ന്യൂയോർക്ക്: സ്റ്റാറ്റൻ ഐലൻഡ് ബ്ലെസ്ഡ് കുഞ്ഞച്ചൻ സിറോമലബാർ മിഷനിൽ തിരുനാളും ഇടവക ദിനവും ആഘോഷിച്ചു. വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ നൊവേനയും ജപമാല സമർപ്പണവും തിരുനാൾ ഒരുക്കത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ ഇടവകയിൽ നടന്നു.
ജപമാല സമർപ്പണത്തോടെ ആരംഭിച്ച തിരുനാൾ തിരുക്കർമങ്ങളിൾക്ക് വികാരിയും മിഷൻ ഡയറക്ടറുമായ ഫാ. സോജു വർഗീസ് നേതൃത്വം നൽകി. ഫാ. ജേക്കബ് കിഴക്കേപള്ളി വാതുക്കലാണ് മുഖ്യകാർമ്മികത്വം വഹിച്ചത്.
നൊവേനയ്ക്കും ലദീഞ്ഞിനും ഫാ.സോജു വർഗീസ് കാർമ്മികത്വം വഹിച്ചു. വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ തേവരുപറമ്പിലിന്റെ രൂപക്കൂട് വഹിച്ചുകൊണ്ട് മുത്തുക്കുടകളുടെയും ചെണ്ടമേളത്തിന്റെയും പേപ്പൽ പതാകകളുടെയും അകമ്പടിയോടെ ദേവാലയത്തിൽ പ്രദക്ഷിണം നടത്തി.
വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുശേഷിപ്പ് എഴുന്നള്ളിച്ചുകൊണ്ട് ഫാ. ജേക്കബ് കിഴക്കേപള്ളി വൈദികരും അതിനു മുന്നിലായി പ്രസുദേന്തിമാരായ തങ്കച്ചൻ മാത്യു കാരക്കാട്ട് കുടുംബവും ഷാജി മാത്യു കാരക്കാട്ട് കുടുംബവും പ്രദക്ഷിണം നടത്തി.
തിരുനാൾ കുർബാനയിൽ ജയ്മോന്റെ നേതൃത്വത്തിൽ ജയ്സൺ ആന്റണി ലിഞ്ജു, ലിയ, ലീമ, ഇവാ എന്നിവർ ചേർന്നു ഗാനശുശ്രൂഷ നടത്തി. സെന്റ് ജോസഫ് പാരിഷ് ഹാളിൽ വച്ച് നടത്തിയ ഇടവക ദിനാഘോഷത്തിൽ ഫാ. റോയി കണ്ണഞ്ചിറ രചിച്ച വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ പ്രഘോഷണ ഗാനത്തോടെ പരിപാടികൾ ആരംഭിച്ചു.
തുടർന്ന് രാത്രി ഒൻപത് വരെ കലാപരിപാടികൾ നടന്നു. സൺഡേ സ്കൂൾ വിദ്യാർഥികളും ഇടവകാംഗങ്ങളും ഗസ്റ്റ് ആർട്ടിസ്റ്റുകളും ചേർന്ന് അവതരിപ്പിച്ച സംഗീത, നൃത്ത കലാ പരിപാടികൾ ഏറെ ആകർഷകമായി. ആഷ്ലി മത്തായി കലാസന്ധ്യക്ക് കോർഡിനേറ്ററായിരുന്നു.
റോയി മുട്ടപ്പള്ളി, തോമസ് ഡിക്രോസ്സ്, ജയ്സൻ ആന്റണി എന്നിവർ ഗാനങ്ങൾ ആലപിച്ചു. ഇടവക സ്ത്രീകൾ സംഘനൃത്തം അവതരിപ്പിച്ചു. കുട്ടികളുടെ മികവുറ്റ കലാപ്രകടനങ്ങളും അരങ്ങേറി.
ഡെറ്റി ഡാർലി, ലിഷ ലിബിൻ, ലിയ ജോയി തുടങ്ങിയവർ കുട്ടികൾക്ക് നേതൃത്വം നൽകി. ടോം തോമസ്, അലക്സ് ജോസഫ്, ജോർജ്ജ് മുണ്ടിയാനി, അപ്പു ഡാർലി, സ്റ്റാൻലി സഖറിയ എന്നിവർ പെരുന്നാളാഘോഷങ്ങൾക്ക് നേതൃത്വം വഹിച്ചു.
ദേവസ്യാച്ചൻ കാരക്കാട്ട്, മത്തായി കരിയിലക്കുഴിയിൽ എന്നിവർ അൾത്താര ശുശ്രൂഷയ്ക്കും മിനി ബെന്നി, ആഷ്ലി മാത്യു എന്നിവർ ദേവാലയ അലങ്കാരത്തിനും ജെനി ജോയി, ഷിജു ജോസ്, ജിനോയി തുടങ്ങിയവർ പാരിഷ് ദിനാഘോഷത്തിനും നേതൃത്വം വഹിച്ചു.
ഇടവ വികാരി ഫാ സോജു വർഗീസിന്റെ നന്ദി പ്രകാശനത്തോടെ ആഘോഷങ്ങൾക്ക് സമാപനമായി.
|