ഫ്രാങ്ക്ഫര്‍ട്ട്: മലയാളികളുടെ ഗൃഹാതുര സ്മരണകളുമായി, ജര്‍മനിയിലെ വലിയ മലയാളി കൂട്ടായ്മയും ആദ്യത്തെ സമാജങ്ങളിലൊന്നുമായ കേരള സമാജം ഫ്രാങ്ക്ഫര്‍ട്ടിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഇക്കൊല്ലത്തെ ഓണാഘോഷം (ഓണാരവം 2025) വര്‍ണശബളമായി ആഘോഷിച്ചു.
ഫ്രാങ്ക്ഫര്‍ട്ടിലും പരിസരപ്രദേശങ്ങളിലുമുള്ള സമാജം അംഗങ്ങളെയും, സുഹൃത്തുക്കളെയും, പുതിയ തലമുറയിലെ യുവജനങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് സെപ്റ്റംബര്‍ 13 ന് ഫ്രാങ്ക്ഫര്‍ട്ട് സാല്‍ബൗ ബോണ്‍ഹൈമില്‍ ഉച്ചയ്ക്ക് 11:30 മണിക്ക്, നാട്ടില്‍ നിന്നും എത്തിച്ച വാഴയിലയില്‍ വിളമ്പിയ വിഭവസമൃദ്ധവും സ്വാദിഷ്ടവുമായ ഓണസദ്യയോടെയാണ് ആരംഭിച്ചത്.
ഓണസദ്യയ്ക്കു ശേഷം ആരംഭിച്ച സാംസ്കാരിക സമ്മേളനത്തില്‍ സമാജം പ്രസിഡന്റ് ഡിപിന് പോള്‍ സ്വാഗതം ആശംസിച്ചു. ആഘോഷങ്ങളില്‍ മുഖ്യാതിഥിയായ ഫ്രാങ്ക്ഫര്‍ട്ടിലെ കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ കോണ്‍സുല്‍, സത്യനാരായണന് പാറക്കാട്ട്, അദ്ദേഹത്തിന്റെ പത്നി കവിത സത്യനാരായണന്, ഡിപിന് പോള്‍, സെക്രട്ടറി ഹരീഷ് പിള്ള എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് കോണ്‍സുല്‍ ജനറല്‍ ഓഫ് ഇന്ത്യ, ഫ്രാങ്ക്ഫര്‍ട്ട്, ഷുചിത കിഷോറിനെ പ്രതിനിധീകരിച്ച് കോണ്‍സുല്‍, സത്യനാരായണന് പാറക്കാട്ട് ആശംസകള്‍ അര്‍പ്പിച്ചു പ്രസംഗിച്ചു.
പ്രവാസിഓണ്ലൈന് ഡോട്ട് കോം മാധ്യമസ്ഥാപനത്തിന്റെ സാരഥിയും ചീഫ് എൗിറ്ററും ലോക കേരള സഭ അംഗവുമായ ജോസ് കുമ്പിളുവേലില്‍ കേരള സമാജത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചതിനൊപ്പം പുതുതായി ജര്‍മനിയില്‍ ജോലിയ്ക്കും, പഠനത്തിനും, ഔസ്ബില്ഡൂംഗിനുമായി എത്തിയ യുവജനങ്ങളെ ജര്‍മനിയില്‍ പാലിക്കേണ്ട കാര്യങ്ങളെപ്പറ്റിയും, പ്രത്യേകിച്ച് ഭാഷ, ഇന്റഗ്രേഷന്‍, അച്ചടക്കം, വൃത്തി, സമയനിഷ്ഠ തുടങ്ങിയ വിഷയങ്ങളില്‍ കാണിക്കേണ്ട ജാഗ്രതയെപ്പറ്റി ഓര്‍മ്മിപ്പിച്ചു.
തിരുവാതിരകളിയും, ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജം മലയാളം സ്കൂളിലെ കുട്ടികളുടെ, ഓണാഘോഷത്തിന്റെ ഐതിഹ്യത്തെ ആസ്പദമാക്കിയുള്ള ലഘു നാടകവും സദസിന് ഏറെ ഹൃദ്യമായി.വേദിയില്‍ പ്രതിഭാശാലികളായ കലാകാരികളും കലാകാരന്മാരും കുട്ടികളും ഒത്തുചേര്‍ന്നു അരങ്ങേറിയ സംഘനൃത്തങ്ങള്‍, ശാസ്ത്രീയനൃത്തങ്ങള്‍ തുടങ്ങിയ വൈവിദ്ധ്യങ്ങളായ മികവുറ്റ കലാപരിപാടികള്‍ ആഘോഷത്തെ അവിസ്മരണീയവും കൊഴുപ്പുള്ളതുമാക്കി.
 ഓണാഘോഷത്തിന്റെ മുന്നോടിയായി നേരത്തെ നടത്തിയ ചിത്രരചന മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി വിജയികളായവര്‍ക്ക് മുഖ്യാതിഥി സമ്മാനങ്ങള്‍ വിതരണം ചെയ്തു. മനോഹരമായ മലയാള സിനിമ ഗാനങ്ങളും, ഓണപ്പാട്ടുകളും, ഇംഗ്ലീഷ്, തമിഴ് ഗാനാലാപനവും തുടര്‍ന്ന് തംബോലയും, പുതിയ തലമുറയും പഴയ തലമുറയും ഉള്‍പ്പെടെ എഴുന്നൂറോളം മലയാളികള്‍ പങ്കെടുത്ത ഓണാഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി. സമാജം സെക്രട്ടറി ഹരീഷ് പിള്ള പരിപാടികളുടെ അവതാരകനായിരുന്നു.
 യുവതീയുവാക്കളുടെ കേരളീയ വേഷമണിഞ്ഞുള്ള പങ്കുചേരലും, സമാജം അംഗങ്ങളുടെയും മലയാളം സ്കൂളിലെ രക്ഷിതാക്കളുടെയും നിര്‍ലോഭമായ സഹകരണവും പ്രത്യേകം ശ്രദ്ധേയമായി. ചുരുങ്ങിയ സമയത്തില്‍ 700 ല്‍ അധികം അതിഥികള്‍ക്ക് സദ്യ വിളമ്പുന്ന ശ്രമകരമായ ദൗത്യം,ബോബി ജോസഫ്, അബി മാങ്കുളം, ജിബിന്‍ ജോണ്‍ എന്നിവരുടെ നേതൃത്വത്തില്‍ സന്നദ്ധരായ ധാരാളം യുവതീയുവാക്കളുടെ സഹായസഹകരണത്തോടുകൂടി സമയപരിധിക്കുള്ളില്‍ പൂര്‍ത്തിയാക്കുവാന്‍ സാധിച്ചു.
നൃത്താധ്യാപകരുടെയും ടീം ലീഡേഴ്സിന്റെയും ചിട്ടയായ പരിശീലന ഫലമായി നയന മനോഹരമായ മികവുറ്റ പരിപാടികള്‍ വേദിയില്‍ അരങ്ങേറിയതിലും, വിഭവസമൃദ്ധവും രുചികരവുമായ ഓണസദ്യ ജര്‍മ്മനിയില്‍ കഴിക്കാന്‍ സാധിച്ചതിലും, ആഘോഷത്തിന്റെ വിവിധ ഘട്ടങ്ങള്‍ സമയബന്ധിതമായി നടപ്പാക്കിയതിലും കേരള സമാജം എക്സിക്യൂട്ടീവ് കമ്മിറ്റിയോട് ഏറെ സന്തോഷവും സംതൃപ്തിയും പങ്കെടുത്തവര്‍ പ്രകടിപ്പിച്ചു. സമാജം സെക്രട്ടറി ഹരീഷ് പിള്ള നന്ദി പ്രകാശിപ്പിച്ചു. തുടര്‍ന്ന് ദേശീയഗാനാലാപനത്തിനുശേഷം വൈകിട്ട് 7 മണിയോടുകൂടി ഓണാഘോഷപരിപാടികള്‍ക്ക് തിരശീല വീണു.
 പരിപാടികളുടെ എല്ലാവിധ ഒരുക്കങ്ങള്‍ക്കും ഡിപിന് പോള്‍ (പ്രസിഡന്റ്), ഹരീഷ് പിള്ള (സെക്രട്ടറി), രതീഷ് മേടമേല്‍ (ട്രഷറര്‍), കമ്മറ്റിയംഗങ്ങളായ, റെജീന ജയറാം, ബിന്നി തോമസ്, അജു സാം, ഷൈജു വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്കി.
|