ബെര്‍ലിന്‍: ജര്‍മനിയിലെ നോര്‍ത്ത് റൈന്‍ വെസ്റ്റ്ഫാലിയ സംസ്ഥാനത്തിലെ ഡൂയിസ്ബുര്‍ഗ് നഗരത്തില്‍ കുടിയേറിയ പുതിയ മലയാളി കുടുംബങ്ങളുടെ കൂട്ടായ്മയായ "ഒരുമ' അസോസിയേഷന്റെ ഓണാഘോഷം "ആരവം' വര്‍ണാഭമായി.
ഡൂയീസ്ബുര്‍ഗ് വാല്‍സും അല്ഡെന്റാഡെ സെന്റ് ജോസഫ് ദേവാലയ ഹാളില്‍ നടന്ന ഓണാഘോഷ പരിപാടിയില്‍ ജനറല്‍ സെക്രട്ടറി ഗോപീകൃഷ്ണന് സ്വാഗതം ആശംസിച്ചു. അസോസിയേഷന് പ്രസിഡന്റ് എ.എസ്. സുദീപ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു.
നാലാം ലോക കേരളസഭയില്‍ ജര്‍മനിയില്‍ നിന്നുള്ള അംഗവും മാധ്യമ പ്രവർത്തകനുമായ ജോസ് കുമ്പിളുവേലില്‍ (മുഖ്യാതിഥി), മാവേലി, എ.എസ്. സുദീപ്, ആന്റണി പാലത്തിങ്കല്‍ എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.
ജര്‍മനിയിലേക്കുള്ള മലയാളി പുതുതലമുറകളുടെ കുടിയേറ്റം ശക്തമായ സാഹചര്യത്തില്‍ ജര്‍മനിയുമായി ജര്‍മന്‍ സംസ്കാരവുമായി ഇഴുകിച്ചേര്‍ന്ന് ഇവിടെ ജീവിതം കെട്ടിപ്പെടുത്താന്‍ ശ്രമിക്കണമെന്ന് ഉദ്ഘാടനപ്രസംഗത്തില്‍ ജോസ് കുമ്പിളുവേലില്‍ പറഞ്ഞു.
സെന്റ് ജോസഫ് ദേവലയ ചാപ്ലെയിന്‍ ഫാ. രായന്ന സിരിഗിരി, നാടകകൃത്തും സംഘടനാ പ്രവര്‍ത്തകനുമായ ആന്റണി പാലത്തിങ്കല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അസോസിയേഷന് ഏര്‍പ്പെടുത്തിയ മാധ്യമരംഗത്തെ ശ്രേഷ്ഠ പുരസ്കാരം ജോസ് കുമ്പിളുവേലിക്ക് സമ്മാനിച്ചു.
മാവേലിയായി വേഷമിട്ട അലക്സ് പോള്‍ ഓണസന്ദേശം നല്കി. അസോസിയേഷന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും താങ്ങും തണലുമായി നില്ക്കുന്ന ഫാ. രായന്ന സിരിഗിരിക്കും അസോസിയേഷന് ""ഒരുമ'' എന്ന പേര് നിര്‍ദേശിച്ച് മനു, പ്രീമ കുടുംബത്തെയും പരിപാടിക്ക് ആരവം എന്നു പേര് നിര്‍ദേശിച്ച നീലു, ജോജി കുടുംബത്തെയും മെമന്റോ നല്കിയാദരിച്ചു.
പൂക്കളം, തിരുവാതിരകളി, സംഘനൃത്തം, ഗാനാലാപനം, മുതിര്‍ന്നവരുടെയും കുട്ടികളുടെയും വനിതകളുടെയും വടംവലി മത്സരം, കസേരകളി, ഓണസദ്യ തുടങ്ങിയവയെല്ലാം ഒത്തുചേര്‍ന്നപ്പോള്‍ ആഘോഷത്തിന് കേരളത്തനിമ പകരാന്‍ സഹായകമായി.
കുട്ടികള്‍ക്കുവേണ്ടി അണിയിച്ചൊരുക്കിയ കലാപരിപാടികളും മത്സരങ്ങളും ആഘോഷങ്ങള്‍ക്ക് കൊഴുപ്പേകി. മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് ജര്‍മനിയിലെ പഴയ തലമുറക്കാരി ആനി മാളിയേക്കല്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
പരിപാടികള്‍ക്കുശേഷം ഡിജെയും ഉണ്ടായിരുന്നു. ആന്‍ഡ്രിയ, ആര്ഡ്രോണ് എന്നിവര്‍ പരിപാടികള്‍ മോഡറേറ്റ് ചെയ്തു. എഡ്വിന് ജോസ് സുനില്‍ നന്ദി പറഞ്ഞു.
അസോസിയേഷന് പ്രസിഡന്റ് എ.എസ്. സുദീപ്, ഗോപികൃഷ്ണന് (ജന. സെക്രട്ടറി), ബിജു സെബാസ്ററ്യന് (ട്രഷറര്‍), ജിജോ തൊമ്മന് (ട്രഷറര്‍), കമ്മിറ്റി അംഗങ്ങളായ ലിജി എബ്രഹാം, ഐറിന് ഷിബിന്‍ ആഷ അലക്സ്, പ്രീമ മനു, നീലു ജോജി, ബിനീഷ് വി. നായര്‍, ജിന്റോ, പ്രവീണ്‍, അജോ എന്നിവര്‍ ആഘോഷത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു.
നവാഗതരായ ഓരോ കുടുംബവും ഒന്നുചേര്‍ന്ന് ഓണാഘോഷ പരിപാടികളിലേക്ക് എത്തുമ്പോള്‍ കുടുംബത്തിന്റെയും കൂട്ടായ്മയുടെയും സ്നേഹത്തിന്റെയും വലിയ സന്ദേശം പങ്കുവച്ച് കൂടുതല്‍ ആഘോഷങ്ങള്‍ നടത്താമെന്ന പ്രതീക്ഷയോടെ ഒരുമയുടെ അംഗങ്ങള്‍ വിടചൊല്ലി പിരിഞ്ഞു.
|