പുതിയ ശബ്ദങ്ങളെ സ്നേഹപൂർവം പോക്കറ്റിലാക്കാൻ അലയുന്ന ഒരാളുണ്ട് തൃശൂരിൽ. പലയിടങ്ങളിൽ സഞ്ചരിച്ച് പൂത്തോളിലെ വീടിനു മുകളിലുള്ള സൗണ്ട് സ്റ്റുഡിയോയിൽ തിരികെയെത്തുന്പോൾ അദ്ദേഹം സ്വപ്നംകണ്ട ശബ്ദങ്ങൾ റിക്കാർഡറിൽ ഒപ്പമുണ്ടാകും. അതൊരുപക്ഷേ ഒരു സ്പോർട്സ് ഇവന്റിൽനിന്നുള്ള കാണികളുടെ ആവേശമാകാം.., ഒരു കല്യാണവീട്ടിൽനിന്നുള്ള കുരവയാകാം... അതുമല്ലെങ്കിൽ സ്വന്തം തൃശൂർ പൂരം കുടമാറ്റത്തിനു മുന്‍പുള്ള പതിനായിരങ്ങളുടെ ആഹ്ലാദസ്വരമാകാം... ഇതെല്ലാം പിന്നീടു വലിയ ഭാവഭേദങ്ങളോടെ നാം കേൾക്കുക ഒരു സിനിമാ തിയറ്ററിലായിരിക്കും. ശബ്ദങ്ങൾ ശേഖരിക്കുകയും അതു ഭംഗിയായി കേൾപ്പിക്കുകയും ചെയ്യുന്ന കലയെ ജീവിതമായി കാണുന്ന ഇദ്ദേഹം ഗണേഷ് മാരാർ എന്ന സൗണ്ട് ഡിസൈൻ, മിക്സിംഗ് എൻജിനീയറാണ്. ഒട്ടേറെ സിനിമകളുടെ പിന്നിൽ ഈ കലാകാരന്റെ കൈയൊപ്പുണ്ട്.
സമൃദ്ധ സൗണ്ട് ഡിസൈൻസ് എന്ന സ്റ്റുഡിയോയുടെ പേരുപോലെതന്നെ സമൃദ്ധമാണ് ഗണേഷിന്റെ സ്വരഭാവനയും. തങ്കം, ജോജി, നീരജ, പുള്ളി, തങ്കമണി തുടങ്ങിയ സമീപകാല ചിത്രങ്ങളിൽ അദ്ദേഹമൊരുക്കിയ ശബ്ദപ്രപഞ്ചം അതു കേൾപ്പിച്ചുതരുന്നു. അതീവ സൂക്ഷ്മതയോടെ നെയ്തെടുക്കുന്ന ശബ്ദങ്ങളാൽ കഥപറച്ചിലിനു ജീവൻനൽകുകയും പ്രേക്ഷകർക്ക് ഗംഭീരമായ സിനിമാനുഭവം പകരുകയും ചെയ്യുകയാണ് ഗണേഷ്.
എന്താണ് ശബ്ദസങ്കലനത്തോടുള്ള സമീപനം?
ഓരോ ദൃശ്യത്തിലും ജീവിതത്തിന്റെ അന്തരീക്ഷമുണ്ടാക്കാനാണ് ശ്രമിക്കുന്നത്. രണ്ടുപേർ ഒരു മുറിയിലിരുന്നു സംസാരിക്കുന്ന ദൃശ്യമാണെങ്കിൽ സംഭാഷണങ്ങൾക്കൊപ്പം ഫാനിന്റെ ശബ്ദം, ജനലിലെ ബ്ലൈൻഡ്സ് കാറ്റിൽ ഇളകുന്ന ശബ്ദം, വാതിലിനു മുന്നിൽ തൂക്കിയിട്ടിരിക്കുന്ന വിൻഡ് ചൈമിന്റെ നേർത്ത സ്വരങ്ങൾ, പുറത്ത് റോഡിലൂടെ പോകുന്ന വാഹനങ്ങളുടെയും ആളുകളുടെയും ശബ്ദങ്ങൾ എന്നിങ്ങനെ ഒരുപാടു കാര്യങ്ങൾ മനസിലുണ്ടാകും. ദൃശ്യങ്ങളിലുള്ള ആന്പിയൻസിനെ സജീവമാക്കുകയാണ് സൗണ്ട് മിക്സിംഗിലൂടെ ചെയ്യുന്നത്.
സിൻക് സൗണ്ട്, ബാക്ക്ഗ്രൗണ്ട് സ്കോർ എന്നിവയുടെ സങ്കലനം എത്രമാത്രം ശ്രമകരമാണ്?
സിൻക് സൗണ്ട് മുതൽ ഫൈനൽ മിക്സിംഗ് വരെയുള്ള എല്ലാ ഘട്ടങ്ങളിലും പ്രവർത്തിക്കാൻ താത്പര്യമുള്ളയാളാണ് ഞാൻ. ബാക്ക്ഗ്രൗണ്ട് സ്കോർ ചെയ്യുന്നവരുമായി നല്ല ആശയവിനിമയമുണ്ടാകുന്നത് എപ്പോഴും ഗുണകരമാണ്. സിനിമയിൽ ചില ഇമോഷനുകൾ ഉണ്ടാക്കിയെടുക്കുന്നത് സൗണ്ട് ഡിസൈനിലൂടെയാവാം. ജോജി എന്ന സിനിമയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ് ഒരു വാഷിംഗ് മെഷീന്റെ ശബ്ദം. അത് ആ ലൊക്കേഷനിൽനിന്ന് റിക്കാർഡ് ചെയ്തെടുത്തതാണ്. ആ ശബ്ദത്തിലുള്ള ടെംപോ അനുസരിച്ചാണ് ബാക്ക്ഗ്രൗണ്ട് സ്കോർ ചെയ്തിരിക്കുന്നത്. ഇഫക്ടുകളും മ്യൂസിക്കും തമ്മിലുള്ള ഈ ബ്ലെൻഡിംഗ് ആണ് മിക്സിംഗ് എളുപ്പമാക്കുന്നത്.
ഇനി റിലീസ് ചെയ്യാനിരിക്കുന്ന രുധിരം എന്ന ചിത്രത്തിലും സാധാരണ നോർമൽ മ്യൂസിക് അപ്രോച്ച് അല്ല. ശബ്ദത്തിലൂടെ ഒരുപാട് അനുഭവങ്ങൾ പ്രേക്ഷകരിലേക്കു പകരാനുണ്ട്. സ്വാഭാവികമായും അല്പം ലൗഡ് ആകാൻ സാധ്യതയുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ അത് എങ്ങനെ വരും എന്നാണ് നോക്കുന്നത്.
എന്താണ് സിനിമയിലെ ഇപ്പോഴത്തെ സൗണ്ട് മിക്സിംഗ് ട്രെൻഡ്്?
വലിയ ചർച്ചകൾ പ്രേക്ഷകർക്കിടയിലും സാങ്കേതിക വിദഗ്ധർക്കിടയിലും നടക്കുന്ന സമയമാണ്. ഈയിടെ ഇറങ്ങിയ ഒരു സിനിമയുടെ ശബ്ദം ഭയങ്കര ലൗഡ് ആയിരുന്നെന്ന് പ്രേക്ഷകരും മാധ്യമങ്ങളും ഒരുപോലെ വിമർശനമുയർത്തി. എന്തുകൊണ്ടാവും ഇതു സംഭവിച്ചതെന്ന് വ്യക്തമായി പറയാൻ കഴിയില്ല. ആത്യന്തികമായ ശബ്ദാനുഭവം മോശമാണെന്നു മാത്രമേ പറയാനാവൂ.
ടെക്നോളജിയുടെ വികാസം ഈ രംഗത്ത് എന്തൊക്കെ മാറ്റങ്ങളുണ്ടാക്കി?
പണ്ട് മോണോ സൗണ്ട് മാത്രമുണ്ടായിരുന്നപ്പോൾ ഇത്തരം പ്രശ്നങ്ങൾക്ക് യാതൊരു സാധ്യതയും ഇല്ലല്ലോ. മോണോയ്ക്കു ശേഷം സ്റ്റീരിയോ അധികകാലം തുടർന്നില്ല. അപ്പോഴേക്കും പുതിയ ടെക്നോളജി വന്നു. പഴയ തിയേറ്ററുകളും പുതിയ സാങ്കേതികവിദ്യയും തമ്മിൽ ചേർച്ചക്കുറവുണ്ടായി. സറൗണ്ട് സൗണ്ട് താരതമ്യേന നീളംകൂടിയ തിയറ്ററുകൾക്ക് യോജിച്ചതല്ലായിരുന്നു. പിന്നിൽ ഇരിക്കുന്നവർക്ക് മുന്നിൽനിന്നുള്ള ശബ്ദങ്ങൾ കേൾക്കാൻ സ്വാഭാവികമായും ബുദ്ധിമുട്ടുണ്ടായി.
മള്‍ട്ടിപ്ലെക്സുകളും പഴയ ശബ്ദസംവിധാനവും വലിപ്പവുമുള്ള തിയറ്ററുകളും ഒരേസമയത്ത് പ്രവര്‍ത്തിച്ചിരുന്നകാലത്ത് സൗണ്ട് എന്‍ജിനീയര്‍മാര്‍ക്ക് സേഫ് ആവേണ്ട അവസ്ഥയുണ്ടായി. രണ്ടിടങ്ങളിലെയും പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്നവിധം ലൗഡ് ആക്കി ശബ്ദങ്ങള്‍ ഒരുക്കിയാല്‍ പ്രശ്നങ്ങള്‍ ഒഴിവാക്കാമെന്നായിരുന്നു ധാരണ. അതേസമയം ടെക്നോളജിയുടെ അനുഭവം വേണ്ടത്ര ലഭിക്കുന്നുമില്ലായിരുന്നു. പഴയ വലിയ തിയറ്ററുകള്‍ക്കുകൂടി യോജിക്കുന്നരീതിയിൽ ക്രമീകരിച്ച ശബ്ദം പുതിയ തിയറ്ററുകളില്‍ വളരെ ലൗഡ് ആയി റീപ്രൊഡ്യൂസ് ചെയ്യപ്പെട്ടു.
ഇപ്പോൾ മിക്ക തിയറ്ററുകളും പുതിയ ശബ്ദസംവിധാനത്തിലേക്കു വന്നില്ലേ?
ഏതാണ്ട് 95 ശതമാനം തിയേറ്ററുകളും ഡോൾബി പോലുള്ള ടെക്നോളജി കന്പനികൾ നിഷ്കർഷിക്കുന്ന ശബ്ദക്രമീകരണത്തിലേക്കു വന്നു. എങ്കിലും മിക്സിംഗ് എൻജിനീയർമാർ നേരിടുന്ന വെല്ലുവിളി പൂർണമായും ഒഴിഞ്ഞെന്നു പറയാനാവില്ല. തിയറ്ററുകാര്‍ക്ക് ശബ്ദം നിയന്ത്രിക്കാവുന്ന സംവിധാനമുണ്ട്. ഏതു വോളിയത്തിലാണ് അവർ വയ്ക്കുക എന്നറിയില്ല. നമ്മള് ഉദ്ദേശിച്ചരീതിയില്‍ അത് പ്ലേബാക്ക് ചെയ്യുമോ എന്ന പേടിയുണ്ട്. പ്രേക്ഷകര്‍ കുറഞ്ഞാല്‍ ചില തിയറ്ററുകാർ ശബ്ദം കുറയ്ക്കും. ഡയലോഗ് കേട്ടില്ല എന്ന പരാതികളും മുന്‍പ് ഉയർന്നിട്ടുണ്ടല്ലോ. സ്പീക്കറുകൾക്ക് കേടുവരുമോ എന്ന പേടിയുള്ള തിയേറ്ററുകാരുമുണ്ട്.
പ്രൊഡ്യൂസറുടെയും ഡയറക്ടറുടെയും ടെന്‍ഷനുകള്‍ വേറെയുണ്ട്. മാക്സിമം കേള്പ്പിക്കണമെന്നാവും അവരുടെ ആഗ്രഹം. എന്തെങ്കിലും കുറവുകള്‍ സിനിമയ്ക്കുണ്ടെങ്കില് സൗണ്ടിലൂടെ അതു മറയ്ക്കാമെന്നു കരുതുന്നവരും കുറവല്ല. അതുകൊണ്ട് ലൗഡ് ആക്കി വയ്ക്കാന്‍ മിക്സിംഗ് എന്‍ജിനിയര്‍മാര്‍ നിര്‍ബന്ധിതരാകും.
ഡോള്‍ബിയുടെ കാലിബറേഷന് 85 ഡെസിബെല്‍ ആണ്. ഈ പ്രത്യേക സിനിമയുടെ ശബ്ദം 105 ഡെസിബെൽ വരെ ഉയർന്നുവെന്നാണ് പറയുന്നത്. ഏതെങ്കിലും ഒരു രംഗത്തിൽ ശബ്ദം ഉയർന്നുകേൾക്കുന്നതുപോലെയല്ല ഒരു സിനിമയിൽ തുടർച്ചയായി അങ്ങനെ സംഭവിക്കുന്നത്. സെന്‍സര്‍ബോര്‍ഡോ അതുപോലുള്ള ഏജന്‍സികളോ ഇതില്‍ ഇടപെട്ട് ഒരു സ്റ്റാന്‍ഡേര്‍ഡ് നിര്ണയിക്കുകമാത്രമാണ് ഇക്കാര്യത്തില്‍ ചെയ്യാനുള്ളത്. വെടിക്കെട്ടിന് ഇത്ര ശബ്ദമേ പാടുള്ളൂ എന്നു നിഷ്കർഷിക്കുന്നതുപോലെ സിനിമയിലെ ശബ്ദങ്ങൾക്കും നിയന്ത്രണം കൊണ്ടുവരാം.
നമ്മുടെ നാടിന്റെ രീതികൾ സ്വാഭാവികമായും അല്പം ഒച്ചയും ബഹളവുമുള്ളതല്ലേ? സിനിമയിലും അതു നിഴലിക്കില്ലേ?
ശരിയാണ്, ഇന്ത്യൻ കൾച്ചർ കുറച്ചു കൂടുതൽ ലൗഡ് ആണ്. നമ്മൾ ഉച്ചത്തിൽ സംസാരിക്കും. മലയാളികളേക്കാൾ തമിഴ്നാട്ടുകാർക്കും അവരേക്കാൾ തെലുങ്കർക്കും ലൗഡ്നെസ് കൂടും. ആ സാംസ്കാരിക വൈവിധ്യംപോലും ഇതിനോടെല്ലാം ബന്ധപ്പെട്ടതാണ്.
നമ്മളൊരു പ്രേതസിനിമ ചെയ്യുന്നെങ്കിൽ പൊതുവേ ആദ്യംമുതൽ അവസാനംവരെ ലൗഡ് ആക്കിവയ്ക്കുന്നതു കാണാം. അതേസമയം വിദേശസിനിമകൾ നിശബ്ദതകൊണ്ടാവും പേടിപ്പെടുത്തുന്നത്. നമ്മുടെ പുതിയ തലമുറ മാറിച്ചിന്തിച്ചുതുടങ്ങിയിരിക്കുന്നത് പ്രതീക്ഷ പകരുന്നു.
ഹരിപ്രസാദ്