റിയാദ്: സൗദി ടൂറിസം വികസന പദ്ധതിയുടെ ഭാഗമായി ദവാദ്മി മുൻസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘അഹ്ലൻ ദവാദ്മി 2025' ശ്രദ്ധേയമായി. പരിപാടിയുടെ ഭാഗമായി ഇന്ത്യൻ സാംസ്കാരിക പരിപാടികൾ കോർത്തിണക്കികൊണ്ട് ഒരു ദിവസം നീണ്ട വിവിധ കലാപരിപാടികൾ അരങ്ങേറി.
സൗദി ടൂറിസം കൗൺസിലും ഇന്ത്യൻ കൾച്ചറൽ ഫോറവും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ദവാത്മി മുൻസിപ്പാലിറ്റിയുമായി സഹകരിച്ച് ദവാത്മിയിലെ മലയാളികളുടെ വിവിധ സംഘടനകൾ ചേർന്ന് രൂപീകരിച്ച സംഘാടക സമിതി പരിപാടികൾക്ക് നേതൃത്വം നൽകി.
ദവാത്മി മുൻസിപ്പാലിറ്റി ഓപ്പൺ ഗ്രൗണ്ടിൽ അരങ്ങേറിയ ആഘോഷ പരിപാടിയിൽ ദവാദ്മിയിലെ വിവിധ വകുപ്പ് മേധാവികളും സ്വദേശികളും പ്രവാസികളുമടക്കം വൻ ജനാവലി സാക്ഷിയായി. വിവിധ രാജ്യക്കാർ തമ്മിലുള്ള വടംവലി മത്സരം കാണികളെ ആവേശഭരിതരാക്കി.
ടീം പാക്കിസ്ഥാൻ വടംവലിയിൽ വിജയികളായി. ചെയർമാൻ ഷാജി പ്ലാവിളയിൽ അധ്യക്ഷത വഹിച്ച സാംസ്കാരിക സമ്മേളനം സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു.

ഗായകൻ ഹാഷിം അബ്ബാസ്, ജിസിസി മലയാളി ഫെഡറേഷൻ ചെയർമാൻ റാഫി പാങ്ങോട്, സാമൂഹിക പ്രവർത്തകൻ നിഅമത്തുള്ള, കേളി ദാവാത്മി രക്ഷാധികാരി സെക്രട്ടറി ഉമ്മർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
ശിഹാബ് കൊട്ടുകാട്, റാഫി പാങ്ങോട്, നിഅമത്തുള്ള, ഹുസൈൻ, ഹാഷിംബാസ്, അയ്തൻ റിതു എന്നിവരെ മുൻസിപ്പാലിറ്റി മേധാവി തുർക്കി വേദിയിൽ ആദരിച്ചു.
സംഘാടകസമിതി കൺവീനർ മുസ്തഫ സ്വാഗതവും കെഎംസിസി ഏരിയ പ്രസിഡന്റ് സിദ്ദീഖ് നന്ദിയും പറഞ്ഞു. ദാവത്മിയിലെ തുറസ്സായ വേദിയിൽ ആദ്യമായി സംഘടിപ്പിച്ച കലാ പ്രകടനങ്ങൾ പ്രവാസികളിൽ ആനന്ദവും സ്വദേശികളിൽ വിസ്മയവും തീർത്തു.
സൗദി ഗായകൻ ഹാഷിം അബ്ബാസ്, റിയാദിൽ നിന്നുള്ള കുഞ്ഞിമുഹമ്മദും സംഘവും അവതരിപ്പിച്ച അറബിക്, ഹിന്ദി, നാടൻപാട്ടുകൾ, ചെണ്ടമേളം, നാസിക് ഡോൾ, തെയ്യം, പരുന്താട്ടം, കാവടിയാട്ടം, മോഹിനിയാട്ടം തുടങ്ങിയവ വേദിയിൽ അരങ്ങേറി.
വളയ നൃത്തത്തിൽ ലോക റിക്കാർഡ് കരസ്ഥമാക്കിയ കൊച്ചു കലാകാരി അയ്തൻ റിതുവിന്റെ പ്രകടനം ശ്രദ്ദേയമായി.

വിവിധ ഇന്ത്യൻ വിഭവങ്ങളും ഏഷ്യൻ രാജ്യങ്ങലിലെ വിഭവങ്ങളും അറബിക് വിഭവങ്ങളും നിരത്തിയ ഭക്ഷണ ശാലകൾ, കോഫീ ഷോപ്പുകൾ, കളിപ്പാട്ടങ്ങൾ, നിത്യോപയോഗ സാധനങ്ങളുടെ വിവിധ സ്റ്റാളുകൾ എന്നിവ പരിപാടിക്ക് ഉത്സവാന്തരീക്ഷം സൃഷ്ട്ടിച്ചു.
|