അങ്ങ് തിരുവനന്തപുരത്തും ഉണ്ടെടാ മീശപ്പുലിമല!
Saturday, March 1, 2025 8:46 PM IST
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം, വ്യൂ പോയിന്റ്
പ്രത്യേകത: ട്രെക്കിംഗ്, മേഘക്കൂട്ടം, കോടമഞ്ഞ്
മീശപ്പുലിമല എന്നു കേൾക്കുന്പോൾ ഇടുക്കിയിലെ മലയും കോടമഞ്ഞും തണുപ്പുമൊക്കെയായിരിക്കും പലരുടെയും ഓർമയിൽ വരിക. എന്നാൽ, തിരുവനന്തപുരത്തിനുമുണ്ട് ചെറിയൊരു മീശപ്പുലിമല.
തിരുവനന്തപുരത്തിന്റെ മീശപ്പുലിമല എന്നറിയപ്പെടുന്ന ടൂറിസം കേന്ദ്രമാണ് ചിറ്റിപ്പാറ. ഏതാണ്ട് പൊൻമുടി പോലെതന്നെ സുന്ദരം, സുഖകരം. 12 ഏക്കറോളം വരുന്ന പാറകളുടെ ഒരു കുന്നാണ് ചിറ്റിപ്പാറ. ട്രെക്കിംഗ്, റോപ് ക്ലൈംബിംഗ് സാഹസികതയൊക്കെ ഇഷ്ടമാണെങ്കിൽ നേരേ ഇങ്ങോട്ടുപോരൂ.
വരവ് രാവിലെയാണെങ്കിൽ പഞ്ഞിക്കെട്ടുപോലെയുള്ള മേഘങ്ങളെ അടുത്തുകാണാം. വൈകുന്നേരമായാൽ വരവേൽക്കാൻ കോടമഞ്ഞ് ഉണ്ടാകും. അതേസമയം, ശ്രദ്ധ പുലർത്തിയില്ലെങ്കിൽ അപകടം ഉണ്ടാകാവുന്ന മേഖല കൂടിയാണിത്.
വഴി: തിരുവനന്തപുരം - പൊൻമുടി റൂട്ടിൽതന്നെയാണ് ചിറ്റിപ്പാറ. വിതുര എത്തുന്നതിനു മുന്പ് തൊളിക്കോടിനു ശേഷം ഇരുതലമൂലയിൽനിന്നു വലത്തേക്ക് രണ്ടു കിലോമീറ്റർ. ആയിരവല്ലി ക്ഷേത്രത്തിലെത്തും. വാഹനം ഇവിടെ വരെ. തുടർന്ന് 15 മിനിറ്റ് നടന്നാൽ ചിറ്റിപ്പാറയിലെത്താം. തിരുവനന്തപുരം - ചിറ്റിപ്പാറ 27 കിലോമീറ്റർ, നെടുമങ്ങാട്- ചിറ്റിപ്പാറ 15 കി.മീ.