ലതയുടെ ഇഷ്ടഗായിക, ആഷയുടേയും!
Saturday, March 8, 2025 11:05 PM IST
നീണ്ടകാലത്തെ ഇടവേളയ്ക്കുശേഷം കുംഭമേളയിലെ സാംസ്കാരിക പരിപാടികളുടെ വേദിയിലാണ് സാധനാ സർഗത്തെ ആരാധകർ കാണുന്നത്. സിനിമാപ്പാട്ടുകളുടെ ലോകത്തുനിന്ന് എന്തുകൊണ്ടു അപ്രത്യക്ഷയായി എന്ന ചോദ്യത്തിന് ഇനിയും മറുപടിയില്ല.
മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്കാരമടക്കം ഒട്ടേറെ അംഗീകാരങ്ങൾ, സംഗീതപ്രേമികൾ ഇന്നും നെഞ്ചോടു ചേർത്തുവയ്ക്കുന്ന സൂപ്പർഹിറ്റ് ഗാനങ്ങൾ... എന്തുകൊണ്ടോ മുഖ്യധാരയിൽനിന്ന് ആ ഗായിക അകന്നുപോയി. അതോ അകറ്റപ്പെട്ടതോ... സർഗധനയായ സാധനാ സർഗമാണ് ആ ഗായിക.. വെള്ളിയാഴ്ച അവരുടെ 56-ാം ജന്മദിനമായിരുന്നു...
പാട്ടുകാരിയായ അമ്മ മകൾക്കായി ഒരു കുഞ്ഞു തുംബുരു ഉണ്ടാക്കി.., ശ്രുതിമീട്ടി പാടാൻ. ആ പാട്ടിനൊപ്പം തബലയിൽ താളംകൊട്ടാൻ കുഞ്ഞനുജൻ. അവരങ്ങനെ ഒരുപാടു പാട്ടുകൾ പാടി. ആഹ്ലാദം അവരെ മൂടി. പിന്നെ പതിയെ മകളെ പാട്ടുപഠിപ്പിക്കാനും തുടങ്ങി ആ അമ്മ. പാട്ടുകാരിയായി മകൾ വളർന്നു.
ഒരൊറ്റ പാട്ടുകൊണ്ടുതന്നെ പ്രശസ്തയാവുകയും പിന്നീടു 15,000ത്തിലേറെ പാട്ടുകൾ പാടുകയും ചെയ്ത ഗായിക. മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്കാരമടക്കം ഒട്ടേറെ അംഗീകാരങ്ങൾ, സംഗീതപ്രേമികൾ ഇന്നും നെഞ്ചോടുചേർത്തുവയ്ക്കുന്ന സൂപ്പർഹിറ്റ് ഗാനങ്ങൾ... എന്തുകൊണ്ടോ മുഖ്യധാരയിൽനിന്ന് ആ ഗായിക പൊടുന്നനേ അകന്നുപോയി. അതോ അകറ്റപ്പെട്ടതോ... തലമുറകളുടെ സ്നേഹം സ്വന്തമാക്കിയ ആ ഗായികയാണ് സാധനാ സർഗം.
എവിടെ സാധന
നീണ്ടകാലത്തെ ഇടവേളയ്ക്കുശേഷം കുംഭമേളയിലെ സാംസ്കാരിക പരിപാടികളുടെ വേദിയിലാണ് സാധനാ സർഗത്തെ ആരാധകർ കാണുന്നത്. സിനിമാപ്പാട്ടുകളുടെ ലോകത്തുനിന്ന് എന്തുകൊണ്ടു അപ്രത്യക്ഷയായി എന്ന ചോദ്യത്തിന് ഇനിയും മറുപടിയില്ല.
അങ്ങനെ പാടാതെ മാറിനിൽക്കേണ്ടിയിരുന്നയാളാണോ സാധനയെന്നു ചോദിച്ചാൽ ഉത്തരമുണ്ട്- അല്ല എന്നുതന്നെ!. ഹിന്ദിയിലും മറാത്തിയിലും ബംഗാളിയിലും തമിഴിലും തെലുഗുവിലുമായി അവർ പാടിവച്ച പാട്ടുകൾ മിഴിവോടെ ആ ഉത്തരത്തിനൊപ്പംനിൽക്കും.
മഹാരാഷ്ട്രയിലെ ധാബോലിൽ സംഗീതകുടുംബത്തിൽ ജനിച്ച സാധന നാലാം വയസിൽ വേദികളിൽ എത്തി. അമ്മ നീല ഘനേക്കർതന്നെയായിരുന്നു ആദ്യ ഗുരു.
വസന്ത് ദേശായിയുടെ ഈണത്തിൽ ദൂരദർശനുവേണ്ടി എക് അനേക് ഓർ ഏക്താ എന്ന പാട്ടുപാടുന്പോൾ സാധനയ്ക്ക് ആറുവയസ്. ഇപ്പോഴും ആ പാട്ടുകേൾക്കുന്പോൾ മനസിൽ അത്ഭുതംവിടരുമെന്ന് സാധന പറയുന്നു. കല്യാണ്ജി- ആനന്ദ്ജി ദ്വയത്തിന്റെ മ്യൂസിക് അറേഞ്ചറായിരുന്ന അനിൽ മൊഹിൽ വഴി ഒരു കിഷോർ കുമാർ ഗാനത്തിന്റെ കോറസിൽ അവസരമെത്തി.
പത്താം വയസിൽ കേന്ദ്രസർക്കാരിന്റെ ഒരു സ്കോളർഷിപ് ലഭിച്ചതോടെ പണ്ഡിറ്റ് ജസ്രാജിനു കീഴിൽ സംഗീതമഭ്യസിക്കാൻ ഭാഗ്യമെത്തി. നീണ്ട ഏഴുവർഷക്കാലത്തെ ആ പഠനമാണ് സാധനയുടെ അടിസ്ഥാനമെന്നു പറയാം. വസന്ത് ദേശായിയായിരുന്നു വഴികാട്ടി.
സിനിമയിൽ
ഒരു ഗുജറാത്തി ചിത്രത്തിനുവേണ്ടിയാണ് ആദ്യഗാനം പാടിയത്. രുസ്തം എന്ന സിനിമയിലെ ദൂർ നഹി രഹ്നാ എന്നപാട്ട് ഹിന്ദിയിൽ ആദ്യത്തേത്. ആ ചിത്രം പുറത്തിറങ്ങാൻ വൈകി. അങ്ങനെ വിധാതാ എന്ന സുഭാഷ് ഘായ് ചിത്രത്തിലെ സാത് സഹേലിയാ എന്ന പാട്ട് ആദ്യം റിലീസ് ചെയ്ത പാട്ടായി.
തുടർന്ന് ഒട്ടേറെ പാട്ടുകൾ സാധനയുടെ ശബ്ദത്തിൽ പുറത്തിറങ്ങി. ആർ.ഡി. ബർമൻ, ലക്ഷ്മികാന്ത്- പ്യാരേലാൽ, ആനന്ദ് മിലിന്ദ്, അനു മാലിക് തുടങ്ങിയ പ്രതിഭകളുടെ ഈണങ്ങൾ അവരെ തേടിയെത്തി. രാജേഷ് റോഷൻ ഒട്ടേറെ ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ചു.
ബി.ആർ. ചോപ്രയുടെ പ്രശസ്തമായ മഹാഭാരത് സീരിയലിൽ സാധനയുടെ പാട്ടുകൾ ശ്രദ്ധേയമായിരുന്നു. ത്രിദേവ് എന്ന സിനിമ പുറത്തിറങ്ങിയതോടെ ഗായികയെന്ന നിലയിൽ കൂടുതൽ പ്രശസ്തയായി.
തൊണ്ണൂറുകളിൽ കവിത കൃഷ്ണമൂർത്തി, അൽക്ക യാഗ്നിക്, അനുരാധ പൗഡ്വാൾ എന്നിവർക്കൊപ്പം മുൻനിര ഗായികമാരുടെ കൂട്ടത്തിൽ സാധനാ സർഗം സ്ഥാനംനേടി. അക്കാലത്തെ ചില സൂപ്പർഹിറ്റ് ഗാനങ്ങൾ ഓർക്കുക- സാത് സമുന്ദർ പാർ (വിശ്വാത്മ), തേരി ഉമീദ് തേരാ ഇന്തെസാർ, തേരീ ഇസി അദാ പേ സനം (ദീവാനാ), ആഷിഖി മേ ഹർ ആഷിഖ് (ദിൽ കാ ക്യാ കസൂർ), പെഹലാ നഷാ പെഹലാ ഖുമാർ (ജോ ജീതാ വൊഹി സികന്ദർ)... ഇവയെല്ലാം സാധനയുടെ ശബ്ദത്തിലായിരുന്നു. അകാലത്തിൽ പൊലിഞ്ഞുപോയ നടി ദിവ്യഭാരതിയുടെ സ്വരമായി സാധനയുടെ ശബ്ദം വിശേഷിപ്പിക്കപ്പെട്ടിരുന്നു. നീലേ നീലേ അംബർ പർ എന്ന സൂപ്പർഹിറ്റ് കിഷോർ കുമാർ ഗാനത്തിന്റെ ഫീമെയിൽ പതിപ്പ് പാടിയതും സാധനയാണ്. ജബ് കോയി ബാത് ബിഗഡ് ജായേ, നാ കജ്രേ കീ ധാർ, തേരേ ദർ പർ സനം... ഹിറ്റുകൾ തുടർന്നു.
അലൈ പായുതേ..
ഇരുനൂറിലേറെ പാട്ടുകളാണ് സാധന തമിഴിൽ പാടിയത്. അവയിൽ ഒട്ടുമിക്കവയും ഭാഷയുടെ അതിരുകൾ കടന്ന് എണ്ണംപറഞ്ഞ ഹിറ്റുകളായി. പാട്ടുകൾ പറഞ്ഞാൽ, ഇതു പാടിയത് അവരാണോ എന്ന് അത്ഭുതപ്പെടുമെന്നതിൽ സംശയംവേണ്ട. ഏതാനുമെണ്ണം കേൾക്കൂ- വെണ്ണിലവേ വെണ്ണിലവേ (മിൻസാര കനവ്), നെഞ്ചേ നെഞ്ചേ (രച്ചഗൻ), സ്നേഹിതനേ (അലൈ പായുതേ), ശ്വാസമേ (തെനാലി), കൊഞ്ചും മൈനാക്കളേ (കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ), ദീവാനാ ദീവാനാ (ജെമിനി), മൻമഥനേ നീ (മൻമഥൻ), എനതുയിരേ (ഭീമാ), മുകുന്ദാ മുകുന്ദാ (ദശാവതാരം)...
2010നു ശേഷം സിനിമാ പാട്ടുകളിൽ സാധനയുടെ സ്വരം പതിയെപ്പതിയെ കേൾക്കാതായിത്തുടങ്ങി. ഇടക്കാലത്ത് എ.ആർ. റഹ്മാന്റെയും ഇളയരാജയുടെയും ഈണത്തിൽ ഏതാനും പാട്ടുകൾ, കുമാർ സാനുവിനും ഉദിത് നാരായണനിനുമൊപ്പം യുഗ്മഗാനങ്ങൾ എന്നിങ്ങനെ അതു ചുരുങ്ങി.
സ്പിരിച്വൽ ആൽബങ്ങൾ, ഭജനുകൾ, പ്രത്യേക റെക്കോർഡിംഗുകൾ എന്നിവയിൽ മാത്രമാണ് പുതുതായി അവരുടെ സ്വരം കേട്ടുകൊണ്ടിരുന്നത്. 2021ൽ റഹ്മാനും ഗുൽസാറും ചേർന്ന് ഒരുക്കിയ മേരീ പുകാർ സുനോ എന്ന ഗാനത്തിനുവേണ്ടിയും സാധനയുടെ സ്വരം ഓർമിക്കപ്പെട്ടു എന്നറിഞ്ഞാൽ അതെത്രമാത്രം പ്രിയങ്കരമാണെന്നറിയാം.
മലയാളം ഉൾപ്പെടെ മുപ്പത്താറു ഭാഷകളിലായാണ് സാധന 15,000ത്തിലേറെ പാട്ടുകൾ പാടിയത്. ഒരു ദക്ഷിണേന്ത്യൻ സിനിമയിലെ പാട്ടിലൂടെ ദേശീയ അവാർഡ് നേടിയ ദക്ഷിണേന്ത്യക്കാരിയല്ലാത്ത ആദ്യ ഗായികയും സാധനാ സർഗമാണ്.
ഇഷ്ടപ്പെട്ട ഗായിക ആരെന്ന ചോദ്യത്തിന് സാധനാ സർഗം എന്ന പേര് ലിസ്റ്റിൽ ഉൾപ്പെടുത്തിയവരുടെ ഈ നിരകൂടി കേൾക്കുക: ലതാ മങ്കേഷ്കർ, ആഷാ ഭോസ്ലേ, ചിത്ര, എ.ആർ. റഹ്മാൻ, ഇളയരാജ, അമിതാഭ് ബച്ചൻ...
ഹരിപ്രസാദ്