടുണ്ട്.
കർമലീത്താ സഭയുടെ പ്രിയോർ ജനറലായിരുന്ന വിശുദ്ധ സൈമൺ സ്റ്റോക്കിന് 1251 ജൂലൈ 16നാണ് പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ട് ഉത്തരീയം നൽകിയത്. വെന്തിങ്ങ ധരിക്കുന്നവരെ രോഗപീഡ, ആപത്തുകൾ എന്നിവയിൽനിന്ന് പ്രത്യേകമായി സംരക്ഷിക്കുമെന്ന വാഗ്ദാനം നൽകപ്പെട്ടതും ഇവിടെ വെച്ചുതന്നെ. ഉത്തരീയ ഭക്തിയുടെ ആരംഭവും ഇവിടെ നിന്നുതന്നെയായിരുന്നു.
കർമലമാതാവിന്റെ അനുഗ്രഹാരാമത്തിലേക്ക് നടത്തപ്പെടുന്ന തീർഥാടനത്തിലേക്കും തിരുക്കർമങ്ങളിലേക്കും ഏവരെയും സ്നേഹപൂർവം ക്ഷണിക്കുന്നതായി പിൽഗ്രിമേജ് കോഓർഡിനേറ്റർ ഫാ. ഷിനോജ് കളരിക്കൽ അറിയിച്ചു.
പ്രസുദേന്തി ആകുവാൻ താത്പര്യമുള്ളവർ താഴെകാണുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. https://forms.gle/wJxzScXoNs6se7Wb6
കൂടുതൽ വിവരങ്ങൾക്ക്: ഫാ. ഷിനോജ് കളരിക്കൽ 07920690343, വിലാസം: The Friars, Aylesford, Kent, ME20 7BX.
|
കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് എൻജിനിയറിംഗ് മേഖല അവാര്‍ഡ്: ഫൈനലിസ്റ്റായി റിനെറ്റ് സെബാസ്റ്റ്യന്‍
ലണ്ടൻ: യൂറോപ്പിലെ കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് എൻജിനിയറിംഗ് മേഖലയിലെ മികവിന് വനിതകള്‍ക്ക് നല്കപ്പെടുന്ന പ്രധാന അംഗീകാരങ്ങളിലൊന്നായ വിമന്‍ ഇന്‍ കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് എൻജിനിയറിംഗ് അവാര്‍ഡ്സ് 2025ല്‍ റിനെറ്റ് സെബാസ്റ്റ്യന്‍ കണ്‍സ്ട്രക്ഷന്‍ പ്ലാനര്‍ വിഭാഗത്തില്‍ ഫൈനലിസ്റ്റായി തെരഞ്ഞെടുക്കപ്പെട്ടു.
ബ്രിട്ടനിലെ മലയാളി അസോസിയേഷനുകളുടെ കൂട്ടായ്മയായ യുക്മയുടെ പ്രസിഡന്റായ അഡ്വ എബി സെബാസ്റ്റ്യന്റെ ഭാര്യയാണ് റിനെറ്റ്. നിലവില്‍ ജെ. മര്‍ഫി&സണ്‍സ് ലിമിറ്റഡില്‍ പ്ലാനിംഗ് & പ്രോജക്ട് കണ്ട്രോള്സ് മാനേജരായ റിനെറ്റ്, യുകെയിലെ ഏറ്റവും സങ്കീര്‍ണമായ ചില കണ്‍സ്ട്രക്ഷന്‍ പ്രോജക്ടുകളുടെ വിജയകരമായ നടത്തിപ്പിന് നേതൃത്വം നല്കുന്നതില് പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.
സാങ്കേതിക മികവും തന്ത്രപരമായ കാഴ്ചപ്പാടും മാത്രമല്ല, പരമ്പരാഗതമായി പുരുഷാധിപത്യമുള്ള ഒരു മേഖലയില്‍ നിര്‍ണായകമായ പ്രോജക്ടുകളെ മുന്നോട്ട് കൊണ്ടുപോകുന്നതിലുള്ള സുപ്രധാന പങ്കാളിത്തവും അവാര്‍ഡിന് പരിഗണിക്കപ്പെടുന്നതിന് കാരണമായി.
യൂറോപ്പിലെ കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് എൻജിനിയറിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വനിതകളില്‍ നേതൃത്വം പാടവം, നവീന ആശയങ്ങള്‍, സ്വാധീനശേഷി എന്നിവ പ്രകടമാക്കുന്ന നേട്ടങ്ങളെ ഉയര്‍ത്തിക്കാട്ടുന്ന ഏറ്റവും അഭിമാനകരമായ അംഗീകാരങ്ങളില്‍ ഒന്നാണ് ഈ അവാര്‍ഡ്.
യൂറോപ്പിലെ മുന്‍നിര എൻജിനിയറിംഗ് കമ്പനികളില്‍ പ്രവര്‍ത്തിക്കുന്നവരില്‍ നിന്നും നൂറുകണക്കിന് നോമിനേഷനുകള്‍ ലഭിക്കുന്നതില്‍ നിന്നും ഫൈനലിസ്റ്റായി തെരഞ്ഞെടുക്കപ്പെടുക എന്നുള്ളത് അസാധാരണമായ നേട്ടമാണ്.
കണ്‍സ്ട്രക്ഷന്‍ എൻജിനിയറിംഗ് മേഖലയിലുടനീളം വനിതകള്‍ നല്കുന്ന സുപ്രധാന സംഭാവനകളെ അംഗീകരിക്കുകയും അതില്‍ മാതൃകയാവുന്നവരെ ആദരിച്ച് വരും തലമുറയിലെ വനിതകളെ പ്രചോദിപ്പിക്കുകയുമാണ് ഈ അവാര്‍ഡിന്റെ ലക്ഷ്യം.
എൻജിനിയറിംഗ് & കണ്‍സ്ട്രക്ഷന്‍ രംഗത്തെ യുകെയിലെ മുന്‍നിര കമ്പനികളിലൊന്നായ ജെ. മര്‍ഫി & സണ്‍സില്‍, രാജ്യത്തെ അടിസ്ഥാന സൗകര്യ വികസനത്തിലെ വലിയ തോതിലുള്ള പദ്ധതികളുടെ സുഗമമായ ഏകോപനം ഉറപ്പാക്കിക്കൊണ്ട്, പ്രോജക്ട് ഷെഡ്യൂളുകളുടെ രൂപീകരണത്തിനും നിര്‍വഹണത്തിനും റിനെറ്റ് നേതൃത്വം നല്കുന്നു.
സമയപരിധിക്കുള്ളില്‍ വെല്ലുവിളികളെ നേരിട്ട് പദ്ധതികളുടെ ആസൂത്രണം മുതല്‍ നിര്‍വഹണം വരെയുള്ള നിര്‍മാണത്തിന്റെ ഓരോ ഘട്ടവും സംഘടിപ്പിക്കുന്നത് ഏറെ ശ്രമകരമാണ്.
വിശദമായ പ്രോജക്റ്റ് ഷെഡ്യൂളുകള്‍ സൃഷ്ടിക്കുക, വിവിധ വിഷയങ്ങളിലെ ടീമുകളെ വിന്യസിക്കുക, അപകടസാധ്യതകള്‍ മുന്‍കൂട്ടി കണ്ട് ലഘൂകരിക്കുന്നതിനുള്ള നടപടികള്‍, നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതിയനുസരിച്ച് സമയാസമയങ്ങളില്‍ പദ്ധതികള്‍ ക്രമീകരിക്കുക, സമയപരിധി, ബജറ്റുകള്‍, ഗുണനിലവാരം എന്നിവ സന്തുലിതമാക്കുക എന്നിവ ഒരു കണ്‍സ്ട്രക്ഷന്‍ പ്ലാനര്‍ എന്ന നിലയിലുള്ള ഉത്തരവാദിത്വങ്ങളാണ്.
രണ്ട് പതിറ്റാണ്ട് പിന്നിട്ട തന്റെ എൻജിനിയറിംഗ് കരിയറില്‍, യുകെയിലെ ഏറ്റവും ശ്രദ്ധേയമായ സംരംഭങ്ങളില്‍ റിനെറ്റ് പ്രവര്‍ത്തിച്ചിട്ടുണ്ട്. ലണ്ടനിലെ തേംസ് നദിയെ ശുദ്ധമാക്കാനുള്ള 900 മില്യണ്‍ പൗണ്ട്പദ്ധതിയായ തെയിംസ് ടൈഡ്വേ ടണല്‍, യുകെയിലെ ഊര്‍ജ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നിര്‍ണായകമായ ഐല്‍ ഓഫ് ഗ്രെയിന്‍ ഗ്യാസ് ഫെസിലിറ്റി, 10,000ത്തിലധികം വീടുകളിലേക്ക് വൈദ്യുതി വിതരണത്തിനായുള്ള ബാര്‍ക്കിംഗ് 132 കെ.വി സ്വിച്ച് ഗിയര്‍ റീപ്ലേസ്മെന്റ് പ്രോജക്റ്റ്, റിന്യൂവബള്‍ എനര്‍ജി പ്രൊജക്ടായ ഷെഫീല്‍ഡ് മെഡോഹാള്‍ ഇഓണ്‍ പ്ലാന്റ് എന്നിവ അവയില്‍ ചിലതാണ്.
ജെ. മര്‍ഫി & സണ്‍സ് ലിമിറ്റഡില്‍ സീനിയര്‍ പ്ലാനര്‍, ലെയിംഗ് ഒ'റൂര്‍ക്ക് കമ്പനിയില്‍ പ്രോജക്റ്റ് പ്ലാനര്‍, എഇകോം ഡിസൈന്‍ ബില്‍ഡ് (യുകെ)ല്‍ പ്ലാനിംഗ് എൻജിനിയര്‍ എന്നിങ്ങനെയും പ്രവര്‍ത്തിച്ചിട്ടുണ്ട്.
കര്‍ണാടകയിലെ സുള്ള്യ കെവിജി കോളജ് ഓഫ് എൻജിനിയറിംഗില്‍ നിന്ന് സിവില്‍ എൻജിനിയറിംഗില്‍ ബിരുദം നേടിയ റിനറ്റ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിൽ (ഇന്ത്യ) പ്ലാനിംഗ് എൻജിനിയറായി ജോലി ചെയ്ത ശേഷമാണ് 2007ല്‍ യുകെയിലെത്തുന്നത്.
ജെ. മര്‍ഫി & സണ്‍സ് ലിമിറ്റഡില്‍ ഫ്യൂച്ചര്‍ ലീഡര്‍ഷിപ്പ് പ്രോഗ്രാമിന്റെ ഭാഗമായുള്ള നേതൃത്വ പരിശീലനവും തുടരുന്നു.
കണ്ണൂര്‍ എടൂര്‍ പാറേക്കുന്നേല്‍ പി.ജെ. സെബാസ്റ്റ്യന്മാര്ഗ്രറ്റ് ദമ്പതികളുടെ മകളാണ്. ഭര്‍ത്താവ് കോട്ടയം കുറവിലങ്ങാട് കണ്ണംകുളം അഡ്വ. എബി കെ. സെബാസ്റ്റ്യന്‍ (യുക്മ ദേശീയ പ്രസിഡന്റ്).
|
കാരുണ്യത്തിന്റെ കരസ്പർശവുമായി "വീടൊരുക്കാം വാഴ്വിലൂടെ' ഒക്ടോബർ നാലിന്
ലണ്ടൻ: യുകെ ക്നാനായ കാത്തലിക് മിഷനുകളുടെ വാർഷിക കുടുംബ സംഗമമായ "വാഴ്വ് 2025' ആധ്യാത്മികതയുടെ തികവിലും ആഘോഷങ്ങളുടെ ആരവങ്ങൾക്കുമൊപ്പം ഇത്തവണ ജീവകാരുണ്യത്തിന്റെ കെെയോപ്പ് കൂടി ചാർത്താൻ തയാറെടുക്കുന്നു.
ഇതാദ്യമായിട്ടാണ് യുകെയിലെ ക്നാനായ കത്തോലിക്കാ സമൂഹം ആഘോഷങ്ങളുടെ ഭാഗമായി നാട്ടിലെ നിരാലംബരായ ക്നാനായ കുടുംബത്തിന് ഭവനമൊരുക്കുന്നത്. ഇതിനായി വാഴ്വിന് ലഭിക്കുന്ന സംഭാവനകളിൽ നിന്ന് പത്ത് ലക്ഷം രൂപ കൂടുതലായി കണ്ടെത്താനാണ് വാഴ്വ് 2025ന്റെ നാഷണൽ കമ്മിറ്റി ലക്ഷ്യം വയ്ക്കുന്നത്.
വരും വർഷങ്ങളിൽ കൂടുതൽ ആളുകൾക്ക് സേവനം ലഭ്യമാകുന്ന തരത്തിൽ വലിയ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നതിന് വേണ്ടിയുള്ള ശ്രമങ്ങളാണ് ഫാ. സുനി പടിഞ്ഞാറെക്കരയുടെ നേതൃത്വത്തിലുള്ള ക്നാനായ കാത്തലിക് മിഷൻ വിഭാവനം ചെയ്യുന്നത്.
ഒക്ടോബർ നാലിന് ബർമിംഗ്ഹാം ബഥേൽ കൺവൻഷൻ സെന്ററിലാണ് വാഴ്വ് നടക്കുന്നത്. ദിവ്യകാരുണ്യ ആരാധന, കുർബാന, യുവാക്കൾക്കും കുട്ടികൾക്കുമായി പ്രത്യേക ഇന്റർ സെഷനുകൾ, പൊതുസമ്മേളനം യുകെയിലെ 15 ക്നാനായ മിഷനുകളിൽ നിന്നുള്ള കലാപ്രതിഭകൾ പങ്കെടുക്കുന്ന കലാപരിപാടികൾ തുടങ്ങി ഒരു ദിവസം നീണ്ടു നിൽക്കുന്ന വാർഷിക സംഗമത്തിലേക്ക് ഒരു കുടുംബത്തിന് 20 പൗണ്ടാണ് പ്രവേശന നിരക്ക്.
സിംഗിൾ പ്രവേശനത്തിന് 10 പൗണ്ട് ആണ്. ഇന്റർനാഷനൽ സ്റ്റുഡൻസിനും നാട്ടിൽ നിന്നും സന്ദർശകരായി എത്തിയിരിക്കുന്ന മാതാപിതാക്കൾക്കും പ്രവേശനം സൗജന്യമാണ്. അതാത് മിഷൻ ട്രസ്റ്റിമാരെയോ വൈദികനെയോ സമീപിച്ച് പ്രവേശനം ഉറപ്പാക്കാം.
ഏറ്റവും മിതമായ ടിക്കറ്റ് നിരക്കിൽ മുഴുവൻ ക്നാനായ കുടുംബങ്ങളേയും പങ്കെടുപ്പിക്കുക എന്നതാണ് മിഷൻ വിഭാവനം ചെയ്യുന്നത്. "വീടൊരുക്കാം വാഴ്വിലൂടെ' എന്ന സംരംഭത്തിന് കീഴിലാണ് ഭവനം നിർമിച്ചു നൽകുന്നത്.
ഫാ.സുനി പടിഞ്ഞാറേക്കര ചെയർമാനും അഭിലാഷ് മൈലപ്പറമ്പിൽ ജനറൽ കൺവീനറും ഫാ. സജി തോട്ടം, ഫാ. ജോഷി കൂട്ടുങ്കൽ എന്നിവർ കൺവീനർമാരായും സജി രാമച്ചനാട്ട് ജോയിന്റ് കൺവീനറുമായുള്ള കമ്മിറ്റിയാണ് 2025 വാഴ്വിന് ചുക്കാൻ പിടിക്കുന്നത്.
ഫിനാൻസ് കമ്മിറ്റിക്ക് നേതൃത്വം നൽകുന്നത് റെമി പഴയിടത്ത്, എബി നെടുവാമ്പുഴ എന്നിവരാണ്.
|
ഫ്രാൻസിൽ പുകവലിക്കെതിരേ നിയന്ത്രണങ്ങൾ കടുപ്പിച്ചു
പാരീസ്: കഫേ ടെറസുകളിലിരുന്നും റോഡുകളിലൂടെ സ്വതന്ത്രമായി നടന്നും പുകവലിച്ചിരുന്ന ഫ്രാൻസിൽ കടുത്ത നിയന്ത്രണങ്ങൾ വരുന്നു. ബീച്ചുകൾ, പാർക്കുകൾ, ബസ് സ്റ്റോപ്പുകൾ എന്നിവയുൾപ്പെടെ കുട്ടികൾക്ക് പ്രവേശിക്കാൻ കഴിയുന്ന എല്ലാ പൊതുസ്ഥലങ്ങളിലും പുകവലി നിരോധിക്കുമെന്നു ഫ്രാൻസിലെ ആരോഗ്യമന്ത്രി കാതറിൻ വൗട്രിൻ പ്രഖ്യാപിച്ചു.
സ്കൂളുകളുടെ മുന്നിൽ വിദ്യാർഥികൾ പുകവലിക്കുന്നത് തടയാനായി അവിടെയും നിരോധനമേർപ്പെടുത്തും. ഇത് ലംഘിക്കുന്നവർക്ക് 135 യൂറോ (13,000 രൂപ) വരെ പിഴ ചുമത്തും. രാജ്യത്ത് വർധിച്ചു വരുന്ന പുകവലി ഉപയോഗത്തെത്തുടർന്നാണ് ഭരണകൂടത്തിന്റെ നടപടി.
ജോലിസ്ഥലങ്ങൾ, വിമാനത്താവളങ്ങൾ, ട്രെയിൻ സ്റ്റേഷനുകൾ, കളിസ്ഥലങ്ങൾ തുടങ്ങിയ പൊതു ഇടങ്ങളിൽ പുകവലിക്കുന്നത് ഫ്രാൻസ് ഇതിനു മുൻപേ നിരോധിച്ചിരുന്നു
|
കൊളോണ്‍ കേരള സമാജത്തിന് പുതിയ സാരഥികള്‍; ജോസ് പുതുശേരി വീണ്ടും പ്രസിഡന്റ്
കൊളോണ്‍: നാലു പതിറ്റാണ്ടിന്റെ നിറവിലെത്തിയ ജര്‍മനിയിലെ മലയാളി സംഘടനയായ കൊളോണ്‍ കേരള സമാജത്തിന്റെ 2025ലെ വാര്‍ഷിക യോഗവും 202527 ലേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടത്തി.
ബ്രൂളിലെ സെന്റ് സ്റ്റെഫാന്‍ പള്ളി ഹാളില്‍ കൂടിയ വാര്‍ഷിക യോഗത്തില്‍ പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പിനായി മുഖ്യ വരണാധികാരിയായി തെരഞ്ഞെടുത്ത പോള്‍ ഗോപുരത്തിങ്കല്‍, സഹായിയായി ബാബു എളമ്പാശേരില്‍ എന്നിവര്‍ തെരഞ്ഞെടുപ്പു നടപടികള്‍ നിയന്ത്രിച്ചു.
ജോസ് പുതുശേരി പതിനഞ്ചാം തവണയും പ്രസിഡന്റായി ഐകകണ്ഠേന തെരഞ്ഞെടുക്കപ്പെട്ടു. ജനറല്‍ സെക്രട്ടറിയായി ഡേവീസ് വടക്കുംചേരിയും ട്രഷററായി ഷീബ കല്ലറയ്ക്കല്ലും തെരഞ്ഞെടുക്കപ്പെട്ടു.
ഭരണസമിതി അംഗങ്ങളായി പോള്‍ ചിറയത്ത് (വൈസ് പ്രസിഡന്റ്), ജോസ് കുമ്പിളുവേലില്‍ (കള്‍ച്ചറല്‍ സെക്രട്ടറി), ടോമി തടത്തില്‍ (ജോയിന്റ് സെക്രട്ടറി) എന്നിവരും എതിരില്ലാതെ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
ഇത്തവണ പുതുതലമുറയില്‍ നിന്ന് എതിരില്ലാതെ ഭരണസമിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ബൈജു പോളിന് സ്പോര്‍ട്സ് സെക്രട്ടറിയുടെ ചുമതല നല്കി. ജിറ്റു ചദ്ദ, ജോര്‍ജ് അട്ടിപ്പേറ്റി എന്നിവര്‍ ഓഡിറ്റര്‍മാരായും തെരഞ്ഞെടുക്കപ്പെട്ടു.
തെരഞ്ഞെടുപ്പിന് ശേഷം ഈ വര്‍ഷത്തെ സമാജത്തിന്റെ ഭാവി പരിപാടികളെപ്പറ്റി വിശദമായ ചര്‍ച്ച നടന്നു. സംഘടനാ തലത്തില്‍ തഴക്കവും പഴക്കവും കഴിവുമുള്ള വ്യക്തികളെ വീണ്ടും പുതിയ ഭരണസമിതിയില്‍ ലഭിച്ചത് സമാജത്തിന്റെ വളര്‍ച്ചയ്ക്ക് ഉപകരിയ്ക്കുമെന്ന് പ്രസിഡന്റ് ജോസ് പുതുശേരി അഭിപ്രായപ്പെട്ടു.
ചര്‍ച്ചയില്‍ അംഗങ്ങള്‍ ഉയര്‍ത്തിയ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു. ജനറല്‍ സെക്രട്ടറി ഡേവീസ് വടക്കുംചേരി നന്ദി പറഞ്ഞു.
സമാജത്തിന്റെ ഇക്കൊല്ലത്തെ തിരുവോണാഘോഷം സെപ്റ്റംബര്‍ 20ന് വൈകുന്നേരം 5.30ന് കൊളോണ്‍ വെസലിംഗ് സെന്റ് ഗെര്‍മാനൂസ് പള്ളിഹാളില്‍ നടത്തുമെന്ന് പ്രസിഡന്റ് അറിയിച്ചു.
|
ക്രിക്കറ്റ് മാമാങ്കം ലിവർപൂളിൽ; എൽഎസ്കെ കപ്പ് ജൂൺ 15 മുതൽ
ലിവർപൂൾ: എൽഎസ്കെ പ്രീമിയർ കപ്പിന്റെ നാലാം എഡിഷൻ ജൂൺ 15, 29, ജൂലെെ ആറ് തീയതികളിൽ നടത്തുവാൻ തീരുമാനിച്ചു. 16 ടീമുകൾ ടൂർണമെന്റിൽ മാറ്റുരയ്ക്കും.
ഗ്രൂപ്പ് സ്റ്റേജിലെ മത്സരങ്ങൾ ജൂൺ 15, 29 തീയതികളിൽ വിരാളിലെ(CH48 1NX) കാൽഡി ക്രിക്കറ്റ് ക്ലബ് ഗ്രൗഡിലും സെമിഫൈനൽ, ഫൈനൽ മത്സരങ്ങൾ ജൂലൈ ആറിന് സെയിന്റ് ഹെലെൻസ് (L34 6JW) പ്രസ്കോട്ട് ആൻഡ് ഒഡിസി ക്രിക്കറ്റ് ക്ലബ് ഗ്രൗണ്ടിലുമാണ് നടക്കുന്നത്.
2024ലെ ചാമ്പ്യൻമാരായ ഡാർക്ക് നൈറ്റ്സ്, ഒന്നും രണ്ടും സീസണിലെ ചാമ്പ്യൻമാരായ എൽഎസ്കെ സൂപ്പർകിംഗ്സ്, 2024ലെ രണ്ടാം സ്ഥാനക്കാരായ മേഴ്സി സ്ട്രൈക്കേഴ്സ്, 2023ലെ രണ്ടാം സ്ഥാനക്കാരായ നൈറ്റ് മാഞ്ചസ്റ്റർ തുടങ്ങിയ പ്രമുഖ ടീമുകൾ മാറ്റുരയ്ക്കും.
വിജയികൾക്ക് 1001 പൗണ്ടും ട്രോഫിയും രണ്ടാം സ്ഥാനക്കാർക്ക് 501 പൗണ്ടും ട്രോഫിയും കൂടാതെ പ്ലേയർ ഓഫ് ദ മാച്ച്, മികച്ച ബാറ്റർ, ബൗളർ എന്നിവർക്ക് ട്രോഫികളും നൽകും. രാവിലെ ഒന്‍പത് മുതൽ തുടങ്ങുന്ന മത്സരങ്ങൾ വൈകുന്നേരം വരെ നീണ്ടുനിൽക്കും.
ടൂർണമെന്റിൽ പങ്കെടുക്കാൻ ഇനിയും രണ്ടോ മൂന്നോ ടീമുകൾക്ക് അവസരമുണ്ടെന്നും താത്പര്യമുള്ള ടീമുകൾ ഉടൻ തന്നെ അറിയിക്കണമെന്നും കോർഡിനേറ്റർമാർ അറിയിച്ചു. രുചികരമായ ഭക്ഷണങ്ങളുമായി മദർ ഇന്ത്യ കാറ്ററിംഗിന്റെ സ്റ്റാൾ പ്രവർത്തിക്കും.
കൂടുതൽ വിവരങ്ങൾക്ക്: കൺവീനർ സജി ജോൺ 077 716 16407, കോഓർഡിനേറ്റർമാർ ബിബിൻ യോഹന്നാൻ 074 766 98789, ജയ്മോൻ ജെയ്സൺ 077 684 97472.
|
ജർമനിയിലെ മലയാളി ബാഡ്മിന്റൺ ലീഗ് വിജയകരമായി
ബർലിൻ: ജർമനിയിലെ മലയാളി ബാഡ്മിന്റൺ ലീഗിന്റെ(എംബിഎൽ) എട്ടാം സീസൺ ഫ്രാങ്ക്ഫർട്ടിൽ സമാപിച്ചു. ഫ്രാങ്ക്ഫർട്ട് ഫാൽക്കൺസ് ക്ലബാണ് ഇത്തവണ ആതിഥേയത്വം വഹിച്ചത്. ജർമനിയിലെ വിവിധ ക്ലബുകൾക്ക് പുറമെ സ്വിറ്റ്സർലൻഡിൽ നിന്നൊരു ടീമും പങ്കെടുത്തു.
ഫ്രാങ്ക്ഫർട്ടിൽ ഇന്ത്യൻ കോൺസുൽ ജനറൽ ബി.എസ്. മുബാറക് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. ജർമനിയിലെ മലയാളികളെ ബാഡ്മിന്റണിലൂടെ ഒന്നിപ്പിക്കുന്ന എംബിഎൽ പോലുള്ള കൂട്ടായ്മകളുടെ പ്രാധാന്യം അദ്ദേഹം വ്യക്തമാക്കി.
സംഘാടകർക്ക് വേണ്ടി ഡോ. ഷൈജുമോൻ ഇബ്രാഹിംകുട്ടി സ്വാഗതം ആശംസിച്ചു. ലീഗിന്റെ വളർച്ചയെക്കുറിച്ച് ഡോണി ജോർജി വിശദീകരിച്ചു. രാവിലെ തുടങ്ങിയ മത്സരങ്ങൾ രാത്രി വരെ നീണ്ടുനിന്നു.
നാൽപ്പതോളം ഡബിൾസ് ടീമുകൾ പങ്കെടുത്ത മത്സരത്തിൽ പോയിന്റുകൾക്കായി വാശിയേറിയ പോരാട്ടം നടന്നു. ഹൈഡൽബെർഗിൽ നിന്നുള്ള അനൂപ്ഗണേഷ് സഖ്യം ഫൈനലിൽ വിജയിച്ച് കപ്പ് നേടി.
സ്റ്റുട്ട്ഗാർട്ടിൽ നിന്നുള്ള അബിൻനബീൽ ടീം രണ്ടാം സ്ഥാനവും ഹൈഡൽബെർഗിൽ നിന്നുള്ള ജയ്സുമേഷ് സഖ്യം മൂന്നാം സ്ഥാനവും ലോറാക്കിൽ നിന്നുള്ള അവറാച്ചൻലിബിൻ ടീം നാലാം സ്ഥാനവും കരസ്ഥമാക്കി.
ഫ്രാങ്ക്ഫർട്ട് ടീമിലെ അരുൺകുമാർ നായർ നന്ദി പ്രകാശിപ്പിച്ചു. ഫ്രാങ്ക്ഫർട്ട് ഫാൽക്കൺസിലെ വ്യാസൻ ബാലചന്ദ്രൻ, ബിനീഷ് വർഗീസ്, നിതിൻ ജനാർദനൻ, നെബു ജോൺ, ജിമ്മി തോമസ്, എബി അനിൽ ബാബു, അൻവർ അക്ബർ എന്നിവർ ടൂർണമെന്റിന് നേതൃത്വം നൽകി.
അമരീഷ് രാജൻ, റെജിൻ കുമാർ, അരുൺ രാധാകൃഷ്ണൻ നായർ, ഹൻസ് പോൾ ആന്റണി എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു. കളിക്കളത്തിലെ പോരാട്ടങ്ങൾക്ക് പുറമെ നാടൻ തട്ടുകടയും ഇത്തവണത്തെ എംബിഎല്ലിന്റെ പ്രത്യേകതയായിരുന്നു.
കളിക്കാർക്കും കാണികൾക്കും ബാസ്റ്റ്യൻ സേവ്യറും സംഘവും ഭക്ഷണം ഒരുക്കിയിരുന്നു.
|
കപ്പിത്താന് ഉറങ്ങിപ്പോയി; പടുകൂറ്റന്‍ ചരക്കുകപ്പല്‍ തീരത്തെ വീട്ടുമുറ്റത്തേക്ക് ഇടിച്ചുകയറി
നോർവേ: വാഹനം ഓടിക്കുന്നതിനിടെ ഡ്രൈവർമാർ ഉറങ്ങുന്നതും അപകടങ്ങൾ ഉണ്ടാകുന്നതും പതിവു സംഭവങ്ങളാണ്. വിമാനയാത്രയ്ക്കിടെ പൈലറ്റുമാര്‍ ഉറങ്ങിപ്പോകുന്ന സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കപ്പിത്താന് ഉറങ്ങിയതു കാരണം പടുകൂറ്റന്‍ ചരക്കുകപ്പല്‍ അപകടത്തിൽപ്പെട്ട വാർത്തയാണു പുതുതായി പുറത്തുവന്നിരിക്കുന്നത്. കപ്പൽ നിയന്ത്രണം തെറ്റി കടൽത്തീരത്തെ ഒരു വീട്ടുമുറ്റത്തേക്ക് ഇടിച്ചുകയറുകയായിരുന്നു.
നോർവേ തീരത്താണു സംഭവം. 135 മീറ്റർ നീളമുള്ള എന്‍സിഎല്‍ സാൾട്ടന്‍ എന്ന ചരക്ക് കപ്പല്‍ ആണ് അപകടത്തിൽപ്പെട്ടത്. നോർവേ തീരത്ത് മരത്തില്‍ തീർത്ത ജോഹാന്‍ ഹെല്‍ബാര്‍ഗ് എന്നയാളുടെ വീട്ടു മറ്റത്തേക്കാണു കപ്പൽ ഇടിച്ചുകയറിയത്. ആർക്കും പരിക്കില്ല.
അപകടം നടക്കുമ്പോൾ കപ്പലിന്റെ സെക്കൻഡ് ഓഫീസറും വാച്ച് കീപ്പറുമായിരുന്ന 30 കാരനായ യുക്രേനിയന്‍ യുവാവിനെ അന്വേഷണത്തിന്റെ ഭാഗമായി നോർവീജിയന്‍ പോലീസ് അറസ്റ്റ് ചെയ്തു. ഒറ്റയ്ക്കുള്ള ഡ്യൂട്ടിക്കിടെ ഉറങ്ങിപ്പോയെന്നാണ് ഇയാൾ അന്വേഷണോദ്യോഗസ്ഥരോട് പറഞ്ഞത്.
കപ്പലിലെ ഷിഫ്റ്റ് സമ്പദ്രായവും വാച്ച് കീപ്പറുടെ ജോലിക്രമവും അന്വേഷണ പരിധിയില്‍ വരുമെന്നു പോലീസ് പറഞ്ഞു.
|
സ്കൈ ഡൈവിംഗിനിടെ പാരച്യൂട്ട് മനഃപൂർവം തുറക്കാതെ യുവതി ജീവനൊടുക്കി
ലണ്ടൻ: പ്രണയം തകർന്നതിനെ തുടർന്ന് 10,000 അടി ഉയരത്തിൽനിന്നു താഴേക്ക് ചാടി സ്കൈ ഡൈവറായ യുവതി ആത്മഹത്യ ചെയ്തു. ഇംഗ്ലണ്ടിലെ ഡർഹാം കൗണ്ടിയിലെ ഷോട്ടൺ കോളിയറിലാണ് സംഭവം.
32കാരിയായ ജേഡ് ഡാമറൽ എന്ന യുവതിയാണു മരിച്ചത്. സ്കൈ ഡൈവിംഗിൽ വിദഗ്ധയായ ജേഡ് താഴേക്ക് ചാടിയശേഷം തന്റെ പാരച്യൂട്ട് മനഃപൂർവം തുറക്കാതിരിക്കുകയായിരുന്നു. നിലത്ത് പതിച്ച ഉടൻ മരണം സംഭവിച്ചു.
മാർക്കറ്റിംഗ് മാനേജരായി ജോലി ചെയ്തു വരികയായിരുന്ന ജേഡ് നാനൂറിലേറെ തവണ സ്കൈ ഡൈവിംഗ് നടത്തിയിട്ടുണ്ട്. ഇവരുടെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെത്തി. പ്രമുഖ കാർ കമ്പനിയിൽ ടെക്നീഷ്യനായി ജോലി ചെയ്യുന്ന 26 കാരനായ ബെൻ ഗുഡ്ഫെലോയുമായി ആറ് മാസത്തിലേറെയായി യുവതി പ്രണയത്തിലായിരുന്നു.
ഇവർ ഒരുമിച്ച് സ്കൈ ഡൈവിംഗ് ചെയ്തിരുന്നു. കഴിഞ്ഞ ഡിസംബർ മുതൽ ഒന്നിച്ചായിരുന്നു താമസം. ഇയാൾ ബന്ധത്തിൽനിന്നു പിൻമാറിയതാണ് ജേഡ് ആത്മഹത്യ ചെയ്യാൻ കാരണമെന്നാണു റിപ്പോർട്ട്.
|
മലങ്കര ഓര്‍ത്തഡോക്സ് സഭാ മെത്രാപ്പോലീത്തമാര്‍ മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി
വത്തിക്കാൻ സിറ്റി: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മെത്രാപ്പോലീത്തമാര്‍ വത്തിക്കാനില്‍ ലെയോ പതിനാലാമന്‍ മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി. മലങ്കരസഭയുടെ ഉപഹാരമായി ആറന്മുള കണ്ണാടി മാര്‍പാപ്പയ്ക്ക് സമ്മാനിച്ചു.
മെത്രാപ്പോലീത്തമാരായ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ്, അലക്സിയോസ് മാര്‍ യൗസേബിയോസ്, ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ്, ഡോ. ഗീവര്‍ഗീസ് മാര്‍ തെയോഫിലോസ് എന്നിവര്‍ കൂടിക്കാഴ്ചയില്‍ പങ്കാളികളായി.
മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ എക്യുമെനിക്കല്‍ റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റാണ് കൂടിക്കാഴ്ചയ്ക്ക് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയത്. റോമിലെ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചാപ്പലില്‍ സ്വര്‍ഗാരോഹണപ്പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് പിതാക്കന്മാര് കാര്‍മികത്വം വഹിച്ചു.
|
ജർമനിയിലെ പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോ. ഡെറ്റ്ലഫ് വി. കാൽക്കുറേത്ത് അന്തരിച്ചു
ബർലിൻ: ജർമനിയിലെ പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോ. ഡെറ്റ്ലഫ് വി. കാൽക്കുറേത്ത്(91) ജർമനിയിൽ അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച ജർമനിയിലെ ലോഫൈമിൽ.
ഭാര്യ: ലില്ലമ്മ വി. കാൽക്കുറേത്ത് ചേർത്തല പട്ടണക്കാട് കാവിൽ കുടുംബാംഗം. മക്കൾ: ഡോ.വേറാ വി. കാൽക്കുറേത്ത്, ഡേവിഡ് വി. കാൽക്കുറേത്ത്, ഡോ. അലക്സാണ്ടർ വി. കാൽക്കുറേത്ത്.
|
യുക്മ യോർക് ഷെയർ ആൻഡ് ഹംബർ നഴ്സസ് ദിനാഘോഷം ശനിയാഴ്ച
ലണ്ടൻ: യുക്മ നഴ്സസ് ഫോറവും യുക്മ യോർക് ഷെയർ ആൻഡ് ഹംബർ റീജണും ചേർന്ന് നടത്തുന്ന ആദ്യ നഴ്സസ് ദിനാഘോഷം ശനിയാഴ്ച വെക്ഫീൽഡിലെ ഹോർബറി വർക്കിംഗ് മെംബേഴ്സ് ക്ലബിൽ നടക്കും. ആഘോഷത്തിന്റെ ഭാഗമായി പ്രത്യേക സെഷനുകളും നടക്കും.
യുകെയിൽ നഴ്സുമാരായി ജോലിചെയ്യുന്നവർ, എൻഎംസി രജിസ്ട്രേഷനായി കാത്തിരിക്കുന്നവർ, നഴ്സിംഗ് പ്രഫഷൻ ഉണ്ടായിരിക്കെ ഇതര മേഖലകളിൽ ജോലിചെയ്യുന്നവർ എന്നിവർക്ക് ഇന്റർവ്യൂ, ജോലി കയറ്റം എന്നീ വിഷയങ്ങളിലടക്കം ഏറെ പ്രയോജനപ്പെടുന്ന സെഷനുകൾ ആണ് ക്രമീകരിച്ചിരിക്കുന്നത്.
പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റും സിപിഡി പോയിന്റ്സും ലഭിക്കും. യുക്മ നാഷണൽ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ നഴ്സസ് ദിനാഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും.
നാഷണൽ വൈസ് പ്രസിഡന്റ് വർഗീസ് ഡാനിയേൽ, റീജണൽ പ്രസിഡന്റ് അമ്പിളി എസ് മാത്യൂസ്, നാഷണൽ നഴ്സസ് കോ ഓർഡിനേറ്റർ സോണിയ ലുബി, റീജണൽ സെക്രട്ടറി അജു വർഗീസ്, നഴ്സസ് കോഓർഡിനേറ്റർമാരായ ഹരി കൃഷ്ണൻ, അലീന, മുൻ നാഷണൽ ജോയിന്റ് സെക്രട്ടറി സാജൻ സത്യൻ തുടങ്ങിവർ ചടങ്ങിൽ പങ്കെടുക്കും.
പ്രഫഷണൽ ഡെവലപ്പ്മെന്റ്, അറിവ് മെച്ചപ്പെടുത്തൽ, നെറ്റ്വർക്കിംഗ് അവസരങ്ങൾ, കരിയർ മുന്നേറ്റം, കലാപരിപാടികൾ, കമ്യൂണിറ്റി ബിൽഡിംഗ് തുടങ്ങി വിജ്ഞാനപ്രദവും വിദ്യാഭ്യാസപരവും വിനോദപരവുമായ ദിനാഘോഷമാണ് യുഎൻഎഫ് ഒരുക്കുന്നത്.
നഴ്സിംഗ് കൺവൻഷന്റെ ഭാഗമാകാനും നഴ്സിംഗ് സേവന മേഖലയിലുള്ളവരെ ആദരിക്കാനും അനുമോദിക്കാനും യുക്മ യോർക്ഷയർ ആൻഡ് ഹംബർ റീജിണിന്റെ യുക്മ നഴ്സസ് ഫോറം വെസ്റ്റ് യോർക്ഷയർ മലയാളി അസോസിയേഷനുമായി ചേർന്ന് രാജ്യാന്തര നഴ്സസ് ദിനാചരണത്തോടനുബന്ധിച്ചു സംഘടിപ്പിക്കുന്ന വാർഷിക സമ്മേളനത്തിന്റെ ഒരുക്കങ്ങൾ പുരോഗതിയിലാണ്.
വേദിയുടെ വിലാസം: Harbury Working Members Club,Wakefield, WF4 5DB.
|
കാനിൽ ജാഫർ പനാഹിക്ക് പാം ഡി ഓർ
പാരീസ്: കാൻ രാജ്യാന്തര ചലച്ചിത്രമേളയിലെ പാം ഡി ഓർ പുരസ്കാരത്തിന് പ്രശസ്ത ഇറാനിയൻ സംവിധായകൻ ജാഫർ പനാഹിയുടെ "ഇറ്റ് വാസ് ജസ്റ്റ് ആൻ ആക്സിഡന്റ്' എന്ന ചിത്രം അർഹമായി.
ഇറാൻ സർക്കാരിന്റെ വിലക്കും തടവും കാരണം വർഷങ്ങളായി പനാഹിക്ക് കാൻ ചലച്ചിത്ര മേളയിൽ പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല. ഇറാൻ ഭരണകൂടത്തിന്റെ അടിച്ചമർത്തലും അഴിമതിയും വിവരിക്കുന്ന ത്രില്ലറാണ് ഇറ്റ് വാസ് ജസ്റ്റ് ആൻ ആക്സിഡന്റ്.
78ാമത് മേളയുടെ സമാപന ചടങ്ങിൽ ജൂറി അധ്യക്ഷ ജൂലിയറ്റ് ബിനോഷെയാണ് മികച്ച ചിത്രത്തിനുള്ള പുരസ്കാര പ്രഖ്യാപനം നടത്തിയത്.
ഫിലിം ഫെസ്റ്റിവലിൽ അവാർഡുകൾക്കായി തെരഞ്ഞെടുക്കപ്പെട്ട മത്സരവിഭാഗത്തിലെ ഏക ജർമൻ ചിത്രമായ മാഷ ഷിലിൻസ്കിയുടെ ‘ലുക്കിംഗ് ഇൻടു ദ സൺ’ ജൂറി പുരസ്കാരം നേടി.
|
ഡീസൽഗേറ്റ് തട്ടിപ്പ്; ഫോക്സ്വാഗണ് മുൻ ജീവനക്കാർക്ക് ജയിൽ ശിക്ഷ
ബർലിൻ: ജർമൻ ആഡംബര കാർ നിർമാതാക്കളായ ഫോക്സ്വാഗണ് കമ്പനിയുടെ "ഡീസൽഗേറ്റ്' എമിഷൻ തട്ടിപ്പ് കേസിൽ നാല് മുൻ മാനേജർമാരെ ബ്രൗൺഷ്വൈഗ് ജില്ലാ കോടതി കുറ്റക്കാരായി കണ്ടെത്തി ജയിൽ ശിക്ഷ വിധിച്ചു.
മലിനീകരണ പരിശോധനകളിൽ കൃത്രിമം കാണിക്കാൻ ദശലക്ഷക്കണക്കിന് ഡീസൽ വാഹനങ്ങളിൽ കൃത്രിമം കാണിച്ചതായി ഫോക്സ്വാഗണ് സമ്മതിച്ച 2015ലെ സംഭവം ആഗോള വാഹന വ്യവസായത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ചിരുന്നു.
ഫോക്സ്വാഗണ് മുൻ എക്സിക്യൂട്ടീവ് ഹെയ്ൻസ്ജേക്കബ് നോയസറിന് ഒരു വർഷവും മൂന്ന് മാസവും തടവ് ശിക്ഷയും ഡ്രൈവ് ഇലക്ട്രോണിക്സിന്റെ മുൻ മേധാവി ഹാനോ ജെയ്ക്ക് രണ്ട് വർഷവും ഏഴ് മാസവും തടവും ലഭിച്ചു.
ഡീസൽ മോട്ടർ ഡെവലപ്മെന്റിന്റെ മുൻ മേധാവി ജെൻസ് എച്ചിന് നാല് വർഷവും ആറ് മാസവും തടവും നാലാമത്തെ പ്രതിക്ക് ഒരു വർഷവും 10 മാസവും തടവും കോടതി വിധിച്ചു.
വിധികൾക്കെതിരേ പ്രതികൾക്ക് അപ്പീൽ നൽകാമെന്നും കോടതി അറിയിച്ചിട്ടുണ്ട്. അതേസമയം, ഫോക്സ്വാഗണ് മുൻ സിഇഒ മാർട്ടിൻ വിന്റർകോണിന്റെ പ്രത്യേക വിചാരണ അദ്ദേഹത്തിന്റെ അനാരോഗ്യം കാരണം താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.
|
കണ്ണൂർ സ്വദേശിക്ക് യൂറോപ്യൻ യൂണിയന്റെ സ്കോളർഷിപ്പ്
ഓസ്ലൊ: ശാസ്ത്ര ഗവേഷണത്തിനുള്ള യൂറോപ്യൻ യൂണിയന്റെ ഏകദേശം 1.5 കോടി രൂപയോളം വരുന്ന മേരി ക്യൂറി സ്കോളർഷിപ്പിന് ഇരിട്ടി പെരുന്പള്ളി സ്വദേശിനി അർഷിത മാത്യു അർഹയായി. നോർവെയിലെ നോർവീജിയൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ അർഷിത മാത്യു ഫിസിക്സിൽ ഗവേഷണം ആരംഭിച്ചു.
ഇരിട്ടി എംജി കോളജിൽനിന്ന് ഫിസിക്സിൽ ബിരുദവും കൂത്തുപറന്പ് നിർമലഗിരി കോളജിൽനിന്ന് ബിരുദാനന്തര ബിരുദവും പൂർത്തിയാക്കിയശേഷം മദ്രാസ് ഐഐടിയിൽ റിസർച്ച് ഇന്റേൺ ആയും ബിടിഎസ് പിലാനി ഗോവയിൽ പ്രോജക്ട് അസോസിയേറ്റായും പ്രവർത്തിച്ചിരുന്നു.
മരോട്ടിപറന്പിൽ മാത്യു മോളി ദന്പതികളുടെ മകളാണ്.
|
യുകെയിൽ ഒരുമിച്ച് പ്രവർത്തിക്കാൻ ഒഐസിസിയും ഐഒസിയും; ലയന പ്രഖ്യാപനം സാം പിട്രോഡ നിർവഹിച്ചു
ലണ്ടൻ: ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവാസി സംഘടനകളായ ഒഐസിസിയും ഐഒസിയും യുകെയിൽ ഔദ്യോഗികമായി ലയിച്ചു. ഐഒസി ഗ്ലോബൽ ചെയർമാൻ സാം പിട്രോഡയാണ് ഓൺലൈൻ മീറ്റിംഗിൽ ലയന പ്രഖ്യാപനം ഔദ്യോഗികമായി നടത്തിയത്.
ഐഒസിയുടെ ഗ്ലോബൽ ചുമതലയുമുള്ള എഐസിസി സെക്രട്ടറിയും കാബിനറ്റ് റാങ്കിലുള്ള കർണാടക എൻആർഐ ഫോറം വൈസ് ചെയർപേഴ്സണുമായ ഡോ. ആരതി കൃഷ്ണ അടക്കം പ്രമുഖ നേതാക്കൾ പരിപാടിയിൽ പങ്കുചേർന്നു.
സംഘടനയുടെ അധ്യക്ഷരായ ഷൈനു ക്ലെയർ മാത്യൂസ്, സുജു കെ. ഡാനിയേൽ എന്നിവരുടെ നിയമനവും തഥവസരത്തിൽ പ്രഖ്യാപിച്ചു. കോൺഗ്രസ് പ്രവാസി സംഘടനയായ യുകെയിലെ ഐഒസി കേരള ഘടക പ്രവർത്തനങ്ങൾക്ക് ഇതോടെ ഷൈനുവും സുജുവും സംയുക്തമായി നേതൃത്വം നൽകും. മറ്റു ഭാരവാഹികളെ പിന്നീട് പ്രഖ്യാപിക്കും.
ഇരുസംഘടനകളുടെ ലയനത്തോടെ യുകെയിലെ പ്രവാസ സംഘടനാ പ്രവർത്തനങ്ങളിൽ കൂടുതൽ ശക്തമായ സാന്നിധ്യാമാകാൻ ഐഒസിക്ക് സാധിക്കും. ഗൾഫ് ഒഴികെയുള്ള രാജ്യങ്ങളിൽ ഒഐസിസി ഉൾപ്പെടെയുള്ള സംഘടനകളെ ഐഒസിയിൽ ലയിപ്പിച്ച് പ്രവാസ ലോകത്തെ കോൺഗ്രസ് പ്രവർത്തനങ്ങൾക്ക് ഒരു ഏകോപിത മുഖം നൽകാൻ കോൺഗ്രസ് ലക്ഷ്യമിടുന്നുണ്ട്.
ഇതു സംബന്ധിച്ച മാർഗനിർദേശം എഐസിസിയുടെ സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ നേരത്തെ നൽകിയിരുന്നു. ഇതിന്റെ ഭാഗമായിയാണ് യുകെയിൽ ലയനപ്രഖ്യാനം ഉണ്ടായത്.
ഒഐസിസിക്ക് ശക്തമായ വേരോട്ടവും പ്രവർത്തക സാന്നിധ്യവുമുള്ള യുകെയിൽ ഇരു സംഘടനകളുടെയും ലയനം സുഗമമാക്കുന്നതിനായി ഐഒസി യുഎസ് ചെയർമാൻ ജോർജ് എബ്രഹാം, ഐഒസി സ്വിറ്റ്സർലൻഡ് പ്രസിഡന്റ് ജോയ് കൊച്ചാട്ട്, ഇൻകാസ് മുൻ പ്രസിഡന്റ് മഹാദേവൻ വാഴശേരിൽ എന്നിവരെ ഉൾപ്പെടുത്തി ഒരു മൂന്നംഗ കോഓർഡിനേഷൻ കമ്മിറ്റി നേരത്തെ രൂപീകരിച്ചിരുന്നു.
ഇരു സംഘടനകളുടെയും നേതാക്കന്മാർ, പ്രവർത്തകർ എന്നിവരുമായും നിരവധി തുടർചർച്ചകൾക്കും ആശയവിനിമയത്തിനും ശേഷം ഐഒസി ചെയർമാൻ സാം പിട്രോഡയ്ക്ക് കമ്മിറ്റി സമർപ്പിച്ച വിശദമായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ലയന പ്രഖ്യാപനം നടപ്പിലായത്.
ആമുഖ പ്രസംഗത്തിൽ സാം പിട്രോഡ രണ്ട് സംഘടനകൾ ലയിക്കുമ്പോൾ അനിവാര്യമായും ഒരേ സ്വരവും ലയവും താളവും ഒരുമയും ഉണ്ടാവണമെന്നും തുറന്ന മനസും ഐക്യവും ഉണ്ടാവണമെന്നും പറഞ്ഞു.
സംഘടനകൾ രണ്ടായി പ്രവർത്തിക്കുമ്പോൾ പാർട്ടിക്ക് അത് ഉപകാരപ്രദമാവുകയില്ലെന്നും പറഞ്ഞു. ഐഒസി ഗ്ലോബൽ സമിതി നവനേതൃത്വത്തിന് അദ്ദേഹം വിജയാശംസകൾ നേർന്നു.
|
ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നുമെന്ന് ജര്‍മന്‍ വിദേശകാര്യമന്ത്രി
ബെര്‍ലിന്‍: ജർമനിയും ഇന്ത്യയും തമ്മിലുള്ള സാമ്പത്തിക, സൈനിക ബന്ധങ്ങള്‍ കൂടുതല്‍ ആഴത്തിലാക്കാന്‍ ശ്രമിക്കുമെന്ന് ജര്‍മന്‍ വിദേശകാര്യ മന്ത്രി ജോഹാന്‍ വാഡെഫുള്‍. ജർമനിയിലെത്തിയ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറുമായുള്ള കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വൈവിധ്യപൂര്‍ണവും വിശാലവുമാണ്. എല്ലാ തലങ്ങളിലും ഈ പങ്കാളിത്തം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. സമ്പദ്വ്യവസ്ഥയും വ്യാപാരവും മുതല്‍ വിദഗ്ധ തൊഴില്‍ നിയമനവും സുരക്ഷാ നയവുംവരെ വിശദമായി ഇരുവരും ചര്‍ച്ച ചെയ്തതായി വാഡെഫുള്‍ പറഞ്ഞു.
ജര്‍മനിയുമായുള്ള ഇന്ത്യയുടെ അടുത്ത ബന്ധത്തെ എസ്. ജയ്ശങ്കറും പ്രശംസിച്ചു. യൂറോപ്യന്‍ യൂണിയനുള്ളില്‍ ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക പങ്കാളിയാണ് ജർമനിയെന്നും അദ്ദേഹം പറഞ്ഞു.
ഇന്തോപസഫിക് മേഖലയില്‍ സമാധാനവും സ്ഥിരതയും പ്രോത്സാഹിപ്പിക്കുക എന്ന പൊതുലക്ഷ്യത്തോടെ, സുരക്ഷാ നയമേഖലയിലെ സഹകരണത്തിന് പ്രത്യേക ശ്രദ്ധ നല്‍കുമെന്ന് ഇരുവരും അറിയിച്ചു.
ഇന്ത്യന്‍ നാവികസേനയും വ്യോമസേനയുമായി സംയുക്ത അഭ്യാസങ്ങളില്‍ ജര്‍മന്‍ സേന പങ്കെടുക്കുന്ന ജര്‍മന്‍ മിലിട്ടറിയുടെ ഇന്തോപസഫിക് വിന്യാസത്തെ കുറിച്ച് വാഡെഫുള്‍ എടുത്തുപറഞ്ഞു. ഈ സഹകരണം തുടര്‍ന്നും വികസിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഏപ്രില്‍ 22ന് കാഷ്മിരിൽ ഇന്ത്യൻ പൗരന്മാരായ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തെയും വാഡെഫുള്‍ അപലപിച്ചു.
|
ലിവള്‍പൂള്‍ എഫ്സിയുടെ ആരാധകർക്കിടയിലേക്ക് കാറിടിച്ചു കയറ്റി; 50 പേർക്ക് പരിക്ക്
ലണ്ടൻ: പ്രശസ്ത ഫുട്ബോൾ ക്ലബായ ലിവള്‍പൂള്‍ എഫ്സിയുടെ പ്രീമിയര്‍ ലീഗ് വിജയ പരേഡിനിടെ ആരാധകർക്കിടയിലേക്ക് കാർ ഇടിച്ചുകയറ്റിയ സംഭവത്തിൽ നാല് കുട്ടികൾ ഉൾപ്പെടെ അമ്പതോളം പേർക്ക് പരിക്കേറ്റു.
സാരമായി പരിക്കേറ്റ 27 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ രണ്ടുപേരുടെ പരിക്ക് ഗുരുതരമാണ്. ലിവർപൂൾ ഫുട്ബോൾ ക്ലബിന്റെ 20ാമത് ടോപ്പ്ഫ്ലൈറ്റ് ലീഗ് കിരീടനേട്ടം ആഘോഷിക്കുന്നതിനായി ഓപ്പൺടോപ്പ് ബസ് വിക്ടറി പരേഡ് നടക്കുമ്പോഴാണ് അപകടം ഉണ്ടായത്.
പ്രാദേശിക സമയം വൈകുന്നേരം ആറിനായിരുന്നു സംഭവം. തെരുവിൽ ആഘോഷിക്കുകയായിരുന്ന ആരാധകർക്കിടയിലേക്ക് വാഹനം ഇടിച്ചുകയറ്റുന്നത് സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിൽ കാണാം.
കാരണം വ്യക്തമല്ല. കാറോടിച്ചിരുന്ന 53 വയസുള്ള ബ്രിട്ടീഷ് പൗരനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി കെര്‍ സ്റ്റാമർ അപലപിച്ചു.
|
ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ മൂറോൻ കൂദാശ ചെയ്തു
പ്രെസ്റ്റൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ വിവിധ ഇടവകകളിലും മിഷനുകളിലുമുള്ള ദേവാലയങ്ങളിൽ ശുശ്രൂഷകൾക്കായി ഉപയോഗിക്കുവാനുള്ള മൂറോൻ (വിശുദ്ധ തൈലത്തിന്റെ) കൂദാശ കർമം പ്രെസ്റ്റൻ സെന്റ് അൽഫോൻസാ കത്തീഡ്രലിൽ നടന്നു.
രൂപതാധ്യക്ഷൻ മാർ ജോസഫ് ജോസഫ് സ്രാമ്പിക്കലിന്റെ കാർമികത്വത്തിൽ നടന്ന തിരുക്കർമങ്ങളിൽ ഉജ്ജയ്ൻ രൂപത അധ്യക്ഷൻ മാർ സെബാസ്റ്റ്യൻ വടക്കേൽ, രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് റവ.ഡോ. ആന്റണി ചുണ്ടെലിക്കാട്ട്, ചാൻസിലർ റവ.ഡോ. മാത്യു പിണക്കാട്, കത്തീഡ്രൽ വികാരി റവ.ഡോ. ബാബു പുത്തന്‍പുരയ്ക്കൽ, പ്രൊക്യൂറേറ്റർ റവ.ഫാ. ജോ മൂലശേരി, വൈസ് ചാൻസിലർ റവ.ഫാ. ഫാൻസ്വാ പത്തിൽ, രൂപതയുടെ വിവിധ ഭാഗങ്ങളിൽ സേവനം ചെയ്യുന്ന വൈദികർ എന്നിവർ സഹകാർമികരായിരുന്നു.
കൂദാശ കർമത്തോടനുബന്ധിച്ചു നടന്ന വിശുദ്ധ കുർബാനയിൽ മാർ സെബാസ്റ്റ്യൻ വടക്കേൽ വചനസന്ദേശം നൽകി. ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ വളർച്ചയും ബ്രിട്ടന്റെ വിവിധ ഭാഗങ്ങളിൽ കെട്ടുറപ്പോടെ സഭാ സംവിധാനങ്ങൾ പ്രവർത്തിക്കുന്നതും കാണുമ്പോൾ ഏറെ സന്തോഷമുണ്ടെന്നും തൈലാഭിഷേക ശുശ്രൂഷയിൽ സഭയുടെ പൂർണതയാണ് ദൃശ്യമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
സഭ ഈശോയിൽ ഒന്നാണ് ഈശോ കുരിശു മരണത്തിലൂടെയും ഉഥാനത്തിലൂടെയും നേടിത്തന്നത് നിത്യ രക്ഷയാണ്, അത് നിരന്തരം നടക്കേണ്ടതുമുണ്ട്, കൂദാശ ചെയ്യപ്പെട്ട തൈലം വിവിധ ഇടവകകളിലെ ശുശ്രൂഷയ്ക്കായി നൽകപ്പെടുകയും ഉപയോഗിക്കപ്പെടുകയും ചെയ്യുമ്പോൾ സഭ ഒന്നാണെന്നുള്ള കാര്യവും വിശ്വാസത്തിലുള്ള ഐക്യവും പ്രഖ്യാപിക്കപ്പെടുകയുമാണ് ചെയ്യുന്നത് അദ്ദേഹം കൂട്ടിച്ചേർത്തു.
കത്തീഡ്രൽ വികാരിയായി കഴിഞ്ഞ ഏഴ് വർഷക്കാലം ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ സ്തുത്യർഹമായ സേവനമനുഷ്ഠിച്ച ശേഷം മാതൃ രൂപതയിലേക്ക് തിരികെ പോകുന്ന റവ.ഡോ. ബാബു പുത്തെൻപുരക്കലിന് മാർ ജോസഫ് സ്രാമ്പിക്കൽ നന്ദി അർപ്പിക്കുകയും യാത്രാ മംഗളങ്ങൾ നേരുകയും ചെയ്തു.
കുർബാനയ്ക്കു ശേഷം രൂപതയുടെ വിവിധ മിഷനുകളിൽ നിന്നും എത്തിയ വൈദികരുടെയും കൈക്കാരൻമാരുടെയും പ്രതിനിധികളുടെയും യോഗം ചേർന്നു. യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് മാർ ജോസഫ് സ്രാമ്പിക്കൽ സഭാഗാത്രത്തിന്റെ ഏകനാവായി വിശ്വാസ സമൂഹം മാറേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ഉത്ബോധിപ്പിച്ചു.
ഒരാൾക്കും ഒഴിവ് കഴിവില്ലാത്ത ദൗത്യ നിർവഹണമാണിതെന്നും തങ്ങളുടെ ഭാഗധേയം നിർവഹിക്കുന്നതിൽ ഓരോരുത്തരും ഉത്സാഹികൾ ആകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിവിധ കമ്മീഷനുകളുടെ നേതൃത്വത്തിൽ വരാൻ പോകുന്ന പരിപാടികളെ പറ്റി കമ്മീഷൻ ചെയർമാൻമാരായ വൈദികരും ആധ്യാത്മിക വർഷാചരണത്തെ സംബന്ധിച്ചുള്ള പ്രവർത്തനങ്ങളെ പറ്റി രൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി റോമിൽസ് മാത്യു എന്നിവർ യോഗത്തിൽ വിശദീകരിച്ചു ,
വിവിധ മിഷനുകളിൽ നിന്നെത്തിയ പ്രതിനിധികൾ രൂപതയുടെ പ്രവർത്തനങ്ങളെ പറ്റിയുള്ള നിർദേശങ്ങളും അവലോകനവും യോഗത്തിൽ അവതരിപ്പിച്ചു.
|
സീറോമലബാർ സഭയ്ക്ക് നോക്കിലും ഗാൽവേയിലും പുതിയ ചാപ്ലിന്മാർ
ഡബ്ലിൻ: നോക്ക് അന്താരാഷ്ട്ര ദിവ്യകാരുണ്യ മരിയൻ തീർഥാടന കേന്ദ്രത്തിൽ സീറോമലബാർ സഭയുടെ ചാപ്ലിനായി ഫാ. ഫിലിപ്പ് പെരുനാട്ട് ചുമതലയേറ്റു. ഇടുക്കി രൂപതാംഗമായ ഫാ. ഫിലിപ്പ് ഗാൽവേ കുർബാന സെന്ററിലേയും ബാലിനസ്ളോ കുർബാന സെന്ററിലേയും ഹ്രസ്വകാല സേവനത്തിനു ശേഷമാണ് നോക്കിലേക്ക് എത്തുന്നത്.
ഫാ. ഫിലിപ്പ് പെരുനാട്ടിനെ നോക്ക് അന്താരാഷ്ട്ര തീർഥാടന കേന്ദ്രം റെക്ടർ റവ. ഫാ. റിച്ചാർഡ് ഗിബോൺസ് സ്വീകരിച്ചു. നോക്ക് തീർഥാടന കേന്ദ്രത്തിൽ സേവനം അനുഷ്ഠിച്ചുവന്ന ഗാൽവേ റീജിയണൽ കോഓർഡിനേറ്റർ ഫാ. ആന്റണി (ബാബു) പരതേപ്പതിയ്ക്കലും ഫാ. ജോസ് ഭരണികുളങ്ങരയും (ബെൽഫാസ്റ്റ് റിജിയണൽ കോഓർഡിനേറ്റർ), നോക്ക്, ഗാൽവേ സീറോമലബാർ കുർബാന സെന്റർ ഭാരവാഹികളും സന്നിധരായിരുന്നു.
കാസിൽബാർ കുർബാന സെന്ററിന്റെ ചുമതലയും ഫാ. ഫിലിപ്പിനായിരിക്കും. എല്ലാ രണ്ടാം ശനിയാഴ്ചകളിലും പതിവ്പോലെ സീറോമലബാർ വിശുദ്ധ കുർബാനയും തിരുകർമങ്ങളും നോക്ക് ദേവാലയത്തിൽ ഉണ്ടായിരിക്കും. കൂടാതെ നോക്കിലെത്തുന്ന സീറോമലബാർ വിശ്വാസികൾക്ക് അച്ചന്റെ സേവനം ലഭ്യമാണ്. (ഫാ. ഫിലിപ്പ് പെരുനാട്ട്: 0892787353).
സീറോമലബാർ സഭയുടെ ഗാൽവേ റീജിയണൽ കോഓർഡിനേറ്റർ ഫാ. ആന്റണി (ബാബു) പരതേപ്പതിയ്ക്കൽ ഗാൽവേ കുർബാന സെന്ററിന്റെ ചുമതല ഏറ്റെടുത്തു. രണ്ടുവർഷമായി നോക്കിൽ സീറോ മലബാർ സഭയുടെ ചാപ്ലിനായും കാസിൽബാർ, സ്ലൈഗോ കുർബാന സെന്ററുകളുടെ ചാപ്ലിനായും സേവനം ചെയ്തുവന്ന ഫാ. ആന്റണി തലശേരി അതിരൂപതാംഗമാണ്.
ബാലിനസ്ളോ, സ്ലൈഗോ കുർബാന സെന്ററുകളുടെ ചുമതലയും ഫാ. ആന്റണി പരതേപ്പതിക്കലിനായിരിക്കും.
|
അയർലൻഡിൽ പിതൃവേദി ഫുട്ബോൾ ടൂർണമെന്റ് ജൂൺ ഏഴിന്
ഡബ്ലിൻ: അയർലൻഡ് സീറോമലബാർ സഭയുടെ ഡബ്ലിൻ റീജിണൽ പിതൃവേദിയുടെ നേതൃത്വത്തിൽ അഞ്ചാമത് ഫുട്ബോൾ ടൂർണമെന്റ് "ഡാഡ്സ് ഗോൾ 25' ജൂൺ ഏഴിന് നടക്കും. ഡബ്ലിൻ ഫിനിക്സ് പാർക്ക് ഫുട്ബോൾ പിച്ചിൽ രാവിലെ ഒന്‍പത് മുതലാണ് മത്സരം.
ഈ വർഷം മുതൽ ആദ്യമായി യുവാക്കൾക്കായി ജൂണിയർ ഫുട്ബോൾ ടൂർണമെന്റും (പ്രായം: 1625) ഇതേദിവസം നടക്കും. ഡബ്ലിനിലെ സീറോമലബാർ കുർബാന സെന്ററുകളിൽനിന്നും ഓരോ ടീമുകൾ പങ്കെടുക്കുന്ന മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്ന ടീമിന് 501 യൂറോയും ട്രോഫിയും ലഭിക്കും.
രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 301 യൂറോ, 201 യൂറോ വീതവും ട്രോഫിയും സമ്മാനമായി ലഭിക്കും. മികച്ച ഗോൾകീപ്പർക്കും സ്ട്രൈക്കർക്കും അവാർഡ് നൽകും. യൂത്ത് ഫുട്ബോൾ മത്സരവിജയികൾക്ക് യഥാക്രമം 301, 201, 101 യൂറോയും ട്രോഫിയും ലഭിക്കും.
ഈ സെവൻസ് ടൂർണമെന്റിന്റെ രജിസ്ട്രേഷൻ ഫീസ് 100 യൂറോയും യുവജനങ്ങൾക്ക് 50 യൂറോയുമാണ്. ഏവരേയും ഫുട്ബോൾ മത്സരത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി പിതൃവേദി റീജിയണൽ ഡയറക്ടർ ഫാ. സിജോ വെട്ടിക്കലും റീജിയണൽ പ്രസിഡന്റ് സിബി സെബാസ്റ്റ്യനും സെക്രട്ടറി ജിതു മാത്യുവും അറിയിച്ചു.
|
എയ്ൽസ്ഫോർഡ് തീർഥാടനം ശനിയാഴ്ച; വിപുലമായ ഒരുക്കങ്ങൾ
എയ്ൽസ്ഫോർഡ്: പരിശുദ്ധ അമ്മ വിശുദ്ധ സൈമൺ സ്റ്റോക്കിന് പ്രത്യക്ഷപ്പെട്ട് നൽകിയ ഉത്തരീയത്തിന്റെ ഉറവിടഭൂമിയായ എയ്ൽസ്ഫോഡിൽ ശനിയാഴ്ച (മേയ് 31) നടത്തുന്ന എട്ടാമത് തീർഥാടനത്തിന് വിപുലമായ ഒരുക്കങ്ങൾ.
കർമലനാഥയുടെ സന്നിധിയിലേക്ക് ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഈ തീർഥാടനം ബ്രിട്ടനിലെ ക്രൈസ്തവ വിശ്വാസികളുടെയും മരിയഭക്തരുടെയും ആത്മീയ സംഗമവേദിയാകും.
രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ തീർഥാടനത്തിന് നേതൃത്വം നൽകും. രൂപതയുടെ ലണ്ടൻ, കാന്റർബറി റീജിയനുകളും എയ്ൽസ്ഫോർഡ് ഔർ ലേഡി ഓഫ് മൌണ്ട് കാർമൽ മിഷനുമാണ് തീർഥാടനത്തിന്റെ ചുമതല വഹിക്കുന്നത്.
ശനിയാഴ്ച രാവിലെ 11ന് കൊടിയേറ്റ്, നേർച്ചകാഴ്ചകളുടെ സ്വീകരണം, തുടർന്ന് 11.15ന് എയ്ൽസ്ഫോർഡിലെ പ്രശസ്തമായ ജപമാലാരാമത്തിലൂടെ വിമൻസ് ഫോറത്തിന്റെ നേതൃത്വത്തിൽ കർമലമാതാവിന്റെ രൂപവും സംവഹിച്ചുകൊണ്ടുള്ള ഭക്തിനിർഭരമായ കൊന്തപ്രദിക്ഷണം നടക്കും.
12.15ന് എസ്എംവെെഎം രൂപതാ മ്യൂസിക് ബാൻഡിന്റെ നേതൃത്വത്തിൽ ലൈവ് മ്യൂസിക്കൽ പെർഫോമൻസ്, ഉച്ചയ്ക്ക് 1.30ന് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യകാർമികത്വത്തിൽ രൂപതയിലെ വൈദികരും ചേർന്ന് അർപ്പിക്കപ്പെടുന്ന ആഘോഷമായ കുർബാന, ലദീഞ്ഞ്, തുടർന്ന് വിശ്വാസപ്രഘോഷണത്തിന്റെ പ്രതീകമായി വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടിയുള്ള ആഘോഷമായ തിരുനാൾ പ്രദിക്ഷണം എന്നിവ നടക്കും.
എയ്ൽസ്ഫോഡിൽ തീർഥാടകരായി എത്തിച്ചേരുന്ന എല്ലവർക്കും സ്നേഹക്കൂട്ടായ്മയുടെ ഭാഗമായി സ്നേഹവിരുന്നും ക്രമീകരിച്ചിട്ടുണ്ട്. തീർഥാടനത്തോടനുബന്ധിച്ചു തിരുനാൾ പ്രസുദേന്തിയാകുന്നതിനും നേർച്ചകാഴ്ചകൾ സമർപ്പിക്കുന്നതിനും കഴുന്ന്, മുടി, എന്നിവ എഴുന്നള്ളിക്കുന്നതിനും അടിമ വയ്ക്കുന്നതിനും കുമ്പസാരത്തിനും പ്രത്യേക സൗകര്യം ഉണ്ടായിരിക്കും.
തീർഥാടകർക്കായി കാറുകളും കോച്ചുകളും പാർക്ക് ചെയ്യുന്നതിന് വിശാലമായ പാർക്കിംഗ് സൗകര്യം ഉണ്ടായിരിക്കും. വിമൻസ് ഫോറത്തിന്റെയും എസ്എംവെെഎമ്മിന്റെയും നേതൃത്വത്തിൽ മിതമായ നിരക്കിൽ സ്നാക്ക്, ടീ, കോഫീ കൗണ്ടറുകളും ക്രമീകരിച്ചിട്ടുണ്ട്.
കർമലമാതാവിന്റെ അനുഗ്രഹാരാമത്തിലേക്ക് നടത്തപ്പെടുന്ന തീർഥാടനത്തിലേക്കും തിരുക്കർമങ്ങളിലേക്കും ഏവരെയും സ്നേഹപൂർവം ക്ഷണിക്കുന്നതായി പിൽഗ്രിമേജ് കോഓർഡിനേറ്റർ ഫാ.ഷിനോജ് കളരിക്കൽഅറിയിച്ചു.
പ്രസുദേന്തി ആകുവാൻ താത്പര്യമുള്ളവർ താഴെകാണുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. https://forms.gle/wJxzScXoNs6se7Wb6
കൂടുതൽ വിവരങ്ങൾക്ക്: ഫാ. ഷിനോജ് കളരിക്കൽ 07920690343. വേദി: The Friars, Aylesford, Kent, ME20 7BX.
|
|
|
|
|
|