അബുദാബി: മലയാളി സമാജം സംഘടിപ്പിക്കുന്ന ത്രിദിന ഇൻഡോ അറബ് കൾചറൽ ഫെസ്റ്റ് വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ അബുദാബി മുസഫയിലെ ക്യാപിറ്റൽ മാളിനു സമീപം പ്രത്യേകം സജമാക്കിയ ബൊലെവാർഡ് അവന്യൂവിൽ നടക്കും.
ഇൻഡോ അറബ് പാരമ്പര്യങ്ങളുടെ വൈവിധ്യം പ്രദർശിപ്പിക്കുക എന്നതാണ് സാംസ്കാരിക ആഘോഷത്തിലൂടെ ലക്ഷ്യമിടുന്നത്. യുഎഇയുടെയും ഇന്ത്യയുടെയും തനി നാടൻ ഭക്ഷണ സ്റ്റാളുകളും തനത് കലാവിരുന്നുകളും വ്യാപാര സ്റ്റാളുകളും ഉണ്ടായിരിക്കും.
ഇരുരാജ്യങ്ങളുടെയും സാംസ്കാരിക വിനിമയത്തിന്റെയും ആഘോഷങ്ങളുടെയും സമന്വയവും രുചിവൈവിധ്യവും ഉത്സവത്തിലേക്ക് ജനങ്ങളെ ആകർഷിക്കുമെന്ന് പ്രസിഡന്റ് സലിം ചിറക്കലും ജനറൽ സെക്രട്ടറി ടി.വി. സുരേഷ്കുമാറും പറഞ്ഞു.
പ്രവേശന കൂപ്പൺ നറുക്കെടുപ്പിലൂടെ മെഗാ വിജയിച്ച് 20 പവൻ സ്വർണം സമ്മാനിക്കും. വിലപിടിപ്പുള്ള മറ്റു 56 സമ്മാനങ്ങളും ഉണ്ടാകും. ഒരു കൂപ്പണിൽ മൂന്ന് ദിവസവും പ്രവേശിക്കാം.
ഗായകരായ സയനോര ഫിലിപ്പ്, ലിപിൻ സ്കറിയ, പ്രസീത ചാലക്കുടി, ലക്ഷ്മി ജയൻ, മസ്ന, ശിഖ പ്രഭാകരൻ, ഫൈസൽ റാസി എന്നിവരുടെ അണിനിരക്കുന്ന ഗാനമേള ഇൻഡോ അറബ് ഫ്യൂഷൻ സംഗീത, നൃത്ത പരിപാടിക്കു പുറമെ മറ്റു കലാവിരുന്നും അറങ്ങേറും.
വെള്ളിയാഴ്ച രാത്രി ഏഴിന് സാംസ്കാരികോത്സവത്തിന് തുടക്കമാകും. രാത്രി 8.30ന് നടക്കുന്ന ഉദ്ഘാടന പരിപാടിയിൽ സർക്കാർ, എംബസി പ്രതിനിധികൾ പങ്കെടുക്കും. പഞ്ചാരി മേളം, പോലീസ് ബാൻഡ്, ഗാനമേള എന്നിവ ആദ്യദിവസത്തെ പരിപാടികളെ സമ്പന്നമാക്കും.ശനിയാഴ്ച വൈകുന്നേരം അഞ്ചിന് നാൽപതോളം കലാരാരന്മാർ അണിനിരക്കുന്ന വാദ്യമേളം, നാടൻ പാട്ട്, അറബിക് നൃത്തം എന്നിവ അരങ്ങേറും.
സമാപന ദിവസമായ ഞായറാഴ്ച ഉറുമി ബാൻഡ് അവതരിപ്പിക്കുന്ന കലാവിരുന്നിനു പുറമെ ലേലം വിളിയും നറുക്കെടുപ്പും ഉണ്ടാകും. ചടങ്ങിൽ ഇൻഡോ അറബ് കലാസൗഹൃദ പുരസ്കാരം വ്യവസായിയും നിർമാതാവും ജീവകാരുണ്യ പ്രവർത്തകരനുമായ ഫ്രാൻസിസ് ആന്റിണിക്ക് സമ്മാനിക്കും.
വാർത്താസമ്മേളനത്തിൽ ടി.എം. നിസാർ, യാസർ അറഫാത്ത്, ഷാജഹാൻ ഹൈദർ അലി, ഗോപകുമാർ, ജാസിർ, മഹേഷ് എളനാട്, സുരേഷ് പയ്യന്നൂർ, അസിം ഉമ്മർ (ലുലു എക്സ്ചേഞ്ച്), സയിദ് ഫൈസാൻ (എൽഎൽഎച്ച് ലൈഫ്കെയർ) എന്നിവരും പങ്കെടുത്തു.
അനിൽ സി. ഇടിക്കുള
|