നാദബ്രഹ്മസുധാമയം!
ഹരി പ്രസാദ്
Saturday, March 29, 2025 8:29 PM IST
അനേകർക്ക് ആത്മീയവെളിച്ചത്തിന്റെ ചെരാതുകൾ സമ്മാനിച്ചിട്ടുണ്ട് സ്വാമി ചിന്മയാനന്ദ. ഏതാണ്ടു നാലു പതിറ്റാണ്ടു മുന്പ് സോമശേഖർ എന്ന യുവ സംഗീതജ്ഞനിലേക്കു സ്വാമിജി പകർന്നതും അത്തരമൊരു പ്രകാശധാരയാണ്. അദ്ദേഹം രണ്ടു കാര്യങ്ങൾ ഉപദേശിച്ചു- സംഗീതജീവിതത്തിൽ അടുക്കും ചിട്ടയുമുണ്ടാക്കുക, മനസിലും ശബ്ദത്തിലും സാമൂഹ്യപ്രതിബദ്ധത നിറയ്ക്കുക, നിലനിൽക്കുക. ഇന്നും സോമശേഖറിന്റെ പാട്ടിന് ആ സുന്ദരശ്രുതിയുണ്ട്...
അതെ, അല്പസ്വല്പം പാടുന്നവരെല്ലാം സ്വപ്നംകാണുന്നത് സിനിമയിൽ തന്റെ പാട്ടുകേൾക്കുന്ന നിമിഷത്തെക്കുറിച്ചായിരിക്കും. ഗാനമേളകളും മറ്റു സ്റ്റേജ് പ്രോഗ്രാമുകളുമായി തിളങ്ങിനിന്നിരുന്ന സോമശേഖർ എന്ന യുവഗായകനും ആ സ്വപ്നം കണ്ടിട്ടുണ്ട്.
1986ലെ ആ ശുഭദിനംവരെ! അന്നാണ് പ്രത്യേക ക്ഷണപ്രകാരം സോമശേഖർ തൃശൂരിൽ ചിന്മയ മിഷന്റെ നീരാഞ്ജലിയിൽ സ്വാമി ചിന്മയാനന്ദയുടെ മുന്നിൽ പാടാനെത്തിയത്. പാട്ടുകൾ കേട്ടശേഷം സ്വാമിജി പറഞ്ഞു- “സിനിമയിൽ പാടുകയെന്നത് എപ്പോഴാണോ അപ്പോൾ സംഭവിക്കും.
എന്നാൽ, അതു സംഭവിച്ചില്ലെങ്കിലും, സിനിമയിൽ പാടാത്തവർക്കും ഈ ഭൂമിയിൽ നിൽക്കണമല്ലോ. ആ നിൽക്കുന്ന സമൂഹത്തിനുവേണ്ടി സംഗീതംകൊണ്ട് എന്തെങ്കിലും നന്മ ചെയ്യുക”. അന്നു സോമശേഖറിന്റെ മനസിൽ ഒരു തിരിനാളം തെളിഞ്ഞു.
ഒളിച്ചുകളിച്ച ശബ്ദം
അക്കാലത്ത് രാജ്യത്തെ വൻ നഗരങ്ങളിൽ മലയാളികളുള്ളിടത്തെല്ലാം എം.ഡി. സോമശേഖർ ആൻഡ് പാർട്ടിയുടെ സംഗീതപരിപാടികൾ പ്രശസ്തമാണ്. ദിവസേന മൂന്നു പ്രോഗ്രാമുകൾവരെ വിജയകരമായി നടത്തിയിരുന്ന കാലം. ചിന്മയാനന്ദസ്വാമിയുടെ ഉപദേശം കേട്ട അതേകൊല്ലം ഡിസംബറിൽ ബോംബെയിലാണ് പരിപാടി.
ഉല്ലാസ് നഗറിൽ രണ്ടാമത്തെ പ്രോഗ്രാമിൽ രണ്ടു പാട്ടുകൾ പാടിക്കഴിഞ്ഞപ്പോൾ സോമശേഖറിനെ തകർത്തുകളഞ്ഞ ഒരു സംഭവമുണ്ടായി- ശബ്ദം നഷ്ടമായി!. പാടാനും സംസാരിക്കാനും ശ്രമിക്കുന്പോൾ വരുന്നതു വായു മാത്രം.നോട്ടീസടിച്ച് ആളെക്കൂട്ടിയ നാലു പരിപാടികൾ ബാക്കിനിൽക്കുന്പോഴാണ് മുഖ്യഗായകൻ ഇത്തരമൊരു നിസഹായാവസ്ഥയിലെത്തിയത്. കൂടെപ്പാടുന്ന മറാഠിപ്പെണ്കുട്ടി ഏതാനും ഭജനുകൾ മാത്രമാണ് പാടുക.
ഏറെനേരം കടന്നുപോയി. ഗുരുവായൂരപ്പനും ചിന്മയാനന്ദസ്വാമിജിയുടെ വാക്കുകളും മാത്രമായിരുന്നു ആ നേരമത്രയും സോമശേഖറിന്റെ മനസിൽ. ശബ്ദം തിരിച്ചുകിട്ടി നാട്ടിലെത്തിയാൽ ഗുരുവായൂരപ്പന്റെ മുന്നിൽ സംഗീതാർച്ചന നടത്താമെന്നായിരുന്നു പ്രാർഥന. വളരെപ്പതിയെ ശബ്ദം തിരിച്ചുവന്നു. പരിപാടി പൂർത്തിയാക്കി. പിന്നീട് ഇതുവരെ പാടിയത് മൂവായിരത്തിലേറെ വേദികളിൽ.
പ്രശാന്തഗീതങ്ങൾ
ഒന്നര വർഷത്തിലേറെയെടുത്തു പ്രാർഥനയിൽ പറഞ്ഞ വാക്കു പാലിക്കാൻ. 1988 ഓഗസ്റ്റ് 15- അന്നു രാവിലെ ആറു മുതൽ വൈകുന്നേരം ആറു വരെ സോമശേഖർ ഗുരുവായൂരപ്പനു മുന്നിൽ സംഗീതാർച്ചന നടത്തി.
സ്വാമിജിയുടെ വാക്കുകൾ പിൻപറ്റി ട്രിച്ചൂർ നാദബ്രഹ്മം എന്ന പേരിൽ ഒരു കൂട്ടായ്മ രൂപീകരിച്ച് അതിന്റെ പേരിലാണ് പരിപാടി നടത്തിയത്. മേൽപ്പത്തൂർ ഓഡിറ്റോറിയത്തിലെ നിറഞ്ഞ സദസ് സോമശേഖറിന്റെ പാട്ടുകൾ നിറഞ്ഞ ഹൃദയത്തോടെ സ്വീകരിച്ചു. ഈ 12 മണിക്കൂർ നോണ് സ്റ്റോപ്പ് ഗാനാഞ്ജലി പിന്നീടുള്ള വർഷങ്ങളിലും തുടർന്നു.
സോമശേഖർ നയിക്കുന്ന ട്രിച്ചൂർ നാദബ്രഹ്മത്തിന്റെ വേൾഡ് പീസ് പ്രെയർ എന്ന വിശേഷണത്തോടെയാണ് എല്ലാക്കൊല്ലവും ഓഗസ്റ്റ് 15ന് പരിപാടി നടത്തുന്നത്. കോവിഡ് കാലത്തുമാത്രം രണ്ടു വർഷം മുടങ്ങി. ഇപ്പോൾ എണ്പതോളം ഗായകർ ചേർന്ന് 12 മണിക്കൂർകൊണ്ട് നൂറിലേറെ ഗാനങ്ങൾ ആലപിക്കാറുണ്ട്.
ദക്ഷിണാമൂർത്തി സ്വാമി, എം.കെ. അർജുനൻ, ശ്രീകുമാരൻ തന്പി, പി. സുശീല തുടങ്ങി ഒട്ടേറെ പ്രതിഭകൾ പോയവർഷങ്ങളിൽ പരിപാടിക്ക് അതിഥികളായി എത്തി. ഇക്കൊല്ലം ഓഗസ്റ്റ് 15ന്റെ പരിപാടിക്കുള്ള ഒരുക്കങ്ങളിലാണ് ടീം നാദബ്രഹ്മം.
പാട്ടുപാരന്പര്യം
തൃശൂർ എംജി റോഡ് പോട്ടയിൽ ലെയ്നിലാണ് സോമശേഖർ ജനിച്ചുവളർന്ന വീട്. അച്ഛൻ പൂത്തോൾ മങ്ങാട്ട് ദാമോദര മേനോൻ എന്ന ദാമു ആശാൻ ശാസ്താംപാട്ട് ഗുരുവായിരുന്നു. കൈകൊട്ടിക്കളിപ്പാട്ടിൽ ഓൾ ഇന്ത്യ റേഡിയോ ആർട്ടിസ്റ്റായിരുന്നു അമ്മ എൻ.
തങ്കമ്മ എന്ന മീനാക്ഷിയമ്മ. മൂന്നു മക്കളിൽ മൂത്തയാൾ. ഇളയച്ഛൻ തൃശൂർ പത്മനാഭൻ യേശുദാസിന്റെ ശൈലിയിൽ പേരെടുത്ത ഗായകൻ. അങ്ങനെ പാട്ടുകളുടെ ലോകത്തായിരുന്നു സോമശേഖറിന്റെ ബാല്യം. എസ്ആർവി മ്യൂസിക് സ്കൂൾ പ്രിൻസിപ്പലായിരുന്ന തൃശൂർ ആർ. കൃഷ്ണയ്യർ, പ്രശസ്ത സംഗീതജ്ഞനായിരുന്ന മങ്ങാട് നടേശൻ, വല്ലങ്ങി കേശവ ഭാഗവതർ എന്നിവർക്കു കീഴിൽ ശാസ്ത്രീയ സംഗീതം അഭ്യസിച്ചു.
പ്രശസ്ത ട്രൂപ്പുകളായ കലാസദൻ, വേവ്സ്, ചോയ്സ് എന്നിവയ്ക്കു വേണ്ടി ഗാനമേളകൾക്കു വേദിയിലെത്തിയാണ് സോമശേഖർ തൃശൂർക്കാരുടെ പ്രിയപ്പെട്ട ഗായകനായി മാറിയത്. ചിന്മയയിൽ പാട്ടു പഠിപ്പിച്ചു തുടങ്ങുകയും സ്വാമിജിയെ നേരിൽ കാണുകയും ചെയ്തതോടെ ഭക്തിഗാനങ്ങളിലേക്കും കൂടുതൽ ശ്രദ്ധിച്ചുതുടങ്ങി.
1995 മുതൽ ഇരുപത്തഞ്ചു കൊല്ലത്തിലേറെ പ്രവാസിയായിരുന്നു. ഗൾഫിൽ സംഗീതാധ്യാപനരംഗത്തു തിരക്കിട്ടു പ്രവർത്തിക്കുന്പോഴും ഗുരുവായൂരിലെ നാദാർച്ചനയ്ക്കും മറ്റു സംഗീതപരിപാടികൾക്കും നാട്ടിലെത്തി. ഗൾഫ് മേഖലയിൽ യേശുദാസും ജയചന്ദ്രനും അടക്കമുള്ളവരുടെ സംഗീതപരിപാടികൾ സംഘടിപ്പിച്ചു.
പ്രവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയശേഷം നാദബ്രഹ്മം ഫൗണ്ടേഷന്റെ പ്രവർത്തനങ്ങളിൽ ഒന്നുകൂടി സജീവം. സമാന മനസ്കരായ ഒട്ടേറെപ്പേർ ഇപ്പോൾ നാദബ്രഹ്മത്തിനൊപ്പമുണ്ട്. ചീഫ് ട്രസ്റ്റിയാണ് സോമശേഖർ. നാലു തവണ പിടിപെട്ട പലയിനം കോവിഡ് പാട്ടിനെ വരിഞ്ഞുകെട്ടിയെങ്കിലും ഇക്കൊല്ലത്തിന്റെ തുടക്കത്തോടെ പഴയതിനേക്കാൾ മാധുര്യത്തോടെ സോമശേഖർ വേദികളിലേക്കെത്തി.
വളർന്നുവരുന്ന ഗായകർക്കായി നാദബ്രഹ്മം ഒരുക്കുന്ന ഗ്രൂമിംഗ് സെഷനുകളുടെ നേതൃത്വവും സോമൻമാഷിനാണ്. ഇതിനകം രണ്ടായിരത്തോളം ഭക്തിഗീതങ്ങൾക്ക് ഈണമിട്ടു. നൂറുകണക്കിനു ഗായകർക്ക് പാടാൻ ആത്മവിശ്വാസവും അവസരവും നൽകി. ഒപ്പം ഫൗണ്ടേഷനു കീഴിൽ ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തുന്നു.
ഇടക്കാലത്തു നാലു സിനിമകളിലേക്കു പാടാൻ വിളിക്കുകയും റിക്കാർഡിംഗ് പൂർത്തിയാക്കുകയും ചെയ്തിരുന്നു. എന്നാൽ, സിനിമകളൊന്നും പുറത്തിറങ്ങിയില്ല. എന്തുകൊണ്ടെന്ന് അന്വേഷിക്കാനോ വീണ്ടും അവസരങ്ങൾ തേടി പോകാനോ സോമശേഖർ മുതിർന്നില്ല. അദ്ദേഹത്തിനു മുന്നിൽ ഹൃദയത്തോളം വിശാലമായ, നന്മയുടെ പാട്ടുലോകമുണ്ട്.