നടക്കാം, തോട്ടപ്പള്ളി ബീച്ചിൽ
Saturday, March 22, 2025 8:52 PM IST
ജില്ല: ആലപ്പുഴ
കാഴ്ച: ബീച്ച്, കടൽ, സ്പിൽവേ
പ്രത്യേകത: കറുപ്പും വെളുപ്പും കലർന്ന മണൽ
ഏഴഴകാണ് തോട്ടപ്പള്ളി ബീച്ചിനെന്നു പറയാം. കാരണം ഇവിടെയെത്തുന്ന സഞ്ചാരികളെ കാത്തിരിക്കുന്നതു കണ്ടാൽ മതിവരാത്ത വൈവിധമാർന്ന കാഴ്ചകളാണ്. നീലക്കടൽ അനന്തത, കരിമണൽ കലർന്ന പഞ്ചസാര മണൽ, കടലിനെ മുത്തം വയ്ക്കുന്ന നദീജലം, കുട്ടനാട്ടിലെ വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കാൻ വെള്ളം അറബിക്കടലിലേക്ക് ഒഴുക്കിക്കളയാൻ നിർമിച്ച തോട്ടപ്പള്ളി സ്പിൽവേ എന്നിങ്ങനെ നിരവധി കാഴ്ചകൾ കാണാം.
സൂര്യാസ്തമയം കാണാൻ നിരവധി പേരാണ് ഇവിടേക്ക് എത്തുന്നത്. ആലപ്പുഴയിലെ പ്രമുഖ മത്സബന്ധനകേന്ദ്രം കൂടിയാണ് തോട്ടപ്പള്ളി. മത്സ്യബന്ധന തുറമുഖവും ഇവിടെയുണ്ട്. നോവലും സിനിമയുമായ ചെമ്മീനിലൂടെയാണ് തോട്ടപ്പള്ളി ബീച്ചിന് കൂടുതൽ പ്രശസ്തി ലഭിച്ചത്. ശാന്തവും സുന്ദരവുമായ ബീച്ചിലൂടെയുള്ള സായാഹ്ന നടത്തം ഒരു പ്രത്യേക അനുഭവം തന്നെയായിരിക്കും.
നഗരത്തിന്റെ തിരക്കുകളിൽനിന്ന് സ്വസ്ഥമായിരിക്കാൻ പലരും തോട്ടപ്പള്ളി ബീച്ചിലേക്ക് എത്താറുണ്ട്. ദൂരം: അന്പലപ്പുഴയിൽനിന്ന് ഏഴു കിലോമീറ്റർ സഞ്ചരിച്ചാൽ തോട്ടപ്പള്ളിയിലെത്താം.