പി. കൈരളിയുടെ കാവ്യഗോപുരം
Sunday, April 20, 2025 1:39 AM IST
പി. കൈരളിയുടെ കാവ്യഗോപുരം
പ്രഫ.ഡോ. ജയ്സിമോൾ അഗസ്റ്റിൻ
പേജ്: 104 വില: ₹ 160
നാഷണൽ ബുക്ക് സ്റ്റാൾ
ഫോൺ: 9400821559
മലയാളമുണ്ട്- മലയാളിയില്ല, ഭാരതമുണ്ട്- ഭാരതീയമില്ല, ലോകമുണ്ട്- മനുഷ്യനില്ല എന്നിങ്ങനെ നഗ്നകേരളം എന്ന കവിതയുടെ ആമുഖത്തിൽ കുറിച്ചു പി. കുഞ്ഞിരാമൻനായർ. മനുഷ്യജീവിതത്തിന്റെ സൂക്ഷ്മ ചലനങ്ങളെപ്പോലും വാക്കുകളിലൂടെ ഒപ്പിയെടുത്ത കവി.
ജീവിതഗന്ധിയായ കാവ്യവഴികളിലൂടെ സഞ്ചരിച്ച കവിയെയും കാവ്യജീവിതത്തെയും അടുത്തുനിന്നു വിശകലനം ചെയ്യുകയാണ് മലയാള ഭാഷാ പണ്ഡിതയും അധ്യാപികയുമായ ഗ്രന്ഥകാരി.
ഇരുപതാം നൂറ്റാണ്ടിന്റെ ഒന്നാം പാദത്തിൽ കാഞ്ഞങ്ങാട്ടെ വെള്ളിക്കോത്ത് ഗ്രാമത്തിൽനിന്നാരംഭിച്ച പി.യുടെ ജീവിത യാത്ര ഏഴാം പാദത്തിൽ തിരുവനന്തപുരത്ത് അവസാനിക്കുന്നു.
ഈ ജീവിതയാത്രയിൽ കേരളത്തിന്റെ സാംസ്കാരിക പാരന്പര്യത്തെയും പ്രകൃതിലാവണ്യത്തെയും കവിതകളിലേക്ക് ആവാഹിച്ച പി. മലയാളത്തിന്റെ കാവ്യശാഖയിൽ തങ്കലിപികളിൽ പേരു വിരചിതമാക്കിയെന്നു പുസ്തകം ചൂണ്ടിക്കാട്ടുന്നു.
വായനക്കാരെ അദ്ഭുതപ്പെടുത്തുന്ന ഭാവനകളുടെ ലോകത്തിലേക്കു നയിക്കുന്നവയായിരുന്നു പല കവിതകളും. അതുപോലെ മനുഷ്യന്റെ വികലവും നിർദയവുമായ പ്രവർത്തനങ്ങളെ വിട്ടുവീഴ്ചയില്ലാതെ വിമർശിക്കാനും ശാസിക്കാനും മടിക്കാത്ത മനുഷ്യസ്നേഹി കൂടിയായിരുന്നു പി. കുഞ്ഞിരാമൻനായർ. കവിതയും ജീവിതവും ഒന്നാണെന്നു തോന്നിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ശൈലി. ആ ശൈലിയിലെ പച്ചയായ ജീവിതവും കാവ്യസ്പന്ദനവും അന്വേഷിക്കുകയാണ് ഈ ഗ്രന്ഥം.
കാലത്തിനു മുന്നിലൊരു കൂപ്പുകൈ
ഫാ. അലക്സാണ്ടർ
പൈകട സിഎംഐ
പേജ്: 196 വില: ₹ 250
വിമല പബ്ലിക്കേഷൻ,
കാഞ്ഞിരപ്പള്ളി
ഫോൺ: 9446712487
ദീപികയുടെ മുഖപ്രസംഗ രചയിതാവും ചീഫ് എഡിറ്ററും കേരളത്തിലെ മുതിർന്ന പത്രപ്രവർത്തകനുമായ ഫാ. അലക്സാണ്ടർ പൈകട സിഎംഐയുടെ വ്യത്യസ്തമായ ചില കുറിപ്പുകൾ. ദീപികയിൽനിന്നു വേറിട്ടു പൈകടയച്ചന്റെ ജീവിതത്തെ കാണാനാവില്ല. ദീപികയിൽ വന്ന ചില മുഖപ്രസംഗങ്ങൾ, പ്രിയപ്പെട്ട ചില പ്രമുഖ വ്യക്തികളെക്കുറിച്ചുള്ള ഒാർമകൾ, ദീപികയിലെ ചില അനുഭവങ്ങൾ, സഭയുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ ചില നിലപാടുകൾ ഇതൊക്കെ ഈ പുസ്തകത്തിൽ വായിക്കാം.
ചരിത്രത്തിൽ നിർബന്ധമായും രേഖപ്പെടുത്തപ്പെടേണ്ട ചില വ്യക്തികളെ ഇവിടെ പരിചയപ്പെടുത്തുന്നുവെന്നത് ഈ ഗ്രന്ഥത്തിനു കൂടുതൽ ഈടു പകരുന്നു. ഒതുക്കമുള്ളതും മൂർച്ചയേറിയതുമായ ഭാഷ ഈ ഗ്രന്ഥത്തിന്റെ സവിശേഷതാണ്.
അപരദേശത്തിന്റെ ഭൂപടം
കെ.പി. ജയകുമാർ
പേജ്: 348 വില: ₹ 450
കേരള സാഹിത്യ അക്കാദമി,
തൃശൂർ
ഹൈറേഞ്ചിലെ ഗോത്രവിഭാഗക്കാരുടെയും തമിഴ് വംശജരുടെയും കാഴ്ചപ്പാടിൽ കേരളത്തിന്റെ ഭൂപടം നോക്കിക്കാണാൻ ശ്രമിക്കുകയാണ് ഗ്രന്ഥകാരൻ. ഹൈറേഞ്ചിലേക്കു ഭരണകൂടങ്ങൾ നടത്തിയ പല ഇടപെടലുകളും ഗോത്രജനതയുടെ അസ്തിത്വത്തെ മുറിവേൽപ്പിച്ചെന്നു പുസ്തകം പറയുന്നു.
രസികൻ ഗുണപാഠകഥകൾ
ഷാജി മാലിപ്പാറ
പേജ്: 72 വില: ₹ 90
എസ്.എം. ബുക്സ്, പാലാ
ഫോൺ: 8281458637
കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന രസകരമായ കഥകൾ. കഥകളോടൊപ്പമുള്ള മനോഹരമായ ചിത്രങ്ങൾ പുസ്കതത്തെ കൂടുതൽ ആകർഷകമാക്കുന്നു. മൃഗങ്ങളും മനുഷ്യരും പക്ഷികളുമെല്ലാം കഥാപാത്രങ്ങളായി വരുന്നു. എല്ലാ കഥകളിലും ഒരു ഗുണപാഠമുണ്ട് എന്നതിനാൽ ഏറെ പ്രയോജനപ്രദം.
മൗനത്തിന്റെ നാദവീചികൾ
സിസ്റ്റർ ലിനി ഷീജ
എംഎസ്സി
പരിഭാഷ: ജോയി ചെഞ്ചേരിൽ
എംസിബിഎസ്
പേജ്: 64 വില: ₹ 70
ജീവൻ ബുക്സ്, കോട്ടയം
ഫോൺ: 8078333125
ശബ്ദമുഖരിതമായ ലോകത്തിൽ മൗനത്തിന്റെ ആത്മീയതയെക്കുറിച്ചുള്ള ചെറു പുസ്തകം. ഈശോയോടൊപ്പം കാൽവരിയിലേക്കു യാത്ര ചെയ്ത നിശബ്ദരും മൗനികളുമായവരോടൊപ്പമുള്ള കുരിശിന്റെ വഴി. 2012ൽ തമിഴിൽ എഴുതപ്പെട്ട് വിവിധ ഭാഷകളിലേക്കു മൊഴിമാറ്റം ചെയ്തു പ്രശസ്തമായ ഗ്രന്ഥത്തിന്റെ മലയാളം പരിഭാഷ.
എന്റെ ഈശോ എന്റെ ഹീറോ
ലില്ലി സൈമൺ
പേജ്: 200 വില: ₹ 290
സെന്റ് പോൾസ്, എറണാകുളം
ഫോൺ: 9447584041
സാധാരണ ജീവിതം നയിക്കുന്നതിനിടെ കാൻസർ ബാധിച്ചു. രോഗവുമായുള്ള പോരാട്ടത്തിനിടയിൽ യേശുവിനെ കണ്ടുമുട്ടി. അതുവഴി രോഗത്തെ അതിജീവിച്ചു. ജീവിതത്തിൽ നേരിട്ട പ്രതിസന്ധിയുടെ നിമിഷങ്ങളിൽ എങ്ങനെയാണ് ക്രിസ്തു പ്രത്യാശയിൽ കൈപിടിച്ചു മുന്നോട്ടുനടത്തിയതെന്ന് ആത്മകഥയിൽ വിവരിക്കുകയാണ് ഗ്രന്ഥകാരി.
റേമാ ദൈവവചനം
കുറിയാക്കോസ് മാവേലിക്കര
പേജ്: 172 വില: ₹ 300
പ്രൈവറ്റ് പബ്ലിക്കേഷൻ
ഫോൺ: 9446066079
ക്രിസ്തുവിന്റെ ജനനം മുതൽ സ്വർഗാരോഹണം വരെയുള്ള ബൈബിൾ സംഭവങ്ങളുടെ വ്യത്യസ്തമായ അവതരണം. നാലു സുവിശേഷങ്ങളും ചേർത്ത് യേശുവിന്റെ ഒറ്റ ജീവചരിത്രം രചിച്ചിരിക്കുകയാണിവിടെ. ക്രിസ്തുവിനെ അറിയാത്തവർക്ക് വളരെ എളുപ്പത്തിൽ ക്രിസ്തു ആരായിരുന്നെന്നും ആ ജീവിതം എങ്ങനെയായിരുന്നുവെന്നും മനസിലാക്കാൻ ഈ ഗന്ഥം സഹായിക്കും. മികച്ച അച്ചടിയും പുറംചട്ടയും ഗ്രന്ഥത്തെ ആകർഷകമാകുന്നു.