ഉഗ്രനാണ് ഉരക്കൻപാറ!
Saturday, April 5, 2025 8:43 PM IST
ജില്ല: പത്തനംതിട്ട
കാഴ്ച: വെള്ളച്ചാട്ടം
പ്രത്യേകത: വനഭംഗി, ട്രെക്കിംഗ്
സഞ്ചാരികളുടെ ശ്രദ്ധയിലേക്ക് ഇനിയും അധികം എത്തിത്തുടങ്ങിയിട്ടില്ലാത്ത പത്തനംതിട്ടയിലെ സുന്ദരമായ വെള്ളച്ചാട്ടമാണ് ഉരക്കൻപാറ വെള്ളച്ചാട്ടം.
കാടിനു നടുവിലാണ് ഈ മനോഹര കാഴ്ച. നഗരത്തിന്റെ തിരക്കിൽനിന്നൊഴിഞ്ഞ് ഏതാനും മണിക്കൂർ ചെലവിടണമെന്നുള്ളവർക്ക് ഉരക്കൻപാറ നല്ലൊരു ലൊക്കേഷൻ ആണ്. കലർപ്പില്ലാത്ത പ്രകൃതിയെ അടുത്തറിയാം. തട്ടുകളായി വെള്ളം ഒഴുകിയിറങ്ങുന്ന ദൃശ്യം മനം കവരും. ചെരിഞ്ഞുകിടക്കുന്ന പാറക്കെട്ടിലൂടെ താഴേക്ക് വെള്ളത്തിനൊപ്പം നിരങ്ങിയിറങ്ങി ആസ്വദിക്കുന്നവരുമുണ്ട്.
ട്രെക്കിംഗ്: വെള്ളച്ചാട്ടം മാത്രമല്ല, ചുറ്റുമുള്ള വനഭംഗിയും പാറക്കെട്ടുകളും മറ്റൊരു കാഴ്ചയാണ്. ട്രെക്കിംഗ് നടത്താനുള്ള നിരവധി സാധ്യതകൾ ഇവിടെയുണ്ട്. അതേസമയം, പാറക്കെട്ടുകളിൽ സഞ്ചരിക്കുന്നതിന് അതീവ ശ്രദ്ധയും ജാഗ്രതയും വേണം. ജൂൺ മുതൽ സെപ്റ്റംബർ വരെയാണ് വെള്ളച്ചാട്ടം സജീവമായുള്ളത്.
വഴി: പത്തനംതിട്ടയിൽനിന്ന് 29 കിലോമീറ്റർ ദൂരം. മല്ലപ്പള്ളി താലൂക്കിലെ കോട്ടാങ്ങലിനു സമീപമാണ് വെള്ളച്ചാട്ടത്തിന്റെ സ്ഥാനം. കോട്ടാങ്ങൽ ചെമ്പിലാക്കൽ പാലത്തിനു സമീപത്തുനിന്നു വലത്തേക്കു തിരിഞ്ഞ് അരക്കിലോമീറ്റർ സഞ്ചരിച്ചാൽ ഉരക്കൻപാറയിലെത്താം. ഇരുപതു കിലോമീറ്റർ അകലെയാണ് റാന്നി. കോട്ടാങ്ങലിലേക്ക് ഏതാനും ബസുകൾ ഉണ്ടെങ്കിലും സ്വകാര്യ വാഹനങ്ങളിൽ എത്തുന്നതാണ് കൂടുതൽ സൗകര്യപ്രദം.