സൗഭാഗ്യങ്ങളും ദൗർഭാഗ്യങ്ങളും
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
Saturday, April 5, 2025 8:38 PM IST
"ലിവിംഗ് ലൈഫ് ഓൺ പർപസ്' എന്ന ഗ്രന്ഥത്തിൽ ഗ്രെഗ് ആൻഡേഴ്സൺ പറയുന്ന ഒരു കഥ: ഒരിക്കൽ ഒരാളുടെ ഭാര്യ അയാളെ വിട്ടുപോയി. അവൾ ഒരിക്കലും തിരികെവരില്ല എന്ന ചിന്ത അയാളെ ആകെ തകർത്തു. അയാൾ അതിവേഗം വിഷാദരോഗത്തിന് അടിമയായി. അയാൾക്ക് ആത്മവിശ്വാസം നഷ്ടപ്പെട്ടു. അതുപോലെ, മറ്റുള്ളവരിലുള്ള വിശ്വാസവും അയാൾക്കു നഷ്ടമായി. തന്മൂലം, ജീവിതത്തിലെ സന്തോഷം മുഴുവൻ ചോർന്നുപോയി.
ഒരു ദിവസം പ്രഭാതഭക്ഷണം കഴിക്കാനായി അയാൾ അടുത്തുള്ള ഒരു റസ്റ്ററന്റിലേക്കു പോയി. അവിടെ പലരും ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നു. എന്നാൽ, ആരും പരസ്പരം സംസാരിച്ചിരുന്നില്ല. ആ റസ്റ്ററന്റിലെ ഒരു മൂലയിൽ ഒരു അമ്മയും അവളുടെ പുന്നാരമോളും ഭക്ഷണം വരുന്നതു കാത്തിരിക്കുകയായിരുന്നു.
അപ്പോഴാണ്, ഒരു വെയ്റ്റ്റസ് ഭക്ഷണവുമായി അവരുടെ മേശയിലെത്തിയത്.ഭക്ഷണം മേശപ്പുറത്തെത്തിയപ്പോൾ ആ കുരുന്നു ബാലിക പറഞ്ഞു: “മമ്മീ, ഇവിടെ നമുക്കു പ്രാർഥന ചൊല്ലാമോ?' അതുകേൾക്കാനിടയായ വെയ്റ്റ്റസ് പറഞ്ഞു: "തീർച്ചയായും.
ഞങ്ങൾ ഇവിടെ പ്രാർഥിക്കാറുണ്ട്. മോൾ പ്രാർഥിച്ചോളൂ.' ഉടനെ, അവൾ ചുറ്റിലും നോക്കിയിട്ട് പറഞ്ഞു: "നിങ്ങൾ തലകുനിക്കൂ!” അപ്പോൾ, ആ റസ്റ്ററന്റിലുണ്ടായിരുന്ന എല്ലാവരും ഭക്ഷണം കഴിക്കുന്നതു നിർത്തി തലകുനിച്ചിരുന്നു. അപ്പോൾ, അവളും തലകുനിച്ച് ഇപ്രകാരം പ്രാർഥിച്ചു: “ദൈവം വലിയവനാണ്. അവിടന്ന് നല്ലവനാണ്. നമുക്കു ഭക്ഷണം തന്നതിന് അവിടത്തേക്കു നാം നന്ദിപറയുന്നു. ആമ്മേൻ.”
“ആമ്മേൻ.” എല്ലാവരും ഏറ്റുചൊല്ലി.പെട്ടെന്ന്, ആ റസ്റ്ററന്റിലെ അന്തരീക്ഷത്തിൽ വലിയ മാറ്റം വന്നു. പലരും അങ്ങോട്ടുമിങ്ങോട്ടും സംസാരിക്കാൻ തുടങ്ങി. ഇതുകണ്ടപ്പോൾ, വെയ്റ്റ്റസ് എല്ലാവരോടും എന്നതുപോലെ പറഞ്ഞു: "നമ്മൾ ഇങ്ങനെ എല്ലാ ദിവസവും ചെയ്യണം'.
അന്ന് അവിടെ ഭക്ഷണം കഴിക്കാനെത്തിയ നിരാശനായ മനുഷ്യൻ പിന്നീടു പറഞ്ഞു: "ആ കുരുന്നു ബാലികയുടെ പ്രാർഥന കഴിഞ്ഞപ്പോൾ എന്റെ മാനസികാവസ്ഥയിൽ ഏറെ മാറ്റം വന്നു. ആ ബാലികയുടെ മാതൃക സ്വീകരിച്ച്, എന്റെ ജീവിതത്തിലെ നന്മകളെ ഓർത്ത് ഞാൻ ദൈവത്തിനു നന്ദിപറയാൻ തുടങ്ങി. അതോടൊപ്പം, എനിക്ക് ഇല്ലാത്തതിനെ ഓർത്തു വിലപിക്കുന്നതും ഞാൻ അവസാനിപ്പിച്ചു. അങ്ങനെ എന്റെ ജീവിതം വീണ്ടും ഉന്മേഷപൂർണമായി മാറി.'
അനുഗ്രഹങ്ങൾ എണ്ണുമ്പോൾ
ജീവിതത്തിലെ അനുഗ്രഹങ്ങൾ എണ്ണുക. അതോടൊപ്പം, ദൈവത്തിനു നന്ദിപറയുക. അതാണ് അയാൾ ചെയ്തത്. അപ്പോൾ, അയാളുടെ തപ്തമായ മനസ് തണുത്തു. അശാന്തമായിരുന്ന അയാളുടെ ഹൃദയം ശാന്തമായി. അങ്ങനെയാണ് അയാളുടെ ജീവിതം സന്തോഷഭരിതമായത്.
നമ്മുടെ ചിന്തകൾ പലപ്പോഴും നമുക്കില്ലാത്ത സന്തോഷങ്ങളെക്കുറിച്ചാണ്. നമുക്കു നഷ്ടപ്പെട്ട സൗഭാഗ്യങ്ങളെക്കുറിച്ചാണ്.നമ്മുടെ ജീവിതത്തിലെ തകർച്ചകളെക്കുറിച്ചാണ്. തന്മൂലം, നമ്മുടെ ജീവിതം കുറെക്കൂടി ദുരിതപൂർണമായി മാറുന്നു. എന്നാൽ, ഇല്ലായ്മകൾക്കും വല്ലായ്മകൾക്കുമിടയിൽ ജീവിതത്തിലെ അനുഗ്രഹങ്ങളെ എണ്ണാൻ സാധിച്ചാൽ നമ്മുടെ ജീവിതത്തിന് ഒരു നവചൈതന്യം ലഭിക്കും.
എങ്ങനെയാണ് ജീവിതത്തിലെ അനുഗ്രഹങ്ങൾ എണ്ണുക? ആദ്യം നമ്മുടെ അനുദിന ജീവിതസൗകര്യങ്ങൾ നോക്കാം. അന്തിയുറങ്ങാൻ വീട്, ഭക്ഷണമേശയിൽ ഭക്ഷണം, കുടിക്കാൻ ശുദ്ധജലം, ധരിക്കാൻ വസ്ത്രം, ആരോഗ്യപരിചരണത്തിന് സംവിധാനങ്ങൾ, വാഹനസൗകര്യം... ഈ ലിസ്റ്റ് അങ്ങനെ നീണ്ടുപോകാം.
സ്നേഹസന്പന്നരായ മാതാപിതാക്കൾ, ബന്ധുക്കൾ, സ്നേഹിതർ, സഹപ്രവർത്തകർ, അയൽക്കാർ, അങ്ങനെ സ്നേഹിക്കാനും സഹായിക്കാനും നമ്മെ ആശ്വസിപ്പിക്കാനുമായി നമ്മുടെ ചുറ്റും എത്രയോ പേർ! നമുക്കു ചൂടും വെളിച്ചവും നൽകാൻ സൂര്യൻ, ശുദ്ധവായു നൽകുന്ന അന്തരീക്ഷം, ചുറ്റും കണ്ണിനു കൗതുകം നൽകുന്ന വൃക്ഷ പുഷ്പലതാദികൾ! നമ്മെ വിസ്മയിപ്പിക്കുന്ന മൃഗങ്ങളും പക്ഷികളും ജലജീവികളും.
എന്നാൽ, ഇവയെക്കാളേറെ നാം അനുസ്മരിക്കേണ്ടതു നമ്മുടെ ജീവൻ, ജീവൻ നല്കിയ സ്നേഹസന്പന്നനായ ദൈവം, അവിടത്തെ നിരന്തര പരിപാലന, അനന്തമായ സ്നേഹം, നമ്മുടെ വിവിധ കഴിവുകളും അനുഗ്രഹങ്ങളും ദാനങ്ങളും എന്നിവയൊക്കെയാണ്.
ഇവയും ഇവയെപ്പോലെയുള്ള അനുഗ്രഹങ്ങളും എണ്ണുകതന്നെ വേണം. അപ്പോഴാണ്, അനുനിമിഷം നമുക്കു ശ്വസിക്കാൻ സാധിക്കുന്നതുതന്നെ എത്രയോ വലിയ അനുഗ്രഹമാണെന്നു തിരിച്ചറിയുക. ശ്വസിക്കാൻ പാടുപെടുന്നവരോടു ചോദിക്കൂ. അപ്പോൾ അവർ പറയും നേരാംവണ്ണം ശ്വസിക്കാൻ സാധിച്ചാൽ അതിൽപരം മറ്റൊരു അനുഗ്രഹമില്ലെന്ന്.
കണ്ണു കാണാൻ സാധിക്കാതെ വരുന്പോൾ കാഴ്ചയുള്ളത് എത്രയോ വലിയ അനുഗ്രഹമാണെന്നു നാം പറയും. കേൾവിയുടെ കാര്യവും അങ്ങനെയല്ലേ? കേൾവി നഷ്ടപ്പെടുന്നതുവരെ കേൾവിയെക്കുറിച്ച് ഓർത്തു നാം സന്തോഷിക്കാറുണ്ടോ? ജീവിതത്തിലെ ഏതു പ്രതിസന്ധിയിലും അപ്പോൾ എല്ലാം നഷ്ടപ്പെട്ടെന്നു കരുതി വിലപിക്കരുത്.
സൗഭാഗ്യങ്ങൾ
പ്രസിദ്ധ ആംഗലേയ സാഹിത്യകാരനായ ചാൾസ് ഡിക്കൻസ് ഒരിക്കൽ എഴുതി: "ഇപ്പോഴുള്ള നന്മകളെക്കുറിച്ചു ചിന്തിക്കുക, അവ മനുഷ്യന് ഏറെയുണ്ട്. നിർഭാഗ്യങ്ങളെക്കുറിച്ചു ചിന്തിക്കാതിരിക്കുക. അവ എല്ലാ മനുഷ്യർക്കും കുറെ ഉണ്ടാകും.'
ഡിക്കൻസ് പറഞ്ഞത് ഏറെ ശരിയാണ്. എല്ലാ മനുഷ്യർക്കും ഒട്ടേറെ സൗഭാഗ്യങ്ങൾ ഉണ്ട്. അതുപോലെ, കുറെ നിർഭാഗ്യങ്ങൾ എല്ലാവർക്കും ഉണ്ടാകും. എന്നാൽ, ആ നിർഭാഗ്യങ്ങളെക്കുറിച്ച് എന്നതിനേക്കാൾ, ജീവിതത്തിലെ സൗഭാഗ്യങ്ങളെക്കുറിച്ചാകട്ടെ നമ്മുടെ ചിന്ത.
അമേരിക്കൻ ഗായകനും ഗിത്താറിസ്റ്റുമായ വില്ലി നെൽസൺ ഇപ്രകാരം പറയുന്നു: "എന്റെ ജീവിതത്തിലെ അനുഗ്രഹങ്ങൾ ഞാൻ എണ്ണാൻ തുടങ്ങിയപ്പോൾ എന്റെ ജീവിതം നേർവഴിയിലായി.' ജീവിതദുഃഖങ്ങൾക്കിടയിലും നമ്മുടെ ജീവിതത്തിലെ അനുഗ്രഹങ്ങൾ അനുസ്മരിക്കാൻ സാധിച്ചാൽ നാം നേർവഴിയിൽതന്നെയാവും യാത്ര ചെയ്യുക.
ദൈവവചനം പറയുന്നു: "എന്റെ ആത്മാവേ, കർത്താവിനെ വാഴ്ത്തുക. അവിടന്നു നൽകിയ അനുഗ്രഹമൊന്നും മറക്കരുത്' (സങ്കീ 103:2). ദൈവത്തിന്റെ അനുഗ്രഹങ്ങൾ എപ്പോഴും നമുക്കു ലഭിച്ചുകൊണ്ടാണിരിക്കുന്നത്. നാം അവ മറക്കാതിരുന്നാൽ നാം ഏറെ നന്ദിയുള്ളവരായിരിക്കും. അതോടൊപ്പം, ജീവിതത്തിലെ ഒരു ഭാരവും നമ്മെ തളർത്തുകയില്ല എന്നു തീർച്ച.
ബൈബിളിൽ ഇപ്രകാരം വായിക്കുന്നു: "കർത്താവിന്റെ സ്നേഹം ഒരിക്കലും അസ്തമിക്കുന്നില്ല. ഓരോ പ്രഭാതത്തിലും അതു പുതിയതാണ്' (വിലാപങ്ങൾ 3:22). ഓരോ ദിവസവും ദൈവം പുതിയതായി നമ്മെ സ്നേഹിക്കുന്നുണ്ടെങ്കിൽ പിന്നെ എന്തിന് ഓരോ കാര്യങ്ങൾ ഓർത്തു വിലപിച്ചിരിക്കണം? അതിനുപകരം, ദൈവത്തിന്റെ പുതിയ സ്നേഹം സ്വീകരിക്കാൻ സ്വയം സന്നദ്ധരാവുകയല്ലേ വേണ്ടത്?
നമ്മുടെ ജീവിതത്തിലെ എല്ലാ അനുഗ്രഹങ്ങളും എന്നും നമുക്ക് അനുസ്മരിക്കാം. ദൈവത്തോട് അവയ്ക്കു നന്ദിപറയാം. അതോടൊപ്പം, അവിടത്തെ പുതിയ സ്നേഹവും പുത്തൻ അനുഗ്രഹങ്ങളും സ്വീകരിക്കാൻ അനുദിനം നമ്മുടെ ഹൃദയങ്ങൾ അവിടത്തേക്കായി തുറന്നുകൊടുക്കാം.