നോർത്താംപ്ടൺ: കൈരളി യുകെ "ദ്യുതി’ അഥവാ പ്രകാശം പരത്തുന്നത് എന്ന പേരിൽ നടത്തിയ ക്യാംപിന് നോർത്താംപ്ടണിലെ റോക്ക് യുകെ ഫ്രോന്റിയർ സെന്ററിൽ തിരശീല വീണു. ഒക്ടോബർ നാലു മുതൽ ആറു വരെ റീകണക്ട്, റിഫ്ലെക്ട്, റിജോയിസ് എന്ന മൂന്ന് പ്രധാന ലക്ഷ്യങ്ങൾ മുന്നിർത്തി നടന്ന ക്യാംപിൽ യുകെയുടെ പലഭാഗങ്ങളിലുള്ള യൂണിറ്റുകളിലെ വിവിധ ഭാരവാഹിത്വം വഹിക്കുന്ന 70 പേർ പങ്കെടുത്തു.
യൂണിറ്റ് കമ്മറ്റി മുതൽ, ഉപരികമ്മറ്റികൾ വരെ നേരിടുന്ന പ്രശ്നങ്ങൾ, വരുത്തേണ്ട മാറ്റങ്ങൾ, തുടരേണ്ട പ്രവർത്തനങ്ങൾ എന്നിവ ചർച്ച ചെയ്യപ്പെട്ടു. തെരഞ്ഞെടുക്കപ്പെട്ട വിഷയങ്ങളിൽ ഗ്രൂപ്പ് അടിസ്ഥാനത്തിൽ നടന്ന ചർച്ചകൾ ബിജോയ് സെബാസ്റ്റ്യൻ, ബിജു ഗോപിനാഥ്, ദിവ്യ ക്ലെമന്റ്, എൽദോ പോൾ, നോബിൾ തെക്കേമുറി, പാഷ്യ എം, ജോസൻ ജോസ് എന്നിവർ നേതൃത്വം നൽകി.
കൈരളിയുടെ പ്രവർത്തനത്തെ പറ്റിയുള്ള വൈവിധ്യമായ വീക്ഷണങ്ങൾ സ്വരൂപിക്കുവാൻ നടത്തിയ ’ഡിഫറന്റ് പെർസ്സ്പെക്ടീവ്’ എന്ന സെഷൻ പ്രാതിനിധ്യം കൊണ്ടും കാഴ്ചപാടുകൾ കൊണ്ടും ശ്രദ്ധേയമായി.
കല കുവൈറ്റ് മുൻ സെക്രട്ടറി സൈജു റ്റി.കെ, കൈരളി ഒമാൻ മുൻ കമ്മിറ്റി അംഗം ലൈലാജ് രഘുനാഥ്, ഐഡബ്യുഎ സെക്രട്ടറി ലിയോസ് പോൾ, എഐസി എക്സിക്യുട്ടീവ് കമ്മറ്റി അംഗം ആഷിക്ക് മുഹമ്മദ്, രേഖ ബാബുമോൻ, വരുൺ ചന്ദ്രബാലൻ, നിഖിൽ, സനത്ത് എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി.
ദ്യുതിയുടെ വിജയത്തിനായി പ്രവർത്തിച്ച എല്ലാവർക്കും, സൗകര്യങ്ങൾ ഒരുക്കിയ റോക്ക് യുകെ, ഭക്ഷണം ഒരുക്കിയ നോട്ടിംഗ്ഹാം നാലുകെട്ട് കേറ്ററേഴ്സ് എന്നിവർക്ക് കൈരളി യുകെ നന്ദി അറിയിച്ചു.
|