എണ്ണമറ്റ അസ്തിത്വ ഭീഷണികളുമായാണു മനുഷ്യവംശം മുന്നോട്ടുപോകുന്നത്. സമസ്ത മേഖലയിലേക്കും പ്രവേശിക്കുന്ന കൃത്രിമബുദ്ധിയുടെ ഭീഷണി മുതൽ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭയാനകമായ അനന്തരഫലങ്ങൾ വരെ മനുഷ്യരുടെ നിലനിൽപ്പിനു ഭീഷണിയാകുന്നു. ഇതിനെയെല്ലാം അതിജീവിക്കാനുള്ള ഗവേഷണങ്ങളും മറ്റു പ്രവർത്തനങ്ങളും നടക്കുന്പോൾത്തന്നെ ശാസ്ത്രജ്ഞർ കൗതുകകരമായ ചില ചോദ്യങ്ങളും ഉന്നയിച്ചു. മനുഷ്യനു വംശനാശം സംഭവിച്ചാൽ പിന്നെ ഏതു ജീവിവർഗം ഭൂമിയുടെ ആധിപത്യത്തിലേക്ക് ഉയരും? നിങ്ങൾ എപ്പോഴെങ്കിലും അങ്ങനെ ചിന്തിച്ചിട്ടുണ്ടോ?
ഇതാണ് ആ ജീവി
മനുഷ്യാനന്തര കാലഘട്ടത്തിൽ ഭൂമിയിൽ അതിജീവിക്കാനും അഭിവൃദ്ധി പ്രാപിക്കാനും ശേഷിയുള്ള ജീവികളെക്കുറിച്ചു ഗവേഷകർ അന്വേഷിച്ചു. ഏതു ജീവിവർഗമാകും ഭൂമിയിൽ ആധിപത്യം നേടുക? വിവിധ ജീവികളുടെ പേരുകൾ മുന്നോട്ടുവയ്ക്കുന്പോഴും അവരിൽ ഏറെപ്പേരുടെയും അഭിപ്രായത്തിൽ "നീരാളി'യാണ് ഒന്നാമതുള്ളത്. ബുദ്ധിശക്തിക്കും വൈദഗ്ധ്യത്തിനും പേരുകേട്ട ജീവിവർഗമാണ് നീരാളി. ഏതു സാഹചര്യവുമായും പൊരുത്തപ്പെടാൻ ഇതിനാകും.
ഈ കടൽജീവിക്കു സവിശേഷമായ നിരവധി കഴിവുകളുണ്ട്. സങ്കീർണമായ നാഡീവ്യൂഹം, പ്രശ്നപരിഹാര ശേഷി, ഗ്രഹിക്കാനും നവീകരണത്തിനുമുള്ള കഴിവ് തുടങ്ങിയവ മറ്റെല്ലാ ജീവികളിൽനിന്നും നീരാളിയെ വ്യത്യസ്തമാക്കുന്നു.
ബുദ്ധിശക്തി
നീരാളികൾക്കു നല്ല ബുദ്ധിശക്തിയും പരസ്പരം ആശയവിനിമയം നടത്താനുള്ള വൈദഗ്ധ്യവും ജിജ്ഞാസയും കഴിവുമുണ്ടെന്ന് ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയിലെ പ്രഫസർ ടിം കോൾസൺ പറയുന്നു. വിഭിന്ന സാഹചര്യങ്ങളോട് അതിവേഗം പൊരുത്തപ്പെടാൻ കഴിയുന്ന ജീവികളിൽ ഒന്നാണ് നീരാളിവർഗം. യഥാർഥ വസ്തുക്കളും വെർച്വൽ വസ്തുക്കളും തമ്മിൽ തിരിച്ചറിയാൻ ഇവയ്ക്കു കഴിയുമത്രേ. പ്രതിസന്ധികൾ പരിഹരിക്കാനും പരിസ്ഥിതിയുമായി ഇടപഴകാനും സങ്കീർണമായ ഉപകരണങ്ങൾ കൈകാര്യം ചെയ്യാനും ആഴക്കടൽ മുതൽ തീരപ്രദേശങ്ങൾ വരെ വൈവിധ്യമാർന്ന ആവാസവ്യവസ്ഥകളിൽ അഭിവൃദ്ധി പ്രാപിക്കാനും നീരാളിക്കു കഴിയുമെന്നും കോൾസൺ പറഞ്ഞു.
പി.ടി. ബിനു