അബുദാബി: എസ്വെെഎസ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പ്രവാസ ലോകത്ത് ആയിരം ഇടങ്ങളിൽ നടക്കുന്ന യൂണിറ്റ് സമ്മേളനങ്ങൾ നവംബർ 7, 8, 9, 10 തീയതികളിൽ നടക്കുമെന്ന് ഐസിഎഫ് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സമ്മേളനത്തിന്റെ പ്രമേയമായ "ദേശാന്തരങ്ങളിലിരുന്ന് ദേശം പണിയുന്നവർ' എന്ന പ്രമേയത്തിൽ പ്രവാസികളുടെ സാമൂഹ്യ, സാമ്പത്തിക, സാംസ്കാരിക വിഷയങ്ങൾ യുണിറ്റ് സമ്മേളനങ്ങളിൽ ചർച്ച ചെയ്യും.
ഇന്ത്യയിലെ രണ്ടു കോടിയോളം പൗരന്മാർ ജോലി തേടി ലോകത്തിലെ 181 രാജ്യത്ത് ജീവിക്കുന്നുവെന്നാണ് കണക്ക്. 2023ലെ കേരള മൈഗ്രേഷൻ റിപ്പോർട്ട് റിപ്പോർട്ട് പ്രകാരം 21.54 ലക്ഷം മലയാളികൾ പ്രവാസികളാണ്.
2018നെ അപേക്ഷിച്ച് 2023ൽ കേരളത്തിലെ വന്ന പ്രവാസി പണത്തിൽ 154 ശതമാനം വർധനവാണ് ഉണ്ടായത്. അതായത് 2018ൽ 85,092 കോടി രൂപയാണ് കേരളത്തിലെത്തിയെങ്കിൽ 2023ൽ അത് 2.16 ലക്ഷം കോടിയായി ഉയർന്നു.
ലോകബാങ്കിന്റെ കണക്ക് പ്രകാരം 2023ൽ ഇന്ത്യയിലേക്കുള്ള പ്രവാസികളുടെ പണമയക്കൽ 10.38 ലക്ഷം കോടി രൂപയാണ്. സാമ്പത്തികമായി വലിയ സംഭാവന നൽകുന്ന പ്രവാസിക്ക് രാജ്യം എന്ത് തിരിച്ചു നല്കുന്നുവെന്നത് ചർച്ച ചെയ്യപ്പെടണമെന്നാണ് സമ്മേളനങ്ങളിലൂടെ ലക്ഷ്യമിടുന്നത്.
സമ്മേളനത്തിന്റെ ഭാഗമായി സാന്ത്വന സേവന പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തും. "സ്പർശം' എന്ന പേരിലുള്ള പദ്ധതിയിൽ രാജ്യത്തെ നിയമ സംവിധാനങ്ങൾക്കകത്ത് നിന്ന് കൊണ്ടുള്ള സേവന പ്രവർത്തനങ്ങൾ നടക്കും.
രോഗി സന്ദർശനം, സഹായം, ജയിൽ സന്ദർശനം, ശുചീകരണ യജ്ഞങ്ങൾ, രക്ത ദാനം, രക്ത ഗ്രൂപ്പ് നിർണയം, മെഡിക്കൽ ക്യാമ്പ്, എംബസി, പാസ്പോർട്ട്, ഇഖാമ മാർഗനിർദേശം, നോർക്ക സേവനങ്ങൾ, നാട്ടിൽ പോകാനാകാത്തവർക്ക് വിമാന ടിക്കറ്റ്, ജോലിയില്ലാതെയും മറ്റും സാമ്പത്തികമായി തകർന്നവർക്ക് ഭക്ഷണം, വാടക എന്നിവ നൽകൽ, നാട്ടിൽ കിണർ, വീട്, വിവാഹ, ഉപരി പഠന സഹായം, രോഗികൾക്ക് പ്രത്യേകിച്ച് ഡയാലിസിസ്, കിഡ്നി, കാൻസർ രോഗികൾക്ക് സഹായം തുടങ്ങിയ ആശ്വാസ പ്രവർത്തനങ്ങൾ ഇതിൽ ഉൾപ്പെടും.
സമ്മേളനത്തിന്റെ സ്മാരകമായി "രിഫായി കെയർ' എന്ന പേരിൽ കാരുണ്യ പദ്ധതി നടപ്പാക്കും. ഓട്ടിസം ബാധിച്ച കുട്ടികളോടുള്ള സമൂഹത്തിന്റെ മനോഭാവം മാറ്റാൻ ആവശ്യമായ ബോധവൽക്കരണവും ചികിത്സക്കും പരിചരണത്തിനും സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന തെരെഞ്ഞെടുത്ത ആയിരം കുടുംബങ്ങളെ സാമ്പത്തികമായി സഹായിക്കുന്നതാണ് പദ്ധതി.
മാസത്തിൽ 2,500 ഇന്ത്യൻ രൂപ വീതം ഒരു വർഷം 30,000 രൂപ നൽകുന്ന ഈ പദ്ധതിയിൽ ഐസിഎഫ് ഘടകങ്ങൾ മൂന്ന് കോടി രൂപ വിനിയോഗിക്കും. സംഘടനയുടെ നേതൃത്വത്തിൽ ഗൾഫ് മേഖലയിൽ പ്രസിദ്ധീകരിച്ചു വരുന്ന പ്രവാസി വായനയുടെ പത്താം വർഷത്തെ കാമ്പയിനും ഇതിന്റെ ഭാഗമായി നടക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
മുസ്തഫ ദാരിമി കടാങ്കോട് (ഐസിഎഫ് യുഎഇ നാഷണൽ പ്രസിഡന്റ്), ഹമീദ് പരപ്പ (ഐസിഎഫ് യുഎഇ നാഷണൽ ജനറൽ സെക്രട്ടറി), ഉസ്മാൻ സഖാഫി തിരുവത്ര (ഐസിഎഫ് യുഎഇ ഓർഗനൈസേഷൻ സെൽ പ്രസിഡന്റ്), അബ്ദുൽ നാസർ കൊടിയത്തൂർ (ഐസിഎഫ് യുഎഇ ഓർഗനൈസേഷൻ സെൽ സെക്രട്ടറി), ഹംസ അഹ്സനി (ഐസിഎഫ് അബുദാബി സെൻട്രൽ പ്രസിഡന്റ്) എന്നിവരാണ് വാർത്താസമ്മേളനത്തിൽ പങ്കെടുത്തത്.
|