സ്വർണം കൂട്ടിവയ്ക്കുന്നതിനേക്കാൾ...
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
Saturday, March 15, 2025 8:33 PM IST
സ്കോട്ലൻഡിലായിരുന്നു ആൻഡ്രു കാർണെഗിയുടെ ജനനം (1835-1919). പന്ത്രണ്ട് വയസുള്ളപ്പോൾ മാതാപിതാക്കളോടൊപ്പം അമേരിക്കയിലെ പിറ്റ്സ്ബർഗിലെത്തി.
സ്കോട്ലൻഡിലായിരുന്നു ആൻഡ്രു കാർണെഗിയുടെ ജനനം (1835-1919). പന്ത്രണ്ട് വയസുള്ളപ്പോൾ മാതാപിതാക്കളോടൊപ്പം അമേരിക്കയിലെ പിറ്റ്സ്ബർഗിലെത്തി. ടെലഗ്രാഫ് ഓപ്പറേറ്ററായിട്ടാണ് ആദ്യം ജോലി തുടങ്ങിയത്. അതിനു പിന്നാലെ പെൻസിൽവേനിയ റെയിൽ റോഡ് എന്ന കന്പനിയിൽ കാർണെഗി കയറിപ്പറ്റി. നിരന്തര വായനയിലൂടെയും പഠനത്തിലൂടെയും തന്റെ വളർച്ചയ്ക്കു വഴിയൊരുക്കിയ അദ്ദേഹം സാവധാനം ഇൻവെസ്റ്റ്മെന്റ് ബിസിനസിലേക്കു കടന്നു.
അങ്ങനെയാണ് റെയിൽ റോഡ്സ്, ഓയിൽ, ബ്രിഡ്ജസ് എന്നീ വിവിധ മേഖലകളിൽ പണമിറക്കി പണം വാരി സ്റ്റീൽ ബിസിനസിലേക്ക് അദ്ദേഹം കടന്നത്. അദ്ദേഹം സ്ഥാപിച്ച കാർണെഗി സ്റ്റീൽ കന്പനിയാണ് പിന്നീട് യുഎസ് സ്റ്റീൽ കോർപറേഷനായി രൂപം പ്രാപിച്ചത്. 1901ൽ കാർണെഗി തന്റെ സ്റ്റീൽ കന്പനി വിറ്റതോടുകൂടി അദ്ദേഹം അന്ന് അമേരിക്കയിലെ ഏറ്റവും വലിയ ധനികനായി മാറി.
കാർണെഗി സന്പാദിച്ചുകൂട്ടിയ പണംകൊണ്ട് അദ്ദേഹം എന്താണു ചെയ്തത്? തന്റെ സന്പാദ്യത്തിന്റെ തൊണ്ണൂറു ശതമാനവും അദ്ദേഹം രാജ്യത്തിന്റെ നന്മയ്ക്കും പൊതുജന സേവനത്തിനുമായി വിനിയോഗിച്ചു. അങ്ങനെ ഉപയോഗിച്ച തുകയുടെ ഇപ്പോഴത്തെ മൂല്യം 1,100 കോടി ഡോളർ ആയി കണക്കാക്കപ്പെടുന്നു.
പണവും ചെലവും
സമൂഹത്തിലെ വിവിധ നല്ല കാര്യങ്ങൾക്കു കൈനീട്ടി സംഭാവന ചെയ്ത അദ്ദേഹം 1889ൽ എഴുതിയ പ്രസിദ്ധമായ ഒരു ലേഖനമാണ് "സന്പത്തിന്റെ സുവിശേഷം'. ഈ ലേഖനത്തിൽ അദ്ദേഹം ഇപ്രകാരം പറയുന്നു: ""സന്പന്നനായി മരിക്കുന്നവൻ അപമാനിതനായി മരിക്കുന്നു.''
എന്തുകൊണ്ടാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്? അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, സന്പത്ത് സ്വന്തമായി സൂക്ഷിച്ചുവയ്ക്കുവാനുള്ളതല്ല. മറിച്ച്, അതു സമൂഹത്തിന്റെയും വ്യക്തികളുടെയും നന്മയ്ക്കുവേണ്ടി വിനിയോഗിക്കാനുള്ളതാണ്. അങ്ങനെ ചെയ്യാതെ മരിക്കുന്ന വ്യക്തി സ്വയം അപമാനിതനാകുന്നുവെന്നാണ് കാർണെഗിയുടെ പക്ഷം.
നമ്മളാരും കാർണെഗിയെപ്പോലെ സന്പന്നരല്ല എന്നു തീർച്ച. എന്നാൽ, നമുക്കുള്ളതിന്റെ ഒരു ഓഹരി മറ്റുള്ളവരുടെ നന്മയ്ക്കായി കൊടുക്കാൻ കടമയുണ്ട് എന്നതു നാം മറന്നുകൂടാ. പ്രത്യേകിച്ചും ഈ നോന്പുകാലത്തിൽ. ആത്മാവിന്റെ വസന്തകാലമാണ് നോന്പുകാലം എന്നു സാധാരണ പറയാറുണ്ട്.
അതിനു കാരണം, പ്രാർഥനയും ഉപവാസവും ദാനധർമവുംവഴി ആത്മവിശുദ്ധീകരണത്തിനും ജീവിത നവീകരണത്തിനും നാം പ്രത്യേകം ശ്രദ്ധിക്കുന്ന അവസരമാണിത്.
ഈ പുണ്യകാലത്തു നാം ചിലപ്പോഴെങ്കിലും മറന്നുപോകുന്ന കാര്യമാണ് ദാനധർമം. ദാനധർമം ചെയ്യുക എന്നു പറഞ്ഞാൽ പാവങ്ങളെ സഹായിക്കുന്ന കാര്യമായിരിക്കാം നമ്മുടെ മനസിലേക്ക് ഓടിയെത്തുക.
ദാനധർമത്തിലൂടെ പാവങ്ങളെ സഹായിക്കുക എന്നത് ഒരു പ്രധാന കാര്യംതന്നെ. എന്നാൽ, ശരിയായ രീതിയിലാണു പാവങ്ങളെ സഹായിക്കുന്നതെങ്കിൽ അതുവഴി ഉണ്ടാകുന്ന മെച്ചം മറ്റുള്ളവർക്കെന്നതിനേക്കാൾ നമുക്കായിരിക്കും.
കാരണം, നമ്മുടെ ദാനധർമം വഴി മറ്റുള്ളവർക്കു ഭൗതികനേട്ടമുണ്ടായേക്കാം. എന്നാൽ, അതിലേറെ ആത്മീയ നേട്ടം നമുക്കാണ്. ആ ആത്മീയ നേട്ടമാകട്ടെ മനസിനു ലഭിക്കുന്ന കുളിർമയും സ്വർഗത്തിൽ നേടിയെടുക്കുന്ന സന്പത്തുമാണ്.
അതു മാത്രമോ? നമ്മുടെ നിരവധി പാപങ്ങളിൽനിന്നു മോചനവും അതു നേടിത്തരുന്നു. ദൈവവചനം പറയുന്നു: ""ജലം ജ്വലിക്കുന്ന അഗ്നിയെ കെടുത്തുന്നതുപോലെ ദാനധർമം പാപത്തിനു പരിഹാരമാണ്''(പ്രഭാഷകൻ 3:30).
നമ്മുടെ നിക്ഷേപം
ദൈവവചനം വീണ്ടും പറയുന്നു: ""സ്വർണം കൂട്ടിവയ്ക്കുന്നതിനേക്കാൾ ദാനം ചെയ്യുന്നതു നന്ന്. ദാനധർമം മരണത്തിൽനിന്നു രക്ഷിക്കുന്നു. അതു സകല പാപങ്ങളും തുടച്ചുനീക്കുന്നു'' (തോബിത് 12:8-9). തന്മൂലമല്ലേ, യേശു പറഞ്ഞത് ""സ്വീകരിക്കുന്നതിനേക്കാൾ കൊടുക്കുന്നതാണ് ശ്രേയസ്കരം'' (നടപടി 20:35).
ദൈവമാണ് എല്ലാത്തിന്റെയും ഉടയവൻ. നമ്മുടെ നന്മകൾ മുഴുവൻ ലഭിച്ചിരിക്കുന്നത് അവിടുന്നിൽ നിന്നാണ്. ഉദാരമായി ദാനം ചെയ്യുന്പോൾ നാം അവിടുത്തെ ഔദാര്യം അനുകരിക്കുന്നു. അതു മാത്രമല്ല, ഭൗതിക സന്പത്തുകൾ നമ്മെ ഈ ലോകവുമായി വരിഞ്ഞുമുറുക്കിയേക്കാം. എന്നാൽ, ദാനധർമംവഴി ആ കെട്ടികളെല്ലാം പൊട്ടിച്ചു സ്വതന്ത്രരാകാൻ നമുക്കു സാധിക്കുന്നു.
ഉദാരമായി ദാനം ചെയ്യുന്നതുവഴി വേറെയുമുണ്ട് ഗുണങ്ങൾ. സന്പത്ത് കൂട്ടിവയ്ക്കുന്നതുവഴി നമുക്കു സന്തോഷം ലഭിക്കും എന്നാകും പലരും കരുതുക. എന്നാൽ, ഉള്ളുതുറന്നു ദാനം ചെയ്യുന്പോഴാണ് മനസിനു യഥാർഥ ആനന്ദം ഉണ്ടാകുന്നതെന്നത് അനുഭവത്തിലൂടെ പലരും അറിഞ്ഞിട്ടുണ്ടാകും.
കൊടുക്കുന്നതുവഴി നമുക്കു ധാരാളം നന്മകൾ ലഭിക്കുമെന്നല്ലേ വചനം പറയുന്നത്? ഈശോയുടെ വാക്കുകൾ ശ്രദ്ധിക്കുക: ""കൊടുക്കുവിൻ, നിങ്ങൾക്കും കിട്ടും. അമർത്തിക്കുലുക്കി നിറച്ചളന്ന് അവർ നിങ്ങളുടെ മടിയിൽ ഇട്ടുതരും''(ലൂക്കാ 6:38). അങ്ങനെ നമുക്കു ഇട്ടുതരുന്ന നന്മകളിലേറെയും ആത്മീയ നന്മകളായിരിക്കുമെന്നതു മറന്നുപോകരുത്.
വിശുദ്ധ ജോൺ ക്രിസസ്റ്റോം എഴുതുന്നു: ""ധനികർ ആയിരിക്കുന്നതു ദരിദ്രർക്കു വേണ്ടിയാണ്. ദരിദ്രർ ആയിരിക്കുന്നതാകട്ടെ ധനികരുടെ ആത്മരക്ഷയ്ക്കു വേണ്ടിയും.'' ദരിദ്രർ ധനികരിൽനിന്നു സ്വീകരിക്കുന്നതും ധനികർക്കു ദരിദ്രർവഴി ലഭിക്കുന്നതും നമ്മിൽ അല്പംപോലും സാമ്യമില്ല എന്നതല്ലേ വസ്തുത. ദരിദ്രർക്കു ലഭിക്കുന്നതു ഭൗതികനന്മകൾ.
എന്നാൽ, ആ നന്മകൾ പ്രദാനം ചെയ്യുന്നതുവഴി ധനികർക്കു ലഭിക്കുന്നതാകട്ടെ സ്വർഗ സൗഭാഗ്യവും! ഇക്കാര്യം നാം മറക്കാതിരുന്നാൽ എത്രമാത്രം ഭാഗ്യമുള്ളവരാകും എന്നതു നമുക്കു വിഭാവനം ചെയ്യാൻപോലും സാധിക്കുമോ?നമ്മുടെ ദാനധർമംവഴി ദൈവം പാവങ്ങളെ അനുഗ്രഹിക്കുക മാത്രമല്ല ചെയ്യുന്നത്. അവിടുന്ന് നമ്മെയും അനുഗ്രഹിക്കുന്നു.
ഇക്കാര്യം നാം അനുസ്മരിച്ചാൽ ദാനധർമം ചെയ്യുന്നതിൽ നാം വിമുഖരാകില്ല. ആധ്യാത്മിക ചിന്തകനായ സി.എസ്. ലൂവീസ് പറയുന്നു: ""നിങ്ങൾ കൊടുക്കാത്തതൊന്നും യഥാർഥത്തിൽ നിങ്ങളുടെ സ്വന്തമായിരിക്കുകയില്ല.'' നമ്മൾ ഉള്ളുതുറന്നു കൊടുക്കുന്പോൾ, അവ വഴി സ്വർഗത്തിൽ നമുക്കു നിക്ഷേപമുണ്ടാകും. ആ നിക്ഷേപം എന്നും നമ്മുടെ സ്വന്തമായിരിക്കുകയും ചെയ്യും.