നാം ചെയ്യേണ്ട പ്രധാനപ്പെട്ട യുദ്ധം
Saturday, February 15, 2025 8:36 PM IST
ജാപ്പനീസ് ചരിത്രനോവലിസ്റ്റുകളിൽ ഏറെ പ്രസിദ്ധനാണ് എയ്ജിയോഷിക്കാവ (1892-1962). മുപ്പതിലേറെ ഗ്രന്ഥങ്ങളുടെ കർത്താവായ അദ്ദേഹം എഴുതിയ മനോഹരമായ ഒരു ചരിത്രനോവലാണ് മുബാഷി. ആ നോവലിലെ പ്രധാന കഥാപാത്രമായ മിയോമോട്ടോ മുബാഷി (1584-1645) വാൾ ഉപയോഗിച്ചുള്ള പോരാട്ടത്തിൽ അതിവിദഗ്ധനായിരുന്നു. അതോടൊപ്പം അദ്ദേഹം ഒരു യുദ്ധതന്ത്രജ്ഞനും ചിത്രകാരനും എഴുത്തുകാരനുമായിരുന്നു.
ഇരുതലവാൾ ഉപയോഗിച്ചുള്ള പോരാട്ടത്തിൽ 62 തവണ അദ്ദേഹം വിജയിച്ചിട്ടുണ്ട്. ജീവിച്ചിരുന്ന കാലത്ത് വാൾ ഉപയോഗിച്ചുള്ള പോരാട്ടത്തിൽ അദ്ദേഹത്തെ വെല്ലുവാൻ ആരുമുണ്ടായിരുന്നില്ല. അങ്ങനെയാണ് മുബാഷി ചരിത്രത്തിൽ സ്ഥാനം പിടിച്ചത്. അദ്ദേഹത്തിന്റെ വീരസാഹസിക കഥയാണ് ഭാവനയിലൂടെ വികസിപ്പിച്ചെടുത്തു മുബാഷി എന്ന നോവലിൽ യോഷിക്കാവ അവതരിപ്പിക്കുന്നത്.
വാൾപ്പയറ്റ്
1600ൽ നടന്ന ബെക്കിഗഹാം യുദ്ധത്തിൽ മുബാഷി പങ്കെടുക്കുന്നതോടെയാണ് നോവൽ ആരംഭിക്കുന്നത്. യുദ്ധത്തിൽ പരാജയപ്പെട്ടവരുടെ ഗണത്തിലായിരുന്നു മുബാഷി.
എന്നാൽ, യുദ്ധത്തിനു ശേഷം ടക്കുവാൻ സോഗോ എന്ന ഒരു സന്യാസിയുടെ ശിഷ്യനാകാൻ മുബാഷിക്കു ഭാഗ്യം ലഭിച്ചു. അതിനുശേഷം അദ്ദേഹം തെരഞ്ഞെടുത്ത വഴി ആത്മശിക്ഷണവും വാൾപ്പയറ്റിലുള്ള പരിശീലനവും ബോധോദയവുമായിരുന്നു.
ജപ്പാനിലുടനീളം സഞ്ചരിച്ച് സമുറായി യുദ്ധവീരൻമാരുമായി വാൾപ്പയറ്റ് നടത്തി ആ രംഗത്തു മുബാഷി വലിയ വൈദഗ്ധ്യം നേടിയെടുത്തു. ആ യാത്രയ്ക്കിടയിൽ അദ്ദേഹം കണ്ടുമുട്ടിയ സുന്ദരിയായ സ്ത്രീയാണ് ഓട്ടസു. ആ സ്ത്രീ മുബാഷിയെ സ്നേഹിച്ചിരുന്നെങ്കിലും അദ്ദേഹത്തിന്റെ യാത്രകൾ മൂലം അവരുടെ ബന്ധം പൂവണിഞ്ഞില്ല.
അക്കാലത്തെ ഏറ്റവും പ്രസിദ്ധനായ വാൾപ്പയറ്റുകാരനായിരുന്ന സബാക്കി കൊചീറോ. എന്നാൽ, മരം കൊണ്ടുണ്ടാക്കിയ ഒരു വാൾ ഉപയോഗിച്ചു കൊചീറോയെ വാൾപ്പയറ്റിൽ പരാജയപ്പെടുത്താൻ മുബാഷിക്കു സാധിച്ചു. കാരണം, അത്രമാത്രം വൈദഗ്ധ്യമാണ് അദ്ദേഹത്തിന് വാൾപ്പയറ്റിൽ ഉണ്ടായിരുന്നത്. മുബാഷിയുടെ അസാധാരണമായ ഈ വിജയത്തോടെയാണ് നോവൽ അവസാനിക്കുന്നത്.
മുബാഷി ഒരു വാൾപ്പയറ്റുകാരനാണെങ്കിലും ഈ നോവൽ വാൾപ്പയറ്റിനെക്കുറിച്ചു മാത്രമുള്ള ഒരു കഥ അല്ല. പ്രത്യുത, ജീവിതത്തിൽ എങ്ങനെ ആത്മശിക്ഷണവും അച്ചടക്കവും കഴിവുകളിലുള്ള നൈപുണ്യവും നേടാനാവും എന്നതിന്റെ ഒരു അന്വേഷണവുംകൂടിയാണിത്.
വാൾപ്പയറ്റിൽ വിജയിക്കുന്നതിലും അങ്ങനെ ജീവിതത്തിൽ പ്രശസ്തിയും ആദരവും നേടുന്നതിലുമായിരുന്നു ആദ്യമൊക്കെ മുബാഷിയുടെ ശ്രദ്ധ. എന്നാൽ, പിന്നീട് ആദ്ദേഹത്തിന്റെ ശ്രദ്ധ തിരിഞ്ഞതു തന്റെ സ്വഭാവത്തിലെ ന്യൂനതകൾ പരിഹരിച്ച് തന്നെത്തന്നെ കീഴടക്കുന്നതിലായിരുന്നു.
ആദ്യം കീഴടക്കേണ്ടത്
നമ്മുടെ ശ്രദ്ധ എത്തരം കാര്യങ്ങളിലാണ്. സ്വഭാവന്യൂനതകൾ പരിഹരിച്ചു നമ്മെത്തന്നെ കീഴിടക്കുന്നതിലോ അതോ പണവും പ്രശസ്തിയും ആദരവും നേടുന്നതിൽ മാത്രമോ? അത്തരം കാര്യങ്ങളിൽ മാത്രമാണ് ശ്രദ്ധയെങ്കിൽ നമുക്ക് ആത്മനിയന്ത്രണം അല്പം പോലുമില്ല എന്നു വ്യക്തം. ദൈവവചനം പറയുന്നു: "ആത്മനിയന്ത്രണമില്ലാത്ത മനുഷ്യൻ കോട്ടകളില്ലാത്ത നഗരംപോലെയാണ്' (സുഭാ 25: 28).
കോട്ടകളില്ലാത്ത നഗരത്തിന് എന്തു സംഭവിക്കുന്നു? അതു ശത്രുക്കൾക്ക് എപ്പോൾ വേണമെങ്കിലും എളുപ്പത്തിൽ കീഴടക്കാം. ഇതുതന്നെയാണ് ആത്മനിയന്ത്രണമില്ലാത്തവരുടെ കാര്യത്തിൽ സംഭവിക്കുന്നതും. ഏതു ദുഃശീലത്തിനും തിന്മയ്ക്കും അവർ എളുപ്പത്തിൽ അടിമകളാകും. പ്രലോഭനങ്ങളെ ചെറുക്കാൻ അവർക്കു സാധിക്കില്ല.
വാൾപ്പയറ്റിൽ ഏറെ പ്രാവിണ്യം നേടാനായിരുന്നു മുബാഷിയുടെ ആദ്യ പരിശ്രമം. അതിനായി വിവിധ സ്ഥലങ്ങളിൽ ചുറ്റി സഞ്ചരിച്ചു പരിശീലനം നേടി. എന്നാൽ, അതിനിടയിൽ അദ്ദേഹത്തിന് ഒരു കാര്യം മനസിലായി. ആദ്യം തന്നെത്തന്നെ കീഴടക്കിയെങ്കിൽ മാത്രമേ ജീവിതത്തിന്റെ നിയന്ത്രണം കൈകളിൽ നിൽക്കൂ. തുടർന്ന് അതിനായി അച്ചടക്കത്തോടെ പ്രവർത്തിച്ചു.
വാൾപ്പയറ്റിൽ ഒരു മാസ്റ്ററായിട്ടല്ല മുബാഷി ജീവിതം ആരംഭിച്ചത്. ആദ്യകാലത്തു പല പരാജയങ്ങളും നേരിട്ടു. എങ്കിലും മനസു മടുക്കാതെ അദ്ദേഹം മുന്നോട്ടുപോയി. അതിനു സഹായിച്ചത് അദ്ദേഹത്തിന്റെ ആത്മശിക്ഷണവും അച്ചടക്കവുമായിരുന്നു.
മുബാഷി ഒരിക്കൽ പറഞ്ഞു: ""ഇന്നു നിങ്ങളുടെ മേൽ നിങ്ങൾ നേടുന്ന വിജയം ഇന്നലെ മറ്റൊരാളുടെ മേൽ നിങ്ങൾ നേടിയ വിജയത്തെക്കാൾ ഏറെ പ്രാധാന്യമുള്ളതാണ്.'' മുബാഷി തന്റെമേൽ വിജയം നേടിയപ്പോൾ ഉണ്ടായ നന്മകൾ അദ്ദേഹം ഭാവന ചെയ്തതിലും അധികമായിരുന്നു. തന്മൂലമാണ്, ആത്മശിക്ഷണവും അച്ചടക്കവും ജീവിതത്തിൽ ഉണ്ടാകണമെന്ന് അദ്ദേഹം പഠിപ്പിച്ചത്.
പൗലോസ് അപ്പസ്തോലൻ എഴുതുന്നു: "കായികാഭ്യാസികൾ എല്ലാ കാര്യത്തിലും ആത്മനിയന്ത്രണം പാലിക്കുന്നു. അവർ നശ്വരമായ കിരീടത്തിനുവേണ്ടിയാണ് അപ്രകാരം ചെയ്യുന്നത്. നാം അനശ്വരമായതിനു വേണ്ടിയും' (1 കോറി 9:25).
നശ്വരമായ കിരീടത്തിനുവേണ്ടി നാം ആത്മനിയന്ത്രണം പാലിക്കുന്നെങ്കിൽ അനശ്വരമായ കിരീടത്തിനുവേണ്ടി അതായത്, നിത്യജീവനുവേണ്ടി നാം കൂടുതലായി ആത്മനിയന്ത്രണം പാലിക്കേണ്ടതല്ലയോ?പ്രധാനപ്പെട്ട യുദ്ധം മറ്റുള്ളവരോടല്ല, തന്നോടുതന്നെയാണെന്നു മുബാഷി അതിവേഗം മനസിലാക്കി. തന്മൂലമാണ്, ജീവിതത്തിൽ മുന്നോട്ടുപോകാൻ അദ്ദേഹത്തിനു സാധിച്ചത്.
നാം ചെയ്യേണ്ട പ്രധാനപ്പെട്ട യുദ്ധം മറ്റുള്ളവരോടല്ല, പ്രത്യേകിച്ച് നമ്മുടെ ശത്രുക്കളോടുമല്ല, അതു നമ്മോടുതന്നെയാണ്. ഈ യുദ്ധത്തിൽ ജയിച്ചാൽ മാത്രമേ തിന്മയോടുള്ള യുദ്ധത്തിൽ നമുക്കു ജയിക്കാൻ സാധിക്കൂ. അതുവഴി അനശ്വരജീവൻ നമുക്കു നേടാനും.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ