മിഡിൽസ്ബറോ: മിഡിൽസ്ബറോയിലും ടീസെഡിലുമായി താമസിക്കുന്ന മലയാളികൾ ഒന്ന് ചേർന്ന് ടീസൈഡ് മലയാളി അസോസിയേഷൻ എന്ന പേരിൽ പുതിയ മലയാളി അസോസിയേഷൻ രൂപീകരിച്ചു.
മലയാളി സാനിധ്യം താരതമ്യേന കുറവായിരുന്ന ബ്രിട്ടന്റെ നോർത്ത് ഈസ്റ്റ് ഭാഗത്തെ പട്ടണമായ മിഡിൽസ്ബറോയിലേക്ക് ഈ കഴിഞ്ഞ കാലങ്ങളായി ഒട്ടേറെ മലയാളി കുടുംബങ്ങളാണ് കുടിയേറിയിട്ടുള്ളത്.
ഈ സമൂഹത്തിന്റെ സാമൂഹ്യവും സാംസ്കാരികവുമായ രംഗങ്ങളിലെ ഉന്നമനം ലക്ഷ്യമാക്കി രൂപീകൃതമായ ഈ സംഘടനയിൽ ഒട്ടുമിക്ക ആളുകളും അംഗങ്ങളായി എന്നത് ശ്രദ്ധേയമാണ്.

ടിഎംഎയുടെ പ്രസിഡന്റ് സോമിയ ചാക്കോയുടെ അധ്യക്ഷതയിൽ നടന്ന സംഘടനയുടെ ഉൽഘാടന സമ്മേളത്തിൽ മിഡിൽസ്ബറോ മാർ തോമാ സ്ലീവാ മിഷൻ ഡയറക്ടർ റവ. ഫാ. ആൻഡ്രൂസ് ചെതലൻ, ലോക കേരള സഭ അംഗം ഷൈമോൻ തോട്ടുങ്കൽ, യുക്മ നാഷണൽ കമ്മറ്റി അംഗവും സംരംഭകനുമായ എസിഎം കെയർ ഡയറക്ടർ വർഗീസ് തോമസ് എന്നിവർ ചേർന്നാണ് സംഘടനയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചത്.

മലയാള ഭാഷയുടെയും സംസ്കാരത്തിന്റെയും ഉന്നമനത്തിനും ഉതകുന്ന വ്യത്യസ്തമായ നിരവധി കർമപരിപാടികൾ വരും കാലങ്ങളിൽ ആവിഷ്കരിച്ച് നടപ്പിലാക്കാനാണ് സംഘടനാ ലക്ഷ്യമിടുന്നത് എന്ന് ഉദ്ഘാടന സമ്മേളനത്തിൽ ഭാരവാഹികൾ അറിയിച്ചു.

ജനറൽ സെക്രട്ടറി ജോമോൻ വർഗീസ് മറ്റത്തിൽ, വൈസ് പ്രസിഡന്റ് സിജി റോഷൻ, ജോയിന്റ് സെക്രട്ടറി റിസൺ സെബാസ്റ്റ്യൻ, ട്രഷറർ റോഷൻ പീറ്റർ എന്നിവരുടെ നേതൃത്വത്തിൽ ലിയോ വിൻസെന്റ്, രാകേഷ് സെബാസ്റ്റ്യൻ, നിഖിൽ വർഗീസ്, വിഷ് വർഗീസ്, കൃഷ്ണ ദാസ്, ശരത് ജി. നായർ, ജോജി ജോസഫ്, അജയ് ഫിലിപ്പ്, പളനിവേൽ ശേഖർ, സാജു ജോസഫ് എന്നിവരടങ്ങിയ വിപുലമായ എക്സിക്യൂട്ടിവ് കമ്മിറ്റിയാണ് പരിപാടികൾക്ക് നേതൃത്വം നൽകിയത്.

സമ്മേളനത്തിൽ സംഘടനയുടെ ഔദ്യോഗിക ലോഗോ, വെബ്സൈറ്റ്, ബൈലോ എന്നിവയും പ്രകാശനം ചെയ്തു. പരിപാടികളോടനുബന്ധിച്ച് കുട്ടികൾക്കായി മാജിക് ഷോ, കലാപാരിപാടികൾ, സ്നേഹ വിരുന്ന് എന്നിവയും ഉണ്ടായിരുന്നു.
|