മധുരമനോജ്ഞം
ടി.ജി.ബൈജുനാഥ്
Saturday, March 15, 2025 8:52 PM IST
പുതുവര്‍ഷ ഹിറ്റ് രേഖാചിത്രത്തിൽ സാൾട്ട് ആൻഡ് പെപ്പർ നിഗൂഢവില്ലൻ. നുണക്കുഴിയില്‍ സൂപ്പർതാരം. ഏപ്രില്‍ റിലീസ് ലൗലിയിൽ മജിസ്ട്രേറ്റ്. മേയ് റിലീസ് ധീരനിൽ വെൽഡർ. വിനീത് ശ്രീനിവാസന് സംവിധാനം ചെയ്യുന്ന പുതുചിത്രത്തിലും നിര്‍ണായകവേഷം. മൂന്നു പതിറ്റാണ്ടായി ബഹുവിധ വേഷങ്ങളിലൂടെ അഭിനയയാത്ര തുടരുന്ന സ്റ്റൈലിഷ് സ്റ്റാര്‍ മനോജ് കെ. ജയൻ സൺഡേ ദീപികയോടു സംസാരിക്കുന്നു.
പതിവു വില്ലൻചേരുവകളൊന്നുമില്ലാത്ത വേറിട്ട വില്ലനാണ് രേഖാചിത്രത്തില്‍ മനോജ് കെ. ജയന്റെ സൂക്ഷ്മാഭിനയത്തില് സൂപ്പറായ വക്കച്ചന് എന്ന വിന്‍സെന്റ്.
അടിപിടിയില്ല, അട്ടഹാസങ്ങളില്ല. നായകനുമായി സംഘര്‍ഷമോ സംഘട്ടനമോ ഇല്ല. കഥ തീരുംവരെയും പ്രേക്ഷകരിലേക്കു ചൂഴ്ന്നിറങ്ങുന്നത് നിഗൂഢ മൗനമൊളിപ്പിച്ച ആ സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്ക് മാത്രം! "പടം കണ്ടശേഷം മമ്മൂക്ക എന്നെ വിളിച്ചുപറഞ്ഞു..നിങ്ങള്‍ ഇതിലൊരു ഹീറോയാണ്! ഭംഗിവാക്കായിരുന്നില്ല അത്.
കാരണം, വിന്‍സെന്റ് ഭാര്യാസ്നേഹിയാണ്. ഐസിയുവിലുള്ള ഭാര്യ ഇനിയുള്ള കാലം ജയിലിലാകുന്നതിനേക്കാൾ എത്രയോ ഭേദമാണ് അവരെ കൊല്ലുന്നതെന്നു തീരുമാനിക്കുന്ന ഭര്‍ത്താവ്! അയാള്‍ക്ക് അതു സ്നേഹത്തിന്റെ ഔന്നത്യമാണ്.'- മനോജ് കെ. ജയന് പറഞ്ഞു.
രേഖാചിത്രത്തിലേക്ക് എത്തിച്ചത്..?
സിനിമയുടെ പുതുമതന്നെ. വേറിട്ട ഒരു സിനിമയുടെ ഭാഗമാവുക എന്നതായിരുന്നു പ്രധാനം. എന്റെ കഥാപാത്രവും ഇഷ്ടമായി. കാരണം, ഒരുപാടു ഡയലോഗും മറ്റുമില്ല. തെറ്റ് ചെയ്താല്‍ ഒരുനാള്‍ പിടിക്കപ്പെടും എന്ന ആകുലത വിന്‍സെന്റിന്റെ ജീവിതത്തില്‍ ഉടനീളമുണ്ട്.
അതാണ് സിദ്ദിഖിന്റെ കഥാപാത്രം എല്ലാം തുറന്നുപറയുമ്പോള്മുതല് അയാളുടെ മുഖത്തുണ്ടാകുന്ന ഭാവവ്യത്യാസം. അതു വളരെ സൂക്ഷ്മമായി അവതരിപ്പിക്കാന്‍ കിട്ടിയ ഒരവസരം. ഉന്നത സ്വാധീനമുള്ള, അത്യാഡംബര ജീവിതം നയിക്കുന്ന വ്യവസായി. അത്തരമൊരു വേഷം മലയാളത്തില്‍ എനിക്കു പുതുമയാണ്. അവസാനം നിയമത്തിന്റെ വഴിയിലൂടെയാണ് അയാളെ അറസ്റ്റ് ചെയ്യുന്നത്.
കഥാപാത്രത്തിലേക്ക് എത്തിയത്..?
കാര്യമാത്രപ്രസക്ത വേഷങ്ങൾക്കായി എന്തിനും റെഡിയാണ്. 27-28 വയസുള്ള മകന്റെ അപ്പനെന്നു തോന്നുംവിധം താടി വളര്‍ത്തി സാള്‍ട്ട് ആന്‍ഡ് പെപ്പറിൽ എത്തണമെന്നും ഹെയര്‍സ്റ്റൈലില്‍ മാറ്റം വരുത്താമെന്നും ജോഫിന്‍ പറഞ്ഞിരുന്നു.
എന്നില്‍നിന്ന് എന്താണോ ആ കഥാപാത്രത്തിന് ആവശ്യം, ജോഫിന്‍ അതു കൃത്യമായി എടുത്തിട്ടുണ്ട്. കാമറാമാന് അപ്പു പ്രഭാകര്‍, എഴുത്തുകാരായ ജോണ്‍ മന്ത്രിക്കല്‍, രാമു സുനിൽ, അസോസിയേറ്റ്സ്... എല്ലാവരുടെയും അർപ്പണബോധം സിനിമയ്ക്കും ഗുണകരമായി.
കഥാപാത്രത്തിലെ വെല്ലുവിളി..?
ഏറെ ഡയലോഗില്ലാതെ പെര്‍ഫോം ചെയ്യുക പ്രയാസകരം. മുഖഭാവങ്ങളിലൂടെ ആശയം കൈമാറണം. ആളുകള്‍ക്ക് അതു ബോധ്യമാകണം. വിന്‍സെന്റിന്റെ ഉള്ളില്‍ നിഗൂഢതയും ഭയവും ടെന്‍ഷനും മാത്രം.
പക്ഷേ, ഒരു വീഡിയോ കാണിച്ചിട്ട് രാജേന്ദ്രൻ എല്ലാം തുറന്നുപറഞ്ഞെന്ന് മകന് അറിയിക്കുമ്പോള്‍ വളരെ കൂളായി "ഇറ്റ്സ് ഓകെ, ഞാന്‍ താഴോട്ടു വരാം, നീ പൊയ്ക്കോ' എന്നു മറുപടി. ഭാര്യയെപ്പോലും വൈകിയാണ് കാര്യങ്ങള്‍ അറിയിക്കുന്നത്. ടെന്‍ഷനുണ്ടാക്കുന്ന പലതും വക്കീൽ പറയുന്പൊഴും അയാള്‍ കൂളാണ്. എല്ലാം ഉള്ളിലുണ്ട്, എന്നാല്‍, പുറത്തുകാണിക്കുന്നില്ല. അഭിനയത്തിൽ അത്തരം സൂക്ഷ്മത ഏറെ ആവശ്യമുള്ള വേഷം.
ആസിഫിനൊപ്പം ആദ്യ സിനിമ..?
വളരെ കാഷ്വലായി അഭിനയിക്കുന്ന ഹോളിവുഡ് സ്റ്റൈലാണ് പുതുതലമുറയുടേത്. അതിലൊരു പ്രധാനിയാണ് ആസിഫ്. എന്നെ ചോദ്യം ചെയ്യുന്ന സീനിലൊക്കെ അതു ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു. റിയലിസ്റ്റിക് പെര്‍ഫോമന്‍സ്.
നമുക്കു പെട്ടെന്നൊരടുപ്പം തോന്നും. അതും ഗുണകരമായി. എന്നോടു വളരെ സ്നേഹവും ബഹുമാനവും. കോമ്പിനേഷൻ കുറവായതിനാല്‍ ഒന്നിച്ചു കൂടുതല്‍ ദിവസം വര്‍ക്ക് ചെയ്യാനായില്ല എന്നൊരു വിഷമം ആസിഫ് പറഞ്ഞിരുന്നു.
ജോഫിൻ എന്ന സംവിധായകനൊപ്പം..?
ആലീസിനെ കൊല്ലുന്ന സീനില്‍ എന്റെ മുഖഭാവം മാത്രമാണു കാണിക്കുന്നത്. അവരുടെ കാലനങ്ങുന്നതോ കണ്ണു മിഴിഞ്ഞു പുറകോട്ടുപോരുന്നതോ സ്ക്രീനിൽ വരുന്നില്ല.
അതാണു ഡയറക്ടര്‍ ബ്രില്യന്‍സ്. ജോഫിനും സിനിമയുടെ ഫുള്‍ ക്രൂവും ആ സീന്‍ കണ്‍സീവ് ചെയ്ത രീതി സിനിമയില്‍ വയലന്‍സ് പറയാമോ എന്നതിന്റെ ഉത്തരമാണ്. അത്തരം സീനുകള്‍ എങ്ങനെ നിയന്ത്രിതമായി പൊതുസമൂഹത്തിലേക്ക് എത്തിക്കാം എന്നതിന്റെയും.
ഏതുതരം വേഷങ്ങളാണു താത്പര്യം..?
വിന്‍സെന്റുമായി യാതൊരു ബന്ധവുമില്ലാത്ത വേഷമാണ് കോമഡിത്രില്ലര്‍ നുണക്കുഴിയില്‍. അതിൽ സൂപ്പർസ്റ്റാറാണ്.
എക്കാലവും ബഹുവിധ വേഷങ്ങളോടാണു താത്പര്യം. ഇനി വരാനുള്ള ലൗലിയില്‍ മജിസ്ട്രേറ്റ് വേഷം. ഫുള്‍ടൈം കോമഡി ചിത്രം ധീരനില്‍ വെൽഡറാണ്. ചെയ്തതിന്റെ ആവർത്തന മാകരുത് അടുത്തത്. അതിനാൽ, ചിലപ്പോള്‍ ചില ഇടവേളകളുണ്ടാവും. ചിലപ്പോള്‍ ഞാന്‍ സിനിമകള്‍ ചെയ്യാതിരിക്കും.
എനിക്കിഷ്ടമുള്ള സിനിമകള്‍ മാത്രമാണ് കുറച്ചുനാളായി ചെയ്യുന്നത്. സിനിമ നന്നായാല്‍ മാത്രമേ അതിലെ കഥാപാത്രം നന്നായിട്ടും കാര്യമുള്ളൂ. ആദ്യം ഫോണില്‍ കഥയുടെ ത്രഡ് കേള്‍ക്കും. പിന്നീട് എന്റെ കഥാപാത്രത്തെക്കുറിച്ചും. അതില്‍ താത്പര്യം തോന്നിയാല്‍ മാത്രമേ ഞാന്‍ നേരിട്ടു മീറ്റിംഗ് നടത്തി പടം കമിറ്റ് ചെയ്യാറുള്ളൂ.
അനന്തഭദ്രം രണ്ടാം ഭാഗം..?
അനന്തഭദ്രവും ദിഗംബരനും... അത് അങ്ങനെതന്നെ നില്ക്കട്ടെ. ഇന്നും അതിനെ പ്രകീര്‍ത്തിച്ചു മെസേജുകള്‍ വരുന്നു. പാര്‍ട്ട് 2 എടുത്താല്‍ അത് ആദ്യ പാര്‍ട്ടിനു മേലേ വരണം. സന്തോഷ് ശിവന് തന്നെ സംവിധാനം ചെയ്യണം.
ആ മേക്കിംഗ് അംഗീകരിച്ച പ്രേക്ഷകലക്ഷങ്ങളുടെ ഇടയിലേക്ക് വേറൊരാള്‍വന്ന് പാര്‍ട്ട് 2 ചെയ്താല്‍ അത് എത്രത്തോളം നന്നാകുമെന്ന പേടിയുണ്ട്. അങ്ങനെ ചിലര്‍ സമീപിച്ചെങ്കിലും താത്പര്യമില്ലെന്നു പറഞ്ഞു. മാത്രമല്ല, എനിക്കും അതിലേറെ മെച്ചപ്പെടുത്താനാകുമെന്ന ആത്മവിശ്വാസമില്ല.
അന്നതു സന്തോഷ് ശിവന് ചെയ്തതുകൊണ്ടു സംഭവിച്ചതാണ്. ആ കാമറ മാജിക്കും അതിന്റെ ആഖ്യാനവുമൊക്കെ പുനഃസൃഷ്ടിക്കാനാകുമോ? പാര്‍ട്ട് 2 ചെയ്താല്‍, പുതിയൊരു മോഡില്‍ ചെയ്യണം. തിരക്കഥാകാരൻ സുനില്‍ പരമേശ്വരന്കൂടി തീരുമാനിക്കേണ്ട കാര്യമാണത്.
അടുത്ത സിനിമകള്‍..?
ദിലീഷ് കരുണാകരന് സംവിധാനം ചെയ്ത ലൗലി ഏപ്രില്‍ നാലിനു റിലീസാകും. ദേവദത്ത് ഷാജി സംവിധാനം ചെയ്ത ധീരന് മേയ് ആദ്യവാരവും. "ഗോളം'ഹീറോ രഞ്ജിത്ത് സജീവ് നായകനായ യുകെ ഓകെയില്‍ ഗസ്റ്റ് വേഷം.
വിനീത് ശ്രീനിവാസന് സംവിധാനം ചെയ്യുന്ന പടത്തിലാണ് ഇനി അഭിനയം. നോബിളാണ് ഹീറോ. ഷിംലയിലാണ് ഷൂട്ടിംഗ്. തമിഴില്‍ ഒരു പ്രോജക്ട് ചിലപ്പോള്‍ കമിറ്റ് ചെയ്യും.