മാജുളി മാജിക്
സാബു മഞ്ഞളി
Saturday, March 15, 2025 8:29 PM IST
വഴിമാറി ഒഴുകിയ നദി ഒരു ദ്വീപിനെ പ്രസവിച്ചു. ഏറെ പ്രത്യേകതകൾ തോന്നിയ ആ ദ്വീപിലേക്കു പതിയെപ്പതിയെ ആളുകൾ കുടിയേറി പാർക്കാൻ തുടങ്ങി. വർഷങ്ങൾക്കി പ്പുറം മനുഷ്യവാസമുള്ള ലോകത്തിലെ ഏറ്റവും വലിയ നദീജന്യ ദ്വീപ് എന്ന വിശേഷണവും ആ ദ്വീപ് നേടിയെടുത്തു. വരൂ, ആസാമിലെ മാജുളി ദ്വീപിലേക്കു പോകാം.
പതിറ്റാണ്ടുകൾക്ക് മുന്പ് ഒരു ദിനം... മഴ തുടങ്ങിയിട്ടു ദിവസങ്ങൾ പിന്നിട്ടിരിക്കുന്നു. യാതൊരു ശമനവും കാണുന്നില്ല. നിലയ്ക്കാത്ത പേമാരി നദികളെയും തോടുകളെയും നിറച്ചു കഴിഞ്ഞു. ആസാമിൽ ബ്രഹ്മപുത്ര നദി കട്ടക്കലിപ്പിലാണ്. പ്രളയം അതിനെ സംഹാരരൂപിയാക്കി മാറ്റി. മനുഷ്യർ തീരങ്ങളിൽനിന്നു കൈയിൽ കിട്ടിയതുമൊക്കെയായി രക്ഷപ്പെടാൻ പരക്കംപായുന്നു.
രക്ഷിച്ചെടുക്കാൻ പറ്റാത്തതൊക്കെ ബ്രഹ്മപുത്ര നക്കിത്തുടയ്ക്കുന്നതും വിഴുങ്ങുന്നതും അങ്ങ് അകലെനിന്നു കണ്ട് അലമുറയിടുന്നവർ. തീരത്തിന് ഒതുക്കിനിർത്താൻ കഴിയാത്തവിധം ഉഗ്രരൂപിയായ നദി തീരങ്ങളെ ചവിട്ടിത്തള്ളി പുറത്തേക്കൊഴുകാൻ വെന്പൽ കൊള്ളുന്നു. ബ്രഹ്മപുത്രയുടെ കൈവഴികളും സമീപപ്രദേശങ്ങളുമെല്ലാം വെള്ളത്തിൽ മുങ്ങിക്കഴിഞ്ഞു. എന്താണ് സംഭവിക്കാൻ പോകുന്നതെന്നു പ്രവചിക്കാൻ പോലുമാകാത്ത സ്ഥിതി.
കിട്ടിയ വള്ളങ്ങളിലും ചങ്ങാടങ്ങളിലുമൊക്കെ എത്തിയ രക്ഷാപ്രവർത്തകർ നൂറു കണക്കിനു പേരെ പ്രളയക്കെടുതികളിൽനിന്നു രക്ഷിക്കുന്നു. നിരവധി പേരെ കാണാതായിട്ടുണ്ട്. രക്ഷാപ്രവർത്തകർക്ക് എത്തിച്ചേരാൻ കഴിയാത്ത പ്രദേശങ്ങളിലെ സ്ഥിതി എന്താണെന്നു പോലും ആർക്കുമറിയില്ല.
ഭാവം മാറി, രൂപം മാറി
അധികൃതർ നദിയുടെ ഭാവമാറ്റത്തെ നിരീക്ഷിക്കുന്നുണ്ട്. അതിനിടെ, വീണ്ടും ശക്തിപൂണ്ട പെരുമഴയിൽ നദിയിലേക്ക് അതിശക്തമായ വെള്ളപ്പാച്ചിൽ... പിടിച്ചാൽ കിട്ടാതെ ഒഴുകുകയായിരുന്ന ബ്രഹ്മപുത്ര ആ ആവേശത്തള്ളലിൽ മോഹിച്ചതുതന്നെ നടപ്പാക്കി. ഒരു വശത്തെ തീരത്തെ കീറി മുറിച്ചുകൊണ്ട് ദിശമാറി ഒരു പാച്ചിൽ. പോയ പാതയിലുള്ള പലതിനെയും തകർത്തെറിഞ്ഞുകൊണ്ടും വിഴുങ്ങിക്കളഞ്ഞു കൊണ്ടുമായിരുന്നു ആ പോക്ക്.
മഴ മാറി മാനം തെളിഞ്ഞിട്ടും ദിവസങ്ങൾ വേണ്ടിവന്നു ബ്രഹ്മപുത്ര തന്റെ ഭീകരരൂപം അഴിച്ചുവയ്ക്കാൻ. പക്ഷേ, ഇതിനകം ഒരു അദ്ഭുതം സംഭവിച്ചിരുന്നു. വഴിമാറി ഒഴുകിയ നദി ഒരു ദ്വീപിനെ പ്രസവിച്ചു. നദീജന്യ ദ്വീപിനെ ആളുകൾ അദ്ഭുതത്തോടെ വീക്ഷിച്ചു. ഏറെ പ്രത്യേകതകൾ തോന്നിയ ആ ദ്വീപിലേക്കു പതിയെപ്പതിയെ ആളുകൾ കുടിയേറി പാർക്കാൻ തുടങ്ങി.
വർഷങ്ങൾക്കിപ്പറം മനുഷ്യവാസമുള്ള ലോകത്തിലെ ഏറ്റവും വലിയ നദീജന്യ ദ്വീപ് എന്ന വിശേഷണവും ആ ദ്വീപ് നേടിയെടുത്തു. ഇതാണ് ആസാമിലെ പ്രശസ്തമായ മാജുളി ദ്വീപിന്റെ കഥ. മാജുളി ദ്വീപിലേക്കു യാത്ര തുടരുന്പോൾ ഗൈഡ് പറഞ്ഞ ഈ ചരിത്രം ഞങ്ങളുടെ ഒാർമയിലേക്കു വീണ്ടും വീണ്ടും കയറി വന്നുകൊണ്ടിരുന്നു.
നിമാട്ടി കടവ്
കാസരിംഗ കാടുകളുടെ ഒാരത്തുകൂടിയാണ് യാത്ര. കാടുകളുടെ അവസാനത്തിൽ ആസാം ട്രങ്ക് റോഡിൽനിന്ന് ഇടതുവശം തിരിഞ്ഞു. കൊയ്ത്തുപാകമായ സ്വർണനെൽപാടങ്ങളും പച്ചത്തുരുത്തുകളിലെ കൊച്ചു കൊച്ചു ഗാവുകളും പിന്നിട്ടെത്തിയത് ബ്രഹ്മപുത്രനദിയുടെ അനന്തവിഹായസിലേക്ക്.
ജങ്കാറിൽ കയറി ബ്രഹ്മപുത്രയിലൂടെ പത്തു കിലോമീറ്റർ കൂടി സഞ്ചരിക്കണം മാജുളി ദ്വീപിലേക്കെത്താൻ. ഉച്ചകഴിഞ്ഞ് മൂന്നിനു പുറപ്പെടുന്ന, നമ്മുടെ കൊച്ചിൻ ഷിപ്യാർഡ് നീറ്റിലിറക്കിയ "റാണി ഗൈഡിൻല്യു'' എന്ന കൂറ്റൻ ജങ്കാർ മുരണ്ടുകൊണ്ട് കടവിൽ തന്നെയുണ്ട്. അടിത്തട്ടിൽ കാറും ലോറിയും ബൈക്കും ചരക്കുകളുമെല്ലാം സ്ഥാനം പിടിച്ചുതുടങ്ങി.
മുന്നിൽ കണ്ണെത്താ ദൂരത്തോളം നീണ്ടുപരന്നു ബ്രഹ്മപുത്ര. ദൂരെ തന്നിഷ്ടംപോലെ നദി രൂപപ്പെടുത്തിയ മണൽത്തിട്ടകളിൽ നീർപക്ഷികളുടെ വിളയാട്ടങ്ങൾ. നിമാട്ടിക്കടവ് കടന്നാൽ ബ്രഹ്മപുത്ര കര കൈയേറി കൂടുതൽ വിസ്താരപ്പെട്ടു കിടക്കുന്നു. കിളികൾ സംഗീതം പൊഴിക്കുന്ന ബ്രഹ്മപുത്രയിലെ മനോഹരമായൊരു മുനമ്പിലാണ് നിമാട്ടിക്കടവ്.
പരിസരങ്ങളിൽ ചിലമ്പിപ്പറക്കുന്ന തേൻകുരുവികളും വാൽകുലുക്കികളും ബുൾബുൾകളും നാട്ടുമൈനകളും. ആസാം ശരിക്കും മൈനകളുടെ ഒരു സാമ്രാജ്യമാണ്. കലപിലകൂട്ടി നദിയിലേക്കിറങ്ങിയ രണ്ടു മൈനകളുടെ ഉഷാറായ ഉച്ചക്കുളി കണ്ടുകൊണ്ടാണ് ഞങ്ങളുടെ ജങ്കാർ നിമാട്ടിയിൽനിന്നു പതുക്കെ അകന്നുതുടങ്ങിയത്.
ബ്രഹ്മപുത്രയിലൂടെ
കടൽ പോലെ പരന്നു കിടക്കുകയാണ് ബ്രഹ്മപുത്ര. നദിയോരങ്ങൾ പലതും വിജനമാണ്. ബ്രഹ്മാവിന്റെ ഒരു പുത്രൻ അച്ഛനുമായി കലഹിച്ച് ഭൂമിയിൽ വന്നു നദിയായി ഒഴുകിയതാണ് ബ്രഹ്മപുത്രയെന്നാണ് നാട്ടുകാരുടെ വിശ്വാസം.
അവന്റെ ക്രോധം കരകവിയുന്ന പ്രളയമാണെങ്കിൽ സ്നേഹം തീരഗ്രാമങ്ങളിലടിയുന്ന സമ്പുഷ്ടമായ എക്കലുകളാണ്. അവിടെ വിളയുന്ന നെല്ലും മത്സ്യസമ്പത്തുമാണ് പ്രധാനമായും മാജുളി ദ്വീപിനെ സാന്പത്തികമായി ചലിപ്പിക്കുന്നത്.
ഒഴുക്കിനെതിരേയാണ് പോക്ക് എന്നതിനാൽ വളരെ പതുക്കെയാണ് ജങ്കാറിന്റെ മുന്നേറ്റം.
തീരങ്ങളിൽ പ്രളയ നിയന്ത്രണങ്ങൾക്കായി പണിതുവച്ചിട്ടുള്ള മുളവേലിക്കെട്ടുകൾ ഇടയ്ക്കിടെ കാണാം. തുരുത്തുകളിൽ ടെന്റ് കെട്ടി പൊരിവെയിലത്തു പോത്തുകളെ മേയ്ക്കുന്നവർ, നദിയോരങ്ങളിൽ വലകൾ കെട്ടി വഞ്ചിയിൽ മീൻ പിടിക്കാനായി തമ്പടിച്ചിരിക്കുന്നവർ, എങ്ങോട്ടോ പോയിമറയുന്ന ഒറ്റയടിപ്പാതകൾ, മനുഷ്യരും വാഹനങ്ങളുമായി എതിരേ വരുന്ന ചെറുതും വലുതുമായ ബോട്ടുകൾ, അപൂർവമായി ചില ഗ്രാമങ്ങളിലേക്കുള്ള കടവുകൾ... ഇതൊക്കെയാണ് ജങ്കാർ മുന്നോട്ടു നീങ്ങുന്നതിനിടയിൽ തെളിയുന്ന കാഴ്ചകൾ. ബ്രഹ്മപുത്രയിലെ ജീവിതത്തിന്റെ നേർക്കാഴ്ചകൾ.
കൈലാസത്തിലെ മാനസസരോവർ തടാകത്തിൽനിന്നുമാണ് ബ്രഹ്മപുത്രയുടെ ഉദ്ഭവം. തിബറ്റും അരുണാചലും ആസാമും ബംഗ്ലാദേശും കടന്നുള്ള 3,000 കിലോമീറ്റർ സഞ്ചാരത്തിനിടയിൽ കമെംഗ്, മനാസ്, ചമ്പാപതി, ദർള, ടീസ്റ്റ, പദ്മ, ഗംഗ നദികളെക്കൂടി ആവാഹിച്ച് 135 മീറ്റർ വരെ ആഴമുള്ള പ്രബലനായി ബംഗാൾ ഉൾക്കടലിലെത്തി വിശ്രമം.
മാജുളി തെളിയുന്നു
അഫാലമുഖ് കടവിലെത്തുമ്പോൾ നേരം സന്ധ്യയായി. പിന്നെയും 20 കിലോമീറ്റർകൂടി സഞ്ചരിച്ചാണ് താമസസ്ഥലമായ ഗരമൂറിലെ ഒകെഗിക കോട്ടേജിലെത്തിയത്. കാടു പിടിച്ചു കിടക്കുന്ന ഒരു സ്ഥലത്തു മരങ്ങളിൽ തീർത്ത മൂന്നു കോട്ടേജുകൾ. ക്യാമ്പ് ഫയറിന്റെയും മഞ്ഞിന്റെയും തണുപ്പിന്റെയും അന്തരീക്ഷം.
കോട്ടേജിന്റെ മുറ്റത്തു രാത്രി മുഴുവൻ ബാംസുരി സംഗീതത്തിന്റെ ആരവം ഉയരുന്നുണ്ടായിരുന്നു. നേരം പുലർന്നുവന്നതോടെ ഒരു പ്രഭാതസവാരി പോയാലോ എന്നതായി ചിന്ത. സുഹൃത്തുക്കളായ ഹാരീസ്, സുരേഷ്, ഷാജി, ഷെമീർ എന്നിവർ തയാറായി എത്തിക്കഴിഞ്ഞു. അവർക്കൊപ്പം ചിറ്റാഡർചക്ക് കവല വരെ ഒരു നടത്തം.
പ്രളയം മുന്നിൽ കണ്ടാകാം പാവിംഗ് ബ്ലോക്കുകൾ നിരത്തിയവയാണ് മാജുളിയിലെ പാതകൾ. മുളച്ചീന്തിലുണ്ടാക്കിയ വീടുകളെല്ലാം ഉയരത്തിലേക്കു നാട്ടിയ കാലുകളിലാണ് ഉറപ്പിച്ചിട്ടുള്ളത്. പ്രഭാത കാഴ്ചകൾ കാണുന്ന ഒരു അമ്മയും കുഞ്ഞും.
അമ്മമാരോടൊപ്പം. ഇളംവെയിൽ കായുന്ന ആട്ടിൻകുഞ്ഞുങ്ങളും പശുക്കിടാങ്ങളും. ഇതിനിടെ, വീടിനോടു ചേർന്നു പ്രവർത്തിക്കുന്ന ഒരു നെയ്ത്തുശാല കണ്ടു. എല്ലാ തരത്തിലുള്ള ആറ്റുമീനുകളുമുണ്ട് അങ്ങാടിയിൽ. ചിറ്റാഡർചക്ക് കവലയിൽനിന്ന് അസമിലെ എല്ലായിടത്തേക്കും ജീപ്പുകൾ കുത്തുവണ്ടികളായി കിട്ടും .
പക്ഷികളുടെ പറുദീസ
പ്രാതൽ കഴിഞ്ഞതും മാജുളിയെ പരിചയപ്പെടുത്താൻ പരമ്പരാഗത വസ്ത്രങ്ങൾ അണിഞ്ഞ് നാട്ടുകാരനായ ദുലാൽ സൈക്കിയ എത്തി. ആദ്യ യാത്ര കമലാബാരി നീർത്തടങ്ങളിലേക്കായിരുന്നു. ദേശാടനത്തിനെത്തിയ ഗ്രേലാഗ് വാത്തകളുടെ വലിയൊരു കൂട്ടത്തെ അടുത്തുപോയി കണ്ടു.
തോടുകളും കുളങ്ങളും പച്ചപ്പും വേണ്ടത്ര ഉള്ളതിനാൽ നാനാജാതി പക്ഷികളുടെ പറുദീസയാണ് മാജുളി. എവിടെച്ചെന്നാലും പാറിപ്പറക്കുന്ന നാട്ടുകിളികളെ കാണാം. മുന്നൂറിൽപരം ഇനത്തിൽപ്പെട്ട ദേശാടനക്കിളികൾ വർഷംതോറും മുടങ്ങാതെ മാജുളിയിൽ എത്തുന്നുണ്ടത്രേ.
സത്രയിലെ സംഭവങ്ങൾ
വൈഷ്ണവ പാരമ്പര്യം പിന്തുടരുന്ന സത്രിയ സംസ്കാരമാണ് മാജുളി ദ്വീപിൽ. ക്ഷേത്രവും പ്രാർഥനാലയവും ചെറുപ്രായത്തിൽ തന്നെയെത്തുന്ന പഠിതാക്കൾക്കുള്ള താമസസ്ഥലങ്ങളും ചേർന്നതാണ് ഒരു സത്ര.
ഓരോ സത്രയ്ക്കും ഓരോ സത്രാധികാരി ഉണ്ടായിരിക്കും. കലകളുടെ ഉറവിടം കൂടിയാണ് ഓരോ സത്രകളും. പുരാണകഥകളിൽ അധിഷ്ഠിതമായ നൃത്തരൂപങ്ങളിലാണ് മാജുളിയിലെ ആഘോഷങ്ങളുടെ ആത്മാവ്. ശ്രീ ശ്രീ ഔന്യാടി സത്രമായിരുന്നു ഞങ്ങൾ ആദ്യം സന്ദർശിച്ചത്. നീർത്തടങ്ങൾ നിറഞ്ഞ വിശാലമായൊരു അങ്കണം. പ്രാർഥനാലയത്തിൽ വേദഗ്രന്ഥങ്ങൾ പാരായണം ചെയ്യുന്ന സന്യാസികൾ.
സംഗീതോപകരണങ്ങൾ ഉപയോഗിച്ചുള്ള തുടർച്ചയായ കീർത്തനാലാപനങ്ങൾ. ജീവജാലങ്ങളോടുള്ള തുല്യത പ്രകടിപ്പിച്ച് ആരാധനയോടെ പ്രാവുകൾക്കു ഭക്ഷണം കൊടുക്കുന്ന സ്വാമിമാർ. നൃത്തവും സംഗീതവും അഭ്യസിപ്പിക്കുന്ന ശാലകളാണ് ഒരു വശത്ത്. മുഖംമൂടികളുടെ നിർമാണത്തിനു പേര് കേട്ട, സമാഗുരി സത്രമായിരുന്നു അടുത്തത്.
1663ൽ ശ്രീ ശ്രീ ചക്രപാണി സ്ഥാപിച്ചതാണിത്. ചുമരുകളിലും നടുത്തളങ്ങളിലും വിവിധ പുരാണ കഥാപാത്രഭാവങ്ങൾ പേറുന്ന നിരവധി മാസ്കുകൾ കണ്ടുകൊണ്ടാണ് അകത്തേക്കു പ്രവേശിച്ചത്. പെയിന്റിംഗിനു ശേഷം ഉണക്കാൻ നിരത്തി വച്ചിരിക്കുന്ന മാസ്കുകളിലെ പലവിധ ഭാവങ്ങൾ കൗതുകമുണർത്തി. വിളവെടുപ്പുകാല കാർഷിക സംസ്കൃതിയുമായി ബന്ധപ്പെട്ടാണ് മാസ്കുകൾ ഉണ്ടാക്കിയിരുന്നത്.
പിന്നീടത് ആഘോഷങ്ങൾക്കും അസാമീസ് നൃത്തരൂപങ്ങൾക്കും ഉപയോഗിക്കാൻ തുടങ്ങിയതോടെ അതൊരു കലാശാഖയായിത്തന്നെ വളർന്നു. മുഖംമൂടികളുടെ നൂതനമായ നിർമാണരീതികളും മുഖത്തെ സൂക്ഷ്മമായ ചലനങ്ങളും പത്മശ്രീ ഹേമചന്ദ്ര ഗോസ്വാമിയാണ് വിശദീകരിച്ചുതന്നത്.
മൺപാത്ര നിർമാണം
ഗ്രാമക്കാഴ്ചകൾ തേടിയലഞ്ഞ് മാജുളിയിലെ മൺപാത്ര നിർമാണ ഗ്രാമത്തിലെത്തിയപ്പോൾ സമയം ഉച്ചകഴിഞ്ഞു. പ്രളയജലം കയറുന്ന വലിയൊരു തോടരികിലാണ് ഗ്രാമം.
പ്രളയസമയത്തു ബ്രഹ്മപുത്രതന്നെ തോടിലൂടെ വിശിഷ്ടമായ കളിമണ്ണ് ഗ്രാമത്തിൽ എത്തിക്കും. പ്രശാന്ത സുന്ദരമായ ഗ്രാമം. മേഞ്ഞു നടക്കുന്ന ആട്ടിൻപറ്റങ്ങളും പശുക്കിടാങ്ങളും. കളിമൺ പാത്രങ്ങൾ ചുട്ടെടുക്കാൻ അട്ടിവച്ചിരിക്കുന്ന വിറക് കഷണങ്ങളാണ് ഒരു വശം മുഴുവൻ. വിശപ്പ് കലശലായിത്തുടങ്ങി.
കമലാബാരി കവലയിലുള്ള പുളു റസ്റ്ററന്റിൽനിന്നായിരുന്നു ഉച്ചഭക്ഷണം. പ്രത്യേക വിഭവമായി മാജുളിയുടെ തനതു മീൻകറിയും . മത്സ്യം ആദ്യം വറുത്തെടുത്ത ശേഷം കറി വയ്ക്കുന്ന രീതിയാണിവിടെ. ആകപ്പാടെ ഒരു കറുപ്പ്നിറമാണെങ്കിലും ഉപ്പുമീൻ രുചിയുണ്ടെങ്കിലും സ്വാദിഷ്ടം. വിശപ്പും രുചിയും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണല്ലോ.
ബ്രഹ്മപുത്രയിലെ അസ്തമയം
ദുലാൽ സൈക്കിയ സേവനം ചെയ്തിരുന്ന ശ്രീ ശ്രീ ഉത്തർ കമലാബാരി സത്രവും സന്ദർശിച്ചു കഴിഞ്ഞപ്പോൾ വാഹനം പതുക്കെ സഞ്ചരിച്ചു തുടങ്ങി. ഒന്നു രണ്ട് കവലകൾ കടന്നതും ഗോത്രസമൂഹ ഭവനങ്ങൾ പിന്നിട്ടതും പ്രകൃതിയിൽ സായാഹ്നഭാവങ്ങൾ നിറഞ്ഞു. തീവ്രപ്രളയകാലങ്ങളെ ഓർമിപ്പിക്കുംവിധം അങ്ങിങ്ങ് കരയ്ക്കടിഞ്ഞ അനാഥമായ യാത്രാബോട്ടുകൾ കാണാം.
തീർത്തും വിജനമായ ഒരിടത്തേക്കാണ് എത്തുന്നത്. മുന്നിൽ അനന്തമായ മണൽപരപ്പുകളിൽ പ്രതാപിയായ ബ്രഹ്മപുത്രാ നദി. കുത്തൊഴുക്കിൽ നദി മറന്നുവച്ച എക്കലുകളുടെ കറുപ്പാണ് ഒരു വശം മുഴുവൻ. ഒരു ചെറുപുഞ്ചിരിയോടെ കരയെ പുൽകിയുള്ള നീർഗമനം. അസ്തമയം കാണാൻ നദിയോരത്തിറങ്ങി നിൽക്കുന്ന ചുരുക്കം സന്ദർശകർ. അങ്ങകലെ നിഴൽ പോലെ ചലിക്കുന്ന തോണിയിൽ ഒരാൾ.
നദിക്ക് അഭിമുഖമായിനിന്ന് പരസ്പരം പുണർന്നു സല്ലാപങ്ങളിലേർപ്പെടുന്ന പ്രണയിനികൾ. തണുപ്പിൽ പൊതിഞ്ഞെത്തുന്ന മന്ദമാരുതനു പ്രണയശോകമായ അലസഭാവം. കത്തി നിന്ന സൂര്യൻ പെട്ടെന്നു ചുവന്നു തുടുത്തു. ആകാശമാകെ ആ ശോണിമ പരന്നു. ചക്രവാളങ്ങളിലെ ചെഞ്ചായം കുതിർന്നിറങ്ങി നദിയിലലിഞ്ഞ് കുഞ്ഞോളങ്ങളിലൂടെ കരയോളമെത്തുന്നു.
ചോര തുടിക്കുന്ന ആ കോമളൻ പതുക്കെ നദിയെ ചുംബിച്ചു താഴേക്ക്. ആ മനോഹര ദൃശ്യങ്ങൾ അപ്പാടെ ഒപ്പിയെടുക്കുകയാണ് സന്ദർശകർ. ഇരുട്ട് പതുക്കെ കരയിലേക്കു കയറിവന്നു. ഞങ്ങൾ സംതൃപ്തിയോടെ തിരിച്ചുനടക്കുന്പോഴും ബഹ്മപുത്ര കഥകൾ പറഞ്ഞ് ഒഴുകിക്കൊണ്ടേയിരുന്നു.