ന്യൂഡൽഹി: മൂന്നു വർഷത്തെ ഇടവേളയ്ക്കു ശേഷം ഭക്ത മനസുകൾക്ക് സാഫല്യമായി 21ാമത് ചക്കുളത്തമ്മ പൊങ്കാല മഹോത്സവത്തിന് ശനിയാഴ്ച മയൂർ വിഹാർ ഫേസ് 3ലെ എ1 പാർക്കിൽ തിരിതെളിയും.
ഞായറാഴ്ചയാണ് പൊങ്കാല. മഹോത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർണമായതായി സംഘാടകൾ അറിയിച്ചു. ചടങ്ങുകൾക്ക് ചക്കുളത്ത് കാവ് ക്ഷേത്ര മുഖ്യ കാര്യദർശി ബ്രഹ്മശ്രീ രാധാകൃഷ്ണൻ നമ്പൂതിരി മുഖ്യ കാർമ്മികത്വം വഹിക്കും.
ആദ്യ ദിവസമായ ശനിയാഴ്ച രാവിലെ അഞ്ചിന് സ്ഥല ശുദ്ധി, 5.15ന് ഗണപതി ഹോമം, വൈകുന്നേരം 6.25ന് ദീപാരാധന, 6.30 മുതൽ ബ്രഹ്മശ്രീ രാധാകൃഷ്ണൻ നമ്പൂതിരിയുടെ ആത്മീയ പ്രഭാഷണം, ഏഴിന് ശനിദോഷ നിവാരണ പൂജ എന്നിവയാണ് പ്രധാന ചടങ്ങുകൾ.
രണ്ടാം ദിവസം രാവിലെ 5.15ന് മഹാ ഗണപതി ഹോമത്തോടെയാവും ചടങ്ങുകൾ ആരംഭിക്കുക. തുടർന്ന് പൊങ്കാലയോടനുബന്ധിച്ചുള്ള വിശേഷാൽ പൂജകൾ അരങ്ങേറും. 8.45ന് ചക്കുളത്തുകാവ് കാര്യദർശി ബ്രഹ്മശ്രീ മണിക്കുട്ടൻ നമ്പൂതിരി ഭദ്രദീപ പ്രകാശനം നിർവഹിക്കും.
ഒന്പതിന് ചക്കുളത്തമ്മ സഞ്ജീവനി ആശ്രമം ചാരിറ്റബിൾ ട്രസ്റ്റ് ഡൽഹി പ്രസിഡന്റ് സി. കേശവൻ കുട്ടിയുടെ അധ്യക്ഷതയിൽ ചേരുന്ന സാംസ്കാരിക സമ്മേളനം സ്ഥലം എംഎൽഎ കുൽദീപ് കുമാർ, കൗൺസിലർ പ്രിയങ്ക ഗൗതം, ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ ഗോകുലം ഗോപാലൻ,
ഇന്ത്യ എക്സ്പോർട്ട് കൺസൾട്ടൻസ് സിഇഒ സി.എസ്. ഉണ്ണി, ഡൽഹി മലയാളി അസോസിയേഷൻ ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, വെസ്റ്റേൺ ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടർ കെ.ആർ. മനോജ്,
ചക്കുളത്തുകാവിൽ നിന്നും രാധാകൃഷ്ണൻ നമ്പൂതിരി, മണിക്കുട്ടൻ നമ്പൂതിരി, ജയസൂര്യ നമ്പൂതിരി, ട്രസ്റ്റ് സെക്രട്ടറി പിഎൻ ഷാജി തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് ബ്രഹ്മശ്രീ രാധാകൃഷ്ണൻ നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തും.
ചടങ്ങിൽ 202223 അധ്യയന വർഷത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ 12ാം ക്ലാസിലെ വിദ്യാർഥികളായ ലീഷ്മാ കൃഷ്ണ മനോജ് (കൊമേഴ്സ്), തേജസ് സുരേഷ് (സയൻസ്) എന്നിവരെ ചക്കുളത്തമ്മ എഡ്യൂക്കേഷണൽ എക്സലൻസ് അവാർഡുകൾ നൽകി ആദരിക്കും.
തുടർന്ന് ചക്കുളത്തുകാവിലെ പ്രശസ്തമായ വിളിച്ച് ചൊല്ലി പ്രാർഥനയ്ക്ക് ശേഷം ക്ഷേത്ര ശ്രീകോവിലിൽനിന്നും കൊളുത്തുന്ന ദിവ്യാഗ്നി പണ്ടാര അടുപ്പിലേക്ക് കൊളുത്തിയശേഷം ഭക്തജനങ്ങൾ അവരവരുടെ പൊങ്കാല അടുപ്പുകളിലേക്ക് അഗ്നി പകർത്തുന്നതോടെ പൊങ്കാലയ്ക്ക് ആരംഭമാവും.
പല്ലശന ഉണ്ണി മാരാരും സംഘവും ഒരുക്കുന്ന വാദ്യമേളങ്ങൾ ക്ഷേത്രാങ്കണത്തിൽ നാദവിസ്മയമൊരുക്കും. 10ന് ബിജു ചെങ്ങന്നൂർ നയിക്കുന്ന നാദ തരംഗിണി ഓർക്കസ്ട്രാ, ഡൽഹി ഭക്തി ഗാന തരംഗിണി ക്ഷേത്രാങ്കണം ഭക്തിസാന്ദ്രമാക്കും.
വിദ്യകലാശം, മഹാകലാശം, പ്രസന്ന പൂജ എന്നിവയും ഉണ്ടാവും. ഭക്തജനങ്ങൾക്ക് ഇത്തവണ തിരുനടയിൽ നിറപറ സമർപ്പണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. തുടർന്ന് ചക്കുളത്തമ്മയുടെ ഇഷ്ട വഴിപാടായ അന്നദാനത്തോടെ ചടങ്ങുകൾക്ക് സമാപനമാകും.
ചക്കുളത്തമ്മ സഞ്ജീവനി ആശ്രമം ചാരിറ്റബിൾ ട്രസ്റ്റ്, ഡൽഹി പ്രസിഡന്റ് സി. കേശവൻ കുട്ടി, വൈസ് പ്രസിഡന്റ് ആർ. രാജേഷ് കുമാർ, സെക്രട്ടറി പി.എൻ. ഷാജി, പൊങ്കാല കൺവീനർ ഡി. ജയകുമാർ, ജോയിന്റ് സെക്രട്ടറി സരസ്വതി നായർ, ട്രഷറർ ടി.ജി. മോഹൻ കുമാർ, ജോയിന്റ് ട്രഷറർ പല്ലശന ഉണ്ണി മാരാർ, ഇന്റേണൽ ഓഡിറ്റർ എസ്. മുരളി തുടങ്ങിയവർ ഉത്സവാഘോഷങ്ങൾക്ക് മേൽനോട്ടം വഹിക്കും.
കൂടുതൽ വിവരങ്ങൾക്കും പൊങ്കാലയും മറ്റു വഴിപാടുകളും മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനുമായി 8130595922, 9810477949, 9650699114, 9818697285 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
|