വിജിഷ വിജയം
വിജയ് സിയെച്ച്
Saturday, March 29, 2025 8:27 PM IST
പുരുഷാധിപത്യം ഒരു യാഥാർഥ്യമാകാം. പക്ഷേ, പെണ്ണായി പിറന്നതുകൊണ്ടു സർഗവീഥിയിൽ തഴയപ്പെട്ടതായി ഒരിക്കലും അനുഭവപ്പെട്ടിട്ടില്ല. പലപ്പോഴും സാഹചര്യങ്ങൾ പ്രതികൂലമാവാറുണ്ടെന്നതു സത്യമാണ്. സ്വാതന്ത്ര്യം ഉണ്ടെങ്കിൽ പോലും അതു മറ്റാരുടെയോ കൈയിലാണെന്ന ബോധം അവൾക്കു വിലങ്ങുതടിയാകുന്നു.
ഇംഗ്ലീഷ് സാഹിത്യത്തിലും മലയാളം സാഹിത്യത്തിലും ബിരുദാനന്തര ബിരുദങ്ങളുള്ള വിജിഷ വിജയന്റെ കഥകളിലും കവിതകളിലും മാത്രമല്ല, പറച്ചിലുകളിലും ധ്വനിക്കുന്ന ധിഷണാപരമായ ഔന്നത്യം യുവ എഴുത്തുകാരിൽനിന്നു സാധാരണ പ്രതീക്ഷിക്കാൻ കഴിയാത്തതാണ്. വിജിഷയുടെ പുസ്തകങ്ങൾ മറിച്ചുനോക്കിയാൽ അവരോടിത്തിരി വർത്തമാനം പറയാൻ വായനക്കാർക്കു തോന്നിയെങ്കിൽ അതു സ്വാഭാവികം...
പ്രണയ കഥനങ്ങൾ
"എന്റെ കടിഞ്ഞൂൽ പ്രണയകഥനങ്ങൾ' എന്റെ രണ്ടാമത്ത പുസ്തകമാണ്. കൂടുതൽ വായിക്കപ്പെട്ടൊരു കഥാസമാഹാരം. എല്ലാം സ്മരണാഖ്യാനങ്ങളാണ്.
പെണ്ണൊരു പ്രണയകൃതി രചിച്ചാൽ അതിനു കൂടുതൽ വായനക്കാരെ ലഭിക്കുമെന്നു ഞാൻ കരുതുന്നില്ല. അത്രയൊന്നും വായിക്കപ്പെട്ടിട്ടില്ലാത്ത പ്രണയകൃതികൾ സ്ത്രീകൾ എഴുതിയിട്ടില്ലേ? പെണ്ണുങ്ങൾ ഭൂതം പറയുമ്പോൾ അതു കേൾക്കാൻ ഒരുപക്ഷേ വായനക്കാർക്കു കൂടുതൽ കൗതുകം തോന്നിയേക്കാം.
അത്രത്തോളമേ പെണ്ണിന്റെ പ്രണയകഥയ്ക്കു സ്വീകാര്യതയുമുള്ളൂ. പുസ്തകത്തിന്റെ പേര് പുത്തൻ പ്രവണതകൾ പാലിച്ചുകൊണ്ടു നൽകിയതാണ്. എഴുതിയത് വായിക്കാൻ ആളുകൾ ഉണ്ടാവുകയെന്നത് ഇക്കാലത്തു വലിയ ഭാഗ്യമാണ്.
അത് ഈ പുസ്തകത്തിന് ഉണ്ടായി! കഥാകൃത്ത് പെണ്ണായതുകൊണ്ടു വായനക്കാർ ഉണ്ടാകണമെന്നൊന്നുമില്ല. എന്നാൽ, ഓർകളാകുമ്പോൾ എഴുത്തുകാരിയുടെ ജീവിതംകൂടി വായിക്കാമല്ലോ എന്ന ഉദ്ദേശ്യം വായനക്കാർക്ക് ഉണ്ടാകാം. വായനക്കാരുണ്ടാവുക എന്നതാണല്ലോ എഴുത്തിന്റെ വിജയം. അതിന് എഴുത്തുകാർക്കു പല വഴികളും ഉപയോഗിക്കാം.
ഞാൻ ഉപയോഗിച്ചത് ആ പുസ്തകത്തിന് അത്തരമൊരു പേരിട്ടുകൊണ്ടാണ്! ആര്യാ ഗോപി അവതാരിക എഴുതിയ 50 കവിതകളുടെ സമാഹാരമാണ് എന്റെ പ്രഥമ പുസ്തകമായ "നിറങ്ങളെ സ്നേഹിച്ചവൾ'. ഇടയ്ക്കെടുത്തു മറിച്ചു നോക്കുമ്പോൾ അവ എഴുതുന്നത് ഇന്നായിരുന്നുവെങ്കിൽ കുറച്ചുകൂടി കാവ്യഭംഗി കൊണ്ടുവരാമായിരുന്നുവെന്നു തോന്നാറുണ്ട്.
പെണ്ണിന്റെ പരിമിതികൾ
പുരുഷാധിപത്യം ഒരു യാഥാർഥ്യമാകാം. പക്ഷേ, പെണ്ണായി പിറന്നതുകൊണ്ടു സർഗവീഥിയിൽ തഴയപ്പെട്ടതായി ഒരിക്കലും അനുഭവപ്പെട്ടിട്ടില്ല. പലപ്പോഴും സാഹചര്യങ്ങൾ പ്രതികൂലമാവാറുണ്ടെന്നതു സത്യമാണ്.
സ്വാതന്ത്ര്യം ഉണ്ടെങ്കിൽ പോലും അതു മറ്റാരുടെയോ കൈയിലാണെന്ന ബോധം അവൾക്കു വിലങ്ങുതടിയാകുന്നു. ദൂരയാത്രകളും രാത്രി സഞ്ചാരങ്ങളും സ്വമേധയാ നിയന്ത്രിക്കേണ്ടിയും വരുന്നു. എന്നിരുന്നാലും, പുരുഷൻ നിമിത്തം സ്ത്രീ രണ്ടാം സ്ഥാനത്താകുന്നുവെന്നു ഞാൻ വിശ്വസിക്കുന്നില്ല.
ശാരീരിക പ്രത്യേകതകൾ കൊണ്ടു സർഗവീഥിയിൽ അവൾ നേരിടുന്ന വൈഷമ്യങ്ങൾ പലതാണ്. ഒരു പുരുഷൻ മറ്റൊരു പുരുഷനോടു എത്ര സ്വതന്ത്രമായാണോ ഇടപഴകുന്നത് അത്രയും സ്വാതന്ത്ര്യം ഉപയോഗിച്ചുകൊണ്ടു പരിചയമുള്ള ഒരു പുരുഷനോട് ഒരു സ്ത്രീയ്ക്ക് ഇടപെടാൻ കഴിയുന്നില്ലല്ലോ.
കൂട്ടിനൊരാളുണ്ടെങ്കിൽ നിലാവുള്ള രാവുകളിൽ വീടിനടുത്ത ഗ്രാമവഴികളിൽ ഇത്തിരി നേരം ഇറങ്ങി നടക്കാമായിരുന്നല്ലോ എന്നും മറ്റും തോന്നാറുണ്ട്. ആണായിരുവെങ്കിൽ വിചാരിച്ച പോലെ, കൂടുതൽ സ്വാതന്ത്ര്യം ആസ്വദിച്ചുകൊണ്ടു, ജീവിക്കാമായിരുന്നുവെന്നും ചിലപ്പോൾ ചിന്തിക്കും.
ആർത്തവ ദിനങ്ങൾ അശാന്തിയുടേതാണ്. പറയാൻ തുടങ്ങിയാൽ പലതുമുണ്ടു സ്ത്രീയുടെ പരിമിതികൾ. ഇതിനെല്ലാം അപ്പുറത്താണ് പെണ്ണിനെ കേവലമൊരു ശരീരമായും അവളുടെ തുറന്നെഴുത്തുകളെ വില്പനച്ചരക്കായും വീക്ഷിക്കുന്ന പ്രവണത.
എഴുത്തിൽ സ്ത്രീകൾ
ഈ കാലഘട്ടം സാക്ഷിയാകുന്നത് എഴുത്തിൽ സ്ത്രീകൾ മുന്നേറുന്നതിനാണ്. യഥാർഥത്തിൽ ഫെമിനിസം എന്ന മൂവ്മെന്റ് പോലും അർഥവത്താകുന്ന ഒരു കാലഗതിയിലാണു നാം ഇന്നു ജീവിക്കുന്നത്. ലളിതാംബിക അന്തർജനം എഴുത്തിലൂടെ വരച്ചുകാട്ടുന്ന സ്ത്രീയുടെ കാലമല്ല ഇത്. എങ്കിലും, സ്ത്രീകൾ പുരോഗതി നേടാത്ത പല മേഖലകളും ഇന്നുമുണ്ട്.
പുരസ്കാരങ്ങളും മറ്റും ഒരാളുടെ കഴിവിന്റെ മാനദണ്ഡമായി കണക്കാക്കാൻ കഴിയില്ലെങ്കിലും കേരള സാഹിത്യ അക്കാദമി അവാർഡ് വിജയികളുടെ കണക്കെടുത്താൽ, സ്ത്രീകൾ സാഹിത്യ മേഖലയിൽ ഇക്കാലത്തും വളരെ പിറകിലാണ്. ഓരോ വർഷവും മികവിനുള്ള രണ്ടോ മൂന്നോ അവാർഡുകൾ മാത്രമാണ് സാഹിത്യകാരികൾ നേടുന്നത്.
ഇപ്പോഴും പരിഗണിക്കപ്പെടാത്ത, പേര് കേൾക്കപ്പെടാത്ത എത്രയോ മികച്ച എഴുത്തുകാർ ഇവിടെയുണ്ടെന്ന വസ്തുത മറ്റൊരു യാഥാർഥ്യവും. പക്ഷേ, അങ്ങനെയുള്ളവരെ ഞാൻ വിട്ടുകളയാറില്ല. വാസ്തവത്തിൽ, പരിഗണിക്കപ്പെടാത്തവരെ പതിവായി ഞാൻ വായിക്കാറുണ്ട്.
അടുക്കളയിലെ പാട്ട്
സമൂഹമാധ്യമങ്ങളാണ് ഇന്നിന്റെ ഏറ്റവും വലിയ ശക്തി. മറ്റൊരാളുടെ സഹായമില്ലാതെ ഒരാൾക്ക് എന്തും ഇന്ന് ആവിഷ്കരിക്കരിക്കാനും അവതരിപ്പിക്കാനും അവസരമുണ്ട്. അടുക്കളയിൽ നിന്നുകൊണ്ടു പാട്ടു പാടുന്ന വീഡിയോകൾ, സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു വൈറൽ ആകുന്ന സ്ത്രീകളെ കണ്ടിട്ടില്ലേ? അതിനു താഴെ വരുന്ന കമന്റുകൾ വായിക്കാറില്ലേ? അത് ചുവരെഴുത്താണ്;
പൊതുജനത്തിന്റെ അഭിപ്രായമാണത്! ആർക്കും അതു കണ്ടില്ലെന്നു നടിക്കാൻ കഴിയില്ല. എന്നിരുന്നാലും, വളരാനും വളർത്താനും തളരാനും തളർത്താനും പെട്ടെന്നു കഴിയുന്നൊരു ലോകത്താണ് ഇന്നത്തെ നമ്മുടെ വാസമെന്നു പലപ്പോഴും തോന്നിയിട്ടുമുണ്ട്.
അഗാപെ
എന്റെ പുതിയ പുസ്തകത്തിന്റെ പേര് "അഗാപെ' എന്നാണ്. ഇത്തരം അവസ്ഥകൾ ഇക്കാലങ്ങളിൽ ആരുടെ മുന്നിലും സാധാരണമായി വന്നെത്തുന്നു.
പഴയ ഗ്രീക്കു ഭാഷയിൽ ഈ വാക്കിനു മാംസനിബദ്ധമല്ലാത്ത പ്രണയമെന്നും നിരുപാധികമായ സ്നേഹമെന്നും മറ്റുമൊക്കെ അർഥങ്ങളുണ്ടെങ്കിലും "അഗാപെ' എന്നും എനിക്ക് അജ്ഞാതമായതിനെ സൂചിപ്പിക്കാനുള്ളതാണ്! ഇന്നത്തെ പെണ്ണിന്റെ ചില അവസ്ഥകൾ കലർപ്പില്ലാതെ മുന്നിൽ നിറഞ്ഞു നിൽക്കുമ്പോൾ, അവ വിശ്വസിക്കാൻ ഇഷ്ടമില്ലാതെ, ചിലപ്പോൾ ഊഹിക്കാൻ പോലും കഴിയാതെ, അന്തംവിട്ടു വായും പൊളിച്ചു നിന്നിട്ടുണ്ടു ഞാൻ. "അഗാപെ'യെന്ന മനോഹരമായ യവനപദത്തിന് ഇങ്ങനെയും ഒരർഥമുണ്ടല്ലോ! അപ്പപ്പോൾ പ്രതികരിക്കണം.