നാടിന്റെ വേരുറച്ച പാട്ട്
Sunday, May 4, 2025 1:10 AM IST
പാട്ടെന്നാൽ ഫ്യൂഷനാണെന്നുറപ്പിക്കുന്ന കേൾവിക്കാരുള്ള കാലത്ത്, തനിമവിട്ടൊരു കളിയുമില്ലെന്ന് ഉറപ്പിച്ചുപറയാനും അങ്ങനെ തുടരാനും ചില്ലറ ആത്മവിശ്വാസംപോരാ. ആ മനോബലം അധികംപേർക്കു കിട്ടാറില്ല. അത് ആവോളംകിട്ടിയ ഗായികയുടെ പേരാണ് മാലിനി അവസ്തി.
"തനിമ കൈവിട്ടുകളയാതിരിക്കണമെന്നു നിങ്ങൾ സത്യസന്ധമായി ആഗ്രഹിക്കുന്നുണ്ടെങ്കിൽ പറ്റില്ല എന്നു പറയാൻ പഠിക്കണം. ശരി എന്നതിനേക്കാൾ പറ്റില്ല എന്നാണ് ഞാൻ എന്റെ കരിയറിൽ കൂടുതലും പറഞ്ഞിട്ടുള്ളത്. അതെന്നെ കൂടുതൽ ശക്തയാക്കി, ശരിയായ പാതയിലാണ് ഞാനെന്ന് ഒന്നുകൂടി ഉറപ്പാക്കി...'- കലർപ്പുകളില്ലാത്ത സംഗീതവുമായി എങ്ങനെ മുന്നോട്ടുപോകുന്നു എന്ന ചോദ്യത്തിന് മാലിനി അവസ്തിയുടെ ഉത്തരം ഇതാണ്.
ശുദ്ധസംഗീതം എന്നൊന്ന് ഇല്ല എന്നു വാദിക്കുന്നവരുണ്ടാകാം. പാട്ടിനു പാരന്പര്യവും ചരിത്രവും അവകാശപ്പെടാൻ പറ്റില്ല എന്നു ചിന്തിക്കുന്നവരും ഉണ്ടാകാം. എന്നാൽ തന്റെ പാട്ട് ഇതാണ് എന്ന് ഉറപ്പിച്ചു പറയാൻ മാലിനിക്കു കഴിയുന്നുണ്ട്. അവരുടെ പാട്ടിലൂടെ അത് കേൾക്കുന്നുമുണ്ട്.
പാട്ടുകൾ, കഥകൾ...
ഇന്ത്യൻ നാടോടി സംഗീതത്തിനുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ചവളാണ് മാലിനി അവസ്തി. ഇതു വെറും വിശേഷണമല്ലെന്നു വ്യക്തമാകാൻ അവരുടെ ഒരൊറ്റ പാട്ടെങ്കിലും കേട്ടാൽമതിയാകും. ഉസ്താദ് രാഹത് അലി ഖാൻ സാഹിബ്, പത്മവിഭൂഷണ് ഗിരിജാ ദേവി എന്നിവരെപ്പോലുള്ള മഹാപ്രതിഭകൾക്കുകീഴിൽ ശാസ്ത്രീയ സംഗീതം അഭ്യസിച്ച മാലിനി താൻ കേട്ടുശീലിച്ച പുരാവൃത്തങ്ങളുടെയും നാടൻപാട്ടുകളുടെയും ആചാരങ്ങളുടെയും ചവിട്ടിയുറച്ച പാതയിൽ മുന്നേറാൻ തീരുമാനിക്കുകയായിരുന്നു.
അവധി, ഭോജ്പുരി, ബുന്ദേൽഘണ്ടി സ്വരങ്ങളുടെ തനിമ അവരുടെ ശബ്ദത്തിലൂടെ കൂടുതൽ തിളങ്ങിത്തുടങ്ങി. ഓരോന്നിനെയും മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ ആവതു പ്രയത്നിച്ചു. കലർപ്പുകളെ കൈപ്പാടുകളകലെനിർത്തി.
ബനാറസ് ഹിന്ദു സർവകലാശാലയിലായിരുന്നു മാലിനിയുടെ പഠനം. നാടിന്റെ ചരിത്രവും സംസ്കാരവും കലകളും ആചാരങ്ങളും അവരുടെ മനസിൽ ആഴത്തിൽ പതിഞ്ഞതാണ്. അതിന്റെയെല്ലാം മൂല്യങ്ങളിലും ചിന്താധാരകളിലും അടിസ്ഥാനമാക്കിയുള്ളതാവണം തന്റെ ജീവിതമെന്ന് പണ്ടേയുറപ്പിച്ചു. സംസ്കൃതവും ചരിത്രവും പഠിച്ചത് ഇതിനെയെല്ലാം കൂടുതൽ ദൃഢമാക്കി.
ഫോക് സംഗീതം മറവിയിലേക്കു മാഞ്ഞുതുടങ്ങിയപ്പോൾ അതിനെ മുൻനിരയിലേക്കു കൊണ്ടുവരണമെന്നു മാലിനിക്കു തോന്നി. തലമുറകൾ പറഞ്ഞുവച്ചത് നഷ്ടപ്പെടരുതെന്ന് സ്വയം പറഞ്ഞുകൊണ്ടിരുന്നു. പാടിത്തുടങ്ങിയതോടെ അതിനെ ജനപ്രിയമാക്കാനുള്ള പരിശ്രമമായി.
യുവാക്കളിലടക്കം ആ സാംസ്കാരിക പാരന്പര്യത്തിന്റെ നന്മ പടർത്താൻ മാലിനിക്കു കഴിഞ്ഞു. ദാദ്ര, തുംരി, കജ്രി ഛൈത്തി എന്നിവയെല്ലാം ഒരു നിയോഗംപോലെ അവരിലൂടെ ഒഴുകിവന്നു. ഫോക് ക്യൂൻ ഓഫ് ഇന്ത്യ എന്ന പേരും വൈകാതെ അവരെ തേടിയെത്തി.
പാട്ട് വിനോദം മാത്രമല്ല
ഫോക് സംഗീതം വെറുതെ വിനോദത്തിനു വേണ്ടി മാത്രമുള്ളതല്ലെന്ന് മാലിനി അവസ്തി പറയുന്നു. "ഇതു നിങ്ങളെ കൂടുതൽ അറിവുള്ളവരാക്കും, കൂടുതൽ നല്ല മനുഷ്യരാക്കും, നിങ്ങൾ ആരാണെന്നു സ്വയം മനസിലാക്കാൻ സഹായിക്കും. ഈ പാട്ടുകളും അവയ്ക്കു പിന്നിലെ കഥകളും പുരാവൃത്തങ്ങളും ഞങ്ങൾ തലമുറകളായി കേട്ടും പറഞ്ഞും വളർന്നതാണ്. എല്ലാവരുടെയും സന്തോഷമാണ് ഇവ ലക്ഷ്യംവയ്ക്കുന്നത്- സർവേ ഭവന്തു സുഖിനഃ എന്നു അലയൊലി കേൾക്കുന്നതുപോലെ.
ചെറുപ്പത്തിലും വളർന്നപ്പോഴും ഇതെല്ലാം മനസിലാക്കാനും ഉൾക്കൊള്ളാനും കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. ഭാരതീയ സംസ്കാരത്തിന്റെ ആത്മാവിരിക്കുന്നത് ഈ സംഗീതത്തിലാണെന്ന് ഞാൻ തിരിച്ചറിയുന്നു.
ഫോക് സംഗീതത്തിന്റെ പ്രാധാന്യം കേൾവിക്കാരെയും സംഘാടകരെയും പറഞ്ഞുവിശ്വസിപ്പിക്കാൻ തുടക്കത്തിൽ ഒരുപാടു കഷ്ടപ്പെട്ടിട്ടുണ്ട്. പാടുന്നത് വിശദീകരിച്ചുകൊടുത്ത് ഒരോ പാട്ടിനുമൊപ്പം കേൾവിക്കാരെ അതിന്റെ സത്തയിലേക്കു നടത്താനാണ് ശ്രമിച്ചത്. അതൊട്ടും എളുപ്പമായിരുന്നില്ല.
ഉറച്ച വിശ്വാസത്തോടെ ദശാബ്ദങ്ങൾ പരിശ്രമിച്ചാണ് മാറ്റമുണ്ടാക്കാനായത്. ഇന്ന് എന്റെ കേൾവിക്കാരിൽ പത്തുമുതൽ 80 വയസുവരെയുള്ളവരുണ്ട്, സ്ത്രീകളും യുവാക്കളും എന്റെ പാട്ടുകേൾക്കുന്നു.. ഇതെല്ലാം എന്നിൽ സന്തോഷം നിറയ്ക്കുന്നു'.
നോ ഫ്യൂഷൻ!
"ഫോക് സംഗീതത്തിൽ ഒരുതരിപോലും കലർപ്പിന് ഞാൻ സമ്മതിച്ചിട്ടില്ല. ഫ്യൂഷനുകൾ ചെയ്യാൻ ഒട്ടേറെ ക്ഷണങ്ങൾ വന്നിട്ടുണ്ട്. എനിക്ക് ഇഷ്ടമില്ലാത്ത പാട്ടുകൾ പാടാറില്ല, ഇടപെടാൻ ഇഷ്ടമില്ലാത്ത കലാകാരന്മാർക്കൊപ്പം വേദിയിലെത്താറുമില്ല.
വരികൾ മോശമാണെന്നു തോന്നിയതിനാൽ പാടാതെ വിട്ടുകളഞ്ഞ സിനിമാപ്പാട്ടുകളുണ്ട്. റെക്കോർഡിംഗ് സ്റ്റുഡിയോകളിൽനിന്ന് ഇറങ്ങിപ്പോകാനുള്ള ധൈര്യം എനിക്കുണ്ട്. എന്റെ വേദികൾ, പാട്ടുകൾ, ഇവന്റുകൾ എല്ലാം ഞാൻ ബോധപൂർവം തെരഞ്ഞെടുക്കുന്നതും തീരുമാനിക്കുന്നതുമാണ്. എത്ര ദൂരം യാത്രചെയ്യാനും, വേദിയുടെ വലിപ്പം നോക്കാതെ പാടാനും എനിക്ക് പ്രയാസമില്ല- ഞാൻ ചെയ്യുന്നതിന്റെ മൂല്യം തിരിച്ചറിയപ്പെടണമെന്നുമാത്രം'- മാലിനി പറയുന്നു.
ഓരോരുത്തർക്കുമുണ്ട് പോയകാലത്തിലേക്കു തിരിഞ്ഞുനോക്കാനുള്ള ഇഷ്ടം. കേട്ടപാട്ടുകൾ വീണ്ടും കേൾക്കാനുള്ള ഇഷ്ടം. ആ ഇഷ്ടങ്ങളുടെയെല്ലാം വേരുകൾ ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തിലും ഫോക് സംഗീതത്തിലും കാണാമെന്നു മാലിനി കരുതുന്നു. അവരെ കേൾക്കുന്നവർ അതു ശരിവയ്ക്കുന്നു.
ഉത്തർപ്രദേശിലെ കനൗജ് ആണ് മാലിനി അവസ്തിയുടെ ജന്മസ്ഥലം.