സ്വതന്ത്രരാക്കപ്പെടുന്ന തടവുകാർ
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
Saturday, March 29, 2025 8:15 PM IST
1956ൽ, സൗത്ത് ആഫ്രിക്കയിൽ വർണവിവേചനം കൊടുന്പിരികൊണ്ടിരിക്കുന്ന കാലം. ഒരുദിവസം ഒരു കറുത്ത ബാലൻ തന്റെ അമ്മയോടൊപ്പം വെളുത്തവർക്കു മാത്രം പ്രവേശനമുള്ള ഒരു പള്ളിയുടെ പുറത്തു നിൽക്കുകയായിരുന്നു.
അവർക്ക് അകത്തു പ്രവേശിക്കാൻ അനുവാദമില്ലായിരുന്നു. അവർ നിശബ്ദരായി അവിടെ കാത്തുനിൽക്കുന്പോൾ ഒരു ആംഗ്ലിക്കൻ പുരോഹിതൻ ആ വഴിയെ വന്നു. അവരെ കണ്ടയുടനെ, അദ്ദേഹം തന്റെ തലയിൽനിന്നു തൊപ്പി കൈയിലെടുത്ത് ആ ബാലന്റെ അമ്മയോട് ആദരവ് പ്രകടിപ്പിച്ചു.
അന്നത്തെക്കാലത്തു വളരെ അപൂർവമായി മാത്രം സംഭവിക്കുന്ന കാര്യമായിരുന്നു അത്. ആ പ്രവൃത്തി ബാലനായിരുന്ന ഡെസ്മണ്ട് ടുട്ടുവിന്റെ മനസിൽ ഒരു വിത്തുപാകി. വർഷങ്ങൾ കഴിഞ്ഞപ്പോൾ, ടുട്ടു ജോഹാനസ്ബർഗിലെ ആംഗ്ലിക്കൻ ബിഷപ്പും പിന്നീട് കേപ് ടൗണിലെ ആർച്ച്ബിഷപ്പുമായി മാറി.
അങ്ങനെ അദ്ദേഹം സൗത്ത് ആഫ്രിക്കൻ ആംഗ്ലിക്കൻ സഭയുടെ തലപ്പത്തുവന്നു. മറ്റ് കറുത്ത വർഗക്കാരെപ്പോലെ അദ്ദേഹവും വർണവിവേചനത്തിനെതി രായി ധീരമായി പോരാടിയെങ്കിലും വെള്ളക്കാരെ അദ്ദേഹം വെറുത്തില്ല.എന്നു മാത്രമല്ല, അവരോട് ക്ഷമിക്കാനും സഹകരിക്കാനും അദ്ദേഹം തയാറായി.
1984ൽ, സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ അദ്ദേഹം ഒരിക്കൽ പറഞ്ഞു: “ക്ഷമയില്ലാതെ ഭാവിയില്ല”. അദ്ദേഹം അന്ന് ഇപ്രകാരം പറഞ്ഞത് സൗത്ത് ആഫ്രിക്കയുടെ ഭാവിയെക്കുറിച്ചാണെങ്കിലും അത് എല്ലാവർക്കും ബാധകമായ ഒരു സത്യംതന്നെയാണ്. ആര് എന്ത് ഗൗരവമായ തെറ്റ് നമ്മോടു ചെയ്താലും അത് ആത്മാർഥമായി ക്ഷമിക്കാതെ നമുക്കു ശോഭനമായ ഒരു ഭാവിയില്ല എന്നതാണ് യാഥാ
ർഥ്യം.
ക്ഷമിക്കാൻ വേണ്ടത്
നമ്മോട് തെറ്റ് ചെയ്യുന്നവരോട് ക്ഷമിക്കുക അത്ര എളുപ്പമല്ല. അതിനു പ്രതികാരം ചെയ്യാൻ വേണ്ടതിനേക്കാൾ ശക്തിയും വിദ്വേഷത്തിന്റെ ശക്തിയേക്കാൾ കൂടിയ ദൈവകൃപയും നമുക്ക് ആവശ്യമാണ്. ക്ഷമിക്കുക എന്നതു തെറ്റു ക്ഷമിക്കുകയോ അതു വേദനിപ്പിക്കുകയോ ചെയ്തില്ലെന്നു നടിക്കുകയോ അല്ല.
പ്രത്യുത, വിദ്വേഷത്തിനു പകരം സ്നേഹം, വെറുപ്പിനു പകരം സൗഖ്യം, ബന്ധനത്തിനു പകരം സ്വാതന്ത്ര്യം എന്നിവ തെരഞ്ഞെടുക്കുക എന്നതാണ്. ക്ഷമിക്കാൻ നാം വിസമ്മതിക്കുന്പോൾ നാം നമ്മെത്തന്നെ വേദനയുടെ ചങ്ങലകൊണ്ട് ബന്ധിക്കുന്നു. നമ്മെ, വേദനിപ്പിച്ച വ്യക്തി മുന്നോട്ടുപോകും. എന്നാൽ, നാം ദുഃഖം, കോപം, വെറുപ്പ് എന്നിവയുടെ തടവുകാരായി തുടരുകയും ചെയ്യും.
അമേരിക്കൻ ചിന്തകനും എഴുത്തുകാരനുമായ ലൂവിസ് ബി. സ്മീഡ്സ് എഴുതി: ""ക്ഷമിക്കുക എന്നത് ഒരു തടവുകാരനെ സ്വതന്ത്രനാക്കുകയും ആ തടവുകാരൻ നിങ്ങളാണെന്ന് കണ്ടെത്തുകയും ചെയ്യുന്നതാണ്''. ഇതു നോന്പുകാലമാണ്. ആന്തരികമായി നാം നമ്മെത്തന്നെ നവീകരിക്കേണ്ട കാലം. നമ്മുടെ ആന്തരിക നവീകരണത്തിനു നാം ആദ്യം ചെയ്യേണ്ട ഒരു കാര്യം ആരോട് ക്ഷമിക്കണം എന്നു കണ്ടെത്തി ആ വ്യക്തിയോട് ക്ഷമിക്കുക എന്നതാണ്.
അങ്ങനെ ചെയ്യാതെയിരുന്നാൽ, നമ്മുടെ നവീകരണത്തിനായി ദൈവം നമ്മിലേക്ക് പകരാൻ ശ്രമിക്കുന്ന അവിടത്തെ കൃപ നമുക്കു സ്വീകരിക്കാൻ വയ്യാതെ വരും.ക്ഷമിക്കുക എന്നത് ഒരു ആത്മീയ ശിക്ഷണമാണ്. അതു ക്ഷമിക്കുന്ന വ്യക്തിയെ പൂർണമായും സ്വതന്ത്രനാകുന്നു. ഇക്കാര്യം അർഥശങ്കയ്ക്കിടയില്ലാത്ത വിധം ദൈവപുത്രനായ യേശു വ്യക്തമാക്കിയിട്ടുണ്ട്.
അവിടുന്നു പറയുന്നു: ‘മറ്റുള്ളവരുടെ തെറ്റുകൾ നിങ്ങൾ ക്ഷമിക്കുമെങ്കിൽ സ്വർഗസ്ഥനായ നിങ്ങളുടെ പിതാവ് നിങ്ങളോടും ക്ഷമിക്കും’ (മത്തായി 6:14). എന്നാൽ, മറ്റുള്ളവരോട് നാം ക്ഷമിക്കാതിരുന്നാലോ? ‘മറ്റുള്ളവരോട് നിങ്ങൾ ക്ഷമിക്കുകയില്ലെങ്കിൽ നിങ്ങളുടെ സ്വർഗസ്ഥനായ പിതാവ് നിങ്ങളോടും ക്ഷമിക്കുകയില്ല’(മത്തായി 6:15). നാം ക്ഷമിക്കേണ്ടതിന്റെ പ്രാധാന്യമാണല്ലോ ഈ ദൈവവചനം വ്യക്തമാക്കുന്നത്.
നിർഭയനായ ഭൃത്യന്റെ ഉപമയിൽ യേശു ഒരു മനുഷ്യനെക്കുറിച്ച് പറയുന്നു (മത്തായി 18:21-35). അയാളുടെ യജമാനൻ വലിയ ഒരു കടം അയാളോടു ക്ഷമിച്ചു. എന്നാൽ, ഇപ്രകാരം ക്ഷമിക്കപ്പെട്ട ഭൃത്യൻ മറ്റൊരാളുടെ ചെറിയ കടം ക്ഷമിക്കാൻ വിസമ്മതിച്ചു. തന്മൂലം, ആ ഭൃത്യൻ കഠിനമായി ശിക്ഷിക്കപ്പെടുന്നതായിട്ടാണ് ഉപമയിൽ പറയുന്നത്. അതു നമുക്കുള്ള ഒരു പാഠമാണെന്നതിൽ സംശയം വേണ്ട.
ആ പാഠം ഇതാണ്: നമ്മൾ കാരുണ്യം സ്വീകരിച്ചിട്ടുണ്ടെങ്കിൽ നമ്മളും കാരുണ്യം കാണിക്കണം. വിശുദ്ധ പൗലോസ് അപ്പസ്തോലൻ എഴുതുന്നു: ദൈവം ക്രിസ്തുവഴി നിങ്ങളോട് ക്ഷമിച്ചതുപോലെ നിങ്ങളും പരസ്പരം ക്ഷമിച്ചും കരുണകാണിച്ചും ഹൃദയാർദ്രതയോടെ പെരുമാറുവിൻ' (എഫേസോസ് 4:43).
സമാധാനം കിട്ടാൻ
ആധുനിക മനഃശാസ്ത്രം പഠിപ്പിക്കുന്നതനുസരിച്ച്, ക്ഷമിക്കാൻ സന്നദ്ധരാകുന്ന വ്യക്തികൾക്കാണത്രേ താരതമ്യേന കൂടുതൽ മനഃസമാധാനവും സന്തോഷവും അനുഭവപ്പെടുന്നത്.
എന്നാൽ, ക്ഷമിക്കുക എന്നത് അത്ര എളുപ്പമായ കാര്യമല്ല. ക്രൈസ്തവ ചിന്തകനായ ഡി.എസ്. ലൂവീസ് പറയുന്നു: “ക്ഷമിക്കുക എന്നതു മനോഹരമായ ഒരു ആശയമാണെന്ന് എല്ലാവരും പറയും. അത് എപ്പോൾ വരെ ആണെന്നോ? ആരോടെങ്കിലും ക്ഷമിക്കേണ്ടി വരുന്നതു വരെ!” അതായത്, ക്ഷമിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല എന്നർഥം.
ഈ പശ്ചാത്തലത്തിൽ നാം ഓർമിക്കേണ്ട ഒരു കാര്യമുണ്ട്. അതായത്, ദൈവത്തിന് അസാധ്യമായ ഒരു കാര്യവുമില്ല എന്നത്. തന്മൂലമാണ്, പൗലോസ് അപ്പസ്തോലൻ ഏറെ ആത്മധൈര്യത്തോടെ പറഞ്ഞത്, "എന്നെ ശക്തിപ്പെടുത്തുന്നവനായ യേശുവിൽ എനിക്കെല്ലാം സാധിക്കും’ എന്ന് (ഫിലിപ്പി 4:13).
അതേ, ദൈവത്തിന്റെ കൃപയുണ്ടെങ്കിൽ നമുക്ക് ഏതു കാര്യത്തിനും ആരോടും ക്ഷമിക്കാൻ സാധിക്കുമെന്നു വ്യക്തം. തന്മൂലം, മറ്റു കാര്യങ്ങളിലെന്നതിനേക്കാൾ അധികമായി, ക്ഷമിക്കുന്ന കാര്യത്തിൽ നാം ദൈവകൃപയിൽ ആശ്രയിക്കുകതന്നെ വേണം. അപ്പോൾ, തീർച്ചയായും വിജയിക്കും.
എന്നാൽ, നാം ക്ഷമിക്കുന്ന പ്രവൃത്തി ഒരു നിമിഷംകൊണ്ട് പൂർത്തിയായി എന്നുവരില്ല. അതു പലപ്പോഴും സാവധാനം മുന്നോട്ടുനീങ്ങുന്ന ഒരു യാത്രപോലെയായിരിക്കും. അതിൽ വേദനയും ശാന്തിയുണ്ടായിരിക്കും. ചിലപ്പോൾ, ഒരാളോട് വീണ്ടും വീണ്ടും ക്ഷമിച്ചതിനുശേഷം മാത്രമേ ക്ഷമിക്കുന്ന ആ പ്രവൃത്തി വിജയത്തിൽ എത്തി എന്നുവരികയുള്ളൂ.
എന്നാൽ, അപ്പോഴൊക്കെ നമുക്കു ശക്തിപകർന്നുകൊണ്ട് ദൈവം നമ്മുടെകൂടെയുണ്ട് എന്നതു മറക്കേണ്ട.ദൈവം നൽകുന്ന ഈ ശക്തിയിൽ ആശ്രയിച്ചുകൊണ്ട് നമുക്കു മറ്റുള്ളവരോട് ക്ഷമിക്കാം. അപ്പോൾ നാമായിരിക്കും ശരിക്കും സ്വതന്ത്രരാക്കപ്പെടുന്ന തടവുകാർ.