കൊളോണ്‍: ജര്‍മനിയിലെ കൊളോണ്‍ കേരള സമാജം സംഘടിപ്പിക്കുന്ന ഓണാഘോഷം ഇന്ന് നടക്കും. ജര്‍മന്‍ സുഹൃത്തുക്കളെയും പ്രവാസി രണ്ടാം തലമുറയെയും പങ്കെടുപ്പിച്ചു കൊണ്ട് നടത്തുന്ന ഓണാഘോഷത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സമാജം പ്രസിഡന്റ് ജോസ് പുതുശേരി അറിയിച്ചു.
കൊളോണ്‍, വെസിംഗ് സെന്റ് ഗെര്‍മാനൂസ് ദേവാലയ ഓഡിറ്റോറിയത്തില്‍ (ബോണര്‍ സ്ട്രാസെ 1, 50389) വൈകുന്നേരം നാലിന് (പ്രവേശനം മൂന്ന് മുതല്‍) പരിപാടികള്‍ ആരംഭിക്കും.
അംഗങ്ങൾ കേരളീയ വേഷമണിഞ്ഞ് ആഘോഷത്തില്‍ പങ്കെടുക്കണമെന്ന് പ്രസിഡന്റ് അറിയിച്ചു. പ്രവേശനം ടിക്കറ്റുമൂലം നിയന്ത്രിച്ചിട്ടുണ്ട്.
തിരുവാതിരകളി, മാവേലിമന്നന് വരവേല്‍പ്പ്, ശാസ്ത്രീയ നൃത്തങ്ങളായ മോഹിനിയാട്ടം. ഭരതനാട്യം, നാടോടി നൃത്തങ്ങള്‍, സിനിമാറ്റിക് ഡാന്‍സ്, സംഘനൃത്തങ്ങള്‍, ഫാഷന്‍ പരേഡ്, ഫ്യൂഷന്‍ വൈബ്സ്, കപ്പിള്‍ ഡാന്‍സ് എന്നിവയ്ക്കു പുറമെ ചെണ്ടമേളം, പുലികളി തുടങ്ങിയ കേരളത്തിന്റെ തനതായ കലാരൂപങ്ങള്‍ അവതരിപ്പിക്കപ്പെടുന്നതോടൊപ്പം വിഭവസമൃദ്ധമായ ഓണസദ്യയും തംബോലയും ഉണ്ടായിരിക്കും.
ജര്‍മനിയില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന ട്രാവല്‍ ഏജന്‍സിയായ ലോട്ടസ് ട്രാവല്‍സ് വുപ്പര്‍ട്ടാല്‍ നല്കുന്ന 200 യൂറോയുടെ യാത്രാ കൂപ്പണ്‍ ആണ് ഒന്നാം സമ്മാനം.
കൂടാതെ തംബോലയില്‍ വിജയികളാകുന്നവര്‍ക്ക് ആകര്‍ഷകങ്ങളായ ഏഴ് സമ്മാനങ്ങളും നല്‍കുന്നുണ്ട്. ഒരു യൂറോയാണ് തംബോലയുടെ ടിക്കറ്റ് വില. വിഭവസമൃദ്ധമായ ഓണസദ്യയ്ക്കുശേഷം ജര്‍മനിയിലെ മലയാളി യുവജന ഗ്രൂപ്പിന്റെ അടിപൊളി ഗാനമേളയും തംബാലയുടെ നറുക്കെടുപ്പും ഉണ്ടായിരിക്കും.
തിരുവോണാഘോഷത്തോട് അനുബന്ധിച്ച് നടത്തിയ ചീട്ടുകളി മത്സരത്തിലെ വിജയികള്‍ക്കുള്ള ട്രോഫിയും വടംവലി മത്സരത്തില്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങളും കൂടാതെ സമാജത്തിന്റെ നേത്യത്വത്തില്‍ നടത്തിയ അടുക്കളതോട്ട മല്‍സരത്തിലെ വിജയികള്‍ക്കുള്ള കര്‍ഷകശ്രീ പുരസ്കാരവും വിതരണം ചെയ്യും.
വടംവലി മത്സരത്തില്‍ വിജയികളായ പുരുഷ, വനിതാ ടീമുകള്‍ക്കുള്ള സമ്മാനം സ്പോണ്‍സണ്‍ ചെയ്തിരിക്കുന്നത് ബോണിലെ യുഎന്‍ ആസ്ഥാനത്ത് ജോലി ചെയ്യുന്ന ഡിപ്ളോമാറ്റ് കൂടിയായ സോമരാജന് പിള്ളയാണ്. വിശാലമായ കാര്‍ പാര്‍ക്കിംഗ് സൗകര്യവും ഹാളിന്റെ പരിസരത്ത് ഉണ്ടായിരിക്കും.
ജോസ് പുതുശേരി (പ്രസിഡന്റ്), ഡേവീസ് വടക്കുംചേരി (ജനറല്‍ സെക്രട്ടറി), ഷീബ കല്ലറയ്ക്കല്‍ (ട്രഷറര്‍), പോള്‍ ചിറയത്ത് (വൈസ് പ്രസിഡന്റ്), ജോസ് കുമ്പിളുവേലില്‍ (കള്‍ച്ചറല്‍ സെക്രട്ടറി), ബൈജു പോള്‍ (സ്പോര്‍ട്സ് സെക്രട്ടറി), ടോമി തടത്തില്‍ (ജോ. സെക്രട്ടറി) എന്നിവരാണ് സമാജത്തിന്റെ ഭാരവാഹികള്‍.
കൂടുതൽ വിവരങ്ങള്‍ക്ക്: ഹോട്ട്ലൈന്‍ 0176 56434579, 0173 2609098, 0177 4600227.
|