അരങ്ങിലെ ആത്മസംഗീതം!
Saturday, February 15, 2025 8:55 PM IST
ഇത്തരമൊരു സംഗീതാവിഷ്കാരത്തെയും സംഗീതജ്ഞനെയും പലർക്കും പരിചയംകാണില്ല. ചരിത്രത്തെയും ആത്മീയതയേയും ആഖ്യാനംചെയ്യുന്ന ഒറ്റയാൾ സംഗീതനാടകമെന്നു വിശേഷിപ്പിക്കാം ഈ കലാരൂപത്തെ. കബീറും തുളസിദാസും വിവേകാനന്ദനും സൂർദാസുമെല്ലാം ഈവിധം അരങ്ങുകളിലെത്തിയിട്ടുണ്ട്- ആയിരക്കണക്കിനുതവണ. രചയിതാവും സംവിധായകനും സംഗീതകാരനും മേക്കപ്മാനും ഗായകനും നടനും എല്ലാം ഒരാൾതന്നെ- ശേഖർ സെൻ...
താരതമ്യങ്ങൾക്കു സാധ്യതയില്ലാത്തവിധം സംഗീതത്തിൽ വളർന്നൊരാൾ.., ചരിത്രവും സംസ്കാരവും ആത്മീയതയും ആഴത്തിലറിഞ്ഞ് അരങ്ങിലെത്തിക്കുന്നയാൾ- ഈവിധം ചുരുക്കി പരിചയപ്പെടുത്താം ശേഖർ സെൻ എന്ന കലാകാരനെ.
നമ്മിൽ പലർക്കും അറിയില്ലെങ്കിലും അദ്ദേഹത്തിന്റെ ഒറ്റയാൾ സംഗീതനാടകങ്ങൾക്ക് ലോകമെങ്ങും ആരാധകരുണ്ട്. ആയിരക്കണക്കിനു സദസുകൾ ശേഖറിന്റെ പ്രകടനത്തിനുമുന്നിൽ വിസ്മയിച്ചിരുന്നിട്ടുണ്ട്.
1961ൽ റായ്പുരിലെ ബംഗാളി സംഗീതകുടുംബത്തിൽ ജനിച്ച്, സംഗീതത്തിൽ വളർന്ന്, ബോംബെ വഴി ലോകമെങ്ങും പാട്ടുകളുമായെത്തുകയായിരുന്നു ശേഖർ. ശാസ്ത്രീയസംഗീതജ്ഞരും സംഗീതഗവേഷകരുമായിരുന്നു ശേഖർ സെന്നിന്റെ മാതാപിതാക്കളായ ഡോ. അരുണ്കുമാർ സെന്നും ഡോ. അനിതാ സെന്നും.
അവരിൽനിന്നു പഠിച്ച സംഗീതവുമായി രണ്ടര വയസിൽ ശേഖർ വേദിയിലെത്തി. സംഗീതസംവിധായകനാവണമെന്ന് മനസിലുറപ്പിച്ച് പതിനെട്ടാം വയസിൽ ബോംബെയിലേക്കു വണ്ടികയറി. അഞ്ചുവർഷംകൊണ്ട് സ്വന്തം ശൈലി രൂപപ്പെടുത്തി മികച്ച ഗായകനായി പേരെടുത്തു.
ഓരോ സംഗീതപരിപാടികൾക്കും പിന്നിൽ ശേഖറിന്റെ നീണ്ടനാളുകളുടെ ഗവേഷണമുണ്ടായിരുന്നു. ഗസലുകൾ പാടുന്നതിന് എച്ച്എംവിയുമായി കരാർ ലഭിച്ചെങ്കിലും ഭജനുകളാണ് തന്റെ വഴിയെന്ന് ശേഖർ വൈകാതെ തിരിച്ചറിഞ്ഞു.
സ്വയം എഴുതി ഈണമിട്ട് പാടിയ ഇരുനൂറിലേറെ ഭജൻ ആൽബങ്ങളാണ് പിന്നീട് ശേഖറിന്റേതായി പുറത്തിറങ്ങിയത്. ഒപ്പം ടെലിവിഷൻ സീരിയലുകൾക്കും ഏതാനും സിനിമകൾക്കും പാട്ടുകൾ ഒരുക്കി. ലോകമെന്പാടുമായി നിരവധി വേദികളിൽ പാടി.
അരങ്ങിലേക്ക്
ഇതിനിടയ്ക്കൊരു കാലം നിറപ്പകിട്ടില്ലാതെ കടന്നുപോയിരുന്നു. അക്കാലത്താണ് ഒരു നാടകമെഴുതിയത്.
ആ എഴുത്ത് വിഖ്യാത ഹിന്ദി സാഹിത്യകാരനായ ഡോ. ധരംവീർ ഭാരതിയെ കാണിക്കാൻ അവസരംകിട്ടി. നാടകം വായിച്ച അദ്ദേഹം ഒറ്റക്കാര്യം മാത്രമാണ് ആവശ്യപ്പെട്ടത്- ശേഖർതന്നെ അഭിനയിക്കണം. ആ നാടകം കബീറിനെക്കുറിച്ചുള്ളതായിരുന്നു.
ശേഖർ അതഭിനയിച്ചു. പിന്നാലെ അസംഖ്യം വേദികളിൽ ലോകമെന്പാടുമായി ശേഖർ ആ നാടകവുമായെത്തി. ഭാഷാഭേദമില്ലാതെ ലോകം അതിനെ നെഞ്ചോടുചേർത്തു. (ഏഴുവർഷം മുന്പാണ് ആയിരംവേദികൾ പിന്നിട്ടത്). പിൽക്കാലത്ത് ശേഖർ സെൻ പറഞ്ഞു- സംഗീതമാണ് എന്റെ നാടകങ്ങളുടെ ഭാഷ!
തുടർന്ന് തുളസീദാസ്, സ്വാമി വിവേകാനന്ദൻ തുടങ്ങിയ ഇന്ത്യൻ മഹാരഥന്മാരെക്കുറിച്ചെല്ലാം ശേഖർ സംഗീതനാടകങ്ങളൊരുക്കി. കബീർ അതിനകംതന്നെ അദ്ദേഹത്തിന്റെ വിധി തിളങ്ങുംവിധം നിർണയിച്ചിരുന്നു. കബീർ എഴുതിയ ഭജനുകൾ സെന്നിന്റെ ശബ്ദത്തിൽ കേൾക്കുന്നത് വിവരിക്കാനാവാത്ത അനുഭൂതിയായി ജനങ്ങളുടെ മനസുനിറച്ചു.
അധികം ഉപകരണങ്ങളുടെയൊന്നും അകന്പടിയില്ലാതെയാണ് ശേഖർ സെന്നിന്റെ ആലാപനം. നാടകത്തെ അഭൗമമായൊരന്തരീക്ഷത്തിലേക്കു നയിക്കാൻ തന്റെ ശബ്ദത്തിനു കഴിയുമെന്ന വിശ്വാസം അദ്ദേഹത്തിനുണ്ട്.
തുളസിയും വിവേകാനന്ദയും ഉൾപ്പെടെയുള്ള നാടകങ്ങളെല്ലാം ഒറ്റയ്ക്കാണ് അദ്ദേഹം ആവിഷ്കരിച്ചത്. പാട്ടെഴുത്തും ഈണമൊരുക്കലും ആലാപനവും അഭിനയവും മാത്രമല്ല, മേക്ക്-അപ്, സ്റ്റേജ് സെറ്റിംഗ്, വെളിച്ചസംവിധാനം തുടങ്ങിയവയടക്കം!
പഠനവഴികൾ
കബീറിനെക്കുറിച്ച് ശേഖർ: രണ്ടുമണിക്കൂറോളം വരുന്ന നാടകത്തിൽ, അന്ധനായൊരാളെ എങ്ങനെ ചിത്രീകരിക്കുമെന്നതിനെക്കുറിച്ച് എനിക്കു വലിയ ആശങ്കയുണ്ടായിരുന്നു. വളരെ കഠിനമായൊരു ജോലിയാണല്ലോ എന്നു കരുതി. എഴുതിത്തുടങ്ങിയപ്പോൾ ഒരു കാര്യം വ്യക്തമായി- കാഴ്ചയുള്ളവർക്ക് 180 ഡിഗ്രിയിലേ ലോകത്തെ കാണാനാവൂ, അതില്ലാത്തവർക്ക് 360 ഡിഗ്രിയിൽ കാണാം.
വിവേകാനന്ദനെക്കുറിച്ച്: വളരെ വിപുലമായ കർമങ്ങൾ ചെയ്ത് 39-ാം വയസിൽ ഈ ലോകംവിട്ടയാളാണ്. രണ്ടു മണിക്കൂറിൽ ആ ജീവിതം ഒതുക്കുക സാധ്യമേയല്ല. ആദ്യം തയാറാക്കിയ സ്ക്രിപ്റ്റ് നാലു മണിക്കൂർ നീളമുള്ളതായിരുന്നു.
ദയാരഹിതമായി എഡിറ്റ് ചെയ്യേണ്ടിവന്നു. എഴുപതിലേറെ പുസ്തകങ്ങൾ പഠിച്ചാണ് നാടകം തയാറാക്കിയത്. 32 പാട്ടുകൾ അതിനായി തയാറാക്കി. മൂന്നു ക്ലാസിക്കൽ ഗാനങ്ങൾ, മൂന്നു ഭജനുകൾ, രണ്ടു വെസ്റ്റേണ് മെലഡികൾ എന്നിവയും അതിൽ ഉൾപ്പെട്ടു.
അമേരിക്കയിലായിരുന്ന സമയത്ത് അദ്ദേഹം പാശ്ചാത്യസംഗീതത്തിൽ തത്പരനായിരുന്നു എന്ന അറിവാണ് ആ മെലഡികൾ ഒരുക്കാൻ കാരണമായത്. എല്ലാത്തരം ഗവേഷണങ്ങൾക്കും റിഹേഴ്സലുകൾക്കുമപ്പുറം സംഗീതത്തിനാണ് ഞാൻ പ്രാധാന്യം കൊടുക്കുന്നത്. എന്റെ നാടകങ്ങളുടെ ഭാഷതന്നെ സംഗീതമാണ്.
സംഗീതത്തിനും അഭിനയത്തിനുമുള്ള ഇഴയടുപ്പം പറയേണ്ടതില്ലല്ലോ. പാടുന്നതുതന്നെ ഒരുതരം അഭിനയിക്കലാണ്. ആറുവയസുള്ള കുട്ടിയുടെ ശബ്ദത്തിൽ ലതാ മങ്കേഷ്കർ പാടുന്പോൾ അവരും അഭിനയിക്കുകയാണ്. അത് സ്വയമറിയാതെവരും- ശേഖർ സെൻ പറയുന്നു.
അതെ, അങ്ങനെയാവണം കല. രാജ്യം 2015ൽ പത്മശ്രീ നൽകി ആദരിച്ച ശേഖർ സെന്നിന് കഴിഞ്ഞദിവസമാണ് ഭാരത് അസ്മിത ദേശീയ പുരസ്കാരം ലഭിച്ചത്. ഇന്ന് അദ്ദേഹത്തിന്റെ 64-ാം ജന്മദിനംകൂടിയാണ്. കഴിഞ്ഞയാഴ്ച കുംഭമേളയുടെ ഭാഗമായി പ്രയാഗ് രാജിൽ തുളസി സംഗീതനാടകം അവതരിപ്പിച്ചിരുന്നു.
ഹരിപ്രസാദ്