ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷന്റെയും മാനുവൽ മലബാർ ജൂവലേഴ്സിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന "ഓണം പൊന്നോണം' ഞായറാഴ്ച നെഹ്റു സ്റ്റേഡിയത്തിലെ വെയ്റ്റ് ലിഫ്റ്റിംഗ് ഓഡിറ്റോറിയത്തിൽ രാവിലെ ഒൻപതിന് പൂക്കള മത്സരത്തോടെ അരങ്ങേറും.
ഉച്ചയ്ക്ക് 12 വരെ നടക്കുന്ന പൂക്കള മത്സരത്തിൽ ഡിഎംഎ യുടെ 19 ശാഖകൾ പങ്കെടുക്കും. വിജയികൾക്ക് ഒന്ന്, രണ്ട്, മൂന്ന് എന്നീ സ്ഥാനങ്ങളിലേക്ക് യഥാക്രമം 20,001, 15,001, 10,001 രൂപ എന്നിങ്ങനെ സമ്മാനമായി ലഭിക്കും.
പങ്കെടുക്കുന്ന മറ്റു ടീമുകൾക്ക് സമാശ്വാസ സമ്മാനമായി 2,500 രൂപ വീതവും നൽകും. വൈകുന്നേരം നടക്കുന്ന ഓണാഘോഷ പരിപാടികളിൽ വിജയികളെ പ്രഖ്യാപിക്കും.
അംബേദ്കർ നഗർ പുഷ്പ് വിഹാർ, ആശ്രം ശ്രീനിവാസ്പുരി, ദിൽഷാദ് കോളനി, ദ്വാരക, ജനക് പുരി, കാൽക്കാജി, കരോൾബാഗ് കണാട്ട് പ്ലേസ്, മഹിപാൽപ്പുർ കാപ്പസ്ഹേഡാ, മയൂർ വിഹാർ ഫേസ്2, മയൂർ വിഹാർ ഫേസ്3, മോത്തിനഗർ രമേശ് നഗർ,
മെഹ്റോളി, പശ്ചിമ വിഹാർ, ആർകെ പുരം, വസുന്ധര എൻക്ലേവ്, വികാസ്പുരി ഹസ്തസാൽ, വിനയ് നഗർ കിദ്വായ് നഗർ, പാലം മംഗലാപുരി, സംഗം വിഹാർ എന്നിവയാണ് പൂക്കള മത്സരത്തിൽ പങ്കെടുക്കുന്ന ശാഖകൾ.
വൈകുന്നേരം നാലു മുതൽ ഡിഎംഎ പ്രസിഡന്റ് കെ. രഘുനാഥിന്റെ അധ്യക്ഷതയിൽ ചേരുന്ന സാംസ്കാരിക സമ്മേളനത്തിൽ ഡിഎംഎ രക്ഷാധികാരി ഗോകുലം ഗോപാലൻ, സിനിമാതാരം ഉണ്ണി മുകുന്ദൻ, പിന്നണി ഗായിക ചിത്ര അരുൺ, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, വൈസ് പ്രസിഡന്റും ഓണം പൊന്നോണം 2023 ജനറൽ കൺവീനറുമായ കെ. ജി. രഘുനാഥൻ നായർ തുടങ്ങിയവർ പ്രസംഗിക്കും.
202223 വിദ്യാഭ്യാസ വർഷത്തിൽ 12ാം ക്ലാസിൽ ഉന്നത വിജയം നേടിയ അംബേദ്കർ നഗർപുഷ്പ് വിഹാർ ഏരിയയിലെ ലീഷ്മ കൃഷ്ണ മനോജ് (ഹ്യൂമാനിറ്റീസ്), മയൂർ വിഹാർ ഫേസ്3 ഏരിയയിലെ പി. വി. മാളവിക (കോമേഴ്സ്), ആശ്രം ശ്രീനിവാസ്പുരി ഏരിയയിലെ ആദിത്യാ വിനോദ് (സയൻസ്) എന്നീ വിദ്യാർഥികൾക്ക് ഡിഎംഎസലിൽ ശിവദാസ് അക്കാഡമിക് എക്സലൻസ് അവാർഡ് നൽകി ആദരിക്കും.
ചടങ്ങിൽ പൂക്കള മത്സരത്തിലെയും തിരുവാതിര കളി മത്സരത്തിലെയും വിജയികൾക്കുള്ള സമ്മാന ദാനം, സാമൂഹ്യ പ്രവർത്തകരെ ആദരിക്കൽ, എട്ടാമത് ലക്കം ഡിഎംഎ ത്രൈമാസിക ഓണം വിശേഷാൽ പതിപ്പിന്റെ പ്രകാശനം എന്നിവയും ഉണ്ടാവും.
തുടർന്ന് ഡിഎംഎയുടെ വിവിധ ഏരിയകൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ ഓണം പൊന്നോണം അവിസ്മരണീയമാക്കും.
പരിപാടികൾ തത്സമയം കാണുവാൻ താഴെയുള്ള ഡിഎംഎയുടെ യൂട്യൂബ് ലിങ്ക് ക്ലിക്ക് ചെയ്യാവുന്നതാണ്. https://www.youtube.com/live/moYbLqkerMs?si=a9MXpZBbgROpWCGr
കൂടുതൽ വിവരങ്ങൾക്ക്: 9818750868, 9810791770.
|