വാഷിംഗ്ടൺ ഡിസി: ലോകം ഉറ്റുനോക്കുന്ന അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ചൊവ്വാഴ്ച നടക്കും. ഭരണകക്ഷിയായ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥിയായി വൈസ് പ്രസിഡന്റും ഇന്ത്യൻ വംശജയുമായ കമല ഹാരിസും പ്രതിപക്ഷ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥിയായി മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ഏറ്റുമുട്ടുന്നു.
പ്രചാരണത്തിൽ ഇരുവരും ഇഞ്ചോടിച്ചു പോരാട്ടം നടത്തിയതായി അഭിപ്രായ സർവേകൾ പറയുന്നു. കുടിയേറ്റം, ഗർഭഛിദ്രാവകാശം തുടങ്ങിയ വിഷയങ്ങളെ കേന്ദ്രീകരിച്ചായിരുന്നു പ്രചാരണം. തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ, ആരായിരിക്കും ജയിക്കുക എന്നതു സംബന്ധിച്ച് തികഞ്ഞ അനിശ്ചിതത്വം നിലനിൽക്കുകയാണ്.
കമല ഹാരിസ് ജയിക്കുമോ എന്നതു സംബന്ധിച്ച ഉദ്വേഗം ഇന്ത്യയിലുമുണ്ട്. ഡോണള്‍ഡ് ട്രംപിന് പ്രസിഡന്റ് പദത്തിലേക്കുള്ള അവസാന അവസരമാണിത്. ഏതാണ്ട് ഒരു വര്‍ഷമായി നടന്നുവരുന്ന തെരഞ്ഞെടുപ്പ് പ്രക്രിയ അവസാന ലാപ്പിലെത്തുമ്പോള്‍ ഫലം പ്രവചനാതീതം.
മുൻകൂർ വോട്ട് ചെയ്യാനുള്ള സൗകര്യം (ഏര്‍ളി വോട്ടിംഗ്) ഏതാണ്ട് എട്ടു കോടിയിലധികം പേര് ഉപയോഗപ്പെടുത്തി. ഒന്‍പത് സംസ്ഥാനങ്ങളില്‍ പകുതിയിലധികം പേര് വോട്ട് ചെയ്തു. മൊത്തം 24 കോടി വോട്ടര്‍മാരാണുള്ളത്.
മുൻകൂർ വോട്ട് ചെയ്തവരുടെ ഇടയില്‍ നടത്തിയ സര്‍വേയില്‍ കമലയ്ക്ക് ലീഡുണ്ട്. പരമ്പരാഗതമായി ഡെമോക്രാറ്റുകള്‍ മുൻകൂർ വോട്ട് ചെയ്യുന്നവരാണ്. വോട്ടെടുപ്പിനു മുന്‍പായുള്ള അഭിപ്രായ സർവേകളുടെ ശരാശരി എടുത്താൽ ട്രംപിനും കമലയ്ക്കും 50 ശതമാനത്തിനു മുകളിൽ പിന്തുണയില്ല.
ട്രംപിന് 46.9 ശതമാനമാണ് പിന്തുണ; കമലയ്ക്കുള്ള പിന്തുണ 47.9 ശതമാനം. ബുധനാഴ്ച രാവിലെയോടെ വിജയിയെക്കുറിച്ചുള്ള സൂചനകൾ ലഭിക്കും. 538 ഇലക്ടറല്‍ വോട്ടില്‍ 270 വോട്ട് നേടുന്നയാള്‍ വൈറ്റ് ഹൗസിലെത്തും. കമല ജയിച്ചാൽ അമേരിക്കൻ പ്രസിഡന്റാകുന്ന ആദ്യ വനിത, ഏഷ്യൻ വംശജ എന്നീ ബഹുമതികൾ സ്വന്തമാക്കും.
വോട്ടെടുപ്പ് സമയം
ആറു സമയമേഖലകളുള്ള അമേരിക്കയിൽ വിവിധ സംസ്ഥാനങ്ങളിലെ പോളിംഗ് സമയം വ്യത്യാസപ്പെട്ടിരിക്കുന്നു. പൊതുവേ, പ്രാദേശിക സമയം ചൊവ്വാഴ്ച രാവിലെ ആറു മുതൽ വൈകിട്ട് എട്ടുവരെയാണ് പോളിംഗ് (ഇന്ത്യൻ സമയം ചൊവ്വാഴ്ച വൈകിട്ട് 4.30 മുതൽ ബുധനാഴ്ച രാവിലെ 6.30 വരെ).
വോട്ടെടുപ്പ് അവസാനിക്കും മുന്‍പേ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവരും. എല്ലാ വോട്ടുകളും എണ്ണിക്കഴിഞ്ഞാലേ ഔദ്യോഗിക ഫലപ്രഖ്യാപനം ഉണ്ടാകൂ. ഇതിനു മുന്‍പേ അമേരിക്കൻ മാധ്യമങ്ങൾ വിജയിയെക്കുറിച്ചുള്ള സൂചനകൾ നല്‍കും.
സ്ഥാനാർഥികൾ
പ്രസിഡന്റ് ജോ ബൈഡന്റെ ഡെമോക്രാറ്റിക് പാർട്ടിക്കുവേണ്ടി മത്സരിക്കുന്നത് ഇന്ത്യൻ വംശജ കമല ഹാരിസ് ആണ്. പ്രതിപക്ഷ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥി മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും.
ബൈഡൻ രണ്ടാംമൂഴത്തിന് മത്സരത്തിനിറങ്ങിയതാണ്. എന്നാൽ പ്രായാധിക്യത്തെക്കുറിച്ചുള്ള വിമർശനങ്ങളേറിയപ്പോൾ അദ്ദേഹം പിന്മാറി. വൈസ് പ്രസിഡന്റ് കമല ഡെമോക്രാറ്റിക് സ്ഥാനാർഥിയായി.
മിന്നസോട്ട ഗവർണർ ടിം വാൽസ് ആണ് കമലയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർഥി (റണ്ണിംഗ് മേറ്റ്). ഒഹായോയിൽനിന്നുള്ള സെനറ്റൽ ജെ.ഡി. വാൻസ് ആണ് ട്രംപിന്റെ റണ്ണിംഗ് മേറ്റ്.
ചെറുകിട പാർട്ടിക്കാരും സ്വതന്ത്രരും മത്സരരംഗത്തുണ്ടെങ്കിലും ഇവരാരെങ്കിലും വിജയിക്കുമെന്നോ, തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുംവിധം വോട്ടു നേടുമെന്നോ പ്രതീക്ഷിക്കപ്പെടുന്നില്ല.
തെരഞ്ഞെടുപ്പു വിഷയങ്ങൾ
ഡെമോക്രാറ്റുകൾ പൗരാവകാശങ്ങൾക്കും സാമൂഹ്യസുരക്ഷയ്ക്കും ഉന്നൽ നല്കുന്ന ലിബറൽ പാർട്ടിക്കാരാണ്. നികുതി വെട്ടിക്കുറയ്ക്കുക, സർക്കാരിന്റെ നിയന്ത്രണങ്ങൾ പരിമിതപ്പെടുത്തുക, കുടിയേറ്റം തടയുക, ഗർഭച്ഛിദ്രം വിലക്കുക തുടങ്ങിയ കാര്യങ്ങൾക്കായി വാദിക്കുന്ന യാഥാസ്ഥിതികരാണ് റിപ്പബ്ലിക്കന്മാർ.
പ്രസിഡന്റ് ബൈഡന്റെ ഭരണത്തുടർച്ച ഏതാണ്ട് അതേപടി വാഗ്ദാനം ചെയ്താണ് കമല പ്രചാരണം നടത്തിയത്. ഗർഭച്ഛിദ്രം നടത്താൻ വനിതകൾക്ക് അവകാശമുണ്ടെന്ന് കമല വാദിക്കുന്നു. ട്രംപ് വീണ്ടും അധികാരത്തിലേറിയാൻ അമേരിക്ക അരാജകത്വത്തിലേക്കു നിപതിക്കുമെന്നും ഡെമോക്രാറ്റ് ഭരണത്തിലാണ് ശോഭനഭാവിയെന്നും പറയുന്നു.
അമേരിക്കൻ ജനതയെ പ്രതിനിധീകരിക്കുന്ന പോരാളിയാണു താന്നെന്ന് ട്രംപ് അവകാശപ്പെടുന്നു. കടുത്ത കുടിയേറ്റവിരുദ്ധതയിലൂന്നിയാണ് അദ്ദേഹത്തിന്റെ പ്രചാരണങ്ങൾ. താൻ ജയിച്ചില്ലെങ്കിൽ അമേരിക്കയ്ക്കു നാശമെന്നൊക്കെയാണ് ട്രംപ് പറയുന്നത്.
അഭിപ്രായ സർവേകൾ
ബൈഡനും ട്രംപും തമ്മിൽ പ്രചാരണം നടത്തിയ കാലത്ത്, അഭിപ്രായ സർവേകളിൽ ട്രംപിനു നല്ല മേൽക്കൈ ഉണ്ടായിരുന്നു. ബൈഡൻ പിന്മാറി കമല വന്നപ്പോൾ ട്രംപ് താഴേക്കു പോയി. പിന്നീട് ട്രംപ് നില മെച്ചപ്പെടുത്തി.
വോട്ടെടുപ്പിനു മുന്‍പായുള്ള സർവേകളുടെ ശരാശരി എടുത്താൽ ട്രംപിനും കമലയ്ക്കും 50 ശതമാനത്തിനു മുകളിൽ പിന്തുണയില്ല. ട്രംപിന് 46.9 ശതമാനമാണ് പിന്തുണ; കമലയ്ക്കുള്ള പിന്തുണ 47.9 ശതമാനം.
ജയിക്കാൻ 270
ജനങ്ങളുടെ വോട്ട് ഏറ്റവും കൂടുതൽ കിട്ടുന്നയാളല്ല, ഇലക്ടറൽ കോളജിൽ ഏറ്റവും കൂടുതൽ വോട്ട് കിട്ടുന്നയാളാണ് ജയിക്കുന്നത്. ജനസംഖ്യ അടിസ്ഥാനമാക്കി അമേരിക്കയിലെ 50 സംസ്ഥാനങ്ങൾക്ക് നിശ്ചിത ഇലക്ടറൽ വോട്ടുകൾ അനുവദിച്ചിട്ടുണ്ട്. കലിഫോർണിയയിൽ 54ഉം അലാസ്കയിൽ മൂന്നും ഇലക്ടറൽ വോട്ടുകളാണുള്ളത്.
ഓരോ സംസ്ഥാനത്തും ഏറ്റവും കൂടുതൽ ജനപിന്തുണ ലഭിക്കുന്ന സ്ഥാനാർഥിക്ക് ആ സംസ്ഥാനത്തെ മുഴുവൻ ഇലക്ടറൽ വോട്ടുകളും കിട്ടും. മൊത്തം 538 ഇലക്ടറൽ വോട്ടുകളാണുള്ളത്. ജയിക്കാൻ വേണ്ടത് 270.
മിക്ക സംസ്ഥാനങ്ങളും ഡെമോക്രാറ്റുകളുടെയോ റിപ്പബ്ലിക്കന്മാരുടെയോ കോട്ടകളാണ്. പെൻസിൽവേനിയ, നോർത്ത് കരോളൈന, ജോർജിയ, മിഷിഗൺ, അരിസോണ, വിസ്കോൺസിൻ, നെവാഡ എന്നീ ഏഴു സംസ്ഥാനങ്ങൾ ഇക്കുറി ആരെ പിന്തുണയ്ക്കുമെന്നതിൽ വ്യക്തതയില്ല.
ചാഞ്ചാട്ട മനോഭാവമുള്ള ഈ ഏഴു സംസ്ഥാനങ്ങളിലെ വോട്ടുകൾ വിജയിയെ നിശ്ചയിക്കാം. അവസാന ദിവസങ്ങളിൽ ട്രംപിന്റെയും കമലയുടെയും പ്രചാരണം ഈ സംസ്ഥാനങ്ങളിലായിരുന്നു.
|