ന്യൂഡൽഹി: ദീപികയുടെ പാരന്പര്യം അവരുടെ ധൈര്യത്തിന്റെയും ബോധ്യത്തിന്റെയും സാക്ഷ്യമാണെന്ന് കേന്ദ്രമന്ത്രി അനുരാഗ് സിംഗ് ഠാക്കൂർ. ദീപിക ദിനപത്രത്തിന്റെ 137ാം വാർഷികവും ക്രിസ്മസ് ആഘോഷവും ന്യൂഡൽഹിയിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു കേന്ദ്ര വാർത്താ വിതരണപ്രക്ഷേപണ മന്ത്രി അനുരാഗ് സിംഗ് ഠാക്കൂർ.
ദീപിക തലമുറകളായി കേരളത്തിന്റെ ശബ്ദമായി നിലകൊള്ളുന്നു. 137 വർഷം എന്നത് ചെറിയ കാര്യമല്ല. ഇത് ആരംഭിച്ചവരുടെയും നിലനിർത്തിയ എല്ലാവരുടെയും ധീരതയുടെയും അർപ്പണബോധത്തിന്റെയും തെളിവാണ്. ദീപിക കേരളത്തിന്റെ മാത്രമല്ല, ഇന്ത്യയുടെയും ചരിത്രം രചിക്കുന്നു.
വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചനിൽനിന്നു പ്രചോദനം ഉൾക്കൊണ്ട് ദീപികയുടെ സ്ഥാപക പത്രാധിപർ നിധീരിക്കൽ മാണിക്കത്തനാർ, ഒരു പത്രത്തിലൂടെ ശബ്ദമില്ലാത്തവർക്ക് ശബ്ദമാകുകയും അവരെ ശക്തീകരിക്കുകയും ചെയ്യുക എന്ന വലിയ സ്വപ്നം കണ്ടു.
അവർ സ്വപ്നം കണ്ടതുപോലെ, ദീപികയുടെ പാരന്പര്യം അവരുടെ ധൈര്യത്തിന്റെയും ബോധ്യത്തിന്റെയും സാക്ഷ്യമാണ്. സാമൂഹിക പരിഷ്കരണങ്ങൾക്കുവേണ്ടി പോരാടുകയും വിദ്യാഭ്യാസ ഉന്നമനത്തിനായി വാദിക്കുകയും അനീതിയെ നിർഭയമായി തുറന്നുകാട്ടുകയും വായനക്കാരുടെ അചഞ്ചലമായ വിശ്വാസം നേടിയെടുക്കുകയും ചെയ്തു.
പത്രങ്ങൾ എല്ലായിടത്തും പ്രതിസന്ധികളെ നേരിട്ടുകൊണ്ടിരിക്കുകയാണ്. സാങ്കേതികവിദ്യ ഈ മേഖലയെ മാറ്റിമറിച്ചു. ഇപ്പോൾ മത്സരം കടുത്തതാണ്. ചുറ്റുമുള്ള ലോകം മാറ്റങ്ങൾക്കു വിധേയമായപ്പോഴും ദീപിക ഉറച്ചുനിന്നു. സാങ്കേതിക വിപ്ലവങ്ങൾക്കിടയിലും അടിസ്ഥാന മൂല്യങ്ങൾ കാത്തുസൂക്ഷിച്ചുകൊണ്ട് പുരോഗതികൾ കൈവരിച്ചു.
സെൻസേഷൻ വാർത്തകൾക്കു പിന്നാലെ പായാതെ വാർത്തകൾ കൃത്യമായി ജനങ്ങളിൽ എത്തിക്കാൻ ദീപിക സ്വീകരിക്കുന്ന മാർഗം ഉത്തരവാദിത്വബോധത്തോടെയുള്ള പത്രപ്രവർത്തന പ്രതിബദ്ധതയാണ്. മാധ്യമരംഗം വളരെ വേഗത്തിൽ മാറിക്കൊണ്ടിരിക്കുകയാണ്. കണ്ണുചിമ്മുന്ന വേഗത്തിലാണ് വാർത്തകൾ സഞ്ചരിക്കുന്നത്. പക്ഷേ തെറ്റായ വിവരങ്ങളും അങ്ങനെതന്നെ.
ക്ലിക്കുകളുടെയും കാഴ്ചകളുടെയും സെൻസേഷണലിസം പല പ്രസിദ്ധീകരണങ്ങളെയും സത്യം മറച്ചുവയ്ക്കാൻ പ്രേരിപ്പിക്കുന്നു. ഇന്ന്, സെൻസേഷണലിസവും അർധസത്യങ്ങളും മാധ്യമരംഗത്തെ ബാധിക്കുന്പോൾ ഉത്തരവാദിത്വമുള്ള, പത്രപ്രവർത്തന പ്രതിബദ്ധതയുള്ള പ്രസിദ്ധീകരണങ്ങളിൽ ദീപികയും ഉൾപ്പെടുന്നു. ഇത് വസ്തുതാപരമായ റിപ്പോർട്ടിംഗിന്റെയും ധാർമിക മാനദണ്ഡങ്ങളുടെയും ശക്തിയുടെ തെളിവാണ്.
വ്യാജവാർത്തകൾ, സമൂഹമാധ്യമങ്ങൾ, സെൻസേഷണലിസം എന്നിവ വിവര ആവാസവ്യവസ്ഥയ്ക്കു ഭീഷണി ഉയർത്തുന്നുണ്ട്. ഈ നിർണായക ഘട്ടത്തിലാണ് നമ്മൾ ദീപികയെപ്പോലുള്ള സ്ഥാപനങ്ങളെ പ്രകീർത്തിക്കുകയും അവരുടെ മാതൃകയിൽനിന്ന് പഠിക്കുകയും സത്യത്തോടും ധാർമിക റിപ്പോർട്ടിംഗിനോടുമുള്ള നമ്മുടെ പ്രതിബദ്ധത ഉറപ്പാക്കുകയും ചെയ്യേണ്ടത്.
വ്യാജവാർത്ത എന്ന വിപത്തിനെ ഒറ്റയ്ക്കു ചെറുക്കാനാകില്ല. ഗവണ്മെന്റ് അതിനായി ഒരു സംവിധാനം ഒരുക്കിയിട്ടുണ്ട്. പിഐബി വസ്തുതാ പരിശോധന (ഫാക്ട്സ് ചെക്ക്) ദിവസവും വ്യാജവാർത്തകളെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നുണ്ട്. ദേശീയവും പ്രാദേശികവുമായ മാധ്യമ സംഘടനകൾ വ്യാജവാർത്തകൾക്കെതിരേ ജാഗ്രത പാലിക്കണം.
പ്രാദേശിക പത്രങ്ങൾ, പ്രത്യേകിച്ച് അച്ചടിമാധ്യമങ്ങൾ സ്ത്രീകൾ, യുവാക്കൾ, കർഷകർ, തൊഴിലാളികൾ, മത്സ്യത്തൊഴിലാളി സമൂഹം എന്നിവയുൾപ്പെടെയുള്ള സാധാരണക്കാരുടെ ജീവിതത്തിൽ കാര്യമായ സ്വാധീനം ചെലുത്തുന്നു. ഈ പ്രസിദ്ധീകരണങ്ങളിൽ പ്രവർത്തിക്കുന്ന പത്രപ്രവർത്തകർ ദേശീയ ഉദ്ഗ്രഥനം, സാമൂഹിക ഐക്യം, ദൈനംദിന ജീവിതത്തിന്റെ പുരോഗതി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള അവരുടെ ശ്രമങ്ങൾക്ക് അഭിനന്ദനം അർഹിക്കുന്നു. പ്രാദേശിക പത്രങ്ങൾക്കും അവരുടെ പത്രപ്രവർത്തകർക്കും ഞാൻ പൂർണഹൃദയത്തോടെയുള്ള പിന്തുണ വാഗ്ദാനം ചെയ്യുന്നു.
ദീപികയുടെ കഥ 137 വർഷത്തെ മാത്രമല്ല; ഇത് അടുത്ത 137ന്റെയും അതിനുശേഷമുള്ള 137ന്റെയുമാണ്. സത്യത്തിന്റെ മഷി ഒരിക്കലും വറ്റിപ്പോകാതിരിക്കാനും കേരളത്തിന്റെ ശബ്ദം വരുംതലമുറകളിലൂടെ മുഴങ്ങിക്കൊണ്ടേയിരിക്കാനും വേണ്ടിയാണിത്. വരും തലമുറകൾക്കും സത്യത്തിന്റെ പാത പ്രകാശിപ്പിക്കാൻ ദീപികയ്ക്കു കഴിയട്ടെയെന്നും അനുരാഗ് ഠാക്കൂർ പറഞ്ഞു.
ആശംസയർപ്പിച്ച് പ്രമുഖർ
ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും പഴയ ദിനപത്രത്തിൽ ഒന്നായ ദീപികയുടെ വാർഷികാഘോഷത്തിൽ പങ്കെടുക്കുന്നതിൽ അഭിമാനമുണ്ടെന്ന് കോണ്ഗ്രസ് പ്രവർത്തകസമിതി അംഗം ശശി തരൂർ എംപി പറഞ്ഞു.
കേരളത്തിൽ ക്രിസ്മസ് മതസൗഹാർദത്തിന്റെ ആഘോഷമാണ്. ക്രിസ്മസ് നൽകുന്ന സന്ദേശം പാവപ്പെട്ടവരെയും നിരാലംബരെയും അഭയാർഥികളെയും പരിഗണിക്കണം എന്നുള്ളതാണെന്നും തരൂർ പറഞ്ഞു.
മാധ്യമലോകം കോർപറേറ്റുകൾ കൈയടക്കിവച്ചിരിക്കുന്ന കാലത്ത് ചെറുകിട മാധ്യമങ്ങൾ വൻ പ്രതിസന്ധിയാണു നേരിടുന്നതെന്ന് സിപിഎം നേതാവ് എളമരം കരീം എംപി പറഞ്ഞു.
137 വർഷമായി ഒരു പത്രം പ്രസിദ്ധീകരിക്കപ്പെടുന്നത് ആശ്ചര്യപ്പെടുത്തുന്ന ഒന്നാണെന്ന് സിപിഐ നേതാവ് പി. സന്തോഷ് കുമാർ എംപി പറഞ്ഞു. കേരളത്തിലെ രാഷ്ട്രീയരംഗത്ത് ദീപികയ്ക്ക് നിർണായകമായ സ്വാധീനമുണ്ട്. മണിപ്പുർ കലാപം ഉൾപ്പെടെ സത്യം പുറത്തുകൊണ്ടുവരാൻ ദീപികയ്ക്ക് സാധിച്ചെന്നും അദ്ദേഹം പറഞ്ഞു.
മലയാള ഭാഷയിലെ അച്ചടി ദിനപത്രത്തിലെ മുത്തശിയാണു ദീപികയെന്ന് എൻ.കെ. പ്രേമചന്ദ്രൻ പറഞ്ഞു. മാധ്യമസ്വാതന്ത്ര്യം നിലനിർത്താൻ 137 വർഷത്തെ പഴക്കമുള്ള ദീപികയ്ക്കു സാധിക്കട്ടേയെന്നും അദ്ദേഹം പറഞ്ഞു.
സമൂഹമനഃസാക്ഷിയുടെ സ്വരമായി നൂറ്റാണ്ടുകൾ ദീപിക നിലനിൽക്കട്ടേയെന്ന് ജോസ് കെ. മാണി എംപി പറഞ്ഞു. 137 വർഷം നിരവധി പ്രതിസന്ധികളെ തരണം ചെയ്തു ദീപിക മുന്നേറുകയാണ്. ദീപികയുടെ പോരാട്ടം ഇനിയും തുടരട്ടേയെന്ന് അദ്ദേഹം ആശംസിച്ചു.
വിവിധ മേഖലകളിൽ മികവു തെളിയിച്ച വ്യക്തികൾക്കുള്ള ദീപിക എക്സലൻസ് അവാർഡ് ചടങ്ങിൽ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ സമ്മാനിച്ചു.
ചടങ്ങിൽ അസോസിയേറ്റ് എഡിറ്ററും ദീപിക ഡൽഹി ബ്യൂറോ ചീഫുമായ ജോർജ് കള്ളിവയലിൽ സ്വാഗതവും കൊച്ചി യൂണിറ്റ് റസിഡന്റ് മാനേജർ ഫാ. സൈമണ് പള്ളുപ്പേട്ട നന്ദിയും പറഞ്ഞു.
ഫരീദാബാദ് ആർച്ച്ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര, ഫാ. മാർക്കോസ് കോർ എപ്പിസ്കോപ്പ, എംപിമാരായ തോമസ് ചാഴികാടൻ, ഡീൻ കുര്യാക്കോസ്, ജെബി മേത്തർ, എ.എം. ആരിഫ്, എ.എ. റഹീം, ജോണ് ബ്രിട്ടാസ്, മുൻ കേന്ദ്രമന്ത്രി ജെ.ഡി. സീലം, പ്രസ്ക്ലബ് ഓഫ് ഇന്ത്യ പ്രസിഡന്റ് ഗൗതം ലാഹിരി,
മുതിർന്ന പത്രപ്രവർത്തകരായ വിനോദ് ശർമ, ശാസ്ത്രി രാമചന്ദ്രൻ, എൻ. അശോകൻ, ആർ. പ്രസന്നൻ, ആനന്ദ് വ്യാസ്, പി.എം. നാരായണൻ, എം.കെ. അജിത് കുമാർ, ജോമി തോമസ്, പി. ബസന്ത്, മനോജ് മേനോൻ, സാജൻ എവുജിൻ, പ്രസൂണ് കണ്ടത്തിൽ, ഡി. ധനുസുമോദ്, ലളിതകലാ അക്കാഡമി ചെയർമാൻ മുരളി ചീരോത്ത്, കാർട്ടൂണ് അക്കാഡമി ചെയർമാൻ സുധീർ നാഥ്,
ഡൽഹി മലയാളി അസോസിയേഷൻ പ്രസിഡന്റ് കെ. രഘുനാഥ്, എയ്മ പ്രസിഡന്റ് ബാബു പണിക്കർ, ഡോ. ബാബു തളിയത്ത്, വ്യവസായി കൃഷ്ണകുമാർ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. പ്രശസ്ത ഗായിക മെറ്റിൽഡ തോമസ് കരോൾ ഗാനം അലപിച്ചു. ആദിയ നായർ പ്രമുഖ വ്യക്തികളെ പരിചയപ്പെടുത്തി.
|