ഡബ്ലിൻ: അയർലൻഡിൽ പ്രവാസി ഹെൽത്ത് കെയർ അസിസ്റ്റന്റ്സ് നാഷണൽ സെക്രട്ടറിയായി ഷിജി ജോസഫിനെ തെരഞ്ഞെടുത്തു. രാജേഷ് ജോസഫാണ് ജോയിന്റ് സെക്രട്ടറി.
മൈഗ്രന്റ് നഴ്സസ് അയർലൻഡിന്റെ ഹെൽത്ത് കെയർ അസിസ്റ്റന്റുമാരുടെ വിഭാഗം സംഘടിപ്പിച്ച പ്രവാസി ഹെൽത്ത് കെയർ അസിസ്റ്റന്റുമാരുടെ പ്രഥമ സമ്മേളനമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
ഡബ്ലിൻ യുണൈറ്റ് ട്രേഡ് യൂണിയൻ ആസ്ഥാനത്തു വച്ചായിരുന്നു സമ്മേളനം. ഇന്ത്യൻ എംബസിയിലെ ഡെപ്യൂട്ടി ഹെഡ് ഓഫ് മിഷൻ മുരുഗരാജ് ദാമോദരൻ, മുൻ എംപിയും കൗൺസിലറുമായ റൂത്ത് കോപ്പിഞ്ചർ, മൈഗ്രന്റ് റെെറ്റ്സ് സെന്റർ ഡയറക്ടർ ബിൽ എബം, യുണൈറ്റ് ട്രേഡ് യൂണിയൻ റീജിയണൽ കോഓർഡിനേറ്റർ ടോം ഫിറ്റ്സ്ജറാൾഡ്,
മൈഗ്രന്റ് നഴ്സസ് കൺവീനർ വർഗീസ് ജോയ്, ജോയിന്റ് കൺവീനർ ഐബി തോമസ്, ട്രഷററും നഴ്സിംഗ് ബോർഡ് മെമ്പറുമായ സോമി തോമസ്, നാഷണൽ മെമ്പർഷിപ് കോഓർഡിനേറ്റർ വിനു കൈപ്പിള്ളി എന്നിവർ പ്രസംഗിച്ചു.
ഇക്കഴിഞ്ഞ നഴ്സിംഗ് ബോർഡ് തെരഞ്ഞെടുപ്പിൽ ഐഎൻഎംഒ സ്ഥാനാർഥിയായി മത്സരിച്ചു വൻ ഭൂരിപക്ഷത്തിൽ വിജയിച്ച മൈഗ്രന്റ് നഴ്സസ് അയർലൻഡിന്റെ ദേശീയ ട്രെഷററുമായ സോമി തോമസിനെ സമ്മേളത്തിൽ ആദരിച്ചു.
അയർലൻഡിലെ ആരോഗ്യമേഖലയിൽ കെയർ അസിസ്റ്റന്റുമാർ നേരിടുന്ന വിവിധങ്ങളായ പ്രശ്നങ്ങൾ സമ്മേളനം വിശദമായി ചർച്ച ചെയ്തു. ഇംഗ്ലണ്ട്, സ്കോട്ലൻഡ്, നോർത്തേൺ അയർലൻഡിൽ അടക്കം പ്രവർത്തിക്കുന്ന 12 ലക്ഷത്തോളം അംഗങ്ങൾ ഉള്ളതും അയർലൻഡിൽ സജീവ സാന്നിധ്യവുമായ യുണൈറ്റ് ട്രേഡ് യൂണിയനോട് ചേർന്ന് പ്രവർത്തിക്കാനും സമ്മേളനം തീരുമാനിച്ചു.
അയർലൻഡിലെ വിവിധ പ്രദേശങ്ങളെ പ്രതിനിധീകരിക്കുന്ന ഷിജി ജോസഫ്, രാജേഷ് ജോസഫ്, ശാരി സോണിയ, ഷാന്റോ വർഗീസ്, ജി. എസ്. പ്രഭാത്, സിൻഡ്ര, രഞ്ജു, സ്മിത, സിമിയ, ലൈസ്ലോ, ജിൻസി. അനിത, ജോസഫ്, റോസ്മിൻ, അനൂപ്, രാജീവ് നായർ എന്നിവരെ സംഘടനയുടെ സെൻട്രൽ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കുകയും ചെയ്തു.
|