ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ക്രിസ്മസ് , പുതുവത്സരാഘോഷമായ "ശാന്ത രാത്രി പുതുരാത്രി’ ജനുവരി 26ന് ആർകെ പുരം സെക്ടർ8ലെ കേരളാ സ്കൂളിൽ അരങ്ങേറും.
രാവിലെ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ പ്രസിഡന്റ് കെ. രഘുനാഥ് പതാക ഉയർത്തുന്നതോടെ ആഘോഷ പരിപാടികൾക്ക് തുടക്കമാകും. ഉച്ചയ്ക്ക് 2.30 മുതൽ അരങ്ങേറുന്ന ക്രിസ്മസ് കരോൾ ഗാന മത്സരത്തിൽ മയൂർ വിഹാർ ഫേസ് 3 ഗാസിപ്പൂർ, മെഹ്റോളി, പട്ടേൽ നഗർ, ഹരിനഗർ മായാപുരി, രജൗരി ഗാർഡൻ ശിവാജി എൻക്ലേവ്, വികാസ്പുരി ഹസ്തസാൽ, ആർകെ പുരം, ആശ്രം ശ്രീനിവാസ്പുരി, വിനയ് നഗർ കിദ്വായ് നഗർ,
അംബേദ്കർ നഗർ പുഷ്പ് വിഹാർ, ജനക് പുരി, മയൂർ വിഹാർ ഫേസ് 2 എന്നീ 12 ഡിഎംഎ ഏരിയ ടീമുകൾ പങ്കെടുക്കും. ഒന്നും രണ്ടും മൂന്നും സ്ഥാനത്തിന് അർഹരാകുന്ന ടീമുകൾക്ക് യഥാക്രമം 15,000/, 10,000/, 7,500/ രൂപ സമ്മാനമായി നൽകും.
വൈകുന്നേരം 5.30ന് ഡിഎംഎ പ്രസിഡന്റ് കെ. രഘുനാഥിന്റെ അധ്യക്ഷതയിൽ ചേരുന്ന സാംസ്കാരിക സമ്മേളനത്തിൽ ഫരീദാബാദ് രൂപതാധ്യക്ഷൻ അഭിവന്ദ്യ ആർച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര ക്രിസ്മസ് സന്ദേശം നൽകും.
ചടങ്ങിൽ ഓൾ ഇന്ത്യാ മലയാളി അസോസിയേഷൻ നാഷണൽ ചെയർമാൻ ബാബു പണിക്കർ, കൂടാതെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. ഡിഎംഎ സമുച്ചയത്തിന്റെ നവീകരണ പ്രവർത്തനങ്ങളുടെ ധനശേഖരണാർഥം വിതരണം ചെയ്ത ഡോണർ കൂപ്പണുകളുടെ നറുക്കെടുപ്പും തദവസരത്തിൽ നടത്തും.
നറുക്കെടുപ്പിലെ വിജയികൾക്ക് വൺ മുതൽ 10 വരെ യഥാക്രമം 10 ഗ്രാം ഗോൾഡ് കോയിൻ, 1.5 ടൺ വിൻഡോ ഏസി, 42 ഇഞ്ച് ടിവി, 210 ലിറ്റർ ഫ്രിഡ്ജ്, സെമി ഓട്ടോമാറ്റിക് വാഷിംഗ് മഷീൻ, മൈക്രോവേവ് ഓവൻ, പ്രസ്റ്റീജ് കുക്ക് ടോപ്, ലാ ഒപ്പല ഡിന്നർ സെറ്റ്, മിക്സർ ജ്യൂസർ ഗ്രൈണ്ടർ, പ്രസ്റ്റീജ് ഇൻഡക്ഷൻ കുക്ക് ടോപ് എന്നിവ സമ്മാനങ്ങളായി നൽകും.
പ്രശസ്ത നൃത്താധ്യാപികയും കലാകാരിയുമായ ഡോ. നിഷാ റാണിയും സംഘവും അവതരിപ്പിക്കുന്ന രംഗപൂജയോടുകൂടി കലാപരിപാടികൾ ആരംഭിക്കും. തുടർന്ന് മയൂർ വിഹാർ ഫേസ് 3 ഗാസിപ്പൂർ, മെഹ്റോളി, പട്ടേൽ നഗർ, വികാസ്പുരി ഹസ്തസാൽ, ആർകെ പുരം, ആശ്രം ശ്രീനിവാസ്പുരി, അംബേദ്കർ നഗർ പുഷ്പ് വിഹാർ എന്നീ ഏരിയകൾ അവതരിപ്പിക്കുന്ന സിനിമാറ്റിക് ഡാൻസ്, സിനിമാറ്റിക് ഫ്യൂഷൻ, മാർഗംകളി തുടങ്ങിയവ ’ശാന്ത രാത്രി പുതുരാത്രി’ക്ക് ചാരുതയേകും.
അന്വേഷണങ്ങൾക്ക് പ്രോഗ്രാം കൺവീനറും ട്രെഷറാറുമായ മാത്യു ജോസ്, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, എന്നിവരുമായി 9868990001, 9810791770 ബന്ധപ്പെടാവുന്നതാണ്.
|