റിയാദ്: റിയാദിലെ മലപ്പുറം നിവാസികളുടെ കൂട്ടായ്മയായ "റിയാദ് മലപ്പുറം കൂട്ടായ്മ' (റിമാൽ) എല്ലാ വർഷവും നടത്തി വരുന്ന "റിമാൽ സാന്ത്വനം' പരിപാടിയുടെ 20242025 വർഷത്തെ ധനസഹായ വിതരണം പൂർത്തീകരിച്ചതായി ഭാരവാഹികൾ അറിയിച്ചു.
മാരക രോഗങ്ങൾ കൊണ്ട് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കുടുംബങ്ങളുടെ വിവരശേഖരണം, കുടുംബങ്ങളിൽ നേരിട്ട് എത്തിയുള്ള സാന്ത്വനം, അർഹിക്കുന്നവർക്ക് സാമ്പത്തിക സഹായം എന്നിവയാണ് റിമാൽ സാന്ത്വനം പദ്ധതിയുടെ പ്രവർത്തനങ്ങൾ.
മലപ്പുറം മുനിസിപ്പാലിറ്റിയും സമീപ പ്രദേശങ്ങളായ ഒമ്പത് പഞ്ചായത്തുകളും ഉൾക്കൊള്ളുന്ന റിമാൽ പരിധിയിൽപ്പെട്ട ഏറ്റവും അർഹരായ ഡയാലിസിസ് ചെയ്യുന്നവർ, കാൻസർ രോഗികൾ, പക്ഷാഘാതം വന്ന് കിടപ്പിലായ രോഗികൾ എന്നീ ഗണത്തിലെ 350 രോഗികൾക്കാണ് സഹായവിതരണം നടത്തിയത്.
പൂക്കോട്ടൂർ, കോഡൂർ, കൂട്ടിലങ്ങാടി, ആനക്കയം, ഊരകം, പൊന്മള, ഒതുക്കുങ്ങൽ, മക്കരപ്പറമ്പ്, കുറുവ എന്നിവയാണ് റിമാൽ പരിധിയിൽ പെട്ട പഞ്ചായത്തുകൾ. ആവശ്യവും അർഹതയും അനുസരിച്ചു കുടുംബങ്ങൾക്ക് വേണ്ടി ഇടപെടലുകൾ തുടരാനും റിമാൽ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. റിയാദിലെ സാധാരണക്കാരായ പ്രവാസികൾ, നാട്ടിലെ മുൻ പ്രവാസികൾ, റിയാദിലെയും നാട്ടിലെയും റിമാൽ അഭ്യുദയകാംക്ഷികൾ തുടങ്ങിയവരുടെ സഹായം സമാഹരിച്ചാണ് റിമാൽ സാന്ത്വനം പ്രവർത്തനങ്ങൾക്ക് ഫണ്ട് കണ്ടെത്തുന്നത്. ഭീമമായ ചിലവ് വരുന്ന വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയരാകുന്ന നിർധനരായ രോഗികൾക്കും റിമാൽ സഹായം നൽകിവരുന്നുണ്ട്.
കൂടാതെ റിയാദിൽ വച്ച് മരണപ്പെട്ട പ്രവാസികളുടെ കുടുംബങ്ങൾക്ക് നിശ്ചിത സമയത്തേക്ക് പ്രതിമാസ സഹായം, രോഗികളായി മടങ്ങി വന്നവർക്ക് തുടർ ചികിത്സക്കുള്ള സഹായം, രോഗപ്രതിരോധത്തിനുള്ള ബോധവത്കരണ പരിപാടികൾ തുടങ്ങിയവയും ഈ പദ്ധതിയുടെ ഭാഗമായി നടന്നുവരുന്നു. റിമാല്‍ സാന്ത്വനം പദ്ധതിയുടെ ഭാഗമായി പുതുതായി ഈ വര്‍ഷം ആരംഭിച്ചതാണ് റിമാല്‍ ഡ്രസ് ബാങ്ക്. മലപ്പുറത്തിന്റെ ഹൃദയഭാഗത്ത് കോട്ടപ്പടി തിരുര്‍ റോഡില്‍ സിറ്റിഗോള്‍ഡ് ബില്‍ഡിംഗിന്റെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്നു.
വീടുകളില്‍ സുക്ഷിച്ചിരിക്കുന്ന ഉപയോഗ യോഗ്യമായ, എന്നാല്‍ മോഡല്‍ മാറിയതിനാലും വലിപ്പം കുറഞ്ഞതിനാലും ഉപയോഗിക്കാതിരിക്കുന്ന നല്ല വാസ്ത്രങ്ങള്‍ ശേഖരിച്ച് സാമ്പത്തികമായി പ്രയാസപ്പെടുന്ന പ്രദേശ വാസികള്‍ക്ക് സൗജന്യമായി വിതരണം ചെയ്യുന്നു.
ഒരു ദിവസം മാത്രം ഉപയോഗമുള്ള വിവാഹ വസ്ത്രങ്ങള്‍ ശേഖരിച്ച് ആവശ്യക്കാര്‍ക്ക് നല്കി ഉപയോഗ ശേഷം ഡ്രൈക്ലീന്‍ ചെയ്ത് തിരിച്ചു വാങ്ങുന്നു. പ്രദേശവാസികള്‍ക്ക് വളരെ ഉപകാരപ്പെടുന്ന ഈ സംരംഭം ഇന്ന് വളരെ ജനകീയമായിരിക്കുകയാണ്.ഇതിനായി റിമാല്‍ സ്വസൈറ്റിയായി രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തിക്കുന്നു. റിമാൽ സാന്ത്വനം പദ്ധതിയിൽ സഹകരിച്ച അംഗങ്ങൾക്കും റിയാദിലെ പ്രവാസികൾ, നാട്ടിലെ മുൻ പ്രവാസികൾ, റിയാദിലെയും നാട്ടിലെയും റിമാൽ അഭ്യുദയ കാംക്ഷികൾ എന്നിവർക്കും അർഹരായ രോഗികളെ കണ്ടെത്തുന്നതിനും സഹായം വിതരണം ചെയ്യുന്നതിനും സഹായിച്ച വിവിധ പ്രദേശങ്ങളിലെ പാലിയേറ്റീവ് വോളണ്ടിയർമാർക്കും മറ്റു സന്നധ പ്രവർ ത്തകർക്കും കമ്മിറ്റിയുടെ നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നതായി ഭാരവാഹികൾ അറിയിച്ചു. റിയാദിലെ പ്രവാസികളുടെ ആരോഗ്യ, തൊഴിൽ, നിയമ പ്രശ്നങ്ങളിൽ ക്രിയാത്മകമായി ഇടപെടുന്നതോടൊപ്പം നാട്ടിലും പ്രവാസികൾ നേരിടുന്ന വിഷയങ്ങൾ പരിഹരിക്കുന്നതിനും കഴിഞ്ഞ 17 വർഷമായി കക്ഷി, മത, രാഷ്ട്രീയ ചിന്തകൾക്കതീതമായി ഒറ്റക്കെട്ടായി പ്രവർത്തിക്കുന്ന കൂട്ടായ്മയാണ് റിമാൽ.
|