വിധിയല്ല, വിധുവാണ് താരം
Saturday, March 8, 2025 11:02 PM IST
വിധിയെ പഴിച്ചിരിക്കുന്നവർ, വിധിയെന്നു കരുതി ദുരിതങ്ങൾക്ക് കീഴ്വഴങ്ങി ജീവിക്കുന്നവർ, എന്തു ചെയ്തിട്ടും കാര്യമില്ല, എല്ലാം വിധിപോലെയേ നടക്കൂയെന്നു കരുതുന്നവർ, വിധിക്കു വിധേയപ്പെട്ടു ജീവിതം തന്നെ കൂടുതൽ ദുരിതമാക്കി മാറ്റുന്നവർക്കു മുന്നിൽ ഒരു പാഠപുസ്തകമായി മാറിയിരിക്കുകയാണ് വിധുശേഖർ എന്ന മലയാളി.
ഗുജറാത്തിനു സമീപം ദാമനില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജി (നിഫ്റ്റ്)യിലെ അസിസ്റ്റന്റ് പ്രഫസര്‍ ഡോ.പി. വിധുശേഖര്‍ വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നത് മാനേജ്മെന്റ് പാഠങ്ങൾ.
എന്നാല്‍, വിധുശേഖർ പുറവങ്കര എന്ന മനുഷ്യന്റെ യഥാർഥ ജീവിതം പഠിപ്പിക്കുന്നത് അതിജീവനത്തിന്റെ മാനേജ്മെന്റ് പാഠങ്ങൾ. കാര്യമായൊന്നും അവകാശപ്പെടാനില്ലാത്ത ഒരു സാധാരണക്കാരന് ജീവിതത്തിലെ അവിചാരിതമായ പ്രതിസന്ധികള്‍ക്കിടയിലും ഒഴുക്കിനെതിരേ തുഴഞ്ഞ് തീരംപിടിച്ച കഥയാണ് വിധുശേഖറിന്റേത്.
നാടിനു പ്രിയപ്പെട്ടവൻ
കാഞ്ഞങ്ങാടിന് സമീപം വെള്ളിക്കോത്തെ മധ്യവര്‍ഗ കുടുംബത്തിലാണ് വിധുശേഖര്‍ ജനിച്ചുവളര്‍ന്നത്. അച്ഛന് വി.എം. കുഞ്ഞിക്കണ്ണന് നായര്‍ കോഴിക്കോട് എല്‍ഐസിയില്‍ സീനിയര്‍ ബ്രാഞ്ച് മാനേജരായി വിരമിച്ചു.
അമ്മ സുമതിയും ഒരു ചേച്ചിയും അനുജനും അടങ്ങുന്ന സാധാരണ കുടുംബം. മൊബൈൽ ഫോൺ ഒന്നും വന്നിട്ടില്ലാത്ത 1990 കാലഘട്ടം. നല്ല നിലയില്‍ പഠിക്കുന്നതിനിടയിലും സാമൂഹ്യപ്രവര്‍ത്തനങ്ങളുമായി നാടെങ്ങും ഓടിനടക്കുന്നതായിരുന്നു വിധുശേഖറിന്റെ രീതി.
കൂട്ടുകാർക്ക് നല്ല കൈയക്ഷരത്തിൽ കത്തെഴുതി കൊടുക്കുന്നതും ഇംഗ്ലീഷ് പത്രങ്ങള്‍ക്ക് വാര്‍ത്തകളും ലേഖനങ്ങളുമെഴുതി അയച്ചുകൊടുക്കുന്നതുമൊക്കെ വിധുവിനു ഹരമായിരുന്നു. ആര്‍ക്കെങ്കിലും സഹായം ആവശ്യമുണ്ടെങ്കില്‍ ഇംഗ്ലീഷ്-മലയാളം പത്രങ്ങളുടെ ശ്രദ്ധയില്‍ പെടുത്തി വാർത്ത വരുത്തുന്നതിലും തത്പരൻ. അതിനൊപ്പം രാഷ്ട്രീയ പ്രവര്‍ത്തകനായും പൊതുപരിപാടികളുടെ സംഘാടകനായുമൊക്കെ നാട്ടിൽ നിറഞ്ഞുനിന്നു.
തിരിച്ചടികളുടെ തുടക്കം
ബിരുദം കഴിഞ്ഞ് കുറച്ചുകാലമായപ്പോള് തൊഴിലൊന്നുമില്ലാതെ പൊതുപ്രവര്‍ത്തനത്തില്‍ മാത്രം പെട്ടുപോവരുതെന്നു കരുതിയ വീട്ടുകാരുടെ നിര്‍ബന്ധം മാനിച്ചു തിരുവനന്തപുരം കിറ്റ്സില്‍ ട്രാവല്‍ ആന്‍ഡ് ടൂറിസം ഡിപ്ലോമ കോഴ്സിന് ചേര്‍ന്നു.
അന്ന് ആഗോളവത്കരണവും പുതിയ തൊഴില്സാധ്യതകളുമൊക്കെ തുടങ്ങിയിട്ടേയുള്ളൂ. ട്രാവല്‍ ആന്‍ഡ് ടൂറിസം പോലുള്ള പുതുതലമുറ കോഴ്സുകള്‍ അപൂര്‍വമായിരുന്നു. അതുകൊണ്ടാണ് പഠിക്കാന്‍ കാസര്‍ഗോഡുനിന്നു തിരുവനന്തപുരം വരെ പോകേണ്ടിവന്നത്. പഠിച്ചിറങ്ങി അധികനാള്‍ കഴിയുന്നതിനുമുമ്പു തന്നെ ജെറ്റ് എയര്‍വേയ്സിന്റെ മാനേജ്മെന്റ് വിഭാഗത്തില്‍ ജോലികിട്ടി. മംഗളൂരു വിമാനത്താവളത്തിലായിരുന്നു നിയമനം.
വിധിയുടെ പരീക്ഷണങ്ങൾ അതിനുമുമ്പേ തുടങ്ങിയിരുന്നു. 22-ാമത്തെ വയസില്‍ കൈവിറയലും തോളത്തും കഴുത്തിനും വേദനയുമായി തുടങ്ങിയ പ്രശ്നങ്ങള്‍ മള്‍ട്ടിഫോക്കല്‍ ഡിസ്റ്റോണിയ എന്ന നാഡീസംബന്ധമായ അപൂര്‍വ രോഗാവസ്ഥയാണെന്നു പരിശോധനയില്‍ കണ്ടെത്തി. ഈ ബുദ്ധിമുട്ടും വച്ചുകൊണ്ടാണ് നാട്ടിൽ ഒാടി നടന്നത്.
വിചാരിച്ചതുപോലെ കൈയും കഴുത്തും ചലിപ്പിക്കാനാകാത്ത അവസ്ഥയിലും സ്വന്തമായി പരീക്ഷയെഴുതി നല്ല മാര്‍ക്കോടെ പാസായി. ജെറ്റ് എയര്‍വേയ്സിലെ ജോലിക്കും ശാരീരിക പരിമിതികള്‍ തടസമായില്ല. പ്രത്യേക സംവിധാനങ്ങളൊന്നുമില്ലാതെ സ്വന്തമായി ബൈക്കും കാറും ഓടിക്കാനും തുടങ്ങി. പിന്നീട് വിവാഹിതനാവുകയും ഒരു കുട്ടിയുടെ പിതാവാകുകയും ചെയ്തു.
വലിയ പരീക്ഷണം
പക്ഷേ, വലിയ പരീക്ഷണം വരാനിരിക്കുന്നതേയുണ്ടായിരുന്നുള്ളൂ. ആഹാരം കഴിക്കുമ്പോഴുണ്ടായ ചില അസ്വസ്ഥതകളുമായി ബന്ധപ്പെട്ട് പരിശോധന നടത്തിയപ്പോള്‍ ഞെട്ടിക്കുന്ന ഒരു വാർത്തയെത്തി, വയറ്റിൽ കാൻസർ. അന്നു പ്രായം 34 മാത്രം. ജോലിയില്‍ സ്ഥിരപ്പെട്ടു ജീവിതം കെട്ടിപ്പടുക്കാന്‍ തുടങ്ങിയ സമയം. ആരും തളർന്നു പോകുന്ന ആ നിമിഷത്തിലും പോരാടാനായിരുന്നു വിധുവിന്റെ തീരുമാനം.
ചികിത്സയും വീട്ടില്‍ വിശ്രമവുമായി മാസങ്ങള്‍ കടന്നുപോയി. അവധിയെടുക്കാവുന്ന സമയപരിധികളെല്ലാം പിന്നിട്ടതോടെ രാജിവയ്ക്കുകയല്ലാതെ മറ്റു വഴിയില്ലാതായി. കാന്‍സര്‍ ചികിത്സയ്ക്കൊപ്പം ഡിസ്റ്റോണിയയുടെ പ്രശ്നം കൂടി മൂര്‍ച്ഛിച്ചതോടെ ഇനി ജോലിയില്‍ തുടരാന്‍ ബുദ്ധിമുട്ടായിരിക്കുമെന്നു വ്യക്തമായിരുന്നു. പിഎഫില്‍ അവശേഷിക്കുന്ന തുക കിട്ടണമെങ്കില്‍ രാജി നല്‍കേണ്ടതും അനിവാര്യമായിരുന്നു. എന്നാൽ, അവിടെയും ഒരു ഭാഗ്യക്കേട് പതിയിരുന്നു.
വിധുശേഖര്‍ രാജി നല്കി കഷ്ടിച്ച് ഒരു മാസം പിന്നിട്ടപ്പോൾ ജെറ്റ് എയര്വേയ്സില് വിആര്‍എസ് സ്കീം വന്നു. സഹപ്രവര്‍ത്തകരില്‍ പലരും ലക്ഷങ്ങള്‍ വാങ്ങി പിരിഞ്ഞുപോയി. പിഎഫിലെ തുച്ഛമായ തുക കിട്ടാന്‍വേണ്ടി അതിനു മുമ്പേ രാജി നല്കിയ വിധുശേഖറിന് ആ അവസരവും നഷ്ടമായി.
അതിശയിപ്പിക്കുന്ന
അതിജീവനം
ഈ കാലവും കടന്നുപോകുമെന്നും ഇനിയും ഒരു ഭാവി തന്നെ കാത്തുനില്ക്കുന്നുണ്ടെന്നുമുള്ള ശുഭപ്രതീക്ഷ വിധുശേഖറിന്റെ മനസില്‍ കെടാതെ ബാക്കിയുണ്ടായിരുന്നു. ജെറ്റ് എയര്‍വേയ്സിലെ ജോലിക്കിടയില്‍ നേരത്തേ എംബിഎ കോഴ്സ് ചെയ്യാന്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
ഇപ്പോള്‍ ഇഷ്ടംപോലെ സമയം കിട്ടിയ സ്ഥിതിക്ക് അതു മുഴുമിപ്പിക്കാന്‍ തീരുമാനിച്ചു. അതിനിടയില്‍ ജീവിതം മുന്നോട്ടുകൊണ്ടുപോകാനായി ചില വിദേശ മാധ്യമങ്ങളില്‍ ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകനായും ജോലിചെയ്തു.
രോഗത്തെ ഏതാണ്ട് അതിജീവിച്ചു കഴിഞ്ഞപ്പോഴേക്കും എംബിഎ കോഴ്സ് പൂര്‍ത്തിയായി. അതായിരുന്നു ജീവിതത്തിലെ അടുത്ത വഴിത്തിരിവ്. അപ്പോഴേക്കും കേരളത്തിലെ സര്വകലാശാലയിലെല്ലാം എംബിഎ പഠനകേന്ദ്രങ്ങള്‍ തുടങ്ങിയിരുന്നു.
എംബിഎ യോഗ്യതയും ജെറ്റ് എയര്വേയ്സില് പ്രവൃത്തിപരിചയവുമുള്ള വിധുശേഖര്‍ കണ്ണൂര്‍ സര്‍വകലാശാല ആസ്ഥാനത്തെ പഠനകേന്ദ്രത്തില്‍ ഗസ്റ്റ് അധ്യാപകനായി ചേര്‍ന്നു.
അതൊരു പുതിയ ജീവിതത്തിന്റെ തുടക്കമായിരുന്നു. തന്റെ അറിവും അനുഭവങ്ങളും പുതുതലമുറകളോട് പങ്കുവയ്ക്കാന്‍ അവസരം ലഭിച്ചതോടെ വിധുശേഖറിന്റെ മനസിലും ശരീരത്തിലും പുതിയ ഊര്‍ജം കൈവന്നു. നാഡീസംബന്ധമായ രോഗത്തിന്റെ പരിമിതികള്‍ക്കിടയിലും പഠനത്തിലും അധ്യാപനത്തിലും ഗവേഷണത്തിലുമെല്ലാം സജീവമായി.
വീണ്ടും കോമേഴ്സില്‍ ബിരുദാനന്തര ബിരുദവും ഫിനാന്‍സില്‍ എംബിഎയും നേടി. യുജിസി നെറ്റ് പരീക്ഷയും പാസായി. അധ്യാപകനെന്ന നിലയിലുള്ള പ്രവര്‍ത്തനമികവിന്റെ അടിസ്ഥാനത്തില്‍ പിന്നീട് സര്‍വകലാശാല പഠനകേന്ദ്രത്തിലെ അസിസ്റ്റന്റ് ഡയറക്ടറുടെ ചുമതലയും ലഭിച്ചു.
അതിനിടയില്‍ കണ്ണൂര്‍ സര്‍വകലാശാലയില്‍ തന്നെ പാര്‍ട്ട് ടൈം പിഎച്ച്ഡിക്കും ചേര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് നിഫ്റ്റില്‍ അസിസ്റ്റന്റ് പ്രഫസറായി സ്ഥിരനിയമനം ലഭിച്ചത്.
ഈ അതിജീവനം ഏറെപ്പേർക്കു പ്രചോദനമായി.
പ്രചോദനമായി
അന്ധതയെ അതിജീവിച്ച് എംബിഎ പഠനത്തിനു ചേര്‍ന്ന ഷിബിലി എന്ന വിദ്യാര്‍ഥിക്കു മികച്ച നിലയില്‍ വിജയം നേടാനും തുടര്‍പഠനങ്ങള്‍ നടത്താനും പിന്നീട് കോഴിക്കോട് ഗവ. ലോ കോളജില്‍ അസിസ്റ്റന്റ് പ്രഫസറായി നിയമനം നേടാനും പ്രചോദനമായത് വിധുശേഖറിന്റെ പ്രോത്സാഹനവും മാര്‍ഗനിര്‍ദേശങ്ങളുമായിരുന്നു.
തിരിച്ചടികള്‍ക്കിടയിലും ജീവിതം നമുക്കു തരുന്ന അവസരങ്ങളില്‍ സന്തോഷം കണ്ടെത്തുകയും എല്ലാത്തിനേയും പോസിറ്റീവായി കാണുകയുമാണ് വേണ്ടതെന്നാണ് വിധുവിന്റെ ആപ്തവാക്യം. നാട്ടില്‍ പൊതുപ്രവര്‍ത്തകനായോ ജെറ്റ് എയര്‍വേയ്സിലെ ഉദ്യോഗസ്ഥനായോ കഴിയേണ്ടിയിരുന്ന തന്നെ സര്‍വകലാശാലയിലും നിഫ്റ്റിലും അധ്യാപകനാക്കിയതും ഇത്രയേറെ അനുഭവങ്ങള്‍ സമ്മാനിച്ചതും പോരാട്ടവഴിയിലെ കാണാക്കളികളല്ലേയെന്ന് അദ്ദേഹം ചോദിക്കുന്നു.
നിഫ്റ്റിലെ ഔദ്യോഗിക ചുമതലകളുമായി ബന്ധപ്പെട്ട് മുംബൈയിലേക്കും ഡല്‍ഹിയിലേക്കും ഭുവനേശ്വറിലേക്കും ഷിംലയിലേക്കുമൊക്കെ പറന്നുനടക്കുന്നതിനിടയിലും ഉത്സവങ്ങളും പൊതുപരിപാടികളും നടക്കുമ്പോള്‍ കാഞ്ഞങ്ങാട്ടേക്ക് ഓടിയെത്താന്‍ വിധുശേഖര്‍ സമയം കണ്ടെത്താറുണ്ട്.
ഭാര്യ സീന കാസര്‍ഗോഡ് ടിഐഎച്ച്എസ്എസിലെ അധ്യാപികയാണ്. ഏകമകന് അമര്‍ത്യ ശേഖര്‍ തൃശൂര്‍ എന്‍ജിനിയറിംഗ് കോളജ് വിദ്യാര്‍ഥി.
ശ്രീജിത് കൃഷ്ണന്