നാം മറക്കരുതാത്ത കാര്യം
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
Saturday, April 26, 2025 8:34 PM IST
ഇക്വഡോറിലെ ആമസോൺ വനാന്തരഭാഗത്തു താമസിക്കുന്ന ഒരു ഗോത്രവർഗമാണ് വൗറാനി. ഒരു കാലത്തു പുറംലോകവുമായി ബന്ധപ്പെടാൻ വിസമ്മതിച്ച ഈ ഗോത്രവർഗക്കാർ മറ്റു ഗോത്രക്കാരോടും വിദേശികളോടും ശത്രുതാമനോഭാവത്തോടെയായിരുന്നു പ്രവർത്തിച്ചിരുന്നത്. ഇക്കാര്യം വ്യക്തമായി അറിയാമായിരുന്ന ഒരു അമേരിക്കൻ മിഷണറിയാണ് ജിം എലിയറ്റ് (1927-1956).
1952 ഫെബ്രുവരി 21നു നാലു സഹമിഷണറിമാരോടൊപ്പം എലിയറ്റ് ഇക്വഡോറിൽ എത്തി. വൗറാനി ഗോത്രക്കാരുടെയിടയിൽ പ്രവർത്തിച്ച് അവരുടെ ജീവിതത്തിൽ വെളിച്ചം പകരുകയായിരുന്നു എലിയറ്റിന്റെയും മറ്റും ലക്ഷ്യം.
എന്നാൽ, അധികകാലം അവർക്ക് അവിടെ പ്രവർത്തിക്കാൻ കഴിഞ്ഞില്ല. അവരുടെ പ്രവർത്തനങ്ങളിൽ കുപിതരായ വൗറാനി ഗോത്രവർഗക്കാർ 1956 ജനുവരി എട്ടിന് എലിയറ്റിനെയും മറ്റു നാലുപേരെയും നിർദയം കൊലപ്പെടുത്തി. അക്കാലത്ത് അതു വലിയ ഒരു വാർത്തയായിരുന്നു.
നന്മയിൽ ശ്രദ്ധിച്ചപ്പോൾ
ഏറെപ്പേരും എലിയറ്റിന്റെയും സഹപ്രവർത്തകരുടെയും മരണവാർത്തയറിഞ്ഞു ദുഃഖിച്ചപ്പോൾ, മറ്റു ചിലർ അവർ അവിടെ പോയതിനെ കുറ്റപ്പെടുത്തുകയാണ് ചെയ്തത്. വേറെ ചിലരാകട്ടെ, മറ്റുള്ളവർക്കു നന്മ ചെയ്യാൻ പോയവരെ ദൈവം എന്തിനു കൈവിട്ടു എന്നാണ് ചോദിച്ചത്.
എലിയറ്റിന്റെയും സഹപ്രവർത്തകരുടെയും ദൗത്യം വലിയ പരാജയമായിട്ടാണ് അവർ കണ്ടത്.
കുറെ വർഷം കഴിഞ്ഞപ്പോൾ എലിയറ്റിന്റെ ഭാര്യ എലിസബത്ത്, മറ്റു ചിലരോടൊപ്പം ഇക്വഡോറിലെ ഇതേ ഗോത്രത്തിൽ മിഷണറി പ്രവർത്തനത്തിനെത്തി.
അവളുടെ മനസിൽ അപ്പോൾ പകയോ പ്രതികാരദാഹമോ ഇല്ലായിരുന്നു. നേരേമറിച്ച്, തന്റെ ഭർത്താവിനെ കൊന്നവരോട് ഏറെ സ്നേഹപൂർവമാണ് എലിസബത്ത് പെരുമാറിയത്. അവരുടെ നന്മയിലായിരുന്നു എലിസബത്തിന്റെ ശ്രദ്ധ മുഴുവനും.
അധികം താമസിയാതെ, നിരവധി ഗോത്രക്കാർ എലിസബത്ത് പ്രവർത്തിച്ചു കാണിച്ച സ്നേഹസന്ദേശം സന്തോഷപൂർവം സ്വീകരിച്ചു. അക്കൂട്ടത്തിൽ എലിയറ്റിന്റെ ഘാതകരുമുണ്ടായിരുന്നു! എലിസബത്തിനെ സംബന്ധിച്ചിടത്തോളം എലിയറ്റിന്റെ ജീവിതം മരണത്തിൽ അവസാനിച്ചില്ല. പ്രത്യുത, അതു വൗറാനി ഗോത്രവർഗക്കാരുടെ ഉത്ഥാനത്തിനു വഴിയൊരുക്കുകയാണ് ചെയ്തത്.
കുരിശിലൂടെ വിജയം നേടുക. ദൈവപുത്രനായ യേശു നമുക്കു കാണിച്ചുതന്ന വിജയമാർഗം അതാണ്. യേശു അന്യായമായി ശിക്ഷിക്കപ്പെടുകയും ക്രൂശിക്കപ്പെട്ടു മരിക്കുകയും ചെയ്തപ്പോൾ അതു അവിടത്തെ അവസാനമായി പലരും കണ്ടു. എന്നാൽ, മൂന്നാം ദിവസം മഹത്വത്തോടെ അവിടന്ന് ഉയിർത്തെഴുന്നേറ്റു.
പൗലോസ് അപ്പസ്തോലൻ പറയുന്നു: ""ഞാൻ അഭിമാനിക്കുന്നത് നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കുരിശിലല്ലാതെ മറ്റൊന്നിലും അല്ല''(ഗലാ 6:14).
ലോകത്തിനു കുരിശ് പരാജയവും ലജ്ജയും ആകുന്പോൾ യേശുവിന്റെ മാതൃക അനുകരിക്കുന്നവർക്ക് അത് അന്തിമമായ വിജയത്തിലേക്കുള്ള വഴിയാണ്. യേശു തന്റെ അനുയായികളോടു പറഞ്ഞു: ""എന്റെ പിന്നാലെ വരുവാൻ ആഗ്രഹിക്കുന്നവൻ അനുദിനം തന്റെ കുരിശെടുത്തുകൊണ്ട് എന്റെ പിന്നാലെ വരട്ടെ'' (ലൂക്കാ 9:23).
നാം ഏതു ജീവിതരംഗത്തുള്ളവരായാലും നമ്മുടെ ജീവിതത്തിൽ വിവിധ രീതിയിലുള്ള കുരിശുകൾ നമുക്കു ചുമക്കേണ്ടിവരും. ചിലപ്പോൾ, അവയുടെ ഭാരത്താൽ നാം തളർന്നുവീണു എന്നുവരാം. അപ്പോൾ നാം ഓർമിക്കണം, കുരിശു വഹിച്ചുകൊണ്ട് നമ്മുടെ മുന്പേ പോയവനായ യേശുവും കുരിശിന്റെ ഭാരത്താൽ തളർന്നു വീണിട്ടുണ്ടെന്ന്.
എന്നാൽ, വീണിടത്തു കിടക്കാതെ ആ കുരിശ് വീണ്ടും ചുമന്നുകൊണ്ട് അവിടന്ന് മുന്നോട്ടുപോവുകയാണ് ചെയ്തത്. ആ യാത്ര അവസാനിച്ചതാകട്ടെ കാൽവരിയിലെ കുരിശുമരണത്തിലും. പിതാവായ ദൈവം തന്നെ കൈവിട്ടു എന്നു തോന്നിയ നിമിഷങ്ങളായിരുന്നു അവ.
എങ്കിലും, ""എല്ലാം പൂർത്തിയായി'' എന്നു പറഞ്ഞു പിതാവായ ദൈവത്തിനു തന്നെത്തന്നെ സമർപ്പിക്കാൻ യേശുവിനു സാധിച്ചു. അതിനു കാരണം, തന്റെ സഹനവും കുരിശുമരണവും വഴിയാണ് ലോകത്തിനു രക്ഷ കൈവരാൻ പോകുന്നതെന്ന് അവിടത്തേക്ക് അറിയാമായിരുന്നു.
സഹനത്തിന്റെ മൂല്യം
നമ്മുടെ സഹനത്തിന്റെയും രക്ഷാകരവശം നാം കാണാതെ പോകരുത്. നമ്മുടെ സഹനം നമുക്കെന്നപോലെ മറ്റുള്ളവർക്കും ഏറെ നന്മയ്ക്കുപകരിക്കും. എന്നാൽ, അതിനു നാം നമ്മുടെ കുരിശുകളെ യേശുവിന്റെ സഹനത്തോടു ചേർത്തുകൊണ്ട് മുന്നോട്ടു പോകണം. അപ്പോഴാണ് നമ്മുടെ കുരിശുകൾക്കും സഹനങ്ങൾക്കും മൂല്യമുണ്ടാവുക.
നമ്മുടെ കുരിശുകളുടെ ഭാരം വർധിക്കുകയും നാം തളരുകയും ചെയ്യുന്നു എന്നു തോന്നുന്പോൾ നമ്മുടെ നാഥന്റെ വചനങ്ങൾ അനുസ്മരിക്കുക. അവിടന്നു പറയുന്നു: ""അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരും എന്റെ അരികിൽ വരിക. ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം'' (മത്താ11:28).
തന്റെ ജീവിതത്തിലെ കുരിശ് ചുമക്കുന്നതിനു യേശുവിൽ ഏറെ ആശ്വാസം കണ്ടെത്തിയ അപ്പസ്തോലനാണ് പൗലോസ്. അദ്ദേഹം പറയുന്നു: ""എന്നെ ശക്തിപ്പെടുത്തുന്ന കർത്താവിൽ എനിക്കെല്ലാം സാധിക്കും'' (ഫിലി 4: 13). യേശു നല്കിയ ശക്തിയാലാണ് അദ്ദേഹം തന്റെ കുരിശുകളെല്ലാം ചുമന്നത്. നാമും ചെയ്യേണ്ടത് ഇതുതന്നെയാണ്.
യേശുവിൽനിന്നു ശക്തി സ്വീകരിച്ചു കുരിശ് ചുമക്കണം. അപ്പോൾ, നമ്മുടെ കുരിശുകൾ രക്ഷാമാർഗമായി മാറും. അതായത്, യേശുവിനെപ്പോലെ നാം കുരിശിലൂടെ വിജയം വരിക്കുമെന്നു തീർച്ച. കുരിശിന്റെ സന്ദേശം ഭ്രാന്തായി ചിലപ്പോൾ തോന്നാം. എന്നാൽ, പൗലോസ് അപ്പസ്തോലൻ പറയുന്നതുപോലെ, ""അതു ദൈവത്തിന്റെ ശക്തി''യാണ് (1 കോറി1:18). അക്കാര്യം നാം മറക്കേണ്ട.