സമർപ്പണം, സാക്ഷാത്കാരം
ഹരിപ്രസാദ്
Saturday, April 12, 2025 9:11 PM IST
"ഇന്ത്യൻ യൂഹാൻ സെബാസ്റ്റ്യൻ ബാക് ' എന്നൊരു വിളിപ്പേരുണ്ടായിരുന്നു സരോദ് മാന്ത്രികൻ ഉസ്താദ് അലി അക്ബർ ഖാന്. വെസ്റ്റേണ് ക്ലാസിക്കൽ മ്യൂസിക്കിനെ നിർവചിച്ച ആ ജർമൻ സംഗീതേതിഹാസത്തിന്റെ പേര് ഒരുരാത്രികൊണ്ട് വീണുകിട്ടിയതല്ല അദ്ദേഹത്തിന്. അതിനുപിന്നിൽ പതിറ്റാണ്ടുകൾനീണ്ട സമർപ്പണത്തിന്റെ കഥയുണ്ട്... നാളെ അദ്ദേഹത്തിന്റെ നൂറ്റിമൂന്നാം ജന്മവാർഷികദിനം.
പത്തുവർഷം പരിശീലിച്ചാൽ നിങ്ങൾക്ക് സ്വയം സന്തോഷിക്കാവുന്നവിധം വായിക്കാം. ഇരുപതു വർഷത്തിനുശേഷം നിങ്ങൾ ഒരുപക്ഷേ വേദികളിൽ ശ്രോതാക്കളെ സന്തോഷിപ്പിക്കുന്നയാളാവാം.. വീണ്ടുമൊരു പത്തുവർഷം കഴിഞ്ഞാൽ നിങ്ങൾക്ക് സ്വന്തം ഗുരുവിനെയും തൃപ്തനാക്കാൻ കഴിഞ്ഞേക്കും..
എന്നാൽ പിന്നെയും ഒരുപാടു വർഷങ്ങൾ പരിശീലിച്ചാലേ നിങ്ങളൊരു യഥാർഥ സംഗീതകാരനാവൂ.. അന്നു ചിലപ്പോൾ ഈശ്വരനെ സന്തോഷിപ്പിക്കാൻ സാധിച്ചേക്കും.. -എന്തൊരു കൃത്യമായ വീക്ഷണമാണ്! ഇതു പറഞ്ഞത് സരോദ് മാന്ത്രികൻ ഉസ്താദ് അലി അക്ബർ ഖാൻ ആണ്, തരിന്പും സംശയമില്ലാതെ യഥാർഥ സംഗീതജ്ഞനെന്നു വിളിക്കാവുന്നയാൾ.
ഉദയത്തിനുമുന്പേ തുടങ്ങി ദിവസവും 18 മണിക്കൂർ വരെ നീളുമായിരുന്ന പരിശീലനംകൊണ്ട് രത്നംപോലെ തിളങ്ങിയയാൾ... ലോകത്തിലെ ഏറ്റവും മഹാനായ സംഗീതജ്ഞനെന്ന് സാക്ഷാൽ യെഹുദി മെനുഹിൻ വിശേഷിപ്പിക്കണമെങ്കിൽ ആ മഹത്വം എത്രയോ ഒൗന്നത്യമുള്ളതാകണം!
പാട്ടുസഞ്ചാരങ്ങൾ
സംഗീതവുമായി ലോകമെങ്ങുമെത്തിയ ഉസ്താദ് അലി അക്ബർ ഖാനു പിന്നിൽ പാട്ടുപഠിക്കാനായി എട്ടാം വയസിൽ വീടുവിട്ടിറങ്ങിപ്പോയ ഒരാളുണ്ട്- പിതാവ് ആചാര്യ ബാബാ അലാവുദീൻ ഖാൻ. ഇന്നത്തെ ബംഗ്ലാദേശിലെ ശിബ്പുരിൽനിന്ന് കോൽക്കത്തവരെ പോയി വായ്പ്പാട്ടും വയലിനും ക്ലാരിനെറ്റും പുല്ലാങ്കുഴലും പിയാനോയും പഠിച്ചയാളായിരുന്നു അദ്ദേഹം. ഒടുക്കം ഉസ്താദ് അഹ്മദ് അലി ഖാനു മുന്നിൽ സരോദ് പഠിക്കാനെത്തി.
മൂന്നുവർഷമായപ്പോൾ അദ്ദേഹം പറഞ്ഞു- എനിക്കറിയാവുന്നതെല്ലാം നിന്നെ പഠിപ്പിച്ചുകഴിഞ്ഞു! എന്നാൽ അലാവുദീൻ ഖാന് അതു മതിയായിരുന്നില്ല. ആത്മഹത്യയ്ക്കു തൊട്ടടുത്തുവരെയെത്തിയ കഷ്ടപ്പാടുകൾ പിന്നിട്ട് അദ്ദേഹം വിഖ്യാതനായ മുഹമ്മദ് വാസിർ ഖാനു കീഴിൽ തുടർന്നുപഠിച്ചു. ആ പിതാവിന്റെ മകൻ ഇത്രയും മഹാനായില്ലെങ്കിലല്ലേ അത്ഭുതം.
ഒരു ചെറിയ പട്ടണത്തിലെ വീടിന്റെ ജാലകത്തിനു പുറത്തുകാണുന്ന റോഡിനപ്പുറം എന്താണെന്നറിയാത്ത കുട്ടിക്കാലം കടന്നാണ് അലി അക്ബർ ഖാൻ ലോകമറിയുന്ന സംഗീതജ്ഞനായത്. 25 സ്ട്രിംഗുകളുള്ള, ഫ്രെട്ടുകളില്ലാത്ത സരോദ് അദ്ദേഹത്തെ വിശ്വസംഗീതജ്ഞനാക്കുകയായിരുന്നു.
പാട്ട്, മൂന്നാം വയസുമുതൽ
1922 ഏപ്രിൽ 14നു ജനിച്ച അലി അക്ബർ ഖാൻ മൂന്നാം വയസുമുതൽ പിതാവിൽനിന്ന് സംഗീതം പഠിച്ചുതുടങ്ങി. മകനിൽനിന്ന് പിതാവ് അത്ഭുതങ്ങൾ പ്രതീക്ഷിച്ചിരുന്നത്രേ.
കുടുംബം അന്ന് മൈഹറിലാണ് (ഇന്നത്തെ മധ്യപ്രദേശ്). ജോധ്പുർ മഹാരാജാവിന്റെ കൊട്ടാരം സംഗീതജ്ഞനായിരുന്നു അലാവുദീൻ ഖാൻ. സംഗീതത്തിനു അഗ്നിയും വർഷവുമുണ്ടാക്കാനാകുമെന്നു തെളിയിച്ച, അതു മരുന്നിനു പകരമാകുമെന്നുറപ്പിച്ച മിയാ താൻസെന്റെ പാരന്പര്യത്തിൽനിന്നാണ് ആ കുടുംബത്തിന്റെ വേരുകളുറച്ച മൈഹർ ഘരാനയുണ്ടായത്.
പിതാവിനുകീഴിൽ ഏതാനും വർഷങ്ങൾ പഠിച്ചശേഷം അലി അക്ബർ ഖാനെ ബംഗാളിൽ മാതൃസഹോദരൻ ഫകീർ ആഫ്താബുദീൻ ഖാന്റെ അടുത്തേക്കയച്ചു- പുല്ലാങ്കുഴലും പെർക്യുഷനും (തബല, പഖാവജ്) പഠിക്കാൻ. താളബോധം ഉറപ്പിക്കുകയായിരുന്നു ലക്ഷ്യം. ഒരു ഭാഷ പഠിക്കുന്നതുപോലെയാണ് താൻ അതു പഠിച്ചതെന്ന് ഖാൻസാഹിബ് പിന്നീടു പറഞ്ഞിട്ടുണ്ട്.
അവിടെനിന്നു മടങ്ങിയെത്തിയശേഷം അലാവുദീൻ ഖാൻ മകനെ ഒട്ടേറെ ഉപകരണങ്ങൾ പഠിപ്പിച്ചു. ഏതാണ്ടു പത്തുവയസിനു മുന്പുതന്നെ ഒരുകാര്യം ഉറപ്പിക്കുകയും ചെയ്തു- മകൻ ഇനി ജീവിതകാലം മുഴുവൻ സരോദ് വായിക്കും!ഏതാണ്ട് 20 കൊല്ലമാണ് പിതാവ് അദ്ദേഹത്തെ പഠിപ്പിച്ചത്. ദിവസവും 18 മണിക്കൂർ പരിശീലനം. അതിൽ 15 മണിക്കൂറും പിതാവ് ഒപ്പമുണ്ടാകും.
അറിവ് എങ്ങനെ മറ്റുള്ളവർക്കു പകരണമെന്നും, എങ്ങനെ ഈണമൊരുക്കണമെന്നുമെല്ലാം ആ പരിശീലനത്തിൽ ഉറച്ചു. ഇളയ സഹോദരി റോഷനാര ഖാനും പരിശീലനത്തിൽ ഇടയ്ക്ക് ഒപ്പമുണ്ടാകും. (പിന്നീട് അന്നപൂർണാദേവിയെന്നു പ്രശസ്തയായ സംഗീതജ്ഞയും പണ്ഡിറ്റ് രവിശങ്കറിന്റെ ആദ്യഭാര്യയുമാണ് റോഷനാര).
പിതാവ് പാട്ടുപഠിക്കാനാണ് വീടുവിട്ടതെങ്കിൽ മകൻ പഠനത്തിലെ കടുത്തചിട്ടകളിൽ മനംമടുത്ത് രണ്ടുതവണ വീടുവിട്ടു. തിരിച്ചുകൊണ്ടുവന്ന് വീണ്ടും പഠിപ്പിച്ചു. അലാവുദീൻ ഖാന് 100 വയസുള്ളപ്പോൾ പോലും മകനെ പഠിപ്പിച്ചിരുന്നു. 110-ാം വയസിൽ അദ്ദേഹത്തിന്റെ മരണശേഷം സ്വപ്നത്തിൽവന്നു പഠിപ്പിക്കുമായിരുന്നെന്ന് അലി അക്ബർ ഖാൻ പറയാറുണ്ട്.
ലോകം സംഗീതം
പതിമൂന്നാം വയസിൽ ഉത്തർപ്രദേശിലെ അലഹബാദിലായിരുന്നു ആദ്യത്തെ സരോദ് കച്ചേരി. വായിക്കുന്നത് ശരിയായില്ലെങ്കിൽ കൊന്പന്മാരായ കേൾവിക്കാർ സ്റ്റേജിൽകയറിച്ചെന്നു ചീത്തവിളിക്കുന്ന കാലമാണ്. പക്ഷേ അലി അക്ബർ ഖാന്റെ കച്ചേരി കഴിഞ്ഞപ്പോൾ അവർ സ്റ്റേജിലെത്തി കെട്ടിപ്പിടിച്ചു. അവിടെയൊരിതിഹാസം പിറക്കുകയായിരുന്നു.
പതിനഞ്ചാം വയസിൽ ആകാശവാണിയിലെ ആദ്യത്തെ പ്രകടനത്തിന് ഉസ്താദ് അല്ലാ രഖാ ഖാൻ ആയിരുന്നു തബലയിൽ അകന്പടി. വൈകാതെ ആകാശവാണിയിലെ ഏറ്റവും പ്രായംകുറഞ്ഞ സംഗീതസംവിധായകനായി. ഇരുപതുകളുടെ തുടക്കത്തിൽ എച്ച്എംവിക്കുവേണ്ടി ആദ്യത്തെ റെക്കോർഡിംഗ്. പിതാവിന്റെ വഴികാട്ടലിലൂടെ 1943ലാണ് ജോധ്പുർ മഹാരാജാവിന്റെ കൊട്ടാരം ഗായകനായത്.
അവിടെ കച്ചേരികളും പാട്ടുപഠിപ്പിക്കലും ഈണങ്ങളൊരുക്കലുമായി രാജകുമാരനെപ്പോലെ കഴിഞ്ഞു. മഹാരാജാവ് ഉറങ്ങുന്നതുവരെ മണിക്കൂറുകൾ നീളുന്ന ആലാപനം. അദ്ദേഹം ഒരു വിമാനാപകടത്തിൽ കൊല്ലപ്പെട്ടതോടെയാണ് അലി അക്ബർ ഖാൻ കൊട്ടാരംവിട്ടത്.
തുടർന്ന് ബോംബെയിലെത്തി സിനിമകൾക്കു സംഗീതമൊരുക്കി. ചേതൻ ആനന്ദിന്റെ ആന്ധിയാം, സത്യജിത് റേയുടെ ദേവി, തപൻ സിൻഹയുടെ ഖുദിതോ പശൻ എന്നിവയും അവയിൽ ഉൾപ്പെടും. പിൽക്കാലത്ത് ബെർണാഡോ ബർത്തലൂച്ചിയുടെ ചിത്രത്തിനും സംഗീതമൊരുക്കി.
ജീവിതം, രണ്ടാം ഘട്ടം
1955ൽ ഖാൻസാഹിബിന്റെ ജീവിതം ഒരു വഴിത്തിരിവിലെത്തി. ലോർഡ് യെഹുദി മെനുഹിനെ കണ്ടുമുട്ടിയതായിരുന്നു അത്. അദ്ദേഹത്തിന്റെ ക്ഷണപ്രകാരം യൂറോപ്പും അമേരിക്കയും സന്ദർശിച്ചു.
പതിയെ ജീവിതം അമേരിക്കയിലേക്കു പറിച്ചുനടപ്പെട്ടു. അതേക്കുറിച്ച് ഒരിക്കൽ പറഞ്ഞതിങ്ങനെ: ഇതിങ്ങനെ സംഭവിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. എല്ലാ മനുഷ്യർക്കും സ്നേഹവും സമാധാനവും നൽകുന്നതാകയാൽ ഈ സംഗീതം എല്ലായിടത്തും എത്തണമെന്ന ആഗ്രഹമുണ്ടായിരുന്നു.
ശേഷമുള്ളത് ലോക സംഗീതചരിത്രത്തിന്റെകൂടി ഭാഗമാണ്. ഇന്ത്യയിൽ സ്ഥാപിച്ച അലി അക്ബർ കോളജ് ഓഫ് മ്യൂസിക് പിന്നീട് കലിഫോർണിയയിലേക്കു മാറ്റി. സ്വിറ്റ്സർലൻഡിൽ ഇതിന്റെ ശാഖയും സ്ഥാപിച്ചു. സ്വപ്നങ്ങൾ സഫലമാക്കാൻ സാധിക്കുന്നയിടം എന്നതുകൊണ്ടാണ് ഇന്ത്യയിൽനിന്നു പോകാൻ ഇഷ്ടമില്ലാഞ്ഞിട്ടും അദ്ദേഹം അമേരിക്കയിൽ തുടർന്നത്.
ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതത്തിന് പടിഞ്ഞാറ് വേരുകളുണ്ടാക്കിയത് അദ്ദേഹമാണ്., പുഷ്പങ്ങൾ വിടർത്തിയതും. രാജ്യം അദ്ദേഹത്തെ പത്മഭൂഷണ് നൽകി ആദരിച്ചിട്ടുണ്ട്. വിഖ്യാതമായ മക് ആർതർ ഫെലോഷിപ്പും അദ്ദേഹത്തിനു ലഭിച്ചു. കലിഫോർണിയയിൽ 2009 ജൂണ് 18നായിരുന്നു അന്ത്യം.
യഥാർഥ സംഗീതം ധനസന്പാദനത്തിനുവേണ്ടിയല്ല, ബഹുമതികൾക്കല്ല, മനസുകളുടെ ആനന്ദത്തിനുവേണ്ടിപോലുമല്ല.. അത് മോക്ഷത്തിലേക്കും സാക്ഷാത്കാരത്തിലേക്കുമുള്ള പാതയാണ്. എനിക്കങ്ങനെയാണു തോന്നുന്നത്- അലി അക്ബർ ഖാൻ.