ആറായിരം ഗ്രാമീണർക്ക് ഒറ്റ റോഡ്
Saturday, February 15, 2025 8:43 PM IST
പോളണ്ടിനെക്കുറിച്ചു മിണ്ടരുതെന്നാണ് കേട്ടിട്ടുള്ളതെങ്കിലും ഇതൊക്കെ കണ്ടാൽ എങ്ങനെ മിണ്ടാതിരിക്കും! അകലെനിന്നു നോക്കിയാൽ മനോഹരമായ ചിത്രം പോലെയുള്ള ആ ഗ്രാമത്തെക്കുറിച്ചാണ് പറയുന്നത്! ഒൻപതു കിലോമീറ്റർ ദൈർഘ്യമുള്ള, റോഡിനിരുവശത്തുമായി ആറായിരത്തോളം ആളുകൾ താമസിക്കുന്ന തെരുവ്! തെക്കൻ പോളണ്ടിലെ സുപോസോവ എന്ന മനോഹരഗ്രാമമാണ്, സഹവാസത്തിന്റെയും സ്നേഹത്തിന്റെയും പ്രതീകമായി ലോകമെന്പാടുമുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത്.
പോളണ്ട് തലസ്ഥാനമായ വാഴ്സോയിൽനിന്ന് 180 മൈൽ അകലെയാണ് അതിസുന്ദരമായ സുപോസോവ സ്ഥിതിചെയ്യുന്നത്. 1300ൽ ഈ ചെറിയ ഗ്രാമത്തെക്കുറിച്ചുള്ള ചരിത്രപരമായ പരാമർശങ്ങൾ ലഭിച്ചിട്ടുണ്ട്. ആധുനികകാലഘട്ടത്തിലെ മാറ്റങ്ങൾ ഉൾക്കൊള്ളുന്നുണ്ടെങ്കിലും സുപോസോവ ഇന്നും അതിസുന്ദരിയായ ഗ്രാമീണപെൺകൊടിയാണ്.
എല്ലാവർക്കും ഒരേ വിലാസം
ഇവിടത്തെ താമസക്കാരുടെ വിലാസം ഒരുപോലെയാണ്. ഡിബ്ല്യു 773 എന്നാണ് അവരുടെ തെരുവിന്റെ അഡ്രസ്. ഒരേ തെരുവിലെ താമസക്കാർ എന്നതു മാത്രമല്ല, ജീവിതരീതികളിലും കാഴ്ചപ്പാടുകളിലും സുപോസോവക്കാർ തമ്മിൽ യോജിക്കുന്ന നിരവധി വിഷയങ്ങളുണ്ട്.
ഏകദേശം ഒരേ രീതിയിലുള്ള വീടുകളാണ് അവിടെയുള്ളത്. പൂന്തോട്ടം പോലും ഒരേപോലെ പരിപാലിക്കുന്നു. ഓരോ സുപോസോവക്കാരനും തങ്ങളുടെ നാടിനെ അതിയായി സ്നേഹിക്കുന്നു. അവർ വ്യത്യസ്ത തൊഴിലുകളിലേർപ്പെടുന്നു. തങ്ങളുടെ വീടും സ്ഥലവും വിൽക്കാനും അവർക്കാഗ്രഹമില്ല.
മറ്റുള്ളവർ അസൂയപ്പെടും
ഇടുങ്ങിയ തെരുവിനരികിൽ ജീവിക്കുന്നതു ചിലരിൽ ആശങ്ക ജനിപ്പിച്ചേക്കാം. എന്നാൽ, സുപോസോവക്കാരെ അത്തരം കാര്യങ്ങൾ ബാധിക്കുന്നതേയില്ല.
സുപോസോവക്കാരുടെ ജീവിതത്തെ മറ്റുള്ളവർ അസൂയയോടെയാണു വീക്ഷിക്കുന്നത്. നഗരജീവിതത്തെ അപേക്ഷിച്ച്, സ്വസ്ഥവും സമാധാനവും അവരനുഭവിക്കുന്നു.
ചിലർ കൃഷിയും മൃഗപരിപാലനവും മാത്രമായി അവിടത്തന്നെ കഴിഞ്ഞുകൂടുന്നു. ചെറിയ ജോലിയും വരുമാനവുമാണെങ്കിലും സന്തോഷത്തോടെയാണ് ഈ ഗ്രാമീണരുടെ ജീവിതം.
വിനോദസഞ്ചാരകേന്ദ്രം
പോളീഷ് ഗ്രാമണസൗന്ദര്യം ആസ്വദിക്കാൻ ധാരാളം വിനോദസഞ്ചാരികളാണ് ഇവിടേക്ക് എത്തുന്നത്. വിനോദമേഖലയിൽനിന്നു വൻ വരുമാനവും ഇവിടത്തുകാർക്കു ലഭിക്കുന്നു.
സമൂഹമാധ്യമങ്ങളിൽ സുപോസോവയുടെ നിരവധി ചിത്രങ്ങളും വീഡിയോയും ലഭ്യമാണ്.
അവയെല്ലാം വൈറലുമാണ്. അടുത്തിടെ റെഡ്ഡിറ്റിൽ പങ്കുവച്ച സുപോസോവയുടെ മനോഹരചിത്രം പതിനായിരക്കണക്കിന് ആളുകളാണു കണ്ടത്. നൂറുകണക്കിനു പ്രതികരണങ്ങളും ചിത്രത്തിനു ലഭിച്ചു. ആരെയും വശീകരിക്കുന്ന ലാൻഡ്സ്കേപ്!
പി.ടി. ബിനു