മൂന്നാം വത്തിക്കാൻ ജെമെല്ലി ഒരു ആശുപത്രി മാത്രമല്ല
ഫാ. പ്രിൻസ് തെക്കേപ്പുറം സിഎസ്എസ്ആർ
Saturday, April 12, 2025 8:42 PM IST
ഫ്രാൻസിസ് മാർപാപ്പ ചികിത്സയിൽ കഴിഞ്ഞ നാളുകളിൽ വാർത്തകളിൽ ലോകമെന്പാടും നിറഞ്ഞ പേരാണ് ജെമെല്ലി ആശുപത്രി. ലോകത്തിലെതന്നെ മുൻനിര ആശുപത്രിയായ ജെമെല്ലി വെറുമൊരു മെഡിക്കൽ കോളജ് മാത്രമല്ല. മൂന്നാം വത്തിക്കാൻ എന്നാണ് വിളിപ്പേര്. ജെമെല്ലിയെ അടുത്തറിയാം...
ജെമെല്ലി ആശുപത്രിയുടെ കൂറ്റൻ ജനാലക്കരികിലേക്ക് ആ വീൽചെയർ ഉരുണ്ടു വരുന്നതും നോക്കി കാത്തിരുന്നത് ആയിരങ്ങൾ.
കൈയടികളുടെ ആരവം ഉയർന്ന ആ അങ്കണത്തിലേക്ക് 2025 മാർച്ച് 23ന് ഫ്രാൻസിസ് മാർപാപ്പ ശാന്തതയുടെ പൂമഴ പോലെ കടന്നുവന്നു. വീൽചെയറിൽ ഇരുന്നുകൊണ്ട് അദ്ദേഹം തനിക്കു വേണ്ടി കാത്തിരുന്നവരെ അഭിവാദ്യം ചെയ്തു. "എല്ലാവർക്കും നന്ദി, ദൈവം അനുഗ്രഹിക്കട്ടെ.' 38 ദിവസങ്ങൾ നീണ്ട ആശുപത്രിവാസത്തിനു ശേഷം ആദ്യമായി പൊതുജനങ്ങൾക്ക് അദ്ദേഹത്തെ കാണാൻ അവസരം കിട്ടിയ ദിനം.
ഒരുപക്ഷേ, ആസാധ്യമെന്നു പലരും കരുതിയ തിരിച്ചുവരവ്. 2025 ഫെബ്രുവരി 14 നാണു കടുത്ത ശ്വാസതടസം മൂലം ഫ്രാൻസിസ് മാർപാപ്പ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. തുടർന്ന് അദ്ദേഹത്തിനു ബ്രോങ്കൈറ്റിസ് കണ്ടെത്തി. പിന്നീട് ഇരു ശ്വാസകോശങ്ങളിലുമുള്ള ന്യുമോണിയ ആയെന്നും ഡോക്ടർമാർ സ്ഥിരീകരിച്ചു.
അപ്പോഴേക്കും ലോകമെങ്ങും തങ്ങളുടെ സ്നേഹനിധിയായ പിതാവിനു വേണ്ടി ജനലക്ഷങ്ങൾ പ്രാർഥന ആരംഭിച്ചിരുന്നു.ഇറ്റലിയുടെ തലസ്ഥാനമായ റോമിൽ സ്ഥിതിചെയ്യുന്ന അഗസ്തിനോ ജെമെല്ലി ആശുപത്രിയുടെ മുഖവാരത്തിനു മുന്നിൽ ജപമാല ചൊല്ലി പ്രാർഥിക്കാൻ എല്ലാ ദിവസവും അവർ കടന്നുവന്നു.
ജൂബിലി വർഷമായതിനാൽ "വിശുദ്ധ വാതിൽ' പ്രവേശനത്തിനു തീർഥാടകരായി റോമിലെത്തുന്ന എല്ലാ വിശ്വാസികളും ഈ ആശുപത്രിയും ഒരു തീർഥാടന കേന്ദ്രമാക്കി മാറ്റി.
മാർപാപ്പ ചികിത്സയിലായിരുന്ന എല്ലാ ദിവസവും ആശുപത്രിയിലെ ചാപ്പലിൽ വിശുദ്ധ കുർബാനയർപ്പണത്തിന് എത്തുന്ന വിശ്വാസികളുടെ എണ്ണം ക്രമാതീതമായി വർധിച്ചതായി ആശുപത്രി ചാപ്ലൈൻ, നുൻസിയോ കൊറാവോ പറഞ്ഞു.
വൈകുന്നേരങ്ങളിൽ വിവിധ ഭാഷകളിൽ നടക്കുന്ന ജപമാല അർപ്പണങ്ങൾകൊണ്ട് ആശുപത്രി പരിസരം മുഖരിതമായി. പ്രാർഥനകൾ നിറഞ്ഞുനിന്ന ഒരു സായാഹ്നത്തിൽ ഫ്രാൻസിസ് മാർപാപ്പയെ ശുശ്രൂഷിച്ചിരുന്ന വൈദ്യസംഘത്തിന്റെ തലവൻ ഡോ. സെർജിയോ അൽഫിയേരി ഒരു പത്രസമ്മേളനം വിളിച്ചു.
ലോകം മുഴുവനുമുള്ള മാധ്യമങ്ങൾ ആകാംക്ഷയോടെ സംപ്രേഷണം ചെയ്ത ആ പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു, "ചികിത്സിക്കുന്ന ഡോക്ടേഴ്സിനോടു പൂർണമായും സഹകരിക്കുന്ന ഒരു നല്ല രോഗിയായിരുന്ന ഫ്രാൻസിസ് മാർപാപ്പ നാളെ ആശുപത്രി വിടുകയാണ്.'
ലോകം മുഴുവൻ നിറഞ്ഞ മനസോടെ ഏറ്റുവാങ്ങിയ ആ വാർത്തയുടെ ബാക്കിപത്രമായാണ് സൗഖ്യത്തിന്റെ ഇറ്റാലിയൻ പ്രതീകമായ മഞ്ഞപ്പൂക്കൾ നിറഞ്ഞ ആശുപത്രി മുറ്റത്തേക്കുള്ള ഫ്രാൻസിസ് മാർപാപ്പയുടെ പ്രശാന്തമായ കടന്നുവരവ്.
ജെമെല്ലിയുടെ മികവ്
ചികിത്സയിലായിരിക്കുമ്പോൾ രണ്ടു തവണ അതീവഗുരുതരാവസ്ഥയിൽ അപകടസ്ഥിതിയിലേക്കു പോയിട്ടും ഫ്രാൻസിസ് പാപ്പയെ ആരോഗ്യവാനായി തിരികെ എത്തിക്കാൻ സാധിച്ചത് അഗസ്തിനോ ജെമെല്ലി ആശുപത്രിയുടെ മികവിന്റെ ചരിത്രത്തിലെ മറ്റൊരു സുവർണ അധ്യായം.
അമേരിക്കൻ മാധ്യമമായ ന്യൂസ് വീക്ക്, ഗവേഷണരംഗത്തെ അതികായന്മാരായ സ്റ്റാറ്റിസ്റ്റയുമായി ചേർന്നു 2024ൽ നടത്തിയ അന്വേഷണത്തിൽ ലോകത്തിലെ ഏറ്റവും മികച്ച 250 ആശുപത്രികളിൽ 35-ാം സ്ഥാനമാണ് അഗസ്തിനോ ജെമെല്ലി ആശുപത്രിക്കു ലഭിച്ചത്. പരിചരണ മികവും വൃത്തിയുള്ള അന്തരീക്ഷവും രോഗീ സുരക്ഷയുമൊക്കെ കണക്കിലെടുത്ത് ഇറ്റലിയിലെ ഏറ്റവും മികച്ച ആശുപത്രിയായി തെരഞ്ഞെടുക്കപ്പെട്ടതും അഗസ്തീനോ ജെമെല്ലി തന്നെ.
ശീതയുദ്ധ കാലാനന്തരം എമർജെൻസി മെഡിസിനിൽ അതിവേഗ പുരോഗതി കൈവരിക്കുകയും 2002ൽതന്നെ ഇറ്റലിയിൽ "റോബോട്ടിക് സർജറി സിസ്റ്റം' വികസിപ്പിച്ചെടുക്കുകയും ചെയ്ത ആതുരാലയം. 2008ൽ ബയോടെക്നോളജി രംഗത്തെ ഗവേഷണ മികവിനുള്ള ലോക അംഗീകാരം നേടി.
മികവിന്റെ നിറവിൽ നിൽക്കുന്ന അഗസ്തിനോ ജെമെല്ലി ആശുപത്രിയുടെ ആരംഭം എങ്ങനെ ആയിരുന്നു? കത്തോലിക്കാ സഭയുടെ മേലധ്യക്ഷന്മാർക്കു കണ്ണും പൂട്ടി വിശ്വസിക്കാൻ പാകത്തിന് ഈ ശുശ്രൂഷാലയവുമായി സഭയ്ക്കുള്ള ബന്ധം എന്താണ്? നിത്യനഗരമായ റോമിന്റെ തിരക്കുകളിൽനിന്ന് അകന്നുമാറി സ്ഥിതി ചെയ്യുന്ന വിശാലമായ ആശുപത്രി സമുച്ചയത്തിന് ഒരു ഫ്രാൻസിസ്കൻ സന്യാസിയുടെ പേര് എങ്ങനെ ലഭിച്ചു?
ആരാണ് അഗസ്തിനോ ജെമെല്ലി?
1878ൽ ഇറ്റലിയിലെ മിലാനിൽ ഫാർമസിസ്റ്റ് ആയ കാർലോ ജെമെല്ലിയുടെയും കാതറീന ഗാലിയുടെയും മകനായാണ് വിജ്ഞാനകുതുകിയായിരുന്ന എദ്വേർദോയുടെ ജനനം.
1902ൽ പാവിയാ യൂണിവേഴ്സിറ്റിയിൽനിന്നു മെഡിസിനിൽ ബിരുദം നേടിയ ശേഷം ഭിഷഗ്വരനായി സേവനം ചെയ്തു വരവേയാണ് അദ്ദേഹം ഫ്രാൻസിസ് അസീസിയുടെ സന്ദേശവുമായി തീർഥാടനം ചെയ്യുന്ന സന്യാസ സഹോദരങ്ങളെ പരിചയപ്പെടുന്നത്. ജെമെല്ലി കുടുംബം മതാത്മക ജീവിതത്തിനു പ്രാധാന്യം കൊടുക്കാത്ത ഒന്നായിരുന്നു.
അച്ഛനായിരുന്ന കാർലോ ഒരു സഭാവിരുദ്ധസംഘത്തിലെ അംഗം. എദ്വേർദോ അജ്ഞേയവാദിയായാണ് വളർന്നുവന്നത്. എന്നാൽ, ഫ്രാൻസിസിന്റെ കഥകളിലെ എളിമയും ദാരിദ്ര്യവാഞ്ഛയും സേവനമനോഭാവവും അദ്ദേഹത്തെ മറ്റൊരു ഫ്രാൻസിസ്കൻ സന്യാസിയാക്കി. അപ്പോൾ സ്വീകരിച്ച പേരാണ് അഗസ്തിനോ.
1903ൽ ഫ്രാൻസിസ്കൻ സന്യാസ സമൂഹത്തിൽ അംഗമായ അദ്ദേഹം 1908ൽ വൈദികനായിത്തീർന്നു. ബെൽജിയത്തുള്ള ലുവെയ്ൻ യൂണിവേഴ്സിറ്റിയിൽനിന്നു മനഃശാസ്ത്രത്തിൽ ഡോക്ടറേറ്റ് സ്വന്തമാക്കി തിരികെയെത്തിയ അദ്ദേഹം നിയോഗിക്കപ്പെട്ടത് മിലാനിലെ ആതുരശുശ്രൂഷ കേന്ദ്രത്തിലെ സേവനങ്ങൾക്കായാണ്.
അക്കാദമികരംഗത്തും സജീവമായിരുന്ന അദ്ദേഹം എക്സ്പെരിമെന്റൽ സൈക്കോളജിയുടെ ഇറ്റലിയിലെ തുടക്കക്കാരിൽ ഒരാളാണ്. "റിവ്യൂ ഒാഫ് നിയോസ്കോളാസ്റ്റിക് ഫിലോസഫി' എന്ന ഒരു പ്രസിദ്ധീകരണവും അദ്ദേഹം ആരംഭിച്ചു. ഇതിനിടയിലാണ് ഒന്നാം ലോകയുദ്ധം പൊട്ടിപ്പുറപ്പെട്ടത്.
യുദ്ധകാലത്ത് അദ്ദേഹത്തിന്റെ നിസ്വാർഥ സേവനങ്ങളുടെ വാർത്തകൾ റോമിൽ മാർപാപ്പയുടെ പക്കലുമെത്തി. അങ്ങനെയാണ് ബെനഡിക്ട് പതിനഞ്ചാമൻ മാർപാപ്പയുടെ ശക്തമായ പിന്തുണയോടെ ഒരു ഗവേഷണകേന്ദ്രം മിലാനിൽ ആരംഭിക്കാൻ അദ്ദേഹം പരിശ്രമിച്ചത്.
കത്തോലിക്കാ സഭയുടെ നേതൃത്വത്തിൽ വൈജ്ഞാനികരംഗത്ത് ചിട്ടയായ ഗവേഷണങ്ങൾ നടത്താനും വരും തലമുറകൾക്ക് അതു പകർന്നു നൽകാനുമായി തുടങ്ങിയ പരിശ്രമങ്ങൾ 1921ൽ "കാത്തലിക് യൂണിവേഴ്സിറ്റി ഓഫ് സേക്രഡ് ഹാർട്ട്' എന്ന പേരിൽ ഒരു സർവകലാശാല ആയി മാറി.
സഭയിൽ പ്രബുദ്ധമായ ഒരു അല്മായ നേതൃനിരയെ വളർത്തിയെടുക്കുകയായിരുന്നു അദ്ദേഹത്തിന്റെ മറ്റൊരു ലക്ഷ്യം. തുടക്കത്തിൽ ഈ കത്തോലിക്കാ സർവകലാശാലയിൽ തത്വശാസ്ത്രം, നിയമം, സാമൂഹ്യശാസ്ത്രം, സാമ്പത്തികശാസ്ത്രം എന്നിങ്ങനെ നാലു വിഭാഗങ്ങൾ മാത്രമാണുണ്ടായിരുന്നത്.
ഇന്ന് അരലക്ഷത്തോളം വിദ്യാർഥികളും മിലാൻ, റോം, ബ്രേഷ്യ, പ്യചെൻസ, ക്രെമോണ പട്ടണങ്ങളിൽ കാന്പസുകളും നിരവധി രാജ്യാന്തര സർവകലാശാലകളുമായി അക്കാദമിക ബന്ധങ്ങളുമുള്ള ഇറ്റലിയിലെ ഏറ്റവും മികച്ച യൂണിവേഴ്സിറ്റികളിൽ ഒന്നാണിത്.
1959ൽ തന്റെ 81-ാം വയസിൽ അഗസ്തിനോ ജെമെല്ലി എന്ന ഫ്രാൻസിസ്കൻ സന്യാസി ഈ ലോകത്തോടു വിടപറയുമ്പോൾ ഈ സർവകലാശാലയുടെ ഒരു മെഡിക്കൽ വിഭാഗം റോമിൽ ആരംഭിക്കണം എന്ന ആവശ്യം പൊതുസമൂഹത്തിൽ ശക്തമായിരുന്നു.
ജെമെല്ലി റോമിലേക്ക്
"ആത്മാവിനെ പ്രചോദിപ്പിക്കാൻ ശരീരത്തെ സൗഖ്യപ്പെടുത്തണം' എന്ന ലക്ഷ്യത്തോടെ പ്രവർത്തിച്ച അഗസ്തിനോ ജെമെല്ലി സ്ഥാപിച്ച സർവകലാശാലയുടെ മെഡിക്കൽ വിഭാഗം റോമിൽ സ്ഥാപിക്കാൻ മുൻകൈയെടുത്തത് പതിനൊന്നാം പിയൂസ് മാർപാപ്പയാണ്.
അദ്ദേഹം നൽകിയ സ്ഥലത്ത് ആരംഭിച്ച ഗവേഷണ കേന്ദ്രം പിന്നീട് ആശുപത്രിയായി വികസിപ്പിക്കാൻ വത്തിക്കാൻ തീരുമാനിച്ചു. വത്തിക്കാനിൽനിന്ന് എട്ട് കിലോമീറ്റർ അകലെ റോമാനഗരിയുടെ വടക്കുപടിഞ്ഞാറു ഭാഗത്തുള്ള മോന്തെ മാരിയോ (മാരിയൂസ് കുന്ന്) എന്ന കുന്നിൻപുറത്താണ് "പോളിക്ലിനിക്കോ യൂണിവേഴ്സിത്താരിയോ അഗസ്തീനോ ജെമെല്ലി' സ്ഥാപിതമായത്.
1962ൽ ആരംഭിച്ച നിർമാണ പ്രവർത്തനങ്ങൾ രണ്ടു വർഷംകൊണ്ടു പൂർത്തിയാക്കി ആശുപത്രി ഉദ്ഘാടനം ചെയ്തത് പോൾ ആറാമൻ മാർപാപ്പയാണ്. എഴുപതു കിടക്കകളുമായി സേവനം ആരംഭിച്ച ആശുപത്രി ഇപ്പോൾ1575 കിടക്കകളോടെ റോമിലെ ഏറ്റവും വലുതും ഇറ്റലിയിലെ രണ്ടാമത്തേതുമായ മെഡിക്കൽ കോളജ് ആശുപത്രിയാണ്.
മൂന്നാം വത്തിക്കാൻ
"രോഗത്തെ മാത്രമല്ല രോഗിയെയുമാണ് ചികിത്സിക്കേണ്ടത്' എന്ന ആപ്തവാക്യം കോറിയിട്ടിട്ടുള്ള അഗസ്തിനോ ജെമെല്ലി ആശുപത്രിക്ക് ഇതുവരെ രണ്ടു മാർപാപ്പമാരെ ചികിത്സിക്കാനുള്ള അപൂർവ അവസരം ലഭിച്ചിട്ടുണ്ട്. ജെമെല്ലി ആശുപത്രിയുടെ ആരംഭം മുതൽ ഇന്നേവരെ അഞ്ചു മാർപാപ്പമാർ സഭയെ നയിച്ചിട്ടുണ്ടെങ്കിലും ജോൺ പോൾ രണ്ടാമൻ മാർപാപ്പയും ഫ്രാൻസിസ് മാർപാപ്പയും മാത്രമാണ് രോഗികളായി ഇവിടെ പ്രവേശിപ്പിക്കപ്പെട്ടത്.
നാലു തവണകളിലായി 153 ദിവസം ആശുപത്രിയിൽ ചെലവഴിച്ച ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ കാലത്താണ് "മൂന്നാം വത്തിക്കാൻ' എന്ന വിളിപ്പേര് ഈ ആശുപത്രിക്കു ലഭിക്കുന്നത്. ലോകമെങ്ങുമുള്ള കത്തോലിക്കാ വിശ്വാസികളുടെ ആത്മീയ നേതാവ് എന്നതുപോലെതന്നെ വത്തിക്കാൻ എന്ന രാജ്യത്തിന്റെ തലവനും കൂടിയാണ് മാർപാപ്പ. അദ്ദേഹത്തിന്റെ അനുദിന ഭരണ നിർവഹണകേന്ദ്രങ്ങളെല്ലാം പ്രവർത്തിക്കുന്നത് വത്തിക്കാനിൽനിന്നാണ്.
അതോടൊപ്പംതന്നെ വത്തിക്കാനു പുറത്തു സ്ഥിതി ചെയ്യുന്ന, വേനൽക്കാല വസതിയായ "കസ്റ്റെൽ ഗാൻഡോൾഫോ'യിലും മാർപാപ്പമാർ ഔദ്യോഗിക കൂടിക്കാഴ്ചകൾ നടത്താറുണ്ട്. പക്ഷേ, നൂറ്റൻപതിലധികം ദിവസങ്ങൾ ആശുപത്രിയിൽ ചെലവഴിച്ച ജോൺ പോൾ രണ്ടാമൻ മാർപാപ്പ, ആശുപത്രി മുറിയിൽനിന്നു പോലും തന്റെ ഉത്തരവാദിത്വങ്ങൾ നിർവഹിക്കുമായിരുന്നു.
1981 മേയ് 13നു വത്തിക്കാനിലെ പൊതുസന്ദർശന വേളയിൽ വെടിയേറ്റതിനെത്തുടർന്നാണ് ജോൺ പോൾ രണ്ടാമനെ ആദ്യമായി ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ആറു മണിക്കൂർ നീണ്ട ശസ്ത്രക്രിയകൾക്കൊടുവിൽ അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ വൈദ്യസംഘത്തിനായി.
ആ വർഷം ഓഗസ്റ്റ് 14 വരെ അദ്ദേഹം ആശുപത്രിയിൽത്തന്നെ ചെലവഴിച്ചു. ലോകം മുഴുവന്റെയും കണ്ണുകൾ നിരന്തരം ജെമെല്ലി ആശുപത്രിയിലേക്കു നീണ്ട നാളുകൾ! എന്നാൽ, എഴുന്നേറ്റിരിക്കാറായപ്പോഴേക്കും ജോൺ പോൾ രണ്ടാമൻ മാർപാപ്പ തന്റെ ഉത്തരവാദിത്വങ്ങളിലേക്കു കടന്നു.
വിവിധ ഉദ്യോഗസ്ഥർ നിരന്തരം ആശുപത്രിയിലെത്തി അദ്ദേഹത്തെ കണ്ടുകൊണ്ടിരുന്നു.അക്കാലത്തുതന്നെ ഇറ്റാലിയൻ പത്രങ്ങളായ ലാ റെപ്പുബ്ലിക്കയും കൊറിയേറെ ദെല്ലെ സെറയുമൊക്കെ അഗസ്തിനോ ജെമെല്ലി മറ്റൊരു വത്തിക്കാനായി മാറി എന്ന് എഴുതിയിരുന്നു.
വത്തിക്കാനിലെ വസതിയിൽ വീണതിനെത്തുടർന്ന് 1993ൽ ജോൺ പോൾ രണ്ടാമൻ വീണ്ടും ആശുപത്രിയിലായി. അദ്ദേഹത്തെ കാണാൻ വിദേശപ്രതിനിധികൾ ഉൾപ്പെടെയുള്ള വലിയ സംഘം ആശുപത്രിയിലേക്ക് എത്തിയപ്പോൾ ന്യൂയോർക്ക് ടൈംസിൽ പ്രത്യക്ഷപ്പെട്ട ഒരു ലേഖനത്തിലൂടെയാണ് "മൂന്നാം വത്തിക്കാൻ' എന്ന പ്രയോഗം പ്രശസ്തമായത്.
"വത്തിക്കാനു പുറത്തുള്ള വത്തിക്കാൻ' (Vatican away from Vatican) എന്നായിരുന്നു ആ ലേഖനത്തിന്റെ തലക്കെട്ട്. 1999ൽ പുറത്തിറങ്ങിയ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ ജീവചരിത്രം "പ്രത്യാശയുടെ സാക്ഷ്യം' എന്ന ഗ്രന്ഥത്തിൽ ജെമെല്ലി ആശുപത്രിയെ വിശേഷിപ്പിച്ചത് "പേപ്പൽ അനക്സ്' എന്നാണ്.
പിന്നീട് 2021ൽ ഫ്രാൻസിസ് മാർപാപ്പ ആദ്യമായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടപ്പോൾ വത്തിക്കാൻ പുറപ്പെടുവിച്ച രേഖയിൽ ഇപ്രകാരം പറഞ്ഞു, "പരിശുദ്ധ പിതാവ് ഇവിടെ സ്വസ്ഥനാണ്.
ജെമെല്ലി ആശുപത്രി അദ്ദേഹത്തിനു ശുശ്രൂഷയുടെ മാത്രമല്ല പ്രാർഥനയുടെയും സേവനത്തിന്റെയും ഇടം കൂടിയാണ്.' 2009ലാണ് ആശുപത്രിയുടെ പ്രധാന മന്ദിരത്തിനു മുന്നിൽ വിശുദ്ധ ജോൺപോൾ പാപ്പയുടെ പ്രതിമ അനാവരണം ചെയ്തത്. മാർപാപ്പമാരെ കൂടാതെ ജെമെല്ലിയിൽ ചികിത്സ തേടിയിട്ടുള്ള പ്രമുഖർ നിരവധി.
വിശുദ്ധ മദർ തെരേസ, ഇറ്റാലിയൻ രാഷ്ട്രീയനേതാക്കളായ ജൂലിയോ ആന്ദ്രെയോത്തി, വാൾട്ടർ വെൽത്രോണി, ഫ്രാൻചെസ്കോ കോസിഗ, ഭൗതികശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിംഗ്, മോൺ. ജോർജ് റാറ്റ്സിംഗർ, ഇറ്റാലിയൻ ഫുട്ബോൾ താരങ്ങളായ ഫ്രാൻചെസ്കോ തോത്തി, ദാനിയേലേ ദേ റോസി തുടങ്ങി പട്ടിക നീളുന്നു.
ആശ്വാസത്തിന്റെ മഞ്ഞപ്പൂക്കൾ
ഇറ്റാലിയൻ രീതിയനുസരിച്ചു മഞ്ഞ നിറമുള്ള പൂക്കൾ സൗഖ്യത്തിന്റെ പ്രതീകമാണ്. രോഗികളെയും വേദനിക്കുന്നവരെയുമൊക്കെ പരിചരിക്കാനെത്തുന്നവർ അവർക്കു മഞ്ഞപ്പൂക്കൾ സമ്മാനിക്കുന്നത് ഇറ്റലിയുടെ പഴമ മങ്ങാത്തൊരു പതിവാണ്.
ആ പതിവനുസരിച്ചാണ് 78കാരിയായ കാർമേലാ വിത്തോറിയ, കലാബ്രിയയിൽനിന്ന് ആശുപത്രി വിടുന്ന മാർപാപ്പയെ കാണാനെത്തിയത്. ജെമെല്ലി ആശുപത്രി അധികൃതർ പുറത്തുവിട്ട കണക്കനുസരിച്ചു ഏകദേശം മൂവായിരത്തോളം ആളുകളാണ് അന്ന് അവിടെ തടിച്ചുകൂടിയത്.
ആ ജനത്തിരക്കിനിടയിൽ ആ പിതാവിന്റെ കരുണയുള്ള ശബ്ദം മുഴങ്ങി, “ഞാനിവിടെയൊരു വനിതയെ മഞ്ഞപ്പൂക്കളുമായി കാണുന്നു, മിടുക്കി.”ആ ജനസാഗരത്തിലും തന്നെ ശ്രദ്ധിച്ച പരിശുദ്ധ പിതാവിന്റെ സ്നേഹം ഓർത്താവണം കണ്ണുനീരോടെ "നന്ദി നന്ദി' എന്നുമാത്രം അവർ പറഞ്ഞുകൊണ്ടിരുന്നു.
ആ അമ്മയുടെ പൂക്കൾ പിന്നീട് ലോകം കണ്ടത് ഫ്രാൻസിസ് മാർപാപ്പയ്ക്ക് ഏറ്റവും ഇഷ്ടമുള്ള, തന്റെ നിത്യവിശ്രമത്തിന് അദ്ദേഹംതന്നെ തെരഞ്ഞെടുത്തിരിക്കുന്ന പരിശുദ്ധ മറിയത്തിന്റെ വലിയ പള്ളിയിലെ (മേരി മേജർ ബസിലിക്ക) "റോമാ നഗരത്തിന്റെ രക്ഷക’യായ പരിശുദ്ധ മറിയത്തിന്റെ അൾത്താരയിലാണ്.
അതെ, എല്ലാ യാത്രകൾക്കുമൊടുവിൽ നന്ദി പറയാനെത്തുന്ന അഭയകേന്ദ്രത്തിൽ എത്തി കൃതജ്ഞതയുടെ പ്രതീകമായി ആ പൂക്കൾ സമർപ്പിച്ച ശേഷമാണ് അദ്ദേഹം വത്തിക്കാനിലെ സ്വവസതിയായ സാന്താ മാർത്തയിലേക്കു വിശ്രമത്തിനായി തിരികെ പോയത്.
സന്ദേഹിയിൽനിന്നു സന്യാസിയും ചിന്തകനും ഗ്രന്ഥകർത്താവും ഗുരുഭൂതനുമായി മാറിയ ജെമെല്ലിയുടെ ജീവിതം സഹാനുഭൂതിയും ബൗദ്ധികമായ സത്യസന്ധതയും സമന്വയിപ്പിച്ചതിന്റെ ചരിത്രമാണ്. ഈ ചരിത്രത്തിന്റെ നേരവകാശികളാണ് ജെമെല്ലിയിൽ പഠിക്കുന്ന ഒാരോ വൈദ്യശാസ്ത്രവിദ്യാർഥിയും ശുശ്രൂഷ തേടുന്ന രോഗിയും.
രോഗിക്കും രോഗീശുശ്രൂഷയ്ക്കും ഈശോമിശിഹാ നൽകിയ മാന്യതയും ആദരവും ഇരുപതു നൂറ്റാണ്ടുകളായി സഭ ഇപ്പോഴും തുടരുന്നു. ആ മഹോന്നത പാരന്പര്യം ഉയർത്തിപ്പിടിച്ച ജെമെല്ലി എന്ന സന്യാസവൈദികൻ ഈ മഹാസ്ഥാപനത്തിലൂടെ ഇന്നും ആ മൂല്യങ്ങൾക്കു കാവൽനിൽക്കുന്നു.