ഇതാ കടൽ കരയുന്നു!
പി.ടി. ബിനു
Saturday, March 22, 2025 8:43 PM IST
മെഡിറ്ററേനിയൻ കടൽ (മധ്യധരണ്യാഴി) യൂറോപ്പിലെ ഏറ്റവും ആഴമേറിയ മാലിന്യക്കൂമ്പാരമായി മാറിയിരിക്കുന്നു! അയോണിയൻ കടലിന്റെ കലിപ്സോ ഡീപ്പിൽ 5,112 മീറ്റർ (16,770 അടി) ആഴത്തിൽ മനുഷ്യപ്രവർത്തനം മൂലമുണ്ടാകുന്ന വൻ മാലിന്യശേഖരമാണു ഗവേഷകർ കണ്ടെത്തിയത്. പ്രധാനമായും പ്ലാസ്റ്റിക്കുകൾ, പാനീയ ടിന്നുകൾ, പേപ്പർ കാർട്ടണുകൾ തുടങ്ങിയവ ഉൾപ്പെടെ 167 തരം മാലിന്യങ്ങൾ.
പ്രധാന മാലിന്യം പ്ലാസ്റ്റിക് തന്നെ. ആകെ മാലിന്യത്തിന്റെ 88 ശതമാനം. അയോണിയൻ കടലാഴങ്ങളിലെ അപൂർവ ജീവജാലങ്ങൾക്ക് ഇതുവരെ മാലിന്യശേഖരം ഹാനികരമായി മാറിയിട്ടില്ലെങ്കിലും അധികം വൈകാതെ ജീവജാലങ്ങളെ ബാധിച്ചുതുടങ്ങുമെന്നു ഗവേഷകർ. മറൈൻ പൊലൂഷൻ ബുള്ളറ്റിനിൽ പ്രസിദ്ധീകരിച്ച പഠനങ്ങളിലാണ് ഈ വിശദീകരണങ്ങൾ.
ആഴങ്ങളിലെ കാഴ്ച
"ലിമിറ്റിംഗ് ഫാക്ടർ' എന്ന ഹൈടെക് അന്തർവാഹിനിയിലാണ് ബാഴ്സലോണ സർവകലാശാലയിലെ ഗവേഷകർ സമുദ്രത്തിന്റെ അടിത്തട്ടിൽ എത്തിയത്. 43 മിനിറ്റ് തങ്ങിയ ഗവേഷകസംഘം 650 മീറ്റർ അടിത്തട്ടിലൂടെ സഞ്ചരിച്ചു.
ഗ്രീസിലെ പെലോപ്പൊന്നീസ് തീരത്തുനിന്ന് 60 കിലോമീറ്റർ പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന കലിപ്സോ ഡീപ്പ് ഉയർന്ന ഭൂകമ്പ സാധ്യതയുള്ള മേഖലയാണ്. ആയിരത്തോളം മീറ്റർ കുത്തനെയുള്ള ചരിവുകളും നിരകളുമെല്ലാം ഇവിടെയുണ്ട്. "വൃക്കയുടെ ആകൃതിയിലുള്ളത്' എന്ന് വിശേഷിപ്പിക്കപ്പെടുന്നതും ഏകദേശം 20 കിലോമീറ്റർ വരെ വിസ്തീർണമുള്ളതുമായ ട്രഞ്ചിന്റെ ഉൾഭാഗം കേന്ദ്രീകരിച്ചാണു പഠനം നടത്തിയത്.
മാലിന്യ ബാഗുകൾ
കലിപ്സോ ഡീപ്പിലേക്ക് 60 കിലോമീറ്റർ അകലെയുള്ള തീരത്തുനിന്നാണ് പ്ലാസ്റ്റിക് മാലിന്യങ്ങൾ എത്തുന്നത്. വലിയ പ്ലാസ്റ്റിക് വസ്തുക്കൾ അടിത്തട്ടിലെത്തുന്നതിനുമുന്പ് ഭാഗികമായോ പൂർണമായോ ഒഴുകിപ്പോവുകയോ ചെറിയ ശകലങ്ങളായി വിഘടിക്കുകയോ ചെയ്യുന്നതായി എർത്ത് ആൻഡ് ഓഷ്യൻ ഡൈനാമിക്സ് വകുപ്പിലെ പ്രഫ. മിക്കൽ കാനൽസ് പറഞ്ഞു.
ബോട്ടുകൾ മാലിന്യം നിറച്ച ബാഗുകൾ വലിച്ചെറിഞ്ഞതിന്റെ തെളിവുകളും കണ്ടെത്തിയിട്ടുണ്ട്. "അതിന്റെ ഒരു ഇഞ്ച് പോലും വൃത്തിയുള്ളതല്ല' എന്നു പറയുന്നതിൽ തെറ്റില്ലെന്നും കാനൽസ് പറഞ്ഞു. കടലിനെ രക്ഷിക്കാൻ "ആഗോള നയങ്ങൾ' നടപ്പിലാക്കേണ്ട ആവശ്യകതയെക്കുറിച്ചു കനത്ത മുന്നറിയിപ്പാണ് കടലിലെ മാലിന്യക്കൂന്പാരങ്ങൾ ലോകത്തിനു നൽകുന്നതെന്നു ഗവേഷകർ പറയുന്നു.