ഡാളസ് : ഡാളസിൽ നിന്നും പുറത്തിറക്കുന്ന ’ഡി മലയാളി’ ഓൺലൈൻ ദിന പത്രത്തിന്റെ സ്വിച്ച് ഓൺ കർമം അമേരിക്കയിലെ മുതിർന്ന മാധ്യമപ്രവർത്തകൻ ബിനോയി സെബാസ്റ്റ്യൻ നിർവഹിച്ചു.
ജനുവരി 26ന് വൈകിട്ട് 5 മണിക്ക് ഡാളസ് കേരള അസോസിയേഷൻ ഓഫിസിൽ നടന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് അവാർഡ് വിതരണ ചടങ്ങിലാണ് പ്രകാശന കർമം നിർവഹിക്കപ്പെട്ടത് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് പ്രസിഡന്റ് സണ്ണി മാളിയേക്കൽ അധ്യക്ഷത വഹിച്ചു.
പത്രപ്രവര്‍ത്തകര്‍ കാത്തുസൂക്ഷിക്കുവാന്‍ ബാധ്യസ്ഥമായ കോഡ് ഓഫ് എത്തിക്സ് എന്ന അടിസ്ഥാന പ്രമാണങ്ങള്‍ പോലും ഇവിടെ ബോധപൂര്‍വ്വം വിസ്മരിയ്ക്കപ്പെടുന്നു, പ്രകാശന കർമം നിർവഹിക്കുന്നതിനിടയിൽ ബിനോയി സെബാസ്റ്റ്യൻ ചൂണ്ടിക്കാട്ടി . ആധുനിക കാലഘട്ടത്തില്‍ പത്രപ്രവര്‍ത്തനത്തേയും, പത്രപ്രവര്‍ത്തകരേയും അമിതമായി സ്വാധീനിച്ചിരിക്കുന്ന സോഷ്യല്‍ മീഡിയായുടെ അനിയന്ത്രിതമായ കടന്നു കയറ്റം നിയന്ത്രിക്കപ്പെടേണ്ടതുണ്ട്, ബിനോയ് കൂട്ടിച്ചേർത്തു.
’ഡി മലയാളി’ ഓൺലൈൻ ദിന പത്രത്തിന്റെ വിജയത്തിനായി രംഗത്തിറങ്ങിയിരിക്കുന്നത് ദൃശ്യ, പ്രിന്റ്, ഓൺലൈൻ മാധ്യമ രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന ഡാളസിലെ യുവ പത്രപ്രവർത്തകരാണ്. സാമൂഹികസാംസ്കാരിക പ്രദേശിക വിഷയങ്ങളെക്കുറിച്ചുള്ള അറിയിപ്പുകൾ പ്രതിഫലേച്ഛ കൂടാതെ ജനങ്ങളിലെത്തിക്കുക, അതോടൊപ്പം തന്നെ അമേരിക്കയിലെ മലയാളികൾ അറിഞ്ഞിരിക്കേണ്ട സുപ്രധാന വിഷയങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുക എന്നതാണ് ’ഡി മലയാളി’ ദിനപത്രം ലക്ഷ്യമിടുന്നത്.
സണ്ണി മാളിയേക്കൽ, പി പി ചെറിയാൻ, ബിജിലി ജോർജ്, റ്റി സി ചാക്കോ, ബെന്നി ജോൺ, അനശ്വർ മാമ്പിള്ളി, സാംമാത്യു, രാജു തരകൻ, ലാലി ജോസഫ്, സിജു വി ജോർജ്, തോമസ് ചിറമേൽ, പ്രസാദ് തിയോടിക്കൽ, ഡോ. അഞ്ജു ബിജിലി എന്നിവർ ഉൾപ്പെടുന്ന വിപുലമായ പത്രാധിപ സമതിയാണ് ഡി മലയാളി ദിന പത്രത്തിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്. മാർച്ച് ഒന്നു മുതൽ പൂർണമായി ഓൺലൈൻ ’ഡി മലയാളി’ ദിനപത്രം സൗജന്യമായി എല്ലാവരുടെയും കൈകളിൽ എത്തിക്കുന്നതിനുള്ള ശ്രമമാണ് അണിയറയിൽ നടന്നുവരുന്നത്.
|