ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച....
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
Saturday, April 12, 2025 9:18 PM IST
ഹോളിവുഡ് പുറത്തിറക്കിയിട്ടുള്ള സിനിമകളിൽ ഏറെ മുൻപന്തിയിൽ നിൽക്കുന്ന ഒരെണ്ണമാണ് "ബെൻഹർ'. 1959ൽ നിർമിക്കപ്പെട്ട ഈ സിനിമ ഏറ്റവും നല്ല ചിത്രത്തിനുൾപ്പെടെ പതിനൊന്ന് അക്കാഡമി അവാർഡുകൾ നേടി. ഈ സിനിമയിലെ പ്രധാന കഥാപാത്രം ചാൾടൺ ഹെസ്റ്റൺ എന്ന പ്രസിദ്ധ നടൻ അവതരിപ്പിക്കുന്ന ജൂഡാ ബെൻഹർ ആണ്.
ധനികനായ ഒരു രാജകുമാരനായിരുന്നു ബെൻഹർ. എന്നാൽ, അദ്ദേഹത്തിന്റെ ബാല്യകാല സുഹൃത്തായിരുന്ന മെസാല എന്ന റോമൻ ഓഫീസർ അദ്ദേഹത്തിനെതിരേ നീങ്ങി. റോമൻ ഗവർണറെ വധിക്കാൻ ഗൂഢാലോചന നടത്തി എന്ന് ആരോപിച്ച് ബെൻഹറെ അയാൾ റോമാക്കാരുടെ അടിമയാക്കി.
എന്നാൽ, അടിമയായിരുന്ന ബെൻഹർ ഒരു നാവികയുദ്ധത്തിൽ ഒരു റോമൻ കമാൻഡറെ രക്ഷിച്ചതിന്റെ പേരിൽ സ്വതന്ത്രനാക്കപ്പെടുകയും ആ കമാൻഡറുടെ സ്വത്തിന് ഉടമയാവുകയും ചെയ്തു. അതിനുശേഷം നാം കാണുന്നതു പ്രതികാരത്തിനായുള്ള ബെൻഹറുടെ യാത്രയാണ്. പക്ഷേ, ആ യാത്രയ്ക്കിടയിൽ ദൈവപുത്രനായ യേശുവിനെ പല പ്രാവശ്യം ബെൻഹർ കണ്ടുമുട്ടി.
ആ കണ്ടുമുട്ടൽ
ആദ്യം അവർ കണ്ടുമുട്ടിയത് അടിമയാക്കപ്പെട്ട ബെൻഹർ പട്ടാളക്കാരാൽ വലിച്ചിഴച്ചു കൊണ്ടുപോകപ്പെട്ട അവസരത്തിലായിരുന്നു. അന്നു ദാഹാർത്തനായ അദ്ദേഹത്തിനു ദാഹജലം പകർന്നുകൊടുക്കാൻ ധൈര്യം കാണിച്ചത് യേശുവായിരുന്നു.
അപ്പോൾ, യേശുവിന്റെ കരുണാർദ്രമായ മുഖം ആദ്യമായി ബെൻഹർ കണ്ടു. പിന്നീട് അവർ നേരിൽ കാണുന്നത് യേശു കാൽവരിയിൽ ക്രൂശിക്കപ്പെടുന്പോഴാണ്. ആ കുരിശുമരണം വീക്ഷിച്ചവരുടെ ഗണത്തിൽ ബെൻഹറും ഉണ്ടായിരുന്നു.
നിരപരാധിയായ യേശുവിന്റെ പീഡാസഹനം നേരിൽ ദർശിക്കുന്പോഴാണ് ബെൻഹർ അവിടത്തെ വാക്കുകൾ കേട്ടത്: ""പിതാവേ, ഇവരോടു ക്ഷമിക്കണമേ. കാരണം ഇവർ ചെയ്യുന്നത് എന്താണെന്ന് ഇവർ അറിയുന്നില്ല''.
കുരിശിൽ കിടന്നുള്ള യേശുവിന്റെ ഈ വാക്കുകൾ കേട്ടപ്പോൾ ബെൻഹറിന്റെ ഹൃദയം തണുത്തു. പ്രതികാരവാഞ്ഛ അപ്രത്യക്ഷമായി.
പകയും വിദ്വേഷവും ഇല്ലാതായി. മനസിൽ സമാധാനം നിറഞ്ഞു. യേശുവിന്റെ കുരിശുമരണം ബെൻഹറിന്റെ ജീവിതത്തെ മാറ്റിമറിച്ചു. അങ്ങനെയാണ് മെസാലയോടു ക്ഷമിക്കാൻ ബെൻഹറിനു സാധിച്ചത്. ഓശാന ഞായറാഴ്ച ആഘോഷിച്ച് വിശുദ്ധവാരത്തിലേക്ക് ഇന്നു നാം കടക്കുന്നു.
ഇതു കഴിഞ്ഞകാല സംഭവങ്ങൾ ഓർമിക്കുന്ന ഒരു അവസരം മാത്രമല്ല. ബെൻഹറിനു സംഭവിച്ചതുപോലെ, നമ്മുടെ ജീവിതത്തിലും സമൂല മാറ്റത്തിനു വഴിയൊരുക്കേണ്ട അവസരമാണ്. അതിനു കർത്താവായ യേശുവിന്റെകൂടെ ഈ പീഡാനുഭവ ആഴ്ചയിൽ നാം നടക്കുകതന്നെ വേണം.
ഓശാന ഞായറാഴ്ച യേശു കഴുതപ്പുറത്തു ജറൂസലെമിലേക്കു കടന്നുചെന്നപ്പോൾ, ജനക്കൂട്ടം ആർത്തുവിളിച്ചു: ""ഓശാന! കർത്താവിന്റെ നാമത്തിൽ വരുന്നവനും ഇസ്രായേലിന്റെ രാജാവുമായവൻ വാഴ്ത്തപ്പെട്ടവനാകട്ടെ!'' (യോഹ12:13).
അത് ഒരു രാജകീയ സ്വീകരണമായിരുന്നു. എന്നാൽ, അവിടന്നാകട്ടെ, വെറും രാജാവ് മാത്രമായിരുന്നില്ല. അവിടുന്നു രാജാക്കന്മാരുടെ രാജാവും ദൈവത്തിന്റെ പുത്രനുമായിരുന്നു.
രാജാക്കന്മാരുടെ രാജാവും ദൈവപുത്രനുമായ അവിടന്നാണ് പെസഹാ വ്യാഴാഴ്ച ശിഷ്യന്മാരുടെ പാദങ്ങൾ കഴുകിക്കൊണ്ട് നമുക്കു പുതിയ ഒരു മാതൃക നൽകിയത്. ആ അവസരത്തിൽ അവിടന്നു പറഞ്ഞു: ""നിങ്ങളുടെ കർത്താവും ഗുരുവുമായ ഞാൻ നിങ്ങളുടെ പാദങ്ങൾ കഴുകിയെങ്കിൽ, നിങ്ങളും പരസ്പരം പാദങ്ങൾ കഴുകണം'' (യോഹ 13:14).
വിനയത്തിന്റെ ഈ മാതൃക നൽകിയ ശേഷമാണ് നമ്മോടൊപ്പം ആയിരിക്കാൻ യേശു വിശുദ്ധ കുർബാന സ്ഥാപിച്ചത്. അതിനു ശേഷം അവിടന്നു പറഞ്ഞു: ""ഞാൻ ഈ ചെയ്തത് എന്റെ ഓർമയ്ക്കായി നിങ്ങൾ ചെയ്യുവിൻ'' (ലൂക്കാ 22:19).
അതേത്തുടർന്ന്, അവിടുന്നു പുതിയൊരു പ്രമാണം നമുക്കു നൽകി: ""ഞാൻ പുതിയൊരു കല്പന നിങ്ങൾക്കു നൽകുന്നു. നിങ്ങൾ പരസ്പരം സ്നേഹിക്കുവിൻ. ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിൻ'' (യോഹ 13:34)തന്റെ ശരീരരക്തങ്ങൾ നമുക്കായി പങ്കുവച്ചുകൊണ്ടാണ് അവിടന്ന് നമ്മെ സ്നേഹിച്ചത്.
ഈ സ്വയംദാനം അതിന്റെ പാരമ്യത്തിലെത്തുന്നത് ദുഃഖവെള്ളിയിലാണ്. അന്ന് എന്താണ് സംഭവിച്ചതെന്ന് ഏശയ്യാ പ്രവാചകൻ മുൻകൂട്ടി അരുൾ ചെയ്തിട്ടുണ്ട്: ""നമ്മുടെ അതിക്രങ്ങൾക്കുവേണ്ടി അവൻ മുറിവേൽപ്പിക്കപ്പെട്ടു.
നമ്മുടെ അകൃത്യങ്ങൾക്കുവേണ്ടി ക്ഷതമേൽപ്പിക്കപ്പെട്ടു... അവന്റെ ക്ഷതങ്ങളാൽ നാം സൗഖ്യംപ്രാപിച്ചു''(53:5).യേശു സാഹചര്യങ്ങളുടെ വെറും അടിമയായിരുന്നില്ല. പിതാവായ ദൈവത്തിന്റെ രക്ഷാകരപദ്ധതിയുടെ ഭാഗമായി കുരിശുമരണം അവിടന്ന് സ്വയം ഏറ്റെടുക്കുകയായിരുന്നു.
അവിടത്തെ വാക്കുകൾ ശ്രദ്ധിക്കുക: ""തിരിച്ചെടുക്കാൻ വേണ്ടി ഞാൻ ജീവൻ അർപ്പിക്കുന്നതിനാൽ പിതാവ് എന്നെ സ്നേഹിക്കുന്നു. ആരും എന്നിൽനിന്ന് അതു പിടിച്ചെടുക്കുകയല്ല. ഞാൻ അതു സ്വമനസാ സമർപ്പിക്കുകയാണ്'' (യോഹ10:18).
ഇക്കാര്യം പൗലോസ് അപ്പസ്തോലൻ നമ്മെ ഓർമിപ്പിക്കുന്നു: ""ദൈവത്തിന്റെ രൂപത്തിലായിരുന്നെങ്കിലും അവൻ ദൈവമായുള്ള സമാനത നിലനിർത്തേണ്ട ഒരു കാര്യമായി പരിഗണിച്ചില്ല.
തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് ദാസന്റെ രൂപം സ്വീകരിച്ച് മനുഷ്യരുടെ സാദൃശ്യത്തിൽ ആയിത്തീർന്ന്, ആകൃതിയിൽ മനുഷ്യനെപ്പോലെ കാണപ്പെട്ടു. മരണം വരെ - അതേ കുരിശുമരണം വരെ - അനുസരണമുള്ളവനായി തന്നെത്തന്നെ താഴ്ത്തി''(ഫിലിപ്പി 2:6-8).
ഇപ്രകാരം, പൂർണമായി അനുസരണമുള്ളവനായി തന്നെത്തന്നെ നമുക്കായി കുരിശിൽ ബലിയായി നൽകിക്കൊണ്ടാണ് യേശു ഈ ലോകത്തിലെ ദൗത്യം പൂർത്തിയാക്കിയത്. തന്മൂലമാണ്, കുരിശിൽ മരിക്കുന്നതിനു മുന്പ് അവിടന്ന് ഇപ്രകാരം പറഞ്ഞത്: ""എല്ലാം പൂർത്തിയായിരിക്കുന്നു'' (യോഹ 19:30).
സ്വന്തജീവൻ വെടിഞ്ഞാണ് അവിടന്നു നമ്മെ സ്നേഹിച്ചത്. അങ്ങനെയാണ്, രക്ഷ നേടിത്തന്നത്; ലോകത്തെ മാറ്റിമറിച്ചത്. പീഡാനുഭവ ആഴ്ചയിലൂടെ കടന്നുപോകുന്പോൾ നമ്മുടെ കർത്താവിന്റെ ഈ മഹാത്യാഗമാകട്ടെ നമ്മുടെ ചിന്തയിൽ നിറഞ്ഞുനിൽക്കുന്നത്. അപ്പോൾ, ബെൻഹറുടെ ജീവിതത്തിൽ സംഭവിച്ചതുപോലെ സമൂലമായ മാറ്റം നമ്മിലുമുണ്ടാകും.
കാരണം, നമ്മുടെ കർത്താവിന്റെ സ്നേഹവും ത്യാഗവും സഹനവുമൊക്കെ നമ്മുടെ ചിന്താവിഷയമായാൽ അതു നമ്മെ മാറ്റിമറിക്കുകതന്നെ ചെയ്യും. അങ്ങനെ സംഭവിക്കുന്നില്ലെങ്കിൽ അതിന്റെ കാരണം നാം കർത്താവിന്റെ സ്നേഹത്തിന്റെയും ത്യാഗത്തിന്റെയുമൊക്കെ ആഴം അറിഞ്ഞിട്ടില്ല എന്നതുതന്നെ.