പതിനാലായിരം ആളുകള്‍ക്ക് ഇരിക്കാവുന്ന ഒരു നാടകശാല. അതിന്റെ വേദിയില്‍നിന്നുള്ള ശബ്ദം ഉച്ചഭാഷിണികളുടെയൊന്നും സഹായമില്ലാതെ ഏറ്റവും പിന്നിരയിലിരിക്കുന്നയാള്ക്കുപോലും വ്യക്തമായി കേള്‍ക്കാമായിരുന്നു. ബി.സി. നാലാം നൂറ്റാണ്ടില്‍ ഗ്രീക്ക് നഗരമായ എപ്പിഡോറസിലാണ് ഈ തിയറ്റര്‍ പിറവിയെടുത്തത്. രൂപകല്പനചെയ്തത് വിഖ്യാത വാസ്തുകാരനായ പോളിക്ലീറ്റോസ് ദ ജൂണിയര്‍. പ്രാചീന വാസ്തുശില്പികള്ക്ക് ശബ്ദശാസ്ത്രത്തില്‍ എത്രത്തോളം അറിവുണ്ടായിരുന്നുവെന്നതിന് ഒരു തെളിവാണ് ഈ തിയറ്റര്‍.
എന്തുകൊണ്ട് ശബ്ദം?
ഒരു ശബ്ദമുണ്ടാക്കുക, അതു കേള്‍ക്കുക ഇന്ദ്രിയങ്ങളുടെ മേളനമാണവിടെ. ആശയങ്ങളും അനുഭവങ്ങളും പകരുന്നതാകയാല്‍ നിത്യജീവിതത്തിലായാലും കലയിലായാലും അതിനു വലിയ പ്രാധാന്യമുണ്ട്. പറയുന്നതു കേട്ടില്ലെങ്കില്‍ "നിനക്കെന്താ ചെവി കേട്ടുകൂടേ' എന്ന ചോദ്യംവരും. തങ്ങളുടെ ശബ്ദം കേള്‍വിക്കാരിലേക്ക് വേണ്ടരീതിയില്‍ എത്തുന്നില്ലെന്നു തോന്നിയാല്‍ പ്രസംഗകരും സംഗീതജ്ഞരും മൈക്ക് ഓപ്പറേറ്റര്‍മാരോട് ഇടയും. വേദിയിലെ മോണിറ്റര്‍ ശരിയായി പ്രവര്‍ത്തിക്കാഞ്ഞാല്‍ ഇതെന്ത് എന്ന ഭാവത്തില്‍ കൈകളുയര്‍ത്തി, നീണ്ടനെറ്റിയിലെ വിയര്‍പ്പ് ടവല്‍കൊണ്ടു തുടച്ച് മുഖംചുവപ്പിക്കുമായിരുന്നു വിഖ്യാത സാക്സഫോണ് വാദകന്‍ അനശ്വരനായ കദ്രി ഗോപാല്‍നാഥ്.
വലിയ ഓഡിറ്റോറിയങ്ങള്‍, സംഗീതത്തിനടക്കം പ്രാധാന്യമുള്ള ദേവാലയങ്ങള്‍ എന്നിവിടങ്ങളിലെല്ലാം സൂക്ഷ്മമായ പഠനങ്ങള്‍ക്കുശേഷമാണ് ശബ്ദ ക്രമീകരണങ്ങള്‍ ഒരുക്കുക. പ്രതിധ്വനി ഒഴിവാക്കുകയാവും ഏറ്റവും വലിയ വെല്ലുവിളി.
സ്വരങ്ങളുടെ, ശ്രവണസുന്ദരമായ ശബ്ദങ്ങളുടെ സഹായത്തോടെ കേള്‍വിക്കാരുടെ മനസുകളില്‍ വികാരങ്ങളുണര്‍ത്തുന്ന നാദഭാഷയാണ് സംഗീതം. കാറ്റിലും കടലിലും സംഗീതമുണ്ട്. അതില്നിന്നുണ്ടായതാവണം ഇന്നുകേള്‍ക്കുന്ന പാട്ടുകളെല്ലാം. ശ്രുതി, താളം, ഭാവം എന്നിങ്ങനെ ശബ്ദത്തിന്റെ പലതരം വ്യതിയാനങ്ങള്‍ സംഗീതത്തിലുണ്ടാവും. ഇതൊന്നുമില്ലാത്തത് വെറും ഒച്ചയാണ്. മനസ് ആ ഒച്ചയോടു ശ്രുതിചേരില്ലെന്നര്ഥം.
ഇതെന്തുവാ?!
പലതരം ശബ്ദങ്ങളുടെയും സംഗീതത്തിന്റെയും നിശബ്ദതയുടെയും സാധ്യതകള്‍ ഏറ്റവുമധികം ഉപയോഗപ്പെടുത്തുന്ന ഒരു മാധ്യമം സിനിമയാണ്. ദൃശ്യങ്ങള്‍ക്കു ജീവന്നല്കുന്നതാണ് ഇവയെല്ലാം. പരസ്പരപൂരകങ്ങളായി ഇവ നിന്നാലേ സിനിമാനുഭവം പൂര്‍ണമാകൂ. ഇനിയിതാ, അടുത്തയിടെ റിലീസ് ചെയ്ത സിനിമയെക്കുറിച്ചുള്ള ഒറ്റവരി റിവ്യൂകള്‍ ഒന്നുകാണാം:
1. നല്ല തലവേദന, ഞാന്‍ ഒന്നു കിടക്കട്ടെ.
2. ചെവിക്കല്ല് അടിച്ചുപോയി ഗയ്സ്.
3. ഇതെന്തുവാ!
ഈ പറഞ്ഞവയെല്ലാം സിനിമയിലെ ശബ്ദത്തെക്കുറിച്ചാണ്. ആന അലറലോടലറല്‍ എന്നു പറയുന്നതുപോലെ സിനിമയിലെമ്പാടും അത്യുച്ചത്തിലുള്ള അലര്‍ച്ചകള്‍. തിയേറ്ററില്നിന്നിറങ്ങി നേരേ മെഡിക്കല്‍ ഷോപ്പില്‍ പോയി തലവേദനയ്ക്കുള്ള ഗുളിക വാങ്ങേണ്ട അവസ്ഥയായെന്ന് പ്രേക്ഷകരില്‍ ഭൂരിഭാഗവും പറയുന്നു. ചിത്രത്തിന്റെ സൗണ്ട് ക്വാളിറ്റി സോഷ്യല്‍ മീഡിയയിലടക്കം വ്യാപക ചര്‍ച്ചയ്ക്കു വഴിതുറന്നു.
തലവേദനയോടെ പ്രേക്ഷകര്‍ തിയറ്റര്വിട്ടിറങ്ങിയാല് സിനിമയ്ക്ക് റിപ്പീറ്റ് വാല്യൂ ഉണ്ടാകില്ലെന്നായിരുന്നു ലോകപ്രശസ്ത സൗണ്ട് ഡിസൈനറും ഓസ്കര് ജേതാവുമായ റസൂല്‍ പൂക്കുട്ടിയുടെ അഭിപ്രായം. സൗണ്ട് മിക്സിംഗില് പ്രശ്നങ്ങളുണ്ടെന്നു സിനിമയുടെ നിര്‍മാതാവും സമ്മതിച്ചു.
ഈ പ്രശ്നം മുമ്പും ചില സിനിമകള്‍ക്ക് ഉണ്ടായിട്ടുണ്ട്. പ്രത്യേകിച്ചും വമ്പന്‍ ഹൈപ്പുമായി വന്ന ബിഗ്ബജറ്റ് ചിത്രങ്ങള്‍ക്ക്. അന്നും സൗണ്ട് ക്വാളിറ്റിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നെങ്കിലും എങ്ങുമെത്താതെപോയി. പണംനല്‍കി ടിക്കറ്റെടുത്ത് തിയേറ്ററില്‍ വരുന്നവരുടെ ചെവിക്കല്ലു പൊട്ടിക്കുന്ന പരിപാടി എന്തൊരു ദുരന്തമാണ്!
പാടില്ല!
ഗര്‍ഭസ്ഥശിശുവിന് പാട്ടുകേള്പ്പിച്ചുകൊടുക്കുന്നതും, അതിനോടു സംസാരിക്കുന്നതും നല്ലതാണെന്ന് വിദഗ്ധര്‍ പറയാറുണ്ട്. ശാന്തവും ഇമ്പമുള്ളതുമാവണം ആ സ്വരങ്ങള്‍. അതേസമയം വല്ലാതെ കൂടിയ ശബ്ദം കുഞ്ഞിനെ പേടിപ്പെടുത്തും. ഇത്തരം കാര്യങ്ങള്‍ ആജീവനാന്തം കുഞ്ഞിന്റെ സ്വഭാവത്തില്‍ നിഴലിക്കുകയും ചെയ്യും. ഗര്‍ഭിണികള്‍ ഉച്ചത്തില്‍ പാട്ടുകേള്ക്കുന്നതുപോലും ദോഷമാണത്രേ. 24 ആഴ്ചമുതല്‍ ഗര്‍ഭസ്ഥശിശുവിന് അമ്മ കേള്‍ക്കുന്നതു മുഴുവന്‍ കേള്‍ക്കാനാവും.
മുതിര്‍ന്ന മനുഷ്യന് 85 ഡെസിബെല്‍ ശബ്ദമേ കേള്‍ക്കാന്‍ പാടുള്ളൂ. 140 ഡെസിബെല്‍ വരെ കേള്‍ക്കാന്‍ സാധിക്കുമെങ്കിലും അത് ചെവിക്കു ദോഷംവരുത്തും. സ്ഥിരമായി അത്യുച്ചത്തില്‍ പാട്ടുകള്‍ കേട്ടതുമൂലം തന്റെ കേള്‍വിശക്തിക്കു ഗുരുതരമായ തകരാര്‍ വന്നതായി ഗായിക അല്‍ക്ക യാഗ്നിക് വെളിപ്പെടുത്തിയത് അടുത്തകാലത്താണ്. ഉച്ചത്തിലുള്ള ശബ്ദം പൊതുവേ സ്ട്രെസ്, ഉയര്‍ന്ന ബിപി എന്നിവയ്ക്കും കാരണമാകും. അതുകൊണ്ട്, സിനിമയായാലും പാട്ടായാലും ഉയര്‍ന്ന ശബ്ദം പാടില്ല എന്നേ പറയാനാവൂ. -വി.ആർ.