ദൈവത്തോടും മനുഷ്യരോടും അടുക്കാൻ...
Saturday, March 8, 2025 10:42 PM IST
നമ്മുടെ ഉപവാസം ഫലപ്രദമാക്കാൻ സഹായിക്കുന്ന മറ്റൊരു കാര്യം അതു സ്നേഹത്തോടെ ചെയ്യുക എന്നതാണ്. അപ്പോൾ, അതു നമ്മെ കൂടുതലായി ദൈവത്തോടും മനുഷ്യരോടും അടുപ്പിക്കും. ഇതായിരിക്കണം നോന്പനുഷ്ഠാനത്തിന്റെ നമ്മുടെ പ്രധാന ലക്ഷ്യം.
ലോകവ്യാപകമായി ആദരിക്കപ്പെടുന്ന വിശുദ്ധനാണ് അസീസിയിലെ ഫ്രാൻസിസ് (1181-1226). സുവിശേഷ ദാരിദ്ര്യം ആശ്ലേഷിച്ചുകൊണ്ട് ലളിതജീവിതം നയിച്ച അദ്ദേഹമാണ് ഫ്രാൻസിസ്കൻ സന്യാസസഭയ്ക്കും രൂപം നൽകിയത്.
ഇറ്റലിയിലെ ഒരു ധനിക കുടുംബത്തിൽ ജനിച്ച അദ്ദേഹം 24-ാം വയസിൽ സകല സന്പത്തും ഉപേക്ഷിച്ചു താപസജീവിതം തുടങ്ങി. നോന്പുകാലത്ത് അദ്ദേഹം ക്രിസ്തുവിന്റെ മാതൃക സ്വീകരിച്ച് നാല്പതു ദിവസം ഉപവസിക്കുക പതിവായിരുന്നു.
ഒരു നോന്പുകാലത്ത് ഉപവാസത്തിനും പ്രാർഥനയ്ക്കുമായി അദ്ദേഹം പെറുജിയായിലുള്ള ട്രാസിമേനോ തടാകതീരത്തേക്കു പോയി. അപ്പോൾ, അദ്ദേഹത്തിന്റെ കൈവശം ഒരു അപ്പം മാത്രമേ ഉണ്ടായിരുന്നുള്ളു. എന്നാൽ, ആ നോന്പുകാലത്ത് ആ അപ്പത്തിന്റെ ഒരു അംശം മാത്രമേ അദ്ദേഹം ഭക്ഷിച്ചുള്ളൂ. കാരണം, തന്റെ പോഷണത്തിനു ഭക്ഷണത്തേക്കാൾ അദ്ദേഹം ആശ്രയിച്ചതു പ്രാർഥനയിലും ദൈവത്തിന്റെ കൃപയിലുമായിരുന്നു.
വിശുദ്ധ ഫ്രാൻസിസിനെ സംബന്ധിച്ചിടത്തോളം ഉപവാസം എന്നതു വെറും സ്വയം ത്യാഗം മാത്രം ആയിരുന്നില്ല. അതു ദൈവത്തിലുള്ള സന്പൂർണ സമർപ്പണവും ദൈവത്തിലുള്ള ആശ്രയവും ഐക്യപ്പെടലുമായിരുന്നു. നോന്പുകാലത്തിലേക്കു പ്രവേശിച്ചിരിക്കുന്ന നമ്മൾ ഭക്ഷണവും പാനീയവുമൊക്കെ ഉപേക്ഷിച്ചു സ്വയം ത്യാഗത്തിനും തയാറാകാറുണ്ട്. എന്നാൽ, ഭക്ഷണവും മറ്റും ഉപേക്ഷിക്കുന്നതുകൊണ്ടു മാത്രം അതു ശരിക്കുള്ള ഉപവാസമാകില്ല. അങ്ങനെ ചെയ്യുന്നതിനോടൊപ്പം ദൈവത്തിന്റെ സാന്നിധ്യത്തിനു ജീവിതത്തിൽ ഇടം കൊടുക്കുകയും വേണം.
മറ്റു വാക്കുകളിൽ പറഞ്ഞാൽ, ഉപവാസം എന്നു പറയുന്നതു ഭക്ഷണം കഴിക്കാതിരിക്കുന്നതു മാത്രമല്ല, പ്രത്യുത ദൈവത്തോടു നമ്മെ കൂടുതൽ അടുപ്പിക്കുന്ന ആത്മീയശിക്ഷണം കൂടിയായിരിക്കണം. ഈ ആത്മീയ ശിക്ഷണം വഴി നമ്മുടെ ആത്മാവിന്റെ കറകൾ കഴുകി വിശുദ്ധീകരിക്കപ്പെടുകയും നമ്മുടെ ആത്മാവിനു നവജീവൻ ലഭിക്കുകയും ചെയ്യുന്നു.
കറകൾ കഴുകി
ഇസ്രായേൽ ജനതയെ നയിക്കാൻ ദൈവം തെരഞ്ഞെടുത്ത മോശ സീനായ് മലമുകളിൽ "നാല്പതു രാവും നാല്പതു പകലും കർത്താവിനോടുകൂടെ അവിടെ ചെലവഴിച്ചു. അവൻ ഭക്ഷിക്കുകയോ പാനം ചെയ്യുകയോ ചെയ്തില്ല'(പുറപ്പാട് 34:28). അപ്പോൾ എന്താണ് മോശയ്ക്കു സംഭവിച്ചത്? മോശയുടെ ആത്മാവിന്റെ കറകൾ കഴുകി വിശുദ്ധീകരിക്കുകപ്പെടുകയും അവൻ തേജോമയനായി മാറുകയും ചെയ്തു.
ദൈവവചനം പറയുന്നു: "ദൈവവുമായി സംസാരിച്ചതിനാൽ തന്റെ മുഖം തേജോമയമായി എന്ന കാര്യം അവൻ അറിഞ്ഞിരുന്നില്ല. അഹോരാത്രം ഇസ്രായേൽ ജനവും മോശയുടെ മുഖം പ്രശോഭിക്കുന്നതുകണ്ടു' (പുറപ്പാട് 34: 29-30). "മോശയുടെ മുഖം പ്രശോഭിച്ചിരുന്നു' എന്ന് അടുത്തുവരുന്ന വചനത്തിൽ വീണ്ടും പറയുന്നു (34:35).
മോശ ഉപവസിച്ച നാല്പതു രാവും നാല്പതു പകലും കർത്താവിനോടുകൂടെ ചെലവഴിച്ച സമയമായിരുന്നു. നമ്മുടെ ഉപവാസ സമയവും കർത്താവിനോടുകൂടെ ചെലവഴിക്കുന്ന സമയമാകണം. പ്രാർഥനയിലൂടെ അവിടന്നുമായി ആത്മബന്ധം അരക്കിട്ടുറപ്പിക്കുന്ന സമയമാകണം. എങ്കിൽ മാത്രമേ കറകൾ കഴുകി വിശുദ്ധീകരിക്കപ്പെട്ടു നമ്മുടെ മുഖം പ്രകാശിക്കൂ.
പ്രാർഥനയുമായി അവിഭാജ്യമായി ബന്ധപ്പെട്ടു കിടക്കുന്നതാണ് ഉപവാസം. പ്രാർഥനകൂടാതെയുള്ള ഉപവാസം നമ്മുടെ മനഃശക്തിയുടെ ഒരു ലക്ഷണമായി മാത്രമേ കാണാനാകൂ. എന്നാൽ, ഉപവാസം പ്രാർഥനയോടെയാകുന്പോൾ ദൈവത്തിന്റെ കൃപ സ്വീകരിക്കാൻ ഹൃദയം തുറന്നുവരും. തന്മൂലമാണ് വിശുദ്ധ ഫ്രാൻസിസ് സാലസ് ഇപ്രകാരം എഴുതിയത്: "ഉപവാസം പ്രാർഥനയുടെ പോഷണമാണ്.' ഉപവസിക്കുന്പോൾ നമ്മുടെ പ്രാർഥന കൂടുതൽ സജീവമാകും. അതോടൊപ്പം, ഹൃദയം ദൈവത്തിന്റെ സ്വരം സ്വീകരിക്കാൻ കൂടുതൽ സജ്ജമാകുകയും ചെയ്യും.
ഉപവാസം പ്രാർഥനയുടെ പോഷണമാണെങ്കിൽ ഉപവാസം നാം ഫലപ്രദമാക്കേണ്ടേ? ഉപവാസം ഫലപ്രദമാക്കാനുള്ള ഒരു മുഖ്യമാർഗം ഒരു പ്രത്യേക ലക്ഷ്യത്തോടെ ഉപവസിക്കുക എന്നതാണ്. നമ്മുടെ പാപങ്ങൾക്കുള്ള മോചനത്തിനോ ദൈവവുമായുള്ള നമ്മുടെ ബന്ധം ശക്തിപ്പെടുത്താനോ മറ്റുള്ളവരുടെ നന്മയ്ക്കോ എന്നിങ്ങനെ വിവിധ കാര്യങ്ങൾ ലക്ഷ്യംവച്ച് ഉപവസിക്കാനാകും.
ഉപവാസം എങ്ങനെ
ബൈബിളിലെ എസ്രായുടെ പുസ്തകത്തിൽ വായിക്കുന്നതനുസരിച്ച്, എസ്രായും കൂട്ടരും ഉപവാസമനുഷ്ഠിച്ചതു പ്രവാസികളായ യഹൂദർ എസ്രായുടെ നേതൃത്വത്തിൽ ജറുസലേമിലെ ദേവാലയ പുനരുദ്ധാരണത്തിനായി പോയപ്പോൾ ആ യാത്ര വിജയിക്കുന്നതിനായിരുന്നു. "ഞങ്ങൾ ഉപവസിച്ചു ദൈവത്തോടു പ്രാർഥിക്കുകയും അവിടുന്ന് ഞങ്ങളുടെ പ്രാർഥന കേൾക്കുകയും ചെയ്തു'(എബ്രാ 8:23).
ബൈബിളിലെ ദാനിയേൽ "ചാക്കുടുത്തു ചാരം പൂശി ഉപവസിച്ച് ദൈവമായ കർത്താവിനോടു തീക്ഷ്ണമായി പ്രാർഥിച്ചത് (ദാനിയേൽ 9:3) തന്റെ ജനം ദൈവത്തിനെതിരായി പാപം ചെയ്തതിനു പരിഹാരം തേടിയായിരുന്നു. നെഹെമിയ പ്രവാചകൻ "നിലത്തിരുന്നു കരഞ്ഞു ദിവസങ്ങളോളം വിലപിക്കുകയും ഉപവസിക്കുകയും ചെയ്തു.'(നെഹെമിയ 1:4). അതു ദൈവജനത്തിന്റെ പാപമോചനത്തിനു വേണ്ടിയായിരുന്നു.
നമ്മുടെ ഉപവാസം ഫലപ്രദമാക്കാൻ ചെയ്യേണ്ട മറ്റൊരു കാര്യം അതു സാധിക്കുന്നിടത്തോളം രഹസ്യത്തിൽ ചെയ്യുക എന്നുള്ളതാണ്. മലയിലെ പ്രസംഗത്തിൽ നമ്മുടെ കർത്താവ് ഉപ്രകാരം പറയുന്നു: "നിങ്ങൾ ഉപവസിക്കുന്പോൾ കപടനാട്യക്കാരെപ്പോലെ വിഷാദം ഭാവിക്കരുത്. തങ്ങൾ ഉപവസിക്കുന്നുവെന്ന് അന്യരെ കാണിക്കാൻ വേണ്ടി അവർ മുഖം വികൃതമാക്കുന്നു. എന്നാൽ, നീ ഉപവസിക്കുന്പോൾ അദൃശ്യനായ പിതാവല്ലാതെ മറ്റാരും കാണാതിരിക്കുന്നതിനു ശിരസിൽ തൈലം പുരട്ടുകയും മുഖം കഴുകയും ചെയ്യുക. രഹസ്യങ്ങൾ അറിയുന്ന പിതാവ് നിനക്കു പ്രതിഫലം നൽകും' (മത്തായി 6:16-18).
നമ്മുടെ ഉപവാസം ഫലപ്രദമാക്കാൻ സഹായിക്കുന്ന മറ്റൊരു കാര്യം അതു സ്നേഹത്തോടെ ചെയ്യുക എന്നതാണ്. അപ്പോൾ, അതു നമ്മെ കൂടുതലായി ദൈവത്തോടും മനുഷ്യരോടും അടുപ്പിക്കും. ഇതായിരിക്കണം നോന്പനുഷ്ഠാനത്തിന്റെ നമ്മുടെ പ്രധാന ലക്ഷ്യം.
ഉപവാസം നമുക്ക് ഒരു ഭാരമായി തോന്നാം. എന്നാൽ, സ്നേഹത്തോടെയാണ് അതു ചെയ്യുന്നതെങ്കിൽ ആ ഭാരം വേഗം ലഘുവായി മാറും. എന്നു മാത്രമല്ല, അതു നമ്മുടെ ഹൃദയസന്തോഷത്തിനും ഏറെ ആഴമുള്ള ആധ്യാത്മിക നവീകരണത്തിനും വഴി തെളിക്കുകയും ചെയ്യും. അങ്ങനെ സംഭവിക്കുന്പോഴാണ് നമ്മുടെ മുഖം തേജോമയമാകുക.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ