പ്രകൃതിയുടെ ബാറ്റിംഗ് ധോണി ഹിൽസ്
Saturday, March 29, 2025 8:32 PM IST
പേരു കേൾക്കുന്പോൾ ക്രിക്കറ്റ് താരം ധോണിയെ ഒാർമ വന്നേക്കാം. ധോണിയുടെ ബാറ്റിംഗ് കാണുന്നതുപോലെ ത്രില്ലിംഗ് ആണ് ധോണിയിലേക്കുള്ള യാത്രയും.
പച്ചപ്പ് നിറഞ്ഞ മലനിരകളും ചെറു വെള്ളച്ചാട്ടങ്ങളും ശാന്തമായ അന്തരീക്ഷവുമാണ് ധോണിയെ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാക്കുന്നത്. വനങ്ങൾ, മൊട്ടക്കുന്നുകൾ, അരുവികൾ ഇതൊക്കെ ഇവിടെ പ്രകൃതി ഒരുക്കിയിട്ടുണ്ട്.
ധോണി വെള്ളച്ചാട്ടം
ഇവിടത്തെ പ്രധാന ആകർഷണങ്ങളിലൊന്നാണ് ധോണി വെള്ളച്ചാട്ടം, പാറക്കെട്ടുകളിലൂടെ പതഞ്ഞൊഴുകുന്ന വെള്ളത്തിന്റെ കാഴ്ചയും ശബ്ദവും മനംമയക്കും.
ട്രെക്കിംഗ്: ജനപ്രിയ ട്രെക്കിംഗ് കേന്ദ്രമാണ് ധോണി ഹിൽസ്. തണുത്ത അന്തരീക്ഷവും പച്ചപ്പും ട്രെക്കിംഗിനെ രസകരമാക്കും. മുകളിലെത്താൻ മൂന്നു മണിക്കൂറിലേറെ വേണ്ടി വരും. പശ്ചിമഘട്ടത്തിന്റെയും പാലക്കാടിന്റെയും മനോഹര വിശാലമായ കാഴ്ചകൾ ട്രെക്കിംഗ് നടത്തുന്നവർക്കു ലഭിക്കും.
ജൈവവൈവിധ്യം
ധോണി കുന്നുകളിലെ വന്യജീവികളിൽ ആനകൾ, മാൻ, കാട്ടുപന്നികൾ, കുരങ്ങുകൾ എന്നിവ ഉൾപ്പെടുന്നു. വന്യജീവി പ്രേമികൾക്കും സസ്യശാസ്ത്രജ്ഞർക്കും ഇവിടെ സാധ്യതകളുണ്ട്. ധോണി ഹിൽസ് ഒരു സംരക്ഷിത വനമേഖലയുടെ ഭാഗമാണ്. ടൂറിസ്റ്റ് ഗൈഡുകളുടെ സേവനം ഇവിടെ ലഭിക്കും.
വഴി: പാലക്കാട് പട്ടണത്തിൽനിന്നു റോഡ് മാർഗം ധോണി ഹിൽസിൽ എത്തിച്ചേരാം. അടുത്തുള്ള റെയിൽവേ സ്റ്റേഷൻ പാലക്കാട് ജംഗ്ഷനും അടുത്തുള്ള വിമാനത്താവളം കോയമ്പത്തൂർ അന്താരാഷ്ട്ര വിമാനത്താവളവുമാണ്.
സന്ദർശനം: ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള സമയമാണ് ധോണി ഹിൽസ് സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം. മഴക്കാലത്ത് ട്രെക്കിംഗ് പാതകൾ വഴുക്കലുള്ളതായേക്കാം. ബേസ് വില്ലേജിലെ വനംവകുപ്പ് ഒാഫീസിൽനിന്ന് പ്രവേശന ടിക്കറ്റ് എടുക്കണം.